MATHRUBHUMI RSS
Loading...
ബ്യാരി മേരി പ്യാരി
റീഷ്മ ദാമോദര്‍

'ബ്യാരി' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം നേടിയ മല്ലികയുടെ വിശേഷങ്ങള്‍...


സിനിമയില്‍ ആരും കൊതിക്കുന്ന അരങ്ങേറ്റമായിരുന്നു മല്ലികയുടേത്. അടൂര്‍ ഗോപാലകൃഷ്ണന്റെ 'നിഴല്‍ക്കുത്തി'ല്‍ മികച്ച റോള്‍. പിന്നെയെപ്പോഴോ മല്ലിക തമിഴകത്തേക്ക് കളം മാറി. ഓട്ടോഗ്രാഫ്, തിരുപ്പാച്ചി... എല്ലാം ശ്രദ്ധേയമായ സിനിമകള്‍. രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി'യിലും സത്യന്‍ അന്തിക്കാടിന്റെ 'സ്‌നേഹവീടി'ലും രണ്ടാം വരവായിരുന്നു മല്ലികയുടേത്. ദേശീയ പുരസ്‌കാരം നേടിയ സുവീരന്റെ ബ്യാരി എന്ന അന്യഭാഷാ സിനിമയിലൂടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയിരിക്കുകയാണ് മല്ലിക ഇപ്പോള്‍. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശമാണ് അവരെ തേടിയെത്തിയത്. 'ഗൃഹലക്ഷ്മി'യുടെ കവര്‍ ഷൂട്ടിനായി കൊച്ചിയിലെത്തിയ മല്ലിക പുതിയ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

എങ്ങനെയാണ് ബ്യാരിയിലേക്ക് എത്തുന്നത്?

എന്റെ പപ്പ മരിച്ചശേഷം ഞാന്‍ സിനിമയില്‍ നിന്ന് കുറച്ചുകാലം മാറിനിന്നു. രണ്ടാം വരവില്‍ ചെയ്ത ആദ്യപടമാണ്, ബ്യാരി. നാദിറ എന്ന മുസ്ലിം കഥാപാത്രമായിരുന്നു. ക്യാമറാമാന്‍ മുരളീകൃഷ്ണനാണ് ബ്യാരിയിലേക്ക് എന്നെ ക്ഷണിച്ചത്. പിന്നീട് ഡയറക്ടര്‍ സുവീരനും എന്നോട് സംസാരിച്ചു. 'മല്ലിക കഥ നല്ലതാണോയെന്ന് നോക്കൂ. പ്രതിഫലത്തെക്കുറിച്ച് രണ്ടാമത് ചിന്തിച്ചാല്‍ മതി', സുവീരന്‍ പറഞ്ഞു. എന്നെ ആയിരുന്നുവത്രെ നാദിറയായി ആദ്യം തന്നെ തീരുമാനിച്ചത്. പക്ഷേ, എനിക്ക് പ്രതിഫലം കൂടുതല്‍ ആണെന്ന് ആരൊക്കെയോ പറഞ്ഞു. അങ്ങനെ വേറെ പല നടിമാരെയും പരിഗണിച്ചു. അതൊന്നും ശരിയാവാതെ വന്നപ്പോഴാണ് വീണ്ടും എന്റെ അടുത്തേക്ക് എത്തുന്നത്. ഇതറിഞ്ഞതോടെ ഫിലിം ഇന്‍ഡസ്ട്രിയിലെ പലരും എന്നെ വിളിച്ചു. 'ഒരു കാരണവശാലും ഈ പടത്തില്‍ അഭിനയിക്കരുത്. അത്ര നല്ല പടം അല്ല. സംവിധായകനും നിര്‍മാതാവും അഭിനേതാക്കളും എല്ലാം പുതിയവരാണ്,' എന്നൊക്കെ പറഞ്ഞു.. 'ബ്യാരി ഭാഷയിലെ ആദ്യത്തെ പടം. ഇതില്‍ അഭിനയിച്ചാല്‍ എന്റെ പേരും ചരിത്രത്തില്‍ സ്ഥാനം പിടിക്കും.' ഇതാണ് ഞാന്‍ ചിന്തിച്ചത്.

ബ്യാരിയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം?

ആദ്യമായാണ് ഒരു മുസ്ലിം കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചെറുപ്പത്തിലേ വിവാഹിതയാവുകയും അമ്മയാവുകയും പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. മംഗലാപുരത്തെ ഷൂട്ടിങ്ങിനിടെ കഷ്ടപ്പാടുകള്‍ ഏറെയായിരുന്നു. ഭക്ഷണം ശരിയാവാത്തതിന്റെയും മറ്റും പ്രശ്‌നങ്ങള്‍. ഡയറക്ടര്‍ ഉള്‍പ്പെടെ പലര്‍ക്കും അസുഖങ്ങള്‍ വന്നു. ക്ലൈമാക്‌സ് സീനെടുക്കുന്ന സമയത്ത് ഡയറക്ടര്‍ക്ക് തീരെ വയ്യായിരുന്നു. അതെല്ലാം ഞങ്ങള്‍ തരണം ചെയ്തു.

കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് മല്ലികയ്ക്ക്് കിട്ടുമായിരുന്നുവെന്ന് ഡയറക്ടര്‍ പറഞ്ഞു

ക്ലൈമാക്‌സ് സീനിന്റെ കാര്യമാവും അദ്ദേഹം പറഞ്ഞത്. ചെറിയ കാര്യത്തില്‍ പോലും സ്ത്രീകളെ മൊഴി ചൊല്ലുന്നത് ആ നാട്ടിലെ സ്ഥിരം ഏര്‍പ്പാടാണ്. അങ്ങനെ മൊഴി ചൊല്ലുന്ന സ്ത്രീയ്ക്ക് പഴയ ഭര്‍ത്താവിനെ പുനര്‍വിവാഹം ചെയ്യണമെങ്കില്‍, മറ്റൊരു പുരുഷനെ കല്യാണം കഴിച്ച് അയാളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഇത്തരം അനാചാരങ്ങളില്‍ ഉഴറുന്ന സമൂഹത്തെ, തന്റെ ലൈംഗികത കൊണ്ടു നായിക വിറപ്പിക്കുന്നതാണ് ക്ലൈമാക്‌സ്. കുറച്ച് എക്‌സ്‌പോസ് ചെയ്യേണ്ടിയിരുന്ന സീനായിരുന്നുവത്. ആദ്യമായിട്ടാണ് എനിക്ക് അങ്ങനെയുള്ള റോള്‍ കിട്ടുന്നത്. ആദ്യമായിട്ട് ചെയ്യുമ്പോള്‍ കുറച്ച് കോണ്‍ഫിഡന്‍സ് വേണ്ടേ? അതെനിക്കുണ്ടായിരുന്നില്ല.

ഇനി നായികാ വേഷം മാത്രമേ ചെയ്യൂ എന്നുണ്ടോ?

നായികയായിത്തന്നെ അഭിനയിക്കണം എന്ന വാശിയൊന്നും എനിക്കില്ല. ആദ്യമൊക്കെ ഓടിനടന്ന് അഭിനയിക്കുകയായിരുന്നു ഞാന്‍. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം പടങ്ങള്‍ ചെയ്തു. അധികവും അനിയത്തി വേഷങ്ങള്‍. ഒരേ പോലുള്ള കഥാപാത്രങ്ങള്‍. ഒടുവില്‍ മടുത്തു. അര്‍ജുന്‍, വിജയകാന്ത് എന്നിവരുടെ പടങ്ങളിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷേ, വേണ്ടെന്നു വച്ചു. ഒരു നല്ല ആര്‍ട്ടിസ്റ്റ് ആവണം എന്നു മാത്രമാണ്് ഇപ്പോള്‍ ആഗ്രഹം.

ഉത്തരവാദിത്വം കൂടിയില്ലേ?

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 18 ഓളം പടങ്ങള്‍ ചെയ്തുകഴിഞ്ഞു. എങ്കിലും ഓരോ പടം കഴിയുന്തോറും ഉത്തരവാദിത്വം കൂടും. എക്‌സ്പീരിയന്‍സ് ഉണ്ടെന്നുള്ള ടെന്‍ഷനാണ് ഓരോ പടത്തില്‍ അഭിനയിക്കുമ്പോഴും. അടൂര്‍ സാറിന്റെ 'നിഴല്‍ക്കുത്ത്' എന്ന പടത്തില്‍ ആദ്യം അഭിനയിക്കുമ്പോഴുള്ള അതേ വികാരമാണ് ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍.

അവാര്‍ഡിനുശേഷം ആളുകളുടെ സമീപനത്തില്‍ വന്ന മാറ്റം?

ആദ്യമൊന്നും പലര്‍ക്കും എന്നെ അറിയില്ലായിരുന്നു. 'ഓട്ടോഗ്രാഫ്' സിനിമ കണ്ടിട്ടുള്ളവര്‍ പോലും കരുതിയത് ഞാന്‍ തമിഴത്തിയാണെന്നാണ്. എന്റെ റോളുകളും അങ്ങനെയുള്ളതായിരുന്നുവല്ലോ. ഇപ്പോള്‍ പത്രങ്ങളിലും ചാനലുകളിലും കണ്ടുകണ്ട് എല്ലാവരും എന്നെ തിരിച്ചറിഞ്ഞുതുടങ്ങി.

പുതിയ പടങ്ങള്‍?

എം.എ.നിഷാദ് സംവിധാനം ചെയ്ത 'നമ്പര്‍ 66 മധുര ബസാ'ണ് ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. പിന്നെ, മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറി എന്ന പടത്തിലും അഭിനയിക്കുന്നുണ്ട്.