MATHRUBHUMI RSS
Loading...
ഈ നുറുങ്ങുവെട്ടങ്ങളില്‍ ഞാന്‍
ശര്‍മിള

എത്രയോ സിനിമകളില്‍ ആരുടേയും കണ്ണില്‍പ്പെടാതെ വന്നുപോയിട്ടുണ്ട് തെസ്‌നിഖാന്‍. ഇപ്പോള്‍ മികവുള്ള വേഷങ്ങള്‍ അവരെ തേടിവരുന്നു... കാര്യസ്ഥനില്‍, ബ്യൂട്ടിഫുളില്‍, കുഞ്ഞളിയനില്‍...


കൊച്ചി തമ്മനത്തെ ഒരു സാധാരണ ടെറസ് വീട്. ചിരിച്ചുകൊണ്ട് വാതില്‍ തുറന്നുവന്നു തെസ്‌നി ഖാന്‍. ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാവുന്ന മുഖം. ആ ഭാവവും അല്‍പ്പം കൊഞ്ചലുള്ള ഡയലോഗും കേട്ട് ചിരിക്കാത്ത മലയാളികള്‍ കുറയും.

ബ്യൂട്ടിഫുളില്‍ തെസ്‌നി കലക്കി എന്നെല്ലാരും പറഞ്ഞു...

പ്രതീക്ഷിക്കാതെ കിട്ടിയ വേഷമാണ് ബ്യൂട്ടിഫുളിലേത്. ആ വേഷം ഇത്രയും ബ്യൂട്ടിഫുള്‍ ആവുമെന്നും വിചാരിച്ചില്ല... 'ചെറിയൊരു സംഭവമാണ്. അധികം ആര്‍ട്ടിസ്റ്റുകളൊന്നുമില്ല. ഹോംനേഴ്‌സിന്റെ കാരക്റ്ററാണ്. ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ,' എന്ന് ചോദിച്ച് അനൂപ്‌മേനോന്‍ വിളിച്ചു.എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോന്ന് ചോദിക്കുന്നതൊക്കെ...ഞാന്‍ റെഡി! നല്ല പടത്തിന്റെ ഭാഗമാവുക, അതാണ് മെയിന്‍. അനൂപ് ആദ്യമായാണ് എന്നെ വിളിക്കുന്നത്. എനിക്കത് സന്തോഷമായി. നല്ല അവസരം പ്രതീക്ഷിച്ചിരിക്കയാണ് ഞാന്‍ എപ്പോഴും. സിനിമയിലെ 23 വര്‍ഷങ്ങള്‍ക്ക് ശേഷവും.

ബ്യൂട്ടിഫുളിന്റെ സെറ്റില്‍ ചെന്നപ്പൊ രണ്ട് സീനുള്ളത് നാല് സീനായി. 'തെസ്‌നി ആയതോണ്ട് നമുക്ക് പെട്ടെന്ന് വിടണ്ടാ, കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കാം' എന്നായി. നമ്മള്‍ സീന്‍ നന്നാക്കിയാല്‍ അഭിനന്ദിക്കുന്ന ഒരു ഡയറക്ടറാണ് വി.കെ.പ്രകാശ്. ഓരോ മൈന്യൂട്ട് കാര്യത്തിലും, 'അതത്ര വേണ്ട, ഒരു പൊടിക്ക് കുറച്ചേക്ക്, അപ്പൊ രസായിരിക്കും,' എന്നൊക്കെ പറഞ്ഞ് ജയസൂര്യ സപ്പോര്‍ട്ട് തന്നു. അതൊക്കെയാവാം, ഞാന്‍ നല്ല ഈസിയായിട്ടങ്ങോട്ട് അഭിനയിച്ചു. ചെയ്യുമ്പൊ അത് നന്നാവുമെന്നൊന്നും തീരെ വിചാരിച്ചിട്ടില്ല. പടം റിലീസായ അന്ന് അനൂപും വി.കെ.പ്രകാശും ജയസൂര്യയുമെല്ലാം വിളിച്ചു, 'തസ്‌നീന്നാണല്ലോ പടത്തിന്റെ ക്ലാപ്പ് തുടങ്ങുന്നത് ' എന്ന്. ആ മാസം അഭിനന്ദനങ്ങള്‍ മാത്രമേ എനിക്ക് കിട്ടിയുള്ളു, വര്‍ക്കൊന്നും കിട്ടിയില്ല. (പരിഭവം നിറഞ്ഞ ചിരി...)

പക്ഷെ എവിടെ നോക്കിയാലും നിങ്ങളുണ്ട്. സിനിമയില്‍, സിനിമാലയില്‍, സീരിയലില്‍...

ഒരേ സമയം സിനിമാലയിലും സിനിമകളിലും കാണുന്നതുകൊണ്ടാണ് തിരക്കിലാണെന്ന് തോന്നുന്നത്. ഇപ്പൊ സീരിയലൊന്നുമില്ലെനിക്ക്. സീരിയലെന്നെ കൈവിട്ടപോലെയാണ്. എനിക്കതില്‍ നല്ല സങ്കടമുണ്ട്. സിനിമയില്‍ നല്ല റോള്‍ ലഭിച്ചപ്പോള്‍ സീരിയലുകാര്‍ എന്നെ വേണ്ടെന്ന് വെച്ചു. പത്ത് പതിനഞ്ച് വര്‍ഷായി സിനിമാലയില്‍. അതിന്റെ കടപ്പാട് ഡയാനചേച്ചിയോടാണ്. അതൊരു ബ്രാന്‍ഡഡ് പ്രോഗ്രാമാണ്. അത് മാത്രമാണ് മിനിസ്‌ക്രീനില്‍ ഇപ്പോള്‍ ചെയ്യുന്നത്.

കുഞ്ഞളിയനിലും തസ്‌നി ഹിറ്റായല്ലോ...

'കാര്യസ്ഥന്‍' സിനിമയിലെ എന്റെ കോമഡി റോള്‍ കണ്ടാണ് സജി വിളിച്ചത്. ഞാനൊരാള്‍ മാത്രം നല്ല റോള്‍ കിട്ടണമെന്ന് വിചാരിച്ചതോണ്ട് കാര്യമില്ല. ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും പൈസ ചെലവാക്കുന്ന പ്രൊഡ്യൂസറും വിചാരിച്ചാലേ അവസരം ലഭിക്കൂ. പ്രൊഡ്യൂസര്‍ക്ക് ഒരു ആര്‍ട്ടിസ്റ്റിനെ താല്‍പ്പര്യമില്ലെങ്കില്‍ അവരെ പിന്നെ ആ സിനിമയിലേക്ക് ആരും അടുപ്പിക്കൂല. ഒരിക്കല്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്റര്‍ പറഞ്ഞതോര്‍മ്മയുണ്ട്,' ഞാനാവതും പറഞ്ഞുനോക്കി. തെസ്‌നി പറ്റില്ലാന്നാ അവര് പറയണേ,' എന്ന്. മറ്റൊരിക്കല്‍ ഒരു ഡയറക്ടറാ പറഞ്ഞത്, ' ആ പടത്തില്‍ തെസ്‌നിയെ വിചാരിച്ചതാ, പക്ഷെ പ്രൊഡ്യൂസര്‍ വേറൊരു നടിയെ കൊണ്ടുവന്നു,' എന്ന്. അങ്ങനെ ഒരുപാട് അവസരങ്ങള്‍ തിരിഞ്ഞ്മറിഞ്ഞ് നഷ്ടമായിട്ടുണ്ട് എനിക്ക്. ഒരുപാട്...

സിനിമയില്‍ വരുന്നത് എങ്ങനെയാണ്?

ഡെയ്്‌സി ആണ് ഞാനഭിനയിച്ച ആദ്യ പടം. കമലാഹാസന്‍ ചിത്രം. കലാഭവന്റെ ഡാന്‍സ് ട്രൂപ്പിലാണ് ഞാനന്ന്. 1986-ല്‍. തോംസണ്‍ ഫിലിംസുകാര്‍ പുതുമുഖങ്ങളെ അന്വേഷിച്ച് കൊച്ചിയില്‍ വന്നു. എന്റെ പേരന്റ്‌സിനോട് സമ്മതം ചോദിച്ചു. ഡെയ്‌സിയില്‍ ഒരു ഡാന്‍സ് സീന്‍. സെറ്റില്‍ കമല്‍ജി എന്നെ മാജിക്കേ...മാജിക്കേന്നാ വിളിക്ക്ാ. എന്റെ ഉപ്പ പ്രൊഫസര്‍ അലിഖാന്‍ സിനിമക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മായാജാലക്കാരനായിരുന്നല്ലോ. ഡെയ്‌സിയില്‍ കമല്‍ മാജിക്ക് കാണിക്കുന്നുണ്ട്. ഒരോന്ന് കാണിക്കുമ്പോഴും എന്നെ നോക്കി ചുമ്മാ ചോദിക്കും, ' ശരിയായോ? '' എന്ന്. എന്നെ ആക്കാന്‍ വേണ്ടി ചോദിക്കുന്നതാ. എല്ലാവരോടും നല്ല സംസാരവും തമാശയുമായിരുന്നു അദ്ദേഹത്തിന്.

ആദ്യപടം കമലാഹാസന്റെ കൂടെ. എന്നിട്ടും...

പിന്നെ കമല്‍ജിയെ കാണുകയൊന്നുമുണ്ടായില്ല. തുനിഞ്ഞിറങ്ങിയിരുന്നെങ്കില്‍ എനിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ കിട്ടുമായിരുന്നേനെ. അന്ന് വലിയ നടിയാവണമെന്നൊന്നും ചിന്തിച്ചിട്ടില്ലെന്നതാണ് ശരി. കിട്ടുന്നത് ചെയ്യ്ാ, അതു തന്നെ. ഞങ്ങള്‍ കോഴിക്കോട്ടുകാരാണ്. ഗാന്ധിറോട്ടിലെ സുലേഖാമന്‍സില്‍ ആണ് മമ്മിയുടെ തറവാട്. മമ്മിയുടെ വാപ്പ ബാബു വൈദ്യര്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന വൈദ്യരായിരുന്നു. ബംഗാളി ബാബു എന്നാ എല്ലാവരും വിളിച്ചിരുന്നത്. എം.ടി.വാസുദേവന്‍ നായരുമായി നല്ല അടുപ്പമായിരുന്നു ഉപ്പൂപ്പായ്ക്ക്. മാതൃഭൂമിയുടെ ഓഫീസുള്ള അതേ റോഡിലാണ് ഉപ്പൂപ്പായുടെ വൈദ്യശാലയുണ്ടായിരുന്നത്. അദ്ദേഹം മോഡിവിദ്യക്കാരനായിരുന്നു. കല്ലായിപ്പാലം വിഴുങ്ങി പുറത്തെടുത്ത ആള്‍ എന്നാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തെപ്പറ്റിയുള്ള കേട്ടുകേള്‍വി. കണ്‍കെട്ടായിരിക്കണം സംഭവം. നടന്‍ മാമുക്കോയയൊക്കെ കണ്ടിട്ടുണ്ടത്രെ അത്...

പപ്പയോടൊപ്പം കോഴിക്കോട് പോവുമ്പൊ, ഉമ്മ പറയും, നമുക്ക് എം.ടിയങ്കിളിനെ ഒന്ന് കാണാമെന്ന്. ഞങ്ങള്‍ മാതൃഭൂമീല് പോയ് അദ്ദേഹത്തെ കണ്ട് സംസാരിക്കും. ബാബു വൈദ്യരുടെ പേരക്കുട്ടി എന്ന നിലയില്‍ എന്നെ എം.ടി അങ്കിളിന് നന്നായറിയാം. ഡെയ്‌സി സിനിമയുടെ സെറ്റില്‍ എം.ടി വന്നപ്പോള്‍ ഞാന്‍ പോയി പരിചയപ്പെട്ടു. അദ്ദേഹത്തിന് ഭയങ്കര സന്തോഷം. സ്റ്റില്‍ ഫോട്ടോഗ്രാഫറോട് പാവാടയും ബഌസും ചന്ദനക്കുറിയുമൊക്കെയിട്ട് നില്‍ക്കുന്ന എന്റെ കുറച്ച് ഫോട്ടോസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ ത്രില്ലടിച്ചു. അവിടെ എന്നെപ്പോലെ ഒരുപാട് പുതുമുഖങ്ങളുണ്ട്. എനിക്ക് മാത്രമല്ലേ ഈയൊരു ഭാഗ്യം കിട്ടിയുള്ളൂ...അത് അദ്ദേഹത്തിന്റെ ആരണ്യകം എന്ന പടത്തിന് വേണ്ടീട്ടായിരുന്നു. പാര്‍വതിയുടെ അനിയത്തിയായിട്ട്. പക്ഷെ പിന്നീട് നടി പാര്‍വതിയുടെ സ്വന്തം അനിയത്തി തന്നെയാണ് ആ റോളില്‍ അഭിനയിച്ചത്. അതങ്ങനെ വന്നു. എംടിയങ്കിളിന് അതൊരു വിഷമമായിരിക്കണം. തുടര്‍ന്ന് 'വൈശാലി 'യില്‍ തോഴിയായി എനിക്ക് റോള്‍ തന്നു. എന്നെപ്പോലൊരു പുതുമുഖത്തിന് ഭരതന്റെ പടത്തിലഭിനയിക്കാന്‍ കഴിയുക എന്ന് വെച്ചാലതൊരു ഭാഗ്യം തന്നെയായിരുന്നു. എം.ടി.അങ്കിള്‍ മുഖാന്തരമുള്ള കുട്ടിയായതിനാല്‍ എനിക്കന്ന് സെറ്റില്‍ നല്ല അംഗീകാരം കിട്ടി.

പേരിലെ ഈ ഖാന്‍ ?

അലിഖാന്‍ എന്നാണ് പപ്പയുടെ പേര്. മജിഷ്യനായിരുന്നു. കഴിഞ്ഞ വര്‍ഷം മരിച്ചു. പപ്പ കുറ്റിപ്പുറം സ്വദേശിയാണ്. കൊല്‍ക്കത്തയില്‍ പോയി മാജിക്ക് പഠിച്ചു. അലവിക്കുട്ടി എന്നാണ് ശരിയായ പേര്. പി.സി.സര്‍ക്കാര്‍ കൊടുത്ത പേരാണ് അലിഖാന്‍. പിന്നെ വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനായി.50 വര്‍ഷം പപ്പ മാജിക്ക് കൊണ്ടുനടന്നു. സാധാരണക്കാരനായ മാജിക്കുകാരനായിരുന്നു. പപ്പയ്ക്ക് മാജിക്ക്്് വേദികള്‍ തേടിയാണ് ഞങ്ങള്‍ എറണാകുളത്തേക്ക് താമസം മാറ്റിയത്. അദ്ദേഹം കലാഭവനില്‍ മാജിക് കഌസെടുത്തു. ആബേലച്ചന്‍ വഴി ഒരുപാട് ഷോകള്‍ കിട്ടി. ഞങ്ങള്‍ കുട്ടികള്‍ തന്നെയാണ് പപ്പയുടെ അസിസ്റ്റന്റ്‌സ്. എന്നെ വാളിന്മേല്‍ കിടത്തുന്നു, അനിയത്തി സെഫ്‌നി ഖാനെ വായുവില്‍ കിടത്തുന്നു, മമ്മിയുടെ നാക്ക് മുറിക്കുന്നു, പിന്നെ ആള്‍മാറാട്ടം പോലുള്ള ഐറ്റംസ്...മൂന്ന് വാളുകള്‍ കുത്തിനിര്‍ത്തി, എന്നെ ഹിപ്‌നോട്ടൈസ് ചെയ്ത് അവയ്ക്ക് മുകളില്‍ കിടത്തും. രണ്ട് വാളുകള്‍ മാറ്റും. ഒറ്റ വാളിന്‍ തുമ്പില്‍ ഞാന്‍ സുഖമായുറങ്ങും. അന്ന് ജീവിതവും മാജിക്കും ഒന്നായിരുന്നു. ഒരു സ്‌റ്റേജില്‍ നിന്നും അടുത്ത സ്‌റ്റേജിലേക്ക് പൂച്ച, കുഞ്ഞുങ്ങളെ കൊണ്ടുപോവുംപോലെ പപ്പ ഞങ്ങളുമായി നീങ്ങി. എന്റെ 'കാര്യസ്ഥന്‍' എന്ന പടമാണ് പപ്പ അവസാനം കണ്ടത്. സരിതാ തിയേറ്ററില്‍ വെച്ച്. അന്ന് പപ്പ പറഞ്ഞു, 'എന്റെ മോള് ഇനി ജീവിച്ച് പോയ്‌ക്കോളും 'എന്ന്.

തെസ്‌നിക്ക് മാജിക്ക് അറിയാമോ

കുറച്ച് ഐറ്റമൊക്കെ പപ്പ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഒരുപാട് കാശിറക്കാനില്ലാത്തതുകൊണ്ടാണ് ഞാനത് പ്രൊഫഷനാക്കി എടുത്തില്ല. സെറ്റിലൊക്കെ ചില ചൊട്ടുവിദ്യകള്‍ കാണിക്കും, തമാശയ്ക്ക്. പത്ത് വര്‍ഷം മുമ്പ് ഞാന്‍ കണ്ണ് കെട്ടി കലൂര്‍ സ്റ്റേഡിയം മുതല്‍ ദര്‍ബാര്‍ ഹാള്‍ വരെ മോട്ടോര്‍സൈക്കിള്‍ ഓടിച്ചു. ഓള്‍ കേരളാ മാജിക് കണ്‍വെന്‍ഷന്റെ ഭാഗമായായിരുന്നു അത്. ഹാന്‍ഡ് ട്രിക്‌സില്‍ മിടുക്കനായിരുന്നു എന്റെ പപ്പ. സിനിമയിലേക്കായി ജയറാമിനെ മാജിക്ക് പഠിപ്പിച്ചിട്ടുണ്ട് പപ്പ. കണ്‍കെട്ട് എന്ന പടത്തില്‍ ശ്രീനിവാസനെ മാജിക്ക് പഠിപ്പിച്ചു. വിഷ്ണുലോകം എന്ന സിനിമയില്‍ മോഹന്‍ലാലിനേയും. പപ്പയുടെ കോട്ടാണ് ലാലേട്ടന്‍ സിനിമയിലണിഞ്ഞതും. ആറ് ഐറ്റം പഠിപ്പിച്ച്‌കൊടുത്തു. ലാലേട്ടന് ഭയങ്കര കാര്യാ പപ്പയെ. അന്ന് കാല്‍ക്കല്‍ ദക്ഷിണ വെച്ച് നമസ്‌ക്കരിച്ചിട്ടാ അദ്ദേഹം പഠിച്ചത്. പപ്പ മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഫോണ്‍ വിളിച്ച് കുറേ നേരം എന്നോട് സംസാരിച്ചിരുന്നു.

കലാഭവനിലെ അനുഭവങ്ങള്‍...

കലാഭവനില്‍ ഗാനഭൂഷണം കോഴ്‌സിനാണ് ഞാന്‍ ചേര്‍ന്നത്. സൈനുദ്ദീന്‍,ജയറാം,പ്രസാദ് എന്നിവരെല്ലാമുണ്ടവിടെ. പ്രോഗ്രാമിന് അവരുടെ മിമിക്രി ഉണ്ടാവുമ്പോള്‍ നൃത്തം, സ്‌കിറ്റുകള്‍ എന്നിവ അവതരിപ്പിച്ച് ഞാനും ഉണ്ടാവും. അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കോഴ്‌സിന്റെ ഫീസടച്ചത്. കലാഭവന്‍ ആരേയും രക്ഷപ്പെടുത്തിയിട്ടില്ല. കലാഭവനില്‍ വന്ന് പെട്ടതോണ്ട് മറ്റു മേഖലകളില്‍ രക്ഷ കണ്ടെത്താന്‍ പലര്‍ക്കും കഴിഞ്ഞു എന്നതാണ് സത്യം. അച്ചടക്കമുള്ള നല്ലൊരു സ്ഥാപനമാണത്. ആ പേര് കൂടെയുള്ളത് എല്ലാവര്‍ക്കും ഉപകാരപ്പെട്ടു.

കഴിവുണ്ടായിട്ടും എന്തുകൊണ്ട് ഒരിക്കല്‍ പോലും നായികയായില്ല?

സിനിമയങ്ങനെയാണ്. വൈശാലിയില്‍ തോഴിയായി വന്ന എനിക്ക് പിന്നിയൊരിക്കലും നായികയാവാന്‍ കഴിഞ്ഞില്ല. അതൊരു ട്രാക്കാണ്. നായികയായി വന്നാല്‍ പിന്നെയും അതേ വേഷങ്ങള്‍ കിട്ടും. നായികയുടെ സുഹൃത്തായി അഭിനയിച്ച നടിക്ക് പിന്നെയൊരു സിനിമയില്‍ നായികാ വേഷം കിട്ടിയ ചരിത്രമില്ല ! ഒരു ഗള്‍ഫ് ഷോയ്ക്കിടെ ഞാന്‍,ബീന,സുചിത്ര എല്ലാവരുമുണ്ട്. ഞങ്ങളുടെ പെര്‍ഫോമന്‍സ് ശ്രദ്ധിച്ച് ബാലചന്ദ്രമേനോന്‍ പറഞ്ഞു, '' മക്കളേ, നിങ്ങള്‍ വന്ന ട്രാക്ക് തെറ്റിപ്പോയി,'' എന്ന്. ഗോഡ്ഫാദര്‍, എന്നോടിഷ്ടം കൂടാമോ... എല്ലാം കണ്ണില്‍പ്പെടാത്ത എന്റെ ചെറുവേഷങ്ങള്‍...കുറേക്കാലം അങ്ങനെ ഒന്നുമല്ലാതായി തുടര്‍ന്നു. സത്യന്‍ അന്തിക്കാടാണ് ' എന്നും നന്മകള്‍ ' എന്ന പടത്തില്‍ നായകന്റെ പെങ്ങളായി ചെറുതല്ലാത്തൊരു വേഷം തന്നത്. പുള്ളീന്റെ ടീമില്‍ പെട്ടതൊണ്ടും ആ റോളില്‍ സംവിധായകനെന്ന നിലയില്‍ അദ്ദേഹം തൃപ്തനായതുകൊണ്ടുമാവാം, പിന്നെയും സത്യന്‍ അന്തിക്കാട്പടങ്ങളില്‍ എനിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടി, ' വീണ്ടും ചില വീട്ടുകാര്യങ്ങള്‍', 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' ...എനിക്ക് കാരക്ടര്‍റോളുകള്‍ തന്നത് അദ്ദേഹമാണ്. 'കാക്കത്തൊള്ളായിര'ത്തില്‍ ജഗദീഷിന്റെ ജോടിയായി വേഷമിട്ടു. സാജന്റെ 'ഒരുമുത്തം മണിമുത്ത' ത്തില്‍ ഹരിശ്രീ അശോകന്റെ ഭാര്യയായി.നല്ല റോളായിരുന്നു അത്.

മിനിസ്‌ക്രീനില്‍ കോമഡിറാണിയല്ലേ തെസ്‌നി?

ജീവിതം മുന്നോട്ട് കൊണ്ടുപോയത് മുഴുവന്‍ മിനിസ്‌ക്രീനാണ്.പറയാതെ വയ്യ. പിന്നെ ഞാന്‍ കോമഡി ട്രാക്കിലേക്ക് പോയി. ധാരാളം സീരിയലുകള്‍ ചെയ്തു. സിനിമാലയില്‍ പത്മജചേച്ചിയുടെ റോളാണ് ഞാന്‍ ചെയ്തത്. ഏഷ്യനെറ്റിലെ സ്വരരാഗം, ദൂരദര്‍ശനിലെ അമ്പലക്കര.യു.പി.സ്‌ക്കൂള്‍, അല്‍ഫോണ്‍സാമ്മ...'എട്ടു സുന്ദരികളും ഞാനും' കോമഡി എന്ന നിലയില്‍ സൂപ്പര്‍ ഹിറ്റായി. ആ സീരിയല്‍ തീര്‍ന്നത് ഞങ്ങള്‍ക്കെല്ലാം സങ്കടമായിരുന്നു. അതിന് ശേഷമാണ്, കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ദിലീപ് വിളിക്കുന്നത്, 'പാപ്പി അപ്പച്ചാ ' ചെയ്യാന്‍. കലാഭവനിലുള്ള കാലം തൊട്ടേ എന്നെ അറിയാം ദിലീപിന്. ദിലീപ് എന്നെ ഓര്‍ത്തല്ലോ എന്ന് സന്തോഷിച്ചു. ആ പടം കഴിഞ്ഞ് 'പോക്കിരിരാജ ' ഹിറ്റായി. സിബി-ഉദയന്‍ ടീമിന്റെ പടം 'കാര്യസ്ഥന്‍' കിട്ടി. തസ്‌ക്കരലഹള, സ്വന്തം ഭാര്യ സിന്ദാബാദ്, കാസര്‍കോഡ് കാദര്‍ ഭായ്...

ഈ ചിരി ജീവിതത്തിലുമുണ്ടോ?

ഞാന്‍ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ആളല്ല. പക്ഷെ സെറ്റില്‍ പരിചയമുള്ളവര്‍ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ഞാന്‍ മൂഡോഫാകും. പിന്നെ അവരുടെ മുന്നില്‍ ചിരിച്ചിരിക്കാന്‍ പറ്റില്ല. എന്റെ മുഖത്ത് അത് തെളിഞ്ഞ് കാണും. ബാലതാരമായി വന്ന് പിന്നെ ഹീറോയിനായ ഒരു കുട്ടി. അത്രയും പറയാം. ഭയങ്കര ജാട എന്റടുത്ത്. ഒരുദിവസം ഞാന്‍ ചോദിച്ചു, എന്താ മോളെ മിണ്ടാത്തതെന്ന്. 'അതെന്നോട് മിണ്ടാത്തവരോട് ഞാന്‍ മിണ്ടില്ല,' എന്ന് മറുപടി. വിഷമം തോന്നി. കുട്ടിക്കാലം തൊട്ടെ സെറ്റില്‍ കാണുമ്പോള്‍ വാത്സല്ല്യം തോന്നിയ കുട്ടിയാണ്. അപൂര്‍വ്വം ചിലരേ ഉള്ളു ഇങ്ങനെ. ഭാമ, ഭാവന,കാവ്യ...അവര്‍ക്കൊക്കെ തെസ്‌നിചേച്ചി ന്ന് പറഞ്ഞാ വലിയ കാര്യാ...

സഹനടിമാര്‍ക്കിടയില്‍ മത്സരമുണ്ടോ?

ചെറിയ ആളുകള്‍ക്കിടയില്‍ എന്തു മത്സരം ! അതൊക്കെ ഒന്നാം നമ്പര്‍കാര്‍ക്കിടയിലല്ലേ...സിനിമാലയില്‍ ഞാനും സുബിയുമാണല്ലോ. സുബി എന്റെ നല്ല കൂട്ടുകാരി കൂടിയാണ്. സിനിമാലയുടെ ഷൂട്ടിന് എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ കാണും. എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ സുബി ചെയ്ത റോള്‍ എനിക്കായിരുന്നു വെച്ചത്. ഞാന്‍ ആ സമയം 'കാര്യസ്ഥന്റെ' തിരക്കിലായി. അവര്‍ സുബിയെ വിളിച്ചു. സുബി അവളുടെ മര്യാദയനുസരിച്ച് അക്കാര്യം എന്നെ വിളിച്ചുപറഞ്ഞു. ''തസ്‌നിചേച്ചിക്ക് വെച്ച വേഷമാട്ടോ ഞാന്‍ ചെയ്യുന്നതെന്ന്.'' ' നീ നന്നായി അടിച്ചുപൊളിക്ക്, ' ഞാനും പറഞ്ഞു. അവള്‍ നന്നായി അഭിനയിക്കുകയും ചെയ്തു. അതിലൊക്കെ അത്രയേയുള്ളു. ദേവീചന്ദനയായാലും സുബിയായാലും, ഞങ്ങള്‍ കോമഡി ചെയ്യുന്നോരൊക്കെ ഒരു കെട്ടാ...എല്ലാവര്‍ക്കും അവസരം കിട്ടട്ടെ എന്ന് എല്ലാരും വിചാരിക്കും. ഓരോരുത്തരുടെ ഭാഗ്യം പോലെയാ രക്ഷപ്പെടലൊക്കെ.

ചെറുകഥാപാത്രങ്ങളിലൂടെയുള്ള യാത്ര എളുപ്പമായിരുന്നോ?

എങ്ങനെ ജീവിച്ചുപോന്നു എന്ന്് തോന്നിയിട്ടുണ്ട്. മുമ്പോട്ട് പോവാനാണ് കൂടുതല്‍ പേടി. ഓരോ ദിവസം കഴിയുന്തോറും കഴിവുള്ള കുട്ടി കള്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു. കോമഡി ചെയ്യുന്നവരുടെ ക്യു. എല്ലാവര്‍ക്കും ഫ്രഷ് ഫേസ് മതി. മനുഷ്യപ്പറ്റുള്ള ചില സംവിധായകര്‍ ഒരു നല്ല കഥാപാത്രം വിളിച്ചുതന്നാലായി...ഇനിയൊക്കെ ഭാഗ്യമാണ്. ഇനി കിട്ടുന്നതൊക്കെ ബോണസ്സാ...വേറെ ജീവിതമാര്‍ഗ്ഗം ഇല്ലല്ലോ.ഏത് റോള് കിട്ടിയാലും മാക്‌സിമം പെര്‍ഫെക്ടാക്കാന്‍ പറ്റും എന്ന വിശ്വാസം പോയിട്ടില്ല. അടൂര്‍ഗോപാലകൃഷ്ണന്റെ സിനിമയില്‍ ഒരു വേഷം എത്രയോ കാലമായുള്ള മോഹമാണ്. 'നാല് പെണ്ണുങ്ങള്‍ ' എന്ന പടത്തിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. ബാംഗഌരില്‍ ഒരു ഷോ ഏറ്റുപോയതുകാരണം അതെനിക്ക് നഷ്ടമായി. ഭയങ്കര മിസ്സിങ്ങ്. ഇപ്പോള്‍ അമല്‍ നീരദിന്റ 'ബാച്ചിലേഴ്‌സ് പാര്‍ട്ടി' ചെയ്തു. ഒറ്റ സീനേയുള്ളൂ എനിക്കതില്‍. പക്ഷെ നല്ല സിനിമയാവും എന്നൊരു തോന്നല്‍. മമ്മൂട്ടിചിത്രം താപ്പാനയിലും റോളുണ്ട്.

സാമ്പാദിക്കാനൊക്കെ സാധിച്ചോ?

അനിയത്തിയെ കല്യാണം കഴിച്ചുകൊടുത്തു. അവള്‍ നല്ലൊരു കുടുംബത്തിലെത്തി. നന്നായി കഴിയുന്നു. മൂന്ന് കുട്ടികളുണ്ടവള്‍ക്ക്. പിന്നെ ഞാനൊരു വണ്ടി വാങ്ങിച്ചു.ടുവീലര്‍ വാങ്ങിച്ചു. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഇഷ്ടം പോലെ സാരി വാങ്ങിക്കൂട്ടും ഞാന്‍. മമ്മിയാണ് സെലക്ഷന്‍. ഒരു മീഡിയം റേഞ്ചിലുള്ള നല്ല ഭംഗിയുള്ള സാരികള്‍...അറുന്നൂറ് രൂപയുടെ കോട്ടണ്‍ സാരിയായിരിക്കും, പക്ഷെ കണ്ടാല്‍ രണ്ടായിരം രൂപ തോന്നും. നല്ല സാരികലക്ഷനുണ്ടെനിക്ക്. ഡ്രസ്സില് പിശുക്കിയിട്ടില്ല. അതേ ഉള്ളു ജീവിതത്തില്‍ ഞാന്‍ എനിക്ക് വേണ്ടി സന്തോഷമായി ചെയ്യുന്നത്. പിന്നെ സ്വന്തമായിട്ടൊരു വീട്...സാരമില്ല, അത് ദൈവം തരുമ്പോള്‍ തരട്ടെ. പപ്പയ്ക്ക് വലിയ ആഗ്രഹായിരുന്നു സ്വന്തമായി വീട് വെയ്ക്കണമെന്ന്. നടന്നില്ല. അതുകൊണ്ട് പപ്പ പോയതില്‍പ്പിന്നെ വീടെടുക്കാനുള്ള ആഗ്രഹവും പോയി. 'അമ്മ'യില്‍ മെമ്പറാണ് ഞാന്‍. അസോസിയേഷന്റെ കൈനീട്ടം എനിക്കുമുണ്ട്. മാസം നാലായിരം രൂപ. പണത്തിനപ്പുറം ഒരു അംഗീകാരം കൂടിയാണത്.

തെസ്‌നിയുടെ വിവാഹജീവിതമോ?

വിവാഹജീവിതത്തെക്കുറിച്ച് എഴുതേണ്ട. ഇപ്പോള്‍ മമ്മിയും ഞാനുമാണ് കുടുംബം. മറ്റൊന്നും അതേക്കുറിച്ച് പറയാന്‍ താല്‍പ്പര്യമില്ല.

വിഷമങ്ങളെ മറികടന്നതെങ്ങനെ?

ഏയ്...ദു:ഖങ്ങളെ മൈന്‍ഡ് ചെയ്തില്ല ഞാന്‍. അതങ്ങനെ വരും പോകും...പ്രത്യേകിച്ച് മന:ശക്തിയുള്ള ആളൊന്നുമല്ല ഞാന്‍. വളരെ സെന്‍സിറ്റീവുമാണ്. എന്റെ വിഷമങ്ങള്‍ ഞാന്‍ തന്നെ ഉണ്ടാക്കിത്തീര്‍ത്തവയാണേ...അപ്പൊ ഞാന്‍ തന്നെ മാറ്റിയല്ലേ പറ്റൂ. ദൈവവിശ്വാസമുണ്ട് എനിക്ക്. മനസ് വിഷമിക്കുമ്പോള്‍ ഞാനെന്റെ വീട്ടില്‍ത്തന്നെ ഇരിക്കും. മറ്റാരേയും ആശ്രയിക്കാറില്ല. ഞാന്‍ സങ്കടപ്പെട്ടാല്‍ ആ വശത്തേക്ക് വരാത്ത ആളാ മമ്മി...ഉറ്റ സുഹൃത്തെന്നൊക്കെ പറയാനാരുമില്ല. എല്ലാരും ബിസിയല്ലേ. ബീനയൊക്കെ കല്ല്യാണം കഴിച്ച് സെറ്റിലായില്ലേ. ഫോണ്‍ ചെയ്ത് എന്റെ പ്രശ്‌നം ഞാനാരോടും പറയില്ല. കേള്‍ക്കാനുള്ള ക്ഷമ ആര്‍ക്കുമില്ലെന്നതാണ് നേര്. ജീവിതത്തിലെ നെഗറ്റീവായ സംഗതികള്‍ കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല. അത് കേട്ട് സ്വന്തം മൂഡ് നഷ്ടപ്പെടുത്താന്‍ ആരും തയ്യാറല്ല. പോസിറ്റീവായി ചിന്തിക്ക് എന്നെല്ലാവരും പറയും.

ഇനി നല്ലൊരു ജീവിതപങ്കാളി വന്നാലോ?

പങ്കാളി നന്നായിട്ട് കാര്യമില്ല. അവരുടെ കുടുംബത്തിന്റെ പിന്തുണയും വേണം. നല്ല ഒരു കുടുംബത്തില്‍ നിന്നുള്ള നല്ലൊരു വ്യക്തിയാവണം.