MATHRUBHUMI RSS
Loading...
ഈ സങ്കുചിത മനസ്സുകള്‍ക്കിടയില്‍ എങ്ങനെ ജീവിക്കും
ബീന മോഹനന്‍, മുംബൈ

സിനിമയുടെ തിരക്കുകള്‍ക്കിടയിലും സാമൂഹ്യസേവന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് നടി രേവതി...


ബെസ്റ്റ് ഷോര്‍ട്ട് ഫിലിമിനുള്ള നാഷണല്‍ അവാര്‍ഡ് കിട്ടിയ വിവരം രേവതിയെ തേടിയെത്തിയത് മുംബൈ അന്ധേരി വെസ്റ്റിലെ 'പണിപ്പുര'യിലേക്കാണ്. ഈ വര്‍ഷം സംവിധാനം ചെയ്യാനിരിക്കുന്ന ഹിന്ദി പടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതുകയാണ് ഫ്ലാറ്റിലെ ഏകാന്തതയുടെ മറവില്‍ രേവതി. ശരിക്കും 'ആള്‍ക്കൂട്ടത്തില്‍ തനിയെ'.

അച്ഛനമ്മമാരുടെ വഴക്കുകള്‍ക്ക് നടുവില്‍ കഴിയുന്ന ഏഴ് വയസ്സുകാരനെക്കുറിച്ചുള്ള പടമാണ് 'Red building where the sun sets'. നന്നായി എന്‍ജോയ് ചെയ്ത് തീര്‍ത്ത പടമാണ്. പക്ഷേ, നാഷണല്‍ അവാര്‍ഡ് ഒരു പ്ലെസന്റ് സര്‍പ്രൈസ് ആയിരുന്നു. 'കിലുക്ക'ത്തിലെ പൊട്ടിത്തെറിച്ച പെണ്‍കുട്ടിയേക്കാള്‍ 'ദേവാസുര'ത്തിലെ ഇരുത്തംവന്ന നായികയോടാണ് രേവതിക്ക് ചായ്‌വ് എന്നുതോന്നി 'ഗൃഹലക്ഷ്മി'ക്കുവേണ്ടി സംസാരിച്ചു തുടങ്ങിയപ്പോള്‍. ഒരു കാലത്ത് തെന്നിന്ത്യയില്‍ ജ്വലിച്ചുനിന്ന താരത്തിന്റെ ഒരു ജാഡയുമില്ലാതെ...

ഇതെന്താ സ്‌ക്രിപെറ്റെഴുതാന്‍ മുംബൈയില്‍?

ഇവിടെയാകുമ്പോള്‍ എനിക്ക് ഒരു ഡിസ്ട്രാക്ഷനും ഇല്ലാതെ മുഴുവനായും എഴുത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാം.

മലയാളം സിനിമയാണോ?

അല്ല, ഹിന്ദിയാണ്. നഗരജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. എനിക്ക് കുറേക്കൂടി കണക്ട് ചെയ്യാന്‍ പറ്റുന്നതും അത്തരം ജീവിതമാണ്. മുംബൈയില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം.

എന്റെ സഹോദരി താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റാണ്. അവളിപ്പോള്‍ ചെന്നൈയിലേക്ക് പോയി. മുംബൈ ജീവിതം എനിക്കിഷ്ടമാണ്. സാധാരണക്കാരിയായി, ആരാലും ശ്രദ്ധിക്കപ്പെടാതെയുള്ള ജീവിതം. ഈ തിരക്കില്‍ എന്നെ തിരിച്ചരിയുന്നവര്‍ കുറവാണ്. 17-ാം വയസ്സില്‍ അഭിനയിക്കാന്‍ തുടങ്ങിയതല്ലേ. അന്ന് കിട്ടാത്ത സാധാരണ ജീവിതം ഞാനിന്ന് എന്‍ജോയ് ചെയ്യുന്നു. ഓട്ടോയില്‍ യാത്ര ചെയ്യുന്നു, മാര്‍ക്കറ്റില്‍ പോകുന്നു...

നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലഭിനയിച്ച 'ഫാദേഴ്‌സ് ഡെ'യെക്കുറിച്ച് നല്ല അഭിപ്രായമാണല്ലോ?

വളരെ ശക്തിയേറിയ തീമാണ് കലവൂര്‍ രവികുമാര്‍ കൈകാര്യം ചെയ്തിരിക്കുന്നത്. 20 കൊല്ലം മുന്‍പ് നാല് പേരാല്‍ റേപ്പ് ചെയ്യപ്പെട്ട് പ്രസവശേഷം മെന്റ്ല്‍ ഹോസ്പിറ്റലില്‍ എത്തിപ്പെടുന്ന സ്ത്രീയായാണ് ഞാനഭിനയിച്ചത്. ബന്ധുക്കള്‍ ഓര്‍ഫനേജില്‍ വിട്ട കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്ന് അമ്മയെ കാണുന്നതാണ് കഥ.

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് പടങ്ങള്‍ ചെയ്തല്ലോ. അഭിനയിച്ച പടങ്ങളില്‍ ഏറ്റവും ഇഷ്ടം?

അങ്ങനെ പ്രത്യേകിച്ചൊരു പടത്തിനോട് അധികം ഇഷ്ടം എന്ന് പറയാന്‍ പറ്റില്ല. ഓരോ പടവും ഞാന്‍ വളരെ ആലോചിച്ച് സെലക്ട് ചെയ്ത് അഭിനയിച്ചതാണ്. അതുകൊണ്ട് എല്ലാം എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട പടങ്ങള്‍ ആണ്. ആദ്യപടത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 17 വയസ്സാണ്. ഭാരതീരാജയുടെ 'മണ്‍വാസനൈ'.

പിന്നീട് മലയാളത്തിലെ എന്റെ ആദ്യപടം 'കാറ്റത്തെ കിളിക്കൂട്' ചെയ്തു. തുടര്‍ന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നൂറിലധികം പടങ്ങള്‍. എല്ലാം വലിയ ഹിറ്റുകളായി. പ്രേക്ഷകര്‍ എന്നും ഓര്‍മിക്കുന്ന റോളുകള്‍. തമിഴിലായിരുന്നു ഏറ്റവുമധികം പടങ്ങള്‍ ചെയ്തത്. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി'യിലെ റോള്‍ എനിക്ക് വളരെ ഇഷ്ടമാണ്. അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ നന്നായി ഹോംവര്‍ക്ക് ചെയ്ത പടമാണത്. 'കിലുക്കം' ഒരു തയ്യാറെടുപ്പും ഇല്ലാതെ വളരെ കാഷ്വല്‍ ആയി അഭിനയിച്ച പടമാണ്. പ്രിയദര്‍ശന്റെ സംവിധാനം, നല്ല സ്‌ക്രിപ്റ്റ്, ലാലും ജഗതിയും ഉള്‍പ്പെട്ട നല്ല കാസ്റ്റിങ്, കുമാറേട്ടന്റെ ക്യാമറ... അങ്ങനെ ഒരു ഹോള്‍സം എന്റര്‍ടൈന്‍മെന്റ് ആയി മാറുകയാണ് ചില പടങ്ങള്‍.

നല്ലൊരു ഇടവേളയ്ക്കുശേഷമാണല്ലോ മലയാളത്തില്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയത്?

അഭിനയം നിര്‍ത്തിയ കാലയളവില്‍ ഞാന്‍ ഒരിക്കലും വീട്ടിലിരുന്ന് ബോറടിച്ചിട്ടില്ല. പലതും ചെയ്യുന്നുണ്ടായിരുന്നു. തമിഴില്‍ ടി.വി. ഷോകള്‍ ചെയ്തു. ഹിന്ദിയില്‍ രണ്ട് പടങ്ങള്‍ സംവിധാനം ചെയ്തു. 'മിത്ര് മൈ ഫ്രന്‍ഡ്, ഫിര്‍ മിലേംഗെ. പിന്നെ കേരള കഫേയില്‍ മകള്‍ എന്ന പടം ചെയ്തു. അതുപോലെ ഒരു പടം മുംബൈ കട്ടിങ് എന്ന പേരില്‍ ഹിന്ദിയില്‍ 11 സംവിധായകര്‍കൂടി എടുത്തു. പക്ഷേ, ഇതുവരെ റിലീസായില്ല. അടുത്തകാലത്തായി ഞാന്‍ ചെന്നൈയില്‍ തിയേറ്ററും ചെയ്യുന്നു. രണ്ട് നാടകങ്ങള്‍ ഇതുവരെ അഭിനയിച്ചു. ഈയിടെ കേരളത്തില്‍ നടന്ന തിയേറ്റര്‍ ഫെസ്റ്റിവലില്‍ ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. സിനിമയില്‍ കണ്ടുപരിചയിച്ച എന്നെ നാടകത്തില്‍ കാണുമ്പോള്‍ ആളുകള്‍ക്കും രസം. പുതിയ ഒരു അനുഭവം, എനിക്കും രസം! ഇപ്പോള്‍ നാടകാഭിനയം ശരിക്കും ഒരു അഡിക്ഷന്‍ ആയിട്ടുണ്ടെനിക്ക്.

ഹിന്ദിയിലും നായികയായി അഭിനയിച്ചിരുന്നല്ലോ?

20-22 വര്‍ഷം മുന്‍പ് 'കിലുക്ക'ത്തിന്റെ റീമേക്കില്‍ അഭിനയിച്ചു. പിന്നെ സല്‍മാന്‍ ഖാന്റെ കൂടെ 'ലവ്' എന്ന പടത്തില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി ഭയങ്കര തിരക്കായിരുന്നു പണ്ട്. അതുകൊണ്ട് ഹിന്ദിയില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഹിന്ദിയില്‍ അഭിനയിക്കാന്‍ മാത്രം ഞാന്‍ ഗ്ലാമറസ് ആണെന്ന് എനിക്ക് തോന്നാറില്ല. നമ്മുടെ ഇന്‍ഡസ്ട്രിയെ വെച്ചുനോക്കുമ്പോള്‍ ഹിന്ദി വളരെയേറെ ഗ്ലാമര്‍ ബേസ്ഡ് ആണ്. മലയാളത്തില്‍ അഭിനയം മാത്രം ശ്രദ്ധിച്ചാല്‍ മതി. ഹിന്ദിയിലാകട്ടെ അഭിനയത്തോടൊപ്പം പബ്ലിസിറ്റിയും ശ്രദ്ധിക്കണം. അതുകൊണ്ട് അത്ര മുമ്പോട്ട് പോയില്ല.

ഈയടുത്ത കാലത്തായി 'രാത്', 'നിശ്ശബ്ദ്', 'അബ് തക് ഛപ്പന്‍', 'ധൂപ്' തുടങ്ങിയ പടങ്ങള്‍ ചെയ്തു.

മമ്മൂട്ടിയുടെ കൂടെ നായികയായി അഭിനയിച്ചില്ലല്ലോ? എല്ലാ ഹിറ്റുകളും മോഹന്‍ലാലിനൊപ്പമാണല്ലോ?

ഞാനഭിനയിച്ച രണ്ട് പടങ്ങളില്‍ മമ്മൂട്ടി ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച ഒരു പടത്തില്‍ ഞാന്‍ ഗസ്റ്റ് റോള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ കൂടെയാണ് മലയാളത്തില്‍ എന്റെ മിക്കവാറും പടങ്ങള്‍. അതങ്ങനെ സംഭവിച്ചുപോയതാണ്. തമിഴില്‍ മോഹന്റെ കൂടെയാണ് ഞാന്‍ അധികം സിനിമകള്‍ ചെയ്തിട്ടുള്ളത്.

അവരൊക്കെ ഇപ്പോഴും നായകന്മാരായി വിലസുകയാണല്ലോ. നായികമാര്‍ വേഗം ക്യാരക്ടര്‍ റോളുകളിലേക്കൊതുങ്ങുന്നു

പെണ്ണുങ്ങള്‍ക്ക് ശാരീരികമായും മാനസികമായും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്! ആണുങ്ങളുടെ കാര്യത്തില്‍ നമ്മള്‍ തമാശയ്ക്ക് പറയാറില്ലേ, Boys never grow to be men എന്ന്. അതുതന്നെയാണ് സ്‌ക്രീനിലും നടക്കുന്നത്.

ഇന്ന് വനിതാദിനമല്ലേ. അതിനെന്തെങ്കിലും പ്രസക്തി ഉണ്ടെന്നുതോന്നുന്നുണ്ടോ?

ഇന്നിപ്പോള്‍ ഞാനെന്റെ ജോലിക്കാരിയോട് ചോദിച്ചു, ഇന്ന് വിമന്‍സ് ഡേ അല്ലേ എന്ന്. അവള്‍ തിരിച്ചെന്നോട് ചോദിച്ചു, 'എന്ത് വിമന്‍സ് ഡേ മാഡം, ഞങ്ങള്‍ക്ക് എല്ലാ ദിവസവും ഒരുപോലെ അല്ലേ' എന്ന്. അധികം ഡീപ്പ് ആയിപ്പോകാതെ നോക്കിയാല്‍ ഒരു 'ഓര്‍മ ദിവസം' അല്ലേ? എന്റെ ജീവിതത്തില്‍ എന്റെ ചിന്തകളെയും വീക്ഷണത്തെയും സ്വാധീനിച്ച ഒരുപാട് സ്ത്രീകള്‍ ഉണ്ട്. അവര്‍ക്കുള്ള ഒരു നന്ദിപറച്ചില്‍. അവരെ ഞാനോര്‍മിച്ച് അവര്‍ക്കൊരു നന്ദിപറയുന്ന ദിവസം.

കേരളത്തിലെ സ്ത്രീകളെക്കുറിച്ച് എന്താണഭിപ്രായം

കേരളത്തിലെ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. പക്ഷേ, ഇത്രയും പഠിച്ചിട്ടും ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ കേരളത്തിലേ ഉള്ളൂ. മുംബൈയില്‍ ഞാനറിയുന്ന എല്ലാ സംവിധായകര്‍ക്കും നാലോ അഞ്ചോ അസിസ്റ്റന്റെങ്കിലും കാണും പെണ്‍കുട്ടികള്‍. കേരളം മൊത്തമെടുത്താല്‍ പരമാവധി മൂന്നു സ്ത്രീകള്‍ കാണും സംവിധാന സഹായികളായി.

'ഫാദേഴ്‌സ് ഡേ'യുടെ പശ്ചാത്തലം വെച്ചൊന്നു നോക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികപീഡനം ധാരാളം നടക്കുന്നതിന് എന്താണ് കാരണം എന്നാലോചിച്ചിട്ടുണ്ടോ?

ഉന്നത വിദ്യാഭ്യാസവും പുരോഗമന ചിന്താഗതിയും രണ്ടും രണ്ടല്ലേ! പഠിപ്പുണ്ട് എന്ന കാരണംകൊണ്ട് ചിന്തയില്‍ പുരോഗമന കാഴ്ചപ്പാട് വേണമെന്ന് നിര്‍ബന്ധമില്ലല്ലോ. രക്ഷിതാക്കള്‍ ആലോചിക്കുന്ന രീതി മാറിയാലേ കുട്ടികളും അതുകണ്ട് പഠിക്കൂ. അവനവനെ സംരക്ഷിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്.


മലയാളികള്‍ പൊതുവെ വളരെ യാഥാസ്ഥിതിക ചിന്താഗതിക്കാരാണ്. കേരളത്തിന് പുറത്തുള്ള മലയാളികളോടു ചോദിച്ചു നോക്കൂ. നാട്ടിലേക്ക് തിരിച്ചുപോവാന്‍ അവരിഷ്ടപ്പെടാത്തതെന്തുകൊണ്ടാണെന്ന്. ഇത്ര സങ്കുചിത മനസ്ഥിതിയുള്ള ആള്‍ക്കാര്‍ക്കിടയില്‍ ജീവിക്കുക എളുപ്പമല്ല.

പക്ഷേ, ഇന്നിപ്പോള്‍ മാറ്റത്തിന്റെ ലക്ഷണമൊക്കെ കണ്ടുതുടങ്ങിയിരിക്കുന്നു. നാട്ടിലെ കോളേജുകളില്‍ എന്തെങ്കിലും പരിപാടിക്കായി പോയാല്‍ മാറ്റം ഫീല്‍ ചെയ്യുന്നുണ്ട്. സിനിമാരംഗത്തെ ചെറുപ്പക്കാരോട് സംസാരിക്കുമ്പോഴും ഈ മാറ്റം മനസ്സിലാകും. അവര്‍ക്ക് സ്ത്രീയും സെക്ഷ്വാലിറ്റിയുമല്ല പ്രായോറിറ്റി. അതിലുമപ്പുറം ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ട്. പുതിയ സംവിധായകര്‍ സൃഷ്ടിക്കുന്ന സ്ത്രീകഥാപാത്രങ്ങളെ നോക്കിയാല്‍ ഈ മാറ്റം മനസ്സിലാകും. 'ടമഹ േ& ുലുുലൃ'ലെ ശ്വേതയുടെ കഥാപാത്രം എത്ര ബ്യൂട്ടിഫുള്‍ ആണ്! നമുക്കെല്ലാം കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു കഥാപാത്രം! അങ്ങനെ ആലോചിക്കാനും എഴുതാനും തീര്‍ച്ചയായും പുരോഗമനപരമായി ആലോചിക്കാന്‍ പറ്റണം. കുറച്ചുപേര്‍ക്കേ അതിന് കഴിയുന്നുള്ളൂ. എങ്കിലും ഈ മാറ്റം എത്ര നല്ലതാണ്!

സംവിധായിക എന്ന നിലയില്‍ സ്ത്രീയായതുകൊണ്ടുമാത്രം എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?

സ്ത്രീയായിപ്പോയി എന്ന കാരണംകൊണ്ട് മാത്രം എനിക്കൊരു പ്രശ്‌നം നേരിടേണ്ടിവന്നിട്ടില്ല. കഴിവിനെ ആരും ബഹുമാനിക്കും എന്നതാണ് എന്റെ ജീവിതാനുഭവം. നമ്മള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതും പ്രധാനമാണ്. കേരളത്തില്‍ എന്തു ചടങ്ങിന് പോയാലും ആണുങ്ങളും പെണ്ണുങ്ങളും മാറിയിരിക്കുന്നത് കാണാം. അതെന്താ, പെണ്ണുങ്ങള്‍ സംസാരിക്കുന്നത് ആണുങ്ങള്‍ കേട്ടുകൂടെ? മറ്റു നാടുകളില്‍ ഇങ്ങനെയൊരു വിഭജനം കാണാറുള്ളത് വളരെ ഉള്‍നാട്ടിലുള്ള ഗ്രാമങ്ങളിലാണ്. സ്ത്രീകള്‍ എന്ന നിലയില്‍ നമ്മുടെ മനഃസ്ഥിതി മാറണം. സ്ത്രീകള്‍ വളരെ പവര്‍ഫുള്‍ ആണ്. ഏതുതരം സിറ്റ്വേഷനും അവര്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ പറ്റും. ഷൂട്ടിങ്ങിനിടയിലായാലും ഞാനങ്ങനെ മാറി സ്ത്രീകളുടെ കൂടെ മാത്രമേ ഇരിക്കൂ എന്നൊന്നും കരുതില്ല. എല്ലാവരോടും സംസാരിക്കും. ഒന്നിച്ചിരുന്ന് ഊണ് കഴിക്കും.

സംവിധാനം ഭയങ്കര വെല്ലുവിളികള്‍ നിറഞ്ഞ രംഗമാണ്. ഫുള്‍ ടീമുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കണം. പക്ഷേ, രസമാണ്. ഞാന്‍ ലിഷീ്യ ചെയ്യുന്നു. ഭയങ്കര ആര്‍ട്ടി ആകാതെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പടമെടുക്കണം.

ഇന്നത്തെ നടീനടന്മാരില്‍ ആരെയാണ് അധികം ഇഷ്ടം?

ഇന്നത്തെ നടീനടന്മാരെക്കുറിച്ച് പറയുമ്പോള്‍ എനിക്കേറ്റവും ഇഷ്ടം അവരുടെ കോണ്‍ഫിഡന്‍സ് ആണ്. നിത്യ, റീമ, ശ്വേത-എല്ലാവരും തീരുമാനങ്ങളെടുക്കുന്നത് എത്ര കോണ്‍ഫിഡന്റായാണ്.

മുമ്പ് നായികയായി അഭിനയിച്ച കാലം വെച്ചു നോക്കുമ്പോള്‍ ഇന്ന് മലയാള സിനിമാരംഗത്ത് എന്ത് മാറ്റമാണ് ഫീല്‍ ചെയ്യുന്നത്?

അന്ന് ഞങ്ങള്‍ക്ക് സ്‌ക്രിപ്ട് വായിച്ച് സിനിമയിലഭിനയിക്കണോ എന്ന് തീരുമാനിക്കാനുള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. ഡയറക്ടറോ തിരക്കഥാകൃത്തോ കഥ പറഞ്ഞുതരും. കേട്ടുകഴിഞ്ഞ് രണ്ടു ദിവസംകൊണ്ട് തീരുമാനിക്കാം അഭിനയിക്കണോ വേണ്ടയോ എന്ന്. മണിരത്‌നത്തിന്റെ അഞ്ജലിയാണ് മുഴുവന്‍ സ്‌ക്രിപ്ടും വായിച്ച് ഞാനഭിനയിച്ച ആദ്യ പടം. ഹിന്ദി ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി മുഴുവന്‍ തയ്യാറാക്കിയ സ്‌ക്രിപ്ട് വെച്ചാണ് പടമെടുക്കുന്നത്. മലയാളത്തിലെ പുതിയ ചെറുപ്പക്കാരായ സംവിധായകര്‍ വളരെ പ്രൊഫഷണലാണ്. വളരെയേറെ തയ്യാറെടുപ്പോടെയാണ് ആഷിക് അബുവിനെപ്പോലെയുള്ള സംവിധായകര്‍ പടമെടുക്കാന്‍ തുനിയുന്നത്.


ഞാന്‍ നായികയായിരുന്ന സമയത്ത് സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പാണ് സീന്‍ എഴുതുന്നതുതന്നെ. കഥയുടെ പ്ലോട്ടും ഗതിയും ഒക്കെ സംവിധായകന്റെ തലയിലാണ്. അതും ഗ്രേറ്റ് ടാലന്റ് ആണ്. എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റില്ല.

ദേവാസുരത്തിന് പ്രചോദനമായ മുല്ലശ്ശേരി ദമ്പതികളുമായൊക്കെ ഇപ്പോള്‍ ബന്ധമുണ്ടോ

മുല്ലശ്ശേരിയിലെ രാജഗോപാലന്‍-ലക്ഷ്മി ദമ്പതികളുടെ കഥ അടിസ്ഥാനമാക്കിയാണ് രഞ്ജിത് കഥ എഴുതിയത്. യഥാര്‍ഥ കഥ എന്ന് പറയാന്‍ പറ്റില്ല. നിരവധി മുഹൂര്‍ത്തങ്ങള്‍ രഞ്ജിത്തിന്റെ സൃഷ്ടിയാണ്. രാവണപ്രഭു ചെയ്യുമ്പോളാണ് ഞാനവരെ ആദ്യമായി കാണുന്നത്. സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഞാനും ബേബിച്ചേച്ചിയും (ലക്ഷ്മി) ബന്ധുക്കളാണെന്നറിയുന്നത്.

'ധൂപ്' എന്ന ഹിന്ദി സിനിമ ചെയ്യുമ്പോളാണ് ഞാന്‍ ശരിക്കും റിയല്‍ ലൈഫ് സ്റ്റോറി ചെയ്യുന്നത്. കാര്‍ഗിലില്‍ മരിച്ചുപോയ മകന്റെ അച്ഛനും അമ്മയും ആയി ഞാനും ഓംപുരിയും അഭിനയിച്ചു. മകന്റെ പേരില്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത പെട്രോള്‍ ബങ്ക് കിട്ടാന്‍ വേണ്ടി ബ്യൂറോക്രസിയിലെ അഴിമതിയോട് മല്ലിടേണ്ടി വന്ന ദമ്പതിമാര്‍! ഞാനവരെ ഡല്‍ഹിയില്‍ പോയിക്കണ്ടു. വല്ലാത്തൊരനുഭവമായിരുന്നു അത്.

സമൂഹത്തിന്റെ ഉന്നമനത്തിന് ശ്രമിക്കുന്ന പല സംഘടനകളിലും രേവതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ടല്ലോ

'ആമി്യമി' എന്ന സംഘടന എല്ലാവരും കരുതുന്നപോലെ ഞാന്‍ തുടങ്ങിയതല്ല. വന്ദന, വൈഷ്ണവി എന്നീ രണ്ട് പെണ്‍കുട്ടികളാണ് അനാഥസ്ത്രീകള്‍ക്കുവേണ്ടി Banyan തുടങ്ങിയത്. ഞാനതില്‍ വോളണ്ടിയര്‍ ആയിരുന്നു. ഇപ്പോള്‍ വിട്ടു. ഇപ്പോള്‍ എബിലിറ്റി ഫൗണ്ടേഷനു വേണ്ടിയും കിഡ്‌നി ഫൗണ്ടേഷനു വേണ്ടിയും വര്‍ക്ക് ചെയ്യുന്നുണ്ട്. അംഗവൈകല്യമുള്ള ആള്‍ക്കാരുടെ ആവശ്യങ്ങള്‍ക്കായാണ് എബിലിറ്റി ഫൗണ്ടേഷന്‍. ഡയാലിസിസിന്റെ ചെലവ് താങ്ങാന്‍ പറ്റാത്ത കിഡ്‌നി പേഷ്യന്റ്‌സിന് കുറഞ്ഞ ചെലവില്‍ അതൊരുക്കിക്കൊടുക്കുന്ന ഓര്‍ഗനൈസേഷനാണ് കിഡ്‌നി ഫൗണ്ടേഷന്‍. പിന്നെ 'വിദ്യാസാഗര്‍' എന്ന സ്പാസ്റ്റിക് സ്‌കൂളിന്റെ ബോര്‍ഡ് മെമ്പറാണ്.

കഴിഞ്ഞ 10 വര്‍ഷമായി സിനിമയില്‍ അത്ര ബിസിയല്ലാത്തതുകൊണ്ട് ധാരാളം സമയമുണ്ട്. അത് നന്നായി വിനിയോഗിക്കുന്നു.

സംവിധായികയുടെ കുപ്പായമണിയുമ്പോള്‍ നടീനടന്മാരോട് ഷോട്ട് ശരിയായില്ലെങ്കില്‍ ദേഷ്യം വരാറുണ്ടോ?

ഒട്ടും ഇല്ല. ഒരഭിനേതാവ് എന്ന നിലയില്‍ എനിക്കറിയാം ദേഷ്യപ്പെടുന്നത് അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനെ ബാധിക്കുമെന്ന്. അതുകൊണ്ട് വളരെ വളരെ കൂള്‍ ആണ്!