MATHRUBHUMI RSS
Loading...
ലൗ മാര്യേജോ? എനിക്കു വയ്യ
മധു.കെ.മേനോന്‍

ജീവിതത്തില്‍ തനി മോഡേണായ പത്മപ്രിയ സിനിമയിലും അതുപോലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്...


നമ്മുടെ പെണ്‍കുട്ടികള്‍ അന്യഭാഷാ സിനിമകളിലേക്ക് ചേക്കേറി വിജയം കൊയ്യുന്ന കാലത്താണ് മറുനാട്ടുകാരി പത്മപ്രിയ മലയാള സിനിമയിലേക്ക് വരുന്നത്. 'കാഴ്ച'യായിരുന്നു ആദ്യസിനിമ. നിരവധി മറുനാട്ടുകാരി നായികമാരെ സ്വീകരിച്ചു പരിചയമുള്ള മലയാളികള്‍ക്ക് പത്മപ്രിയ എന്ന തെലുങ്കത്തി പെണ്ണിനെയും ഇഷ്ടമായി.

കഴിഞ്ഞ എട്ടുവര്‍ഷമായി പത്മപ്രിയ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. പക്ഷേ, കരിയറില്‍ തീരെ തൃപ്തയല്ല താനെന്ന് പത്മപ്രിയ പറയുന്നു. പ്രായത്തിനു ചേര്‍ന്ന ഒറ്റ വേഷം പോലും മലയാള സിനിമ നല്‍കിയില്ലെന്ന ദുഃഖം അവര്‍ക്കുണ്ട്.

സിനിമയില്‍നിന്ന് അകലുകയാണോ എന്ന തോന്നലുണ്ടാക്കിയെങ്കിലും 2011-ന്റെ രണ്ടാം പകുതി, നടിയെന്നനിലയില്‍ പത്മപ്രിയയ്ക്ക് ഭാഗ്യമാവുകയാണ്. മലയാളത്തില്‍ ഇവന്‍ മേഘരൂപന്‍, കോബ്ര, മധുര ബസ്, തമിഴില്‍ തങ്കമണി, ബംഗാളിയില്‍ അപരാജിത... 'കോബ്ര'യുടെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തിയ പത്മപ്രിയ 'ഗൃഹലക്ഷ്മി'യോട് മനസ്സ് തുറന്നു.

പത്മപ്രിയ ന്യൂയോര്‍ക്കില്‍ പഠിക്കാന്‍ പോയി എന്നു കേട്ടിരുന്നല്ലോ?

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പഠനത്തിന് എനിക്ക് പ്രവേശനം കിട്ടിയിട്ടുണ്ട്. 2012 ആഗസ്തില്‍ ക്ലാസ് തുടങ്ങും. ലോകപ്രശസ്തരായ ഒരുപാട് ശാസ്ത്രജ്ഞര്‍ പഠിച്ചിറങ്ങിയ യൂണിവേഴ്‌സിറ്റിയാണിത്. അവിടെ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം കിട്ടിയപ്പോള്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല.

സിനിമയെ ബാധിക്കാത്തരീതിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാമെന്ന സൗകര്യമുണ്ട്. ഇവിടുത്തെപ്പോലെ ക്ലാസ്‌റൂം പഠനമല്ല അവിടെ. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോവുന്നതും പോവാതിരിക്കുന്നതുമൊക്കെ നമ്മുടെ ഇഷ്ടം. ഇതു പഠിച്ച് ജോലി അന്വേഷിക്കാനൊന്നും പ്ലാനില്ല. സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍പറ്റുന്ന ഒരു തൊഴില്‍മേഖലയെ പരിചയപ്പെടുക, അത്രയേയുള്ളൂ ഉദ്ദേശ്യം.

ഒരു സിനിമാ നടിക്ക് ഇതിനൊക്കെ എവിടെയാണ് സമയം?

എന്നെ സംബന്ധിച്ച് 24 മണിക്കൂര്‍ കൂടുതലാണ്. ജോലി, വിശ്രമം, വ്യായാമം, ആഘോഷം ഇതിനൊക്കെ ഈ സമയം ധാരാളം മതി. പിന്നെ ബ്ലോഗെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കെന്നും പറഞ്ഞ് കമ്പ്യൂട്ടറിനു മുന്നില്‍ ഞാന്‍ സമയം വേസ്റ്റാക്കാറില്ല. മൊബൈല്‍ഫോണ്‍പോലും മിതമായേ ഉപയോഗിക്കാറുള്ളൂ.

നടിയായശേഷം ഞാനൊരു കോഴ്‌സിനു ചേരുന്നത് ആദ്യമായിട്ടല്ല. 'പഴശ്ശിരാജ' ചെയ്യുന്ന സമയത്ത് എന്‍വയോണ്‍മെന്റല്‍ ലോയില്‍ പി.ജി.ക്ക് ചേര്‍ന്നു. സിനിമ റിലീസാകുമ്പോഴേക്കും ആ കോഴ്‌സ് ഞാന്‍ പാസായി. പിന്നീടൊരിക്കല്‍ സോഷ്യല്‍ എന്റര്‍പ്രണേഴ്‌സ് സ്‌കോളര്‍ഷിപ്പ് നേടി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നാലുദിവസത്തെ ക്ലാസ.് 15 രാജ്യങ്ങളില്‍നിന്നുള്ള പതിനഞ്ചു പേര്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്പ്. മനോഹരമായ അനുഭവമായിരുന്നു അത്. വ്യത്യസ്ത ആശയങ്ങള്‍, ചിന്തകള്‍... എന്റെ ജീവിതത്തില്‍തന്നെ ഒരുപാട് മാറ്റങ്ങളാണ് ആ ദിവസങ്ങളില്‍ സംഭവിച്ചത്. അതേ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കണമെന്ന് മോഹമുണ്ടാവുന്നത് അങ്ങനെയാണ്.

പത്മപ്രിയയ്ക്ക് വളരെ മുതിര്‍ന്ന സ്ത്രീയുടെ ഇമേജാണ്?

'കാഴ്ച' ചെയ്യുമ്പോള്‍ എനിക്ക് 20 വയസ്സാണ്. അതില്‍ അമ്മവേഷമായിരുന്നു. പിന്നീട് തേടിവന്നത് മുഴുവന്‍ അമ്മവേഷങ്ങളും മുതിര്‍ന്ന വേഷങ്ങളും. 'പഴശ്ശിരാജ' കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചു. പ്രേക്ഷകര്‍ക്കിടയിലെ എന്റെ ഇമേജൊന്നു മാറ്റണം, അല്പം ഗ്ലാമറസ്സായ ഒരു കോളേജ്കുമാരിയുടെ വേഷം ചെയ്യണം എന്ന്. പതിനൊന്നു മാസം കാത്തിരുന്നു. എന്നിട്ടും 'സീനിയേഴ്‌സില്‍' പ്രായമുള്ള കഥാപാത്രം തന്നെ ചെയ്യേണ്ടിവന്നു.

അമ്മവേഷങ്ങളില്‍ വീര്‍പ്പുമുട്ടുന്നുണ്ട് അല്ലേ?

തീര്‍ച്ചയായും. 10 കൊല്ലം കഴിഞ്ഞ് ചെയ്യേണ്ട കഥാപാത്രങ്ങളാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അതെനിക്ക് 10 വര്‍ഷം കഴിഞ്ഞും ചെയ്യാം. പക്ഷേ, ഇന്നത്തെ പ്രായത്തിലുള്ള കഥാപാത്രങ്ങളെ ഇന്നല്ലേ ചെയ്യാന്‍ പറ്റൂ. 'നിങ്ങള്‍ അമ്മവേഷം ചെയ്ത നടിയാണ്, നിങ്ങള്‍ക്ക് കോളേജ് ഗേള്‍ ആകാന്‍പറ്റില്ല' എന്നു പറയുന്നത് കഷ്ടമാണ്. എന്റെ സമപ്രായക്കാരായ നടികള്‍ മിനി സ്‌കര്‍ട്ടൊക്കെയിട്ട് അഭിനയിക്കുന്നു. ഞാന്‍ മാത്രം അമ്മ റോളില്‍. വല്ലാത്ത വേദനയാണത്.

സിനിമയില്‍ മേഡേണ്‍ അല്ലാത്ത പത്മപ്രിയ പുറത്ത് എങ്ങനെയാണ്?

യാത്രകളിലും പാര്‍ട്ടികള്‍ക്കുമൊക്കെ ഞാന്‍ വളരെ മേഡേണ്‍ ആയേ വസ്ത്രം ധരിക്കാറുള്ളൂ. സാരി എനിക്ക് തീരെ കംഫര്‍ട്ട് ആയി തോന്നാറില്ല. വീട്ടിലാണെങ്കില്‍ ചെറിയ സ്‌കേര്‍ട്ടും സ്‌പോര്‍ട്‌സ് ബ്രായുമായിരിക്കും മിക്കപ്പോഴും വേഷം.

മലയാള സിനിമയില്‍ നടിമാര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ല എന്നു തോന്നിയിട്ടുണ്ടോ?

20-25 ഏജ് ഗ്രൂപ്പിലുള്ള സ്ത്രീകള്‍, അവരാണ് ഇന്നത്തെ പെണ്ണുങ്ങള്‍. പക്ഷേ, അവരുടെ തലമുറയില്‍ സംഭവിക്കുന്ന കാര്യങ്ങളൊന്നും എഴുതാന്‍ ഇവിടെ ആരുമില്ല. ഇന്നത്തെ പല സിനിമകളിലും സ്ത്രീകളെ അഭിനയിപ്പിക്കുന്നത് സെക്‌സ് മാര്‍ക്കറ്റ്‌ചെയ്യാന്‍ വേണ്ടി മാത്രമാണ്.

മുന്‍പ് സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. 'പഞ്ചാഗ്നി' പോലൊരു സിനിമ ഇന്നെടുത്താല്‍ കാണാന്‍ ആളെ കിട്ടില്ല.

മലയാളിയോട് ആരാണ് ഇഷ്ടപ്പെട്ട നടിയെന്നു ചോദിച്ചാല്‍ ഉടനെ വരും മറുപടി, 'മഞ്ജു വാര്യര്‍, ഉര്‍വശി, ശോഭന'. എന്താ കാവ്യയും ഭാവനയും നന്ദിതാദാസുമൊന്നും മികച്ചവരല്ലേ? നിങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കൂ. ഇന്നത്തെ നടിമാരും മികച്ച കഥാപാത്രങ്ങളെ നല്‍കും. അല്ല, ഇത്ര മതി ഇവരുടെയൊക്കെ അഭിനയം എന്ന മട്ടിലാണ് സമീപിക്കുന്നത് എങ്കില്‍ അവരും കരുതും കുറച്ചു കാശുണ്ടാക്കി ഇങ്ങനെയൊക്കെയങ്ങ് പോയാല്‍ മതിയെന്ന്.

പത്മപ്രിയ തിരക്കഥയെക്കുറിച്ച്‌സംശയം ചോദിക്കുകയും വഴക്കടിക്കുകയും ചെയ്യുന്നുവെന്ന് പൊതുവെ പരാതിയുണ്ടല്ലോ?

തിരക്കഥ വായിച്ചുകേള്‍ക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. അതു തെറ്റാണെന്ന് എനിക്കുതോന്നിയിട്ടില്ല. എത്ര വര്‍ഷമെടുത്ത് എഴുതിയ തിരക്കഥയാണെങ്കിലും അവസാനം അഭിനേതാക്കളിലൂടെയാണ് സിനിമയെ വിലയിരുത്തുന്നത്. തിരക്കഥാകൃത്തിനെ ആരും കുറ്റംപറയില്ല. പത്മപ്രിയ ആ കഥാപാത്രം ബോറാക്കി എന്നേ പറയൂ.

നടന്മാര്‍ തിരക്കഥ കേള്‍ക്കണമെന്നു പറഞ്ഞാല്‍ നീതി. നടികള്‍ തിരക്കഥ കേള്‍ക്കണമെന്ന് ആഗ്രഹിച്ചാല്‍ അഹങ്കാരം എന്നാണോ?

മറ്റെല്ലായിടത്തുമുള്ളതുപോലെ പുരുഷമേധാവിത്വം സിനിമയിലുമുണ്ട്. നടന്മാര്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ പത്തിലൊന്നുപോലും നടിമാര്‍ക്കില്ല. ഞാന്‍ 10 ശതമാനം മുഖത്തു നോക്കി ചോദിക്കും. ഇപ്പോള്‍ വന്ന പുതിയ കുട്ടികളില്‍ പലര്‍ക്കും രണ്ടുശതമാനമൊക്കെയാണ് കിട്ടുന്നത്. പടം ഹിറ്റായാല്‍ നായകന് 200 ശതമാനം പ്രതിഫലം കൂടുതല്‍ കിട്ടും. നായികയ്ക്ക് പറഞ്ഞ പ്രതിഫലംപോലും തരാതെ ബാര്‍ഗെയ്‌നിങ്ങാണ്. ഒടുവില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലേക്ക് നിര്‍മാതാവ് പരാതിയും അയയ്ക്കും. നായിക പ്രതിഫലം കൂടുതല്‍ ചോദിച്ചെന്ന്.

സെറ്റുകളില്‍ അച്ഛനമ്മമാരെ കൂട്ടി വരുന്നവരാണ് മലയാളത്തിലെ മിക്ക നടിമാരും. പത്മപ്രിയ പക്ഷേ, അങ്ങനെയല്ല!

മറ്റു തൊഴില്‍മേഖലയുമായി സിനിമയെ താരതമ്യംചെയ്യാന്‍ പറ്റില്ല. ഇപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലൊക്കെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ സേഫ്റ്റി ഗാര്‍ഡ്‌സുണ്ട്, ബോസിന്റെയോ സഹപ്രവര്‍ത്തകന്റെയോ കൊള്ളരുതായ്മകള്‍ക്ക് ഇരയായാല്‍ പരാതിപ്പെടാന്‍ ഓംബുഡ്‌സ് പേഴ്‌സനുണ്ട്. കുഞ്ഞുങ്ങളെ നോക്കാന്‍ ക്രഷുണ്ട്. ജോലിയില്‍ രണ്ടുവര്‍ഷം പ്രസവാവധിയുണ്ട്. ഇങ്ങനെയുള്ള യാതൊരു സിസ്റ്റവും സിനിമയിലില്ല. എല്ലാ കാര്യങ്ങളും നടിമാര്‍ സ്വയം നോക്കണം. ഇങ്ങനെയൊരു സാഹചര്യത്തില്‍ അച്ഛനമ്മമാരെ കൂടെ കൂട്ടുന്നതില്‍ എങ്ങനെ തെറ്റുപറയാന്‍ കഴിയും?

ഔട്ട് ഡോര്‍ ഷൂട്ടിങ്ങാണെങ്കില്‍ ഒന്ന് ബാത്ത്‌റൂമില്‍ പോകേണ്ടിവന്നാലുള്ള അവസ്ഥ ഞങ്ങള്‍ നടിമാര്‍ക്കേ അറിയൂ. ആരോട് ചോദിക്കാന്‍? ആരോട് പരാതിപ്പെടാന്‍? ചോദിച്ചാല്‍ പറയും അവിടെയെങ്ങാനും പൊയ്‌ക്കോ എന്ന്.

എന്നെ സംബന്ധിച്ച് എന്റെ സെക്യൂരിറ്റി നോക്കാന്‍ എനിക്കറിയാം. പിന്നെ ആകെയുള്ള പ്രശ്‌നം ബാത്ത്‌റൂമില്‍ പോകേണ്ടി വരുമ്പോഴാണ്. ആദ്യമൊക്കെ ഇത് വലിയ തലവേദനയായിരുന്നു. ഇപ്പോള്‍ ബാത്ത്‌റൂമില്‍ പോകണമെന്നു തോന്നിയാല്‍ ഞാന്‍ കണ്ടിടത്ത് കയറും. അത് ലേഡീസ് ഓണ്‍ലിതന്നെയല്ലേ എന്നൊന്നും നോക്കാറില്ല. മറ്റുള്ളവര്‍ കണ്ടോ... കണ്ടോട്ടെ... എന്റെ മാനത്തിന് ഇത്രയൊക്കെ മതി വില എന്നു കരുതുന്ന ഒരു ഫീല്‍ഡിലാണ് ഞാന്‍ തൊഴില്‍ ചെയ്യുന്നത്. പിന്നെ എന്തു ചെയ്യാന്‍ പറ്റും?

മലയാള സിനിമയില്‍ ആദ്യമായി മാനേജരെ വെച്ച നടിയാണ് പത്മപ്രിയ?

എല്ലാ നടിമാരുടെയും പ്രതിഫലം ഫിക്‌സ് ചെയ്യുന്നതും ചോദിച്ചു വാങ്ങുന്നതും അച്ഛനോ അമ്മയോ ആണ്.എനിക്കൊപ്പം അവര്‍ വരുന്നില്ല. അപ്പോള്‍ ഈ കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാള്‍ വേണം. വിവേക് എന്റെ മാനേജര്‍ മാത്രമല്ല കുടുംബസുഹൃത്തുകൂടിയാണ്. എല്ലാ കാര്യങ്ങളും ഒരു നടിക്ക് നേരിട്ട് നിര്‍മാതാവിനോട് സംസാരിക്കാന്‍ പറ്റില്ല. പ്രതിഫലം ചോദിച്ച് വാങ്ങുന്നതിനൊക്കെ ഒരു ആണ്‍തുണ എപ്പോഴും നല്ലതാണ്.

പത്മപ്രിയയുടെ ഈ ഒറ്റയ്ക്കുള്ള സഞ്ചാരം അച്ഛനെയും അമ്മയെയും ദേഷ്യം പിടിപ്പിക്കാറില്ലേ?

അച്ഛന്‍ ജാനകീരാമന്‍ ആര്‍മിയില്‍ ബ്രിഗേഡിയറായിരുന്നു. അമ്മ വിജയലക്ഷ്മി. ചേട്ടന്‍ പ്രഭാകര്‍. അച്ഛന്‍ ആര്‍മിയിലായിരുന്നതുകൊണ്ട് അച്ഛന്റെ ട്രാന്‍സ്ഫറുകള്‍ക്കനുസരിച്ച് ഒരു നാട്ടില്‍നിന്ന് മറ്റൊരു നാട്ടിലേക്ക് മാറിമാറി താമസിക്കുകയായിരുന്നു ഞങ്ങളുടെ കുടുംബം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊഴിച്ച് ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഞാന്‍ പഠിച്ചിട്ടുണ്ട്. പത്താംക്ലാസുവരെയുള്ള പഠനകാലത്ത് 13 സ്‌കൂളില്‍ പഠിച്ചു. ഇതുവഴി ഒരുപാട് ആള്‍ക്കാരുമായി സംസാരിക്കാനും വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കാനും പറ്റി. എന്നെ സംബന്ധിച്ച് ഒറ്റയ്ക്കുള്ള യാത്രകള്‍ പ്രശ്‌നമായി തോന്നാത്തത് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്.

ബ്രിഗേഡിയര്‍ ആണെന്നു കരുതി അച്ഛന്‍ എന്നെയും ചേട്ടനെയും പട്ടാളച്ചിട്ടയിലൊന്നുമല്ല വളര്‍ത്തിയത്. ജീവിതത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പംതൊട്ടേ അച്ഛനെനിക്ക് തന്നിട്ടുണ്ട്.

എം.ബി.എ കഴിഞ്ഞ് ബാംഗ്ലൂരില്‍ കോര്‍പ്പറേറ്റ് മേഖലയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്തുകൊണ്ടിരിക്കെയാണ് ഞാന്‍ സിനിമയില്‍ വരുന്നത്. അച്ഛനും അമ്മയ്ക്കും തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല അത്. എന്റെ സംതൃപ്തിയാണ് വലുത് എന്ന കാരണംകൊണ്ടു മാത്രമാണ് അച്ഛന്‍ എതിരൊന്നും പറയാതിരുന്നത്. ''ഉള്ള ജോലി കളഞ്ഞ് എന്തിനാ ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുന്നത്'' എന്നാണ് അമ്മ ചോദിച്ചത്. ഇപ്പോള്‍ ഇത്രയുംകാലം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ഇന്നുവരെ എന്റെ ഒരു സിനിമപോലും അമ്മ കണ്ടിട്ടില്ല. അച്ഛന്‍ ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ, നന്നായി എന്നോ മോശമായി എന്നോ ഇതുവരെ പറഞ്ഞിട്ടില്ല.

കല്യാണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ?

തീര്‍ച്ചയായും കല്യാണം കഴിക്കണം. കുട്ടികളും വേണം. 18 വയസ്സു തൊട്ടേ ഞാന്‍ കല്യാണത്തിന് റെഡിയാണ്. പക്ഷേ, നല്ലൊരു ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടവരെല്ലാം പ്രത്യേക ലക്ഷ്യങ്ങള്‍ മനസ്സിലിട്ടു വന്നവരാണ്. ഒരാള്‍ക്ക് എന്റെ ബാങ്ക് ബാലന്‍സ് എത്രയുണ്ടെന്നറിയണം. മറ്റൊരാള്‍ക്ക് ഞാന്‍ അയാളുടെ രണ്ടു കുട്ടികളുടെ അമ്മയാകണം എന്ന ആഗ്രഹമേയുള്ളൂ. അവരോടൊക്കെ ചിരിച്ചുകൊണ്ട് സലാം പറഞ്ഞു. ഇന്നത്തെ അവസ്ഥയില്‍ ലൗ മാര്യേജ് എനിക്കു പറ്റില്ല. കാരണം ഞാന്‍ ജോലിയില്‍ അത്രയ്ക്ക് ഫോക്കസ്ഡ് ആണ്.

ലിവിങ് ടുഗെതര്‍ പോലുള്ള രീതിയൊക്കെ ഉണ്ടല്ലോ?

എനിക്കതിനോട് യോജിപ്പില്ല. ലിവിങ് റിലേഷന്‍ഷിപ്പില്‍ ജീവിതം ഭയങ്കര പ്രെഷറായിപ്പോകും. ഇന്‍സെക്യൂരിറ്റിയാണ് ദോഷം. നിയമസാധുതയില്ലാത്ത ബന്ധത്തില്‍ നഷ്ടം സ്ത്രീക്കു മാത്രമായിരിക്കും. കല്യാണമെന്നത് എല്ലാം കൊണ്ടും മനോഹരമായ സങ്കല്പമാണ്. അങ്ങനെയൊരു സാധനം നാട്ടിലുണ്ടായിട്ട് അതിന്റെ ടേസ്റ്റ് അറിഞ്ഞില്ലെങ്കില്‍ പെണ്ണെന്നു പറഞ്ഞിരുന്നിട്ട് എന്തു കാര്യം?

സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍?

സിനിമയില്‍ എനിക്ക് സൗഹൃദങ്ങള്‍ കുറവാണ്. തമിഴ് സിനിമയിലെ രണ്ടു സംവിധായകര്‍ എന്റെ അടുത്ത സുഹൃത്തുക്കളാണ്. വ്യക്തിപരമായ കാര്യങ്ങള്‍പോലും തുറന്നുസംസാരിക്കാന്‍ പറ്റിയ മറ്റൊരു സൗഹൃദം കൂടി എനിക്ക് സിനിമയിലുണ്ട്. പക്ഷേ, ഈ പറഞ്ഞവരുടെയൊന്നും പേര് പുറത്തുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല.

സമ്പാദ്യമൊക്കെ എന്തു ചെയ്യുന്നു?

കാര്യമായ സമ്പാദ്യമൊന്നുമില്ല. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിന്റെ ജോലിയായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ സമ്പാദ്യമുണ്ടാകുമായിരുന്നു. ഇപ്പോഴും എനിക്ക് സ്വന്തമായി വീടില്ല, വാഹനമില്ല.

ബാംഗ്ലൂരില്‍ പോയാല്‍ ഇപ്പോഴും ഞാന്‍ കൂട്ടുകാരുടെ വീടുകളിലാണ് താമസിക്കുക. സ്വന്തമായി ഒരു വീടു വേണം എന്നൊരു തോന്നല്‍ എനിക്കുണ്ടായിട്ടില്ല. സെക്കന്തരാബാദില്‍ ഞങ്ങള്‍ക്കൊരു മൂന്നുനില വീടുണ്ട്, അച്ഛന്‍ ഉണ്ടാക്കിയത്. അച്ഛന്‍ വാങ്ങിയ കാറുമുണ്ട്. അതില്‍ കൂടുതലൊന്നും എനിക്കിപ്പോള്‍ ആവശ്യമില്ല. മ്യൂച്ചല്‍ ഫണ്ടിലും ഷെയറിലും അല്പം നിക്ഷേപം നടത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ താത്പര്യം തോന്നിയിട്ടില്ല. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ബിസിനസ്സാണ് റിയല്‍ എസ്റ്റേറ്റ്.

നാളെയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍?

(ചിരിക്കുന്നു) ഞാന്‍ സ്വപ്‌നം കണ്ടതൊന്നുമല്ല ജീവിതത്തില്‍ ഇതുവരെ സംഭവിച്ചത്. അതുകൊണ്ട് സ്വപ്‌നം കണ്ടത് ഞാനിപ്പോള്‍ ആരോടും പറയാറില്ല. എങ്കിലും എന്റെ ഉള്ളിലുമുണ്ട് ഒരു മോഹം. 50 വയസ്സുവരെ സിനിമയിലുണ്ടാകണം. അതു കഴിഞ്ഞ് ചോക്ലേറ്റ് വില്ക്കുന്ന കട തുടങ്ങണം. ഒരു നൃത്തവിദ്യാലയവും.