MATHRUBHUMI RSS
Loading...
മല്ലികപ്പൂവേ...
റീഷ്മ ദാമോദര്‍

ഒരു പേരുമാറ്റം ഭാഗ്യം കൊണ്ടുവന്ന കഥ...


റീജയെന്ന തൃശ്ശൂര്‍ക്കാരി പെണ്‍കുട്ടി. എന്‍ജിനീയര്‍ ആവണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്‌നം. പക്ഷെ എത്തിയത് സിനിമയുടെ മാസ്മരികലോകത്ത്. കുറഞ്ഞകാലം കൊണ്ട് കോളിവുഡില്‍ ശ്രദ്ധേയയായിക്കഴിഞ്ഞു ഈ യുവതാരം.

റീജയെന്ന തൃശൂര്‍ക്കാരിയെങ്ങനെ മല്ലികയായി?

'ഓട്ടോഗ്രാഫി'ല്‍ അഭിനയിക്കുന്ന സമയത്താണ് പേര് മാറ്റിയത്...അവിടെവെച്ച് സംവിധായകന്‍ ചേരനാണ് എന്നോട് പറഞ്ഞത്, 'റീജ എന്ന പേരും വെച്ച് തമിഴ് സിനിമയില്‍ അധികം പടങ്ങളൊന്നും കിട്ടില്ല. പേരൊന്ന് മാറ്റിക്കൂടെയെന്ന്'. കമല, മല്ലിക എന്നീ രണ്ട് പേരുകള്‍ സജസ്റ്റ് ചെയ്തു അദ്ദേഹം. എന്റെ ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേര് 'മല്ലിക'യെന്നായിരുന്നു. 'ഓട്ടോഗ്രാഫി'ലെ കഥാപാത്രത്തിന്റെ പേര് കമലയെന്നും. ഒടുവില്‍ മമ്മിയാണ് മല്ലിക മതിയെന്ന് തീരുമാനിച്ചത്.

എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്?

'നിഴല്‍ക്കുത്തി'ലേക്ക് ആളെ വിളിച്ചുകൊണ്ടുള്ള പരസ്യം പത്രത്തില്‍ കണ്ടു. അങ്ങനെയാണ്‌ഫോട്ടോയും ബയോഡാറ്റയും അയയ്ക്കുന്നത്. ഒടുവില്‍ ഇന്റര്‍വ്യൂവിനു വിളിച്ചു. അവിടെ ചെന്നപ്പഴാ രസം. നല്ല മോഡേണ്‍ ഡ്രസ്സൊക്കെയിട്ട് മുടി സ്റ്റെപ്കട്ട് അടിച്ച കുറേ പെണ്‍കുട്ടികള്‍. ഞാനാണെങ്കില്‍ മുടിയൊക്കെ നീട്ടി വളര്‍ത്തി, ഒരു നാട്ടിന്‍പുറത്തെ പെണ്ണിനെപ്പോലെ. അവിടെയുള്ളവരെ കണ്ടതോടെ മമ്മി പറഞ്ഞു, 'നമുക്ക് തിരിച്ചുപോവാമെന്ന്'. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. 'ഇവിടം വരെ വന്നതല്ലേ? എന്തായാലും ഒരു കൈ നോക്കാം'.

ഗോപാലകൃഷ്ണന്‍ സാറുമുണ്ടായിരുന്നു അവിടെ. 'എന്തിനാ മുടി നീട്ടി വളര്‍ത്തിയത്' എന്നുമാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ. ഞാന്‍ പറഞ്ഞു, 'മുടി മുറിക്കുന്നത് മമ്മിക്കിഷ്ടമില്ലെന്ന്'. ഞാനെന്തൊക്കെയോ അങ്ങോട്ടുകയറി സംസാരിച്ചു. തിരിച്ചുപോരുമ്പോള്‍, 'പിന്നീട് അറിയിക്കാമെന്നാ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞപ്പോഴുണ്ടൊരു ഫോണ്‍, എനിക്ക് സെലക്ഷന്‍ കിട്ടിയെന്നും പറഞ്ഞ്. അങ്ങനെയാണ് 'നിഴല്‍ക്കുത്തി'ല്‍ അഭിനയിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്റെ മോളായിട്ടാണ് അഭിനയിച്ചത്. മല്ലിക എന്ന കഥാപാത്രം.

അഭിനയത്തോടുള്ള ഇഷ്ടമാണോ സിനിമയിലെത്തിച്ചത്?

ഹേയ് ഒരിക്കലുമല്ല. എന്റെ പപ്പയുടെയും മമ്മിയുടെയും ആഗ്രഹമായിരുന്നു, ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന്. എന്റെ ചേച്ചിയും അനിയത്തിയും നല്ല സ്മാര്‍ട്ടാണ്. പാട്ടാണെങ്കിലും ഡാന്‍സാണെങ്കിലും ഒക്കെ അവര്‍ റെഡി. ഞാനാണെങ്കില്‍ ഒരു കുഴിമടിച്ചിയും. ചേച്ചി റോഷ്‌നി കുറേ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നെയ്ത്തുകാരന്‍, ജോക്കര്‍, മലയാളി മാമന് വണക്കം തുടങ്ങിയ സിനിമകളില്‍.

ചേച്ചിയെ ലൊക്കേഷനില്‍ നിന്നും കൊണ്ടുവിടാന്‍ വരുന്നവരോട് മമ്മി പറയുമായിരുന്നു, 'ദേ, ഇവള്‍ക്ക് പറ്റിയ റോള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പറയണേ' എന്ന്. മമ്മീടെ ആഗ്രഹം കണ്ടപ്പോ ഞാന്‍ മനസ്സിലുറപ്പിച്ചു.ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന്.

നിഴല്‍ക്കുത്തിലേക്ക് ഇന്റര്‍വ്യൂ കഴിഞ്ഞു നില്‍ക്കുന്ന സമയം. ചേച്ചി 'മലയാളിമാമന് വണക്കം' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം ഞാനും ലൊക്കേഷനില്‍ ചെന്നു. രാജസേനന്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, 'ഒന്നു അടൂര്‍സാറിനോട് റെക്കമെന്റ് ചെയ്യാമോ'. അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'അയ്യോ, അടൂര്‍സാറിന്റെയടുത്തോ? അതിഷ്ടമാവില്ല. റീജ പേടിക്കേണ്ട. എന്തായാലും സെലക്ഷന്‍ കിട്ടുമെന്ന്'.

മലയാളത്തില്‍ തുടക്കം. പിന്നീട്, ഇവിടെ കണ്ടതേയില്ല?

പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത 'നേര്‍ക്കുനേര്‍' എന്നൊരു പടവും ചെയ്തു. മമ്മിയുടെ ആഗ്രഹം സാധിച്ചു. ഇനി പഠിത്തം മാത്രം എന്നു കരുതിയിരിക്കുകയായിരുന്നു. ഞാന്‍ ഒമ്പതിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് 'ഓട്ടോഗ്രാഫി'ലേക്ക് ഓഫര്‍ വരുന്നത്. ഞങ്ങള്‍ 'നോ' പറഞ്ഞു. ഒടുവില്‍ ചേരന്‍ സാര്‍ നടി ഗോപികയെ കാണാന്‍ വന്നപ്പോള്‍ തൃശൂരിലെ എന്റെ വീട്ടിലും വന്നു, 'എന്തായാലും അഭിനയിക്കണമെന്നും പറഞ്ഞ്'. അങ്ങനെ 'ഓട്ടോഗ്രാഫി'ലും അഭിനയിച്ചു. പിന്നീടും, തമിഴിലേക്ക് കുറേ ഓഫറുകള്‍ വന്നു. പക്ഷേ, വീട്ടുകാര്‍ പറഞ്ഞു, 'ഇനി മതി. ആദ്യം പഠിത്ത' മെന്ന്. അങ്ങനെ പത്ത് കഴിയുന്നതുവരെ മാറി നിന്നു. പിന്നെയും, ഓഫറുകള്‍ വന്നത് തമിഴ് സിനിമയില്‍ നിന്നായിരുന്നു. 'ഓട്ടോഗ്രാഫി'ലെ കമല എന്ന കഥാപാത്രം ക്ലിക്ക് ചെയ്തിരുന്നു. അതിനുശേഷം വിജയ്, അജിത്, പാര്‍ത്ഥിപന്‍, സത്യരാജ്, ജയംരവി, ശരത്കുമാര്‍ തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിച്ചു.

എന്തേ മലയാളസിനിമയില്‍ നിന്നും ഓഫറുകള്‍ കുറഞ്ഞത്?

സിനിമാരംഗത്ത് വിജയിക്കണമെങ്കില്‍, എപ്പോഴും ഇവിടെയുള്ളവരുമായി കോണ്‍ടാക്ട് ഉണ്ടാവണം. എന്തോ, അത്ര നല്ലൊരു ശീലം എന്റെ ജീവിതത്തിലില്ല. 'അവരെ എന്തിനാ വിളിച്ച് ശല്യം ചെയ്യുന്നെ' എന്നൊക്കെ കരുതിയിട്ടാ.

ഫോണ്‍ നമ്പര്‍ മാറ്റുമ്പോള്‍ പോലും ഞാനാരോടും പറയാറില്ല. അടൂര്‍ സാറിന്റെ 'നാല് പെണ്ണുങ്ങള്‍' ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു, 'മല്ലികയുടെ നമ്പര്‍ മിസായതുകൊണ്ടാണ്. അല്ലെങ്കില്‍ 'നാല് പെണ്ണുങ്ങളി'ല്‍ മല്ലികയ്ക്കും ഒരു റോള്‍ കിട്ടിയേനെ'യെന്ന്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടും എന്നോട് പറഞ്ഞു, 'മല്ലിക ചെന്നൈയില്‍ത്തന്നെ സെറ്റില്‍ ചെയ്തിരിക്കുകയാ. അതുകൊണ്ട് മലയാളം സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ല എന്നൊക്കെയാണ് കരുതിയത്'. പലരും അതുകൊണ്ടാവാം എന്നെ വിളിക്കാതിരുന്നത്.
കുറേ മുമ്പ് സംവിധായകന്‍ സിദ്ദിഖിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, 'എന്റെ അടുത്ത പടത്തില്‍ മല്ലികയ്ക്ക് ഒരു റോളുണ്ട്. പക്ഷേ, ഇടയ്‌ക്കെന്നെ ഒന്നു വിളിച്ച് ഓര്‍മ്മിപ്പിക്കണമെന്ന്'. പക്ഷേ ഞാന്‍ ഭയങ്കര മടിച്ചിയായതുകൊണ്ട് അങ്ങനെയൊന്നും ചെയ്തില്ല. അപ്പോഴാണ് അദ്ദേഹത്തിന്റെ 'ബോഡിഗാര്‍ഡ്' ഷൂട്ടിങ് തുടങ്ങിയത്. അപ്പോ കൂട്ടുകാരൊക്കെ പറഞ്ഞു, 'എന്തായാലും അദ്ദേഹത്തെ ഒന്നു വിളിക്കാന്‍. ഒടുവില്‍ ഞാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഒരാഴ്ച മുമ്പൊന്ന് വിളിച്ചുകൂടായിരുന്നോ മല്ലികയ്ക്ക്?'

മലയാള സിനിമാലോകം പോലെത്തന്നെയാണോ കോളിവുഡും?

തമിഴില്‍ പക്കാ പ്രൊഫഷണല്‍ ആണ്. ഒരു മാനേജര്‍ എന്തായാലും വേണം. നമ്മളാരോടും ഡയറക്ടായി സംസാരിക്കില്ല. ഇന്റര്‍വ്യൂ, ഡേറ്റ് കൊടുക്കല്‍ എല്ലാം മാനേജരാണ് ഡീല്‍ ചെയ്യുന്നത്. ടേക്കിനുള്ള സമയം ആവുമ്പോള്‍ പോയി അഭിനയിച്ചാല്‍ മാത്രം മതി.

എന്നാല്‍, ഇവിടെ ശരിക്കും ഒരു കൂട്ടുകുടുംബം പോലെയാണ്. ഫുള്‍ടൈം കോമഡിയൊക്കെ പറഞ്ഞ്. ദിലീപേട്ടനൊക്കെ സെറ്റിലുണ്ടെങ്കില്‍ പറയുകയും വേണ്ട.

പുതിയ പടങ്ങള്‍ ഏതൊക്കെയാണ്?

അടുത്ത് ഇറങ്ങുന്നത് കൊരട്ടി പട്ടണം റെയില്‍വേഗേറ്റ്, പ്രിയപ്പെട്ട നാട്ടുകാരെ എന്നീ രണ്ട് പടങ്ങള്‍. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് രഞ്ജിത്ത് സാറിന്റെ ഇന്ത്യന്‍ റുപ്പി, മിസ്റ്റര്‍ മുരുകന്‍ എന്നീ ചിത്രങ്ങളിലും. പിന്നെ, സത്യന്‍ അന്തിക്കാട് സാറിന്റെ പുതിയ പടവും.

വീട്ടിലെ വിശേഷങ്ങളെന്തൊക്കെയാണ്?

ഞങ്ങള്‍ മൂന്നു മക്കളാണ്. ചേച്ചി റോഷ്‌നി കല്യാണമൊക്കെ കഴിഞ്ഞ്, ഇപ്പോള്‍ ഇറ്റലിയിലാണ്. ഒരു മോനുണ്ട്, എഫ്രൈന്‍. അനിയത്തി റിങ്കു പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുന്നു. പിന്നെ, മമ്മിയും. എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് പപ്പയായിരുന്നു. ഞാന്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാ, ഒരപകടത്തില്‍ പപ്പ മരിക്കുന്നത്.