MATHRUBHUMI RSS
Loading...
ശരിക്കും, ആ നിമിഷം എപ്പോഴായിരുന്നു
മധു.കെ.മേനോന്‍

തുടര്‍ച്ചയായ വിജയങ്ങള്‍ ബിജു മേനോന്‍ എന്ന നടനെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാര്യ സംയുക്ത...ബിജുവും സംയുക്തയും ഗൃഹലക്ഷ്മിയുടെ വിഷുപ്പതിപ്പിന് കവറാകുന്നത് നന്നായിരിക്കും', പ്രതീക്ഷയോടെ ഞങ്ങള്‍ ബിജുവിനെ വിളിച്ചു. 'ആവാമല്ലോ', ആവേശത്തോടെയുള്ള മറുപടി. സിനിമയിലെ സമീപകാല വിജയങ്ങളില്‍ സന്തോഷവാനായിരുന്നു ബിജു മേനോന്‍.
'സീനിയേഴ്‌സി'ന്റെ ഷൂട്ടിന് രണ്ടാഴ്ചയായി ബിജു എറണാകുളത്തുണ്ട്. 'എറണാകുളത്തുവെച്ചാകാം ഷൂട്ട്', ബിജുവിന്റെ സൗകര്യം അതായിരുന്നു. സംയുക്തയേയും മകന്‍ ദക്ഷിനേയും എറണാകുളത്ത് കൊണ്ടുവരണം.

തൃശ്ശൂര്‍ അയ്യന്തോളിലെ കോവിലകം വീട്. വീട്ടമ്മയുടെ ഉത്തരവാദിത്വങ്ങളില്‍ നിറഞ്ഞ് സംയുക്ത. ദക്ഷിന് കുടിക്കാനുള്ള വെള്ളം കുപ്പിയിലാക്കുന്നു, ഭക്ഷണം പാത്രത്തിലാക്കുന്നു, മുടി ചീകി ഒരുക്കുന്നു... ഇടയ്ക്ക് മോനോട് സംയുക്തയുടെ സ്‌നേഹം നിറഞ്ഞ ഉപദേശം, 'നല്ല കുട്ടിയായിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യണം കേട്ടോ.' ദക്ഷ് ചിരിച്ചുകൊണ്ട് തലയാട്ടി.

കാറില്‍ കയറി പടിഞ്ഞാറേക്കോട്ടവഴി സ്വരാജ് റൗണ്ടിലെത്തിയപ്പോള്‍ സംയുക്ത ഓര്‍മിപ്പിച്ചു, 'വടക്കുംനാഥന് മുന്നില്‍ അല്പനേരം കാര്‍ നിര്‍ത്തണം'. അവര്‍ വടക്കുംനാഥനെ വണങ്ങി. കൈയില്‍ കരുതിയിരുന്ന തേങ്ങ നടയിലുടച്ചു. 'ഏത് ശുഭകാര്യവും ഞാന്‍ തുടങ്ങുന്നത് ഈ നടയില്‍ നിന്നാണ്', സംയുക്ത നന്നായൊന്ന് ചിരിച്ചു.

ഒന്നര മണിക്കൂര്‍ യാത്ര. എറണാകുളം വൈറ്റ്‌ഫോര്‍ട്ടില്‍ ബിജു കാത്തുനിന്നിരുന്നു. രണ്ടാഴ്ചയ്ക്കുശേഷം അച്ഛനെ കണ്ടതിന്റെ ആഹ്ലാദത്തില്‍ ദക്ഷ് ബിജുവിന്റെ തോളിലേക്ക് ചാടിക്കയറി. സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെ ബിജുവും സംയുക്തയും ഹൃദയം തുറന്ന് സംസാരിച്ചു.

മേരിക്കുണ്ടൊരു കുഞ്ഞാട്, ഗദ്ദാമ... ബിജുവിന് സിനിമയില്‍ നല്ല കാലമാണല്ലോ?

ബിജു: വിജയിക്കുന്ന സിനിമയുടെ ഭാഗഭാക്കാകുക എന്നത് തീര്‍ച്ചയായും അഭിമാനം തരുന്ന കാര്യമാണ്. ഇതിലും നല്ല കഥാപാത്രങ്ങള്‍ മുമ്പും ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, പ്രേക്ഷകര്‍ കാണാത്ത കുറേ സിനിമകള്‍ ചെയ്തിട്ട് കിട്ടാത്ത സുഖം അവര്‍ അംഗീകരിക്കുന്ന ഒരു സിനിമ ചെയ്താല്‍ കിട്ടും.ഈ നിലയ്ക്ക് 'കുഞ്ഞാട്' എനിക്കൊരു റീചാര്‍ജാണ്. സീനിയേഴ്‌സ്, ഓര്‍ഡിനറി, മിസ്റ്റര്‍ മരുമകന്‍... ഇപ്പോള്‍ ചെയ്യുന്ന സിനിമകളും നല്ല പ്രതീക്ഷ നല്‍കുന്നു.

സംയുക്ത: ബിജു കുറച്ചുകൂടി പ്രൊഫഷണലായി സിനിമയെ സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് ഗുണംകണ്ടുതുടങ്ങിയതിന്റെ റിസല്‍ട്ടാണ് ഇപ്പോള്‍ കാണുന്നത്. പക്ഷേ, ഒരു പടം ഹിറ്റായി, എന്നാല്‍ ഇതൊന്ന് ആഘോഷിച്ചുകളയാം എന്ന രീതി ഞങ്ങള്‍ക്കില്ല. വിജയങ്ങളും പരാജയങ്ങളും ഞങ്ങളെ രണ്ടുപേരേയും ബാധിക്കാറില്ല. ഇടക്കാലത്ത് ചില പരാജയങ്ങള്‍ സംഭവിച്ചപ്പോഴും ഞങ്ങള്‍ ഇങ്ങനെതന്നെയായിരുന്നു.

ബിജുവിന്റെ ഇപ്പോഴത്തെ വിജയത്തിന്റെ ക്രെഡിറ്റ് സംയുക്തയ്ക്കാണോ?

സംയുക്ത: അല്ലേയല്ല. ബിജുവിന്റെ പ്രൊഫഷണില്‍ ഞാന്‍ ഇടപെടാറില്ല. ശരീരം നോക്കണം, ആരോഗ്യം ശ്രദ്ധിക്കണം എന്നു മാത്രം പറഞ്ഞുകൊടുക്കും. അത് ഏതു ഭാര്യയും പറയുന്ന കാര്യമാണല്ലോ.

ബിജു: സംയുക്ത ഒരുപാട് സിനിമകള്‍ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്ന ആളാണ്. എനിക്ക് ഷൂട്ടിങ് തിരക്കുകളില്‍ പലപ്പോഴും സിനിമ കാണാനൊന്നും പറ്റാറില്ല. അപ്പോള്‍ സംയുക്തയാണ് ആ സിനിമ നന്നായിട്ടുണ്ട്. അതിലെ ഇന്ന കഥാപാത്രം നന്നായിട്ടുണ്ട് എന്നൊക്കെ റഫറന്‍സ് തരുന്നത്. സിനിമയില്‍ എനിക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നത് സംയുക്തയില്‍ നിന്നാണ്. ഒരുപക്ഷേ, സിനിമാ ഫീല്‍ഡില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നേക്കാള്‍ കൂടുതല്‍ സംയുക്ത അറിയുന്നുണ്ട് എന്നു തോന്നുന്നു.

ഇതിലുപരി ഒരു കുടുംബം നോക്കി നടത്തുക എന്ന ഉത്തരവാദിത്വം അവള്‍ നിറവേറ്റുന്നു. വീട്ടിലെ കാര്യങ്ങളും മോന്റെ കാര്യങ്ങളുമൊക്കെ നോക്കുന്നത് അവളാണ്. ഞാന്‍ ഫോണിലൂടെ സംസാരിക്കുക മാത്രമാണ് ചെയ്യുന്നത്. എക്‌സിക്യൂട്ട് ചെയ്യുന്നത് മുഴുവന്‍ സംയുക്തയാണ്.

ബിജു തനി ഉഴപ്പനാണെന്ന് ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞല്ലോ. ആ ഇമേജ് മാറിയോ?

ബിജു: സിനിമയില്‍ വന്ന കാലത്ത് ചില പക്വതയില്ലായ്മകള്‍ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നിരിക്കാം. അക്കാലത്ത് കരിയറിനേക്കാള്‍ എനിക്ക് താല്പര്യം യാത്രകളിലും മറ്റുമൊക്കെയായിരുന്നു. ഇന്ന് ആ അവസ്ഥയല്ല. ഇപ്പോള്‍ നമ്മള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം എന്ന ബോധ്യം എനിക്കുണ്ട്.

സംയുക്ത: ബിജു ഒരുകാര്യത്തിലും സീരിയസ് അല്ല. ജീവിതം ഇങ്ങനെയൊക്കെ പോയാല്‍ മതി എന്നൊരു മട്ട്. മമ്മൂക്ക കാണുമ്പോഴൊക്കെ പറയും, 'നീ ശരീരം നോക്കണം, ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം' എന്നൊക്കെ. എവടെ നോക്കാന്‍? ഒടുവില്‍ ബിജു മമ്മൂക്കയെ കാണാതെ മാറി നടക്കുകയായിരുന്നു എന്നാണ് ഞാന്‍ കേട്ടത്.

ബിജു: മമ്മൂക്ക എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ പറഞ്ഞു, 'നിനക്ക് അല്പം തടി കുറഞ്ഞിട്ടുണ്ട്. ഇത് മെയിന്റെയിന്‍ ചെയ്യണം' എന്ന്. കുഞ്ഞാട് കണ്ടു, നന്നായിട്ടുണ്ടെന്ന് പറഞ്ഞു. മമ്മൂക്ക നമ്മളെ ശ്രദ്ധിക്കുന്നു, നമ്മുടെ സിനിമകളെക്കുറിച്ച് അഭിപ്രായം പറയുന്നു എന്നൊക്കെ വരുന്നത് ഒരു ഗമയല്ലേ.

ഒരുകാലത്ത് മാധ്യമങ്ങള്‍ ബിജുവിനെ വിശേഷിപ്പിച്ചത് 'ഇതാ അടുത്ത മമ്മൂട്ടി' എന്നാണ്. പക്ഷേ, ശരീരം ശ്രദ്ധിക്കുന്ന കാര്യത്തില്‍ അങ്ങനെയാണെന്ന് ആരും പറയില്ല.

ബിജു: ഞാന്‍ ശരീരകാര്യത്തില്‍ ഓവര്‍ കോണ്‍ഷ്യസ് അല്ല. ഓവര്‍ കോണ്‍ഷ്യസ് ആയാല്‍ രുചിയുള്ള ഒരു ഭക്ഷണവും കഴിക്കാന്‍ പറ്റില്ല. ഇപ്പോഴത്തെ തടിക്ക് കാരണം വേറെയാണ്. മുഖത്തൊരു ഇന്‍ഫക്ഷന്‍ വന്നപ്പോള്‍ കോര്‍ട്ടിസോണ്‍ ഇഞ്ചക്ഷന്‍ എടുത്തു. അതോടെ മുഖം വീര്‍ത്തു. തടിയും കൂടി. ഇപ്പോഴത് കുറയ്ക്കാനുള്ള ശ്രമത്തിലാണ്.

സംയുക്ത: എനിക്ക് തോന്നുന്നു, ബിജുവിന്റെ മുമ്പത്തെ ഡോണ്‍ട് കെയര്‍ ആറ്റിറ്റിയൂഡ് മാറിയെന്ന്. ആരോഗ്യം നോക്കണമെന്ന് ബിജുവിന് സ്വയം തോന്നിത്തുടങ്ങിയിട്ടുണ്ട്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' കഴിഞ്ഞിട്ട് 10 കിലോ തൂക്കം കുറച്ചു.

മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്ത നടനാണ് ബിജു എന്ന് അടുത്തിടെ ഹരിഹരന്‍ പറഞ്ഞല്ലോ?

ബിജു: ഹരിഹരന്‍ സാറൊക്കെ ഇങ്ങനെ പറയുന്നതുതന്നെ ഒരു അവാര്‍ഡ് കിട്ടുന്ന പോലെയാണ്. അഗ്രസീവായി ഒരു സിനിമ വെട്ടിപ്പിടിക്കുക, ഒരു റോളിന് വേണ്ടി കുറുക്കുവഴികള്‍ അന്വേഷിക്കുക, അത്തരം ശ്രമങ്ങളൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. പക്ഷേ, എനിക്ക് വരുന്നതില്‍ നിന്ന് മാക്‌സിമം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

നായകനായാലും വില്ലനായാലും ഗസ്റ്റ് റോളായാലും നല്ല കഥാപാത്രമാണെങ്കില്‍ ചെയ്യുക എന്ന രീതിയാണ് എന്റേത്. സൂപ്പര്‍സ്റ്റാര്‍ പദവി തീര്‍ച്ചയായും ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് താങ്ങാവുന്നതിലധികം എഫര്‍ട്ടുള്ള ജോലിയാണത്. അതിന് അഭിനയമികവ് മാത്രം പോര. പബ്ലിസിറ്റി, മാര്‍ക്കറ്റിങ്, ഫാന്‍സ് തുടങ്ങി ഒരുപാട് ഏരിയകള്‍ മാനേജ് ചെയ്യേണ്ടിവരും. അത്രയും ടെന്‍ഷനെടുക്കാന്‍ എന്നെക്കൊണ്ടാവില്ല.

സംയുക്ത: ബിജു ഹാര്‍ഡ് വര്‍ക്ക് ചെയ്യും. പക്ഷേ, അംബീഷ്യസല്ല. ഇപ്പോള്‍ ഞാനും ഏറെക്കുറെ അങ്ങനെതന്നെയാണ്. ബിജു ഇപ്പോള്‍ പോകുന്ന രീതിയില്‍ പോയാല്‍ മതി എന്ന അഭിപ്രായമാണ് എനിക്ക്. ടെന്‍ഷന്‍ കുറയും, മത്സരം കുറയും, കരിയറും ഏറെക്കുറെ സ്റ്റേബിളായിരിക്കും. എന്നെ സംബന്ധിച്ചാണെങ്കില്‍ റിലേഷന്‍ഷിപ്പിന് ഒരു കുറവും വരുന്നുമില്ല. ഒരു സൂപ്പര്‍സ്റ്റാറാകുമ്പോള്‍ പടത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏല്‍ക്കണം. അത്തരക്കാരുടെ പ്രയാസങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

സംയുക്തയ്ക്ക് സിനിമയിലേക്ക് തിരിച്ചുവരാനുള്ള സമയമായോ?

സംയുക്ത: ഞാന്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. എന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ മോന്റെ കാര്യങ്ങളിലാണ്. ദക്ഷ് ഇപ്പോള്‍ തൃശ്ശൂര്‍ ഹരിശ്രീ സ്‌കൂളില്‍ എല്‍.കെ.ജി.യ്ക്ക് ചേര്‍ന്നു. അവനെ പഠിപ്പിക്കല്‍, അവനുവേണ്ടി ഭക്ഷണം തയ്യാറാക്കല്‍ അതൊക്കെ നല്ല രസമല്ലേ. ദക്ഷിനിപ്പോള്‍ എന്റെ സാമീപ്യം നിര്‍ബന്ധമുള്ള സമയമാണ്. ഞാനാണ് അവന്റെ കളിക്കൊക്കെ കൂട്ട്. അവന്‍ എന്നോട് മാത്രം കളിക്കുന്ന കളികളുമുണ്ട്. (ക്രോക്ക്‌ഡൈലിന്റെ കളി എന്ന് ദക്ഷ് ഓര്‍മപ്പെടുത്തുന്നു.) മോന്റെ പ്രായമങ്ങ് കടന്നുപോകും. അത് തിരിച്ചുകിട്ടില്ലല്ലോ. വേണ്ടത് വേണ്ടപ്പോള്‍ കൊടുത്തില്ലെങ്കില്‍ അവന്‍ വലുതാകുമ്പോള്‍ ചോദിക്കില്ലേ, 'എന്നെ നോക്കാതെ അമ്മയും അച്ഛനും എന്തെടുക്കുകയായിരുന്നുവെന്ന്?'


സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ദക്ഷ് പ്രാപ്തനായി എന്ന് എനിക്ക് തോന്നുന്ന കാലത്ത് ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചുവന്നേക്കാം. പക്ഷേ, അപ്പോള്‍ നായികയാകാനൊന്നും ഒത്തെന്നുവരില്ല. വല്ല അമ്മറോളുമായിരിക്കും കിട്ടുക. അല്ലേ?

ബിജു: ഞാനും സംയുക്തയും വിവാഹശേഷം എടുത്ത ഒരു തീരുമാനമുണ്ട്. ആദ്യപരിഗണന കുടുംബജീവിതത്തിനാണ്. കുടുംബം, കുട്ടി ഇതിനൊക്കെ വേണ്ടി ആരെങ്കിലും ഒരാള്‍ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കണം. രണ്ടുപേരും സിനിമയിലാകുമ്പോള്‍ രണ്ടുപേര്‍ക്കും പരസ്പരം കാണാന്‍പോലും പറ്റിയെന്നുവരില്ല. ഇതിനിടയില്‍ നല്ലൊരു കുടുംബജീവിതം ഒരിക്കലും നടക്കുന്ന കാര്യമല്ല.

ഒരാള്‍ അഭിനയം നിര്‍ത്തണം എന്ന അവസ്ഥ വന്നപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, ഭര്‍ത്താവ് വീട്ടിലിരുന്ന് ഭാര്യയെ ജോലിക്ക് പറഞ്ഞുവിടുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഭര്‍ത്താവ് ജോലി ചെയ്ത് കുടുംബം പോറ്റുന്നതാണ്. അതുകൊണ്ട് സംയുക്ത കുറച്ചുകാലത്തേക്ക് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നു എന്നു മാത്രം. ഇത് ഒരു ഘട്ടം വരെയുള്ള കാര്യമാണ്. ആ ഘട്ടം കഴിയുമ്പോള്‍ വീണ്ടും അഭിനയം തുടരും. അത് എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംയുക്തയ്ക്കുണ്ട്.

സംയുക്ത പരസ്യത്തില്‍ അഭിനയിക്കുന്നുണ്ടല്ലോ?

സംയുക്ത: പരസ്യത്തിലാകുമ്പോള്‍ ഒരു ദിവസം മതി. രാവിലെ പോയാല്‍ വൈകീട്ട് വരാം. കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ എട്ട് വര്‍ഷമായി. അന്നുതൊട്ട് വര്‍ഷത്തില്‍ ഒരു പരസ്യമെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്. ശക്തി മസാല, ഇദയം നല്ലെണ്ണ, ചെന്നൈ സില്‍ക്‌സ്, ധാത്രി... പരസ്യം ഇനിയും ചെയ്യാനാണ് പ്ലാന്‍. അത് എന്നെ സംബന്ധിച്ച് കംഫര്‍ട്ടബ്ള്‍ ആണ്.

സംയുക്ത സിനിമ ഉപേക്ഷിച്ചത് കുടുംബത്തിനുവേണ്ടിയുള്ള ത്യാഗമാണ്, എന്ന്?

ബിജു: സംയുക്തക്ക് സിനിമ കുറച്ചുകാലത്തെ പാഷന്‍ മാത്രമായിരുന്നു. അല്ലാതെ സിനിമയില്‍ വരാന്‍ വേണ്ടിയിട്ട് കഷ്ടപ്പെട്ട് നടന്ന് അതില്‍ എത്തിപ്പെട്ടവരല്ല ഞങ്ങള്‍ രണ്ടുപേരും. സിനിമയില്‍ ഒരു നായികയുടെ ലൈഫ് പിരിയഡ് സംയുക്തയ്ക്ക് വ്യക്തമായി അറിയാം. ആ പ്രായത്തില്‍ അവര്‍ കുറേ നല്ല സിനിമകള്‍ ചെയ്തു. പിന്നെ കുടുംബജീവിതത്തിലേക്ക് മാറണമെന്ന് തോന്നിയപ്പോള്‍ സിനിമ വിട്ട് കുടുംബമായി സെറ്റില്‍ ചെയ്തു. ഇത് സംയുക്തയായിട്ട് തീരുമാനിച്ച് ചെയ്ത കാര്യങ്ങളാണ്. ഇതില്‍ ത്യാഗത്തിന്റെ എലമെന്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവരെ വീട്ടില്‍ കെട്ടിയിട്ട് വളര്‍ത്തുകയൊന്നുമല്ല. അവര്‍ക്ക് അവരുടേതായ ഫ്രണ്ട്‌സ് ഉണ്ട്. അവര്‍ക്കൊപ്പം ഒത്തുകൂടാനും യാത്രപോകാനും സ്വാതന്ത്ര്യമുണ്ട്. അതൊക്കെ അവര്‍ ആസ്വദിക്കുന്നുമുണ്ട്.

സംയുക്ത: എന്റെ ഇഷ്ടങ്ങള്‍ക്ക് ഒരിക്കലും ബിജു എതിരുനില്‍ക്കാറില്ല.സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുമ്പോള്‍ 'നിനക്ക് ഇഷ്ടമാണെങ്കില്‍ ചെയ്‌തോ' എന്നേ പറയാറുള്ളൂ. 'പഴശ്ശിരാജ'യില്‍ കനിഹ അവതരിപ്പിച്ച വേഷം ചെയ്യാന്‍ എന്നെ ക്ഷണിച്ചിരുന്നു. താല്പര്യമുണ്ടെങ്കില്‍ ചെയ്തുകൊള്ളാനാണ് ബിജു പറഞ്ഞത്. എനിക്ക് താല്പര്യമില്ലാത്തതുകൊണ്ട് അഭിനയിച്ചില്ല. ഇതൊന്നും വിവാഹത്തിന് മുമ്പ് ഞാന്‍ പ്രതീക്ഷിച്ചതല്ല. ബിജുവിന്റെ കൂടെ ജീവിച്ചുതുടങ്ങിയതിനുശേഷമാണ് അദ്ദേഹം എനിക്ക് എത്രത്തോളം സപ്പോര്‍ട്ടീവാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

ഒരുപക്ഷേ, ബിജുവാണ് കുടുംബത്തിനുവേണ്ടി പലതും സാക്രിഫൈസ് ചെയ്യുന്നത്. എന്റെ അച്ഛന്‍ മരിച്ചതോടെ വീട്ടില്‍ അമ്മയും അമ്മൂമ്മയും മാത്രമായി. 'നീ പോയി അവരുടെ കൂടെ നില്ക്ക്. അവര്‍ക്കൊരു ആശ്വാസമാകുമല്ലോ' എന്നാണ് ബിജു പറഞ്ഞത്. ഇപ്പോള്‍ ഞാനെന്റെ വീട്ടിലാണ് നില്ക്കുന്നത്. ബിജുവിന്റെ വീട് അടഞ്ഞുകിടക്കുന്നു. വേണമെങ്കില്‍ ബിജുവിന് പറയാം, 'നീ എന്റെ വീട്ടില്‍തന്നെ നില്‍ക്കണ'മെന്ന്. ഞാന്‍ അനുസരിക്കാന്‍ ബാധ്യസ്ഥയുമാണ്. പക്ഷേ, ബിജു അങ്ങനെ ചെയ്തില്ല. അവിടെയും ബിജു എന്റെ സുഖമാണ് ആഗ്രഹിച്ചത്.

അതുപോലെ നോണ്‍വെജ് ഇഷ്ടപ്പെടുന്ന ബിജു ഒരിക്കല്‍പോലും വീട്ടില്‍ മത്സ്യമാംസം വെക്കണമെന്ന് പറഞ്ഞിട്ടില്ല. ബിജുവിന് തോന്നുമ്പോള്‍ പുറത്തുപോയി കഴിക്കും. ഇതൊക്കെ എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന നിലപാടുകൊണ്ടാണ്.

സിനിമാക്കാരുടെ കുടുംബജീവിതം പലപ്പോഴും തകര്‍ന്നുപോകുന്നു. നിങ്ങള്‍ ഇതിനൊരു അപവാദമാണല്ലോ?

ബിജു: രണ്ട് ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍. ഒരുനാള്‍ അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അപ്പോള്‍ അതില്‍ നമുക്ക് ചെയ്യാന്‍പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഏത് കാര്യമാണെങ്കിലും മൂടിവെക്കാതെ പരസ്പരം പങ്കുവെക്കുക എന്നതാണ് പ്രധാനം. എന്റെ പ്രശ്‌നങ്ങള്‍ സംയുക്തയും സംയുക്തയുടെ പ്രശ്‌നങ്ങള്‍ ഞാനും അറിയാറുണ്ട്. അതറിയാതെ പെരുമാറുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാവുന്നത്. ഞാനും സംയുക്തയും എടുത്തിട്ടുള്ള തീരുമാനം ഒരാളുടെ ഇഷ്ടം ത്യജിച്ച് മറ്റൊരാള്‍ക്കുവേണ്ടി ജീവിക്കേണ്ട എന്നാണ്. ഒരാള്‍ക്ക് വേണ്ടി മറ്റൊരാളുടെ ഇഷ്ടങ്ങള്‍ ത്യജിക്കുന്നത് ഇപ്പോഴത്തെ കുടുംബജീവിതത്തില്‍ പ്രാക്ടിക്കലല്ല. അവര്‍ക്കും ജീവിക്കണം, എനിക്കും ജീവിക്കണം. എനിക്കുവേണ്ടി സംയുക്തയുടെ ഇഷ്ടങ്ങള്‍ ത്യജിക്കുക എന്നു പറയുന്നത് വീടൊരു തടവറയാണ് എന്നല്ലേ. ഞങ്ങളുടെ വീട് എന്തായാലും തടവറയല്ല. വീട് തടവറയായി തോന്നുമ്പോഴാണ് സ്വരച്ചേര്‍ച്ചക്കുറവ് തുടങ്ങുന്നത്.

സംയുക്ത: ഇപ്പോള്‍ വിവാഹമോചനങ്ങള്‍ വളരെ സാധാരണമല്ലേ. നമ്മുടെ വീടുകളിലേയ്ക്ക് ഒന്ന് എത്തിനോക്കൂ, എല്ലായിടത്തും കാണും ഒന്നോ രണ്ടോ ഡിവോഴ്‌സുകളെങ്കിലും. മുമ്പൊക്കെ രണ്ടുപേര്‍ക്കും യോജിച്ച് പോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയാലും ഡിവോഴ്‌സിലേക്ക് നയിക്കുന്ന തീരുമാനമൊന്നും ആരും എടുക്കില്ല. ഇപ്പോള്‍ അങ്ങനെയല്ല. യോജിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനാ ഇങ്ങനെ സഹിക്കുന്നത്, ഒഴിവാകാം, എന്നു തീരുമാനിക്കും. ആ ജനറേഷന്‍ ഗ്യാപ്പ് സിനിമാക്കാര്‍ക്കും ഉണ്ടായി. സിനിമാക്കാര്‍ ആയതുകൊണ്ട് അതൊക്കെ വാര്‍ത്തകളാകുന്നു എന്നു മാത്രം.

കുടുംബജീവിതത്തില്‍ എന്റെയൊരു പോളിസിയുണ്ട്. ഞാന്‍ ബിജുവിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഒരിക്കലും ചെയ്യില്ല. പക്ഷേ, ബിജുവിന് ഇഷ്ടമുള്ളതെല്ലാം ഞാന്‍ ചെയ്യണമെന്നുമില്ല.

സംയുക്തയ്ക്ക് സിനിമയുടെ ഗ്ലാമറില്‍ നിന്ന് അകന്നുനില്‍ക്കുക എളുപ്പമായിരുന്നോ?

സംയുക്ത: അതിനോട് പൊരുത്തപ്പെടാന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി. എനിക്ക് തോന്നുന്നു, ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ച കാലം കല്യാണം കഴിഞ്ഞശേഷമുള്ള ഒന്നുരണ്ടു വര്‍ഷമായിരുന്നു. കല്യാണം കഴിഞ്ഞ ഉടനെ കുട്ടിയായിരുന്നുവെങ്കില്‍ അവന്റെ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആവാമായിരുന്നു. പക്ഷേ, ഞങ്ങള്‍ കുട്ടി കുറച്ചു കഴിഞ്ഞു മതി എന്ന് പ്ലാന്‍ ചെയ്തിരുന്നു. അങ്ങനെകൂടി ആയപ്പോള്‍ പെട്ടെന്നൊരുനാള്‍ നമുക്കൊന്നും ചെയ്യാനില്ല എന്നു തോന്നി. ബിജു വീട്ടിലില്ലാത്ത സമയത്ത് ഭയങ്കര ഏകാന്തത ഫീല്‍ ചെയ്തു. അന്നു ഞാന്‍ ചെറുപ്പമാണ്. എന്താണ് ചെയ്യേണ്ടത് എന്നൊന്നും അറിയില്ല. ഇപ്പോള്‍ ഞാന്‍ ജീവിതം പഠിച്ചു. ബിജു അടുത്തില്ലെങ്കിലും ഒരു കുടുംബം ഉത്തരവാദിത്വത്തോടെ നോക്കി നടത്താമെന്ന ധൈര്യം ഇപ്പോഴെനിക്കുണ്ട്.

പഴയ പ്രണയകാലമൊന്നും ഓര്‍ക്കാറില്ലേ?

ബിജു: പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നതിനേക്കാള്‍ ഇനിയങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതല്ലേ നല്ലത്. എന്റെ ഭാര്യ, മോന്‍, അവരുടെ ജീവിതം... അതിനെക്കുറിച്ചൊക്കെ സ്വപ്‌നം കാണുന്നതാണ് എനിക്ക് സന്തോഷം.

സംയുക്ത: പ്രണയകാലത്തെക്കുറിച്ച് ഓര്‍ക്കുന്നതേ എനിക്ക് ചമ്മലാണ്. പ്രണയിച്ച് കല്യാണം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ പഴയ പ്രണയത്തെക്കുറിച്ച് ഓര്‍ക്കുന്നതിനോളം ബോറന്‍ ഏര്‍പ്പാട് വേറെയില്ലെന്ന് എനിക്ക് തോന്നുന്നു. എനിക്കിപ്പോഴും പിടികിട്ടാത്ത ഒരു കാര്യമുണ്ട്. ഞാനും ബിജുവും എപ്പോഴായിരിക്കും പ്രണയിക്കാന്‍ തുടങ്ങിയത്? ഞങ്ങള്‍ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞുതുടങ്ങിയ കാലത്ത് സത്യത്തില്‍ ഞങ്ങള്‍ പ്രണയിച്ചിരുന്നില്ല. പക്ഷേ, ആ ഒരു പ്രായത്തില്‍ ആരെങ്കിലും ഇങ്ങനെ തള്ളിക്കൊടുക്കാനുണ്ടായാല്‍ അറിയാതെ തന്നെ നമ്മള്‍ പ്രണയിച്ചുപോവില്ലേ. അതാണ് സംഭവിച്ചത്.

ഇപ്പോഴത്തെ ഏത് നടിയോട് ചോദിച്ചാലും അവരുടെ സൗഹൃദവലയത്തില്‍ ഒരാള്‍ ചിന്നുച്ചേച്ചിയാണ്. (സംയുക്തയുടെ ചെല്ലപ്പേരാണ് ചിന്നു)

സംയുക്ത: മേനകച്ചേച്ചി, അശ്വതിച്ചേച്ചി (പാര്‍വതി), ചിപ്പിച്ചേച്ചി, മഞ്ജു, കാവ്യ, ഗീതു, ഭാവന, നിത്യാ ദാസ്, നവ്യ, രഹ്‌ന, മന്യ, ഗോപിക ഇവരൊക്കെയായിട്ട് എനിക്ക് നല്ല അടുപ്പമുണ്ട്. ഭാവന എന്റെ വീടിന്റെ തൊട്ടടുത്താണ്. എന്റെ അനിയത്തി സംഘമിത്രയും ഭാവനയും ഒരുമിച്ച് പഠിച്ചവരാണ്. മാളു (സംഘമിത്ര) കല്യാണം കഴിഞ്ഞ് പോയി. അവള്‍ ഭര്‍ത്താവിനൊപ്പം ഹൈദരാബാദിലാണ്. അവളെ മിസ് ചെയ്യുന്നതിന്റെ ദുഃഖം മറക്കുന്നത് ഞാന്‍ ഭാവനയെ കാണുമ്പോഴാണ്. ഏകദേശം മാളുവിനെപ്പോലെതന്നെയാണ് ഭാവനയും. എത്രനേരം വേണമെങ്കിലും വളവളാന്ന് സംസാരിച്ചിരിക്കും. തൃശ്ശൂരിലുണ്ടെങ്കില്‍ ജിമ്മിലും ഷോപ്പിങ്ങിനുമൊക്കെ ഞാനും ഭാവനയും ഒരുമിച്ചാണ് പോവുക.
കാവ്യയും മഞ്ജുവുമൊക്കെ ഇടയ്ക്കിടെ വിളിക്കാറുണ്ട്. 'ഗദ്ദാമ'യുടെ പ്രിവ്യൂവിന് ഒരുമിച്ച് കണ്ടു. ഇപ്പോള്‍ ഞങ്ങളെല്ലാവരും ഗെറ്റ്ടുഗെതര്‍ വെക്കാന്‍ തുടങ്ങി. വര്‍ക്കൊന്നുമില്ലാതെ ഫ്രീയായി ഇരിക്കുന്ന സമയത്ത് പരസ്പരം വിളിക്കും. എന്നിട്ട് എല്ലാവരും ഒത്തുകൂടും. ഗീതുവാണ് മെയിന്‍ ഓര്‍ഗനൈസര്‍. അതുകൊണ്ട് ഗീതുവിന്റെ വീട്ടിലായിരിക്കും ഒത്തുചേരല്‍. നാലു പെണ്ണുങ്ങള്‍ കൂടുമ്പോള്‍ എന്തൊക്കെ സംസാരിക്കുമോ അതൊക്കെ ഞങ്ങള്‍ക്ക് സംസാരവിഷയമാവും. നേരംപോകുന്നത് അറിയില്ല.

ആദ്യമൊന്നും ഫ്രന്‍ഡ്ഷിപ്പ് ക്രിയേറ്റ് ചെയ്യാന്‍ എനിക്കത്ര താല്പര്യം ഉണ്ടായിരുന്നില്ല. പോകപ്പോകെ ഞാന്‍ സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ വാല്യൂ കൊടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഫ്രന്‍ഡ്‌സിനെ കാണുന്നതും അവരുമായി ഒത്തുകൂടുന്നതുമൊന്നും ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങളായി എനിക്ക് തോന്നുന്നു. ഈ സ്വഭാവം എനിക്ക ്കിട്ടിയത് ബിജുവിന്റെ അടുത്തുനിന്നാണ്. ബിജുവിന് ധാരാളം ഫ്രന്‍ഡ്‌സ് ഉണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ഞാന്‍ എപ്പോഴും കാണുന്നുണ്ട്. അപ്പോഴാണ് എനിക്കും ഫ്രന്‍ഡ്സ് വേണമെന്ന തോന്നലുണ്ടായത്.

ബിജു: ഓര്‍മവെച്ച നാള്‍ മുതല്‍ സുഹൃത്തുക്കളാണ് എനിക്കെല്ലാം. സുരേഷ്, അഭി, അഭിലാഷ്, ചാലക്കുടി പ്രദീപ്, സേവി, നോബി, ഫ്രാന്‍സിസ്, സജീവന്‍, ഭാസി, ജോസി... ഒരുപാട് പേരുണ്ട് സുഹൃത്തുക്കളായിട്ട്. തൃശ്ശൂര്‍ ശങ്കരയ്യ റോഡില്‍ ഒരു പഴയ ഗാരേജുണ്ട്. അതാണ് ഞങ്ങളുടെ സങ്കേതം. തൃശ്ശൂരിലുള്ള സമയം ഞങ്ങള്‍ ഇപ്പോഴും ഇവിടെ ഒത്തുകൂടാറുണ്ട്. പലരും പല പ്രായത്തിലുള്ള ആള്‍ക്കാരാണ്. പക്ഷേ, ഇവിടെ എത്തിയാല്‍ എല്ലാവര്‍ക്കും ചെറുപ്പമാണ്.

സിനിമയില്‍ ലാല്‍ ജോസ്, ഷാഫി, ബെന്നി പി. നായരമ്പലം, ജോണി ആന്റണി, ക്യാമറാമാന്‍ സുകുമാര്‍ ഇവരൊക്കെ വളരെയടുത്ത സുഹൃത്തുക്കളാണ്.

സിനിമാക്കാരാകുമ്പോള്‍ പാര്‍ട്ടികള്‍ പതിവായിരിക്കുമല്ലോ. ബിജു മദ്യപിക്കുമ്പോള്‍ സംയുക്ത നിയന്ത്രിക്കാറില്ലേ?

സംയുക്ത: ചെറിയ കുട്ടിയൊന്നുമല്ലല്ലോ. സ്വയം ആലോചിക്കട്ടെ. ഇതൊക്കെ ചീത്ത ഏര്‍പ്പാടാണെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷേ, അതുപറഞ്ഞ് വഴക്കടിക്കാറില്ല. ഈയിടെ ദക്ഷ് ഒരു കമ്പ് വായില്‍ വെച്ച് സിഗരറ്റ് പോലെ വലിച്ചു കാണിക്കുമ്പോള്‍ ഞാന്‍ ബിജുവിനോട് പറഞ്ഞു, 'അനുഭവിച്ചോ. കുട്ടിക്ക് മുന്നില്‍ വെച്ച് സിഗരറ്റ് വലിച്ചിട്ടല്ലേ' . അതോടെ കുട്ടി കാണ്‍കെ പുകവലിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. എന്തും സ്വയം മനസ്സിലാക്കി പിന്മാറുന്നതാണ് നല്ലത്. ഞാനതുകൊണ്ട് ഒന്നിനും നിയന്ത്രണങ്ങള്‍ വെക്കാറില്ല.

ബിജു: മദ്യപിച്ച് ബോറായി എന്നെ ഒരിക്കലും സംയുക്ത കാണില്ല എന്ന വിശ്വാസം എനിക്കുണ്ട്. ഇതിലൊക്കെ കൃത്യമായ നിയന്ത്രണങ്ങള്‍ എനിക്കുണ്ട്.

കൂടുതല്‍ ചെറുപ്പക്കാര്‍ സിനിമയില്‍ വരുന്നു. ആശങ്ക തോന്നുന്നില്ലേ?

ബിജു: ഇനിയും ചെറുപ്പക്കാര്‍ വരണം. മത്സരം മുറുകണം. അപ്പോഴേ നമ്മള്‍ അപ്‌ഡേറ്റ് ചെയ്യൂ. അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഇനിയങ്ങോട്ട് ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ഇപ്പോള്‍ വരുന്നവരെല്ലാം വളരെ അഗ്രസീവാണ്. സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണം എന്നാഗ്രഹിച്ച് വരുന്നവരാണ്. അതൊരു നല്ല സൂചനയാണ്.

ഇതൊക്കെയാണെങ്കിലും ചെറുപ്പക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പലതും നല്ലതാണെന്ന അഭിപ്രായം എനിക്കില്ല. ഈയടുത്ത കാലത്ത് ഇറങ്ങിയ കുറേ സിനിമകള്‍ ശ്രദ്ധിച്ചാലറിയാം, എല്ലാം ഒരേ പാറ്റേണില്‍ തട്ടിക്കൂട്ടുന്നവയാണ്. കഥാപരമായി വ്യത്യസ്തത തോന്നിപ്പിക്കുന്ന സിനിമകള്‍ വളരെ കുറവായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേക്ക് കയറണമെങ്കില്‍ ഇത്തരം സിനിമകള്‍ ചെയ്തിട്ട് കാര്യമില്ല. യുവനടന്മാരില്‍ പ്രതീക്ഷ നല്‍കുന്ന ഒരു നടനാണ് പൃഥ്വിരാജ്. ഞാന്‍ ഈയിടെ പൃഥ്വിരാജിനോടും പറഞ്ഞു, 'രാജു ശ്രദ്ധിക്കേണ്ട സമയമാണിത്'. രാജു അതിന്റെ ഗൗരവം മനസ്സിലാക്കുന്ന ആളുമാണ്.

സിനിമ വിട്ട് വീട്ടിലിരിക്കുന്ന നടികള്‍ ഏതെങ്കിലും കാര്യത്തില്‍ എന്‍ഗേജ്ഡ് ആകാന്‍ ശ്രമിക്കുമെന്ന് കേട്ടിട്ടുണ്ട്. മിക്കവരും ആത്മീയതയ്ക്ക് പിറകെയാണ്. സംയുക്തയോ?

സംയുക്ത: ഞാന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി യോഗ കോഴ്‌സ് ചെയ്യുന്നുണ്ട്. വളരെ അടുപ്പമുള്ള കുറച്ചുപേര്‍ക്ക് വീട്ടില്‍വെച്ച് യോഗ ക്ലാസ് എടുക്കുന്നുമുണ്ട്. ആദ്യം ഹെല്‍സണ്‍ എന്ന മാഷ് എന്നെ വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ തൃശ്ശൂരിലെ സാധന യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി പഠിക്കുകയാണ്. അവിടെ കോഴ്‌സ് കഴിയാറായി. അതിന് പരീക്ഷയൊക്കെ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ആന്റണി ലോയ്ഡ് എന്ന മാഷാണ് ഇപ്പോള്‍ അഡ്വാന്‍സ്ഡ് സ്‌റ്റേജിലേക്ക് കൊണ്ടുവന്നത്. ദിവസം രണ്ടു മണിക്കൂര്‍ ഞാന്‍ യോഗ ക്ലാസിനായി മാറ്റിവെച്ചിരിക്കുകയാണ്.

നിങ്ങള്‍ ഒരുമിച്ചഭിനയിച്ച സിനിമകള്‍ കാണുമ്പോള്‍ ഇപ്പോള്‍ എന്തു തോന്നുന്നു?

ബിജു: ആ സിനിമകള്‍ മോനെ കാണിക്കുന്നത് കൗതുകമുള്ള ഏര്‍പ്പാടാണ്. അവന് സംയുക്ത സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നറിയില്ല. 'ഇത് അമ്മയാണോ ഡാന്‍സ് ചെയ്യുന്നത്' എന്നൊക്കെ ദക്ഷ് ചോദിക്കുമ്പോള്‍ ഒരു കൗതുകമാണല്ലോ. അതു കേള്‍ക്കാന്‍ വേണ്ടിയിട്ട് വെച്ചുകൊടുക്കും.

സംയുക്ത: പാട്ടുസീനൊക്കെ കാണുമ്പോള്‍ അക്കാലത്തെ ചില ഓര്‍മകള്‍ മനസ്സില്‍വരും. അത് സംസാരിക്കാന്‍ നല്ല രസമാണ്. പക്ഷേ, ഈ സംസാരം മിക്കപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കളിയാക്കലായി മാറുകയാണ് പതിവ്. 'കണ്ടില്ലേ ഒരു കോലം, എന്റെ കൂടെ കൂടിയതുകൊണ്ട് കാണാന്‍ അല്പം ചന്തം വെച്ചു' എന്നുപറഞ്ഞ് ബിജു എന്നെ എപ്പോഴും കളിയാക്കും.

ഇനിയൊരിക്കല്‍ കൂടി സിനിമയില്‍ ഒരുമിച്ചഭിനയിക്കണം എന്ന മോഹമില്ലേ?

ബിജു: മോഹമൊക്കെയുണ്ട്. പക്ഷേ, ഇപ്പോള്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. ഈയടുത്തകാലത്ത് രഞ്ജന്‍ പ്രമോദ് വിളിച്ചു. ബിജുവിനെയും സംയുക്തയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാനും സംയുക്തയും മുഖത്തോടുമുഖം നോക്കിയിരുന്ന് ചിരിച്ചു. ഒടുവില്‍ ഇവള്‍ പറഞ്ഞു, 'ബിജു ഇത് നടക്കാന്‍ പോകുന്നില്ല.' ഞാന്‍ രഞ്ജനെ വിളിച്ച് കാര്യം പറഞ്ഞു. 'സോറി, അത് നടക്കില്ല.' ഇനി വേറെയാരെങ്കിലും വിളിക്കും. അപ്പോഴും ഞങ്ങള്‍ ചര്‍ച്ച ചെയ്യും. അന്ന് സംയുക്തയുടെ മറുപടി യെസ് ആണെങ്കില്‍ ആ സിനിമ ചെയ്‌തെന്നും വരും.

ബിജുവിന് ഇഷ്ടമുള്ള നടി ആരാണ്?

ബിജു: ശോഭന, ഉര്‍വശി, മഞ്ജു. ഇവരുടെയൊക്കെ അഭിനയം എനിക്കിഷ്ടമാണ്.

സംയുക്ത: (സ്‌നേഹത്തോടെ ബിജുവിന്റെ മൊട്ടത്തലയില്‍ ഇടിക്കുന്നു) ഒരിക്കല്‍പോലും ബിജു എന്റെ പേര് പറയാറില്ല. പക്ഷേ, എനിക്കുതന്നെ അറിയാം, ഞാനൊരു നല്ല നടി ആയിരുന്നില്ലെന്ന്. ബിജുവിനേക്കാള്‍ നെടുമുടിച്ചേട്ടന്റെ അഭിനയമാണ് എനിക്കിഷ്ടം. (ചിരിക്കുന്നു).


ബിജു: എനിക്ക് ഏറ്റവും യോജിച്ച നായികാനടി ഇവളായിരുന്നു. മഴ, മേഘമല്‍ഹാര്‍... ക്ലാസിക് ഉദാഹരണങ്ങളല്ലേ.
സംയുക്ത എന്റെ നല്ല വിമര്‍ശകയുമാണ്. നെടുമുടി വേണുവിനെയാണ് ഇഷ്ടമെങ്കിലും എന്റെ അഭിനയം പ്യൂരിഫൈ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഞാന്‍ നല്ലൊരു നടനായി മാറിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇവള്‍ പറഞ്ഞു.

സംയുക്ത: മഞ്ജു, ജ്യോതിര്‍മയി, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ബിജുവിന് യോജിച്ച നായികാനടിമാരായി തോന്നിയിട്ടുണ്ട്.

സിനിമ വിട്ട് വീട്ടിലിരിക്കുന്ന സംയുക്തയ്ക്ക് ബിജു എന്തു തിരിച്ചുതരും?

ബിജു: മാസ്‌കിമം സന്തോഷം കൊടുക്കും. സംയുക്തയ്ക്ക് പക്ഷേ, സന്തോഷിക്കാന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ മതി. ഒന്ന് യാത്ര പോയാലോ കാറില്‍ കറങ്ങിയാലോ അവള്‍ക്ക് സന്തോഷമാകും. മുമ്പൊക്കെ ഒരു സിനിമ കഴിഞ്ഞാല്‍ ഒരു യാത്ര ഉറപ്പായിരുന്നു. ഇപ്പോള്‍ പഴയതുപോലെ ഞങ്ങള്‍ക്ക് യാത്ര പോകാന്‍ കഴിയാറില്ല. മോന്റെ സ്‌കൂള്‍ അവധി നോക്കണം, അവന്റെ ഭക്ഷണക്കാര്യം ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും വിട്ടുനില്‍ക്കാനും പ്രയാസമായിത്തുടങ്ങി.

ഈ വിഷുവിന് എന്താ പരിപാടി?

ബിജു: ഞാന്‍ മിക്കവാറും 'സീനിയേഴ്‌സി'ന്റെ ലൊക്കേഷനിലായിരിക്കും. എന്റെ ചേട്ടന്മാര്‍ നാട്ടില്‍ വരുന്നുണ്ട്. അവരെ കാണാന്‍ പോകണം, വിഷു നാളിലെങ്കിലും മോനൊപ്പം വീട്ടിലുണ്ടാകണം എന്നൊക്കെയാണ് പ്ലാന്‍.

സംയുക്ത: വിഷുവിന് മുമ്പ് ഞാനും ദക്ഷുംകൂടി ഹൈദരാബാദില്‍ പോകും. അവിടെ മാളുവിന്റെ കൂടെ രണ്ടു നാള്‍. വിഷുനാളില്‍ വീട്ടിലെത്തണം. ബിജു വീട്ടിലുണ്ടെങ്കില്‍ വിഷു ബിജുവിനൊപ്പം. അല്ലെങ്കില്‍ അമ്മയ്‌ക്കൊപ്പം.