MATHRUBHUMI RSS
Loading...
അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത്‌
മധു.കെ.മേനോന്‍

സിനിമയും ജീവിതവും നല്‍കിയ തിരിച്ചടികള്‍ മറക്കാനൊരുങ്ങുകയാണ് നടി ചാര്‍മിള...മലയാളത്തിന് ഒരിക്കല്‍ പ്രിയപ്പെട്ട നായികയായിരുന്നു ചാര്‍മിള. 'ധന'ത്തിലെ തങ്കവും 'കേളി'യിലെ ശ്രീദേവിടീച്ചറും 'കാബൂളിവാല'യിലെ ലൈലയും മാത്രം മതി ഈ നടിയെ നമുക്ക് ഇഷ്ടപ്പെടാന്‍. എന്നിട്ടും സിനിമയില്‍ ചാര്‍മിള എങ്ങുമെത്തിയില്ല. ചുണ്ടിനും കപ്പിനുമിടയില്‍ ഈ നടിയുടെ സൗഭാഗ്യങ്ങളെല്ലാം ഒരു നിമിഷംകൊണ്ട് വീണുടഞ്ഞു.

അഭിനയിച്ച സിനിമകളേക്കാള്‍ ചാര്‍മിളയെ മലയാളികള്‍ ഓര്‍ക്കുന്നത് ഒരു ആത്മഹത്യാശ്രമത്തിന്റെ പേരിലാണ്. അതുതന്നെയായിരുന്നു ചാര്‍മിളയുടെ ദുര്യോഗവും. പ്രണയപരാജയവും ആത്മഹത്യാശ്രമം ഉണ്ടാക്കിയ ചീത്തപ്പേരുമൊക്കെ ഈ നടിയുടെ കരിയറിനെ ബാധിച്ചു. സിനിമയില്‍ ചാന്‍സ് കുറഞ്ഞു. ഒടുവില്‍ മനസ്സുമടുത്ത് അവര്‍ ഫീല്‍ഡ് വിട്ടു. രണ്ടു വര്‍ഷത്തിനുശേഷം ഒരിക്കല്‍ക്കൂടി ഭാഗ്യം പരീക്ഷിക്കാന്‍ സിനിമയില്‍ തിരിച്ചെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. രക്ഷപ്പെടാനെന്നോണം ചെയ്ത ഗ്ലാമര്‍ വേഷങ്ങളപ്പടി അവരുടെ ഉള്ള ഇമേജുകൂടി കളഞ്ഞു. സമ്പത്തിന്റെയും പ്രശസ്തിയുടെയും നെറുകയില്‍നിന്ന് ദുരിതങ്ങളുടെയും മാനക്കേടിന്റെയും കയത്തിലേക്കുള്ള വീഴ്ചയായി അത്.

ഇതിനിടെ വീണ്ടും ചില പ്രണയപരാജയങ്ങള്‍, പിന്നാലെ അച്ഛന്റെ മരണം. പിന്നെയൊരു ഒളിച്ചോട്ടമായിരുന്നു. കുറേക്കാലം ചാര്‍മിളയെക്കുറിച്ച് ആരും ഒന്നും കേട്ടില്ല. ''ആണുങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല. അതുകൊണ്ട് ഇനിയൊരു വിവാഹമില്ല'' എന്നു പറഞ്ഞ് പിന്നെയൊരുനാള്‍ അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. ചെന്നൈ സാലിഗ്രാമിലാണ് ചാര്‍മിളയുടെ താമസം. ഭര്‍ത്താവ് 'നോക്കിയ'യില്‍ എഞ്ചിനിയറായ രാജേഷിന്റെ പിന്തുണയില്‍ ചാര്‍മിള വീണ്ടും അഭിനയരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. നഷ്ടപ്പെട്ടുപോയെന്നു കരുതിയ ജീവിതം തിരിച്ചുകിട്ടിയതിന്റെ സന്തോഷമുണ്ട് അവരുടെ മുഖത്ത്. ഒന്നര വയസ്സുകാരന്‍ മകന്‍ അഡോണിസ് ജൂഡിനെ മടിയിലിരുത്തി ചാര്‍മിള തന്റെ ജീവിതാനുഭവങ്ങള്‍ ഓര്‍മിച്ചു.

'വിവാഹം എന്ന വാക്കുപോലും എന്നെ ഭയപ്പെടുത്തുന്നു' എന്ന് ഒരിക്കല്‍ പറഞ്ഞ ചാര്‍മിള പിന്നെ എപ്പോഴാണ് കല്യാണം കഴിച്ചത്?
എനിക്കൊരു വിവാഹജീവിതമില്ലെന്ന് തീരുമാനിച്ചതായിരുന്നു ഞാന്‍. ആണ്‍തുണയില്ലാതെ ജീവിച്ചുകാണിക്കണമെന്ന വാശിയായിരുന്നു എനിക്ക്. അത്രക്ക് വെറുപ്പായിരുന്നു ആണുങ്ങളോട്. എന്റെ അച്ഛനൊഴികെ എല്ലാ പുരുഷന്മാരും ചതിയന്മാരാണെന്ന് ഞാന്‍ വിശ്വസിച്ചു. ഈ വിശ്വാസം തെറ്റിച്ചാണ് രാജേഷ് എന്റെ ജീവിതത്തിലേക്ക് വരുന്നത്.

ഗായികയായ എന്റെ അനുജത്തി ആഞ്ചലീനയുടെ ഫാന്‍സ് ക്ലബ്ബില്‍ അംഗമായിരുന്നു രാജേഷ്. രാജേഷ് അവളെ കാണാന്‍ ഇടക്കിടെ ഞങ്ങളുടെ വീട്ടില്‍ വരും. പുരുഷവിദ്വേഷിയായി മാറിയ ഞാന്‍ രാജേഷിന്റെ പെരുമാറ്റത്തേയും ആദ്യം ആ രീതിയിലാണ് കണ്ടത്. പക്ഷേ, അടുത്ത് പരിചയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നല്ല മനസ്സ് എന്നെ ആകര്‍ഷിച്ചു. ഇതു പിന്നെ പ്രണയമായി വളര്‍ന്നു. ഒടുവില്‍ വിവാഹത്തിലുമെത്തി.

ചാര്‍മിളയുടെ പൂര്‍വകാല കഥകള്‍ രാജേഷ് അറിഞ്ഞപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായോ?

വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം ആദ്യമായി പറഞ്ഞപ്പോള്‍ ഞാനെന്റെ കഥകള്‍ മുഴുവന്‍ അദ്ദേഹത്തോടു പറഞ്ഞു. 'പേരുദോഷം കേള്‍പ്പിച്ചവള്‍' എന്ന മട്ടിലല്ല അതൊന്നും അദ്ദേഹം എടുത്തത്. തിരിച്ചറിവ് ഇല്ലാത്ത പ്രായത്തില്‍ സംഭവിച്ചുപോയ തെറ്റുകളായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് പക്ഷേ, ഞാന്‍ മരുമകളായി വരുന്നതില്‍ തീരെ താത്പര്യമില്ലായിരുന്നു. അവര്‍ രാജേഷിനെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ എന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ അദ്ദേഹം തയ്യാറായി. ഒരു കുഞ്ഞുണ്ടായാല്‍ എതിര്‍പ്പൊക്കെ താനെ ഇല്ലാതാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

കുഞ്ഞുണ്ടായപ്പോള്‍ ഭര്‍തൃവീട്ടുകാരുടെ പിണക്കം തീര്‍ന്നോ?

എനിക്ക് കുഞ്ഞുണ്ടായതില്‍ എന്നെക്കാള്‍ സന്തോഷിച്ചത് അവരാണ്. പക്ഷേ, ഈ സന്തോഷത്തിനും രണ്ടുവര്‍ഷം എനിക്ക് കാത്തിരിക്കേണ്ടിവന്നു. കാരണം വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും ഗര്‍ഭിണിയാകാതെ വന്നപ്പോള്‍ ഞാന്‍ ഡോക്ടറെ കാണാന്‍ പോയി. ''ചാര്‍മിള ഗര്‍ഭിണിയാകാനുള്ള സാധ്യത വിരളമാണ്,'' ഡോക്ടര്‍ പറഞ്ഞതുകേട്ട് ഞാനാകെ തകര്‍ന്നുപോയി. എനിക്ക് തൈറോയിഡിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായി മരുന്നു കഴിച്ചിരുന്നു. ഇതെന്റെ ശരീരത്തെ അമിതമായി തടിപ്പിച്ചു. ഒരു ഘട്ടത്തില്‍ 97 കിലോ തൂക്കമായി. അത് സൗന്ദര്യത്തെ ബാധിക്കുമെന്ന് വന്നപ്പോള്‍ അമിതമായി ഡയറ്റു നോക്കി. പലപ്പോഴും വെള്ളം മാത്രം കുടിച്ച് വിശപ്പടക്കി. ഒന്നു രണ്ടു വര്‍ഷംകൊണ്ട് തൂക്കം 47 കിലോയായി കുറഞ്ഞു. പക്ഷേ, ഡയറ്റിങ് എന്റെ ശരീരത്തെ ദുര്‍ബലമാക്കിയിരുന്നു. അതാണ് ഗര്‍ഭധാരണത്തിനുള്ള സാധ്യത വിരളമാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു.

എനിക്ക് കുട്ടികളുണ്ടാകാന്‍ സാധ്യത കുറവാണെന്ന് അറിഞ്ഞിട്ടും രാജേഷ് എന്നെ വെറുത്തില്ല. എനിക്കു പക്ഷേ, അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എല്ലാംകൊണ്ടും വ്യര്‍ഥമായ ജീവിതം. ഞാന്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷയാണിതെല്ലാം എന്നെനിക്ക് തോന്നി. ഞാന്‍ ദൈവത്തില്‍ അഭയം പ്രാപിച്ചു. പലതവണ വേളാങ്കണ്ണിയില്‍ പോയി മാതാവിനോടു പ്രാര്‍ഥിച്ചു, ''മാതാവേ നിന്റെ കൈയില്‍ നീ കുഞ്ഞിനെ എടുത്തിരിക്കുന്നു. ആ സന്തോഷം നീ ആസ്വദിക്കുന്നു. ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ പൊറുത്ത് എനിക്കും ഒരു കുഞ്ഞിനെ നല്‍കണേ'' എന്ന്. ഒരുദിവസം ഞാനൊന്ന് തലകറങ്ങി വീണു. ശരീരം ക്ഷീണിച്ചതുകൊണ്ടാകാം വീണത് എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതു കേട്ട് ഞാന്‍ തുള്ളിച്ചാടി, ''ചാര്‍മിള ഗര്‍ഭിണിയാണ്. ഗര്‍ഭസ്ഥശിശുവിന് നാലു മാസം പ്രായമായിരിക്കുന്നു.'' നാലു മാസമായിട്ടും ഗര്‍ഭത്തിന്റെതായ യാതൊരു ലക്ഷണവും എനിക്ക് തോന്നിയിരുന്നില്ല. ഒരുപക്ഷേ, ദൈവത്തിന്റെ അദ്ഭുതമായിരിക്കും. (ഒന്നുമറിയാതെ അഡോണിസ് ചാര്‍മിളയുടെ മടിയിലിരുന്ന് ചിരിച്ചു)

ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്ന് പ്രാര്‍ഥിക്കാന്‍ എന്തു തെറ്റാണ് ചാര്‍മിള ചെയ്തത്?

ഞാനെന്റെ അച്ഛനെയും അമ്മയെയും ധിക്കരിച്ചു. അവര്‍വെച്ച നിയന്ത്രണങ്ങള്‍ എന്റെ നല്ല ഭാവി ആഗ്രഹിച്ചാണെന്ന് മനസ്സിലാക്കാതെ ഞാനവരുമായി വഴക്കിട്ടു. അച്ഛന്‍ എന്നെയോര്‍ത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട്.

വെറ്ററിനറി ഡോക്ടറായിരുന്നു എന്റെ അച്ഛന്‍ മനോഹരന്‍. എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെയും അമ്മ ഹൈസിന്റെയും ആ ഗ്രഹം. ഞാന്‍ സിനിമാനടിയാകുക എന്നത് സ്വപ്‌നം കാണാന്‍പോലും ആഗ്രഹിച്ചിരുന്നില്ല അവര്‍. പക്ഷേ, യാദൃച്ഛികമായി ബാലാജിഅങ്കിള്‍ വഴി (മോഹന്‍ലാലിന്റെ ഭാര്യയുടെ അച്ഛന്‍) ഞാന്‍ 'ധന'ത്തില്‍ ലാലേട്ടന്റെ നായികയായി. ആ ഒരു സിനിമ കഴിഞ്ഞാല്‍ ഞാന്‍ തനിയെ അഭിനയം നിര്‍ത്തിക്കൊള്ളുമെന്നാണ് അച്ഛന്‍ കരുതിയത്. പക്ഷേ, ഫാന്‍സും പ്രശസ്തിയുമൊക്കെ ആയപ്പോള്‍ സിനിമ എന്നെ ഭ്രമിപ്പിക്കാന്‍ തുടങ്ങി. നാലഞ്ച് സിനിമകള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, ''നിന്റെ ആഗ്രഹംപോലെ നീ സിനിമയില്‍ അഭിനയിച്ചു. ഇനി അഭിനയം നിര്‍ത്തണം. കുടുംബജീവിതത്തെക്കുറിച്ച് ചിന്തിക്കണം.''

അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ് 10 വര്‍ഷത്തിനു ശേഷമാണ് ഞാന്‍ ജനിക്കുന്നത്. കാത്തിരുന്ന് കിട്ടിയ കുട്ടിയായതുകൊണ്ട് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു അച്ഛന്. അച്ഛന്‍ ചെറുതായൊന്ന് വഴക്ക് പറഞ്ഞാല്‍പ്പോലും എനിക്ക് സഹിക്കില്ല. അതുകൊണ്ട് എന്റെ ആഗ്രഹത്തിന് വിപരീതമായി ഒന്നും അച്ഛന്‍ പറയാറുമില്ല. സിനിമ ഉപേക്ഷിക്കണമെന്ന അച്ഛന്റെ നിലപാട് എന്നെ വേദനിപ്പിച്ചു. സിനിമയില്‍ തുടരണമെന്ന് ഞാന്‍ വാശിപിടിച്ചു. പിന്നെ അതേച്ചൊല്ലി സ്ഥിരം വഴക്കായി. അച്ഛന്‍ എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്ന് എനിക്കു തോന്നി. ഈയൊരു മാനസികാവസ്ഥയാണ് എന്നെ ആത്മാര്‍ഥതയില്ലാത്ത പ്രണയബന്ധത്തിലേക്ക് തള്ളിവിട്ടത്.

അച്ഛനോട് കാണിച്ച തെറ്റ് മനസ്സിലാക്കുമ്പോഴേക്കും വൈകിപ്പോയി. ഞാന്‍ നല്ലൊരു കുടുംബിനിയായി കഴിയണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. ഇപ്പോള്‍ അച്ഛന്‍ ആഗ്രഹിച്ചപോലുള്ള ജീവിതം എനിക്ക് കിട്ടി. പക്ഷേ, അതു കാണാന്‍ അച്ഛനില്ല. അച്ഛന്‍ മരിച്ചിട്ട് ഇത് അഞ്ചാം വര്‍ഷമാണ്.

ചുവരില്‍ തൂക്കിയ അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി ചാര്‍മിള കണ്ണു തുടച്ചു. എന്നിട്ട് ഫോട്ടോയില്‍ കൈതൊട്ട് അവര്‍ പറഞ്ഞു, ''സോറി പപ്പാ''. മനസ്സില്‍ വിഷമം വരുമ്പോഴൊക്കെ ഞാനിങ്ങനെ ചെയ്യും. അച്ഛനോട് സോറി പറഞ്ഞാല്‍ അല്പം ആശ്വാസം കിട്ടും. ചാര്‍മിള ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ഹൃദയത്തില്‍ നിന്നെന്നപോലെ തുടര്‍ന്നു, ''ഒരു പെണ്‍കുട്ടിക്ക് അവളുടെ അച്ഛനമ്മമാരുടെ വാക്കുകളേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്ന് എന്നെ അനുഭവങ്ങള്‍ പഠിപ്പിച്ചു. എന്റെ ജീവിതം മറ്റുള്ളവര്‍ക്കെങ്കിലും ശരിതെറ്റുകള്‍ മനസ്സിലാക്കാനുള്ള പ്രചോദനം നല്‍കട്ടെ എന്നാണെന്റെ പ്രാര്‍ഥന.''

സിനിമയില്‍ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴുമുണ്ടോ?

എല്ലാ പെണ്‍കുട്ടികളും ചതിക്കിരയാകുന്നുണ്ടോ എന്നു ചോദിച്ചാല്‍ അറിയില്ല. പക്ഷേ, ചതിക്കിരയാവുന്നതിലധികവും പെണ്‍കുട്ടികളാണ്. ഒരുപക്ഷേ, കാര്യങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടെങ്കില്‍ ചിലപ്പോള്‍ ചതികളില്‍ നിന്നൊക്കെ വഴുതിമാറി രക്ഷപ്പെടാന്‍ കഴിയും. സ്വയം തിരിച്ചറിവ് ഇല്ലാത്ത പ്രായത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു. ആദ്യം ചിലരെന്നെ പ്രണയിച്ച് വഞ്ചിച്ചു. പിന്നെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സിനിമയില്‍ തിരിച്ചുവന്നപ്പോള്‍ ഞാന്‍പോലുമറിയാതെ എന്നെ മോശം വേഷങ്ങളില്‍ തളച്ചിട്ടു.

അക്കാലത്ത് ചില എ. സര്‍ട്ടിഫിക്കറ്റ് സിനിമകളിലും ചാര്‍മിള അഭിനയിച്ചല്ലോ?

അതിനുപിറകിലും ചതിയായിരുന്നു. 'കുളിര്‍കാറ്റ്' എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോള്‍ അതൊരു എ സര്‍ട്ടിഫിക്കറ്റ് സിനിമയാണെന്ന് എന്നോടു പറഞ്ഞിരുന്നില്ല. ആ സിനിമയില്‍ എനിക്ക് നായികാവേഷമായിരുന്നു. ഞാന്‍ അഭിനയിച്ചിട്ട് തിരിച്ചുപോയശേഷം എന്നോടു പറയുകപോലും ചെയ്യാതെ നടി ഷക്കീലയേയും അതിലേക്ക് കാസ്റ്റ് ചെയ്തു. സിനിമയുടെ കഥ മുഴുവനായി മാറ്റി. സിനിമ തിയേറ്ററില്‍ എത്തിയ ശേഷമാണ് അതില്‍ ഷക്കീല അഭിനയിച്ചതും എ സര്‍ട്ടിഫിക്കറ്റ് സിനിമയാണതെന്നതും ഞാനറിയുന്നത്. ആ സിനിമയില്‍ ഒരു സീനില്‍ പോലും ഞാന്‍ മോശമായി അഭിനയിച്ചിട്ടില്ല. എന്നിട്ടും സെക്‌സ് സിനിമയിലെ നായികയെന്ന ലേബല്‍ എനിക്കു വന്നു.

പഴയ ആത്മഹത്യാശ്രമത്തെക്കുറിച്ചൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്തു തോന്നുന്നു?

ഞാനെന്തൊരു മണ്ടിയായിരുന്നു എന്നു തോന്നും. മറ്റൊരാളെ വിശ്വസിച്ചു. അയാളെന്നെ വഞ്ചിച്ചു. അതിന് നമ്മള്‍ ജീവിതം അവസാനിപ്പിച്ചിട്ട് എന്തു കാര്യം? മാനസികമായി തകര്‍ന്നപ്പോള്‍ ഇതൊന്നും ആലോചിക്കാന്‍ തോന്നിയില്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നവരാണ് എല്ലാവരുമെങ്കില്‍ ലോകത്തെ ഭൂരിഭാഗം പേരും ഇപ്പോഴേ ആത്മഹത്യ ചെയ്തുകഴിഞ്ഞു കാണുമെന്ന് ഒരിക്കല്‍ നടി ഉണ്ണിമേരി എന്നോടു പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ചു. ശരിയാണല്ലോ. ഒരിക്കലെങ്കിലും എന്തെങ്കിലും ടെന്‍ഷന്‍ അനുഭവിക്കാത്തവരായി ആരുണ്ട്. അവരൊന്നും ആത്മഹത്യ ചെയ്തില്ലല്ലോ. എനിക്ക് ജീവിച്ചു കാണിക്കണം എന്ന വാശിയായി പിന്നെ. ഇപ്പോള്‍ മോന്റെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോള്‍ ഞാന്‍ വെറുതെ ആലോചിക്കും. അന്നു ഞാന്‍ മരിച്ചിരുന്നെങ്കില്‍ ഇത്രയും മനോഹരമായ പുഞ്ചിരി കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടുമായിരുന്നില്ലല്ലോ എന്ന്.

പ്രതിസന്ധികാലത്ത് സിനിമക്കാര്‍ ആരെങ്കിലും സഹായിച്ചോ?

മനസ്സുതകര്‍ന്ന എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് നടി ഉണ്ണിമേരി ചേച്ചിയാണ്. ദൈവത്തോട് അടുത്തുനില്‍ക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും അവരാണെനിക്ക് പ്രചോദനം തന്നത്. വേദനിക്കുന്ന മനസ്സിന് ആത്മീയത നല്ല മരുന്നാണെന്ന് അവരിലൂടെ ഞാനറിഞ്ഞു. സെന്റ് ആന്റണീസ് ചര്‍ച്ചിലും സെന്റ് ജൂഡ് പള്ളിയിലുമൊക്കെ ഉണ്ണിമേരി ചേച്ചിക്കൊപ്പം ഞാനും പോകാറുണ്ട്. സെന്റ് ജൂഡ് എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റത്തിന്റെ നന്ദിയായാണ് മോന് ഞാന്‍ അഡോണിസ് ജൂഡ് എന്ന് പേരിട്ടത്.

എന്നെ ആശ്വസിപ്പിക്കാന്‍ മനസ്സു കാണിച്ച മറ്റൊരാള്‍ നടി മോഹിനിയാണ്. പ്രശ്‌നങ്ങളില്‍ നീറിപ്പുകയുന്ന എന്റെ ജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ് മോഹിനി എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. അതുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. ഞാന്‍ ഗര്‍ഭിണിയായ സമയത്ത് എനിക്ക് ഭക്ഷണം കൊണ്ടുതന്നതും സഹായിച്ചതുമൊക്കെ മോഹിനിയാണ്. പ്രസവിച്ച ശേഷവും കുഞ്ഞിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു അവര്‍. ഇപ്പോള്‍ ഞാനവരുടെ വളരെ അടുത്ത കൂട്ടാണ്. ഞാനെപ്പോഴെങ്കിലും രാജേഷുമായി പിണങ്ങി എന്നറിഞ്ഞാല്‍ മോഹിനി വിളിക്കും, 'പിണക്കം ഇപ്പോള്‍ തീര്‍ത്തേക്കണം. രാജേഷ് എന്റെ സഹോദരനാണ്. അവനെ വിഷമിപ്പിക്കുന്നത് എനിക്കിഷ്ടമല്ല' എന്നു പറയും.

പ്രണയകഥയിലെ നായകന്‍ ബാബു ആന്റണിയോട് പ്രതികാരം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. പ്രണയം നിരസിച്ചപ്പോഴും ഇപ്പോഴും എനിക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നിയിട്ടില്ല. കാരണം എല്ലാവര്‍ക്കും എല്ലാ ഗുണങ്ങളും ഉണ്ടാകണമെന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയുള്ളൂ. ഒരിക്കല്‍ എന്റെ അച്ഛന് ഹാര്‍ട്ട്അറ്റാക്ക് വന്നു. ആ സമയം എന്റെ കൂടെ കേരളത്തില്‍ ലൊക്കേഷനിലായിരുന്നു അച്ഛന്‍. അച്ഛനെ അന്ന് ആസ്​പത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. വേണമെങ്കില്‍ അതൊന്നും കണ്ടില്ലെന്നു നടിച്ച് അദ്ദേഹത്തിന് മാറിനില്‍ക്കാമായിരുന്നു. അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതു ചെയ്തില്ല. ആ കടപ്പാട് അദ്ദേഹത്തോട് എനിക്കുണ്ട്. അടുത്തകാലത്ത് 'അമ്മ'യുടെ ഒരു യോഗത്തില്‍വെച്ച് ഞാനദ്ദേഹത്തെ കണ്ടു. ഞങ്ങള്‍ പരസ്​പരം വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് പിരിഞ്ഞത്.

ഭാവിയെക്കുറിച്ച് ചാര്‍മിളയുടെ സ്വപ്‌നങ്ങള്‍?

കുഞ്ഞിന്റെ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ കൂടെയുണ്ടാവണം. രാവിലെ പോയി വൈകീട്ട് തിരിച്ചെത്താന്‍ കഴിയുന്ന രീതിയില്‍ അഭിനയത്തില്‍ തുടരാനാണ് പ്ലാന്‍. മോന് ഒന്നര വയസ്സല്ലേ ആയുള്ളു. എങ്കിലും രാത്രി ഞാന്‍ വരാതെ അവന്‍ ഉറങ്ങാറില്ല. മോനെ നല്ല രീതിയില്‍ വളര്‍ത്തണം. അവന് എന്റെ ഛായയാണെന്ന് രാജേഷ് പറയുന്നു. എങ്കില്‍ വലുതായാല്‍ അവനെയൊരു സൂപ്പര്‍സ്റ്റാറാക്കണം. എനിക്ക് കഴിയാതെ പോയത് അവനിലൂടെ സാധിക്കുമെന്ന് ഞാന്‍ സ്വപ്‌നം കാണുന്നു.