MATHRUBHUMI RSS
Loading...
അച്ഛനെയാണ് എനിക്കിഷ്ടം
മധു.കെ.മേനോന്‍

'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലെ നായിക ആന്‍ അഗസ്റ്റിന്‍ വീട്ടില്‍ ശരിക്കുമൊരു ആണ്‍കുട്ടിയാണ്...


'അഗസ്റ്റിന് മക്കള്‍ എത്രയാ?', സിനിമാ സുഹൃത്തുക്കള്‍ ചോദിക്കുമ്പോള്‍ അഗസ്റ്റിന്‍ പറയും, ''ഒരു പെണ്‍കുട്ടിയും ഒരു 'ആന്‍'കുട്ടിയും.'' ഇളയമകള്‍ ആനിന് വീട്ടില്‍ ഒരു ആണ്‍കുട്ടിയുടെ സ്ഥാനമാണ് അഗസ്റ്റിന്‍ നല്‍കിയിരിക്കുന്നത്. അതിന് കാരണമുണ്ട്. ഒരു ആണ്‍കുട്ടിയില്ലാത്തതിന്റെ കുറവ് അഗസ്റ്റിന്‍ ഇപ്പോള്‍ അനുഭവിക്കാത്തത് ആന്‍ വീട്ടിലുള്ളതുകൊണ്ടാണ്.

പക്ഷാഘാതം ശരീരം തളര്‍ത്തിയപ്പോഴും അച്ഛന്റെ മനസ്സ് തളരാതെ നോക്കി ആന്‍. കൃത്യസമയത്ത് മരുന്നു കഴിക്കാതെ ഉഴപ്പുന്നതു കണ്ടാല്‍ അച്ഛനാണെന്നൊന്നും നോക്കാതെ കണ്ണുരുട്ടി പേടിപ്പിച്ചുകളയും ആന്‍. അച്ഛന്റെ മദ്യപാനത്തിന് ബ്രേക്കിടാനും അവള്‍ പ്രയോഗിച്ചത് ആണ്‍കുട്ടിയുടെ തന്ത്രമാണ്. ''അച്ഛന്‍ ഇനി മദ്യപിച്ചാല്‍ ഗായത്രി ബാറില്‍ ഞാനുമുണ്ടാകും അച്ഛനൊപ്പം മദ്യപിക്കാന്‍. മകള്‍ ബാറില്‍ കയറി മദ്യപിച്ചെന്ന് ചീത്തപ്പേര് കേള്‍ക്കേണ്ട എന്നുണ്ടെങ്കില്‍ കുടി എന്നന്നേക്കുമായി നിര്‍ത്തിക്കോണം.'' മകളെ കൃത്യമായി അറിയുന്നതുകൊണ്ട് അഗസ്റ്റിന്‍ കുടി നിര്‍ത്തി. 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലെ നായികക്ക് വീട്ടിലും എല്‍സമ്മയുടെ റോള്‍!
കോഴിക്കോട് സിവില്‍സ്‌റ്റേഷനടുത്തുള്ള 'ബത്‌ലഹേം' എന്ന വീട്ടില്‍ അച്ഛനും മകളും മനസ്സുതുറന്ന് സംസാരിക്കുന്നു.

എല്‍സമ്മ കലക്കിയല്ലോ?

അഗസ്റ്റിന്‍: ഒരിക്കലും ഒരു പുതിയ കുട്ടി അഭിനയിക്കുന്നപോലെ തോന്നിയില്ല. അതൊരു നല്ല ലക്ഷണമാണ്. എനിക്കൊക്കെ പേടിമാറാന്‍ എത്രയോ കാലമെടുത്തു. അതുവെച്ച് നോക്കുമ്പോള്‍ കൊള്ളാമെന്ന് തോന്നുന്നു.

ആന്‍: ഹാവൂ... അച്ഛന്റെ വായില്‍ നിന്ന് ഇങ്ങനെയൊന്ന് കേള്‍ക്കണമെന്ന് ഞാനെത്ര കൊതിച്ചതാണ്.

അച്ഛന്റെ ആഗ്രഹമാണോ ആനിനെ സിനിമയിലെത്തിച്ചത്?

അഗസ്റ്റിന്‍: എന്റെ മക്കള്‍ ഒരിക്കലും സിനിമയില്‍ വരരുതെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍. ഏതു കാര്യവും എന്റെ അനുഭവം വെച്ചാണ് ഞാന്‍ ചിന്തിക്കാറ്. സിനിമ ഒരു ഉറച്ച തൊഴിലല്ല. പെണ്‍കുട്ടികളുടെ മനസ്സില്‍ സിനിമാമോഹം കയറിയാല്‍, പിന്നെ പഠനം മുടങ്ങും, മറ്റു ജോലികള്‍ക്ക് പോകാനുള്ള താല്പര്യം കുറയും. ലൊക്കേഷനിലെ ഭക്ഷണം ഒരു ദിവസം കിട്ടിയാല്‍ മതി. പിന്നെ അതിന് ഭയങ്കര കൊതിയാണ്. അത് കിട്ടാതെ വന്നാല്‍ നിരാശയാകും.

ആന്‍: ഞാനും സിനിമാനടിയാകണമെന്ന് ആഗ്രഹിച്ചതല്ല. ഒരു സൈക്കോളജിസ്റ്റ് ആകാനാണ് എനിക്കിഷ്ടം. മനോവൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടി ജോലി ചെയ്യണം. ബാംഗ്ലൂരില്‍ പഠിക്കുന്ന കാലത്ത് അവിടത്തെ ആശാലയത്തില്‍ ഞാന്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു. അവിടുത്തെ കുട്ടികള്‍ക്കൊപ്പം ഞാനൊരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊക്കെ ചെയ്തതെങ്കിലും ഇപ്പോള്‍ അതുതന്നെ ജോലിയാക്കിയാലോ എന്നാലോചിക്കുകയാണ് ഞാന്‍.

പിന്നെ സിനിമ ചെയ്യാന്‍ എന്തായിരുന്നു പ്രേരണ?

ആന്‍: ലാലുവങ്കിളിനെ ഞാന്‍ ചെറുപ്പംതൊട്ടേ കാണുന്നതാണ്. അച്ഛന്റെ അടുത്ത കൂട്ടുകാരനാണ് അങ്കിള്‍. ഒരു ദിവസം അങ്കിള്‍ വിളിച്ചു, 'നിന്റെ സ്വഭാവത്തിന് ചേരുന്ന ഒരു കഥാപാത്രമാണ് എന്റെ സിനിമയിലെ എല്‍സമ്മ. എന്താ ചെയ്യുന്നോ?' എന്ന് ചോദിച്ചു. നീ അഭിനയിക്കേണ്ട, ക്യാമറക്ക് മുന്നില്‍ ജീവിതത്തിലേതുപോലെ പെരുമാറിയാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ലാലുവങ്കിളിന്റെ സിനിമയായതുകൊണ്ട് അച്ഛനും താല്പര്യമായി.

അഗസ്റ്റിന്‍: എല്‍സമ്മയുടെ ലൊക്കേഷനില്‍ ഞാനും പോയിരുന്നു. ഇപ്പോഴത്തെ കുട്ടികളൊക്കെ ഭാഗ്യം ചെയ്തവരാണ്. ലൊക്കേഷനില്‍ എല്ലാവരും ഭയങ്കര ഫ്രണ്ട്‌ലിയാണ്. പ്രൊഡക്ഷന്‍ ബോയ് മുതല്‍ മെയിന്‍ ആര്‍ട്ടിസ്റ്റ് വരെ ഒരു കുടുംബം പോലെ. പണ്ട് ഞാനൊക്കെ അഭിനയം തുടങ്ങുന്ന കാലത്ത് സിനിമയുടെ വളരെ ദൂരത്ത് നില്‍ക്കാനെ സാധിച്ചിരുന്നുള്ളൂ. ഓരോ ഷോട്ടും കഴിഞ്ഞാല്‍ ആരും കാണാത്ത ഏതെങ്കിലും മൂലയിലേക്ക് മാറിനില്‍ക്കും. നായകനുമായിട്ടും സംവിധായകനുമായിട്ടുമൊക്കെ സംസാരിക്കാന്‍ പോലും പേടിയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ നിന്ന് ലൊക്കേഷനിലേക്ക് പോവുക എന്നു പറഞ്ഞാല്‍ അമ്മവീട്ടില്‍ നിന്ന് അച്ഛന്റെ വീട്ടിലേക്ക് പോകുന്നപോലെയാണ്.

മകള്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അച്ഛന്റെ ഉപദേശം എന്തായിരുന്നു?

അഗസ്റ്റിന്‍: അറിയാത്ത കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി ചെയ്യുക, ദൈവത്തോട് പ്രാര്‍ഥിക്കുക എന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
ആന്‍: 'നീയെന്റെ പേര് മോശമാക്കരുത്' എന്നും അച്ഛന്‍ പറഞ്ഞു.

അഗസ്റ്റിന്‍: പേര് മോശമാക്കരുതെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട്. ചെറുപ്പക്കാര്‍ക്ക് സിനിമയില്‍ അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ബുദ്ധിമുട്ട് അറിയാതെ നടിയായ കുട്ടിയാണ് ഇവള്‍. മോള്‍ ലൊക്കേഷനിലേക്ക് പോയത് നിര്‍മാതാവ് അയച്ചുകൊടുത്ത ഇന്നോവ കാറിലാണ്. പണ്ട് ഞാന്‍ മദ്രാസില്‍ പോയത് നടന്‍ ബഹദൂറിന്റെ വിലാസമെഴുതിയ കുറിപ്പുമായിട്ട് കള്ളവണ്ടി കയറിയാണ്. രണ്ടും തമ്മില്‍ ഭയങ്കര വ്യത്യാസമുണ്ട്. സിനിമ സുഖമുള്ള ഏര്‍പ്പാടാണെന്ന് ധരിച്ചുപോയാല്‍ ആരും എവിടെയും എത്തില്ല.

അച്ഛനെ ഒരു സിനിമയിലെങ്കിലും നായകനായി കാണണമെന്ന് ആന്‍ ആഗ്രഹിച്ചിട്ടില്ലേ?

ആന്‍: അങ്ങനെയൊന്നുമില്ല. എന്നെ സംബന്ധിച്ച് അച്ഛന്റെ സന്തോഷമാണ് വലുത്. ചെറിയ റോളുകളില്‍ അച്ഛന്‍ തൃപ്തനായിരുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയില്‍ നായകനാകുന്ന അച്ഛനേക്കാള്‍, രണ്ടെണ്ണം വീശിയിട്ട് എന്നോട് ഗുസ്തി പിടിക്കാന്‍ വരുന്ന ആ പഴയ അച്ഛനെയാണ് എനിക്കിഷ്ടം.

അഗസ്റ്റിന്‍: സിനിമാഭ്രാന്ത് തലയ്ക്ക്പിടിച്ച് മദ്രാസിലേക്ക് വണ്ടികയറുമ്പോള്‍ എന്റെ സ്വപ്‌നത്തിലെ സ്‌ക്രീനില്‍ ഞാന്‍ നായകനായിരുന്നു. പക്ഷേ, മദ്രാസില്‍ ചെന്നപ്പോള്‍ മനസ്സിലായി ഞാന്‍ കണ്ട സ്വപ്‌നങ്ങളെല്ലാം മണ്ടത്തരമാണെന്ന്. വല്ലപ്പോഴും കിട്ടുന്ന ചെറിയ റോള്‍. അതു മാത്രമാണ് എന്നെത്തേടിവന്നത്. മദ്രാസ് ജീവിതത്തില്‍ പട്ടിണി ഒഴിഞ്ഞ ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല. ഇതിനിടെ കല്യാണം കഴിഞ്ഞു. പ്രാരാബ്ധങ്ങളായി. വെറുതെ മദ്രാസില്‍ നിന്നിട്ട ്കാര്യമില്ലെന്ന് മനസ്സിലാക്കി കോഴിക്കോട്ടേക്ക് തിരിച്ചുപോന്നു. അതിനുശേഷമാണ് എന്റെ ഭാഗ്യം തെളിയുന്നത്. ഇപ്പോള്‍ നൂറിലേറെ സിനിമകള്‍ ചെയ്തു. പക്ഷേ, ഒന്നില്‍പ്പോലും മെയിന്‍ റോള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല.

ഇപ്പോള്‍ മോള്‍ ആദ്യസിനിമയില്‍ നായികയായി. ഏത് അച്ഛനും ഉണ്ടാകുന്ന സന്തോഷം എനിക്കുമുണ്ട്. ഇതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നും നായകനാകാത്തതില്‍ എനിക്ക് വിഷമമുണ്ടെന്ന്. ഒരിക്കലുമില്ല. ചെയ്ത വേഷങ്ങളില്‍ നൂറുശതമാനം സംതൃപ്തനാണ് ഞാന്‍. എന്നെ സംബന്ധിച്ച് രണ്ടു മൂന്നു മണിക്കൂര്‍ കൊണ്ട് പണിതീര്‍ത്ത് ഒന്നു 'മിനുങ്ങി' സംതൃപ്തിയോടെ കിടന്നുറങ്ങാന്‍ പറ്റുന്ന അഭിനയമേ സാധിക്കൂ. ഒരിക്കല്‍ ഒരു പത്രക്കാരന്‍ എന്നോട് ചോദിച്ചു, 'ജീവിതത്തില്‍ ചെയ്യണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വേഷം ഏതാണ്?' എന്ന്. ഞാന്‍ പറഞ്ഞു, കോമാ സ്‌റ്റേജില്‍ കിടക്കുന്ന ഒരു രോഗിയായിട്ട് അഭിനയിക്കണമെന്ന്. കാരണം അധികം മേക്കപ്പ് വേണ്ട, ഡയലോഗ് പറയേണ്ട, അഭിനയിക്കേണ്ട. നീണ്ടു നിവര്‍ന്ന് കിടന്നാല്‍ മതി. പിന്നെ, കണ്ണില്‍ നിന്ന് അല്പം കണ്ണീര്‍ വരണം. അതിന് ഇത്തിരി ഗ്ലിസറിന്‍ തേച്ചാല്‍ മതി. സംവിധായകന്‍ പാക്ക് അപ് പറഞ്ഞാല്‍ ചാടിയെണീറ്റ് ഇട്ട ഡ്രസ് പോലും മാറ്റാതെ ബാറിലേക്ക് ഓടാം. കഷ്ടകാലത്തിന് ബുദ്ധിജീവികള്‍ അവാര്‍ഡ് നിര്‍ണയിക്കുന്ന സമയത്ത് 'കണ്ണില്‍ സ്​പാര്‍ക്ക് വന്നത് നന്നായിരുന്നു, കരച്ചില്‍ കരളലിയിച്ചു' എന്നൊക്കെ പറഞ്ഞ് അവാര്‍ഡ് വരെ കിട്ടാനുള്ള ചാന്‍സുമുണ്ട്.

പക്ഷേ, ആ റോള്‍ ഇതുവരെ കിട്ടിയില്ല. എങ്കിലും അതേ കിടപ്പല്ലേ ഇപ്പോള്‍ ജീവിതത്തില്‍ കിടക്കുന്നത്

ഒരു നിമിഷം അഗസ്റ്റിന്റെ കണ്ണുകള്‍ നിറഞ്ഞു. തളര്‍ന്നുപോയ വലതുകൈ പതുക്കെ ഉയര്‍ത്താന്‍ ശ്രമിച്ചു. ആന്‍ അടുത്ത് ചെന്ന് അച്ഛന്റെ കൈപിടിച്ചു, 'വേണ്ട, എന്നെ പിടിക്കേണ്ട. നിന്റെ സഹായമൊന്നും വേണ്ട എനിക്ക് എണീക്കാന്‍', അഗസ്റ്റിന്‍ രോഗത്തോട് പരിഭവിച്ചു.

അച്ഛന്റെ കാര്യത്തില്‍ ആന്‍ വളരെ പൊസസീവ് ആണല്ലോ?

ആന്‍: ഇളയകുട്ടി ആയതുകൊണ്ടാകാം അല്പം പൊസസീവ്‌നെസ് അച്ഛനോട് എനിക്കുണ്ട്. ഇപ്പോള്‍ പോലും അച്ഛന്‍ മറ്റുകുട്ടികളെ എടുക്കുന്നതും ഓമനിക്കുന്നതും ഞാന്‍ സഹിക്കില്ല. അച്ഛനും ചേച്ചിയേക്കാള്‍ എന്നെയാണ് ഇഷ്ടം. കാരണം എന്റെയും അച്ഛന്റെയും ടേസ്റ്റുകള്‍ പലതും ഒന്നാണ്. ജീവിതം അടിച്ചുപൊളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാനും അച്ഛനും. അമ്മയും ചേച്ചിയും മറിച്ചാണ്. മുമ്പൊക്കെ ഒഴിവുസമയം കിട്ടുമ്പോള്‍ കാറെടുത്ത് ടൗണില്‍ കറങ്ങലായിരുന്നു എന്റെയും അച്ഛന്റെയും പണി. പിന്നെ അച്ഛനെനിക്ക് കപ്പ ബിരിയാണി വെച്ചുതരും. ഇപ്പോള്‍ അച്ഛന് വയ്യാതായപ്പോള്‍ അതൊക്കെ നിന്നുപോയി.

കഴിഞ്ഞ ദിവസം ഞാനച്ഛനോട് ചോദിച്ചു, 'ഞാന്‍ കല്യാണം കഴിച്ച് പോയാല്‍ അച്ഛന്റെ കൂട്ട് ഇല്ലാതാകുമല്ലോ' എന്ന്. അച്ഛന് ഭയങ്കര വിഷമമായി. അച്ഛന്‍ പറഞ്ഞു, ''വിക്കി കല്യാണം കഴിക്കണ്ട. വേണമെങ്കില്‍ എന്‍ഗേജ് ചെയ്തുവെച്ചോ. ഞാന്‍ മരിച്ചിട്ട് കല്യാണം കഴിച്ചാല്‍ മതിയെന്ന്.'' കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു, 'ഇനിയങ്ങനെ പറഞ്ഞാല്‍ നല്ല നുള്ള് വച്ചുതരും'. അപ്പോള്‍ അച്ഛന്‍ മിണ്ടാതിരുന്നു.

അഗസ്റ്റിന്‍: കുട്ടികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചേ ഞാനവരെ വളര്‍ത്തിയിട്ടുള്ളൂ. വെറുതെ നിയന്ത്രണങ്ങള്‍ വെച്ചിട്ട് എന്തു കാര്യം? നിയന്ത്രണങ്ങള്‍ വെച്ചും അടിച്ചും വളര്‍ത്തിയാല്‍ കുട്ടികള്‍ നന്നാകുമെങ്കില്‍ ലോകത്ത് ഏറ്റവും നല്ല കുട്ടി ഞാനാകുമായിരുന്നു. അച്ഛന്റെ കൈയില്‍ നിന്ന് അത്രക്ക് അടി ഞാന്‍ വാങ്ങിച്ചിട്ടുണ്ട്. അച്ഛന്‍ പറഞ്ഞ ഒരു കാര്യം പോലും ഞാന്‍ അനുസരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഞാന്‍ മദ്രാസില്‍ പോവുന്നതിന് അച്ഛന്‍ എതിരായിരുന്നു, സിനിമയില്‍ അഭിനയിക്കുന്നതിന് എതിരായിരുന്നു. ഇതൊക്കെ ഞാന്‍ ചെയ്തു. പക്ഷേ, ആ സിനിമയാണ് പിന്നീടെനിക്ക് ജീവിതമാര്‍ഗമായത്.

പ്രതിസന്ധി കാലത്ത് സുഹൃത്തുക്കളുടെ സഹായം ഉണ്ടായില്ലേ?

അഗസ്റ്റിന്‍: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സ്‌ട്രോക്ക് വന്നതാണ്. എണീക്കാന്‍ പോലും കഴിയാത്ത രീതിയില്‍ വലതുഭാഗം തളര്‍ന്നു. ഇതിനിടയിലായിരുന്നു മൂത്തമകള്‍ ജീതുവിന്റെ വിവാഹം. സാമ്പത്തികമായും മാനസികമായും അന്നെന്നെ സഹായിച്ചത് സിനിമയിലെ എന്റെ സുഹൃത്തുക്കളാണ്. 'അമ്മ'യും സഹായിച്ചു. അര്‍ഹിച്ചതിലേറെ സഹായം എനിക്ക് കിട്ടി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സുഹൃത്തുക്കള്‍ എന്നു പറയാന്‍ രഞ്ജിത്ത് മുതല്‍ക്കിങ്ങോട്ട് ഒരുപാട് പേരുണ്ട്. രഞ്ജിത്തിനോട് സംസാരിക്കുന്നതുപോലും സങ്കടം മറക്കാനുള്ള വഴിയാണ്. അവന്‍ ഒരിക്കലും ഒരു അസുഖക്കാരനായിട്ട് എന്നെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം വന്നിട്ട് ചോദിച്ചു, ''ഞാന്‍ യൂറോപ്പില്‍ പോകുന്നുണ്ട്. നീ പോരുന്നോ?''

ഞാന്‍ പറഞ്ഞു, 'ഈ കയ്യും കാലും വെച്ച് എങ്ങനെ വരാന്‍?' അപ്പോള്‍ മൂപ്പര് പറയാണ്, 'നിന്റൊരു കൈയും കാലും... കോപ്പ്... അതൊരു പ്രശ്‌നമേയല്ല. നീ പോരുന്നോ. അതു മാത്രം പറഞ്ഞാല്‍ മതി.' ഇങ്ങനെയുള്ള വാക്കുകളൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കൊരു ആശ്വാസമാണ്.

ആന്‍: സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോഴാണ് അച്ഛന്‍ ഏറെ സന്തോഷിക്കാറുള്ളത്. അച്ഛനൊരു തീരുമാനം എടുക്കുമ്പോള്‍ അതില്‍ രഞ്ജിത് അങ്കിളിന്റെയും ശശിയങ്കിളിന്റെയും ശ്യാമങ്കിളിന്റെയുമൊക്കെ അഭിപ്രായം ഉണ്ടാകും. അവരെയൊന്നും അച്ഛന്റെ ഫ്രന്‍സ് എന്ന മട്ടിലല്ല ഞങ്ങള്‍ കണ്ടിട്ടുള്ളത്. അവരൊക്കെ ഞങ്ങള്‍ക്ക് വീട്ടിലെ അംഗങ്ങള്‍ തന്നെയാണ്.

ഇനി സിനിമയില്‍ സജീവമാകാനാണോ ആനിന്റെ തീരുമാനം?

ആന്‍: ഞാനിപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. സൈക്കോളജി പി.ജി.ചെയ്യണമെന്നുണ്ട്. പുതിയ സിനിമകളൊന്നും തല്‍ക്കാലം കമ്മിറ്റ് ചെയ്തിട്ടില്ല.

അഗസ്റ്റിന്‍: സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണം. അതിനൊരു നല്ല ജോലി കണ്ടെത്തണം എന്നേ ഞാന്‍ ഉപദേശിക്കാറുള്ളൂ. അവളുടെ ആഗ്രഹംകൊണ്ട് അവള്‍ സിനിമ ചെയ്തു. ഇനി തുടര്‍ന്നഭിനയിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്‌തോട്ടെ. ഇക്കാര്യത്തില്‍ ഞാനൊരിക്കലും നിര്‍ബന്ധിക്കില്ല.

'അച്ഛന്‍ കുട്ടി'ക്ക് അമ്മയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ആന്‍: എനിക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ അച്ഛന്‍ നടനാണ്. അച്ഛന്റെ തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കാന്‍ അമ്മ കാണിച്ച ധൈര്യവും ആത്മാര്‍ഥതയും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അച്ഛന്‍ അടുത്തില്ലാത്തതിന്റെ കുറവ് ഞങ്ങള്‍ക്ക് ഒരിക്കലും തോന്നിയിരുന്നില്ല. അമ്മ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ച് നടപ്പാക്കിയിരുന്നത്.


അഗസ്റ്റിന്‍: എന്റെ ഭാര്യയോട് എനിക്ക് സ്‌നേഹത്തേക്കാളേറെ നന്ദിയാണ്. ഞാന്‍ ജീവിതത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവരോടാണ്.സാമ്പത്തികമായി സഹായിക്കുക എന്നല്ലാതെ വീട്ടില്‍ കുട്ടികളുടെ കാര്യത്തില്‍ പോലും എനിക്ക് വേണ്ട ശ്രദ്ധ ചെലുത്താന്‍ സാധിച്ചിരുന്നില്ല. രണ്ടു പെണ്‍കുട്ടികളെ പഠിപ്പിച്ച് അന്തസ്സായി വളര്‍ത്തിക്കൊണ്ടുവരിക എന്നുപറയുന്നത് വലിയ ഉത്തരവാദിത്വമാണ്. എന്റെ ഭാര്യ അതില്‍ വിജയിച്ചു. എന്നിട്ടും ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഞാന്‍ ദേഷ്യപ്പെടുന്നത് എന്റെ ഭാര്യയോടാണ്. ചികിത്സക്കായി ഞാന്‍ വൈദ്യമഠത്തില്‍ പോയപ്പോള്‍വൈദ്യര് ആദ്യം ചോദിച്ചത് 'വിവാഹിതനാണോ?' എന്നാണ്. അതെ എന്നു പറഞ്ഞപ്പോള്‍ 'ഭാര്യ കൂടെതന്നെ ഉണ്ടോ?' എന്ന് ചോദിച്ചു. ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ വൈദ്യര് പറഞ്ഞു, 'ഹാവൂ... സന്തോഷായി' എന്ന്. ഭാര്യയില്ലെങ്കില്‍ ജീവിതത്തിലൊരു താങ്ങ് ഉണ്ടാവില്ല എന്നാണ് വൈദ്യര് ഉദ്ദേശിച്ചത്. ആ ഭാര്യയോടാണ് ഞാന്‍ കൂടുതല്‍ ദേഷ്യപ്പെടുന്നത്. നമ്മളെ ബാത്ത്‌റൂമില്‍ കൊണ്ടുപോകാന്‍ പോലും ഭാര്യ വേണം. എന്നിട്ടും ഭാര്യയെ കൊല്ലാനുള്ള ദേഷ്യമാണ് പലപ്പോഴും. പക്ഷാഘാതം വന്ന പലര്‍ക്കും ഇങ്ങനെയുണ്ടെന്നാണ് കേട്ടത്. സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല, ഇത് അസുഖത്തിന്റെ ഭാഗമാണെന്ന് ഭാര്യ മനസ്സിലാക്കിയാല്‍ മതിയായിരുന്നു.

ചേച്ചി ജീതുവിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

ആന്‍: അവളിപ്പോള്‍ ഭര്‍ത്താവിനൊപ്പം കാനഡയിലാണ്. ഞാനും ജീതുവും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്. എങ്കിലും അവളെനിക്കൊരു ഫ്രണ്ടിനെപ്പോലെയാണ്. ചിലപ്പോള്‍ അവളൊരു ചേച്ചിയുടെ റോളിലേക്ക് മാറാന്‍ ശ്രമിക്കും. അപ്പോഴെനിക്ക് ദേഷ്യംവരും. പിന്നെ വഴക്കാകും. അവളെ മിസ് ചെയ്യുന്നതിന്റെ വിഷമമുണ്ട്.

ഒരു നിമിഷം അഗസ്റ്റിന്‍ ഓര്‍മയിലേക്ക് വീണു. 'കഴിഞ്ഞ ദിവസം ഞാനൊരു സ്വപ്‌നം കണ്ടു. രണ്ടു വയസ്സുള്ള ജീതുവിനെ. അക്കാലത്ത് അവള്‍ക്കൊരു ചുവന്ന ഉടുപ്പുണ്ടായിരുന്നു. സൈഡ് ഇത്തിരി കീറിയത്. അതൊക്കെ അതുപോലെ തന്നെ ഞാന്‍ കണ്ടു. രാവിലെ ഞാന്‍ മോളെ വിളിച്ചു. പക്ഷേ, സ്വപ്‌നത്തിന്റെ കാര്യമൊന്നും പറഞ്ഞില്ല.'