MATHRUBHUMI RSS
Loading...
പ്രണയം മറച്ചുവെക്കേണ്ട കാര്യമില്ല
ശര്‍മിള

ഒരു തമാശപോലെ സിനിമയില്‍ എത്തി. പിന്നെ അവിടെത്തന്നെയായി ജീവിതം. ഇപ്പോള്‍ മറ്റെന്തിനേക്കാളും സിനിമയെ പ്രണയിക്കുന്ന ഭാവനയുടെ തന്റേടം നിറഞ്ഞ വെളിപ്പെടുത്തലുകള്‍...


ഒരു മാസത്തെ അമേരിക്കന്‍ ട്രിപ്പ് കഴിഞ്ഞെത്തിയതേയുള്ളൂ ഭാവന. അടുത്ത ആഴ്ച ഒരു കന്നട പടത്തിന്റെ സോങ് ഷൂട്ടിന് ഇറ്റലിക്ക് പോവുകയാണ്. ഇടയില്‍ കിട്ടിയ കുറച്ചു ദിവസങ്ങള്‍ നാട്ടിലും വീട്ടിലുമായി... 'ഗൃഹലക്ഷ്മി'യുടെ കവര്‍ഷൂട്ടിന് കൊച്ചിയിലെത്തിയ ഭാവന പുതിയ ഫോമിലായിരുന്നു. സൂപ്പര്‍ബോഡി ഷെയിപ്പ്. തന്റേടവും ആത്മവിശ്വാസവും നിറഞ്ഞ പെരുമാറ്റം.

യു.എസ്. ട്രിപ്പ് അടിച്ചുപൊളിച്ചോ?

പിന്നെ! മുപ്പത്തഞ്ച് ദിവസം ശരിക്കും അടിച്ചുപൊളിച്ചു. ദിലീപ് ഷോ 2010-നുവേണ്ടിയായിരുന്നു യു.എസ്സില്‍ പോയത്. ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ, കാവ്യ, സലിംകുമാര്‍... എല്ലാവരുമുണ്ടായിരുന്നു. അമേരിക്കയില്‍ പോവുക എന്റെ കുറെക്കാലമായുള്ള ആഗ്രഹമാണ്.

യാത്ര ആസ്വദിക്കുന്ന ആളാണല്ലേ!

ഉം... മരിക്ക്‌ണേന്റെ മുന്‍പ് ലോകത്തിലുള്ള എല്ലാ സ്ഥലങ്ങളും കാണണമെന്ന് ആഗ്രഹമുണ്ട്. വിദേശത്തു പോവുമ്പോള്‍ നമ്മള് ഹിസ്റ്ററിയിലൊക്കെ പഠിച്ചിട്ടുള്ള ഓരോ സ്ഥലങ്ങള്‍ പോയി കാണും. ഫോട്ടോ എടുക്കും. യാത്രയുടെ ഓര്‍മയ്ക്ക് എന്തെങ്കിലുമൊരു സുവനീര്‍ വാങ്ങാറുണ്ട് ഞാന്‍. അമേരിക്കയില്‍നിന്നും ഭംഗിയുള്ള ഒരു 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' വാങ്ങി.

തമിഴിലെ പുതിയ പടങ്ങള്‍?

ഞാന്‍ ഇപ്പൊ ചെയ്ത തമിഴ് പടം 'അസ്സല്‍' ആണ്. അജിത്തിന്റെ കൂടെയുള്ള മൂവി. അതിനുശേഷം ഒരു കന്നടപടം ലഭിച്ചു. എന്റെ ആദ്യ കന്നട ചിത്രം. പുനീത് രാജ്കുമാറിന്റെ നായികയായി. തമിഴില്‍ പുതിയ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടില്ല. ഇനി കഥ കേള്‍ക്കാന്‍ പോവ്വാണ്. ചിലര്‍ കഥ ഇ-മെയിലില്‍ അയച്ചുതരും. ചിലര്‍ നേരിട്ട് കണ്ട് പറയും.

അന്യഭാഷാപടങ്ങളില്‍ എല്ലാ മലയാളി നടിമാരും വിജയിക്കുന്നില്ല. ഭാവന വേഗം പച്ചപിടിച്ചു. എന്താണ് രഹസ്യം?

ഞാന്‍ തമിഴിലെ ഹൈലി സക്‌സസ്ഫുള്‍ നായികയാണെന്നൊന്നും പറയുകയല്ല. തമിഴില്‍ എന്റെ ആദ്യപടം 'ചിത്തിരംപേശുതടി' ഹിറ്റായിരുന്നു. അതില്‍ ഞാന്‍ സോളോഹീറോയിന്‍ ആയിരുന്നു. അതുകൊണ്ടായിരിക്കാം പിന്നെയും അവസരങ്ങള്‍ വന്നത്. വെയില്‍, ദീപാവലി, ആര്യ, അര്‍ച്ചന... എല്ലാം ശ്രദ്ധിക്കപ്പെട്ടു.

ആരാധകരുടെ സമ്മാനങ്ങള്‍ പതിവുണ്ടോ?

എന്റെ റൂമില്‍ കുറെ ഭംഗീള്ള ബൊമ്മക്കുട്ട്യോളുണ്ട്. എനിക്ക് ആരാധകര്‍ അയച്ചുതരുന്നതാണ്. എനിക്ക് മിക്ക മാസങ്ങളിലും ബൊമ്മക്കൂട്ടീനെ അയച്ചുതരുന്ന ഒരു ആരാധകനുണ്ട്. അതാരാന്ന് അറിയില്ല. പേരൊന്നും വെയ്ക്കില്ല. ഇന്നാളൊരു ദിവസം വീട്ടിലൊരാള് വന്നിട്ട് എനിക്കൊരു വലിയ കരടിക്കൂട്ടീടെ ബൊമ്മ കൊണ്ടുവന്നുതന്നു. നല്ലൊരു ടെഡ്ഡി ബിയര്‍! ഇപ്പഴാ ഞാന്‍ പാവകളെ സൂക്ഷിക്കാന്‍ പഠിച്ചത്. കുട്ടിക്കാലത്തെ പാവകളെല്ലാം ഞാനപ്പപ്പോള്‍ നശിപ്പിക്കുമായിരുന്നു. ഒരിക്കല്‍ കുട്ടിയായിരുന്നപ്പോള്‍, എനിക്ക് കിടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന പാവയെ അച്ഛന്‍ വാങ്ങിച്ചുതന്നു. പിറ്റേ ദിവസം ഞാനതിനെ കുളിപ്പിക്കാന്‍ ബക്കറ്റിലെ വെള്ളത്തിലിട്ട് സോപ്പിട്ട് കഴുകി കുളമാക്കി. അതിനൊരു ഭ്രാന്തി ലുക്കായിപ്പോയി പിന്നെ. മുടിയൊക്കെ ഷോക്കടിച്ചപോലെ. എന്റെ ചേട്ടന്‍ തിരിച്ചാണ്. ഇപ്പഴുമുണ്ട് വീട്ടില്‍ ചേട്ടന്റെ കളിപ്പാട്ടങ്ങള്‍.

ചേട്ടനിപ്പോള്‍ എവിടെയാണ്?

പഠിക്ക്യാണ്. കാനഡയില്‍. കോഴ്‌സ് കഴിഞ്ഞു. ഇപ്പോള്‍ അവിടെത്തന്നെ ജോലിക്ക് ശ്രമിക്കുകയാണ്.

ഭാവന പഠനം തുടര്‍ന്നില്ലേ?

എനിക്ക് പ്ലസ് ടുവിന് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. ഡിഗ്രിക്ക് ജോയിന്‍ ചെയ്‌തെങ്കിലും സിനിമയിലെ തിരക്കുകള്‍ കാരണം തല്‍ക്കാലം നിര്‍ത്തി.

തമിഴില്‍ നല്ല കാശല്ലേ. ലൈഫ് സ്റ്റൈലൊക്കെ തീര്‍ത്തും മാറ്റിയോ?

ലൈഫ് മാറി. തീര്‍ച്ചയായും സൗകര്യങ്ങള്‍ കൂടി. വീട്, കാറ്, സമ്പാദ്യം... ഇപ്പോള്‍ ഒരു ടൊയോട്ടാ കൊറോളയുണ്ട്. സത്യത്തില്‍ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാറുകളുണ്ട്. പക്ഷേ, കാറിനുവേണ്ടി അത്ര പൈസ മുടക്കാനൊന്നും എനിക്ക് താല്‍പര്യമില്ല. അത് ഡെഡ് മണിയാണ്. റീസെയില്‍ വാല്യു കുറയും. എന്നാല്‍, വീടോ സ്ഥലമോ വാങ്ങിയാല്‍ അതവിടെ നില്‍ക്കും. ഞാന്‍ കൂടുതലും ഇന്‍വെസ്റ്റ് ചെയ്തത് ലാന്‍ഡിലാണ്. പെട്ടെന്ന് മറിച്ചുവില്‍ക്കുകയൊന്നുമില്ല.

ഇപ്പോഴും മലയാളിത്തം മനസ്സിലുണ്ടോ? 'മലയാളി പെണ്‍കുട്ടി' എന്ന സങ്കല്പം?

മലയാളി പെണ്‍കുട്ടി എന്നൊരു സങ്കല്പമുണ്ടോ? ഇല്ലല്ലോ... ഇപ്പോ... മുല്ലപ്പൂ ചൂടി... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാനും മു ല്ലപ്പൂ ചൂടാറുണ്ട്. പക്ഷേ, മലയാളി പെണ്‍കുട്ടി എന്ന ഇമേജിനോട് എനിക്ക് വലിയ താല്‍പര്യമില്ല. ഓണം എന്നു പറഞ്ഞാല്‍ പഴയ സ്‌കൂള്‍ വെക്കേഷനാ മനസ്സില്‍ വരിക. പത്തു ദിവസം പഠിക്കേണ്ട, കളിച്ച് നടക്കാലോ എന്ന ആശ്വാസം! അല്ലാതെ മൂവീസില് കാണുംപോലെ പൂക്കളമിട്ാ... അങ്ങനെയൊന്നൂല്ല. കഴിഞ്ഞ ഓണം ഒരു തെലുങ്ക് സെറ്റിലായിരുന്നു. തെലുങ്കര്‍ ചോദിച്ചു; സദ്യ ഉണ്ടാക്കിത്തരട്ടെ എന്നൊക്കെ. കേരളത്തിലെത്താഞ്ഞിട്ട് വിഷമമില്ലേ എന്ന്. എനിക്ക് അങ്ങനെ ഓണത്തിന് വീട്ടിലെത്തണമെന്ന് വാശിയൊന്നൂല്ല. ഞാന്‍ ടെന്‍ത് കഴിഞ്ഞ അന്ന് തുടങ്ങിയതല്ലേ ഈ കറക്കം.

ഭാവനയുടെ 'ദുഷ്യാന്താ...' പാട്ട് ഹിറ്റായല്ലോ. കുട്ടികള്‍ വരെ മൂളിനടക്കുന്നു.

ഇന്നാള്‍ ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴുണ്ട് കുറച്ച് പിള്ളേര്‍ എന്നെ കണ്ടയുടന്‍ 'ടൊണ്‍ടഡായിങ്...', എന്ന്. 'ദുഷ്യന്താ'യും 'ടൊണ്‍ടഡായിങ്ങും' ഒരു പോലെ ഹിറ്റായി. തമിഴ് നടി തമന്ന ഒരു ഫിലിം ജര്‍ണലിസ്റ്റിന്റയടുത്ത് പറഞ്ഞുവത്രെ, അവര്‍ക്ക് ഈ ടൊണ്‍ടഡായിങ് ഭയങ്കര ഇഷ്ടായീന്ന്; ഭാവനയെയും ഇഷ്ടമാണ്, അന്വേഷണം പറയണം എന്നൊക്കെ.

'ദുഷ്യന്താ...' പാട്ടുസീനില്‍ ഷോര്‍ട്ട് ഡ്രസ്സിട്ട ഭാവനയെക്കണ്ട് നാട്ടുകാരും ബന്ധുക്കളും അഭിപ്രായം മാറ്റിയോ?

അവര്‍ക്ക് മോശമായ അഭിപ്രായമൊന്നുമില്ല. ഡ്രസ് ധരിച്ച് കണ്ണാടി നോക്കി തൃപ്തി തോന്നിയാലേ ഞാനത് ഉപയോഗിക്കൂ. എനിക്ക് കംഫര്‍ട്ടബ്ള്‍ അല്ലാത്ത ഒരു വേഷവും ഞാനിന്നേവരെ ധരിച്ചിട്ടില്ല.

കരിയറിന്റെ തുടക്കത്തില്‍ എക്‌സ്‌പോസ്ഡ് ആയി അഭിനയിക്കാന്‍ പറഞ്ഞാല്‍ ഭാവന തയ്യാറാകുമായിരുന്നില്ലല്ലോ...

ആക്ച്വലി തുടങ്ങിയ സമയത്ത് എനിക്ക് ബള്‍ക്കി ബോഡിയായിരുന്നു. തമിഴില്‍ പോവുന്നതിനു മുന്‍പുവരെ എനിക്ക് മലയാളത്തില്‍ കിട്ടിയതെല്ലാം സെക്കന്റ് ഹീറോയിന്‍ റോളുകളാണ്. അന്നൊന്നും ഷോര്‍ട്ട് ഡ്രസ്സ് ഇടേണ്ടുന്ന മോഡേണ്‍ കഥാപാത്രങ്ങളെ കിട്ടിയിട്ടുമില്ല. കിട്ടിയിരുന്നെങ്കില്‍ കംഫര്‍ട്ടബ്ള്‍ ഡ്രസ്സിട്ട് ഞാനഭിനയിക്കുമായിരുന്നു. അല്ലെങ്കിലും ഞാന്‍ മുന്‍പും വീട്ടിലൊക്കെ ചെറിയ ട്രൗസേഴ്‌സൊക്കെയിട്ട് നടക്കുന്ന ആളാണ്. അന്ന് മൂവീസില്‍ അങ്ങനെയൊന്നും അഭിനയിച്ചില്ലെന്നേ ഉള്ളൂ.

ഭാവന സിനിമയില്‍ വന്നിട്ട് കുറച്ചുവര്‍ഷങ്ങളായി. ഇപ്പോള്‍ അപ്പിയറന്‍സ് തന്നെ വളരെ മാറി. ബോള്‍ഡായി സംസാരിക്കാന്‍ കഴിയുന്നു. കൂടുതല്‍ സ്റ്റൈലിഷ് ആയി. മാറ്റങ്ങളെപ്പറ്റി സ്വയം ആലോചിക്കാറുണ്ടോ?

ഉണ്ട്. ഞാനാലോചിക്കാറുണ്ട്. വരുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഇപ്പോള്‍ വയസ്സ് 23 ആയി. അന്ന് തമാശമട്ടിലാണ് ഞാന്‍ ഷൂട്ടിങ്ങിനെത്തിയിരുന്നത്. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ പ്രൊഫഷണലായി. ചെയ്യുന്ന ജോലിയെക്കുറിച്ച് നല്ല ധാരണയുണ്ട്.

മലയാളം സിനിമ ഭാവനയെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പരിഭവമുണ്ടോ?

അവര്‍ക്ക് കഥാപാത്രങ്ങളുണ്ടെങ്കിലല്ലേ തരാനൊക്കൂ. കുറ്റം പറയാനാവില്ല. അല്ലെങ്കിലിപ്പൊ ഏതു പടത്തിലാണ് ഒരു നായികയ്ക്ക് കൂടുതല്‍ റോളുള്ളത്! എനിക്ക് മലയാളത്തില്‍ നല്ല ഒരുപാട് കഥാപാത്രങ്ങളെ കിട്ടിയിട്ടുണ്ട്; 'നമ്മള്‍', 'ക്രോണിക്ബാച്ചിലര്‍', 'സ്വപ്‌നക്കൂട്', 'ചിന്താമണികൊലക്കേസ്'... അതുകൊണ്ടാണ് ഇപ്പഴും എന്നെ ഒരു മലയാളി കാണുമ്പോള്‍ 'അതാ ഭാവന' എന്നു പറയുന്നത്. അല്ലെങ്കില്‍ മറന്നുപോവും. ഞാനതില്‍ ഹാപ്പിയാണ്.

അപ്പൊ ഭാവനയ്ക്ക് മലയാളത്തിലെന്താ തടസ്സം? മലയാള സിനിമയില്‍ കാണാനില്ലല്ലോ...

ഇല്ല, തടസ്സൊന്നൂല്ല. ഹാപ്പി 'ഹസ്ബന്‍ഡ്‌സ്' ചെയ്തല്ലോ? അതിനുശേഷവും എനിക്ക് രണ്ടുമൂന്ന് പടം വന്നു. പക്ഷേ, കഥ അത്ര താല്‍പര്യം തോന്നിയില്ല. പിന്നെ ഡേറ്റിന്റെ പ്രശ്‌നം. തമിഴിലും തെലുങ്കിലും ഓരോ മാസവും 15 ദിവസംവെച്ചാണ് ഷൂട്ടിങ്. ഇവിടെയാണെങ്കില്‍ ഒറ്റയടിക്ക് 40 ദിവസമൊക്കെ ഡേറ്റ് കൊടുക്കണം. അപ്പൊ എനിക്ക് പറ്റില്ല.

ഗോസിപ്പ് കേട്ട് ടെന്‍ഷനടിക്കാറുണ്ടോ?

എയ്... വല്ല പ്രേമവും ഉണ്ടെന്നാണ് ഗോസിപ്പെങ്കില്‍ എനിക്കത് ഒളിച്ചുവെക്കേണ്ട കാര്യമില്ല. പ്രേമം തെറ്റല്ലല്ലോ. പ്രേമമുണ്ടായാല്‍ ഞാനാദ്യം ചേട്ടനെ വിളിച്ച് 'ചേട്ടാ ഞാനിന്നൊരു ചുള്ളനെ കണ്ടു. നല്ല ഭംഗീണ്ട്. ആലോചിച്ചാലോ' എന്നു പറയും.

നടിമാര്‍ വിവാഹമോചിതരാവുന്ന വാര്‍ത്തകള്‍ കേട്ട് പേടി തോന്നിയിട്ടുണ്ടോ?

പേടിയില്ല. ഞാനാലോചിക്കാറുണ്ട് എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന്. പക്ഷേ, അറേഞ്ച്ഡ് മാര്യേജിലും ഡൈവോഴ്‌സ് ചെയ്യുന്നവര്‍ ഉണ്ടല്ലോ. അപ്പൊ ഒന്നിച്ച് ജീവിക്കുമ്പോഴുണ്ടാകുന്ന പൊരുത്തക്കേടുകളാണ് കാരണം. ഞാനെന്തിന് അതോര്‍ത്ത് മുന്‍കൂട്ടി ടെന്‍ഷനടിക്കണം!

ആരോടെങ്കിലും പ്രണയമുണ്ടോ?

ഇല്ല. അങ്ങനെയൊന്നൂല്ല... അങ്ങനെ ഒരു... ഇല്ലാന്ന് ഞാന്‍ കംപ്ലീറ്റായിട്ടങ്ങനെ പറയുന്നില്ല. അത് നുണയായിരിക്കും. പക്ഷേ, ഞാനിപ്പൊ
ഒരു കല്യാണത്തിനെപ്പറ്റിയിട്ടോ സെറ്റില്‍ ചെയ്യുന്നതിനെപ്പറ്റിയോ ആലോചിക്കുന്നില്ല. പങ്കാളി എല്ലാത്തിനും ഉപരി എന്നെ നന്നായി ഉള്‍ക്കൊള്ളുന്ന ഒരാളായിരിക്കണം. കാരണം, സിനിമാനടികള്‍ എന്നു പറയുമ്പോള്‍ ഇപ്പഴും നല്ലൊരു വിഭാഗം ജനങ്ങള്‍ക്ക് മോശമായ പല ചിന്തകളുമാണ്. നെറ്റിലൊക്കെ കയറിയാലത് ശ്രദ്ധിക്കാറുണ്ട്, കമന്റ്‌സൊക്കെ. വല്ലാതെ സങ്കടം വരും. നമ്മളും ഒരച്ഛനുമമ്മയ്ക്കും പിറന്ന കുടുംബത്തില്‍നിന്നും വന്ന ആള്‍ക്കാര്‍ തന്നെയാണ്.

നെറ്റില്‍ എന്താണ് കണ്ടത്?

എന്നെപ്പറ്റി എന്നല്ല, പല സിനിമാനടികളെപ്പറ്റിയും ഗോസിപ്പുകള്‍ കാണാം. കാരണം, ഞങ്ങള്‍ നടിമാര്‍ സിനിമയെ സ്‌നേഹിക്കുന്നവരാണ്. അഭിനയത്തെ ഒരു പ്രൊഫഷനായി കാണുന്നവരാണ്. ഇപ്പൊ മറ്റൊരു ട്രെന്‍ഡുമുണ്ട്. പിന്നെ എന്ത് പ്രശ്‌നം ഉണ്ടാകുമ്പോഴും അതിലൊരു നടിയുടെ പേരുകൂടി ചേര്‍ത്തു കാണാം. സിനിമാനടികള്‍ എന്നാല്‍ വേറെ ജനുസ്സില്‍പ്പെട്ടവരൊന്നുമല്ല. അവരും സാധാരണ പെണ്‍കുട്ടികള്‍ തന്നെയാണ്.

നടിമാര്‍ ഉള്‍പ്പെട്ട കേസ്സുകള്‍ ഉണ്ടല്ലോ?

ഒരു സിനിമയില്‍ ഒരു സീനില്‍ അഭിനയിച്ചവരെയും സിനിമാനടിയെന്നാ പറയുക. പക്ഷേ, അതുകൊണ്ട് എല്ലാ സിനിമാനടികളും മോശമാണെന്ന് പറയുന്നത് കഷ്ടമാണ്. 'ആ സിനിമാനടിയല്ലേ' എന്ന തെറ്റിദ്ധാരണയുമായി വരുന്നയാളെ ഞാന്‍ തീര്‍ച്ചയായും വിവാഹം കഴിക്കില്ല. ഇപ്പോ ഹിന്ദിസിനിമാ നടിമാരെ നോക്കിക്കഴിഞ്ഞാല്‍ അവര്‍ അവരുടെ തൊഴില്‍ ആവശ്യപ്പെടുന്നതാണ് ചെയ്യുന്നത്. അവര്‍ ടൂപീസ് ഇടുന്നത് അതവരുടെ തൊഴിലാണെന്ന ബോധത്തോടെയാണ്. അവര്‍ കല്യാണം കഴിച്ച് നന്നായി ജീവിക്കുകയും ചെയ്യും. തൊഴില്‍ വേറെ; ജീവിതം വേറെ.

പക്ഷേ, അവര്‍ കല്യാണം കഴിച്ചാലും അഭിനയിക്കുന്നുണ്ടല്ലോ...

ഉണ്ട്. എത്രയോ പേര്‍... കാജോള്‍ അഭിനയിക്കുന്നുണ്ട്. ഐശ്വര്യയും മാധുരി ദീക്ഷിതും അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നല്ല അവസരങ്ങള്‍ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കില്‍ കിട്ടുന്നില്ല.

ജ്യോതിര്‍മയിയെപ്പോലെ അപൂര്‍വം ചിലര്‍ നിലനില്‍ക്കുന്നു അല്ലേ?

വിവാഹം കഴിഞ്ഞിട്ടും അഭിനയിക്കാന്‍ തയ്യാറാവുന്ന എത്ര നടിമാര്‍ക്ക് ഇവിടെ അവസരങ്ങളുണ്ട്? ആര്‍ക്കുമില്ല. കാരണമറിയാന്‍ ഇവിടത്തെ ഹീറോസിന്റെ അടുത്തോ ഡയറക്‌ടേഴ്‌സിന്റെ അടുത്തോ ചോദിക്കേണ്ടിവരും. അവര്‍ കാസ്റ്റ് ചെയ്യുന്നില്ല. അതെന്തോ... അവര്‍ വിളിക്കുന്നില്ല. കല്യാണം കഴിഞ്ഞിട്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറുള്ള എത്രയോ പേര്‍ക്ക് ഇവിടെ അവസരങ്ങളില്ല.

വിവാഹം വേണോ അതോ പ്രൊഫഷന്‍ വേണോ എന്ന പ്രതിസന്ധിയിലാണോ ഭാവനയും?

അങ്ങനെയൊന്നൂല്ല. എന്നെ വിവാഹം കഴിക്കുന്നയാള് 'നീ ഇനി വീട്ടിലിരിക്കണം, ഇനി അഭിനയിക്കരുത്' എന്നു പറയുന്ന ഒരാളായിരിക്കില്ല. അത്രയും നേരോ മൈന്‍ഡ് ആയ ഒരാളെ ഞാന്‍ കല്യാണം കഴിക്കുകയുമില്ല. സപ്പോസ്, അങ്ങനെയൊരാളെ കിട്ടിയില്ലെങ്കില്‍, എനിക്ക് കല്യാണം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള കാര്യമൊന്നുമല്ല. 'നീ അങ്ങനെ ചെയ്തില്ലേ? ഇങ്ങനെ ചെയ്തില്ലേ' എന്നു പറയുന്ന ഒരാളോട് എനിക്ക് യാതൊരു താല്‍പര്യവുമില്ല. ഞാനെങ്ങനെയാണോ അങ്ങനെ എന്നെ ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ഞാന്‍ അയാളുടെ ഭൂതകാലത്തെക്കുറിച്ച് ഒന്നും നോക്കുന്നില്ല. ഞാന്‍ ചെലപ്പോ മേഡേണ്‍ ഡ്രസ്സിട്ട് അഭിനയിച്ചെന്നിരിക്കും. ചിലപ്പോ ഷോര്‍ട്ട് ഡ്രസ് ഇട്ടിട്ടുണ്ടാവും. ഹീറോവിന്റെകൂടെ റൊമാന്‍സ് ചെയ്തിരിക്കും. അതൊക്കെ എന്റെ തൊഴിലിന്റെ ഭാഗമാണ്.

അപ്പോള്‍ ജീവിതപങ്കാളി ഒരു നടന്‍ ആവുന്നതല്ലേ കൂടുതല്‍ നല്ലത്?

അങ്ങനെയൊന്നും എനിക്ക് താല്‍പര്യമില്ല. നടനെത്തന്നെ വിവാഹം കഴിക്കണം എന്നൊന്നുമില്ല. സിനിമയില്‍നിന്നായാലും പുറത്തു നിന്നായാലും എനിക്ക് പ്രശ്‌നമില്ല. എന്നെ മനസ്സിലാക്കുന്ന ആളാവണം.

ഫിഗര്‍ സൂക്ഷിക്കുന്നതെങ്ങനെ?

സത്യം പറഞ്ഞാല്‍ എനിക്കത്ര വലിയ ഫിഗറൊന്നുമില്ല. ബോളിവുഡ് ഹീറോയിന്‍സിനെ നോക്കി കുശുമ്പിക്കുന്ന ഒരാളാ ഞാന്‍. ശരീരം സൂക്ഷിക്കാന്‍ ഞാന്‍ കഷ്ടപ്പെടുന്നുണ്ട് എന്നത് സത്യമാണ്. ചോറ്, പാല്‍, കാപ്പി, ചായ ഒന്നും കഴിക്കാറില്ല. ചോക്കലേറ്റ്‌സും ഐസ് ക്രീമും മാക്‌സിമം ഒഴിവാക്കും.

അപ്പോ പിന്നെ എന്താ ഭക്ഷണം?

ചപ്പാത്തി, ഫ്രൂട്ട്‌സ്, ബോയില്‍ഡ് വെജിറ്റബിള്‍സ്, പീ നട്‌സ്, ഗ്രീന്‍ ടീ... ഗ്രീന്‍ ടീ ഒരുദിവസം രണ്ടുതവണ കഴിക്കും. പിന്നെ ഇടവേള വിട്ടുള്ള ദിവസങ്ങളില്‍ ജിമ്മിലും പോവും യോഗയും ചെയ്യും. ജിമ്മില്‍ രണ്ടര മണിക്കൂര്‍. യോഗ ചെയ്യാന്‍ അത്ര ക്ഷമ ഇല്ല. നല്ലോണം തിന്നുന്ന കാലത്ത് ഞാന്‍ ഉരുണ്ടിട്ട് ഒരു സിലിണ്ടറിനെപ്പോലിരിക്കും കാണാന്‍. ഇപ്പൊ 'നരന്‍' ടീവീല് വരുമ്പൊ ഞാന്‍ പറയും, 'ദൈവമേ എനിക്ക് കാണാന്‍ വയ്യ; ആ ചാനല് മാറ്റ്' എന്ന്. ഉരുണ്ടുരുണ്ട് ഒരു സാധനം ഇങ്ങനെ... ദാ കഴിഞ്ഞ ഒരു മാസം അമേരിക്കയില്‍ പോയപ്പോള്‍ ഞാന്‍ ജിമ്മിലൊന്നും പോയില്ല. ആ കഴിച്ചതെല്ലാം ഫാറ്റായിട്ട് അടിഞ്ഞുകൂടാന്‍ തുടങ്ങുന്നതേയുള്ളൂ. നാളെത്തൊട്ട് ജിം തുടങ്ങണം. അവിടെച്ചെന്ന് ഡയറ്റിങ്ങൊക്കെ കംപ്ലീറ്റ് വിട്ടിരുന്നു.

എന്തൊക്കെയാണ് ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍?

കുറെ പൊട്ട സിനിമകള്‍ ചെയ്ത് പേര് നശിപ്പിക്കണം എന്ന് ആഗ്രഹമില്ല. നല്ല അവസരങ്ങളുള്ള കാലത്തോളം അഭിനയിക്കണം. 'ഭാവനയ്ക്ക് കല്യാണം കഴിച്ച് പോവ്വാറായില്ലേ' എന്ന് പറയിപ്പിക്കില്ല.