അശ്വതി കൃഷ്ണ
മുംബൈയില്‍ ജനിച്ചുവളര്‍ന്ന തമന്നയുടെ പിന്നാലെയാണ് ഇന്ന് തമിഴ് സിനിമ...

കരീനയേക്കാള്‍ സുന്ദരിയെന്ന് നടന്‍ കാര്‍ത്തി തമന്നയെ വിശേഷിപ്പിച്ചല്ലോ?
എന്നോടത് കാര്‍ത്തി നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് ചിരിവന്നു, അതു കേട്ടപ്പോള്‍. ചേട്ടന്‍ സൂര്യയെപ്പോലെയല്ല, കാര്‍ത്തി. ചില്ലറ കുരുത്തക്കേടുകള്‍ ഒക്കെയുണ്ട്. കാര്‍ത്തിയുണ്ടെങ്കില്‍ സെറ്റിലാകെ കളിയും ചിരിയും ബഹളവുമായിരിക്കും. ആളെ വട്ടംകറക്കാനും വലിയ ഇഷ്ടമാണ് കാര്‍ത്തിക്ക്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. 'പയ്യാ'യില്‍ ഞങ്ങള്‍ക്കിടയിലെ കെമിസ്ട്രി നല്ലപോലെ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി പല സ്ഥലങ്ങളിലും പോവുകയും ചെയ്തിരുന്നു. അതൊക്കെ പലരിലും തെറ്റിദ്ധാരണയുണ്ടാക്കി. ഞങ്ങള്‍ പ്രണയത്തിലാണെന്നുവരെ ആളുകള്‍ പറഞ്ഞുനടന്നു.
സിനിമാ ഫീല്‍ഡില്‍ ആരോടെങ്കിലും മത്സരമുണ്ടോ?
അസിന്‍, തൃഷ, നയന്‍താര, ശ്രേയ ഇവരെല്ലാം പേരെടുത്ത ഇന്‍ഡസ്ട്രിയില്‍ തന്നെയാണ് ഞാനുമുള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ രീതിയുണ്ട്. ഇവരോടൊന്നും മത്സരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഞാനെന്റെ വഴിയില്‍ സന്തുഷ്ടയാണ്.
സിനിമയില്‍ ശരീരപ്രദര്‍ശനം അതിരുകടക്കുന്നില്ലേ?
നായകന്റെ ഹീറോയിസം കൊണ്ടുമാത്രം ഒരു ചിത്രവും ഇന്ന് വിജയിക്കില്ല. നായികയുടെ ശരീരപ്രദര്‍ശനം കൂടി ആവശ്യമാണ്. തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് ആവശ്യമായത് കൊടുക്കാന്‍ സിനിമക്കാര്‍ ബാധ്യസ്ഥരുമാണ്. ഗ്ലാമര്‍ എന്നപേരില്‍ എന്തു വേഷവും ഞാന്‍ കെട്ടാറില്ല. എന്റെ ശരീരത്തിനും കഥാപാത്രത്തിനും ഇണങ്ങുന്ന ഗ്ലാമര്‍ വേഷങ്ങളാണ് ഞാന്‍ അണിഞ്ഞിട്ടുള്ളത്. അവ ധരിക്കുമ്പോള്‍ സ്വയം കംഫര്‍ട്ടബ്ള്‍ ആണോ എന്ന് നോക്കും. ഞാന്‍ ധരിച്ച വസ്ത്രങ്ങള്‍ ബോറായെന്നോ തരംതാണുപോയെന്നോ ഇതുവരെ തോന്നിയിട്ടില്ല.
ഡേറ്റിങ്, ലേറ്റ്‌നൈറ്റ് പാര്‍ട്ടിഎന്നിവയൊക്കയായി ജീവിതം അടിപൊളിയായിരിക്കുമല്ലേ?
ഒരു നടിയാണ് എന്നുകരുതി ഞാനൊരു ഗ്ലാമറസ് ലൈഫ് ആഗ്രഹിക്കുന്നില്ല. പഠിക്കുന്ന കാലത്തുതന്നെ ഞാനല്‍പ്പം നാണംകുണുങ്ങിയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍പോലും കൂടുതലായി അണിഞ്ഞുതുടങ്ങിയത് സിനിമാ ഫീല്‍ഡില്‍ എത്തിയതോടെയാണ്. ഡേറ്റിങ്, നൈറ്റ് പാര്‍ട്ടികള്‍, ക്ലബ്ബ് ഇവയില്‍ നിന്നൊക്കെ കഴിവതും ഒഴിഞ്ഞുനില്‍ക്കും. എന്റെ ഫിലിം പബ്ലിസിറ്റിയുടെ ഭാഗമായുള്ള പരിപാടികളില്‍ മാത്രം സഹകരിക്കും.
ഇഷ്ടപ്പെട്ട സ്ഥലം?
കേരളം, ഗോവ. 'പയ്യ' കേരളത്തില്‍ ഷൂട്ട് ചെയ്തിരുന്നു. ചാലക്കുടിയില്‍. മനോഹരമായ സ്ഥലം. അന്ന് അവിടെ നിന്ന് കഴിച്ച കപ്പയുടെയും കറിയുടെയും രുചി ഇപ്പോഴും നാവിലുണ്ട്.
ഇതുവരെ ചെയ്തതില്‍ ഇഷ്ടപ്പെട്ട കഥാപാത്രം?
കല്ലൂരിയിലേയും ഹാപ്പി ഡേയ്‌സിലേയും കഥാപാത്രങ്ങള്‍ എനിക്കേറെ ഇഷ്ടമാണ്. മേക്കപ്പ് ഇല്ലാതെയാണ് ഞാന്‍ കല്ലൂരിയില്‍ അഭിനയിച്ചത്. ഈ ചിത്രം എനിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നേടിത്തന്നു. ആനന്ദതാണ്ഡവത്തിലെമധുമിതയേയും ഞാന്‍ ഇഷ്ടപ്പെടുന്നു.
ഇഷ്ടനടനും നടിയും?
ഋഥ്വിക് റോഷനും മാധുരി ദീക്ഷിതും. ഋഥ്വിക്കിന്റെ 'കഹോ നാ പ്യാര്‍ ഹേ', 'കൃഷ്' ഒക്കെ എനിക്കേറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. ഋഥ്വിക്കിന്റെ നായികയാവണം, അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം. അഭിനയത്തേക്കാള്‍ മാധുരിയുടെ ചിരിയാണ് എനിക്കിഷ്ടം. പിന്നെ, അവരുടെ കുസൃതി നിറഞ്ഞ അഭിനയവും.
കല്യാണം കഴിക്കുന്നില്ലേ?
എനിക്കിപ്പോള്‍ 22 വയസ്സ് കഴിഞ്ഞതേയുള്ളൂ. വിവാഹപ്രായമൊന്നുമായിട്ടില്ല. സമയമാകുമ്പോള്‍ ചിന്തിച്ചു തുടങ്ങിയാല്‍ പോരെ. അക്കാര്യങ്ങളൊക്കെ ഞാനെന്റെ കുടുംബത്തിന് വിട്ടുകൊടുക്കുന്നു.
കുടുംബം?
അച്ഛന്‍ സന്തോഷ് ഭാട്ടിയ മുംബൈയില്‍ ബിസിനസുകാരനാണ്. എന്നോടൊപ്പം അധികവും ലൊക്കേഷനില്‍ കൂട്ടുവരിക അച്ഛനാണ്. അമ്മ രജനി ഭാട്ടിയ, ഹൗസ് വൈഫാണ്. സഹോദരന്‍ ആനന്ദ് ഭാട്ടിയ.
കഥയോ കഥാപാത്രമോ മുഖ്യം?
എന്നെ സമീപിക്കുന്നവരോട് ഞാന്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതലായി ചോദിക്കാറില്ല. സംവിധായകന്‍ ആരെന്ന് നോക്കും. ഇന്‍ഡസ്ട്രിയില്‍ ഐഡന്റിറ്റി ഉണ്ടാക്കിയ ആളാവണം. ബാനര്‍, നടന്‍ ഇതും നല്ലതാണെങ്കില്‍ പിന്നെ ഒന്നും നോക്കില്ല.
സിനിമ തമന്നയെ മാറ്റിയില്ലേ?
ഒരു സിനിമാതാരം ആവുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. സൗന്ദര്യം, ശരീരഭംഗി അതൊക്കെ നിലനിര്‍ത്താന്‍ കൃത്യമായി ശ്രമിക്കുന്നു.മുമ്പങ്ങനെയായിരുന്നില്ല. ഞാന്‍ നല്ല മടിച്ചിയായിരുന്നു. ശരീരസൗന്ദര്യത്തിലൊന്നും യാതൊരു ശ്രദ്ധയും കൊടുത്തിരുന്നില്ല.
ആദ്യത്തെ സിനിമ?
'ചാന്ദ് സെ റോഷന്‍ ചെഹ്‌ര'. ആ സിനിമ ചെയ്യുമ്പോള്‍ 13 വയസ്സായിരുന്നു എനിക്ക്. പിന്നീട് ധാരാളം പരസ്യചിത്രങ്ങളിലും മറ്റും അഭിനയിച്ചു. ഫെയര്‍ ആന്റ് ലവ്‌ലി, ശക്തി മസാല, ആര്‍.എം.കെ.വി, സണ്‍ ഡയറക്ട് തുടങ്ങി കുറേ പരസ്യങ്ങള്‍.
പുതിയ സിനിമകള്‍
കാര്‍ത്തി, ധനുഷ് എന്നിവര്‍ക്കൊപ്പം ഓരോ തമിഴ് ചിത്രങ്ങള്‍. അല്ലു അര്‍ജുന്‍, നാഗ് ചൈതന്യ എന്നിവര്‍ക്കൊപ്പം ഓരോ തെലുങ്ക് ചിത്രവും.


NEWS LETTER
RSS
VIDEO










