സി.എം.ബിജു
ചെറുതെങ്കിലും തിളങ്ങുന്ന വേഷങ്ങളിലൂടെ നമ്മുടെ ഹൃദയത്തില്‍ കയറിക്കൂടിയ നടിയാണ് സോന നായര്‍...
തിരുവനന്തപുരം നാലാഞ്ചിറയിലെ വീട്ടില്‍ സന്തോഷവതിയാണ് സോന നായര്‍. സിനിമ തന്ന സൗഭാഗ്യമായി പുതിയവീട്. പ്രൈംടൈമില്‍ മൂന്ന് സീരിയലുകള്‍, പ്ലസ്ടു, നല്ലവന്‍, സര്‍ക്കാര്‍ കോളനി തുടങ്ങി പുതിയ സിനിമകള്‍. രണ്ടു പതിറ്റാണ്ടുമുമ്പ് സീരിയലിലെ കൊച്ചുവേഷങ്ങളിലൂടെയായിരുന്നു സോനയുടെ തുടക്കം. ഇപ്പോള്‍ 45 മെഗാസീരിയലുകള്‍, 50ലേറെ സിനിമകള്‍. ഈ സന്തോഷങ്ങള്‍ക്കിടയിലും സോനയ്ക്ക് ഉള്ളിലൊരു പരിഭവമുണ്ട്. മലയാളസിനിമയില്‍ തന്നെ നായികാവേഷങ്ങളിലേക്കൊന്നും പരിഗണിച്ചില്ലെന്ന്. സോനയുടെ മനസ്സിലൂടെ..21 വര്‍ഷമായി അഭിനയലോകത്തുണ്ട് സോന. ഇനിയും അര്‍ഹിച്ച വേഷങ്ങള്‍ കിട്ടിയില്ലെന്ന് തോന്നുന്നുണ്ടോ?
ലാലേട്ടന്റെയോ മമ്മൂക്കയുടെയോ നായികയാവാന്‍ എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ, സിനിമാക്കാര്‍ എന്നെ അത്തരം റോളുകളിലേക്ക് പരിഗണിച്ചില്ല. ടിവിയില്‍ സ്ഥിരം വരുന്ന മുഖമായതുകൊണ്ടാവാം. അതോര്‍ക്കുമ്പോള്‍ ദുഃഖം തോന്നും. സീരിയല്‍ എന്റെ കരിയറില്‍ ഉണ്ടാക്കിയ തിരിച്ചടിയാണിത്. ഇപ്പോള്‍ ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇനി ഒരുപാട് സീരിയലുകളില്‍ അഭിനയിക്കേണ്ടെന്ന്.
സോനയെ നായികയാക്കാന്‍ മലയാളസിനിമ തയ്യാറായില്ല. പക്ഷേ, അന്യഭാഷാനടിമാര്‍ മലയാളത്തില്‍ വന്ന് നായികയായി വിലസിപ്പോവുന്നുമുണ്ട്.
നായികാവേഷങ്ങള്‍ ചെയ്യാന്‍ അല്പം ഗ്ലാമറസ്സാവേണ്ടിവരും. അതിന് അന്യഭാഷ നടിമാരെ തയ്യാറാവൂ. പഴശ്ശിരാജയില്‍ കനിഹയും പത്മപ്രിയയും ചെയ്ത വേഷങ്ങളില്‍ മലയാള നടിമാര്‍ അഭിനയിക്കുമോ. കാവ്യാമാധവനോ ഭാവനയോ അതിന് തയ്യാറാവുമോ. അതുകൊണ്ട് അത്തരം വേഷങ്ങള്‍ വരുമ്പോള്‍ അന്യഭാഷക്കാര്‍ തന്നെ വേണം.
എന്നെ നായികയാക്കാത്തതിന് കാരണം നേരത്തേ വീട്ടമ്മയായതുകൊണ്ടാവാം. അഭിനയരംഗത്തെത്തിയപ്പോഴേ എന്റെ വിവാഹം കഴിഞ്ഞു. വിവാഹത്തിന് മുന്‍പായിരുന്നെങ്കില്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ എനിക്കാരെയും പരിഗണിക്കേണ്ടിയിരുന്നില്ല. മുപ്പതു വയസ്സിലൊക്കെയായിരുന്നു വിവാഹമെങ്കില്‍ അഞ്ചാറ് ചിത്രങ്ങളില്‍ ഞാനും നായികയായേനെ.
എന്നെങ്കിലും അഭിനയരംഗത്തെത്തുമെന്ന് സ്വപ്‌നം കണ്ടിരുന്നോ?
സ്‌കൂളില്‍ പഠിക്കുമ്പോള്‍ പാട്ടിനും നൃത്തത്തിനുമൊക്കെ ധാരാളം സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അതു കണ്ട് പലരും അമ്മയോടു പറഞ്ഞിരുന്നു. 'സോനയ്ക്ക് അഭിനയിക്കാനുള്ള ഭാഗ്യമുണ്ടാവുമെന്ന്'. പക്ഷേ ഒരു ബാങ്ക് മാനേജരാവണമെന്നായിരുന്നു കുഞ്ഞുനാളിലൊക്കെ എന്റെ സ്വപ്‌നം. പണം കാണുന്നതും എണ്ണുന്നതുമെല്ലാമാണ് ഇഷ്ടങ്ങള്‍. ഡിഗ്രിയൊക്കെ കഴിഞ്ഞ് നിറയെ ബാങ്ക് ടെസ്റ്റുകളെഴുതിയിട്ടുണ്ട്.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. എന്റെ ക്ലാസ്‌മേറ്റായിരുന്നു സുചിത്ര; നമ്പര്‍ 20 മദ്രാസ് മെയിലിലെ ലാലേട്ടന്റെ നായിക. ഷൂട്ടിങ് വിശേഷങ്ങളുമായി അവള്‍ കോളേജില്‍ വന്ന ദിവസം. കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട് ഞങ്ങള്‍ കൂട്ടുകാരികള്‍.
എപ്പോഴാണ് അഭിനയമോഹം സഫലമാവുന്നത്?
ഒരു കല്യാണവീട്ടില്‍ വെച്ച് കാലടി ഓമനചേച്ചിയെ കാണാനിടയായി. ചേച്ചി ചോദിച്ചു, സോനയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടോയെന്ന്. ഞാന്‍ തലയാട്ടി. അല്‍പദിവസം കഴിഞ്ഞ് ടി.എസ്. സജി എന്ന സംവിധായകന്‍ വിളിക്കുന്നു. 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന സീരിയലിലേക്കാണ്. ഗണേഷ്‌കുമാറായിരുന്നു എനിക്കൊപ്പം ആദ്യ സീനില്‍. ഡോക്ടറായ അദ്ദേഹത്തിന്റെ കുഞ്ഞുപെങ്ങളാണ് ഞാന്‍. പരിശോധനാമുറിയില്‍ കയറി ഞാന്‍ സ്റ്റെതസ്‌കോപ്പെടുക്കും. അതു കണ്ടുവരുന്ന ഗണേഷേട്ടന്‍ എന്റെ ചെവി പിടിച്ച് തിരിക്കും. ഇപ്പോഴും എവിടെ കാണുമ്പോഴും ചേട്ടനാദ്യം പറയും ഞാനന്ന് ചെവി പിടിച്ചതുകൊണ്ടാണ് സോനയ്ക്ക് അഭിനയത്തിലിങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞതെന്ന്. പിന്നെ ടെലിഫിലിമുകളിലും സീരിയലിലും ഒരുപാടവസരങ്ങള്‍ കിട്ടി. ദൂരദര്‍ശനിലെ മിക്ക സീരിയലുകളിലും അന്ന് എനിക്ക് വേഷമുണ്ടായിരുന്നു. ജ്വാല, ചാരുലത, അങ്ങാടിപ്പാട്ട്...അങ്ങനെ ഒത്തിരി സീരിയലുകള്‍.
സിനിമയിലെത്താന്‍ പിന്നെയും വൈകിയോ?
സീരിയലില്‍ അഭിനയിച്ച് അഞ്ച് വര്‍ഷത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. 1996ല്‍ സത്യന്‍ അന്തിക്കാടിന്റെ 'തൂവല്‍കൊട്ടാര'ത്തില്‍. സെറ്റിലെത്തിയ ഞാന്‍ സത്യേട്ടനോട് ചോദിച്ചു. 'എന്നെ ഓര്‍മയുണ്ടോ, ഞാന്‍ ചേട്ടന്റെ സിനിമയില്‍ മുന്‍പും അഭിനയിച്ചിട്ടുണ്ട്.' അത് കേട്ടപ്പോള്‍ സത്യേട്ടന്‍ നിന്നു പരുങ്ങുകയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സിനിമാഭിനയം. അന്ന് രാവിലെ സ്‌കൂളിലെത്തിയപ്പോള്‍ വലിയ ആള്‍ക്കൂട്ടം. അധ്യാപകരൊക്കെ പറയുന്നതു കേട്ടു ഷൂട്ടിങ്ങാണ്, മോഹന്‍ലാലും ശോഭനയുമൊക്കെ ഉണ്ടെന്ന്. അസംബ്ലിയായിരുന്നു അന്ന്. ഞാനാണ് പ്രാര്‍ത്ഥന ചൊല്ലുന്നത്. ആ സീനും സിനിമയില്‍ വന്നു. അങ്ങനെ ടി.പി. ബാലഗോപാലന്‍ എം.എ.യില്‍ എന്റെയും മുഖമുണ്ട്. കഥ കേട്ട സത്യേട്ടന്‍ പഴയ സിഡിയൊക്കെ നോക്കി. ഒരു സീനില്‍ മിന്നിമായുന്നൊരു പെണ്‍കുട്ടിയായി ഞാനുമുണ്ട്. ഇപ്പോള്‍ എവിടെ കാണുമ്പോഴും സത്യേട്ടന്‍ പറയും. 'ദാ, ഇത്രേം ഉള്ളപ്പോ എന്റെ സിനിമയില്‍ വന്ന കുട്ടിയാ. ഇപ്പൊ വലിയ ആളായിപ്പോയെന്ന്.'
'മാനസപുത്രി' അവസാനിച്ചിട്ടും അതിലെ 'സന്ധ്യാമേനോന്‍' ഇപ്പോഴും ആളുകളുടെ മനസിലുണ്ട്
എനിക്കും മറക്കാനാവാത്ത കഥാപാത്രമാണ് സന്ധ്യാമേനോന്‍. ഒരുപാട് പേര്‍ ഇഷ്ടമായെന്ന് പറഞ്ഞ വേഷം. മാനസപുത്രിയുടെ തുടക്കകാലത്തൊക്കെ ആ കഥാപാത്രത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു. 18 വയസായ കുട്ടിയുടെ അമ്മ. നോട്ടത്തിലും നടത്തത്തിലും ഭാവത്തിലുമൊക്കെ കര്‍ക്കശക്കാരി. പക്ഷേ, സ്‌നേഹം ഉള്ളിലൊളിപ്പിച്ച സ്ത്രീയാണ് സന്ധ്യാമേനോന്‍. അങ്ങനെ ആലോചിച്ചപ്പോള്‍ അതേ സ്വഭാവമുള്ളൊരാള്‍ തൊട്ടടുത്ത് ഇരിക്കുന്നു, എന്റെ അമ്മ. വാത്സല്യം ഉള്ളിലടക്കിപ്പിടിക്കുന്ന ആളായിരുന്നു അമ്മ. അമ്മയുടെ ഓരോ ചലനങ്ങളും ഞാന്‍ സന്ധ്യാമേനോനിലേക്ക് പകര്‍ത്തുകയായിരുന്നു.
ഇതേപോലെ കര്‍ക്കശക്കാരിയാണോ സോന നായര്‍?
ഏയ്, അല്ല. എപ്പോഴും ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. സെറ്റിലെത്തിയാല്‍ തമാശക്കൂട്ടങ്ങള്‍ക്കൊപ്പമാവും ഞാന്‍. മാമുക്കോയ, മാളച്ചേട്ടന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരൊക്കെയാണ് സ്ഥിരം കൂട്ട്. തമാശ കേട്ട് സ്വയം മറന്ന് ചിരിക്കുന്ന എന്നെയും അനുകരിക്കുന്ന ആളുണ്ട്, ജയസൂര്യ . സെറ്റില്‍ അമ്പിളിചേട്ടന്‍ (ജഗതി) ഇരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിലും എനിക്ക് ചിരിപൊട്ടും. ചേട്ടന്റെ നൂറു നൂറു തമാശ വേഷങ്ങള്‍ നമ്മുടെ ഉള്ളിലേക്കോടിയെത്തുകയല്ലേ. എന്റെ ചിരി കണ്ട് ചേട്ടന്‍ ചോദിക്കാറുണ്ട്. ''നീയെന്താ ഇങ്ങനെ ചിരിക്കുന്നത്. ഞാനത്ര വലിയ കോമാളിയാണോ''.
സിനിമയും സീരിയലും താരതമ്യപ്പെടുത്തിയാല്‍.
എപ്പോഴും സിനിമ തന്നെയാണ് എന്റെ മനസില്‍. ഇടവേളകളിലെ ഫില്ലറുകള്‍ മാത്രമാണ് എനിക്ക് സീരിയലുകള്‍
സിനിമയില്‍ ജോലിഭാരം കുറവാണ്. കൂടിപ്പോയാല്‍ ദിവസം രണ്ടു സീന്‍. സീരിയലില്‍ ദിവസക്കൂലിയാണ്. അതുകൊണ്ട് ദിവസം എത്ര എപ്പിസോഡുകള്‍ തീര്‍ക്കാമെന്നാവും പ്രൊഡക്ഷന്‍ ടീമിന്റെ ശ്രദ്ധ. രാവിലെ എട്ടു മുതല്‍ രാത്രി ഒമ്പതുവരെയൊക്കെ നീളുന്ന ഷെഡ്യൂള്‍. ദിവസം 14-15 സീനുകളൊക്കെയുണ്ടാവും. 17 സീനുകള്‍വരെയൊക്കെ ചെയ്ത ദിവസങ്ങളുണ്ട്. പക്ഷേ ഒരു കാര്യം മറക്കാനാവില്ല. കേരളത്തിലെ ഏതൊരു കുടുംബത്തിലും എനിക്കൊരു ഇരിപ്പിടം തന്നത് സീരിയലുകളാണ്. എന്നാല്‍ സീരിയല്‍ നടിയെന്ന് അറിയപ്പെടാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമില്ല.
ഇടയ്ക്ക് ഹിന്ദിയിലും അഭിനയിച്ചല്ലോ?
ഞാന്‍ നരനില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം രാവിലെ പ്രിയന്‍ചേട്ടന്‍ (പ്രിയദര്‍ശന്‍) വിളിക്കുന്നു. 'സോനയ്ക്ക് ഹിന്ദി
അറിയാമോ? ഞാന്‍ ഉവ്വെന്ന് പറഞ്ഞു. എന്നാല്‍ നേരെ കാരൈക്കുടിക്ക് വണ്ടി കയറിക്കോ. ഹിന്ദി പടമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തലയില്‍ കൈവെച്ചുപോയി. പ്രിയന്‍ചേട്ടന്‍ മുന്‍പൊരിക്കല്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നെയ്ത്തുകാരന് അവാര്‍ഡ് കിട്ടിയപ്പോഴാണ്. അന്ന് ചേട്ടനൊരു വാക്ക് തന്നിരുന്നു. 'സോനയെ എന്റെ ചിത്രങ്ങളിലൊന്നും അഭിനയിപ്പിക്കാനായിട്ടില്ല. അടുത്ത പടത്തിലെന്തായാലും സോനയുണ്ടാവും.' അങ്ങനെ വെട്ടത്തിലേക്ക് വിളിച്ചു. അതിനു ശേഷമാണ് ഹിന്ദിയിലേക്ക് ക്ഷണിക്കുന്നത്.മാലാമല്‍ വീക്കിലിയായിരുന്നു ചിത്രം. അതിന്റെ ലൊക്കേഷനിലേക്ക് ഞാന്‍ വണ്ടി കയറിയത് പേടിയോടെയാണ്. വലിയ അഭിനേതാക്കളൊക്കെയുള്ള ഫീല്‍ഡല്ലേ ബോളിവുഡ്. ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ ആഗ്രഹിച്ച ഒരുപാട് താരങ്ങളുണ്ട് സെറ്റില്‍. ഓംപുരി, ശക്തികപൂര്‍, പരേഷ്‌റാവല്‍, റിമാസെന്‍...അങ്ങനെ നീണ്ട നിര. എന്നെ കണ്ടപ്പോള്‍ ഓരോരുത്തരായി എണീറ്റ് അഭിവാദ്യം ചെയ്തുതുടങ്ങി. ഇത്ര വലിയ ആളായോ എന്നോര്‍ത്ത് ഞാനങ്ങനെ അന്തംവിട്ടു നില്‍ക്കുകയാണ്. ഇതൊക്കെ കണ്ട് പ്രിയന്‍ചേട്ടന്‍ ദൂരെ മാറിനിന്നു ചിരിക്കുന്നു. അന്ന് വൈകീട്ടാണ് രഹസ്യം മനസ്സിലായത്. മലയാളത്തില്‍ നിന്ന് ഏതു ആര്‍ട്ടിസ്റ്റ് വന്നാലും ചേട്ടനവരെ പുകഴ്ത്തി പറയും. ഹിന്ദിക്കാര്‍ക്കിടയില്‍ അല്‍പം വെയിറ്റിരിക്കട്ടെ എന്നു കരുതിയാണത്. ''മലയാള സിനിമയിലെ ഏറ്റവും പ്രമുഖ നടിയാണ്. കഴിഞ്ഞ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സോനയ്ക്കായിരുന്നു'' എന്നൊക്കെ എന്നെക്കുറിച്ചും പറഞ്ഞത്രെ.
ഒരു നടിയായതുകൊണ്ടു മാത്രം വേദനിക്കേണ്ടിവന്ന അനുഭവമുണ്ടോ
കഴിഞ്ഞ വര്‍ഷം ഒരു സെറ്റിലിരിക്കുമ്പോള്‍ എനിക്കൊരു ഫോണ്‍. സോനയൊന്ന് ടിവി കാണ്. അതിലൊരു പ്രധാന വാര്‍ത്തയുണ്ട്. ചാനല്‍ കണ്ട് അത്ഭുതപ്പെട്ടുപോയി. 'സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സണ്‍ സോനനായര്‍.' എന്നോടാരും അങ്ങനെയൊരു കാര്യമേ പറഞ്ഞിട്ടില്ല. വാര്‍ത്തയില്‍ പിന്നാലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍ വരുന്നു. മലയാളത്തിലെ സീനിയര്‍ സംവിധായകരൊക്കെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍. എനിക്ക് നെഞ്ചിടി തുടങ്ങി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഞാന്‍ ചെയര്‍പേഴ്‌സണ്‍. യോഗത്തില്‍ എന്നെ കാണുമ്പോള്‍ സംവിധായകര്‍ എഴുന്നേറ്റു നില്‍ക്കേണ്ടി വരും. ചെയര്‍പേഴ്‌സണ്‍ ജൂനിയര്‍ നടിയെന്നറിഞ്ഞ് ചിലര്‍ രാജി പ്രഖ്യാപിച്ചു. അപ്പോള്‍തന്നെ ചാനലുകളൊക്കെ ചര്‍ച്ച തുടങ്ങി. അതോടെ പലരും എന്നെ ഉപദേശിച്ചു. 'സോന രാജിവെക്കെന്ന്'. മറ്റു ചിലര്‍ പറഞ്ഞു 'അങ്ങനെ വിട്ടുകൊടുക്കേണ്ടെന്ന്'. നടുക്കടലില്‍ പെട്ടപോലെയായി ഞാന്‍. ശരിക്കും തീ തിന്ന ആഴ്ചയായിരുന്നു അത്. എന്നെ ആ സ്ഥാനത്തിരിക്കാന്‍ അസൂയാലുക്കള്‍ സമ്മതിക്കില്ലെന്ന് ബോധ്യമായപ്പോള്‍ ഞാന്‍ രാജിവെച്ചു. ചെയര്‍പേഴ്‌സണ്‍ എന്നൊരു തസ്തിക ഉണ്ടായിരുന്നില്ല. പക്ഷേ വനിതാ ശാക്തീകരണം എന്ന ഉദ്ദേശത്തിലാണ് മന്ത്രി ബേബി സാര്‍ എന്നെ നിയമിച്ചത്. ഇപ്പോഴും അതൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നും.
വിവാഹം കഴിഞ്ഞ് അഭിനയരംഗം ഉപേക്ഷിക്കുന്നവരില്‍ നിന്ന് വ്യത്യസ്തയാണ് സോന
വിവാഹശേഷമാണ് ഞാന്‍ സിനിമയില്‍ സജീവമായത്. അതെന്റെ ഭാഗ്യമാണ്. സിനിമാഛായാഗ്രാഹകന്‍ കൂടിയാണ് ഉദയേട്ടന്‍. മറ്റൊരാളായിരുന്നു ഭര്‍ത്താവെങ്കില്‍ ഞാനിപ്പോള്‍ രംഗത്തേ ഉണ്ടാവുമായിരുന്നില്ല. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച ഒരുപാട് പേരുണ്ട്. അവരൊക്കെ സ്വയം പിന്‍മാറിയതാവും. അല്ലാതെ ഒരു നടിയെ വിവാഹം കഴിച്ചതുകൊണ്ട് അവര്‍ ഇനി അഭിനയിക്കേണ്ടെന്ന് ഒറ്റ നടനും പറയുമെന്ന് തോന്നുന്നില്ല. പിന്നെ യഥാര്‍ഥ കലാകാരിക്ക് അങ്ങനെ അഭിനയം നിര്‍ത്തി വീട്ടിലിരിക്കാനാവുമോ? വീട്ടിലൊതുങ്ങുന്നതിന്റെ അസ്വസ്ഥതകള്‍ അവര്‍ നേരിടുന്നുണ്ടാവും.
ഭാര്യയും ഭര്‍ത്താവും സിനിമാരംഗത്ത് തിരക്കുള്ളവര്‍. ഇതിനിടയില്‍ ജീവിതം മിസ്സാകുന്നില്ലേ?
മാസം 20 ദിവസമൊക്കെ എനിക്ക് ഷൂട്ടിങ്ങുണ്ടാവും. ഇതിനിടയില്‍ വീണുകിട്ടുന്ന ദിനങ്ങളില്‍ ഞങ്ങള്‍ ഒത്തുകൂടും. ഞങ്ങള്‍ രണ്ടുപേരും വീട്ടിലുണ്ടെന്നറിഞ്ഞാല്‍ സുഹൃത്തുക്കളൊക്കെ ഓടിയെത്തും. എല്ലാവര്‍ക്കും ഞാനുണ്ടാക്കിയ ചോറും മീന്‍കറിയുമൊക്കെ വേണം. അവര്‍ക്കുവേണ്ടി പാചകം ചെയ്ത് വീട് അടിച്ചുതുടച്ച് ശരിക്കുമൊരു വീട്ടമ്മയാവും അപ്പോള്‍ ഞാന്‍.

NEWS LETTER
RSS











