മധു.കെ.മേനോന്‍
മലയാള സിനിമയിലെ എവര്‍ഡ്രീം ബാച്ച്‌ലര്‍ ശ്വേതാ മേനോന്റെ മനസ്സിലൂടെ...
കോഴിക്കോട്ടെ തിയേറ്ററില്‍ 'പാലേരി മാണിക്യം' കണ്ട് തിരിച്ചുവരുമ്പോള്‍ ഒരു സുഹൃത്ത് ചോദിച്ചു, ''മലയാള സിനിമയില്‍ എത്ര ശ്വേതാ മേനോന്‍ ഉണ്ട്?''ഞാന്‍ പറഞ്ഞു, ''സുഹൃത്തേ സിനിമയില്‍ ഒരേയൊരു ശ്വേതാ മേനോനെയുള്ളൂ.''
എറണാകുളത്തെ വൈറ്റ് ഫോര്‍ട്ട് റെസിഡന്‍സിയിലെ സന്ദര്‍ശകമുറിയില്‍ ശ്വേതയെ ഇന്റര്‍വ്യൂ ചെയ്യാനായി കാത്തിരിക്കുമ്പോള്‍ ഈ സംഭവം ഓര്‍ത്തുപോയി.
അല്ലെങ്കില്‍തന്നെ സുഹൃത്ത് സംശയിച്ചതില്‍ തെറ്റുപറയാനൊക്കുമോ? കഴിഞ്ഞ 19 വര്‍ഷമായി വന്നും പോയും ശ്വേത നമുക്കിടയിലുണ്ട്. പക്ഷേ, ഓരോ വരവിലും പുതിയ ശ്വേതയെയാണ് നമ്മള്‍ കണ്ടത്. മിഡിയും ടോപ്പുമിട്ട് 'അനശ്വര'ത്തില്‍ നായികയാവുമ്പോള്‍ 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അതേ ശ്വേതയെ നാലുവര്‍ഷങ്ങള്‍ക്കുശേഷം കാമസൂത്രയുടെ പരസ്യത്തില്‍ കണ്ടപ്പോള്‍ യാഥാസ്ഥിതിക മലയാളിസമൂഹം മൂക്കത്ത് വിരല്‍വെച്ചു, ''ഈ കുട്ടിയിത് എന്തു ഭാവിച്ചാ''. പിന്നെ 'കാക്കക്കുയിലി'ല്‍ ഐറ്റം നമ്പറുമായെത്തി മലയാളിയുവത്വത്തെ പുളകിതമാക്കി. ഇപ്പോഴിതാ തനി നാടന്‍ വേഷങ്ങളില്‍ 'ആമിന'യും 'ചീരു'വുമൊക്കെയായി നമ്മളെ വിസ്മയിപ്പിക്കുന്നു.
മികച്ച നടിയിലേക്കുള്ള ഈ മാറ്റം എങ്ങനെ സാധിച്ചു?
ഏതു നല്ലകാര്യത്തിനും അല്പം കാത്തിരിക്കേണ്ടിവരും. ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. ഇപ്പോള്‍ നല്ല കുറെ സിനിമകള്‍ കിട്ടി. ഇതുപോലുള്ള സിനിമകള്‍ മുമ്പ് കിട്ടിയാലും ഞാന്‍ നന്നായി ചെയ്യുമായിരുന്നു. പക്ഷേ, എന്നെ ആരും വിളിച്ചില്ല. എന്റെ ഗ്ലാമര്‍ ഇമേജ് ദോഷംചെയ്തിരിക്കാം. ഒരു ചാന്‍സ് കിട്ടിയാല്‍ ഈ തെറ്റുധാരണകള്‍ മാറ്റിയെടുക്കുമെന്ന് ഞാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. പരദേശിയിലെ ആമിനയിലൂടെ ഞാനത് ചെയ്തു. ഇപ്പോള്‍ പ്രേക്ഷകര്‍ എന്നെ അംഗീകരിച്ചു എന്നറിയുമ്പോള്‍ സന്തോഷം.
തുടക്കത്തില്‍ എവിടെയാണ് പിഴച്ചത്?
സിനിമയില്‍ അന്നും ഇന്നും എന്നെ സഹായിക്കാന്‍ ആരുമുണ്ടായിട്ടില്ല. സിനിമയില്‍ എനിക്ക് പ്രൊട്ടക്ഷന്‍ കിട്ടാന്‍തക്ക ശേഷിയുള്ള കുടുംബപാരമ്പര്യമായിരുന്നില്ല എന്റേത്. വേണമെങ്കില്‍ ഒരു സൗഹൃദവലയമൊക്കെ രൂപപ്പെടുത്തി പരുക്കില്ലാതെ നില്‍ക്കാമായിരുന്നു. അതെനിക്ക് ഇഷ്ടമല്ല. പിന്നെ എന്റെ മാനസികാവസ്ഥയും പ്രശ്‌നമായിരുന്നു. അവസരങ്ങള്‍ കുറയുമ്പോള്‍ അതിനനുസരിച്ച് സീരിയസ്‌നെസ് ഞാന്‍ കാണിക്കേണ്ടതായിരുന്നു. അതുണ്ടായതുമില്ല. 'മോളേ നീയല്പം പ്രൊഫഷണലാക്' എന്നൊന്നും പറയാനറിയുന്ന അച്ഛനമ്മമാരല്ലല്ലോ എന്റെത്.
ഇനി ഗ്ലാമര്‍ സിനിമ ഉപേക്ഷിക്കുമോ?
മലയാളത്തില്‍ ഞാനിപ്പോള്‍ ചെയ്യുന്നതെല്ലാം നാടന്‍കഥാപാത്രങ്ങളാണ്. എന്നു കരുതി ഗ്ലാമറിനോട് വിരോധമൊന്നുമില്ല. ഗ്ലാമര്‍ ആവശ്യമായി വരുന്ന സിനിമകളില്‍ അത് തുടരും.
മുംബൈ ശ്വേതയ്ക്ക് എന്തു നല്‍കി?
മിസ് ഇന്ത്യാ മത്സരത്തിനുശേഷം മനിലയില്‍ മിസ് ഏഷ്യാ പസിഫിക് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടത് ഞാനായിരുന്നു. ഇതിന്റെ പരിശീലനത്തിനും മറ്റുമായാണ് ഞാന്‍ മുംബൈയിലെത്തുന്നത്. പ്രഥമദര്‍ശനത്തില്‍തന്നെ മുംബൈയോട് എനിക്ക് പ്രണയമായി. കരിയര്‍ മെച്ചമാക്കാനും മുംബൈയില്‍ താമസിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നിയപ്പോള്‍ ഞാനവിടെ ഫ്ലറ്റെടുത്തു.
മുംബൈ ഫാഷന്‍ മോഡലിങ്ങിലേക്ക് ആദ്യമായെത്തിയ മലയാളി പെണ്‍കുട്ടി ഞാനായിരുന്നു. മലയാളി പെണ്‍കുട്ടികള്‍ മോഡലിങ്ങിന് പറ്റിയവരല്ല എന്ന ധാരണയായിരുന്നു അതുവരെ ഉണ്ടായിരുന്നത്. ഞാനൊരു മലയാളിയാണെന്ന് അടുത്തകാലംവരെ ആരും വിശ്വസിച്ചിരുന്നില്ല. പക്ഷേ, ഒരു സാധാരണ പെണ്‍കുട്ടി മോഡലിങ് രംഗത്തേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന യാതൊരു പ്രയാസങ്ങളും ഞാന്‍ അനുഭവിച്ചിട്ടില്ല. മിസ് ഇന്ത്യ സെക്കന്‍ഡ് റണ്ണറപ്പ് എന്ന ഇമേജായിരുന്നു കാരണം. വര്‍ക്കുകള്‍ എന്നെ തേടിവരുകയായിരുന്നു. ഫുള്‍ പ്രൊട്ടക്ഷന്‍, വി.വി.ഐ.പി.കളായ ആളുകളുടെ കൂടെയുള്ള സഞ്ചാരം, ലോകം കാണാനുള്ള യാത്രകള്‍, ആഡംബരജീവിത സൗകര്യങ്ങള്‍... എന്റെ ജീവിതം മെല്ലെ മെല്ലെ മാറുകയായിരുന്നു.
ഇതിനിടയിലാണ് ഫെമിനയുടെ കവര്‍പടമായി എന്റെ ഫോട്ടോ അടിച്ചുവരുന്നത്. ഇതു കണ്ട് ബോളിവുഡ് സംവിധായകന്‍ ഇന്ദ്രകുമാര്‍ 'ഇഷ്‌കി'ല്‍ അഭിനയിക്കാന്‍ വിളിച്ചു. അജയ് ദേവ്ഗണും ആമിര്‍ഖാനുമായിരുന്നു നായകന്മാര്‍. മലയാളത്തില്‍ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എന്റെ വീക്‌നെസ്. പക്ഷേ, ബോളിവുഡിലെ സൗന്ദര്യസങ്കല്പങ്ങള്‍ക്കു ചേര്‍ന്ന രൂപമായിരുന്നു അത്.
ആരുടെ സപ്പോര്‍ട്ടും കൂടാതെതന്നെ ഒരു പെണ്‍കുട്ടിക്ക് പലതുമൊക്കെ ആകാന്‍കഴിയുമെന്ന് ഞാന്‍ പഠിച്ചത് മുംബൈ അനുഭവങ്ങളില്‍നിന്നാണ്. സമൂഹത്തില്‍ എങ്ങനെ ഇടപെടണം, ചതിക്കുഴികളില്‍നിന്ന് എങ്ങനെ അകന്നുനില്‍ക്കണം എന്നൊക്കെ ഞാന്‍ മനസ്സിലാക്കിയത് അക്കാലത്താണ്. ഈ അനുഭവങ്ങളൊന്നും ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഞാന്‍ പതറിപ്പോകുമായിരുന്നു.
ബോളിവുഡ്ഡില്‍ നൈറ്റ് പാര്‍ട്ടികളില്‍ നിന്നൊക്കെ അകന്നു നില്‍ക്കുക പ്രയാസമല്ലേ?
മുംബൈയിലെ പാര്‍ട്ടി കള്‍ച്ചറിനോട് എനിക്കത്ര താത്പര്യം തോന്നിയിട്ടില്ല. എനിക്ക് ജോലിചെയ്യുക പണമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു താത്പര്യങ്ങളും ഉണ്ടായിരുന്നില്ല. പാര്‍ട്ടികളിലും ഗ്ലാമര്‍ഷോകളിലും വേണമെങ്കില്‍ പങ്കെടുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാനതില്‍നിന്നൊക്കെ അകന്നുനിന്നു. തിരക്കില്ലാത്തപ്പോള്‍ വീട്ടില്‍ തനിച്ചിരിക്കാനാണ് എനിക്കിഷ്ടം.
മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്ത അനുഭവം?
പത്രത്തില്‍ പരസ്യം കണ്ടാണ് മിസ് ഇന്ത്യ മത്സരത്തിന് ബയോഡാറ്റ അയച്ചുകൊടുക്കുന്നത്. മിസ് കോയമ്പത്തൂര്‍ ആയതുകൊണ്ട് സെലക്ഷന്‍ കിട്ടി. പക്ഷേ, മത്സരത്തെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ആകെ പതിനായിരത്തില്‍ താഴെ രൂപയാണ് ഞാനന്ന് മത്സരത്തിന് ചെലവാക്കിയത്. ഇന്ന് ലക്ഷങ്ങളാണ് ഓരോ മത്സരാര്‍ഥിയും പൊടിക്കുന്നത്.
കോഴിക്കോട്ടെ സുഹൃത്തുക്കളുടെയും അവരുടെ അമ്മമാരുടെയും വസ്ത്രങ്ങള്‍ കടംവാങ്ങിയാണ് ഞാന്‍ പോയത്. സ്വന്തമായി ഒരു ഫാഷന്‍ ഡിസൈനര്‍പോലും എനിക്കില്ലായിരുന്നു. അവിടെ ചെന്ന് മറ്റുള്ള മത്സരാര്‍ഥികളെ കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് അവര്‍ വന്നിരുന്നത്.
ട്രെഡീഷണല്‍ വെയര്‍ സെക്ഷനില്‍ എന്റെ ഫ്രന്‍ഡിന്റെ അമ്മയുടെ സാരിയാണ് ഞാന്‍ ഉപയോഗിച്ചത്. സ്വിം സ്യൂട്ട് ഐശ്വര്യറായി തന്നു. ഞാനും ഐശ്വര്യയും അന്ന് ഒരേ മുറിയിലായിരുന്നു. ആ പഴയ സ്‌നേഹം ഞങ്ങള്‍ തമ്മില്‍ ഇപ്പോഴുമുണ്ട്. മത്സരത്തില്‍ സുസ്്മിതാ സെന്നിനായിരുന്നു ഒന്നാം സ്ഥാനം. ഐശ്വര്യ ഫസ്റ്റ് റണ്ണറപ്പ്. ഞാന്‍ സെക്കന്‍ഡ് റണ്ണറപ്പ്.
ബോളിവുഡില്‍ ആരൊക്കെയായിരുന്നു കൂട്ട്?
അങ്ങനെ ആരോടും പ്രത്യേകിച്ച് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ഞാനൊരു സോഷ്യല്‍ ഫ്രണ്ട് ആണ്. ആരെ കാണുമ്പോഴും ഹായ് പറയും വിശേഷങ്ങള്‍ ചോദിക്കും അത്രമാത്രം. പിന്നെ ബോളിവുഡില്‍ നല്ലൊരു ഫ്രണ്ട് എന്നു പറയാന്‍ സല്‍മാന്‍ഖാനുണ്ട്. ധിക്കാരി, പരുക്കന്‍ എന്നൊക്കെ മാധ്യമങ്ങള്‍ സല്‍മാനെക്കുറിച്ച് എഴുതുന്നു. പക്ഷേ, പരിചയപ്പെട്ടശേഷം എനിക്കു മനസ്സിലായി, 'ഹി ഈസ് വെരി സിമ്പിള്‍ സ്വീറ്റ് ഗൈ.' ഭയങ്കര ഇമോഷണല്‍ ആണെന്ന കുഴപ്പം മാത്രമേ ഞാന്‍ സല്‍മാനില്‍ കണ്ടിട്ടുള്ളൂ.
മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരോടൊപ്പമൊക്കെ അഭിനയിച്ചല്ലോ?
മമ്മൂക്കയോടൊപ്പമാണ് ഞാന്‍ കരിയര്‍ ആരംഭിക്കുന്നത്. അനശ്വരത്തില്‍. 19 വര്‍ഷത്തിനു ശേഷമാണ് ഞാന്‍ മമ്മൂക്കയോടൊപ്പം പാലേരിമാണിക്യത്തില്‍ അഭിനയിച്ചത്. ആദ്യത്തെ മമ്മൂക്കയില്‍നിന്ന് വളരെ മാറിയിട്ടുണ്ട് പുള്ളി. മുമ്പ് അധികമൊന്നും സംസാരിക്കാത്ത ആളായിരുന്നു. ഇപ്പോള്‍ എല്ലാവരോടും വിശേഷങ്ങളൊക്കെ ചോദിച്ച് നല്ലപോലെ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ടത്തെക്കാള്‍ സൗന്ദര്യവും കൂടിയിട്ടുണ്ട്. ഇത് ഞാന്‍ മമ്മൂക്കയോട് നേരിട്ട് പറഞ്ഞു. അപ്പോള്‍ പുള്ളിയൊരു കള്ളച്ചിരി.
ലാലേട്ടന്‍ ഭയങ്കര കെയറിങ്ങാണ്. അദ്ദേഹമെനിക്ക് സഹോദരനെപ്പോലെയാണ്. എന്തും തുറന്നുപറയാം. സഹപ്രവര്‍ത്തകരോട് ഇത്രയും മനുഷ്യത്വം കാണിക്കുന്ന മറ്റൊരു താരവും ഇന്ന് ഇന്ത്യയിലില്ല.
ഒരിക്കല്‍ തിലകന്‍ പറഞ്ഞു, 'സദ്ഗമയ' യിലെ ശ്വേതയുടെ അഭിനയം കണ്ട് കണ്ണുതള്ളിപ്പോയെന്ന്.
തിലകനങ്കിളിനെ സ്‌ക്രീനില്‍ കണ്ടുവളര്‍ന്ന കുട്ടിക്കാലമാണ് എന്റെത്. ഞാന്‍ ആരാധിക്കുന്ന നടന്‍. മൂന്നുമാസം മുമ്പ് അദ്ദേഹമെന്നെ വിളിച്ചിരുന്നു, ''ഈ വയസ്സന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടോ'' എന്ന് ചോദിച്ചു. നൂറുവട്ടം സന്തോഷമുണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്നെവെച്ചിട്ട് ഒരു സിനിമ പ്ലാന്‍ചെയ്യുന്നുണ്ടെന്നും സമയമാകുമ്പോള്‍ വിളിക്കാമെന്നും പറഞ്ഞാണ് ഫോണ്‍ വെച്ചത്.
കോഴിക്കോടിനെക്കുറിച്ചുളള ഓര്‍മകള്‍?
അച്ഛന്‍ എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ശേഷമാണ് ഞങ്ങള്‍ പുണെ വിട്ട് കോഴിക്കോട്ട് എത്തുന്നത്. അമ്മവീട് തിരൂരാണെങ്കിലും കേന്ദ്രീയവിദ്യാലയത്തിലെ പഠനസൗകര്യംകൂടി നോക്കിയാണ് കോഴിക്കോട് നടക്കാവില്‍ വീടെടുക്കുന്നത്. യാതൊരു ഫാഷന്‍ ടേസ്റ്റും ഇല്ലാത്ത നഗരമായിരുന്നു അന്ന് കോഴിക്കോട്. ഫാഷനായ ഡ്രസ്സിട്ട് പുറത്തിറങ്ങിയാല്‍ ഏതോ അത്ഭുതജീവി നാട്ടിലിറങ്ങിയ മട്ടിലാണ് ആളുകള്‍ നോക്കിയിരുന്നത്.
മുമ്പ് മിസ് ഇന്ത്യ മത്സരത്തിന് പുറപ്പെടും മുമ്പ് ഒരു ഫാഷന്‍ ഡിസൈനറെ അന്വേഷിച്ച് ഞാന്‍ കോഴിക്കോട് അലഞ്ഞിട്ടുണ്ട്. ഫാഷന്‍ ഡിസൈനര്‍ എന്നൊരു ജോലിയുണ്ടെന്നുപോലും അന്നത്തെ കോഴിക്കോടിന് അറിയില്ലായിരുന്നു. കോഴിക്കോട്ട് പക്ഷേ മാറാത്തതായി ഒന്നുണ്ട്. ബിരിയാണി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ് കോഴിക്കോടന്‍ കോഴി ബിരിയാണി.
ശരീരം പ്രദര്‍ശിപ്പിച്ച് അഭിനയിക്കേണ്ടിവരുന്നതില്‍ വിഷമം തോന്നാറില്ലേ?
സിനിമയില്‍ അല്‍പസ്വല്പം ശരീരം പ്രദര്‍ശിപ്പിക്കേണ്ടിവരുന്നതില്‍ ഒരു വിഷമവുമില്ല. എന്റെ റിയല്‍ലൈഫും റീല്‍ലൈഫും രണ്ടും രണ്ടാണ്. റീലില്‍ കാണുന്നതുപോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ വസ്ത്രം ധരിക്കാറില്ല, മേക്കപ്പ് ചെയ്യാറില്ല. പക്ഷേ, അഭിനയിക്കുമ്പോള്‍ അല്ലെങ്കില്‍ മോഡലിങ് ചെയ്യുമ്പോള്‍ ഞാനൊരു കഥാപാത്രമാണ്. അപ്പോള്‍ ആ സമയത്ത് നമ്മള്‍ വീട്ടിലെപ്പോലെ വസ്ത്രം ധരിക്കണമെന്ന് ശഠിക്കാന്‍ പറ്റുമോ.
ജനങ്ങള്‍ക്കിടയില്‍ ശ്വേതയുടെത് സെക്‌സി ഇമേജാണ്?
സെക്‌സി എന്നു വിളിക്കുന്നതില്‍ എന്തിനാണ് വിഷമിക്കുന്നത്. അതൊരു കോംപ്ലിമെന്റാണ്. പ്രത്യേകിച്ചും ഒരു മോഡലിന്. ചിലര്‍ സെക്‌സിയാകാന്‍വേണ്ടി എന്തൊക്കെയാണ് ചെയ്യുന്നത്. എനിക്കിത് ജന്മസിദ്ധമാണ്.
വിവാഹപൂര്‍വബന്ധത്തെ അനുകൂലിച്ച് ഖുശ്ബു നടത്തിയ പരാമര്‍ശവും കേസിന്റെ വിധിയും ശ്രദ്ധിച്ചില്ലേ?
ഇങ്ങനെയുള്ള ബന്ധങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. ഇതില്‍ എന്റെ നിലപാട് ന്യൂട്രല്‍ ആണ്. കാരണം ഞാന്‍ ഒരേസമയം ഇതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു. ഖുശ്ബു പറഞ്ഞത് അവരുടെ കാഴ്ചപ്പാടാണ്. അത് പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. ഇക്കാര്യം തുറന്നുപറഞ്ഞു എന്ന കാരണത്താല്‍ അവരെ ഒറ്റപ്പെടുത്തുന്നതും കുറ്റക്കാരിയാക്കുന്നതും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.
അഭിനയിച്ചതില്‍ ഇഷ്ടമായ കഥാപാത്രം?
അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. എങ്കിലും 'പരദേശി'യിലെ ആമിനയോട് വല്ലാത്തൊരു ഇഷ്ടക്കൂടുതലുണ്ട്. മോഡേണ്‍ ഗ്ലാമര്‍ ഇമേജില്‍ നിന്ന് നാടന്‍പെണ്ണിലേക്കുള്ള എന്റെ പരകായപ്രവേശം നടന്നത് 'പരദേശി'യിലാണ്. അത്രയ്ക്കും ആ കഥാപാത്രം എന്നെ സ്വാധീനിച്ചിരുന്നു. പരദേശിയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തായിരുന്നു. ഒരു ദിവസം അച്ഛന്‍ എന്നെ കാണാന്‍ ലൊക്കേഷനില്‍ വന്നു. ഞാനപ്പോള്‍ ആമിനയായി അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്റെ അഭിനയം കണ്ട് അച്ഛന്റെ കണ്ണു നിറഞ്ഞു. ഇതുപോലൊരു വേഷം ഞാനഭിനയിക്കണമെന്ന് അച്ഛന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരവാര്‍ഡ് മോഹിക്കുന്നത് ആ സിനിമയിലാണ്.
നടിമാര്‍ അവാര്‍ഡ് വാങ്ങുമ്പോഴും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ അവഗണിക്കപ്പെടുകയാണെന്ന് ഭാഗ്യലക്ഷ്മി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
അവാര്‍ഡ് അഭിനേതാവിന്റെ കഴിവുകൊണ്ട് മാത്രം കിട്ടുന്നതാണെന്ന വിശ്വാസം എനിക്കില്ല. അവാര്‍ഡ് കിട്ടുന്നത് ഒരാള്‍ക്കാണെങ്കിലും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതില്‍ അഭിമാനിക്കാന്‍ അവകാശമുണ്ട്. പാലേരി മാണിക്യത്തിലെ അഭിനയത്തിന് എനിക്ക് അവാര്‍ഡ് കിട്ടി. എന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയ സീനച്ചേച്ചിക്കും അതില്‍ അഭിമാനിക്കാം. ഗീതു മോഹന്‍ദാസിന്റെ കല്യാണത്തിന് പോയപ്പോള്‍ സീനച്ചേച്ചിയെ കണ്ടിരുന്നു. അന്നവര്‍ പറഞ്ഞു, 'ശ്വേത നന്നായിട്ടുണ്ട്. അവാര്‍ഡ് ഉറപ്പിച്ചോളൂ' എന്ന്. അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ സീനച്ചേച്ചിയെ വിളിച്ച് ആദ്യമേ നന്ദി പറഞ്ഞു.
സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് മോഹമില്ലേ?
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന് പുറത്തായതുകൊണ്ട് എനിക്ക് മലയാളം ഒഴുക്കോടെ സംസാരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ ഞാന്‍ നല്ലപോലെ മലയാളം സംസാരിക്കാന്‍ പഠിക്കുകയാണ്. ഈ വര്‍ഷം തന്നെ ഒരു സിനിമയില്‍ സ്വന്തമായി ഡബ്ബ് ചെയ്യും.
ലൊക്കേഷനില്‍ അച്ഛനമ്മമാരെ കൂട്ടി വരുന്ന നടികളില്‍നിന്ന് വ്യത്യസ്തയാണല്ലോ?
തുടക്കത്തില്‍ ലൊക്കേഷനില്‍ അച്ഛനും വരുമായിരുന്നു. പിന്നെ അച്ഛന്‍ പറഞ്ഞു, ''ഞാന്‍ ജോലിയുപേക്ഷിച്ച് ബേബി സിറ്റിങ്ങിനു വരില്ല''
എന്ന്. ആലോചിച്ചപ്പോള്‍ എനിക്കും തോന്നി അവരെ കൂട്ടേണ്ട കാര്യമെന്താണ്. ഒരു അസിസ്റ്റന്റാണ് കൂടെയുള്ളതെങ്കില്‍ നമുക്കെന്തെങ്കിലും സഹായത്തിനൊക്കെ പറ്റും. അച്ഛനെയും അമ്മയെയും ലൊക്കേഷനിലിരുത്തി ബോറടിപ്പിക്കാമെന്നല്ലാതെ എന്തു ചെയ്യാനൊക്കും.അച്ഛനും അമ്മയും ഇപ്പോള്‍ തൃശ്ശൂരിലാണ്. അവിടെ ഞങ്ങളൊരു ഫ്‌ളാറ്റ് വാങ്ങിച്ചു. അവര്‍ക്ക് മുംബൈയില്‍ സ്ഥിരതാമസമാക്കാന്‍ താത്പര്യമില്ല. എങ്കിലും വര്‍ഷത്തില്‍ രണ്ടും മൂന്നും മാസമൊക്കെ എന്റെ കൂടെ മുംബൈയില്‍ വന്ന് താമസിക്കും.
മകളെ ആണൊരുത്തന്റെ കൈയില്‍ ഏല്പിക്കണമെന്ന് അവര്‍ക്ക് മോഹമുണ്ടാകില്ലേ?
വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ തീരുമാനിച്ചിട്ടില്ല. ഒരാളുടെ ഭാര്യയാകുക, കുടുംബിനിയാവുക എന്നതൊക്കെ ഒരു നിയോഗമാണ്. എനിക്ക് അതിനുള്ള സമയമായിട്ടില്ലായിരിക്കാം. എന്തായാലും അച്ഛനും അമ്മയും ഒരുഭാഗത്ത് തകൃതിയായി ആലോചന തുടങ്ങിയിട്ടുണ്ട്. നല്ല പ്രൊപ്പോസല്‍ വന്നാല്‍ ഞാന്‍ ഓകെ.
കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ എന്തായിരുന്നു പ്രേരണ?
ഒരു പ്രേരണയുമില്ല. ഒരു മോഡലിങ് അസൈന്‍മെന്റ് വന്നു. ആശയം എനിക്കിഷ്ടപ്പെട്ടു. നല്ല കാശും കിട്ടി. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചാല്‍ ജീവിതം കുളമാവുമെന്നൊന്നും അന്നും ഇന്നും കരുതുന്നില്ല. അന്തര്‍ദേശീയതലത്തില്‍ ഒരു മോഡല്‍ എന്ന നിലയ്ക്ക് എനിക്ക് പേരുണ്ടാക്കിത്തന്ന പരസ്യമാണത്.
ഇങ്ങനെയൊക്കെ അഭിനയിക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നമാകില്ലേ?
എന്റെ അച്ഛന്‍ ടി.വി. നാരായണന്‍കുട്ടി എയര്‍ഫോഴ്‌സിലായിരുന്നു. അമ്മ ശാരദ വീട്ടമ്മയും. ഞാനവര്‍ക്ക് ഒറ്റക്കുട്ടിയാണ്. ഞാനെന്ത് തീരുമാനമെടുത്താലും അവര്‍ എതിരുപറയില്ല. അവര്‍ക്ക് ഒരു കാര്യത്തിലേ നിര്‍ബന്ധമുള്ളൂ. ഞാനെന്ത് വേഷംചെയ്താലും അതാരുടെയും പ്രേരണകൊണ്ടാകരുത്.
മോഡലുകളുടെ ലൈഫ് വളരെ ഷോര്‍ട്ടാണെന്നു പറയാറുണ്ട്. എന്നിട്ടും ശ്വേത ഇത്രയുംകാലം പിടിച്ചുനിന്നല്ലോ?
ഐ ആം എ ഗുഡ് സ്റ്റുഡന്റ് ഓഫ് ലൈഫ്. എനിക്ക് ഇന്നും എന്നും 16 വയസ്സുകാരിയാകാനാണ് മോഹം. ഞാന്‍ കാലത്തിനനുസരിച്ച് മോഡേണാവാന്‍ ആഗ്രഹിക്കുന്നു. മോഡലുകള്‍ക്ക് പ്രായമില്ല. മനസ്സ് കാലത്തിനനുസരിച്ച് ചെയ്ഞ്ച് ചെയ്യാനറിയണം എന്നു മാത്രം.
കരാട്ടെ, കിക്ക് ബോക്‌സിങ്. സാധാരണ പെണ്‍കുട്ടികള്‍ പഠിക്കാത്ത വിനോദങ്ങളാണല്ലോ ശ്വേതയുടെത്?
ബേസിക്കലി ഞാന്‍ സ്‌പോര്‍ട്‌സിനോട് താത്പര്യമുള്ള കുടുംബത്തില്‍ നിന്നാണ്. പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ഞാനെന്തെങ്കിലുമൊക്കെ ആകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. സ്‌പോര്‍ട്‌സില്‍ ഇനമേതെന്നു ചോദിച്ചാല്‍ ഞാന്‍ പങ്കെടുക്കാത്തതായി ഒന്നുമില്ല. ഓട്ടംമുതല്‍ ബോക്‌സിങ് വരെ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ പതിവു വ്യായാമംപോലും ഉപേക്ഷിച്ചിരിക്കുകയാണ്. ശരീരം അല്പം വണ്ണം വെപ്പിക്കാനാണ് പുതിയ തീരുമാനം. മലയാളത്തില്‍ തടിച്ച നടിമാരെയാണ് ഇഷ്ടം. ഇനി മലയാളത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചസ്ഥിതിക്ക് അല്പം തടി വേണം.
മനുഷ്യദൈവങ്ങളുടെ പുറകെ പോകുന്ന ശീലം പൊതുവെ സിനിമാക്കാര്‍ക്കുണ്ട്
എനിക്കുമുണ്ട് ഒരുഗുരു. ഗുരു ഗുല്‍സാഹേബ് . അദ്ദേഹം ദൈവമല്ല. ദൈവമാണെന്ന് ഗുരുവും പറയുന്നില്ല. ഒരു സുഹൃത്തു വഴിയാണ് ഞാന്‍ ഗുരുവിനെ പരിചയപ്പെടുന്നത്. എന്റെ ഗുരു പറയുന്നത് മനുഷ്യന് ഒരിക്കലും ദൈവമാകാന്‍ പറ്റില്ല എന്നാണ്. ദിവ്യശക്തിയേക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഗുരുവിന്റെ മാനുഷികമായ ഗുണങ്ങളാണ്. ഗുരുവിനെ പരിചയപ്പെട്ടശേഷം എന്റെ ജീവിതം ഏറെ മാറി.
മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ കരിയറിനെ ബാധിക്കാറുണ്ടോ?
നമ്മുടെ കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ജീവിതത്തില്‍ നമുക്ക് സ്വസ്ഥത കിട്ടുമോ. സിനിമാ ഫീല്‍ഡിലുള്ളവരെല്ലാം എനിക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നമ്മളെയും ബാധിക്കും. പക്ഷേ, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ട് എന്ന ആശ്വാസമുണ്ട്.
മോഡലിങ് രംഗത്തേക്ക് വരുന്ന പുതിയ കുട്ടികളോട് ശ്വേതയ്ക്ക് എന്താണ് പറയാനുള്ളത്?
ഞാനൊക്കെ മോഡലിങ് തുടങ്ങുന്നകാലത്തെ സാഹചര്യങ്ങളല്ല ഇപ്പോഴത്തെത്. ഞാന്‍ ഈ രംഗത്ത് വരുമ്പോള്‍ ഇന്ത്യയില്‍ ആകെ 25ലേറെ മോഡലുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മത്സരബുദ്ധിയോടെ ആരും ഈ കരിയറിനെ കണ്ടിരുന്നില്ല. എല്ലാവര്‍ക്കും വര്‍ക്ക് കിട്ടും. ആരും ആരുടെ വര്‍ക്കും കൈയിട്ട് വാരാന്‍ വരില്ല. പക്ഷേ, ഇന്നതല്ല അവസ്ഥ. ആയിരത്തിലേറെ മോഡലുകള്‍ ഇന്ന് മുംബൈയില്‍ മാത്രമുണ്ട്. എല്ലാവരും ഭയങ്കര മത്സരബുദ്ധിയുള്ളവരും. ഒരു പ്ലാനിങ്ങുമില്ലാതെ വെറും പണം മോഹിച്ച് വരുന്നവരാണ് പലരും. അങ്ങനെയുള്ളവര്‍ക്ക് ഈ രംഗത്ത് ശോഭിക്കാന്‍ പറ്റില്ല.

NEWS LETTER
RSS











