MATHRUBHUMI RSS
Loading...
പ്രണയ വിവാഹം എനിക്കു വേണ്ട
മധു.കെ.മേനോന്‍

മലയാള സിനിമയില്‍ ഒരു നടി നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? മംമ്ത മോഹന്‍ദാസ് തുറന്നു പറയുന്നു...


മംമ്തയുടെ ജീവിതത്തെ ഒരു സിനിമ പോലെ കാണാന്‍ ശ്രമിച്ചാലോ? സമ്പന്ന കുടുംബത്തിലെ ഒറ്റ കുട്ടി. ജനിച്ചതും പതിനെട്ടു വയസ്സുവരെ പഠിച്ചതുമെല്ലാം ബഹറൈനില്‍. പൈലറ്റ് ആകാനായിരുന്നു മോഹം. പക്ഷേ, തികച്ചും അപ്രതീക്ഷിതമായി സിനിമയിലെത്തി. തുടക്കം ഹരിഹരന്റെ 'മയൂഖ'ത്തില്‍. മലയാള സിനിമ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നു തോന്നിയപ്പോള്‍ തമിഴിലേക്കും തെലുങ്കിലേക്കും കളം മാറി. തെലുങ്കില്‍ ഗ്ലാമര്‍ നായികയായും ഗായികയായും തിളങ്ങിനില്‍ക്കുമ്പോള്‍ നിനച്ചിരിക്കാതെ വീണ്ടും മലയാള സിനിമയില്‍.

മംമ്ത മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച 'പാസഞ്ചര്‍' ഹിറ്റായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 50-ാമത്തെ സിനിമ 'കഥ തുടരുന്നു'
വില്‍ നായിക മംമ്തയാണ്. മലയാള സിനിമയില്‍ നായികാപ്രാധാന്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് അതില്‍നിന്ന് വ്യത്യസ്തമായി ശക്തമായ സ്ത്രീകഥാപാത്രമാണ് 'കഥ തുടരുന്നു'വില്‍ മംമ്ത അവതരിപ്പിക്കുന്ന വിദ്യാലക്ഷ്മി. ആ സിനിമയുടെ പാട്ട്‌സീനില്‍ അഭിനയിക്കാന്‍ മൂന്നാറിലെത്തിയതാണ് മംമ്ത. മൂന്നാര്‍ ഐസക് ഹോട്ടലിലെ തന്റെ മുറിയില്‍, രണ്ട് ദിവസത്തെ ടൈറ്റ് ഷെഡ്യൂള്‍ കഴിഞ്ഞ് ഉല്ലാസവതിയായി, ശാന്തമായ സംസാരം.

മലയാള സിനിമയില്‍ വീണ്ടും സജീവമാവുകയാണല്ലോ?

മലയാള സിനിമക്കാര്‍ എന്റെ ടാലന്റ് തിരിച്ചറിയുമ്പോള്‍ മടങ്ങിവരാമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഈയൊരു സമയത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. 'ബിഗ് ബി'യിലെ 'റിമി'യാണ് ഇങ്ങനെയൊരു തിരിച്ചുവരവിന് ആത്മവിശ്വാസം നല്‍കിയത്. അതു കഴിഞ്ഞ് പാസഞ്ചര്‍ വിജയിക്കുകകൂടി ചെയ്തപ്പോള്‍ എനിക്ക് നല്ല കാലമായി. കഥ തുടരുന്നു, അന്‍വര്‍, നിറക്കാഴ്ച... വരാനിരിക്കുന്ന സിനിമകളും എനിക്ക് നല്ല പ്രതീക്ഷ നല്‍കുന്നു.

അപ്പോഴിനി മലയാളം വിട്ടുള്ള കളിയില്ല എന്ന്.

അല്ലല്ല. ഒരു ഭാഷയില്‍ മാത്രം ഒതുങ്ങാന്‍ ഞാനാഗ്രഹിക്കുന്നില്ല. നല്ല സിനിമ ഏതു ഭാഷയില്‍ നിന്നു വന്നാലും ചെയ്യും. എന്റെ കഴിവിനെ ആദ്യമായി അംഗീകരിച്ചത് അന്യഭാഷാസിനിമകളാണ്. പ്രത്യേകിച്ചും തെലുങ്ക്. രണ്ടു വര്‍ഷത്തിനിടെ ഏഴു തെലുങ്ക് സിനിമകളാണ് ഞാന്‍ ചെയ്തത്. എന്നെ വിശ്വസിച്ചവരെ ഉപേക്ഷിക്കാന്‍ എനിക്ക് മനസ്സു വരില്ല.

മലയാള സിനിമ മംമ്തയെ വിശ്വസിച്ചില്ല എന്നാണോ?

തുടക്കത്തില്‍ അങ്ങനെ തോന്നിയിരുന്നു. മലയാളികളുടെ പൊതു സ്വഭാവമാണിത്. ഒന്നിനേയും ആദ്യം അംഗീകരിക്കില്ല. മറ്റുള്ളവര്‍ അംഗീകരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇരുകൈയും നീട്ടി സ്വീകരിക്കും. മറ്റു ഭാഷകളില്‍ അഭിനയിച്ചു പേരെടുക്കുമ്പോഴാണ് ഒരു നടിയെ ഇവിടത്തുകാര്‍ അംഗീകരിക്കുക. എനിക്ക് ടാലന്റുണ്ടെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പക്ഷേ, അത് നമ്മുടെ സിനിമക്കാര്‍ മനസ്സിലാക്കാന്‍ സമയമെടുത്തു.

ലങ്കയില്‍ ഗ്ലാമര്‍ ചെയ്തതുകൊണ്ടാണോ മംമ്തയ്ക്ക് മലയാളത്തില്‍ സ്വീകാര്യത കുറഞ്ഞത്്?

മലയാളത്തിലെ സംവിധായകര്‍ ലങ്കയിലെ എന്റെ അഭിനയത്തെ വേറൊരു കണ്ണിലൂടെയാണ് കണ്ടത്. എനിക്കവസരങ്ങള്‍ വേണ്ടത്ര കിട്ടാതെ പോയതിന് ഇതുമൊരു കാരണമായിരിക്കാം. പക്ഷേ, ആ സിനിമ മറ്റു ഭാഷകളില്‍ എനിയ്ക്കു ഗുണം ചെയ്തു. 'ലങ്ക' കണ്ടിട്ടാണ് രാജമൗലി എന്നെ 'യമദുംഗ'യിലേക്ക് വിളിച്ചത്. പക്ഷേ, മലയാളി സംവിധായകര്‍ കണ്ട കണ്ണിലൂടെയല്ല അദ്ദേഹം എന്നെ നോക്കിയത്. അദ്ദേഹം എന്റെ അഭിനയത്തെയാണ് വിലയിരുത്തിയത്. യമദുംഗയിലെ കഥാപാത്രം ഒട്ടും ഗ്ലാമറസ്സല്ല. അത്രയും നല്ലൊരു കഥാപാത്രം എനിക്കിതുവരെ മലയാളത്തില്‍ കിട്ടിയിട്ടില്ല.

മംമ്ത എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ച് അഭിനയിക്കുന്നത്?

ചില സിനിമകളില്‍ കഥയുടെ പ്രത്യേകത കൊണ്ട് അല്‍പം ഗ്ലാമറസ്സാവേണ്ടിവരും. അതിലൊരു തെറ്റും ഞാന്‍ കാണുന്നില്ല. ഇന്നത്തെ കാലത്തിനനുസരിച്ച് അതിനെ കാണാന്‍ മലയാളികള്‍ക്ക് സാധിക്കുന്നില്ല. ഗ്ലാമര്‍ എന്നു പറഞ്ഞാല്‍ തുണി കുറച്ച് ഉപയോഗിക്കുക എന്നല്ല. മനോഭാവത്തിലും ഗ്ലാമറസ് ആകണം. കേരളത്തില്‍ ഏറ്റവും ഡീസന്റായ വസ്ത്രം എന്നു പറയുന്നത് സാരിയാണ്. എന്നാല്‍ സാരിയോളം സെക്‌സിയായ വേഷം മറ്റൊന്നില്ല എന്നാണെനിക്കു തോന്നുന്നത്. ഒരു നല്ല ശരീരത്തില്‍ സാരിയണിഞ്ഞാല്‍ കിട്ടുന്ന സെക്‌സ് അപ്പീല്‍ ഒരു ഷോര്‍ട്ട് ടോപ്പും ജീന്‍സും ഇട്ടാല്‍ കിട്ടില്ല.

മംമ്തയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം ഏതു വസ്ത്രമണിയുമ്പോഴാണ്?

പേഴ്‌സണാലിറ്റിയുണ്ടെങ്കില്‍ ഏതു വസ്ത്രമണിഞ്ഞാലും ആത്മവിശ്വാസം തോന്നും. അധികം ടൈറ്റല്ലാത്ത ഏതു വേഷവും എനിക്കിഷ്ടമാണ്. ഞാന്‍ ബോഡി കോണ്‍ഷ്യസ് ആണ്. കളര്‍ കോമ്പിനേഷനും പാറ്റേണും മാത്രമേ ഞാന്‍ നോക്കാറുള്ളൂ. തമിഴിലും തെലുങ്കിലും ഞാന്‍ കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് സാരിയാണ്. മലയാളത്തില്‍ മോഡേണ്‍ വേഷങ്ങളാണ് അധികവും.

മംമ്ത ബോള്‍ഡായി സംസാരിക്കുന്നു!

ഞാനിവിടെ ജനിച്ചു വളര്‍ന്ന കുട്ടിയായിരുന്നെങ്കില്‍ ഇത്ര ബോള്‍ഡായി സംസാരിക്കാന്‍ എനിക്കും പറ്റില്ലായിരുന്നു. ചെറുപ്പം മുതല്‍ ഞാനിടപെട്ടതെല്ലാം വ്യത്യസ്ത സമൂഹത്തില്‍പ്പെട്ടവരുമായിട്ടായിരുന്നു. അച്ഛന്‍ മോഹന്‍ദാസ് വെറില്‍ലിഞ്ച് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഫ്രന്റ്‌സില്‍ മലയാളികളും നോര്‍ത്ത് ഇന്ത്യക്കാരും യൂറോപ്യന്‍കാരും അമേരിക്കക്കാരുമൊക്കെയുണ്ടായിരുന്നു. അവരുടെ കുട്ടികളെ കണ്ടും അവര്‍ക്കൊപ്പം കളിച്ചുമാണ് ഞാന്‍ വളര്‍ന്നത്. ഞാന്‍ പലയിടത്തും യാത്ര ചെയ്തിട്ടുണ്ട്. സിംഗപ്പൂരില്‍ അഞ്ചു തവണ പോയി. മുഴുവന്‍ അറബ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും പോയിട്ടുണ്ട്. ആ ഒരു ലെവലില്‍ കുട്ടിക്കാലത്ത് ഇടപെടേണ്ടി വരുമ്പോള്‍ നമുക്ക് കിട്ടുന്ന അറിവിന്റെ വ്യാപ്തി കൂടും. അത് എല്ലാതരത്തിലും ഗുണം ചെയ്തു. ലോകം എങ്ങനെ ചിന്തിക്കുന്നു എന്നു മനസ്സിലാക്കാനായി, ഒരുപാട് ഭാഷകള്‍ പഠിച്ചു.

ബഹറൈനില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പഠിക്കാന്‍ വന്നപ്പോള്‍ ജീവിതശൈലി മാറിയോ?

ഇന്ത്യയെക്കുറിച്ച് എന്റെ കാഴ്ചപ്പാട് യാതൊരു ഫാഷന്‍ ടേസ്റ്റുമില്ലാത്ത നാട് എന്നതായിരുന്നു. പക്ഷേ, ബാംഗ്ലൂരില്‍ വന്നപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഫാഷന്‍ സംസ്‌കാരത്തേക്കാള്‍ എത്രയോ മടങ്ങ് പുരോഗതി അവിടെ കണ്ടു. എന്നെ സംബന്ധിച്ച് സ്​പൂണ്‍ ഫീഡിങ് ലൈഫായിരുന്നു ബഹറൈനില്‍. സ്‌കൂളിലെ പഠിപ്പ്, റാങ്ക് ഇതിനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു ജീവിതം. ബാംഗ്ലൂരില്‍ വന്നപ്പോഴാണ് സ്വാതന്ത്ര്യമറിയുന്നത്. ഞാന്‍ മൗണ്ട്കാര്‍മല്‍ കോളേജിലാണ് പഠിച്ചത്. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജ്. പക്ഷേ, അവിടുത്തെ ഓരോ പെണ്‍കുട്ടിയും ആണ്‍കുട്ടിക്ക് സമമായിരുന്നു.

പബ്ബിലും ഡിസ്‌കോതെക്കുകളിലുമൊക്കെയായി അടിച്ചുപൊളിച്ചോ?

ആദ്യവര്‍ഷം അത്യാവശ്യത്തിന് കറക്കമൊക്കെ ഉണ്ടായിരുന്നു. മിക്ക ദിവസവും രാവിലെ മാത്രമേ ക്ലാസില്‍ പോകൂ. ഉച്ചയ്ക്ക് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകും. അല്ലെങ്കില്‍ ഫ്രണ്ട്‌സിനൊപ്പം ടൗണില്‍ കറങ്ങും. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിലൊക്കെ താത്പര്യം കുറഞ്ഞു. എന്‍ജോയ്‌മെന്റിനും സാച്യുറേഷന്‍ പോയിന്റ് ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് അപ്പോഴാണ്. രണ്ടാം വര്‍ഷം മുതല്‍ കോഫീ ഷോപ്പുകളിലും ലോഞ്ച്ബാറുകളിലും മാത്രമായിരുന്നു സന്ദര്‍ശനം. പബ്ബുകളിലും ഡിസ്‌കോതെക്കുകളിലുമൊക്കെ ജൂനിയര്‍ പിള്ളേരാണ് സ്ഥിരമായി കറങ്ങുക. സീനിയേഴ്‌സ് അവിടെ പോയാല്‍ ഉള്ള വെയ്റ്റ് പോകും. പബില്‍ പോകുന്ന സീനിയേഴ്‌സിനെ 'ജൂനീസ്' എന്ന് കളിയാക്കി വിളിച്ചിരുന്നു ഞങ്ങള്‍.

ബാംഗ്ലൂരില്‍ ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടില്ലേ?

ബാംഗ്ലൂരിലെ പേരുകേട്ട ഫാഷന്‍ ഷോ 'മൈസൂര്‍ മഹാരാജ'യില്‍ പങ്കെടുത്തിട്ടുണ്ട്. ബഹറൈനില്‍ പഠിക്കുന്ന കാലത്ത് അവിടെ രണ്ടു ഷോ ചെയ്തിരുന്നു. അതിന്റെ കോറിയോഗ്രാഫര്‍ മുന്‍കൈയെടുത്താണ് ബാംഗ്ലൂര്‍ ഷോയില്‍ പങ്കെടുത്തത്. ഇന്ത്യയിലെ പേരുകേട്ട പ്രൊഫഷണല്‍ മോഡലുകളില്‍ പലരും എന്റെ കോളേജ് മേറ്റ്‌സ് ആയിരുന്നു. ലാറദത്ത, റാണി ജയരാജ്, അനിതാനായര്‍, വസുന്ധരാദാസ്, വൈശാലി ദേശായ് ഇവരെല്ലാം എന്റെ സീനിയറായി പഠിച്ചവരാണ്. ദീപിക പദുകോണ്‍ ഒരു കൊല്ലം ജൂനിയര്‍ ആയിരുന്നു. ഞങ്ങള്‍ കണ്ടാലും മിണ്ടാറില്ലായിരുന്നു. പരസ്​പരം ഭയങ്കര ഈഗോയാണ്. സ്വന്തം സ്റ്റൈലാണ് ഏറ്റവും നല്ലത് എന്ന് അഹങ്കരിക്കുന്നവരായിരുന്നു ഞങ്ങള്‍ എല്ലാവരും.

മിക്‌സഡ് കോളേജില്‍ പഠിക്കാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നോ?

നെവര്‍. ഞങ്ങളുടെ കോളേജിന്റെ ഗേറ്റിനു പുറത്ത് നല്ല ആണ്‍പിള്ളേര് ഇഷ്ടംപോലെ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ടിന്റെ ബോയ് ഫ്രണ്ടിന്റെ ഫ്രണ്ട്‌സ് ഞങ്ങളുടെ ഗാങ്ങിന്റെ ഭാഗമായിരുന്നു.

ബാംഗ്ലൂര്‍ കണ്ടപ്പോള്‍ ബഹറൈന്‍ ഉപേക്ഷിച്ചോ?

ബാംഗ്ലൂരില്‍ പഠിക്കുന്ന കാലത്തും ഇപ്പോഴും അഞ്ചു മാസം കൂടുമ്പോള്‍ ബഹറൈനില്‍ പോകും. എന്റെ ഷോപ്പിങ്ങെല്ലാം അവിടെനിന്നാണ്. ഞങ്ങള്‍ക്ക് ബഹറൈനില്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. എടുക്കണമോ എന്നു തീരുമാനിച്ചിട്ടില്ല. ഞാനവിടെ സ്വന്തമായി ഒരു അപ്പാര്‍ട്ടുമെന്റ് വാങ്ങിച്ചു. ലൈഫ് ലോങ് ഫ്രീ വിസയുള്ളതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും അങ്ങോട്ടു പറക്കാം.

കണ്ണൂരിലെ വീടിനെക്കുറിച്ച് ഓര്‍ക്കാറില്ലേ?

കേരളത്തിലാണെങ്കില്‍ ഇടയ്‌ക്കൊക്കെ കണ്ണൂരിലെ വീട്ടില്‍ പോകാറുണ്ട്. ബഹറൈനില്‍ ഉള്ള കാലത്തും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും നാട്ടില്‍ വരാറുണ്ടായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വന്നാല്‍ എന്നും ആഘോഷമാണ്. മീന്‍കറിയില്ലാത്ത ഒറ്റ ദിവസംപോലും കാണില്ല. കണ്ണൂരിലെ വീട്ടില്‍ പാറുവല്യമ്മ എന്നൊരു മുത്തശ്ശിയുണ്ട്. അവര്‍ കല്യാണം കഴിച്ചിട്ടില്ല. എന്നെ ടിവിയിലൊക്കെ കാണുമ്പോള്‍ ഭയങ്കര സന്തോഷമാണ്. 'ഹൗ ആര്‍ യു പാറുവല്യമ്മേ' എന്നു ചോദിച്ചാല്‍ ആദ്യമൊന്നും പറയാന്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ 'ഐ ആം ഫൈന്‍' എന്നു പറയാന്‍ ഞാന്‍ പഠിപ്പിച്ചു.

ഒറ്റ കുട്ടി. ഒരു കൂടപ്പിറപ്പ് ഇല്ലാത്തതില്‍ ദുഃഖമില്ലേ?

ഒരു അനിയനെ ഞാന്‍ ആഗ്രഹിച്ചിരുന്നു. പ്ലസ് ടു ക്ലാസില്‍ പഠിക്കുന്നതുവരെ ഇതു പറഞ്ഞ് ഞാന്‍ അമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. അപ്പോള്‍ അമ്മ ചിരിക്കും, 'ആണും പെണ്ണുമായിട്ട് നീ തന്നെ ധാരാള'മെന്ന് പറഞ്ഞ്.

മലയാള-അന്യഭാഷാ സിനിമകളിലെ രീതികള്‍ തമ്മില്‍ വ്യത്യാസമുണ്ടോ?

മലയാള സിനിമയില്‍ ഒരു നടിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ട്. ലൊക്കേഷനില്‍ അഭിപ്രായം പറയാനൊന്നും പറ്റില്ല. യൂണിറ്റംഗങ്ങള്‍ ഒരുമിച്ചിരിക്കുന്നതുപോലും അപൂര്‍വമായേ കാണൂ. നടി എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ ജാടക്കാരിയാണെന്ന് ധരിക്കും. ഇത്രയും വിവേചനം തമിഴിലും തെലുങ്കിലും കണ്ടിട്ടില്ല. തുടക്കത്തില്‍ തെലുങ്ക് സിനിമയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഭാഷപോലും അറിയില്ല. എന്നിട്ടും ലൊക്കേഷനില്‍ ഒരു കുടുംബംപോലെയായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു. അവിടെ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നു തോന്നിയിരുന്നു. ഇവിടെ ഇപ്പോള്‍ സത്യന്‍ സാറിന്റെ ലൊക്കേഷനില്‍ വന്നപ്പോഴും ആ ഒരു സുഖം അനുഭവിക്കാന്‍ പറ്റി.

നടിമാരില്‍ ആരൊക്കെയാണ് മംമ്തയുടെ കൂട്ട്?

ഒരു നടിയുമായും എനിക്ക് സൗഹൃദമില്ല. ഭാവനയുമായാണ് ചെറിയൊരു അടുപ്പമെങ്കിലും ഉള്ളത്. സൗഹൃദം വെക്കാന്‍ മാത്രമുള്ള ഒത്തുചേരലുകള്‍ നടിമാര്‍ തമ്മില്‍ ഉണ്ടാവുന്നില്ല. മലയാള സിനിമയില്‍ പാര്‍ട്ടി കള്‍ച്ചര്‍ കുറവാണ്. പിന്നെ നടിമാരുടെ കല്യാണം വരുമ്പോഴാണ് എല്ലാവരും ഒന്നിച്ച് കാണുന്നത്. മറ്റു ഭാഷകളില്‍ ഇങ്ങനെയല്ല. അവിടെ സിനിമയുടെ വര്‍ക്ക് തുടങ്ങും മുന്‍പ് ഇവന്റ് ലോഞ്ചിങ്ങ് പാര്‍ട്ടിയുണ്ട്. പാര്‍ട്ടിക്ക് ഇന്‍ഡസ്ട്രിയിലെ എല്ലാവരേയും വിളിക്കും. അപ്പോള്‍ അവരെയൊക്കെ കാണാനും സംസാരിക്കാനും പറ്റും.

സിനിമയില്‍ ആണ്‍സുഹൃത്തുക്കള്‍ ഉണ്ടോ?

ചിലരുമായി നല്ല അടുപ്പമുണ്ട്. ഹരിഹരന്‍ സാര്‍, റോഷന്‍ ആന്‍ഡ്രൂസ്, അമല്‍നീരദ്, രഞ്ജിത് ശങ്കര്‍, നാഗാര്‍ജുന്‍, സംഗീതസംവിധായകര്‍ ദേവിശ്രീപ്രസാദ്, വിശാല്‍ശേഖര്‍ പിന്നെ ദിലീപേട്ടന്‍. ഞാന്‍ ദിലീപിനൊപ്പം 'പാസഞ്ചര്‍' മാത്രമേ ചെയ്തിട്ടുള്ളു. പക്ഷേ, സിനിമയ്ക്ക് മുന്‍പേ എനിക്ക് ദിലീപേട്ടനെ പരിചയമുണ്ട്. ടെലിഫോണിലൂടെയുള്ള പരിചയം. ഒരു ഘട്ടത്തില്‍ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. നാലുഭാഗത്തു നിന്നും ഒറ്റപ്പെടുത്തലുകള്‍. അന്ന് ദിലീപേട്ടന്‍ വിളിച്ചു, ഗോസിപ്പുകള്‍ സിനിമയില്‍ സാധാരണമാണെന്നും ടെന്‍ഷനടിക്കരുതെന്നും പറഞ്ഞു. എനിക്കത് വളരെ ആശ്വാസമായിരുന്നു. അന്ന് ഞാന്‍ ദിലീപേട്ടനെ കണ്ടിട്ടുപോലുമില്ലായിരുന്നു. അന്നത്തെ ആ വിളി, അതുകൊണ്ടാകാം ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധം ഇപ്പോഴുമുണ്ട്.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഓരോ സിനിമകള്‍ മാത്രം ചെയ്തു. പിന്നെന്തുപറ്റി?

കൂടെ അഭിനയിക്കുന്ന നടന്മാരുടെ സീനിയോറിറ്റിയേക്കാള്‍ നല്ല കഥ, കഥാപാത്രം ഇവയ്ക്കാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്. മോഹന്‍ലാലിനൊപ്പം ചെയ്ത ബാബ കല്യാണി വലിയൊരു അബദ്ധമായിരുന്നു. തികച്ചും വേസ്റ്റ്. ഈയൊരു കാരണം കൊണ്ടാണ് 'കീര്‍ത്തിചക്ര'യിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസ് ആയത്. 'കീര്‍ത്തിചക്ര'യില്‍ എനിക്ക് ആദ്യം ഗോപിക ചെയ്ത കഥാപാത്രമാണ് പറഞ്ഞിരുന്നത്. പിന്നെയത് ലക്ഷ്മി ഗോപാലസ്വാമി ചെയ്ത കഥാപാത്രമാക്കി. ആ മാറ്റത്തില്‍ താത്പര്യം തോന്നിയില്ല. അതുകൊണ്ട് പിന്മാറി. മമ്മൂട്ടിക്കൊപ്പം ബസ് കണ്ടക്ടര്‍ ചെയ്തു. വളരെ ചെറിയ റോള്‍. അതു കഴിഞ്ഞ് മായാവിയിലേക്ക് വിളിച്ചു. ആ സമയം തമിഴ് സിനിമ ശിവപ്പതികാരത്തിന്റെ തിരക്കിലായിരുന്നു. അതുകൊണ്ട് ആ ഓഫര്‍ സ്വീകരിക്കാന്‍ പറ്റിയില്ല.

സിനിമയില്‍ തീരുമാനങ്ങള്‍ മംമ്ത തനിച്ചെടുക്കുകയാണോ?

തുടക്കത്തില്‍ എനിക്കൊരു മാനേജര്‍ ഉണ്ടായിരുന്നു. അയാള്‍ എന്നെ മിസ്‌ലീഡ് ചെയ്യുകയാണെന്നു മനസ്സിലായപ്പോള്‍ ഒഴിവാക്കി. ആര്‍ട്ടിസ്റ്റിന്റെ യഥാര്‍ത്ഥ സ്വഭാവമല്ല മാനേജര്‍ ഡയറക്ടര്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. പിന്നീടത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് അബദ്ധം പറ്റിയെന്ന് നമ്മളറിയുക. ഇങ്ങനെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ നേരിട്ട് സംവിധായകനുമായി കാര്യങ്ങള്‍ സംസാരിക്കുന്നതാണ് നല്ലത്. അതുകൊണ്ടാണ് ഞാന്‍ സ്വയം മാനേജരാകാന്‍ തീരുമാനിച്ചത്. പക്ഷേ ഫിനാന്‍ഷ്യല്‍ കാര്യങ്ങളില്‍ അമ്മയാണ് എന്റെ മാനേജര്‍.

''ഡാഡി മമ്മി വീട്ടില്‍ ഇല്ല'', മംമ്ത ഗായിക എന്ന നിലയിലും അംഗീകരിക്കപ്പെട്ടല്ലോ.

ഡാഡി മമ്മി എനിക്ക് ഇഷ്ടപ്പെട്ട പാട്ടല്ല. അതിന്റെ തെലുങ്ക് വേര്‍ഷന്‍ രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ പാടിയിരുന്നു. അന്നത് ഹിറ്റായിരുന്നു. കേട്ടു മടുത്ത ശേഷമാണ് തമിഴില്‍ റെക്കോര്‍ഡ് ചെയ്യുന്നത്. 'കാലെ' എന്ന സിനിമയില്‍ പാടിയ 'കാലെ കാലെ' എന്ന പാട്ടാണ് പാടിയതില്‍ എനിക്കിഷ്ടം. 'ഗോവ'യില്‍ ഞാനും ബെന്നി ദയാലും ചേര്‍ന്നു പാടിയ 'ഇടൈവഴി'യും നല്ല പാട്ടാണ്.

തമിഴിലും തെലുങ്കിലുമായി 16 സിനിമാപാട്ടുകള്‍. പക്ഷേ, മലയാളത്തില്‍ ഒരു പാട്ടുപോലും പാടിയില്ലല്ലോ?

ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ പാടി തുടക്കമിടണമെന്ന് തീരുമാനിച്ചിരുന്നു. മുന്‍പ് 'പുതിയ മുഖ'ത്തില്‍ പാടാന്‍ വിളിച്ചു. ഈ തീരുമാനംകൊണ്ട് അതില്‍നിന്നു ഒഴിവായി. പിന്നെ 'ആഗത'നില്‍ നായികാറോളും ഗായികാറോളും ഉണ്ടായിരുന്നു. പക്ഷേ അസുഖം കാരണം ആ സിനിമ ചെയ്യാനൊത്തില്ല. ഇപ്പോള്‍ 'അന്‍വറി'ല്‍ ഞാനും പൃഥ്വിരാജും ചേര്‍ന്ന് ഒരു പാട്ട് പാടുന്നുണ്ട്.

പാട്ട്, അഭിനയം. മംമ്തക്കേതാണ് കൂടുതലിഷ്ടം?

പാട്ട് എനിക്ക് ജന്മനാ കിട്ടിയ ടാലന്റാണ്. അഭിനയം ഞാന്‍ പഠിച്ചെടുത്തതാണ്. കുട്ടിക്കാലത്ത് മലയാള സിനിമ കാണുന്നതുതന്നെ അതിലെ പാട്ട് കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. പത്താം ക്ലാസുവരെ പാട്ട് പഠിച്ചിരുന്നു. വെസ്റ്റേണും ഹിന്ദുസ്ഥാനിയും. അതുകൊണ്ട് എനിക്കൊരു ക്ലാസിക് ബാക്ഗ്രൗണ്ടുണ്ട്. ഇനി അതെല്ലാമൊന്ന് ശരിയാക്കിയെടുക്കണം.

ജീവിതത്തില്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?

പ്രണയമോ...? (അല്പനേരം ഓര്‍ത്തിരുന്നിട്ട്). ചെറുപ്പത്തില്‍ തോന്നിയിരുന്നു. കാണാന്‍ ഭംഗിയുള്ളവരെ കാണുമ്പോള്‍ ഇഷ്ടം തോന്നും. പക്ഷേ പ്രാക്ടിക്കല്‍ ലൈഫില്‍ ഇതൊന്നും അധികകാലം വര്‍ക്കൗട്ട് ആവില്ല. ബഹറൈനില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ ഒരു കുട്ടിയോട് എനിക്ക് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു. പെന്‍സില്‍ ചോദിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. അത് പ്രണയമായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. പക്ഷേ, ആ കുട്ടി ആരാണെന്നോ മുഖം എങ്ങനെയാണെന്നോ എനിക്കിപ്പോള്‍ ഓര്‍മ വരുന്നില്ല.

സഹപ്രവര്‍ത്തകരോടെങ്ങനെ?

അവരുടെയൊക്കെ കരിയറില്‍ താത്പര്യം തോന്നുക എന്നല്ലാതെ ഇന്നേവരെ പ്രണയം തോന്നിയിട്ടില്ല. സിനിമയില്‍ എല്ലാവര്‍ക്കും തിരക്കാണ്. ആര്‍ക്കും ആരോടും സംസാരിക്കാന്‍പോലും സമയമില്ല. പിന്നെയെങ്ങനെ പ്രണയിക്കും. ഇനിയിപ്പോള്‍ ഒരാളുമായി പ്രണയത്തിലായി എന്നുതന്നെ കരുതുക. അതിനുവേണ്ടി നേരം കളയാന്‍ ഒരു മിനുട്ടുപോലും എനിക്കില്ല. പിന്നെ പരാതികളാവും ഫോണ്‍വിളിക്കുന്നില്ല, എസ്.എം.എസ്. അയയ്ക്കുന്നില്ല എന്നൊക്കെ. എന്റെ ജീവിതത്തില്‍ പ്രണയവിവാഹത്തിന് സാധ്യത കുറവാണ്. അച്ഛനമ്മമാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമാണ് എനിക്കിഷ്ടം.

'ലങ്ക'ക്കു ശേഷം ഒരുപാട് ഗോസിപ്പുകള്‍ വന്നല്ലോ?

സിനിമയിലെ ചതിക്കുഴികളെക്കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിലാണ് ഞാന്‍ 'ലങ്ക' ചെയ്യുന്നത്. അഭിനയത്തില്‍ തുടക്കക്കാരിയായതുകൊണ്ട് സിനിമയില്‍ ഇടപെടാന്‍ ഒരുപാട് പരിമിതികള്‍ എനിക്കുണ്ടായിരുന്നു. എന്റെ അനുഭവക്കുറവിനെ ഉപയോഗപ്പെടുത്തി വളരെ ചീപ്പായിട്ടാണ് ആ സിനിമയിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. എനിക്ക് പ്രതികരിക്കാന്‍പോലും കഴിഞ്ഞില്ല. 10 മിനുട്ട് നീളുന്ന ചുംബനരംഗം കാണൂ എന്ന പരസ്യവാചകമാണ് സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത്. ഇതുകണ്ട് ഹരിഹരന്‍ സാര്‍ എന്നെ വിളിച്ചു, 'എന്താ കുട്ടീ നീ കാണിച്ചത്' എന്നു ചോദിച്ചു. ഞാന്‍ ഗുരുവും രക്ഷിതാവുമായി കാണുന്ന ആളാണ് ഹരിഹരന്‍. എനിക്കത് ഷോക്കായിരുന്നു.
'ലങ്ക' കഴിഞ്ഞ് ഞാന്‍ ജോയിന്‍ ചെയ്യുന്നത് മധുചന്ദ്രലേഖയുടെ സെറ്റിലാണ്. അവിടെയാണെങ്കില്‍ ഭയങ്കര ഗൂഢസംഘം ചര്‍ച്ച. എല്ലാവരും എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നു. ജീവിതത്തില്‍ ഇത്രയും വിഷമിച്ച കാലം വേറെ ഉണ്ടായിട്ടില്ല.

വീട്ടുകാര്‍ ഇതൊക്കെ എങ്ങിനെയാണ് കാണുന്നത്?

എന്നെ അച്ഛനും അമ്മയ്ക്കും നന്നായറിയാം. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത് കുടുംബത്തിന്റെ അഭിപ്രായംകൂടി ചോദിച്ചിട്ടാണ്. എനിക്ക് ഒരു നല്ല സിനിമ കിട്ടിയാല്‍ ഞാന്‍ മാത്രമല്ല സന്തോഷിക്കുന്നത്. അച്ഛനും അമ്മയും സന്തോഷിക്കാറുണ്ട്. മോശം സിനിമയാണെങ്കില്‍ എന്നെപോലെ അവര്‍ക്കും സങ്കടം വരും.

ലങ്കയെപ്പറ്റിയാണ് സംസാരമെന്നറിഞ്ഞ് മംമ്തയുടെ അമ്മ ഗംഗ അടുത്തുവന്നു. ''ആ അനുഭവങ്ങള്‍ എന്റെ മോള്‍ മറക്കാന്‍ ശ്രമിക്കുകയാണ്. അവള്‍ ഒരുപാട് കണ്ണീര്‍ കുടിച്ച വിഷയമാണ്. ദയവു ചെയ്ത് ഇനിയുമത് കുത്തിപ്പൊക്കരുത്.''

അല്‍പനേരം മിണ്ടാതിരുന്നു മംമ്ത. പിന്നെ എന്തോ ചിന്തിച്ചുറപ്പിച്ചപോലെ പറഞ്ഞു ''ലങ്കയിലെ അനുഭവം ഒരുതരത്തില്‍ നന്നായി. തുടക്കത്തില്‍തന്നെ സിനിമയിലെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ സാധിച്ചു. തമിഴിലും തെലുങ്കിലും വളരെ ശ്രദ്ധവെക്കാന്‍ ഈ അനുഭവം എന്നെ പഠിപ്പിച്ചു.''

വിവാഹപൂര്‍വബന്ധത്തെ ഖുശ്ബു അംഗീകരിച്ചു. ഖുശ്ബുവിന്റെ അഭിപ്രായത്തില്‍ തെറ്റു കാണാന്‍ കഴിയില്ലെന്ന് ഈയിടെ സുപ്രീംകോടതിയും പറഞ്ഞു. ഇക്കാര്യത്തില്‍ മംമ്ത എന്തു പറയുന്നു.

ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം. പക്ഷേ എനിക്ക് ഈ രീതിയോട് യോജിക്കാന്‍ കഴിയില്ല. സൗഹൃദത്തെ മിസ്‌യൂസ് ചെയ്യലാണിത്. പുതിയ തലമുറയുടെ ഇക്കാര്യത്തിലുള്ള നിലപാട് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ എന്നെപോലെ ചിന്തിക്കുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. എങ്കിലും നൂറില്‍ പത്തു പേരെങ്കിലും ഇതുപോലെ ചിന്തിച്ചാല്‍ ഭാവിക്ക് നല്ലതായിരിക്കും.

തോളില്‍ പച്ചകുത്ത്, തലയില്‍ വിഗ്ഗ്.. പുതുതലമുറയുടെ 'യോ' കള്‍ച്ചര്‍ മംമ്തയേയും സ്വാധീനിച്ചിട്ടുണ്ട് അല്ലേ?

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ പോയപ്പോള്‍ ഗണേശഭഗവാന്റെ രൂപം ഓംരൂപത്തില്‍ കൈത്തണ്ടയില്‍ പച്ചകുത്തി. എന്റെ ഇഷ്ടദൈവമാണ് ഗണേശന്‍. കൈയിലും പുറത്തും മ്യൂസിക് നോട്ട്‌സും പച്ചകുത്തിയിട്ടുണ്ട്. പിന്നെ വിഗ്ഗിന്റെ കാര്യം. നടിമാര്‍ വിഗ്ഗ് വെക്കുന്നത് വലിയ സംഭവമൊന്നുമല്ല. എല്ലാ നടിമാരും വിഗ്ഗ് ഉപയോഗിക്കുന്നുണ്ട്. അടുത്തകാലത്ത് ഞാനെന്റെ മുടി മുറിച്ചു. വിഗ്ഗ് വെക്കാതെ കുറച്ചു കാലത്തേക്കിനി അഭിനയിക്കാന്‍ പറ്റില്ല.

ആള്‍ദൈവങ്ങളെ ആരാധിക്കുന്നവരാണ് യുവനടിമാരില്‍ പലരും എന്നു കേള്‍ക്കുന്നു. നടിമാര്‍ക്കിടയില്‍ ഇത്തരം വിശ്വാസങ്ങള്‍ വര്‍ധിക്കുന്നത് എന്തുകൊണ്ടാണ്?

വ്യക്തിപരമായി ഞാന്‍ ഒരാള്‍ദൈവത്തിനും എതിരല്ല. ഞാനുള്‍പ്പെടെ എന്റെ കുടുംബം മുഴുവന്‍ സായിഭക്തരാണ്. എന്നു കരുതി അന്ധവിശ്വാസങ്ങള്‍ എനിക്കില്ല. എന്റെ ഭക്തിക്ക് ലിമിറ്റുണ്ട്. ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ ഒരു റിഫൈനിങ് തീര്‍ച്ചയായും നമ്മുടെ ഉള്ളില്‍ നടക്കുന്നുണ്ട്. പിന്നെ ഇത്തരം വിശ്വാസങ്ങളൊക്കെ സിനിമാക്കാര്‍ക്ക് മാത്രമേയുള്ളൂ എന്നു കരുതരുത്. ഒരുപക്ഷേ സിനിമക്കാര്‍ക്ക് അല്‍പം കൂടുതല്‍ കാണുമായിരിക്കാം.

സമൂഹത്തില്‍ എന്തു നടക്കുന്നു എന്നുപോലുമറിയാത്ത മണ്ടികളാണ് നമ്മുടെ യുവനടിമാരെന്ന് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞു.

(ചിരിക്കുന്നു) പൃഥ്വി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. എങ്കിലും പുള്ളി പറയുംപോലെ ചിലര്‍ മലയാള സിനിമയിലുണ്ട്. സൗന്ദര്യം ഉണ്ടാകും, പക്ഷേ, ബുദ്ധി കാണില്ല. പൃഥ്വി ഒരിക്കലെങ്കിലും എന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല. സമൂഹത്തില്‍ എന്തു നടക്കുന്നുവെന്ന് കൃത്യമായ ധാരണയുള്ള പെണ്ണാണ് ഞാന്‍.

സാധാരണക്കാരുമായി സംസാരിക്കാന്‍പോലും സമയമില്ലാത്ത മംമ്തക്കെങ്ങനെ സമൂഹവുമായി ബന്ധം വെക്കാന്‍ പറ്റും?

സിനിമ നടീനടന്മാരെ അന്ധരാക്കുമെന്നത് ശരിയാണ്. ചില നടിമാരെ ഞാന്‍തന്നെകണ്ടിട്ടുണ്ട്. എന്ത് കാര്യവും സിനിമയിലെ നേട്ടം മാത്രം പ്രതീക്ഷിച്ച് ചെയ്യുന്നവര്‍. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ തീരുമാനിച്ചെടുത്ത കരിയറാണ് സിനിമ. ഞാന്‍ അങ്ങനെയല്ല. എനിക്ക് വിദ്യാഭ്യാസമുണ്ട്. സിനിമ എന്റെ ജോലി മാത്രമാണ്. ഇതെന്റെ ജീവിതമല്ല. സിനിമയിലെ രീതികള്‍ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

സിനിമയല്ലാതെ ജീവിതത്തില്‍ മറ്റെന്തൊക്കെയാണ് മംമ്ത ആഗ്രഹിക്കുന്നത്?

സ്​പീഡ് എനിക്ക് ത്രില്ലാണ്. ബൈക്കും കാറും ഓടിക്കുന്നതാണ് ഏറ്റവും വലിയ ഹോബി. ബാംഗ്ലൂരിലെ കോളേജില്‍ ഗിയര്‍ ബൈക്ക് ഓടിച്ചുവന്നിരുന്ന ഒരു കുട്ടി ഞാനായിരുന്നു. കാര്‍ റേസിങ്ങ് കാണാന്‍ ഭയങ്കര ഇഷ്ടമാണ്. ബഹറൈനില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം ഉണ്ടാകുമ്പോള്‍ ഞാന്‍ കാണാന്‍ പോകാറുണ്ട്. ക്രിക്കറ്റും സ്വിമ്മിങ്ങുമാണ് മറ്റിഷ്ടങ്ങള്‍.

രണ്‍ബീര്‍ കപൂറിന്റെ നായികയായി മംമ്ത ബോളിവുഡിലേക്ക് പറക്കുകയാണെന്ന് കേട്ടിരുന്നല്ലോ.

ഒരു ഹിന്ദി സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഒരുപാട് നായികമാരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. ഹിന്ദിയില്‍ എന്‍ട്രി ചെയ്യാന്‍ പറ്റിയ കഥാപാത്രമാണ് അതെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് കൂടുതല്‍ താത്പര്യമെടുത്തില്ല.

സിനിമയില്‍ മംമ്തയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നടക്കാറുണ്ടോ?

തെലുങ്ക്-തമിഴ് സിനിമകള്‍ മലയാളത്തിലേക്ക് മൊഴി മാറ്റുമ്പോള്‍ ഇറക്കുന്ന പോസ്റ്ററുകള്‍ കാണുമ്പോള്‍ സങ്കടം തോന്നും. നല്ല കുടുംബ സിനിമയായിരിക്കും. പക്ഷേ, പോസ്റ്റര്‍ കണ്ടാല്‍ അങ്ങനെ തോന്നില്ല. അഭിനയത്തിനിടെ നമ്മളറിയാതെ വസ്ത്രമൊന്നു പാറിയാല്‍ അത് കാണിച്ച് പോസ്റ്റര്‍ ഇറക്കും. ഞാനിപ്പോള്‍ അന്യഭാഷാ സിനിമകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. കാരണം അല്‍പമൊന്ന് ശ്രദ്ധ തെറ്റിയാല്‍ അത് പോസ്റ്ററാക്കി പണം വാരാന്‍ കാത്തിരിക്കുകയാണ് നമ്മുടെ നാട്ടുകാര്‍.

ഫീല്‍ഡിലെ പാരവെപ്പും പ്രശ്‌നമാണ്. ചില സിനിമകള്‍ ഇറങ്ങിയ ശേഷമാണ് നമ്മളറിയുക, ആ പടത്തിലേക്ക് നമ്മളെ കാസ്റ്റ് ചെയ്തിരുന്നുവെന്നും പിന്നെ വേറെയാള് കയറി ഇടപെട്ടിട്ട് ഒഴിവാക്കുകയായിരുന്നു എന്നൊക്കെ. നായകന്മാരുതന്നെ നായികയെ തിരഞ്ഞെടുക്കുന്ന രീതിയുണ്ടിവിടെ. ഇതിനെതിരെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. സ്‌ക്രീനില്‍ വരുന്നവര്‍ മുഴുവന്‍ ടാലന്റുള്ളവരാണ് എന്നു പറയാന്‍ പറ്റില്ല. ഫേമസ് ആകുന്ന എല്ലാവര്‍ക്കും ടാലന്റ് ഉണ്ട് എന്നും പറയാന്‍ കഴിയില്ല. വളരെ കുറച്ച് പേര്‍ മാത്രമേ ആര്‍ട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതില്‍ ആത്മാര്‍ത്ഥത കാട്ടാറുള്ളൂ. ഇതൊക്കെ എല്ലാ സിനിമാക്കാര്‍ക്കും അറിയുന്ന കാര്യങ്ങളാണ്.

പുതിയ യുവനായകന്മാരെ സ്വയമൊരു വിലയിരുത്തല്‍ നടത്തിനോക്കിയിട്ടുണ്ടോ?

പുതിയ തലമുറയിലെ പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഇവരുടെയൊക്കെ ആത്മവിശ്വാസം മലയാള സിനിമയ്ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും. അതുകൊണ്ടാണ് നമ്മുടെ സീനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റു ഭാഷകളിലുള്ളതുപോലെ മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറാവുന്നത്. ഇത് സിനിമയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാക്കിയിട്ടുണ്ട്.

വാക്കുകളിലെ സൂക്ഷ്മത കൈവിടാതെയാണ് ആദ്യാവസാനം മംമ്ത സംസാരിച്ചത്. കാലത്തിനനുസരിച്ച് ചിന്തിക്കുന്ന, അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ഈ നടി മലയാളസിനിമയില്‍ ചലനങ്ങള്‍ ഉണ്ടാക്കുമോ?