MATHRUBHUMI RSS
Loading...
കണ്ണീരൊഴുക്കാന്‍ ഞാനില്ല
സി.എം.ബിജു

ഐശ്വര്യ തന്‍േറടിയായ കഥാപാത്രമാണ്, സിനിമയിലും ജീവിതത്തിലും...


നടി ലക്ഷ്മിയുടെ മകള്‍, സിനിമയിലേക്കുള്ള ഐശ്വര്യയുടെ മേല്‍വിലാസം ഇതായിരുന്നു. പതിനേഴാം വയസില്‍ ഐശ്വര്യ ക്യാമറക്ക് മുന്നിലെത്തി. തുടര്‍ന്ന് തമിഴിലും, തെലുങ്കിലും, മലയാളത്തിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ നായികയായെത്തിയ ബട്ടര്‍ഫ്‌ളൈസും നരസിംഹവും മലയാളികളുടെ മനസ്സിലും ഐശ്വര്യയ്ക്ക് ഇടം നല്‍കി.

പക്ഷേ വ്യക്തിജീവിതത്തില്‍ എന്നും വിവാദങ്ങളായിരുന്നു ഐശ്വര്യയുടെ കൂട്ട്. ചെറു പ്രായത്തില്‍ അമ്മയുടെ എതിര്‍പ്പ് മറികടന്ന് ഇഷ്ടപുരുഷനെ വിവാഹം കഴിച്ചു. ഭര്‍ത്താവ് തന്‍വീര്‍ അഹമ്മദിനുവേണ്ടി അവര്‍ മതം മാറാനും തയ്യാറായി. പക്ഷേ മൂന്ന് വര്‍ഷമേ ദാമ്പത്യം നീണ്ടുള്ളൂ. കൊച്ചു കുഞ്ഞായ അനൈനയുമൊത്ത് ഐശ്വര്യ തനിച്ചു താമസം തുടങ്ങി. പിന്നെ കുഞ്ഞിനെ വളര്‍ത്താനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. തിരിച്ചുവരവിലും പ്രേക്ഷകര്‍ അവരെ കൈവിട്ടില്ല. ഓരോ തിരിച്ചടികള്‍ വരുമ്പോഴും ഐശ്വര്യ മനസ്സില്‍ പറയും ഇതിനുമുന്നില്‍ ഞാന്‍ തലകുനിക്കില്ല. 'ആണൊരുത്തന്‍' വന്നാല്‍ ഇനിയും കല്ല്യാണത്തിന് തയ്യാറാണെന്ന് ഐശ്വര്യ തുറന്നുപറയുന്നു.

പത്തൊമ്പത് വര്‍ഷം മുമ്പാണല്ലോ ഐശ്വര്യ ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിച്ചത്, ഒളിയമ്പുകളില്‍. എങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയത്?

ഹോം ബാനറിന്റെ സിനിമ കഴിഞ്ഞുനില്‍ക്കുമ്പോഴാണ് ഹരിഹരന്‍സാര്‍ വിളിക്കുന്നത്. പേരുകേട്ട ഡയറക്ടര്‍. നല്ല കഥ. അങ്ങനെയാണ് ഒളിയമ്പുകളില്‍ അഭിനയിച്ചത്. മമ്മുക്കയുടെ അനിയത്തിയുടെ റോളായിരുന്നു.

അമ്മൂമ്മയും (രുക്മിണി) അമ്മയും (ലക്ഷ്മി) ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാര്‍. ഇവരെക്കണ്ട് വളര്‍ന്ന ഐശ്വര്യക്ക് ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്നോ?

കുട്ടിക്കാലത്ത് എനിക്ക് സിനിമാമോഹമൊന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഞാന്‍ സിനിമയില്‍ വരുന്നത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പഠനത്തിലായിരുന്നു എന്റെ ശ്രദ്ധ. ഉപരിപഠനത്തിന് അമേരിക്കയില്‍ പോവണമെന്ന മോഹവുമായി നടന്ന കാലമായിരുന്നു അത്.

അപ്പോഴാണ് അമ്മയൊരു കന്നട സിനിമ നിര്‍മിക്കുന്നത്. രണ്ടാനച്ഛന്‍ രവിചന്ദറാണ് ഡയറക്ടര്‍. അതിലെ നായികയ്ക്കുവേണ്ടി വീട്ടില്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തുന്നു. 15-17 വയസ്സുള്ള നായികയാവാന്‍ 60 കുട്ടികളോളം എത്തിയിട്ടുണ്ട്. പക്ഷേ, ഒരാളും ശരിയാവുന്നില്ല. ഒരാള്‍ക്ക് ഡയലോഗ് നന്നാവും. പക്ഷേ, അഭിനയം ശരിയാവില്ല. മറ്റൊരാള്‍ക്ക് അഭിനയം നന്നായാല്‍ മുഖം കാണാനേ കൊള്ളില്ല. ഇത് കണ്ടുകണ്ട് മടുത്തപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു 'ഇവരൊക്കെ എന്നതാ ചെയ്യുന്നതെന്ന്'. ഇതു കേട്ടപ്പോള്‍ അമ്മ കളിയാക്കി ചോദിച്ചു, 'ഓ നിന്നെക്കൊണ്ട് ഇത്രപോലും പറ്റില്ലല്ലോയെന്ന്'. അതുകേട്ടപ്പോള്‍ എനിക്കുവാശിയായി. മുഴുവന്‍ ഡയലോഗും പറഞ്ഞ് ഞാനഭിനയിച്ചു. അതു കഴിഞ്ഞപ്പോള്‍ രവിചന്ദര്‍ പറഞ്ഞു. 'മോളേ നീയാണീ സിനിമയിലെ നായിക.'

പിന്നീട് സിനിമയില്‍ തുടരാന്‍ അമ്മ നിര്‍ബന്ധിച്ചോ?

ഒറ്റ സിനിമയോടെ അഭിനയം നിര്‍ത്തുമെന്നായിരുന്നു അമ്മ കരുതിയത്. പക്ഷേ, ആ സിനിമ വിജയിച്ചതോടെ ഹോം ബാനറിന്റെ അടുത്ത നാല് സിനിമകളിലും ഞാന്‍ തന്നെ അഭിനയിച്ചു. ഓരോന്ന് കഴിയുമ്പോഴും അമ്മ ഓര്‍മിപ്പിക്കും. 'പഠനമാണ് നിന്റെ മേഖല. അതു വിട്ടുള്ള കളിയൊന്നും വേണ്ടെന്ന്.' പക്ഷേ, എനിക്കിത് ഉപേക്ഷിക്കാനേ തോന്നിയില്ല. നമ്മുടെ മുഖം ഒരുതവണ ക്യാമറയില്‍ പതിഞ്ഞാല്‍ പിന്നെ വിട്ടുപോരാനേ തോന്നില്ല.

മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത് മോഹന്‍ലാലിന്റെ കൂടെയായിരുന്നല്ലോ?

ഒപ്പം അഭിനയിക്കുന്നവരില്‍ എനിക്കേറ്റവും അടുപ്പമുള്ളൊരാളും ലാലേട്ടനാണ്. വലിയ അഭിനേതാവ് എന്നപോലെ വലിയ മനുഷ്യനാണ് അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ച് 'നരസിംഹം' ചെയ്യുന്ന സമയം. ഒരു കോമ്പിനേഷന്‍ സീനെടുക്കുകയാണ്. അപ്പോള്‍ ലാലേട്ടന്‍ ക്യാമറ ഓഫ് ചെയ്ത് പെട്ടെന്നിറങ്ങിപ്പോയി. ഒരു ലൈറ്റ് ബോയിയുടെ അടുത്തേക്കാണ് അദ്ദേഹം ചെന്നത്. അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. ലാലേട്ടന്‍ ചോദിക്കുന്നത് കേട്ടു. 'എന്താ മോനേ തലവേദനയാണോ. ഗുളിക വേണോ. നമുക്ക് ആസ്​പത്രിയില്‍ പോകാം' എന്നൊക്കെ. ഞാന്‍ അത്ഭുതപ്പെട്ടുപോയി. യൂണിറ്റില്‍ ഒരാളും പരിഗണിക്കാത്ത ആളുകളാണ് ലൈറ്റ് ബോയിമാര്‍. അവരുടെ ചെറിയ കാര്യങ്ങള്‍ പോലും ലാലേട്ടനെപ്പോലുള്ള സൂപ്പര്‍സ്റ്റാര്‍ ശ്രദ്ധിക്കുന്നു. മറ്റുള്ളവരെ സംരക്ഷിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ലാലേട്ടനെ കണ്ടുപഠിക്കണം.

ഞങ്ങള്‍ രണ്ടുപേരും ഒരേ രാശിക്കാരാണ്. അതുകൊണ്ടാവും ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ അഭിനയത്തിന്റെ രസതന്ത്രം മികച്ചതാവുന്നത്. 'മോസ്റ്റ് ബ്രില്ല്യന്റ് ആക്ടര്‍ ഇന്‍ ഇന്ത്യ' ലാലിനെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്.

മലയാളനടിമാരുമായൊന്നും സൗഹൃദമില്ലേ?

കാവ്യയെ എനിക്കിഷ്ടമാണ്. എന്റെ മോളുടെയും അവളുടെയും ജന്മദിവസം ഒന്നാണ്. സപ്തംബര്‍ 19. എന്നെയവള്‍ വിവാഹത്തിന് വിളിച്ചിരുന്നു പക്ഷേ, 12 വര്‍ഷമായിട്ട് ഒറ്റക്കല്യാണത്തിനും പോകാത്ത ആളാണ് ഞാന്‍. എന്റെ വിവാഹബന്ധം വേര്‍പിരിഞ്ഞപ്പോഴെടുത്ത തീരുമാനമാണത്. വിധവയെപ്പോലുള്ള ഞാന്‍ പോയിട്ട് വധുവിനെ ദീര്‍ഘസുമംഗലിയാവാന്‍ എങ്ങനെ ആശിര്‍വദിക്കും. പിന്നെ വിവാഹച്ചടങ്ങിന് പരിചയമുള്ളവരൊക്കെ വരും. അവരൊക്കെ ഭര്‍ത്താവുമായി സന്തോഷമായിട്ട് വരുമ്പോള്‍ ഞാന്‍ മാത്രം ഒറ്റയ്ക്ക്. അപ്പോള്‍ എനിക്ക് സങ്കടം വരും.

ഇപ്പോള്‍ കാവ്യയും എന്നെപ്പോലെ ഒറ്റയ്ക്കായെന്ന് കേട്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി. ഞാനവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. പ്രശ്‌നങ്ങളെല്ലാം അതിജീവിക്കാന്‍ ഈശ്വരന്‍ കാവ്യക്ക് ശക്തിനല്‍കട്ടെ.

ഐശ്വര്യയുടെ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ. 21-ാം വയസ്സില്‍ വിവാഹമോചനം, പിഞ്ചുകുഞ്ഞുമൊത്ത് ഒറ്റയ്ക്കുള്ള ജീവിതം. അക്കാലമൊക്കെ എങ്ങനെ നേരിട്ടു?

പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അമ്മയാണ് എന്നെ ഏറെ പിന്തുണച്ചത്. പിന്നെ അമ്മൂമ്മയും. അമ്മയുടെയും എന്റെയും സ്വഭാവത്തില്‍ ഒറ്റക്കാര്യത്തിലേ സാമ്യമുള്ളൂ. വലിയ വലിയ പ്രശ്‌നങ്ങള്‍ വന്നാല്‍ ഞങ്ങള്‍ ശാന്തരായിരിക്കും. പ്രശ്‌നങ്ങള്‍ വന്നാല്‍ കുറച്ചുദിവസം റൂമില്‍ അടച്ചിരിക്കും. പിന്നെ ഞാന്‍ കണ്ണാടിയെടുത്ത് നോക്കും. എന്നിട്ട് ചോദിക്കും 'നാണമില്ലേടി ഇങ്ങനെ ദുഃഖിച്ചിരിക്കാന്‍'. അതോടെ ടെന്‍ഷനൊക്കെയങ്ങ് മാറും.

സിനിമാരംഗത്തുള്ളവരൊന്നും ഇക്കാലത്ത് സാന്ത്വനിപ്പിക്കാനെത്തിയില്ലേ?

സിനിമയില്‍ എന്നെ അറിയാവുന്ന എല്ലാവരും ആശ്വാസവാക്കുകളുമായെത്തി. ചെറിയ പ്രായത്തിലേ കടുത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്ന കുട്ടി എന്നൊരു കരുതലുണ്ടായിരുന്നു അവരുടെ മുഖത്ത്. പിന്നെ നടി ലക്ഷ്മിയുടെ മകള്‍ എന്ന പരിഗണന എല്ലാവരും എനിക്ക് തന്നു.

യഥാര്‍ഥത്തില്‍ എന്തായിരുന്നു നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സംഭവിച്ചത്?

മനസ്സുകൊണ്ട് എനിക്കും തന്‍വീറിനും ഒന്നാകാന്‍ കഴിഞ്ഞില്ല. നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ എങ്ങനെ തിരിച്ചെത്തുമെന്ന് പ്രവചിക്കാനാവാത്ത സ്വഭാവമായിരുന്നു തന്‍വീറിന്. ഇതിലും നല്ലതല്ലേ തനിച്ചു ജീവിക്കുന്നത്.

തന്‍വീറിനെ പിന്നെ കണ്ടിട്ടില്ലേ?

ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞിട്ടും അടുത്ത സുഹൃത്തുക്കളായിരിക്കുന്നവര്‍ ഞങ്ങളെപ്പോലെ ആരുമുണ്ടാവില്ല. ഇടയ്ക്കിടെ കാണാറുണ്ട്. ജൂണ്‍ 27-നാണ് പുള്ളിയുടെ ബെര്‍ത്ത്‌ഡേ. അന്ന് കണ്ടപ്പോള്‍ ഞാന്‍ ഹാപ്പി ബെര്‍ത്ത്‌ഡേ പറഞ്ഞു. പുള്ളിക്ക് അത്ഭുതമായി. 12 കൊല്ലമായിട്ടും നീ ഇതൊക്കെ ഓര്‍ത്തിരിക്കുന്നല്ലേ എന്നു ചോദിച്ചു.

എന്നാല്‍ പിന്നെ ഒരുമിച്ച് ജീവിച്ചുകൂടെ. അനൈനയ്ക്കും (മകള്‍) അങ്ങനെയൊരാഗ്രഹമുണ്ടാവില്ലേ?

അയ്യോ. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ ആദ്യം ചാടിയോടുക അനൈനയാവും. അവളെപ്പോഴും പറയും. 'അമ്മാ നിങ്ങളങ്ങനെ ആലോചിക്കുകപോലും ചെയ്യരുതേ എന്ന്. ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെക്കാള്‍ അടുത്ത സുഹൃത്തുക്കളാവുന്നതാണ് നല്ലത്. പരസ്​പരം വഴക്കും പ്രശ്‌നങ്ങളുമില്ല. അതുകൊണ്ട് മോളും ഹാപ്പി. അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കിട്ടുന്നു. മോളെക്കുറിച്ചുള്ള തീരുമാനങ്ങളൊക്കെ ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണെടുക്കാറ്. അവളെ നന്നായി വളര്‍ത്തണമെന്ന ചിന്ത ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ട്.

ഐശ്വര്യ ഷൂട്ടിങ്ങിനൊക്കെ പോവുമ്പോള്‍ അനൈന ഒറ്റയ്ക്കാവില്ലേ?

ഷൂട്ടിങ്ങുണ്ടാവുമ്പോള്‍ അവളെ ഞാന്‍ തന്‍വീറിന്റെ വീട്ടിലാക്കും. ചെന്നൈയില്‍ അടുത്തടുത്താണ് ഞങ്ങളുടെ വീടുകള്‍. രണ്ടിനും നടുവിലായി മോളുടെ സ്‌കൂളും. അവളിപ്പോള്‍ 10-ാം ക്ലാസ്സില്‍. തന്‍വീറിന്റേത് യാഥാസ്ഥിതിക കുടുംബമാണ്. ഒരുപാട് അംഗങ്ങളുള്ള വീട്. അവിടെ ചെല്ലുമ്പോള്‍ അനൈന ബുര്‍ഖയും പര്‍ദയുമൊക്കെയാണ് ധരിക്കാറ്. അതൊക്കെ കുറച്ച് നല്ലതല്ലേ. അവള്‍ക്കവിടെ മൂന്ന് ചിറ്റപ്പന്മാരുണ്ട്. അവരുടെ ലാളനകളും ശാസനകളും ഒരേപോലെ കിട്ടുന്നു.

ഇനി അനൈനയെയും സിനിമയില്‍ പ്രതീക്ഷിക്കാമോ?

അങ്ങനെയൊരു സാധ്യത ഉണ്ടോ എന്നൊന്നും ഞാനിപ്പോള്‍ പറയില്ല. നാളെ വരണമെന്ന് അവള്‍ക്ക് തോന്നിയാല്‍ എനിക്കൊരു കുഴപ്പവുമില്ല. പക്ഷേ, അവളുടെ അച്ഛന്റെ കുടുംബത്തിന്റെ സമ്മതം വേണ്ടിവരും. ചോദിച്ചുചെല്ലുമ്പോള്‍ വെട്ടിക്കൊല്ലാതിരുന്നാല്‍ ഭാഗ്യം.

ചെന്നൈ പോലുള്ളൊരു നഗരത്തില്‍ ആണ്‍ തുണയില്ലാതെ ജീവിക്കാന്‍ ഐശ്വര്യക്ക് പേടിയില്ലേ?

എന്തിന് പേടിക്കണം. കുറെക്കാലമായി ഞാന്‍ തനിച്ചുതന്നെ ജീവിക്കുന്നു. പിന്നെ ആരെങ്കിലും ആണൊരുത്തന്‍ വരട്ടെ. ഈ ഏകാന്ത ജീവിതം മാറ്റാന്‍ ഞാന്‍ തയ്യാറാണ്.

അപ്പോള്‍ വിവാഹം ഉടനെയുണ്ടാവും.

ഞാനുടനെ വിവാഹം ചെയ്യണമെന്ന് അനൈനയ്ക്ക് വലിയ ആഗ്രഹമുണ്ട്. കോളേജ് പഠിത്തമൊക്കെ കഴിഞ്ഞ് പോയാല്‍ അമ്മയെ ആരു നോക്കുമെന്ന് അവളിടയ്ക്കിടെ ചോദിക്കും. കഴിഞ്ഞവര്‍ഷം അവളൊരു വേല ഒപ്പിച്ചു. ഒരു മാട്രിമോണിയല്‍ സൈറ്റില്‍ എന്റെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തു. പരസ്യം കണ്ടതോടെ 63 പേര്‍ മറുപടിയുമായെത്തി. ആരൊക്കെയാണെന്നോ. ഒരു ശെന്തില്‍കുമാര്‍ ഫ്രം രാമനാഥപുരം ഡിസ്ട്രിക്ട്, പിന്നെ മധുരയില്‍ നിന്നൊരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍. ഡിണ്ടിഗല്‍, സേലം, തിരുപ്പൂര്‍ എന്നു തുടങ്ങി എല്ലാ ഉള്‍പ്രദേശങ്ങളില്‍ നിന്നും അപേക്ഷകരുണ്ട്. ഞാന്‍ മോളോട് ചോദിച്ചു. 'നിന്റെ അമ്മയെ കെട്ടാന്‍ സിറ്റിയിലുള്ള ഒറ്റയാളും തയ്യാറല്ലേയെന്ന്. 'ഞാനൊരു സ്വതന്ത്രവ്യക്തിയാണ്. സിനിമാഭിനയം അവസാനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തവള്‍. വീട്ടിലിരുന്നാല്‍ എനിക്ക് വട്ടാവും. ഇതൊക്കെ മനസ്സിലാക്കി ആരെങ്കിലും വന്നാല്‍ എന്റെ വിവാഹം ഉടനുണ്ടാവും.

പൊതുവെ കലാകാരന്മാരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതലാണല്ലോ?

സാധാരണക്കാരുടെ ദാമ്പത്യത്തിലും പ്രശ്‌നങ്ങളുണ്ട്. കലാകാരന്മാരാവുമ്പോള്‍ അല്‍പ്പം കൂടുമെന്നേയുള്ളൂ. രാത്രി വൈകിയുള്ള ഷൂട്ടിങ്, വീടുവിട്ടുള്ള യാത്രകള്‍ എന്നിവയൊക്കെ നടിമാര്‍ക്ക് വേണ്ടിവരും. അതൊക്കെ മനസ്സിലാക്കുന്നയാളല്ല ജീവിതപങ്കാളിയെങ്കില്‍ കുഴഞ്ഞതുതന്നെ. ഞാനെന്റെ വിവാഹജീവിതം കൊണ്ട് മനസ്സിലാക്കിയ കാര്യമിതാണ്.

ഇപ്പോഴെന്താണ് അമ്മയുടെ കൂടെ താമസിക്കാത്തത്?

അതെന്തിനാണ്. അമ്മയുടെ ഒപ്പം താമസിക്കേണ്ട പ്രായമാണോ എനിക്ക്. അമ്മ വാങ്ങിച്ചുതന്ന ഫ്ലറ്റിലാണ് ഞാനും മോളും. അമ്മ ചെമ്പൂരിലെ വീട്ടില്‍. അവിടെ അമ്മയ്‌ക്കൊരു കൂട്ടുണ്ട്. സംയുക്ത. അമ്മ ദത്തെടുത്തതാണവളെ. ഞാനും അനൈനയും ഇടയ്ക്കവിടെ പോവും.


അമ്മയുടെ അഭിനയശൈലി സ്വാധീനിച്ചിട്ടുണ്ടോ?

ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് അമ്മ. ആഗ്രഹിച്ചാലും അതേപോലെ അഭിനയിക്കാന്‍ എനിക്കാവില്ല. മൂഡ് ശരിയല്ലെങ്കില്‍ എനിക്ക് അഭിനയം വരില്ല. പിന്നെ കംഫര്‍ട്ടബിള്‍ ആണെന്ന് തോന്നുന്നവരുടെ കൂടെയേ ഞാന്‍ ജോലി ചെയ്യാറുള്ളു.

അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍?

മലയാളിയായ കെ.ഭാസ്‌കരനാണ് എന്റെ അച്ഛന്‍. കൊല്ലം സ്വദേശി. ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലായിരുന്നു ജോലി. അമ്മയുമായു ള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതോടെ അച്ഛന്‍ ചെന്നൈ വിട്ടു. 20-ാം വയസ്സിലാണ് ഞാനാദ്യമായി അച്ഛനെ കാണുന്നത്. പത്രത്തില്‍ പരസ്യം നല്‍കി അച്ഛനെ വിളിച്ചുവരുത്തുകയായിരുന്നു. പിന്നെ മരിക്കും വരെ ഞാനുണ്ടായിരുന്നു കൂടെ.

അമ്മ രണ്ടാമത് വിവാഹം കഴിച്ച മോഹനപ്പയാണ് എന്നെ വളര്‍ത്തിയത്. അച്ഛന്‍ അടുത്തില്ലാത്തതിന്റെ സങ്കടം അദ്ദേഹം എന്നെ അറിയിച്ചിട്ടില്ല.

വിവാഹം കഴിഞ്ഞാല്‍ നടിമാരെ സിനിമാലോകം വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പറയാറുണ്ട്. അമ്മവേഷങ്ങളിലേക്ക് ഒതുക്കുമെന്ന്

എന്റെ അമ്മ ആദ്യം രജനീകാന്തിന്റെ നായികയായി അഭിനയിച്ചു. പിന്നെ 'പടയപ്പ'യില്‍ രജനിയുടെ അമ്മയുമായി. പുരുഷന്മാര്‍ക്ക് ആധിപത്യമുള്ള മേഖലയാണ് സിനിമ. അപ്പോള്‍ ഇങ്ങനെയൊക്കെതന്നെയെ സംഭവിക്കൂ. പിന്നെ ഞാന്‍ വിവാഹം കഴിഞ്ഞിട്ടാണ് നരസിംഹത്തില്‍ നായികയായത്. അതെന്റെ ഭാഗ്യം.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതാണോ സീരിയലിലേക്ക് വരാന്‍ കാരണം?

എന്റെ കരിയറില്‍ ഒരു ബ്രേക്ക് വന്ന സമയത്താണ് സീരിയലുകള്‍ തേടിയെത്തുന്നത്. ജോലിയില്ലെങ്കില്‍ എങ്ങനെ ജീവിക്കുമെന്ന് ടെന്‍ഷനടിച്ച കാലം. എന്നും ഭഗവാന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു ഞാന്‍. സീരിയലുകള്‍ എനിക്ക് ജീവിക്കാനുള്ള തന്റേടം നല്‍കി. ഒപ്പം ആവശ്യത്തിന് പണവും. ആസ്വദിച്ച് ജോലി ചെയ്യുന്നതിന്റെ ഒരു സംതൃപ്തിയുണ്ട്. ഇപ്പോള്‍ സിനിമയിലും അവസരങ്ങളുണ്ട്. തെലുങ്ക് ചിത്രം പൂര്‍ത്തിയായി. തമിഴില്‍ പുതിയൊരു പ്രൊജക്ടുണ്ട്. മലയാളത്തില്‍ അവസാനം അഭിനയിച്ചത് 'ഇന്‍സ്‌പെക്ടര്‍ ഗരുഡി'ലാണ്.

അപ്പോള്‍ സിനിമയേക്കാള്‍ എന്‍ജോയ് ചെയ്യുന്നുണ്ട് സീരിയലില്‍

സിനിമ എന്നും സിനിമ തന്നെയാണ്. അതുമായി സീരിയലിനെ താരതമ്യം ചെയ്യാനാവില്ല. സീരിയലിനെ നമ്മള്‍ സ്ഥിരം കഴിക്കുന്ന ചോറെന്ന് വിളിക്കാം. സിനിമ വല്ലപ്പോഴും കിട്ടുന്ന ബിരിയാണിയാണ്. പിന്നെ സീരിയലിന് കൃത്യമായ ജോലി, കിറുകൃത്യം വേതനം എന്നിങ്ങനെയുള്ള ലാഭങ്ങളുണ്ട്.

മലയാളത്തില്‍ ഞാനാദ്യം ചെയ്ത സീരിയല്‍ ഏഷ്യാനെറ്റിലെ ദേവതയാണ്. അതുകണ്ടാണ് ഷാജികൈലാസ് നരസിംഹത്തിലേക്ക് വിളിക്കുന്നത്.

പാരിജാതത്തിലെ വില്ലത്തിയെ പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷത്തിലാണല്ലോ?

മുമ്പ് തമിഴ് സീരിയലുകളില്‍ ഞാനൊരുപാട് നെഗറ്റീവ് റോളുകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തിലും നെഗറ്റീവെന്ന് തോന്നിക്കുന്ന വേഷങ്ങള്‍ ചെയ്തു, പക്ഷേ അതെല്ലാം അവസാനം പോസിറ്റീവ് ആകുന്നവയാണ്. കടമറ്റത്ത് കത്തനാരിലെ യക്ഷി അത്തരമൊരു വേഷമാണ്. മുഴുനീള വില്ലത്തരങ്ങള്‍ വരുന്ന വേഷം കിട്ടുന്നത് പാരിജാതത്തിലാണ്. ആന്റിയമ്മയെ ആളുകള്‍ ഇഷ്ടപ്പെടുന്നതില്‍ സന്തോഷമുണ്ട്.
ഇപ്പോള്‍ പലരും എന്റെ പേര് മറന്നു. കണ്ടാല്‍ ആന്റിയമ്മേ എന്നാണ് വിളിക്കുന്നത്. ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എന്റെയൊരു ആന്റി ജോലി ചെയ്യുന്നുണ്ട്. കാണുമ്പോളൊക്കെ ആദ്യമവര്‍ ചോദിക്കുക ആന്റിയമ്മേ സുഖമല്ലേ എന്നാ.