ഡോ.ഒ.കെ.മുരളീകൃഷ്ണന്‍
ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ് അസ്ഥിദ്രവിക്കല്‍ (Osteoporosis). പ്രായം കൂടുമ്പോള്‍ അസ്ഥികളുടെ ബലത്തില്‍ വരുന്ന ശോഷണമാണ് രോഗകാരണം. മുപ്പത് വയസ്സിന് ശേഷം അസ്ഥികളുടെ ബലം ക്രമേണ കുറഞ്ഞു വരുന്നു. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഇത് വേഗത്തിലാവുന്നു. എല്ലു പൊട്ടാനുള്ള സാധ്യതയും വര്‍ധിക്കുന്നു.ലക്ഷണം
പെട്ടെന്ന് കണ്ടുപിടിക്കാവുന്ന ലക്ഷണങ്ങളില്ലെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ശാരീരികമായി അസ്വസ്ഥതയൊന്നുമില്ലാത്തവര്‍ക്കും പെട്ടെന്ന് ചെറിയൊരു വീഴ്ചയില്‍ പോലും എല്ലുപൊട്ടാം. രോഗാവസ്ഥ കൂടുതലാണെങ്കില്‍ മാത്രമേ എക്‌സ്‌റേയില്‍ പോലും കണ്ടുപിടിക്കാനാവൂ. ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് (ബി.എം.ടി.) അല്ലെങ്കില്‍ ബോണ്‍ ഡെന്‍സിറ്റോമെട്രി എന്നീ പരിശോധനകള്‍ വഴി തുടക്കത്തില്‍ തന്നെ അസ്ഥിദ്രവിക്കല്‍ കണ്ടുപിടിക്കാം.
രോഗാവസ്ഥ
ഇടുപ്പ്, നട്ടെല്ല്, കണങ്കൈ എന്നിവിടങ്ങളിലെ പൊട്ടലാണ് രോഗബാധിതരില്‍ പ്രധാനമായും കണ്ടുവരുന്നത്. ഇടുപ്പിലുണ്ടാവുന്ന ഒടിവുകള്‍ രോഗിക്ക് സാധാരണ ജീവിതം നയിക്കാന്‍ പോലും പ്രയാസമുണ്ടാക്കും. നട്ടെല്ലിനെ ബാധിക്കുമ്പോള്‍ ചെറുതായി കുനിയുന്നത് പോലും എല്ലുപൊട്ടലില്‍ കലാശിക്കും. നിവര്‍ന്നുനില്ക്കാന്‍ കഴിയാത്ത അവസ്ഥയും കടുത്ത വേദനയും ഉണ്ടാകാം. കടുത്ത രോഗാവസ്ഥയാണെങ്കില്‍ ചെറിയൊരു വീഴ്ചയില്‍ പോലും ഒന്നിലധികം എല്ലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്.
രോഗസാധ്യത
പുരുഷന്മാര്‍ക്കും രോഗം വരാം. എന്നാല്‍ സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍. തടിച്ച ശരീരപ്രകൃതിയുള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്‍ക്കാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവത്തില്‍ നീണ്ട ഇടവേളകളുള്ളവരും അണ്ഡാശയം നീക്കം ചെയ്തവരും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളില്‍ ഈസ്ട്രജന്റെ കുറവുള്ളവരെയും ആണുങ്ങളില്‍ പുരുഷഹോര്‍മോണ്‍ കുറവുള്ളവരെയും രോഗം എളുപ്പം പിടികൂടുന്നു.
പ്രതിരോധം
പ്രായം കൂടുമ്പോള്‍ എല്ലാവര്‍ക്കും രോഗം പിടിപെടണമെന്നില്ല. കാത്സ്യവും വിറ്റമിന്‍ ഡിയും അടങ്ങിയ ഭക്ഷണം ചെറുപ്പത്തിലേ ശീലമാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതും വാര്‍ധക്യത്തില്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലില്‍പ്പെടും. കൃത്യമായ വ്യായാമം ചെറുപ്പത്തിലേ ശീലമാക്കുന്നത് അസ്ഥികളുടെ ബലം വര്‍ധിപ്പിച്ച് രോഗത്തെ തടയുന്നു. കേരളത്തില്‍ വ്യായാമത്തിന്റെ കാര്യത്തില്‍ സ്ത്രീകളാണ് പിന്നാക്കം. (യന്ത്രവത്കൃത അടുക്കളയിലെ ജോലികള്‍ വ്യായാമത്തില്‍ പെടില്ലെന്നോര്‍ക്കുക). തുടക്കത്തിലേയുള്ള രോഗനിര്‍ണയവും വിദഗ്ദ്ധ ചികിത്സയുമാണ് പ്രധാനം.

NEWS LETTER
RSS











