MATHRUBHUMI RSS
Loading...
കേരളത്തില്‍ അബോര്‍ഷന്‍ കൂടുന്നു
യാസിര്‍ ഫയാസ്‌

ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണെന്ന് പഠനങ്ങള്‍ പറയുന്നു. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം അമ്മയുടെ ആരോഗ്യത്തെയും പ്രത്യുല്‍പാദനശേഷിയേയും വരെ ബാധിക്കുന്നു. സുരക്ഷിത ഗര്‍ഭച്ഛിദ്രം ഏത്, എങ്ങനെ തുടങ്ങിയ സംശയങ്ങള്‍ക്ക് വിദഗ്ധരുടെ മറുപടി....



ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാണ്. എങ്കിലും അബോര്‍ഷന് സുരക്ഷിതമല്ലാത്ത വഴികള്‍ തേടിപ്പോകുന്നവരുടെ എണ്ണം രാജ്യത്ത് കൂടുകയാണ്. ലോകാരോഗ്യ സംഘടനയും ന്യൂയോര്‍ക്കിലെ ഗുട്മാച്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഈയിടെ പുറത്തു വന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

2008 ല്‍ ഇന്ത്യയില്‍ നടന്ന 65 ലക്ഷം ഗര്‍ഭച്ഛിദ്രങ്ങളില്‍ 66 ശതമാനവും സുരക്ഷിതമല്ലാത്തവയാണെന്നാണ് കണ്ടെത്തല്‍. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രമാര്‍ഗങ്ങള്‍ തേടിപ്പോകുന്ന ഇന്ത്യയ്ക്കാരുടെ എണ്ണം ഒന്നും രണ്ടുമല്ല, 43 ലക്ഷം! ഗര്‍ഭച്ഛിദ്രം നടത്താന്‍ യോഗ്യതയില്ലാത്തവര്‍ നടത്തുന്നതും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ നടത്തപ്പെടുന്നവയുമായ ഗര്‍ഭച്ഛിദ്രങ്ങളെയാണ് സുരക്ഷിതമല്ലാത്തത് എന്ന് ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്.

മാതൃമരണങ്ങളില്‍ 13 ശതമാനത്തിനും കാരണം സുരക്ഷിതമല്ലാത്ത ഇത്തരം ഗര്‍ഭച്ഛിദ്രങ്ങളാണ്. ഓരോ ലക്ഷം ഗര്‍ഭച്ഛിദ്രങ്ങളിലും 200 അമ്മമാരെങ്കിലും മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.

ഗര്‍ഭച്ഛിദ്രത്തോടുള്ള സാമൂഹത്തിന്റെ മനോഭാവവും അത് ആവശ്യപ്പെടുന്ന രഹസ്യാത്മകതയും ഒക്കെയാവാം നിയമ വിരുദ്ധവും അപകടകരവുമായ ഗര്‍ഭച്ഛിദ്രമാര്‍ഗങ്ങള്‍ തേടാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നത്. മാതൃമരണങ്ങള്‍ കൂടുക, ഗര്‍ഭച്ഛിദ്ര ചെലവ് വര്‍ധിക്കുക, ചൂഷണം ചെയ്യപ്പെടുക, സങ്കീര്‍ണതകള്‍ സംഭവിച്ചാല്‍ തുടര്‍ചികില്‍സ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇതിന്റെ അനന്തര ഫലങ്ങള്‍.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭച്ഛിദ്രം നടക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഒരു വര്‍ഷം 8-9 ലക്ഷം ഗര്‍ഭച്ഛിദ്രം കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

എന്നാല്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രത്തിന്റെ കാര്യത്തില്‍ രാജ്യത്തെയും ഇതര സംസ്ഥാനങ്ങളിലെയും അവസ്ഥയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി എന്നാണ് 'ഗൃഹലക്ഷ്മി' നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കേരളത്തിലും വര്‍ധിച്ചുവരുകയാണെങ്കിലും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരുടെ എണ്ണം കുറവാണെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എ കെ. ജയശ്രീ അഭിപ്രായപ്പെടുന്നു. ''പക്ഷേ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ശരിയായ ഉപയോഗത്തിന്റെ കാര്യത്തില്‍ മലയാളി ഇപ്പോഴും പിന്നിലാണ്. അതാണ് ഗര്‍ഭച്ഛിദ്രം കൂട്ടുന്നത്'', അവര്‍ ചൂണ്ടിക്കാട്ടി.

ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും ആരോഗ്യ കാര്യങ്ങളെക്കുറിച്ചുമുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ട്. അതാണ് സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ കേരളത്തില്‍ കുറയാന്‍ കാരണമെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജി വിഭാഗം മേധാവിയായി വിരമിച്ച ഡോ. എ ഷീലാമണി പറയുന്നു.

''അതേസമയം ഇപ്പോഴും നാട്ടുവൈദ്യന്മാരെയും വ്യാജഡോക്ടര്‍മാരെയും വയറ്റാട്ടികളെയുമൊക്കെ ആശ്രയിക്കുന്നവരുമുണ്ട്'' അവര്‍ കൂട്ടിച്ചേര്‍ത്തു.

''കേരളത്തിലെ ജനന, മാതൃമരണനിരക്കുകള്‍ പഠനവിധേയമാക്കിയപ്പോള്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രവും അതുമൂലമുള്ള മാതൃമരണവും രോഗാതുരതയും കുറവാണെന്നാണ് കണ്ടെത്തിയത്'', കോഴിക്കോട്ടെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. ടി നാരായണന്‍ വ്യക്തമാക്കുന്നു.

അബോര്‍ഷന്‍ സംശയങ്ങള്‍ക്ക് മറുപടി

സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിവുള്ളതായി പരിഗണിക്കപ്പെടുന്നതിന് മുമ്പ് ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്ന, പുറന്തള്ളുന്ന പ്രക്രിയയാണ് ഗര്‍ഭച്ഛിദ്രം. പല കാരണങ്ങളാല്‍ സ്വഭാവികമായും ഇങ്ങനെ സംഭവിക്കാം. അതിനെയാണ് ഗര്‍ഭം അലസല്‍ അല്ലെ ങ്കില്‍ മിസ്‌കാര്യേജ് എന്ന് വിളിക്കുന്നത്. എന്നാല്‍ ബോധപൂര്‍വം ഗര്‍ഭം ഇല്ലാതാക്കുന്നത് വൈദ്യശാസ്ത്രപരമോ സാമൂഹികമോ ആയ കാരണങ്ങളാലാണ്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗനന്‍സി (ങഠജ) എന്നാണിത് അറിയപ്പെടുന്നത്.

ആര്‍ക്കും എപ്പോഴും ഗര്‍ഭച്ഛിദ്രം നടത്താനാവുമോ?

1971 ലെ എം ടി പി ആക്ട് പ്രകാരം ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാണ്. എന്നാല്‍ പ്രസ്തുത നിയമപ്രകാരം ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും കാരണങ്ങള്‍ ഉണ്ടായിരിക്കണം.

ഗര്‍ഭിണിയ്ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാവുകയും ഗര്‍ഭം തുടരുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുക.

നവജാത ശിശുവിന് ഗുരുതരമായ ശാരീരിക, മാനസിക വൈകല്യങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുക.

ബലാല്‍സംഗത്തെത്തുടര്‍ന്നുള്ള ഗര്‍ഭധാരണം.

ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുട്ടിയുടെ ജനനത്തിനും തടസ്സമാകുന്ന അമ്മയുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍.

ഗര്‍ഭനിരോധന മാര്‍ഗത്തിന്റെ പരാജയം.

ഏതൊക്കെ രീതികളാണ് ഗര്‍ഭച്ഛിദ്രത്തിന് അവലംബിക്കുന്നത്?

പ്രധാനമായും രണ്ട് രീതികളാണ് ഗര്‍ഭച്ഛിദ്രത്തിന് സ്വീകരിക്കുന്നത്. ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭ്രൂണം നീക്കം ചെയ്യുന്ന സര്‍ജിക്കല്‍ അബോര്‍ഷനും ഔഷധങ്ങള്‍ നല്‍കിയുള്ള മെഡിക്കല്‍ അബോര്‍ഷനും. ചിലസാഹചര്യങ്ങളില്‍ ഒരാളില്‍ തന്നെ ഇവ രണ്ടും ചെയ്യേണ്ടി വരാറുണ്ട്. ഗര്‍ഭം എത്ര പുരോഗമിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏത് രീതി അവലംബിക്കണം എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്. സ്‌കാനിങ്ങിലൂടെ ഗര്‍ഭത്തിന്റെ കൃത്യമായ അവസ്ഥ വിലയിരുത്തിയ ശേഷമാണ് ഇത് തീരുമാനിക്കുന്നത്.

ഏത് രീതിയാണ് ഇന്ന് കൂടുതല്‍ സ്വീകരിക്കുന്നത്?

മെഡിക്കല്‍ അബോര്‍ഷന്‍ ആണ് ഇന്ന് കൂടുതലായും ചെയ്യുന്നത്. മെഡിക്കല്‍ അബോര്‍ഷനിലൂടെ പൂര്‍ണമായും ഗര്‍ഭം നീക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ തുടര്‍ന്ന് ശസ്ത്രക്രിയ രീതിയും അവലംബിക്കേണ്ടിവരും. ഗര്‍ഭം ധരിച്ച് ആദ്യ ഏഴ് ആഴ്ചകള്‍ക്കുള്ളിലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ വീട്ടില്‍ വെച്ച് തന്നെ മെഡിക്കല്‍ അബോര്‍ഷന്‍ നടത്താനാവും. ഔഷധങ്ങള്‍ കൊണ്ട് ഗര്‍ഭം അലസിപ്പിക്കാനാവാത്ത സാഹചര്യത്തില്‍ സര്‍ജിക്കല്‍ അബോര്‍ഷന്‍ തന്നെ വേണ്ടിവരും.

എവിടെയാണ് അബോര്‍ഷന്‍ നടത്തുന്നത്?

എം ടി പി നടത്താന്‍ സര്‍ക്കാറിന്റെ അനുമതി ലഭിച്ച സ്ഥാപനങ്ങളിലേ ഗര്‍ഭച്ഛിദ്രം നടത്താനാവൂ. ഗൈനക്കോളജിസ്റ്റിന്റെ സേവനമുള്ള എല്ലാസര്‍ക്കാര്‍ ആസ്പത്രികളിലും സ്വകാര്യ ആസ്പത്രികളിലും ഇന്ന് അബോര്‍ഷന്‍ നടത്താനാവും. രോഗികളെ കിടത്തിച്ചികില്‍സിക്കാനും അനസ്‌തേഷ്യ നല്‍കാനും സൗകര്യങ്ങള്‍ ഉള്ള ആസ്പത്രികള്‍ക്കാണ് ഇത്തരം അനുമതി ലഭിക്കുന്നത്.

എന്താണ് മെഡിക്കല്‍ അബോര്‍ഷന്‍. ഏതൊക്കെ ഔഷധങ്ങളാണ് ുപയോഗിക്കുന്നത്?

വിവിധ ഔഷധങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭം ഇല്ലാതാക്കുന്ന പ്രക്രിയയാണ് മെഡിക്കല്‍ അബോര്‍ഷന്‍. അനസ്‌തേഷ്യയോ ഉപകരണങ്ങള്‍ കടത്തി ഭ്രൂണം നീക്കലോ ആവശ്യമില്ലാത്ത മെഡിക്കല്‍ അബോര്‍ഷന്‍ പക്ഷേ ഗര്‍ഭത്തിന്റെ ആദ്യകാലത്തേ ചെയ്യാന്‍ കഴിയൂ. വായിലൂടെ കഴിക്കുന്ന മിഫ്പ്രിസ്റ്റോണ്‍ (ഞഡ 486), മിസോപ്രോസ്റ്റോള്‍, യോനിയില്‍ വെക്കുന്ന മിസോപ്രോസറ്റോള്‍ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഔഷധങ്ങള്‍. ഗര്‍ഭം തുടരുന്നതിന് ആവശ്യമായ പ്രെജസ്റ്ററോണ്‍ ഹോര്‍മോണ്‍ ഉത്പാദനം തടഞ്ഞും ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച ഭ്രൂണത്തെ ഇളക്കി പുറന്തള്ളിയുമാണ് ഈ ഔഷധങ്ങള്‍ ഗര്‍ഭച്ഛിദ്രം സാധ്യമാക്കുന്നത്. 48 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോസ് ഗുളികകളാണ് ഇതിനായി നല്‍കുന്നത്. ഇതോടൊപ്പം ചിലര്‍ക്ക് വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയും വേണ്ടിവരാം.75-95 ശതമാനമാണ് മെഡിക്കല്‍ അബോര്‍ഷന്റെ വിജയസാധ്യത. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ അപൂര്‍ണമായ മെഡിക്കല്‍ അബോര്‍ഷനെത്തുടര്‍ന്ന് സര്‍ജിക്കല്‍ അബോര്‍ഷന്‍ വേണ്ടിവരാം.

മെഡിക്കല്‍ അബോര്‍ഷന്‍ ഏത് കാലയളവ് വരെ ചെയ്യാനാവും?

ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് മെഡിക്കല്‍ അബോര്‍ഷന്‍ ഫലപ്രദമാവുക. സാധാരണഗതിയില്‍ ഒമ്പത് ആഴ്ചവരെ മാത്രമേ മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാറുള്ളൂ.

മെഡിക്കല്‍ അബോര്‍ഷന് പാര്‍ശ്വഫലങ്ങളോ സങ്കീര്‍ണതകളോ ഉണ്ടോ?

ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്ന മെഡിക്കല്‍ അബോര്‍ഷന്‍ താരതമ്യേന സുരക്ഷിതമാണ്. എന്നാല്‍ അപൂര്‍ണമായ ഗര്‍ഭച്ഛിദ്രം, അണുബാധ, രക്തസ്രാവം, ഗര്‍ഭപാത്രത്തിന് തകരാറ് തുടങ്ങിയവ അപൂര്‍വമായി സംഭവിക്കാറുണ്ട്. മെഡിക്കല്‍ അബോര്‍ഷനുള്ള ഔഷധങ്ങള്‍ ആരംഭിച്ചശേഷം ഗര്‍ഭം തുടരാന്‍ തീരുമാനിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓക്കാനം, ഛര്‍ദ്ദി, പനി, വിറ, വയറിളക്കം, യോനിയില്‍ നിന്ന് രക്തസ്രാവം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ കാണാറുണ്ട്.

എല്ലാവര്‍ക്കും മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാനാവുമോ?

ഗര്‍ഭം കൂടുതല്‍ പുരോഗമിച്ചവര്‍, ഇന്‍ട്രായൂട്ടറൈന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവര്‍, അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയ-രക്തക്കുഴല്‍ പ്രശ്‌നങ്ങളുള്ളവര്‍, ഗുരുതരമായ കരള്‍, വൃക്ക, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍, രക്തംനേര്‍പ്പിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, ചില മരുന്നുകളോട് അലര്‍ജിയുള്ളവര്‍ തുടങ്ങിയവര്‍ക്കൊന്നും മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍ജിക്കല്‍ അബോര്‍ഷന്‍ സ്വീകരിക്കേണ്ടി വരും.

സര്‍ജിക്കല്‍ അബോര്‍ഷന്‍ എങ്ങിനെയാണ് ചെയ്യുന്നത്?

മെഡിക്കല്‍ അബോര്‍ഷന്‍ സാധ്യമാകാത്തവരിലും ഗര്‍ഭം ആറാഴ്ചയെങ്കിലും പിന്നിട്ടവരിലുമാണ് സര്‍ജിക്കല്‍ അബോര്‍ഷന്‍ അവലംബിക്കുന്നത്. ഡൈലേഷന്‍ ആന്റ് ക്യുററ്റാഷ് (ഉ&ഇ) എന്ന രീതിയാണ് ഇതിന് വ്യാപകമായി ഉപയോഗിക്കുന്നത്. യോനിയ്ക്കും ഗര്‍ഭാശയത്തിനും ഇടയിലുള്ള ഗര്‍ഭാശയ ഗളം വികസിപ്പിച്ച ശേഷം ക്യൂററ്റ് എന്ന പ്രത്യേക ഉപകരണം ഗര്‍ഭാശയത്തില്‍ കടത്തി ഭ്രൂണവും ഗര്‍ഭാശയത്തിലെ ആന്തര കലകളും ചുരണ്ടി നീക്കുകയാണ് ചെയ്യുന്നത്. ക്യൂററ്റിന് പകരം സക്ഷന്‍ പമ്പ് ഉപയോഗിച്ച് വലിച്ച് കളയുന്ന രീതിയുമുണ്ട്. 10-15 മിനുട്ട് കൊണ്ട് അവസാനിക്കുന്നതാണ് ഈ പ്രക്രിയ. മരുന്നു വെച്ച് ഗര്‍ഭാശയ ഗളം വികസിപ്പിക്കുന്നതിന് വേണ്ടി കുറച്ചുമണിക്കൂറുകള്‍ക്കുമുമ്പോ ഒരു ദിവസം മുമ്പോ ആസ്പത്രിയില്‍ എത്തേണ്ടി വരുമെന്ന് മാത്രം. ഗര്‍ഭാശയ ഗളവും അതിന് ചുറ്റുമുള്ള ഭാഗവും മാത്രം മരവിപ്പിച്ചോ റിജ്യണല്‍, ജനറല്‍ അനസ്‌തേഷ്യ നല്‍കിയോ ആണ് ഡി ആന്റ് സി ചെയ്യുന്നത്.

സര്‍ജിക്കല്‍ അബോര്‍ഷന്റെ അപകടസാധ്യതകള്‍ ഏതൊക്കെയാണ്?

ഗര്‍ഭപാത്രം, ഗര്‍ഭാശയ ഗളം എന്നിവയ്ക്ക് പരിക്കേല്‍ക്കുക, വൈകാരികമായ അസ്വസ്ഥത, അമിതമായ രക്തസ്രാവം, ഫലോപ്പിയന്‍ നാളിയിലോ ഗര്‍ഭപാത്രത്തിലോ അണുബാധയുണ്ടാവുക തുടങ്ങിയവയാണ് സര്‍ജിക്കല്‍ അബോര്‍ഷനിലെ അപകടസാധ്യതകള്‍.

സര്‍ജിക്കല്‍ അബോര്‍ഷന്‍ കഴിഞ്ഞ ഉടനെ ആസ്പത്രി വിടാനാവുമോ?

സര്‍ജിക്കല്‍ അബോര്‍ഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമോ തൊട്ടടുത്ത ദിവസമോ തന്നെ ആസ്പത്രി വിടാനാവും. ഒരാഴ്ചക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാവും. സര്‍ജറി കഴിഞ്ഞ് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കണം. ലൈംഗിക ബന്ധം 2-3 ആഴ്ചകള്‍ ഒഴിവാക്കണം. ഏത് തരം ഗര്‍ഭച്ഛിദ്രം കഴിഞ്ഞാലും മൂന്ന് മാസത്തിന് ശേഷമേ വീണ്ടും ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. ഗര്‍ഭാശയവും അനുബന്ധ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള കാലയളവാണിത്.

ഗര്‍ഭച്ഛിദ്രം ഭാവിയിലെ ഗര്‍ഭധാരണത്തെ ബാധിക്കുമോ?

സാധാരണഗതിയില്‍ അബോര്‍ഷന്‍ ഭാവിയിലെ ഗര്‍ഭധാരണത്തെ ബാധിക്കുകയോ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയോ ഇല്ല. എന്നാല്‍ സര്‍ജിക്കല്‍ അബോര്‍ഷനിടെ ഗര്‍ഭപാത്രത്തിനോ ഗര്‍ഭാശയഗളത്തിനോ പരിക്കുകളേറ്റാല്‍ അവ പരിഹരിച്ചശേഷമേ അടുത്ത ഗര്‍ഭം ധരിക്കാവൂ.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ഷീലാമണി എ.
പ്രൊഫസര്‍,
ഗൈനക്കോളജി,
ട്രാവന്‍കൂര്‍ മെഡി. കോളേജ്, കൊല്ലം