
ജീവിതസായാഹ്നം സന്തോഷിക്കാനുള്ളതാണ്. അതുകൊണ്ട് പ്രായമേറുന്നതോടെ പെരുകുന്ന ആകുലതകളും ഉത്കണ്ഠകളും മാറ്റിവെക്കാം. 'അറുപത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു' എന്ന പഴഞ്ചന്‍ ചിന്തയെ മനസ്സില്‍ നിന്നകറ്റി വിടാം. സ്ത്രീകള്‍ക്ക് ഒഴിവുസമയം പ്രയോജനപ്രദവും സന്തോഷകരവുമാക്കാന്‍ മുന്നില്‍ ഒട്ടേറെ വഴികളുണ്ട്. ജീവിതത്തിരക്കുകളില്‍ കൈമോശം വന്നുപോയ കഴിവുകളും വാസനകളും വേണമെങ്കില്‍ പൊടിതട്ടി എടുക്കാം.
സര്‍ഗശക്തി വളര്‍ത്താനും ഓര്‍മ നിലനിര്‍ത്താനും കഴിവുകളെ ഉപയോഗപ്പെടുത്താനും ഒരുകാലത്ത് സാധിക്കാതിരുന്ന കാര്യങ്ങള്‍ ആത്മസംതൃപ്തിയോടെ ചെയ്യാനും ഉള്ള സമയവും ഇതുതന്നെയാണ്. ഇതിന് യോഗ ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഏറെ സഹായകമാകും. അല്പം നിശ്ചയദാര്‍ഢ്യവും ഒപ്പം വ്യായാമത്തിനുള്ള മനസ്സും ഉണ്ടായിരിക്കണമെന്നുമാത്രം.
ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറന്തള്ളാനും മനോവ്യാപാരങ്ങളെ നിയന്ത്രിക്കാനും 'യോഗ' സ്ത്രീകളെ സഹായിക്കും. പ്രതിരോധശക്തിക്കും സുഗമമായ രക്തചംക്രമണത്തിനും ശരീരത്തിലെ എല്ലുകളെ ബലവത്താക്കാനും 'ഫ്രോസണ്‍ ഷോള്‍ഡര്‍' പോലുള്ള രോഗങ്ങളെ ചെറുക്കാനും യോഗയിലൂടെ സാധ്യമാക്കാം. പ്രായമാവുന്നതോടെ ധാരാളം മരുന്നുകള്‍ക്ക് അടിമപ്പെടുന്ന ശീലം കുറയ്ക്കാം. ഇതിന് ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള കടുത്ത മുറകളൊന്നും പരിശീലിക്കേണ്ട ആവശ്യമില്ല. ലളിതമായ യോഗചര്യകള്‍, ചെറിയ ആസനങ്ങള്‍, പ്രാണായാമങ്ങള്‍, ധ്യാനം എന്നിവ ചെയ്യുമ്പോള്‍ മനസ്സിനും ശരീരത്തിനും ഉണ്ടാവുന്ന മാറ്റവും ശുഭാപ്തി വിശ്വാസവും അനുഭവിച്ചുതന്നെ അറിയണം.
ശാന്തമായ സ്ഥലത്ത് സ്വസ്ഥതയോടെ ഇരുന്ന് അരമണിക്കൂര്‍ നേരം യോഗ പരിശീലിക്കാം. ശ്വാസശുദ്ധീകരണത്തിന് 'ഭസ്ത്രിക' ('വജ്രാസന'ത്തിലിരുന്ന്) വളരെ നല്ലതാണ്. ശരീരത്തിന് ക്ഷീണം തോന്നുന്ന അവസരത്തില്‍ ഇത് ദിവസത്തില്‍ രണ്ടോ മൂന്നോ ചെയ്യാം. 'കപാല്‍ഭാതി' ('പ്രാണായാമം') മനസ്സിന്റെ ബുദ്ധിശക്തി കൂട്ടാന്‍ സഹായിക്കും. 'പവനമുക്താസനം' വയറിന്റെ അസുഖങ്ങള്‍, വയറിന്റെ വണ്ണം എന്നിവ കുറയ്ക്കും. 'മാര്‍ജാരാസനം' നട്ടെല്ല്, കഴുത്ത്, തോള്‍ എന്നിവയ്ക്ക് ബലം നല്‍കുന്നു. എളുപ്പത്തില്‍ പരിശീലിക്കാന്‍ കഴിയുന്ന ഒന്നാണ് 'ഭുജംഗാസനം'. നട്ടെല്ല്, തോള്‍, കഴുത്ത് എന്നിവയ്ക്ക് ബലം നല്‍കുന്നു. മൂക്കിന്റെ ഇടതുവശത്തെ ദ്വാരം അടച്ച് ശ്വാസമെടുത്ത് അടുത്ത ദ്വാരത്തിലൂടെ പുറത്തേക്ക്‌വിടുകയും അതേ ദ്വാരത്തിലൂടെ ശ്വാസമെടുത്ത് ഇടത്തെ ദ്വാരത്തിലൂടെ പുറത്തേക്ക് വിടുകയും ചെയ്യുന്ന 'അനുലോമ വിലോമ പ്രാണായാമം' മനസ്സിനെ ശാന്തമാക്കാന്‍ ഏറെ സഹായകമാണ്. സ്ഥിരമായി ഇതെല്ലാം പരിശീലിക്കുന്നതോടെ ഊര്‍ജസ്വലതയോടെ ജീവിക്കാനാവും.
പ്രഭാതത്തിലെ അരമണിക്കൂര്‍ ചെയ്യുന്ന യോഗചര്യ ദിവസം മുഴുവനും പ്രായമായ സ്ത്രീകളെ ഉന്മേഷമുള്ളവരാക്കും.

NEWS LETTER
RSS











