MATHRUBHUMI RSS
Loading...
കുടിവെള്ളം അപകടത്തില്‍
യാസിര്‍ ഫയാസ്‌

നമ്മള്‍ കുടിക്കുന്ന വെള്ളത്തില്‍ ഗുരുതരമായ അളവില്‍ മാലിന്യമടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍. ഇക്കാര്യത്തില്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?


വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലെത്ര'.. എന്ന് എസ്. ടി. കോളറിഡ്ജ് 'ദ റൈം ഒാഫ് ഏന്‍ഷ്യന്റ് മാരിനറി'ല്‍ പാടിയതുപോലെയാണ് കേരളത്തിന്റെ അവസ്ഥ. വേനല്‍ക്കാലമെത്തുന്നതോടെ ജലക്ഷാമത്തിന്റെ പിടിയിലാവുകയാണ് ഇവിടം. 44 നദികളും 30 ലക്ഷത്തിലേറെ കിണറുകളുമുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍. ധാരാളം കുഴല്‍ കിണറുകളും കുളങ്ങളും ചാലുകളും വേറെയും. നദികളില്‍ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. 10 കോടി ലിറ്റര്‍ ദൈനം ദിന ജല ഉപഭോഗമുള്ള കേരളം, വരും നാളുകളില്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാകുമെന്നാണ് നിഗമനം. ജലം പാഴാക്കലും മലിനീകരണവും ഇതുപോലെ തുടര്‍ന്നാല്‍. ഭാവിയില്‍ ഏറ്റവും ദുര്‍ലഭമായ അവശ്യവസ്തു വെള്ളമായിരിക്കും എന്ന കാര്യത്തില്‍ ഇന്നാര്‍ക്കും തര്‍ക്കമില്ല.

മലിനജലം കുടിച്ച് ഒരോ വര്‍ഷവും മരണപ്പെടുന്നത് 18 ലക്ഷം പേരാണ്. ജലദൗര്‍ലഭ്യം മൂലം മരണപ്പെടുന്നവര്‍ കൂടിയാവുമ്പോള്‍ ഇത് 50 ലക്ഷം കവിയും. ഇന്ത്യയില്‍ ശിശുമരണത്തിനിടയാക്കുന്ന ഏറ്റവും വലിയ കാരണവും മലിന ജലം തന്നെ. ജൈവ, രാസമാലിന്യങ്ങളാണ് ഭൂഗര്‍ഭ, ഉപരിതല ജലസ്രോതസ്സുകളെയൊക്കെ മലിനമാക്കുന്നത്. വ്യാവസായിക, ഗാര്‍ഹിക, കാര്‍ഷിക മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നതും അമിത ജല ചൂഷണവുമാണ് ഇതിന് കാരണം. ഓരോമിനുട്ടിലും 11 ലക്ഷം ലിറ്റര്‍ മലിന ജലം ഗംഗാനദിയിലേക്ക് മാത്രം ഒഴുകിയെത്തുന്നുണ്ടെന്ന കണക്കുകള്‍ മലിനീകരണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.

വെള്ളത്തില്‍ ഇ.കോളി

കേരളത്തിലെ അധിക ജലസ്രോതസ്സുകളുമിന്ന് മലിനമാണ്. സി. ഡബ്യു. ആര്‍. ഡി. എം. നടത്തിയ ഒരു പഠനത്തില്‍ കണ്ടത് കേരളത്തിലെ 80 ശതമാനത്തില്‍ കൂടുതല്‍ ജലസ്രോതസ്സുകളും ഇ. കോളി ബാക്ടീരിയയാല്‍ മലിനമാണെന്നാണ്. വെള്ളത്തിലെ മലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ. കോളി ബാക്ടീരിയയുടെ അളവ് കേരളത്തിലെ മിക്കപ്രദേശത്തും കൂടുതലാണെന്ന് ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ലെഡ്, കാഡ്മിയം, ക്രോമിയം പോലുള്ള രാസമാലിന്യങ്ങള്‍ , ഫ്ലറൈഡ്, ഇരുമ്പ്, ഉപ്പിന്റെ അംശം തുടങ്ങിയവയും കേരളത്തിലെ പലയിടങ്ങളിലുമുള്ള ജലസ്രോതസ്സുകളില്‍ കാണപ്പെടുന്നുണ്ട്. കുടിവെള്ളത്തിലെ ഫ്ലറൈഡിന്റെ ഉയര്‍ന്ന സാന്നിധ്യം ഡെന്റല്‍ ഫ്ലറോസിസിനും സ്‌കെലിറ്റല്‍ ഫ്ലറോസിസിനും കാരണമാകും. കുട്ടികളിലിത് ഡെന്റല്‍ കാരീസുണ്ടാക്കും.

കേരളത്തിലെ പല കിണറുകളിലെയും വെള്ളത്തില്‍ ഇരുമ്പിന്റെ സാന്നിധ്യവും വളരെക്കൂടുതലാണ്. 92 ശതമാനം കുടിവെള്ളത്തിലും അമഌതയും കൂടുതലാണ്. അമഌത കൂടിയ വെള്ളം പതിവായി കുടിക്കുന്നത് ഉദര പ്രശ്‌നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടയാക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം നടത്തിയ പഠനത്തില്‍ കുടിവെള്ളത്തിന്റെ കാഠിന്യവും പൊട്ടാസ്യത്തിന്റെ സാന്നിധ്യവും മൂത്രത്തില്‍ ഓക്‌സലേറ്റ് കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക തീരപ്രദേശങ്ങളിലെയും കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണ് എന്നതാണ് മറ്റൊരു പ്രശ്‌നം.

മാലിന്യം കണ്ടെത്താം

കുടിവെള്ളത്തിലെ അധിക മാലിന്യങ്ങളും നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാവില്ല. എന്നാല്‍ ചില സവിശേഷതകള്‍ ശ്രദ്ധിച്ചാല്‍ മാലിന്യ സൂചനകള്‍ ലഭിക്കും. വെള്ളത്തിനുമേല്‍ എണ്ണയുടെ പാട പോലെ കാണുക, വെള്ളത്തിന് തവിട്ടുനിറം, വെള്ളത്തിനും പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ക്കും ഇരുമ്പിന്റെ ഗന്ധം, വെള്ളം സ്ഥിരമായി വീഴുന്നിടത്ത് തവിട്ടു നിറം തുടങ്ങിയവ ഇരുമ്പിന്റെ അളവ് കൂടുതലാണെന്നതിന്റെ സൂചനയാണ്.

കുട്ടികളുടെ പല്ലില്‍ വെളുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ പാടുകള്‍ കണ്ടാല്‍ വെള്ളത്തില്‍ ഫ്ലറൈഡ് സാന്നിധ്യം സംശയിക്കണം. വെള്ളത്തില്‍ സോപ്പുകളും ഡിറ്റര്‍ജന്റുകളും പതയാത്തത് വെള്ളത്തിന് കാഠിന്യം കൂടുതലാണ് എന്നതിന്റെ സൂചനയാണ്. അതു പോലെ ഉപ്പിന്റെ സാന്നിധ്യവും കലക്കവും എളുപ്പത്തില്‍ കണ്ടെത്താനാവും. വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടാലും മാലിന്യം ഉണ്ടോ എന്ന് പരിശോധിക്കണം. വെള്ളത്തിന് പുളിപ്പ് രുചി കാണുന്നത് അമഌത കൂടുതലാണെന്നതിന്റെ സൂചനയാണ്.

കുപ്പി വെള്ളത്തിലും കീടനാശിനികള്‍

കുപ്പിയില്‍ കിട്ടുന്ന പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അവയില്‍ പലതിലും മാരകമായ കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് 2003 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലും മുംബെയിലും വില്‍ക്കുന്ന 30 പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് സി എസ്. ഇ ലാബില്‍ അന്ന് പഠന വിധേയമാക്കിയത്. ഇന്‍ഡ്യന്‍ റെയില്‍വേയില്‍ വില്‍ക്കുന്ന ബ്രാന്റുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.

പരിശോധിച്ചവയില്‍ പലതിലും ഓര്‍ഗാനോക്‌ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പെട്ട അഞ്ചിലധികം മാരക കീടനാശിനികള്‍ കണ്ടെത്തുകയുണ്ടായി. ഇന്‍ഡേന്‍, ഡിഡിറ്റി, മലാത്തിയോണ്‍, ക്‌ളോര്‍പിറിഫോസ് തുടങ്ങിയ ഈ മാരക കീടനാശിനികളില്‍ പലതും കരള്‍, വൃക്ക, പ്രതിരോധ വ്യവസ്ഥ, നാഡിവ്യവസ്ഥ തുടങ്ങിയവയ്ക്ക് തകരാറുകള്‍, കാന്‍സര്‍, ജനന വൈകല്യങ്ങള്‍ എന്നിവയ്ക്കിടയാക്കുന്നവയാണ്. യൂറോപ്യന്‍ എക്കണോമിക് കമ്മീഷന്റെ അനുവദനീയമായ പരിധിയുടെ 36 ഇരട്ടിയോളമായിരുന്നു ഇവയില്‍ പലതിന്റെയും സാന്നിധ്യം കുപ്പിവെള്ളത്തില്‍.

കുടിവെള്ളം ശുദ്ധമാക്കാം

വെള്ളം ഏതായാലും ശുദ്ധീകരിച്ചേ ഉപയോഗിക്കാവൂ. അത് കിണറ്റിലെ വെള്ളമായാലും പൈപ്പ് വെള്ളമായാലും. കുടിവെള്ളം ശുദ്ധീകരിക്കാന്‍ ധാരാളം വഴികളുണ്ട്. പഴയ തുണിയരിപ്പ മുതല്‍ ആധുനിക വാട്ടര്‍ പ്യൂരിഫയറുകള്‍ വരെ പലതരം.

അണുവിമുക്തമാക്കാന്‍ ബഌച്ചിങ്:
കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ലളിതമായ മാര്‍ഗമാണ് ബഌച്ചിങ്. കിണറുകളിലെയും കുളങ്ങളിലെയും മറ്റും വെള്ളം അണുവിമുക്തമാക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന രീതിയും ഇതുതന്നെ.വളരെ ചെലവുകുറവാണ് എന്നതാണ് ബഌച്ചിങ്ങിന്റെ മെച്ചം. സോഡിയം ഹൈപ്പോക്‌ളോറൈറ്റാണ് ബഌച്ചിങ് പൗഡറില്‍ അടങ്ങിയിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ബഌച്ചിങ് പൗഡര്‍ ഉപയോഗിച്ചാല്‍ ഉദ്ദേശിച്ച പ്രയോജനം ലഭിക്കില്ല.

മെഡിക്കല്‍ ഷോപ്പുകളില്‍ നല്ല ബഌച്ഛിങ് പൗഡര്‍ വാങ്ങാന്‍ കിട്ടും. 1000 ലിറ്ററിന് മൂന്ന് ഗ്രാം എന്ന കണക്കില്‍ ബഌച്ചിങ് പൗഡര്‍ ഒരു ബക്കറ്റിലെടുത്ത് വെള്ളത്തില്‍ കലക്കിവെക്കുക. ഒരു മണിക്കൂര്‍ ശേഷം അതിലെ തെളിഞ്ഞ വെള്ളം ഊറ്റിയെടുക്കുക. ഇതാണ് അണുവിമുക്തമാക്കാന്‍ ഉപയോഗിക്കേണ്ടത്. ഈ ക്‌ളോറിന്‍ ലായനി വൈകുന്നേരം കിണറ്റില്‍ ഒഴിച്ച് ബക്കറ്റ് കൊണ്ട് കിണറ്റിലെ വെള്ളവുമായി നന്നായി മിക്‌സ് ചെയ്യണം. പിന്നെ പിറ്റേന്നേ കിണറ്റില്‍ നിന്ന് വെള്ളം കോരാവൂ. ക്‌ളോറിന്‍ കിണറ്റിലെ വെള്ളത്തില്‍ പ്രവര്‍ത്തിച്ച് അണുവിമുക്തമാക്കാനുള്ള സമയം ലഭിക്കാനാണിത്.

അമഌത കുറയ്ക്കാന്‍ കുമ്മായം:
കുടിവെള്ളത്തിന്റെ അമഌത കുറയ്ക്കാന്‍ കുമ്മായം(ലൈം) ഉപയോഗിക്കാം. 1000-2000 ലിറ്റര്‍ വെള്ളത്തിന് 100 ഗ്രാം എന്ന തോതില്‍ കുമ്മായമെടുത്ത് വെളളത്തില്‍ കലക്കിയോ നേരിട്ടോ കിണറ്റിലോ കുളത്തിലോ ചേര്‍ക്കാം. ബഌച്ചിങ് പോലെ തന്നെ വൈകിട്ട് കുമ്മായം ചേര്‍ക്കുന്നതാണ് നല്ലത്. കുമ്മായം ചേര്‍ത്ത ശേഷം ബക്കറ്റോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് വെള്ളം നന്നായി മിക്‌സ് ചെയ്യണം. അടുത്ത ദിവസം മുതല്‍ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

ഏറ്റവും സുരക്ഷിതം തിളപ്പിക്കല്‍:
കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം തിളപ്പിക്കല്‍ തന്നെ. വെളളം തിളച്ച് തുടങ്ങിയ ശേഷം 5-10 മിനുട്ടു കൂടി തിളക്കാനനുവദിക്കണം. ഹെപ്പറ്റൈറ്റിസ് എ അടക്കമുള്ള വൈറസുകള്‍ നശിക്കുവാന്‍ ഇതാവശ്യമാണ്. വെള്ളത്തിലെ മററ് ജൈവാവശിഷ്ടങ്ങളും തിളപ്പിക്കുന്നതിലൂടെ നശിക്കും. തിളച്ച വെള്ളം തണുത്ത ശേഷം ഉപയോഗിക്കാം.

കലക്കം മാറ്റാന്‍ ആലം:
മഴക്കാലത്താണ് സാധാരണ വെള്ളം കലങ്ങിക്കാണപ്പെടുക. വലിയ കലക്കം മാറ്റാന്‍ പണ്ടുള്ളവര്‍ ചെയ്തിരുന്നത് മുരിങ്ങക്കയുടെ വിത്ത് അരച്ച് കിണറ്റിലും മറ്റും ചേര്‍ക്കുകയായിരുന്നു. കൂടുതല്‍ നേരം വെള്ളം പാത്രത്തിലോ മറ്റോ ശേഖരിച്ച് വെച്ചും കലക്കം മാറ്റാനാവും. വെള്ളത്തില്‍ ആലം അഥവാ അലുമിനിയം സള്‍ഫേറ്റ് ചേര്‍ത്താലും കിണറ്റിലെയും വലിയ ടാങ്കുകളിലെയും മറ്റും മാലിന്യങ്ങളടിഞ്ഞ് വെള്ളം തെളിഞ്ഞ് കിട്ടും.

ഡീഫ്ലറിഡേഷന്‍:
വെള്ളത്തിലെ ഫ്ലറൈഡിന്റെ അളവ് കുറക്കാനുള്ള മാര്‍ഗമാണ് ഡീഫ്ലറിഡേഷന്‍. ഇതിന് സഹായകരമായ ഡീ ഫ്ലറിഡേഷന്‍ കിറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

വാട്ടര്‍ പ്യൂരിഫയറുകള്‍:
പലതരം സാങ്കേതികതവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പ്യൂരിഫയറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് പ്യൂരിഫിക്കേഷന്‍, ഓസോണേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, ആക്ടിവേറ്റഡ് കാര്‍ബണ്‍ ഫില്‍റ്ററിങ്, ഡിസ്റ്റിലേഷന്‍, അയണ്‍ എക്‌സ്‌ചേഞ്ച്, ഇലക്ട്രോഡ് അയണൈസേഷന്‍ എന്നിവയാണ് വാട്ടര്‍ പ്യൂരിഫയറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍. ഇത്തരം ഒന്നിലധികം സാങ്കേതിക വിദ്യകള്‍ ഉള്ളവയാണ് ചിലത്. ഇവയില്‍ ജൈവമാലിന്യങ്ങള്‍ മാത്രം നീക്കുന്നവയും രാസ വസ്തുക്കളും ജൈവവസ്തുക്കളും നീക്കുന്നവയുമുണ്ട്. വിലയിലും അതിനനുസരിച്ച് വ്യത്യാസമുണ്ടാകും. ഒരോ പ്രദേശത്തെയും ജലത്തിലെ മാലിന്യമനുസരിച്ച് അത് നീക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുള്ള പ്യൂരിഫയറാണ് വാങ്ങേണ്ടത്.

എത്ര വെള്ളം കുടിക്കണം

നമ്മള്‍ കഴിക്കുന്ന ഭക്ഷണ, പാനീയങ്ങളിലൂടെയാണ് ശരീരത്തിനാവശ്യമായ ജലത്തിന്റെ വലിയ പങ്കും ലഭിക്കുന്നത്. ബാക്കിയുള്ളത് ചയാപചയ പ്രവര്‍ത്തനങ്ങളില്‍ നിന്നും. ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കണമെങ്കില്‍ മുതിര്‍ന്ന ഒരു വ്യക്തി ശരീരഭാരത്തിലെ ഓരോ 25 കി. ഗ്രാമിനും ഒരു ലിറ്റര്‍ വെള്ളം വീതം ദിവസവും കുടിക്കണം. കുട്ടികള്‍ ശരീരഭാരത്തിലെ ഒരു കിലോയ്ക്ക് 75 മി. ലിറ്റര്‍ വീതവും. ഇത് പല തവണയായി കുറേശ്ശേ കുടിക്കുകയാണ് വേണ്ടത് (ഏകദേശം 150 മി. ലിറ്റര്‍ വീതം). അതേസമയം പെട്ടെന്ന് വളരെയധികം വെള്ളം ഒരുമിച്ച് കുടിക്കുകയുമരുത്. അത് വൃക്കകളെയും ആമാശയത്തെയും ദുര്‍ബലപ്പെടുത്തുമെന്ന് (ഹൈപര്‍ ഹൈഡ്രേഷന്‍)അഷ്ടാംഗഹൃദയത്തില്‍ പറയുന്നുണ്ട്. വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കുമെന്ന് മാത്രമല്ല, ഹൃദയത്തിന് ഉത്തേജനം, രക്ത ചംക്രമണത്തിന് വേഗത, മാംസം, അസ്ഥി തുടങ്ങിയവയുടെ നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും മെച്ചപ്പെടും.


വെള്ളം മരുന്നുമാണ്

വേദനകള്‍, ക്ഷീണം, സന്ധിവാതം, അസിഡിറ്റി പോലുളള രോഗങ്ങള്‍ക്ക് വെള്ളം ഔഷധമാണ്. ഇളം ചൂട് വെള്ളം തേനും ചേര്‍ത്ത് കഴിക്കുന്നത് ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ക്ക് ശമനമേകും. ചയാപയ മാനില്യങ്ങള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഉത്കണ്ഠ, നെഞ്ചെരിപ്പ്, പേശിവേദന തുടങ്ങിയ അസ്വസ്ഥകള്‍ വെള്ളം കുടിച്ചാല്‍ മാറും. അകാല വാര്‍ധക്യം തടയാനും അമിത വണ്ണം കുറയ്ക്കാനും വെള്ളത്തിന് ശേഷിയുണ്ട്. പേശികളുടെ ദൃഢത കുറയാനും കൊഴുപ്പ് കൂടാനും വെള്ളം കുടിക്കാതിരിക്കുന്നത് ഇടയാക്കും. മലിനമായ വെള്ളം കുടിക്കുന്നത് കോളറ, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും. ഓരോ എട്ട് സെക്കന്റിലും ഇത്തരം ജല ജന്യ രോഗങ്ങള്‍ മൂലം ഒരാള്‍ വീതം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാട്ടര്‍ തെറാപ്പി

വെള്ളം പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നതുപോലെ പല വിധ അസുഖങ്ങള്‍ക്കും ഔഷധവുമാണ്. ജപ്പാനിലും ചൈനയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും പ്രചാരമുള്ള ഒരു പ്രകൃതി ചികില്‍സാ രീതിയാണ് വാട്ടര്‍ തെറാപ്പി. തലവേദന, ശരീര വേദന, ആസ്ത്മ, മലബന്ധം, പൊണ്ണത്തടി, ഉദര പ്രശ്‌നങ്ങള്‍, മൂത്രത്തകരാറുകള്‍, ടെന്‍ഷന്‍ തുടങ്ങിയ പലവിധ അസുഖങ്ങള്‍ക്കും ഇത് ഫലപ്രദമാണെന്ന് ജപ്പാനില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടിട്ടുണ്ട്. വളരെ ലളിതമാണ് വാട്ടര്‍ തെറാപ്പി. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റയുടന്‍ പല്ല് തേക്കുന്നതിന് മുമ്പേ തന്നെ 4-6 ഗഌസ് ശുദ്ധ ജലം കുടിക്കുക മാത്രമാണ് ചെയ്യേണ്ടത്. തുടര്‍ന്ന് പല്ലും വായയുമൊക്കെ വൃത്തിയാക്കാമെങ്കിലും 45 മിനുട്ട് നേരത്തേക്ക് ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യരുത്. ആദ്യമായി ചെയ്യുന്നവര്‍ ഒന്നേ രണ്ടോ ഗഌസ് വെള്ളം കുടിച്ച് തുടങ്ങുക. പിന്നെ ദിവസം ചെല്ലുന്തോറും വെള്ളത്തിന്റെ അളവ് കൂട്ടി 4-6 ഗഌസ് വരെ എത്തിക്കണം. വാട്ടര്‍ തെറാപ്പി രോഗങ്ങളകറ്റുന്നതിനൊപ്പം രക്ത ചംക്രമണവും ഹൃദയ പ്രര്‍ത്തനവുമൊക്കെ സുഗമമാക്കി പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്തും.

വെള്ളം സംരക്ഷിക്കാം

മേല്‍ക്കൂരയില്‍ വീഴുന്ന മഴ വെള്ളം ശേഖരിച്ച് പാത്തിവഴി മണലും കരിയും നിറച്ച കുഴിയിലൂടെ കിണറ്റിലെത്തിച്ച് സംഭരിക്കാനുള്ള സംവിധാനമൊരുക്കാം

വെള്ളം പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുക

മുറ്റം മുഴുവന്‍ ടൈല്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ മഴവെള്ളം ഒഴുകിപ്പോകുന്നത് തടയാം

തൊടിയിലും മറ്റും വെള്ളം ഭൂമിയിലേക്കിറങ്ങാനും ശേഖരിക്കാനും മഴക്കുഴികളുണ്ടാക്കാം

ഫെറോസിമന്റ് ടാങ്കുകള്‍ സ്ഥാപിച്ചും മഴവെള്ളം സംഭരിക്കാം

വീട്ടിലെ കുളങ്ങളും കിണറുമൊക്കെ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുക

കുട്ടികള്‍ക്ക് ജല സംരക്ഷണ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുക

ജലം പാഴാകുന്നത് തടയാം

പൈപ്പുകളിലെ ചോര്‍ച്ച യഥാസമയം പരിഹരിച്ച് വെള്ളം പാഴാകുന്നത് തടയാം.

അനാവശ്യമായി ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നത് ഒഴിവാക്കണം. കുറഞ്ഞവെള്ളം മാത്രം ഉപയോഗിക്കുന്ന മികച്ച ഫ്ലഷുകള്‍ തിരഞ്ഞെടുക്കുക

പല്ല് തേക്കുമ്പോഴും അലക്കുമ്പോഴും ഒക്കെ ടാപ്പ് തുറന്നിടാതിരിക്കുക

വാട്ടര്‍ ടാങ്ക് നിറയുന്നതറിയാന്‍ ഓവര്‍ ഫ്‌ളോ വാല്‍വ് സ്ഥാപിക്കുക.

ഐസ് ട്രേയില്‍ നിന്ന് ഐസ് വിടുവിക്കാന്‍ പൈപ്പ് തുറന്നിടാതിരിക്കുക

വസ്ത്രങ്ങള്‍ അലക്കാന്‍ ആവശ്യത്തിന് മാത്രം ഡിറ്റര്‍ജന്റ് ഉപയോഗിക്കുക

കുളിക്കാന്‍ ഷവറും വലിയ ബാത്ത് ടബ്ബും ഉപയോഗിക്കാതിരിക്കുക

പുറത്ത് പോകുമ്പോള്‍ പൈപ്പിന്റെ മെയിന്‍ വാല്‍വും അടയ്ക്കുക

വാട്ടര്‍ മീറ്റര്‍ നോക്കല്‍ പതിവാക്കുക

ജല വിതരണം സംവിധാനങ്ങള്‍ കൃത്യമായി കേടുപാടുകള്‍ തീര്‍ക്കുക

മുറ്റത്ത് വിശാലമായ പുല്‍ത്തകിടിക്ക് പകരം ചെറിയ പുല്‍ത്തകിടി പിടിപ്പിക്കുക

വസ്ത്രം കഴുകിയ വെള്ളം തോട്ടം നനക്കാനും തറ കഴുകാനും ഉപയോഗിക്കാം

നനയ്ക്കാന്‍ സ്​പ്രിങ്കഌ ഉപയോഗിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ.മാധവന്‍ കോമത്ത് സയന്റിസ്റ്റ്, സി. ഡബഌു. ആര്‍. ഡി. എം, കുന്ദമംഗലം, കോഴിക്കോട്

ഡോ.കെ.മാലതി

ഡോ. ആര്‍. സ്വാതികുമാര്‍ തിരുവനന്തപുരം.