ടി.ആര്‍.രമ്യ
ബാങ്കുകളില്‍ സ്ത്രീകള്‍ക്ക് ഉദാരമായ നിക്ഷേപ, വായ്പാ പദ്ധതികള്‍ ഏറെയുള്ളപ്പോള്‍ നമ്മുടെ സ്ത്രീകളില്‍ ഭൂരിഭാഗവും അവയൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി ബാങ്കുകള്‍ വര്‍ഷാവര്‍ഷം പുതിയ പദ്ധതികളാണ് കൊണ്ടുവരുന്നത്. പണം കൈകാര്യം ചെയ്യാന്‍ മിടുക്കരായ സ്ത്രീകള്‍ അവയെപ്പറ്റി അറിയാതെ പോകരുത്...
സ്ത്രീധനം തന്നെ. എന്നാല്‍, നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കൈയില്‍ ധനം കമ്മി. സ്വന്തമായി ചെലവാക്കാന്‍ കൈയില്‍ ആവശ്യത്തിന് പണവും സ്വന്തം ബാങ്ക് അക്കൗണ്ടുമുള്ള സ്ത്രീകള്‍ ഇവിടെ കുറവാണ്. അന്‍പത് കോടിയിലധികം സ്ത്രീകളുള്ള ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപമുള്ള വനിതകളുടെ എണ്ണം ഒരുകോടി കഴിഞ്ഞിട്ടേയുള്ളൂ. മറ്റ് ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെയും വനിതാ അംഗത്വം കൂടി കണക്കിലെടുത്താലും ഇത് ആശാവഹമായ എണ്ണമാകില്ല.ഇന്ത്യന്‍ വനിതകളില്‍ പത്ത് ശതമാനം പേര്‍ക്കുപോലും ബാങ്ക് അക്കൗണ്ടില്ലാത്തതെന്തുകൊണ്ട്? ഇന്ത്യന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി സമ്പാദ്യമില്ലെന്നതുതന്നെ കാരണം. ഗ്രാമപ്രദേശങ്ങളില്‍ മുട്ടവിറ്റും കൈത്തൊഴിലെടുത്തും ചെലവില്‍ മിച്ചം പിടിച്ചും സ്ത്രീകള്‍ സമ്പാദിക്കുന്ന തുക മിക്കപ്പോഴും സുരക്ഷിതമായല്ല സൂക്ഷിക്കുന്നത്. അടുക്കളയില്‍ കറിച്ചട്ടിക്കകത്തും തലയണയ്ക്കടിയിലും പണം സൂക്ഷിക്കുന്ന സ്ത്രീകള്‍ നാട്ടിന്‍പുറങ്ങളില്‍ ധാരാളം. ബാങ്കുകളില്‍ സ്ത്രീകള്‍ക്ക് ഉദാരമായ നിക്ഷേപ, വായ്പാ പദ്ധതികള്‍ ഏറെയുള്ളപ്പോള്‍ അവ നമ്മുടെ സ്ത്രീകളില്‍ മിക്കവരും ഉപയോഗപ്പെടുത്തുന്നില്ല.
പത്തു വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പദ്ധതികളാണ് ബാങ്കുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വനിതാ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതികള്‍ ധാരാളം. സ്ത്രീകളുടെ ഉന്നമനത്തിന് ബാങ്കുകള്‍ വര്‍ഷാവര്‍ഷം പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നു. പണം കൈകാര്യം ചെയ്യാന്‍ ഏറ്റവും മിടുക്കുള്ള സ്ത്രീകള്‍ അവയെപ്പറ്റി അറിയാതെ പോകരുത്.
സംരംഭകര്‍ക്ക് സ്വാഗതം
പ്രധാന ബാങ്കുകളില്‍ മിക്കതും വനിതാ സംരംഭകരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കാന്‍ ധാരാളം വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പലിശ ഇളവും തിരിച്ചടവ് കാലാവധിയില്‍ ദൈര്‍ഘ്യവും മറ്റ് സൗകര്യങ്ങളും ഈ വായ്പാ പദ്ധതികളുടെ പ്രത്യേകതയാണ്.
എസ്.ബി.ടി വനിതാ സംരംഭകര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന വായ്പാ പദ്ധതിയാണ് 'മഹിളാ വികാസ് സ്‌കീം'. 25 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിക്ക് പലിശ എട്ട് ശതമാനമേയുള്ളൂ. സാധാരണ പലിശയേക്കാള്‍ 3.5 ശതമാനം കുറവ്. അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള ഈ വായ്പയ്ക്ക് സെക്യൂരിറ്റി നല്‍കേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത. തുടങ്ങാന്‍ പോകുന്ന സംരംഭക യൂണിറ്റിന്റെ ഉടമ സ്ത്രീയായിരിക്കണം, ജോലിചെയ്യുന്നവരില്‍ പകുതിയെങ്കിലും സ്ത്രീജീവനക്കാരായിരിക്കണം എന്നിവയാണ് നിബന്ധനകള്‍. വ്യവസായ, സേവന മേഖലകളില്‍ സംരംഭം തുടങ്ങാനുള്ള ഈ വായ്പ ഉപയോഗിച്ച് ബ്യൂട്ടി പാര്‍ലര്‍, തയ്യല്‍ക്കട, ആയുര്‍വേദ മരുന്നു നിര്‍മാണം, കാറ്ററിങ് യൂണിറ്റ് എന്നിവയൊക്കെ തുടങ്ങാം.
ഇന്ത്യന്‍ ബാങ്ക്, വനിതാ സംരംഭകര്‍ക്ക് 12 ശതമാനം പലിശയ്ക്ക് 50 കോടിരൂപ വരെ വായ്പ നല്‍കുന്നു. ഈ വായ്പ കുടുംബശ്രീക്ക് ഒമ്പത് ശതമാനം പലിശനിരക്കിലാണ് നല്‍കുന്നത്. ഇതില്‍ സര്‍ക്കാര്‍ അഞ്ച് ശതമാനം പലിശ നല്‍കുന്നു. ഫലത്തില്‍ സംരംഭകര്‍ക്ക് നാല് ശതമാനം പലിശയേ മുടക്കേണ്ടതുള്ളൂ. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയും ഇന്ത്യന്‍ ബാങ്ക് അഞ്ചുകോടി രൂപ വരെ വായ്പ നല്‍കുന്നുണ്ട്.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മിക്ക ബാങ്കുകളും വായ്പ നല്‍കുന്നു. സഹകരണ ബാങ്ക് ഒമ്പത് ശതമാനം പലിശയ്ക്കാണ് കുടുംബശ്രീ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ത്രീകള്‍ അപേക്ഷിക്കുന്ന കാര്‍ഷിക, വ്യവസായ, വായ്പകള്‍ക്കെല്ലാം 0.5 ശതമാനം പലിശ ഇളവുണ്ട്. വ്യവസായ പദ്ധതിയാണെങ്കില്‍ പദ്ധതിയുടെ 90 ശതമാനം വരെ വായ്പ നല്‍കും. വായ്പ പാസ്സാകുന്നതുവരെയുള്ള എല്ലാ ഫീസുകളിലും സ്ത്രീകള്‍ക്ക് ഇളവുണ്ട്.
'മഹിളാ ഉദ്യം നിധി', 'കല്യാണി കാര്‍ഡ്' എന്നീ രണ്ട് വായ്പാ പദ്ധതികള്‍ പി.എന്‍.ബി. സ്ത്രീകള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം രൂപവരെ വായ്പ കൊടുക്കുന്ന 'മഹിളാ ഉദ്യം നിധി' ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിച്ചുള്ളതാണ്. കാലാവധി പത്തുവര്‍ഷം വരെ. 'കല്യാണി കാര്‍ഡ്' കാര്‍ഷിക വായ്പകള്‍ക്കുള്ളതാണ്. 25,000 രൂപവരെയുള്ള 'കല്യാണി കാര്‍ഡ്' വായ്പകള്‍ക്ക് വായ്പയെടുക്കുമ്പോഴുള്ള മറ്റ് ഫീസൊന്നും നല്‍കേണ്ട.
എസ്.ബി.ഐ പൊതു ആവശ്യങ്ങള്‍ക്ക് സ്ത്രീകള്‍ക്കായി അവതരിപ്പിച്ച വായ്പാ പദ്ധതിയാണ് മഹിളാ ശക്തി. ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം തുടങ്ങിയ ഈ പദ്ധതിയില്‍ 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വായ്പ കിട്ടും. ജോലിയുള്ള സ്ത്രീകള്‍ക്ക് 0.75 ശതമാനവും വീട്ടമ്മമാര്‍ക്ക് 1.25 ശതമാനവും പലിശ ഇളവുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതി.
പെണ്‍ നിക്ഷേപകരേ ഇതിലേ...
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി എസ്.ബി.ടി. പ്രത്യേക നിക്ഷേപ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളിലെ നിക്ഷേപ, സമ്പാദ്യശീലം വളര്‍ത്താനുള്ള പദ്ധതിയാണ് 'സുകന്യ'. പത്തിനും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സുകന്യയില്‍ ചേരാം. 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. കൊച്ചു നിക്ഷേപകര്‍ക്ക് 50 രൂപ പ്രീമിയത്തില്‍ അഞ്ചുലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. സുകന്യക്കാര്‍ക്ക് എ.ടി.എം. കാര്‍ഡ് ഉപയോഗം സൗജന്യമാണ്.
സ്ത്രീകള്‍ക്കുള്ള എസ്.ബി. അക്കൗണ്ടാണ് പ്രതിഭ. ഇതില്‍ മിനിമം ബാലന്‍സ് 250 രൂപയാണ്. ചെക്ക് ബുക്കുകള്‍ സൗജന്യമായി കിട്ടും. സാധാരണഗതിയില്‍ എസ്.ബി. അക്കൗണ്ടുകളില്‍ 500, 1000 രൂപയാണ് മിനിമം ബാലന്‍സ്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വനിതകള്‍ക്കുള്ള നിക്ഷേപ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വില പിടിച്ച വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സും ഒപ്പം നല്‍കും. എസ്.ഐ.ബി. മഹിള എന്ന ഈ നിക്ഷേപ പദ്ധതിയില്‍ പ്രീമിയം ഇല്ലാതെ 50,000 രൂപയുടെയും 1,00,000 രൂപയുടെയും ഇന്‍ഷുറന്‍സ് കൊടുക്കുന്നു. പണമടങ്ങിയ പേഴ്‌സ്, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണ്‍ എന്നിവ യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടാല്‍ 50,000 ത്തിന്റെ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താം. ഒരു ലക്ഷം രൂപ അപകടഇന്‍ഷുറന്‍സാണ്. ഈ പദ്ധതിയില്‍ മാസംതോറും 100 രൂപ തിരിച്ചുകിട്ടുന്ന നിക്ഷേപമായി (ആര്‍.ബി. നിക്ഷേപം) അടയ്ക്കണം. അക്കൗണ്ടിനോടനുബന്ധിച്ചുള്ള എ.ടി.എം. കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്ത്രീകള്‍ക്ക് സൗജന്യമാണ്.
സ്വന്തം കാര്യം നോക്കാനും...
സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതിയാണ് 'ഗ്രാമലക്ഷ്മി'. ഇതില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വായ്പ നല്‍കുന്നു. ജോലിചെയ്യുന്നവര്‍ക്ക് 50,000 രൂപവരെയും അല്ലാത്തവര്‍ക്ക് 25,000 രൂപ വരെയും വായ്പ കൊടുക്കും. 36 മാസമാണ് കാലാവധി.
വീട്ടുസാധനങ്ങള്‍ വാങ്ങാനായി വിവാഹിതകള്‍ക്ക് ഇന്ത്യന്‍ ബാങ്ക് നല്‍കുന്ന വായ്പാ പദ്ധതിയാണ് 'ഗ്രാമീണ മഹിളാ സൗഭാഗ്യ'. വിവാഹിതകള്‍ക്ക് 12 ശതമാനം പലിശയ്ക്ക് 15,000 രൂപവരെ വായ്പ ലഭിക്കും. മൂന്ന് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി.
സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് വീടുവെക്കാന്‍ ഇന്ത്യന്‍ ബാങ്ക് രണ്ടുലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. 8-9 ശതമാനം പലിശയുള്ള ഈ വായ്പയ്ക്ക് 15 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്ത്രീകളെടുക്കുന്ന വ്യക്തിഗത വായ്പകള്‍ക്കെല്ലാം 0.25 ശതമാനം പലിശ കുറവാണ്.
അനാഥത്വത്തിന് ആശ്വാസം
അനാഥപ്പെണ്‍കുട്ടികള്‍ക്ക് ആശ്വാസമേകുന്നതാണ് എസ്.ബി.ഐ.യുടെ വിദ്യാഭ്യാസ പദ്ധതി. ഹൈസ്‌കൂള്‍ ക്ലാസ്സിലെ മൂന്ന് പെണ്‍കുട്ടികളെ വര്‍ഷം ബാങ്ക് ദത്തെടുക്കുന്ന പദ്ധതിയാണിത്. എസ്.ബി.ഐ.യുടെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും എല്ലാ വര്‍ഷവും 8, 9, 10 ക്ലാസ്സുകളിലെ ഓരോ അനാഥപ്പെണ്‍കുട്ടിയെ വീതം ദത്തെടുക്കുന്നു. ബ്രാഞ്ചുകള്‍ പ്രദേശത്തെ സ്‌കൂളുകളുമായി ബന്ധപ്പെട്ടാണ് അര്‍ഹരായ, പഠനത്തില്‍ മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ സംബന്ധിയായ എല്ലാ ചെലവുകളും ബാങ്ക് വഹിക്കും.
പ്രോത്സാഹനം പഠനത്തിനും
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് പല ബാങ്കുകളും പലിശ ഇളവ് അനുവദിക്കുന്നുണ്ട്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് ബാങ്കുകള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക വായ്പാ ഇളവ് നല്‍കുന്നത്.
കനറാ ബാങ്ക് വിദ്യാഭ്യാസ വായ്പയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ശതമാനം പലിശ ഇളവ് നല്‍കുന്നു. എസ്.ബി.ടി.യില്‍ ഇളവ് 0.5 ശതമാനമാണ്. ഇന്ത്യയ്ക്കകത്ത് പഠിക്കാന്‍ എസ്.ബി.ടി. 10 ലക്ഷം രൂപവരെ വായ്പ നല്‍കും.
പഠന, ജോലി ആവശ്യങ്ങള്‍ക്ക് എസ്.ബി.ഐ. നല്‍കുന്ന വായ്പയാണ് 'കരിയര്‍ പ്ലാനര്‍'. പതിനായിരം രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ ഇതില്‍ വായ്പ ലഭിക്കും. മൂന്നു മുതല്‍ ആറുവരെ വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശയിലും ഇളവുണ്ട്.

NEWS LETTER
RSS











