MATHRUBHUMI RSS
Loading...
സ്ത്രീവാദം.... എന്തിന് ഭയപ്പെടണം?
എം.ഡി.രാധിക

പ്രണയത്തിനപ്പുറം ഒന്നുമില്ലെന്നാണ് നാം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ പ്രണയത്തിനപ്പുറവും ഇപ്പുറവും പലതുമുണ്ടെന്നറിയുമ്പോഴേ അവളുടേതൊരു നിറഞ്ഞ വ്യക്തിത്വമാവൂ എന്നും അപ്പോഴേ പ്രണയത്തിനുപോലും ആഴവും ദീര്‍ഘായുസ്സുമുണ്ടാവൂ എന്നും നാമവളോട് പറയണം. ഒരു ബോധവിപ്ലവത്തിലൂടെ മോചിതയാകുന്നവള്‍, സ്വയംപ്രകാശിക്കുന്നവള്‍, ഭയപ്പെടേണ്ടവളല്ല...


എന്തുകൊണ്ടോ നമ്മുടെയൊക്കെയുള്ളില്‍ സ്‌നേഹത്തോളം മസൃണതയുള്ള ഒരു വാക്കല്ല നീതി. അനീതിയില്‍ വേരുറപ്പിച്ച ഒരുപാട് സുഖങ്ങളുടെ തടവുകാരാണ് നാം എന്നതാവാം കാരണം. സ്‌നേഹം ത്യാഗമാണ്. എന്തും ഭൂമിയോളം ക്ഷമിക്കണമെന്നും എല്ലാം ശാന്തമായി സഹിക്കണമെന്നും ദൈവംപോലും അതാണാഗ്രഹിക്കുന്നതെന്നും, ഉള്ളവന്‍ ഇല്ലാത്തവനോടും വെളുത്തവന്‍ കറുത്തവനോടും സാമ്രാജ്യത്വം പ്രജയോടും പുരുഷന്‍ സ്ത്രീയോടും പണ്ടുമുതലേ പറഞ്ഞുപോരുന്നതാണ്.

മാത്രവുമല്ല, ഇരകളെ ശിക്ഷിക്കുകയുമാണ് എന്നും നമ്മുടെ മഹത്തായ പാരമ്പര്യം. ശകുന്തളയായാലും സീതയായാലും കറുത്തമ്മയായാലും സ്ത്രീയെന്ന നിലയില്‍ ചൂഷണത്തിനിരയാവുന്ന ആരായാലും അതങ്ങനെത്തന്നെ. കഥ ജീവിതത്തെയും ജീവിതം കഥയെയും അന്ധമായനുകരിച്ച് രസിച്ചുകൊണ്ടേയിരിക്കുന്നു.

ജീവിതം മാറണമെങ്കില്‍ നാം നമ്മോട് നിരന്തരം പറയുന്ന ചെറുതും വലുതുമായ ഇത്തരം പല കഥകളും മാറ്റിവായിച്ചേ പറ്റൂ. സാഹിത്യത്തിലായാലും മതത്തിലായാലും മനോവിശകലനത്തിലായാലും, സാമൂഹികശാസ്ത്രങ്ങളിലോ വൈദ്യത്തിലോ ആയാലും, അറിവിന്റെ ഏത് മേഖലയിലായാലും അത്തരം പൊളിച്ചെഴുത്തുകള്‍ നടക്കുന്ന കാലമാണിത്.

സ്ത്രീവാദികള്‍ പുരുഷവിദ്വേഷികളായി ചിത്രീകരിക്കപ്പെടുന്നത് അവര്‍ സ്ത്രീക്കു ലഭിക്കേണ്ട നീതിയെയും അവളുടെ തുല്യതയെയും ഒരു വ്യക്തിയെന്ന നിലയില്‍ അവള്‍ക്കുള്ള പൂര്‍ണതയെയും അന്തസ്സിനെയും പറ്റിയൊക്കെ സംസാരിക്കുന്നതുകൊണ്ടാണ്. ഇവ സ്ത്രീപുരുഷബന്ധത്തിന്റെ കാല്പനികചാരുതയെ ചോദ്യം ചെയ്യുന്ന വാദങ്ങളായി ഗണിക്കപ്പെടുന്നു.
കാല്പനികത, സൂക്ഷിച്ചുനോക്കിയാല്‍, പലപ്പോഴും പ്രണയം എന്ന സങ്കല്പവുമായി മാത്രം പ്രണയത്തിലാണ് എന്നു കാണാം. അതില്‍ പ്രണയികള്‍ എന്ന വ്യക്തികള്‍ യഥാര്‍ഥത്തില്‍ അന്യോന്യം മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടാണല്ലോ ഒഥെല്ലോയ്ക്ക് ഡെസ്ഡിമോണയെ അത്രമേല്‍ പ്രണയിച്ചുകൊല്ലാന്‍ കഴിഞ്ഞത്.

മറ്റൊന്ന്, നമ്മുടെ പ്രണയസങ്കല്പത്തില്‍ പക്വതയോ അനുഭവജ്ഞാനമോ ഉള്ള സ്ത്രീപുരുഷന്മാര്‍ ഇല്ല. പ്രണയം എന്നത് പലപ്പോഴും, സ്വയമറിയാത്ത യൗവനത്തിന്റെയും വിപണി നിര്‍മിത ശരീര സങ്കല്പങ്ങളുടെയും ആഴം കുറഞ്ഞ ഒരാഘോഷം മാത്രമായി ചുരുങ്ങുന്നു. അന്യോന്യം ഹൃദയം അടിയറവെക്കാതെ ജീവിതത്തിന്റെകൈയില്‍ സ്വയമേല്പിച്ച് അവരവരില്‍ത്തന്നെ സ്വസ്ഥരും തൃപ്തരും സ്വതന്ത്രരുമായിരിക്കുന്ന രണ്ടുപേരുടെ അന്യോന്യം ബഹുമാനിച്ചും അംഗീകരിച്ചും സഹകരിച്ചും വൈകാരികവും ആത്മീയവുമായി സംരക്ഷിച്ചുംപരിലാളിച്ചും നില്‍ക്കുന്ന, ജിബ്രാനും റില്‍ക്കേയും ആലീസ് വോക്കറും ഇറിഗാറേയും മറ്റും സ്വപ്നം കണ്ട തരം പ്രണയം, നമുക്കന്യമാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിലൂന്നുന്നവര്‍ പ്രണയത്തിന്റെ സംഹാരദേവതകളായി മുദ്രകുത്തപ്പെടുന്നത്.
പുരുഷന്റെ ലോകം സ്ത്രീയെക്കവിഞ്ഞു നില്‍ക്കുമ്പോള്‍ സ്ത്രീയുടേത് അയാളില്‍ മാത്രം ഒതുങ്ങിനില്‍ക്കണം എന്നു പറയുന്നതിലെ ന്യായം എന്താണ്? അവള്‍ക്കുമുണ്ട് ആകാശത്തോടും കടലിനോടും വഴിത്താരകളോടും കാലത്തോടും കലയോടും ശാസ്ത്രത്തോടും ദൈവത്തോടും നേരിട്ടു പറയാന്‍ ഒരുപാടു കാര്യങ്ങള്‍. ആ ഭാഷ തേടിക്കണ്ടെത്താന്‍ അവളെ അനുവദിക്കാതെ, എല്ലാം പുരുഷന്റെ കണ്ണിലൂടെ കാണാനും അയാളുടെ വാക്കുകളില്‍ പറയാനും ആവശ്യപ്പെടുന്നതില്‍ എന്തര്‍ഥം?

പുരുഷന്‍ നാര്‍സിസസ്സിനെപ്പോലെ, സ്ത്രീയിലും തന്നെത്തന്നെ, തന്റെ ലോകവീക്ഷണത്തെ, താത്പര്യങ്ങളെ തന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ വാരിയെല്ലില്‍നിന്നുരുവാകാത്ത, അവളില്‍ത്തന്നെ വേരുകളുള്ള ഒരു സ്ത്രീയെ അറിയുമ്പോഴേ യഥാര്‍ഥ പാരമ്പര്യവും ലയവും കൈവരൂ എന്ന സത്യം അയാള്‍ മനസ്സിലാക്കുന്നില്ല.
സ്ത്രീക്കുവേണ്ടി സംസാരിക്കുമ്പോള്‍ അത് പുരുഷനെതിരായ ഭാഷണം എന്നു തോന്നുന്നത്, താനിന്ന് കൈയാളുന്ന അധികാരം നഷ്ടപ്പെടുമോ എന്ന് അയാള്‍ക്കുള്ള പേടി കൊണ്ടാണ്. എന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന ഒരു പുരുഷനില്‍ സ്ത്രീവാദം അത്തരമൊരു അരക്ഷിതത്വം ഉളവാക്കുകയില്ല. പുരുഷകേന്ദ്രിത വ്യവസ്ഥയെ പുനഃപരിശോധനയ്ക്കു വിധേയമാക്കാത്ത സ്ത്രീകളിലും കാണാം ഇത്തരമൊരു ഉത്കണ്ഠ. പ്രവൃത്തികളിലും ജീവിതശൈലിയിലും കലയിലും ഒക്കെ ഏറെ സ്വതന്ത്രകളായിരിക്കുന്ന സ്ത്രീകള്‍പോലും 'ഞാനൊരു ഫെമിനിസ്റ്റല്ല' എന്നു പറയാന്‍ ബദ്ധപ്പെടുന്നത് കാണാം. ബുദ്ധിപരമായ ഒരുതരം അലസതയാവണം അതിന് പിന്നില്‍.

'വിഭജിച്ചു ഭരിക്കുക' എന്നത് അധികാരത്തിന്റെ എന്നത്തേയും കുടിലതന്ത്രമാണ്. ഒരു പുരുഷനിലൂടെ കടന്നുവേണം സ്ത്രീക്കെപ്പോഴും മറ്റൊരു സ്ത്രീയിലെത്താന്‍ എന്നു പറഞ്ഞുപഠിപ്പിച്ചിരിക്കുന്നു. അമ്മായിയമ്മയായും നാത്തൂനായും ഒരേ പുരുഷനെ മോഹിക്കുന്ന രണ്ട് പെണ്ണുങ്ങളായും അവന് വേണ്ടി അവരെപ്പോഴും പോരടിക്കുകയാണത്രെ! കഥയായ കഥ മുഴുവന്‍ ഇങ്ങനെ പറയുമ്പോള്‍ വിശ്വസിക്കാന്‍, ആ കണ്ണടയിലൂടെത്തന്നെ നോക്കാന്‍ എന്തെളുപ്പം! എന്നാല്‍, ഈ അതിപുരാതന കണ്ണട ഒന്നുമാറ്റിനോക്കി ആലിസ് വോക്കര്‍ . അങ്ങനെയാണ് വിശ്വവിഖ്യാതമായ 'ദ കളര്‍ പേര്‍പ്ള്‍' എന്ന കൃതി ജനിക്കുന്നത്. ആ നോവലില്‍, ഭര്‍ത്താവിന്റെ കാമുകി ഭാര്യയുടെ ഏറ്റവും പ്രിയപ്പെട്ട വഴികാട്ടിയായിത്തീരുന്നു. ക്ലിയോപാട്രയ്ക്ക് തന്റെ കാമുകന്‍ ആന്റണിയുടെ ഭാര്യയായ ഒക്ടേവിയയെ സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഷേക്‌സ്?പിയറുടെ ആ ദുരന്തനാടകം മറ്റൊന്നാകുമായിരുന്നല്ലോ എന്ന് വേര്‍ജിനിയാ വൂള്‍ഫ് അദ്ഭുതപ്പെട്ടതോര്‍ക്കുന്നു.

പ്രണയത്തിനപ്പുറം ഒന്നുമില്ലെന്നാണ് നാം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. അതിന് മുന്നില്‍ നിങ്ങളുടെ ജീവിതത്തിലെ മറ്റു നേരുകളും നന്മകളും സൗഭാഗ്യങ്ങളും ഒക്കെ നിഷ്പ്രഭമാണെന്ന്. എന്നാല്‍ പ്രണയത്തിനപ്പുറവും ഇപ്പുറവും പലതുമുണ്ടെന്നറിയുമ്പോഴേ അവളുടേതൊരു നിറഞ്ഞ വ്യക്തിത്വമാവൂ എന്നും അപ്പോഴേ പ്രണയത്തിനുപോലും ആഴവും ദീര്‍ഘായുസ്സുമുണ്ടാവൂ എന്നും നാമവളോട് പറയണം. നീ ആരെ വിവാഹം കഴിക്കാനാഗ്രഹിച്ചുവോ അയാള്‍ തന്നെയായിത്തീരുക എന്ന മന്ത്രം ഒരു സ്ത്രീവാദി പ്രണയനൈരാശ്യത്തിലകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കിയത്, പുരുഷാധിപത്യസമൂഹം ദമനം ചെയ്യുന്ന അവരിലെ ഈ വികാസവാഞ്ഛയെ വിളിച്ചുണര്‍ത്താനാണ്.

ഒരു ബോധവിപ്ലവത്തിലൂടെ മോചിതയാകുന്നവള്‍, സ്വയംപ്രകാശിക്കുന്നവള്‍, ഭയപ്പെടേണ്ടവളല്ല, യക്ഷിയോ ദുര്‍മന്ത്രവാദിനിയോ അല്ല, നിങ്ങളെന്നും ഏറെ തരളമായും എന്നാല്‍ നിഷ്ഫലമായും സ്വപ്നം കണ്ടിരുന്നവള്‍ തന്നെയാണെന്ന് പുരുഷസുഹൃത്തേ, നിങ്ങള്‍ എന്നാണ് തിരിച്ചറിയുക?

(ലേഖിക കോഴിക്കോട് പ്രോവിഡന്‍സ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയാണ്)