പഠനവിഷയങ്ങള്‍ മാറി, മൂല്യനിര്‍ണയ രീതി മാറി, ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഇല്ലാതായി. പുതിയ പഠനരീതികള്‍ക്കൊപ്പം എങ്ങനെ സ്വയം മികവ് കൈവരിക്കാമെന്ന് നിര്‍ദേശിക്കുന്ന ലേഖനം...
പ്രൈമറിതലം മുതല്‍ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പഠനരീതിയും പരീക്ഷാരീതിയും മാറി. മൂല്യനിര്‍ണയത്തില്‍ ഗ്രേഡിങ് സമ്പ്രദായം വന്നതോടെ ജയവും തോല്‍വിയും ഇല്ലാതാവുകയും ചെയ്തു. പഴയ റാങ്ക് നിര്‍ണയരീതിയും ഇപ്പോഴില്ല. നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണയത്തിലൂടെ കുട്ടികളുടെ വ്യക്തിത്വവികസനവും നേതൃത്വഗുണവും ആശയവിനിമയശേഷിയും ഉള്‍പ്പെടെ സമ്പൂര്‍ണ വിലയിരുത്തലാണ് നടത്തുന്നത്.വാര്‍ഷിക പരീക്ഷയ്ക്ക് ഇനി രണ്ടു മാസം മാത്രം. പുതിയ പഠനരീതി പ്രകാരം പരീക്ഷയെ നേരിടാനുള്ള വഴികളിതാ...
പരീക്ഷ ഒഴിവായപ്പോള്‍
ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഇപ്പോഴില്ല. ഉള്ളത് അര്‍ധ വാര്‍ഷിക പരീക്ഷമാത്രം. ഇത് നവംബര്‍ മാസത്തിലാണ് നടക്കുന്നത്. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി. പൊതുപരീക്ഷയും ഒഴിവാക്കാനുള്ള ആലോചന നടക്കുന്നുണ്ട്.
ടേം അവസാനത്തില്‍ നടക്കുന്ന പരീക്ഷയല്ല, മറിച്ച് ക്ലാസ്സില്‍ പഠനത്തോടൊപ്പം നടക്കുന്ന നിരന്തര മൂല്യനിര്‍ണയരീതിയാണ് ഇപ്പോഴത്തേത്. പ്രൊജക്ട്, സെമിനാര്‍, ചര്‍ച്ച, സംവാദം, പരീക്ഷണം തുടങ്ങിയ നിരവധി പഠനതന്ത്രങ്ങള്‍ ക്ലാസ് മുറിയില്‍ അധ്യാപകര്‍ സ്വീകരിക്കുന്നു. ഇവയിലൂടെ പഠിക്കുന്ന കുട്ടി പഠനത്തിന്റെ ഓരോ ഘട്ടത്തിലും മൂല്യനിര്‍ണയത്തിന് വിധേയമാകുന്നു.
ഉദാഹരണമായി, സാമൂഹികശാസ്ത്രം പഠിപ്പിക്കുന്ന ടീച്ചര്‍ 'സെമിനാര്‍' പഠനതന്ത്രമായി സ്വീകരിച്ചുവെന്ന് കരുതുക. സാമൂഹികശാസ്ത്ര വിഷങ്ങളുടെ പഠനം എളുപ്പമാക്കാന്‍ പ്രധാന വഴി വിഷയത്തെ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്തുക എന്നുള്ളതാണ്. ഒരു പ്രത്യേക പാഠഭാഗം കൂടുതല്‍ ആഴത്തില്‍ പഠിക്കാനാണ് 'സെമിനാര്‍' എന്ന പഠനമാര്‍ഗം ഉപയോഗിക്കുന്നത്. ഇതിനായി കുട്ടികള്‍ പാഠപുസ്തകത്തിനപ്പുറത്തുള്ള അധികവിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. പത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സ്രോതസ്സുകളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇങ്ങനെ വിവരങ്ങള്‍ ശേഖരിച്ച കുട്ടികള്‍ അവ സഹപാഠികള്‍ക്കു മുന്നില്‍ പങ്കുവെക്കുക, വിശകലനം ചെയ്ത് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി പ്രബന്ധം തയ്യാറാക്കുക, ക്ലാസ് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുക, തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് പഠനം പൂര്‍ത്തിയാക്കുന്നത്.
ഇവിടെ ഓരോ ഘട്ടത്തിലും കുട്ടി പ്രകടിപ്പിക്കുന്ന മികവിന് അധ്യാപകര്‍ ഗ്രേഡ് നല്‍കും. പഠനപ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സംഘപഠനത്തിലൂടെ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യും. ഇതാണ് നിരന്തര മൂല്യനിര്‍ണയം. നിരന്തര മൂല്യനിര്‍ണയത്തിനാണ് ഇപ്പോഴത്തെ പാഠ്യപദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം എന്നതുകൊണ്ടാണ് ടേം അന്ത്യത്തില്‍ നടത്തുന്ന പരീക്ഷകളുടെ എണ്ണം കുറച്ചത്.
വിവിധ പഠനപ്രവര്‍ത്തനങ്ങളിലൂടെ നേടിയ ധാരണകളെയും ആശയങ്ങളെയും പ്രയോജനപ്പെടുത്തിക്കൊണ്ടാണ് എഴുത്തുപരീക്ഷയ്ക്ക് (ഠലൃാശിമഹ ഋഃമാശിമശേീി) തയ്യാറാകേണ്ടത്. കേവലം ഓര്‍മ പരീക്ഷിക്കല്‍ മാത്രമല്ല, നേടിയ അറിവുകളെ ശരിയായ രീതിയില്‍ പ്രയോഗിക്കാനാണ് എഴുത്തുപരീക്ഷയില്‍ അവസരം കിട്ടുക. വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക, സമകാലികസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുക തുടങ്ങിയ രീതിയിലാണ് പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ വരിക.
എങ്ങനെ പഠിക്കാം
കണക്ക് വിഷമമാണെന്ന് പറയുന്നവരാണ് അധികം. ഇതിനുകാരണം പ്രശ്‌നംപരിഹരിക്കല്‍ എന്ന നിലയ്ക്ക് മാത്രമാണ് പലപ്പോഴും കണക്ക് പഠിക്കുന്നത് എന്നതാണ്. ശരിയുത്തരം കണ്ടെത്തുന്നതിനാണ് അമിതപ്രാധാന്യം. ഇതിനുപകരം ഉത്തരത്തിലേക്കുള്ള വഴി കണ്ടെത്തുന്ന രീതിയാണ് ഇപ്പോഴത്തേത്. കൃത്യത, സൂക്ഷ്മത, വേഗം തുടങ്ങിയവ ഗണിതക്ലാസ്സുകളില്‍ ശീലിക്കേണ്ട കാര്യങ്ങളായിരിക്കുന്നു. സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും മനഃപാഠമാക്കയിതുകൊണ്ടുമാത്രം കാര്യമില്ല എന്നര്‍ഥം. ശാസ്ത്രപഠനത്തിനുമുണ്ട് ചില പൊതുരീതികള്‍. നിരീക്ഷിക്കല്‍, വര്‍ഗീകരിക്കല്‍, ശാസ്ത്രീയവിശകലനം തുടങ്ങിയവ ശാസ്ത്രപഠനം എളുപ്പമാക്കും.
വ്യത്യസ്ത നിലവാരക്കാരായ കുട്ടികളെ മുന്നില്‍കണ്ടാണ് പുതിയ പാഠ്യപദ്ധതിയില്‍
ഭാഷാപഠനത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. നിരന്തരമായി ഭാഷ പ്രയോഗിക്കാനുള്ള അവസരമൊരുക്കിക്കൊടുത്ത് അതിലൂടെ കുട്ടിയുടെ ഭാഷാപ്രാവീണ്യം വര്‍ധിപ്പിക്കുന്ന രീതിയാണ് ഇപ്പോഴത്തേത്. പാഠപുസ്തകപഠനത്തിലൂടെമാത്രം ഭാഷാപഠനം പൂര്‍ത്തിയാവുന്നില്ല. പത്രം, ആനുകാലികങ്ങള്‍, പുസ്തകങ്ങള്‍, റേഡിയോ, ടിവി എന്നിവയെല്ലാം ഇപ്പോള്‍ ഭാഷാപഠനത്തിന്റെ ഭാഗമാണ്. ഭാഷയിലെ മികവ് കുട്ടികള്‍ക്ക് മറ്റുവിഷയങ്ങളുടെ പ്രകനത്തിലും സഹായകമാകും.
പുസ്തകം മാത്രം വായിച്ചു പഠിക്കുന്ന രീതിയല്ല ഇപ്പോള്‍. പ്രൊജക്ട് പോലുള്ള വ്യത്യസ്ത പഠനതന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. ഉദാഹരണത്തിന് മലയാളപുസ്തകത്തില്‍ ഒരു കവിതചൊല്ലി പഠിക്കാനുണ്ടെന്നിരിക്കട്ടെ. അത് പാടി ആസ്വദിച്ച് പഠിക്കണം. കൂടാതെ കൂടുതല്‍ കവിതകള്‍ ശേഖരിക്കണം. കവിതാ പഠനത്തിലൂടെ കുട്ടികള്‍ വ്യത്യസ്തശേഷികള്‍ കൈവരിക്കേണ്ടതുണ്ട്. കവിതയുടെ താളം കണ്ടെത്തുക, ചൊല്ലി രസിക്കുക, പ്രയോഗഭംഗി കണ്ടെത്തുക, വരികള്‍ വിശകലനം ചെയ്യുക, കവിയുടെ മറ്റു കവിതകളുമായി താരതമ്യം ചെയ്യുക തുടങ്ങി വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വന്തമായി കവിതയെഴുതുക എന്ന സര്‍ഗാത്മക പ്രവര്‍ത്തനത്തിനുകൂടി അവസരം കിട്ടുന്നു.
60 ദിവസത്തെ ടൈംടേബിള്‍
വാര്‍ഷിക പരീക്ഷയ്ക്കു മുന്‍പുള്ള ജനവരി, ഫിബ്രവരി മാസങ്ങളിലെ പഠനസമയം ക്രമീകരിച്ചുകൊണ്ട് ചിട്ടയായൊരു പഠനശീലത്തിനു തയ്യാറെടുക്കാം.
നിശ്ചിതസമയത്ത് രാവിലെ എഴുന്നേല്‍ക്കുകയും രാത്രി ഉറങ്ങാന്‍ കിടക്കുകയും വേണം. രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുന്നതും രാത്രി 10 മണിക്കു കിടക്കുകയും ചെയ്യുന്നത് പൊതുവെ സ്വീകാര്യമായി പറയാറുണ്ട്.
കുളി, ലഘു വ്യായാമം തുടങ്ങിയവയ്ക്കു ശേഷമായിരിക്കണം രാവിലെ പഠനം ആരംഭിക്കേണ്ടത്.
ഏകാഗ്രതയ്ക്കായി കുറച്ചുസമയം കണ്ണടച്ചു നില്‍ക്കുന്നതോ ധ്യാനിക്കുന്നതോ നന്നായിരിക്കും.
ശരാശരി രാവിലെ 2 മണിക്കൂറും വൈകിട്ട് 2 മണിക്കൂറും പഠനത്തിനുവേണ്ടി മാത്രമാണെന്നു ഉറപ്പാക്കണം.
പഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന വിഷയങ്ങള്‍ക്കായിരിക്കണം കൂടുതല്‍ സമയം നല്‍കേണ്ടത്.
ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ചാര്‍ട്ട്, പട്ടിക, ഡയഗ്രം എന്നിവയിലേക്കു മാറ്റി പഠനസ്ഥലത്ത് പ്രദര്‍ശിപ്പിക്കാം.
ഉത്തരങ്ങള്‍ കാണാപ്പാഠം പഠിക്കുകയല്ല, പാഠഭാഗത്തുനിന്നും മികച്ച ചോദ്യങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. പാഠഭാഗം മനസ്സിലാക്കിക്കൊണ്ടുള്ള വായനയും ഉയര്‍ന്ന ചിന്തയും ഉയര്‍ന്ന ഭാവനയും ആവശ്യപ്പെടുന്ന പ്രവര്‍ത്തനമാണിത്. പിന്നീട് മികച്ച ചോദ്യങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ചും ചര്‍ച്ച ചെയ്തും സംഘപഠനത്തിന് അവസരമൊരുക്കണം. ഒരുമിച്ചിരുന്ന് പഠിക്കുന്നത് ഏറെ ഗുണം ചെയ്യും.
പഠിക്കുമ്പോള്‍ പ്രധാന ആശയങ്ങളുടെ നോട്ട് കുറിച്ചെടുക്കണം.
പഠിച്ച കാര്യങ്ങള്‍ മനസ്സിലിട്ട് ഓര്‍മയ്ക്കു മൂര്‍ച്ച കൂട്ടുകയും വേണം.
അധികവായന - പത്രം, ആനുകാലികങ്ങള്‍ തുടങ്ങിയവ-യില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും അതിലൂടെ പഠനവസ്തുതകള്‍ ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്യണം.
റഫറന്‍സ് സ്‌കില്‍ - സര്‍വവിജ്ഞാന കോശം, നിഘണ്ടു, ഇന്റര്‍നെറ്റ്, റിസോഴ്‌സ് സിഡികള്‍ തുടങ്ങിയവയില്‍നിന്നും ആവശ്യമായ വിവരങ്ങള്‍ റഫര്‍ ചെയ്ത് ഉപയോഗപ്പെടുത്താന്‍ അവസരം ഒരുക്കണം. റേഡിയോ, ടിവി എന്നിവയും പ്രയോജനപ്പെടുത്താം.
ഇനിയുള്ള ഓരോ ദിവസത്തെയും പാഠഭാഗങ്ങള്‍ അന്നന്നുതന്നെ പഠിക്കാന്‍ ശ്രമിക്കണം.
ഓരോ ആഴ്ചയുടെ അവസാനത്തിലും മാസാവസാനത്തിലും പഠിച്ച പ്രധാന ആശയങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂന്നി റിവിഷന്‍ നടത്താം.
നിരന്തര മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ്മുറികളില്‍ തയ്യാറാക്കിയ രേഖകള്‍/ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി പഠിക്കണം.
പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനായി മാതൃകാചോദ്യങ്ങളും ഉത്തരങ്ങളും പരിചയപ്പെടുക.
ഓരോ ചോദ്യത്തിന്റെയും ഉത്തരസൂചികയും സ്‌കോറും മനസ്സിലാക്കി ഉത്തരമെഴുതാന്‍ പരിശീലിക്കണം. പരീക്ഷയ്ക്ക് സമയക്കുറവുണ്ടാകുമെന്ന ഭയം ഇങ്ങനെ ഒഴിവാക്കാം.
എം.രഘുനാഥ്
സംസ്ഥാനതല അധ്യാപക പരിശീലകന്‍


NEWS LETTER
RSS
VIDEO

Print 







