MATHRUBHUMI RSS
Loading...
കണ്ണല്ലേ, കരുതല്‍ വേണ്ടേ
ഡോ.കെ.ജി.ലക്ഷ്മി

കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ മാത്രമാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം വ്യാപകമായതെന്ന് ധരിക്കണ്ട. കണ്ണ് ചുവക്കുക, അസ്വസ്ഥതയും നീറ്റലും, വരള്‍ച്ച, ക്ഷീണം തുടങ്ങി കണ്ണിന് വരുന്ന രോഗലക്ഷണങ്ങള്‍ ഇപ്പോള്‍ കുട്ടികളില്‍ വരെ കണ്ടുതുടങ്ങിയിരിക്കുന്നു. മൊബൈലിലും കമ്പ്യൂട്ടറിലും ഗെയിം കളിക്കുന്നത് പതിവാക്കിയ കുട്ടികളില്‍ കണ്ണിന് ക്ഷീണം വന്നുകാണുന്നു. ടെലിവിഷന്‍ സീരിയിലിനു മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുന്ന വീട്ടമ്മമാരാണ് കണ്ണുരോഗത്തിന്റെ മറ്റൊരു വിഭാഗം ഇരകള്‍.

ഇടയ്ക്ക് കണ്ണ് ചിമ്മുക. കണ്ണ് ചിമ്മിത്തുറക്കുമ്പോള്‍ കണ്ണീര്‍ഗ്രന്ഥികള്‍ കൂടുതല്‍ സജീവമാവുന്നു. ഒരേ വസ്തുവിലേക്ക് ഉറ്റുനോക്കുന്നതിനിടയില്‍ ഇടയ്ക്ക് കണ്ണടച്ച് തുറക്കുന്നത് ശീലിക്കുക. കോര്‍ണിയ വരളാതിരിക്കാനാണിത്.

കംപ്യൂട്ടര്‍ വെക്കേണ്ടത്: കണ്ണിന്റെ അതേ ലവലില്‍ വേണം കമ്പ്യൂട്ടര്‍ സ്‌ക്രീന്‍. ജനലുകള്‍ അടച്ചിടുക. ഇരുട്ടുമുറിയിലിരുന്ന് വര്‍ക്ക് ചെയ്യരുത്. മോണിറ്ററിന്റെ പ്രകാശത്തേക്കാള്‍ കുറഞ്ഞതാവണം മുറിക്കുള്ളിലെ പ്രകാശം. മറ്റു വെളിച്ചങ്ങള്‍, ടേബിള്‍ലാമ്പിന്റേതോ മറ്റോ മോണിറ്ററില്‍ പ്രതിഫലിക്കുന്നതും ഒഴിവാക്കുക. ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ മോണിറ്ററില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണിന് ആയാസം കുറയ്ക്കാനാണിത്. വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത വാക്കുകള്‍ ആണ് കണ്ണിന് സുഖമുണ്ടാക്കുക.

ചെറു വ്യായാമങ്ങള്‍: ദൃഷ്ടി കണ്ണിന്റെ ഇടത് വലത് അറ്റങ്ങളിലേക്ക് മാറ്റുന്നത് ആവര്‍ത്തിക്കുക. ദൃഷ്ടി വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും നന്ന്. തണുത്ത വെള്ളം കൊണ്ട് ഇടയ്ക്ക് കണ്ണുകള്‍ കഴുകുന്നത് സുഖകരമായിരിക്കും. സ്ഥിരമായി കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ ലൂബ്രിക്കന്റ് ഐ ഡ്രോപ്‌സ് ഉപയോഗിക്കണം. തുടര്‍ച്ചയായി വര്‍ക്കിനിടയില്‍ ഓരോ ഇരുപതു മിനുട്ടു കഴിയുമ്പോഴും രണ്ട് മിനുട്ടു നേരം വീതം ദൂരത്ത് പച്ചപ്പിലേക്കോ മറ്റോ നോട്ടം മാറ്റുന്നതും നന്നായിരിക്കും.