MATHRUBHUMI RSS
Loading...
മുടിക്കെട്ടില്‍ മൈലാഞ്ചിച്ചോപ്പ്‌

പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിയില്‍ നിന്നുള്ള ഹെയര്‍ഡൈ ആണ് മൈലാഞ്ചി (ഹെന്ന). മുടിക്ക് ശക്തി പകരാനും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്. സ്വതവേ ഇരുണ്ട ചുവപ്പ് നിറമാണ് മൈലാഞ്ചിക്ക്. അല്‍പ്പം കാപ്പിപ്പൊടി ചേര്‍ത്ത് കൂടുതല്‍ ഇരുണ്ട തവിട്ടുനിറമാക്കാനും സാധിക്കും.

മൈലാഞ്ചി തണുപ്പാണ്. മഴക്കാലത്ത് മൈലാഞ്ചി തലയില്‍ പിടിപ്പിച്ചാല്‍ ജലദോഷം വരാം. കുറച്ച്ഗ്രാമ്പൂ പൊടിച്ച് ചേര്‍ത്താല്‍ ഹെന്നാ പേസ്റ്റിന്റെ തണുപ്പ് കുറയും.

വരണ്ട മുടി ഉള്ളവര്‍ ഹെന്നാ പേസ്റ്റില്‍ രണ്ട് ടീസ്​പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മുടി തീരെ ആരോഗ്യമില്ലെങ്കില്‍ ഹെന്നയില്‍ മുട്ട അടിച്ച് ചേര്‍ത്ത് ഉപയോഗിക്കുക. മുട്ട ഇഷ്ടമില്ലെങ്കില്‍ പകരം പാല്‍ക്കട്ടി ചേര്‍ക്കാം. ഈ കൂട്ട് പാകപ്പെടുത്തി അര മണിക്കൂര്‍ വെച്ചിട്ടാണ് മുടിയില്‍ പുരട്ടേണ്ടത്. ഒരു മണിക്കൂര്‍ മുടിയില്‍ പിടിപ്പിച്ച ശേഷം കഴുകുക.

മുടിക്ക് എണ്ണമയം കൂടുതലുണ്ടോ? മൂന്നോ നാലോ കപ്പ് മൈലാഞ്ചിപ്പൊടിയില്‍ നാല് ടീസ്​പൂണ്‍ വീതം ചെറുനാരങ്ങാനീരും കാപ്പിപ്പൊടിയും രണ്ട് പച്ചമുട്ടയും രണ്ട് സ്​പൂണ്‍ നെല്ലിക്ക പൊടിച്ചതും ചേര്‍ക്കുക. ഇത് ഒരു മണിക്കൂര്‍ മുടിയില്‍ പിടിപ്പിച്ച ശേഷം കഴുകുക. മുടിക്ക് നല്ല തിളക്കം ലഭിക്കും.