എം.പി.ഗോപിനാഥ്
പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം തൊഴിലവസരങ്ങളും വര്‍ധിക്കുകയാണ്...
ദിവസവും രാവിലെ 5 മണിയുടെയും 8 മണിയുടെയും ഇടയില്‍ കേരളത്തിന്റെ മുഴുവന്‍ കണ്ണുകളും പരതുന്നത് വാര്‍ത്തകളിലാണ്. ഏതാണ്ട് 40 ലക്ഷത്തോളം മലയാള പത്രങ്ങള്‍ നിത്യവും ഈ കൊച്ചു കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നു. അതായത് ഓരോ ദിവസവും ഈ മൂന്നു മണിക്കൂറിനുള്ളില്‍ രണ്ടു കോടി രൂപയുടെ കച്ചവടം കേരളത്തില്‍ നടക്കുന്നു. കേരളത്തിലെ മാധ്യമസംസ്‌കാരത്തിന്റെ ആഴവും വ്യാപ്തിയും ഇതില്‍നിന്ന് നമുക്ക് ഏതാണ്ട് മനസ്സിലാകും. പത്രലോകമുണ്ടെങ്കില്‍ മാത്രമേ നീതി നിലനിര്‍ത്താനും സത്യം പരിരക്ഷിക്കാനും അച്ചടക്കം പരിപോഷിപ്പിക്കാനും സ്വഭാവമഹിമ വളര്‍ത്തിയെടുക്കാനും കഴിയൂ എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് മലയാളികള്‍. പത്രപ്രവര്‍ത്തകന് ജനമധ്യത്തില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കാനുള്ള കാരണവും ഇതാണ്.ദിനപത്രങ്ങളെപ്പോലെ ജനജീവിതവുമായി അടുത്ത ബന്ധമുള്ളവയാണ് വാരികകള്‍, മാസികകള്‍ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളും. ജനസംഖ്യയുടെ വര്‍ധനയ്ക്കും സാക്ഷരതാനിരക്കിലെ ഉയര്‍ച്ചയ്ക്കുമനുസരിച്ച് ഇവയുടേയും പ്രചാരം വര്‍ധിച്ചുവരുന്നു. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രചാരത്തില്‍ കണ്ടുവരുന്ന വളര്‍ച്ച പത്രപ്രവര്‍ത്തനരംഗത്തെ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്.
ഒരു പത്രം രൂപംകൊള്ളുന്നതിന് ഒട്ടേറെ സേവനങ്ങള്‍ ആവശ്യമാണ്. കഴിവുകളും സാമര്‍ഥ്യവും അഭിരുചികളുമുള്ള ഒട്ടേറെപ്പേര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കണം..
പത്രമാസികകള്‍ പ്രസിദ്ധപ്പെടുത്തുന്നതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളെ മൂന്നായി തരംതിരിക്കാം-ഭരണം, യന്ത്രോപകരണങ്ങള്‍, വാര്‍ത്ത. ഇതില്‍ ജീവനാഡി വാര്‍ത്തയാണ്. അച്ചടിമാധ്യമത്തിന്റെ പ്രവര്‍ത്തനധനം അറിവാണ്. പത്രപ്രവര്‍ത്തകന്‍ അറിവിനെ സമൂഹത്തില്‍ ബലവും ആയുധവും ഉപകരണവുമായി പ്രയോഗിക്കുന്നു. അതിനാല്‍ അയാള്‍ക്ക് മറ്റുള്ളവരുടെ മേല്‍ ബുദ്ധിപരമായ മേധാവിത്വം ചെലുത്താന്‍ സാധിക്കുന്നു.
വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടങ്ങളും അറിവിനെ മേധാവിത്വം നേടാനുള്ള ഉപകരണമാക്കുന്നുണ്ട്. ഇതില്‍ അറിവ് പ്രായോഗികമായി, വേഗതയില്‍ പ്രയോഗിക്കാന്‍ സാധിക്കുന്നത് പത്രപ്രവര്‍ത്തകനു മാത്രമാണ്. പത്രപ്രവര്‍ത്തനം എന്ന ജോലിയുടെ ഏറ്റവും വലിയ ആകര്‍ഷണത്തിന് കാരണമിതാണ്.
വാര്‍ത്തയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഒരു ജേര്‍ണലിസ്റ്റിന്റെ ജോലി. വാര്‍ത്തകള്‍ ശേഖരിച്ചു വായനക്കാര്‍ക്ക് ഏറ്റവും ഹൃദ്യമാകുന്ന വിധത്തില്‍ പാകപ്പെടുത്തി അവതരിപ്പിക്കുന്നതിന് റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, പലതലങ്ങളിലുള്ള എഡിറ്റര്‍മാര്‍, വിദഗ്ധ ലേഖകര്‍ എന്നു തുടങ്ങി ജേണലിസത്തിന്റെ സങ്കേതങ്ങള്‍ നിശ്ചയമുള്ള നിരവധിയാളുകളുടെ കൂട്ടായ യത്‌നം ആവശ്യമാണ്.
റിപ്പോര്‍ട്ടര്‍
സാധാരണ സംഭവങ്ങളില്‍ അസാധാരണത്വം കണ്ടെത്താനും വാര്‍ത്ത മണത്തറിയാനുമുള്ള ശേഷി ഒരു റിപ്പോര്‍ട്ടര്‍ക്കാവശ്യമാണ്.
പെരുവഴിയില്‍ ഒരു പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെപ്പറ്റി നാലു പേരോടു ചോദിച്ചാല്‍ വ്യത്യസ്തമായ നാലു വിവരണങ്ങളാകും കിട്ടുക. കാഴ്ചക്കാരന്റെ ധാരണകളും സമീപനങ്ങളും കൊലപാതകത്തെപ്പറ്റി അയാള്‍ നല്‍കുന്ന ചിത്രത്തെ സ്വാഭാവികമായും സ്വാധീനിച്ചേക്കാം. ഏതു റിപ്പോര്‍ട്ടിങ്ങിലും ഒരു പരിധിവരെ ഇത് സംഭവിക്കാം. എന്നാല്‍ നെല്ലും പതിരും തിരിച്ചറിഞ്ഞ് വസ്തുനിഷ്ഠമായി കാര്യങ്ങളെ അപഗ്രഥിക്കാന്‍ കഴിവുള്ളവരാണ് റിപ്പോര്‍ട്ടിംഗ് മേഖലയില്‍ ശോഭിക്കുക.
അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിലൂടെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാന്‍ പത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനു പുറമേ ബന്ധപ്പെട്ട വ്യക്തികളെയും സംഭവങ്ങളെയും പറ്റി കുറ്റാന്വേഷകന്റെ ശുഷ്‌കാന്തിയോടെ ഗവേഷണം നടത്തി രഹസ്യവിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്ന സാഹസിക യത്‌നമാണിത്.
റിപ്പോര്‍ട്ടിങ്ങിലും സ്‌പെഷലൈസേഷന്‍ വന്നുകഴിഞ്ഞു. കോടതിവിധികള്‍ അപ്പപ്പോള്‍ ശേഖരിച്ചു വിശകലനം ചെയ്യുന്നവര്‍, പാര്‍ലമെന്റ്-അസംബ്ലി റിപ്പോര്‍ട്ടര്‍മാര്‍, ഓഹരിരംഗത്തെ 'കാളയെയും കരടിയെയും' ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നവര്‍, സ്‌പോര്‍ട്‌സ് ലേഖകര്‍, ഫിലിം ജേര്‍ണലിസ്റ്റുകള്‍ എന്നിങ്ങനെ അപഗ്രഥനശേഷിയും തഴക്കവും പഴക്കവും വ്യക്തിബന്ധങ്ങളുടെ പിന്‍ബലവും ഭാഷയുമുണ്ടെങ്കില്‍ റിപ്പോര്‍ട്ടിംഗ് രംഗത്ത് ഉയര്‍ന്ന പടവുകള്‍ കണ്ടെത്താന്‍ പ്രയാസമില്ല.
സബ് എഡിറ്റര്‍/എഡിറ്റര്‍
റിപ്പോര്‍ട്ടര്‍ ശേഖരിച്ചുകൊണ്ടുവരുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരണയോഗ്യമാക്കി മാറ്റുക എന്നതാണ് സബ്ബ് എഡിറ്ററുടെ ചുമതല. വാര്‍ത്താ
ഏജന്‍സികള്‍, പ്രത്യേക ലേഖകന്‍, കോളമിസ്റ്റുകള്‍, സ്വകാര്യവ്യക്തികള്‍ എന്നിവരില്‍നിന്നെല്ലാം വിവരങ്ങള്‍ ഒരു പത്രമോഫീസിലേക്ക് അനസ്യൂതം ഒഴുകിയെത്തുന്നു. പ്രധാനപ്പെട്ട പലതും അവസാന നിമിഷത്തില്‍ മാത്രമാണ് എത്തുന്നതെന്നും വരാം. ഇങ്ങനെ വന്നുകൂടുന്ന വിവരങ്ങളുടെ കൂമ്പാരങ്ങളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ തിരഞ്ഞെടുക്കുക. അവയെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുക, ശ്രദ്ധേയമായതൊന്നും വിട്ടുപോകാതെ നോക്കുക, വാര്‍ത്തയുടെ ആപേക്ഷിക പ്രാധാന്യമനുസരിച്ച് റിപ്പോര്‍ട്ടിന്റെ ദൈര്‍ഘ്യവും കോളത്തിന്റെ എണ്ണവും തലക്കെട്ടിന്റെ വലിപ്പവും തീരുമാനിക്കുക, ആകര്‍ഷകവും കുറിക്കുകൊള്ളുന്നതുമായ തലക്കെട്ടുകള്‍ എഴുതുക, ഭാഷയുടെ ആര്‍ജവവും ലാളിത്യവും ഉറപ്പുവരുത്തുംവിധം റിപ്പോര്‍ട്ടുകള്‍ തിരുത്തുക, വാര്‍ത്തയ്ക്കു യോജിക്കുന്ന ചിത്രങ്ങള്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുത്തു പറ്റിയ അടിക്കുറിപ്പുകള്‍ ചേര്‍ക്കുക, പ്രധാന സംഭവങ്ങള്‍ക്ക് ഇണങ്ങുന്ന കാര്‍ട്ടൂണുകള്‍ വരച്ചുണ്ടാക്കാന്‍ കാര്‍ട്ടൂണിസ്റ്റിന് സഹായം നല്‍കുക, പത്രത്തിലെ ശൈലിയനുസരിച്ച് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍, കത്തുകള്‍ മുതലായവ ബന്ധപ്പെട്ട പേജുകളില്‍ ഒതുക്കുക മുതലായ ബഹുമുഖകൃത്യങ്ങള്‍ സയമബന്ധിതമായ കാര്യക്ഷമതയോടെ നിര്‍വഹിക്കുക എന്നതാണ്് സബ്ബ് എഡിറ്റര്‍മാരുടെ ജോലി.ഒരു ജേര്‍ണലിസ്റ്റിന് ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കണമെങ്കില്‍ നിശ്ചിത യോഗ്യതയും അഭിരുചിയും ആവശ്യമാണ്.
ജേര്‍ണലിസം പ്രഫഷനായി സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകമാണ് ജേര്‍ണലിസം കോഴ്‌സുകള്‍. പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ തീര്‍ത്തുപഠിക്കാനും പത്രം ഓഫീസുകളില്‍ പ്രായോഗികപരിശീലനം നേടാനും പരിചയസമ്പന്നരായ ജേര്‍ണലിസ്റ്റുകളുമായി സമ്പര്‍ക്കത്തില്‍ വരാനും ഇത്തരം കോഴ്‌സുകള്‍ അവസരമൊരുക്കുന്നു. മിക്ക പത്രസ്ഥാപനങ്ങളും പോസ്റ്റ് ഗ്രാജുവേറ്റുകളെ ജേര്‍ണലിസം ജോലികള്‍ക്ക് നേരിട്ടു തിരഞ്ഞെടുക്കാറുണ്ടെങ്കിലും മത്സരത്തില്‍ പ്രഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കുക സ്വാഭാവികമാണ്.
ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ശേഷിയാണ്പത്രപ്രവര്‍ത്തകര്‍ക്കു വേണ്ടമറ്റൊരു ഗുണം. ഉന്നതാധികാരികളും പ്രശ്‌സ്ത വ്യക്തികളും മുതല്‍ സാധാരണക്കാര്‍വരെ വാര്‍ത്തകളുടെ ഉറവിടങ്ങളായി വരും. മികച്ച വ്യക്തിബന്ധങ്ങള്‍കൊണ്ടുമാത്രം സമൂഹത്തിന്റെ ഉയര്‍ന്ന തട്ടുകളിലെ പിന്നാമ്പുറം കഥകള്‍ സ്ഥിരമായി സമ്പാദിക്കുന്നവരുണ്ട്. നാളത്തെ വാര്‍ത്ത ഇന്ന് കൊടുക്കുകഎന്നത് ഏതു ജേര്‍ണലിസ്റ്റിന്റെയും സ്വപ്‌നവുമാണല്ലോ.അതിനാല്‍ വ്യക്തിബന്ധങ്ങള്‍ക്ക് ഈ തൊഴിലില്‍ വന്‍ പ്രാധാന്യമുണ്ട്.
സാധ്യതകള്‍
പത്രങ്ങള്‍ക്കു പുറമെ പലതരം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ജേര്‍ണലിസ്റ്റുകള്‍ക്ക് ജോലിചെയ്യാന്‍ അവസരമുണ്ട്. കുടുംബ, സ്‌പോര്‍ട്‌സ്, സിനിമ വാരികകള്‍, സാംസ്‌കാരിക മാസികകള്‍, കുട്ടികള്‍ക്കോ വനിതകള്‍ക്കോ വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങള്‍, പ്രഫഷണല്‍ ജേര്‍ണലുകള്‍, വലിയ കമ്പനികളുടെയും മറ്റും ഹൗസ് ജേര്‍ണലുകള്‍, പരസ്യത്തിനുള്ള ബുക്‌ലെറ്റുകള്‍, ഇയര്‍ബുക്കുകള്‍ തുടങ്ങി വൈവിധ്യമുള്ള വിശാലമേഖലയാണിത്. എഡിറ്റിങ്ങും ജേര്‍ണലിസത്തിന്റെ സങ്കേതങ്ങളും നിശ്ചയമുള്ളവര്‍ക്ക് ഈ മേഖലകളില്‍ അവസരങ്ങള്‍ സുലഭം.
വാര്‍ത്താ ഏജന്‍സികളിലും കേന്ദ്ര സര്‍ക്കാറിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് (ആകാശവാണി/ദൂരദര്‍ശന്‍/പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ/ഫിലിം സര്‍ട്ടിഫിക്കേഷന്‍/ഫീല്‍ഡ് പബ്ലിസിറ്റി/യോജന ആദിയായവ), സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ്, വന്‍കിട സ്ഥാപനങ്ങളിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം എന്നിവിടങ്ങളിലും ജേര്‍ണലിസം പഠിച്ചവര്‍ക്ക് വന്‍ സാധ്യതകള്‍ ഉണ്ട്.
പരിശീലന കോഴ്‌സുകള്‍
ജേര്‍ണലിസം രംഗത്തെ അംഗീകൃതയോഗ്യതയാണ് ദ്വിവത്സര എം.സി.ജെ. (മാസ്റ്റര്‍ ഓഫ് കമ്മ്യണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം). ഒരു വര്‍ഷത്തെ ഫുള്‍ടൈം/പാര്‍ട്ട് ടൈം ഡിപ്ലോമാ കോഴ്‌സുകളും ദ്വിവത്സര എം.എം. കോഴ്‌സുകളുമുണ്ട്. ത്രിവത്സര ബി.എ. കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്നു.
ദില്ലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ , ചെന്നൈയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം എന്നിവ ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്് ഡിപ്ലോമകള്‍ നല്‍കുന്ന പ്രശസ്ത സ്ഥാപനങ്ങളാണ്. കേരള/കാലിക്കട്ട്/മംഗലാപുരം അടക്കം പല സര്‍വകലാശാലകളിലും ദ്വിവത്സര എംസിജെ (മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം) പ്രോഗ്രാമുണ്ട്. കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്വാശ്രയശൈലിയില്‍ എം.സി.ജെ. പ്രോഗ്രാമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ എംസിജെ കോഴ്‌സ് നടന്നുവരുന്നു.കൊച്ചിയില്‍ കാക്കനാട്ടുള്ള കേരള പ്രസ് അക്കാദമിയും കേരളത്തിലെ വിവിധ പ്രസ് ക്ലബ്ബുകളും ജേര്‍ണലിസം കമ്യൂണിക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നല്‍കുന്നു. ബി.എ., ബി.എസ്‌സി., ബി.കോം.കാര്‍ക്കു ചേരാവുന്ന കോഴ്‌സാണിത്.
ഭാരതീയ വിദ്യാഭവന്‍ ഒരു വര്‍ഷത്തെ സായാഹ്നക്ലാസിലൂടെ ജേര്‍ണലിസത്തില്‍ ഡിപ്ലോമ നല്‍കുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് കേന്ദ്രങ്ങളില്‍ പഠിക്കാം. കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് അംഗീകൃതയോഗ്യതയുമാണിത്.
കേരളമടക്കം പല സ്ഥലങ്ങളിലെയും ആര്‍ട്‌സ് സയന്‍സ് കോളേജുകള്‍ ജേണലിസം/കമ്യൂണിക്കേഷന്‍ മുഖ്യവിഷയമോ ഉപവിഷയമോ ആയി ബിരുദകോഴ്‌സുകളും നടത്തുന്നുണ്ട്.

NEWS LETTER
RSS











