MATHRUBHUMI RSS
Loading...
പോഷകം നഷ്ടപ്പെടാതെ അരി വേവിക്കാം

അരി വേവിക്കുന്നത് ചുമ്മാ അടുക്കളക്കാര്യം മാത്രമല്ല, ഇതില്‍ അല്പംശ്രദ്ധിക്കാനുമുണ്ട്...


അരി വേവിക്കുമ്പോള്‍ പോഷകം നഷ്ടപ്പെടാതിരിക്കാന്‍

അരി തിളപ്പിക്കുമ്പോള്‍ അളവിന് ആനുപാതികമായി വേണം വെള്ളം ഒഴിക്കാന്‍. വെള്ളം കൂടിയാല്‍ അരിയിലെ പ്രോട്ടീനും വിറ്റാമിനുകളുമെല്ലാം അലിഞ്ഞുതീരും. എന്നിട്ട് കഞ്ഞിവെള്ളം കളഞ്ഞ് നമ്മള്‍ കഴിക്കുന്നത് വെറും ചവറാവും. അതുകൊണ്ട് ചോറ് ശരിയായ അളവില്‍ വെള്ളമൊഴിച്ച് വറ്റിച്ചെടുക്കുക. ഒരു ഗ്ലാസ് അരിക്ക് രണ്ടര ഗ്ലാസ് എന്ന തോതില്‍ വെള്ളമൊഴിക്കാം. വേവ് കൂടുതലുള്ള അരിക്ക് അല്പം കൂടുതല്‍ വെള്ളം വേണം. കുക്കറിലാണ് ചോറ് വെക്കുന്നതെങ്കില്‍ ഒരു ഗ്ലാസ് അരിക്ക് ഒരു ഗ്ലാസ് വെള്ളം മതി. പച്ചരിക്ക് ഒരു കപ്പിന് രണ്ടുകപ്പ് വെള്ളം ഒഴിക്കണം.

അരി വേവിക്കുമ്പോള്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ചാല്‍

നന്നായി തിളച്ച വെള്ളത്തില്‍മാത്രം അരിയിടുക. അതിനുശേഷം നന്നായി ഇളക്കുക. എന്നിട്ടും അരി പാത്രത്തിന്റെ അടിയില്‍ പിടിച്ചാല്‍ തിളച്ചുവരുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി.

വേവ് കൂടുതലുള്ള അരി തിരിച്ചറിയാന്‍

അരിയൊന്നു കടിച്ചുനോക്കുക. നല്ല കടുപ്പത്തില്‍ പൊട്ടിപ്പോകുന്നുണ്ടെങ്കില്‍ അതിന് വേവ് കൂടുതലാണ്. ഉണക്കം കുറഞ്ഞ അരിക്ക് വേവ് കുറയും. അത് കടിക്കുമ്പോള്‍ പല്ലില്‍ പറ്റിപ്പിടിക്കും.

അരിയിലെ കൊഴുപ്പ് കുറയ്ക്കാന്‍

വിപണിയില്‍ ലഭിക്കുന്ന ചില അരിയിനങ്ങളില്‍ നിറത്തിനുവേണ്ടി സിങ്ക് ഓക്‌സൈഡ് ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം അരിക്ക് കൊഴുപ്പ് കൂടുതലാവും. നിറം ചേര്‍ത്ത അരിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അഞ്ചാറുതവണയെങ്കിലും നന്നായി കഴുകിയാല്‍ കൊഴുപ്പ് കുറയ്ക്കാം. ഇനി വേവിക്കുമ്പോള്‍ കൊഴുപ്പ് കൂടുതലുണ്ടെന്നു തോന്നിയാല്‍ ചോറിലുള്ള കഞ്ഞിവെള്ളം കുറച്ച് മുക്കിക്കളയുക. അതിനുശേഷം ചോറിലേക്ക് തിളപ്പിച്ച വെള്ളം ഒഴിക്കുക.

പാത്രത്തിനു മുകളില്‍ പാട കെട്ടിയാല്‍

അരി നല്ലവണ്ണം തിളക്കാതിരിക്കുമ്പോഴാണ് പാട കെട്ടുന്നത്. അരിയിട്ട് തിളയ്ക്കുന്നതുവരെ നന്നായി തീ കത്തിക്കുക. തിളച്ചുതുടങ്ങിയാല്‍ ചൂട് ഒരേ രീതിയില്‍ ക്രമീകരിക്കുക.

കുഴമ്പ് രൂപത്തിലായാല്‍

വിപണിയില്‍ ലഭിക്കുന്ന രണ്ടുവട്ടം പുഴുങ്ങിയ അരിയാണ് (ഡബിള്‍ ബോയില്‍ഡ് റൈസ്) കുഴമ്പുരൂപത്തിലാവാന്‍ സാധ്യത കൂടുതലുള്ളത്. അത്തരം അരി ഉപയോഗിക്കുമ്പോള്‍ അരവേവാകുമ്പോള്‍ ചോറെടുക്കുകയാണ് നല്ലത്.

അരി മില്ലില്‍ പൊടിക്കുമ്പോള്‍ പോഷകം നഷ്ടമാവാതിരിക്കാന്‍

അരി പുഴുങ്ങിയിട്ടേ മില്ലില്‍ പൊടിക്കാവൂ. പുഴുങ്ങുമ്പോള്‍ പോഷക ഘടകങ്ങളെല്ലാം അരിയുടെ ഉള്ളിലേക്കെത്തും.

പഴകിയ അരി നല്ലതോ

കുറേ നാള്‍ പത്തായത്തിലൊക്കെ സൂക്ഷിക്കുന്ന നെല്ലിന് അതിനുള്ളിലെ ചൂടുകൊണ്ട് പല മാറ്റങ്ങളുമുണ്ടാവും. അന്നജവും വിറ്റാമിനുകളുമെല്ലാം നെല്ലിന്റെ പുറന്തോടില്‍നിന്ന് അരിയുടെ ഉള്ളിലേക്കെത്തും. അതാണ് പഴകിയ അരിയുടെ പോഷകഗുണത്തിന്റെ കാരണം.