വീട്ടിലേയ്ക്ക് ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചാല്‍ വൈദ്യുതി ലാഭിക്കാം...
എ.സി ഉള്ള മുറികളില്‍ ഒരിക്കലും ചൂട് ഉണ്ടാക്കുന്ന ബള്‍ബുകള്‍ ഉപയോഗിക്കരുത്. ബള്‍ബില്‍ നിന്ന് ചൂട് ഉത്പാദിപ്പിക്കുമ്പോള്‍ അത് എ.സി.ക്ക് കൂടുതല്‍ ജോലിഭാരം ഉണ്ടാക്കും.ഫാനുകള്‍ വില മാത്രം നോക്കി വാങ്ങാതിരിക്കുക. അഞ്ച് എനര്‍ജി സ്റ്റാര്‍ മുദ്രണമുള്ള ഫാനുകള്‍ വാങ്ങാം. ശബ്ദം ഉണ്ടാക്കുന്നതും ചൂടാവുന്നതുമായ റെഗുലേറ്ററുകളും ഉപയോഗിക്കരുത്.
ഫ്രിഡ്ജുകള്‍ ഓരോ കുടുംബത്തിനും ആവശ്യമുള്ളത്ര വലിപ്പമുള്ളത് വാങ്ങുന്നതാണ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ നല്ലത്. ഉള്‍ഭാഗം വ്യാപ്തം കൂടുന്തോറും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും. ഓരോ തവണ തുറന്നടയ്ക്കുമ്പോഴും കൂടുതല്‍ തണുത്ത വായു പുറത്തുപോവുകയും ഇത് വൈദ്യുതി ഉപഭോഗം കൂട്ടുകയും ചെയ്യും. കൂടുതല്‍ ഡോറുകളുള്ള ഫ്രിഡ്ജ് വാങ്ങുക.
ഫ്രിഡ്ജിലെ തണുത്ത വായുവിന്റെ ലീക്കേജ് വൈദ്യുതി ബില്ല് വര്‍ധിപ്പിക്കും. ഇത് മനസ്സിലാക്കാന്‍ രാത്രി ഫ്രിഡ്ജ് വെച്ചിരിക്കുന്ന മുറിയിലെ മറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്യുക. ശേഷം ടോര്‍ച്ചോ എമര്‍ജന്‍സി ലൈറ്റോ കത്തിച്ച് ഫ്രിഡ്ജിനകത്ത് വെച്ച് ഡോര്‍ അടയ്ക്കണം. എന്നിട്ടും പ്രകാശം പുറത്തുവരുന്നുണ്ടെങ്കില്‍ ഫ്രിഡ്ജ് ഉടന്‍ സര്‍വീസ് ചെയ്യണം.
കിണറില്‍ നിന്ന് പമ്പിലേക്കുള്ള ഉയരവും പമ്പില്‍നിന്ന് ടാങ്കിലേക്കുള്ള ഉയരവും കണക്കാക്കി കമ്പനികള്‍ നല്കുന്ന പട്ടികയില്‍നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ പരമാവധി വെള്ളം ലഭ്യമാക്കുന്ന പമ്പ് സെറ്റുകള്‍ തിരഞ്ഞെടുക്കണം. കിണറില്‍നിന്നുള്ള പൈപ്പിലും ടാങ്കിലേക്കുള്ള പൈപ്പിലും പരമാവധി വളവുകള്‍ ഒഴിവാക്കണം.
ചൂട് നിയന്ത്രണ സംവിധാനമുള്ള ഇസ്തിരിപ്പെട്ടി തിരഞ്ഞെടുക്കുക. ഒരേതരം വസ്ത്രങ്ങള്‍ ആദ്യം ഇസ്തിരിയിടുക. എ.സി.മുറികളില്‍ വെച്ച് ഇസ്തിരിയിടരുത്.
ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉള്ള എ.സി മാത്രം വാങ്ങിക്കുക. സ്പ്ലിറ്റ് എ.സി. ഉപയോഗിക്കുമ്പോള്‍ എ.സി.യും കംപ്രസര്‍ യൂണിറ്റും തമ്മിലുള്ള അകലം പരമാവധി കുറയ്ക്കണം. എ.സി ഉപയോഗിക്കുന്ന റൂമിന്റെ വ്യാപ്തി ഫാള്‍സ് സീലിങ്ങ് മുതലായവ കൊടുത്ത് പരമാവധി കുറയ്ക്കണം. ചുമരുകളില്‍ കഴിയുമെങ്കില്‍ പാനലിങ്ങ് ചെയ്യുകയും ആവാം.
വൈദ്യുതി തീരെ ആവശ്യമില്ല എന്ന ധാരണയില്‍ വാങ്ങുന്ന സീറോവാട്ട് ബള്‍ബുകള്‍ ധാരാളമായി വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് പലതും 15 വാട്ട് ബള്‍ബുകള്‍ ആണ്. സീലിങ്ങ് ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവയില്‍ വെക്കുന്ന ഇന്‍ഡിക്കേറ്റര്‍ ലാമ്പും മൊബൈല്‍ കണക്ട് ചെയ്യാതെ ചാര്‍ജര്‍ മാത്രം ഓണ്‍ ചെയ്യുന്നതും വൈദ്യുതി നഷ്ടപ്പെടുത്തുന്ന വഴികളാണ്.
ടി.പി.ഉണ്ണികൃഷ്ണന്
എക്സിക്യുട്ടീവ് എന്‍ജിനിയര്‍
കെ.എസ്.ഇ.ബി, കോഴിക്കോട്

NEWS LETTER
RSS











