MATHRUBHUMI RSS
Loading...
പുതുവര്‍ഷം ടെന്‍ഷനില്ലാതെ

കുട്ടിയുടെ ഒരു വര്‍ഷത്തെ പഠനകാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ക്ക് ചില നിര്‍ദേശങ്ങള്‍...


ജീവിതത്തിലെ ഉന്നമനത്തിനാവശ്യമായ അറിവും ധൈര്യവും മൂല്യബോധവും നേടാനും വിജയത്തിനാവശ്യമായ കഴിവുകള്‍ സ്വായത്തമാക്കാനുമാണ് വിദ്യാഭ്യാസം. ഈ ലക്ഷ്യബോധം മനസ്സിലാക്കിയുള്ള വിശാലമായ ചിന്താഗതിയായിരിക്കണം കുട്ടികളുടെ പഠനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ അടിസ്ഥാനമാക്കേണ്ടത്. 'ആദ്യത്തെ മാസപ്പരീക്ഷയില്‍ ഇരുപത്തിയഞ്ചില്‍ ഇരുപത്തിമൂന്നര മാര്‍ക്കോ? അടുത്തമാസംമുതല്‍ ഇരുപത്തിനാലരയോ ഇരുപത്തഞ്ചോ തന്നെ വാങ്ങണം' എന്ന് മക്കളോട് ആവശ്യപ്പെടുന്നതിനുപകരം ഒരു അധ്യയനവര്‍ഷത്തെ പഠനം എങ്ങനെ ആസൂത്രണം ചെയ്യണം എന്നാണ് കുട്ടികളെ ഉപദേശിക്കേണ്ടത്.

ഈ അധ്യയനവര്‍ഷത്തില്‍ അല്ലെങ്കില്‍ എട്ടാംതരം കഴിയുമ്പോഴേക്കും 'നല്ല ഉപന്യാസം എഴുതാന്‍ മക്കള്‍ക്ക് കഴിയണം / ഇംഗ്ലീഷില്‍ തെറ്റില്ലാതെ സംസാരിക്കാനുള്ള ആത്മവിശ്വാസം മകന് നേടിയെടുക്കേണ്ടതുണ്ട് / കുട്ടികള്‍ കണക്കില്‍ പിറകോട്ടായതിനാല്‍ കണക്കിന്റെ തത്ത്വങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കാന്‍ വേണ്ട പരിശീലനം നല്‍കണം / കുട്ടിയുടെ അപകര്‍ഷബോധം മാറ്റി കൂടുതല്‍ ആളുകളുമായി ഇടപഴകാന്‍ വേണ്ടതു ചെയ്യണം / വയലിനില്‍ അരങ്ങേറ്റം നടത്താന്‍ വേണ്ട ശിക്ഷണം നല്‍കണം / മകന്റെ ഷട്ടില്‍ കളി മെച്ചപ്പെടുത്തണം' - എന്നിങ്ങനെ കുട്ടികള്‍ക്ക് താത്പര്യമുള്ള മേഖലയില്‍ കൂടുതല്‍ കഴിവു നേടിക്കൊടുക്കാനും, അവര്‍ അല്പം പിറകിലായ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രോത്സാഹിപ്പിക്കാനും വേണ്ട വിശാലമായ ആസൂത്രണമാണ് മാതാപിതാക്കള്‍ നിര്‍വഹിക്കേണ്ടത്. ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ കുട്ടികളുടെ അറിവും കഴിവും ആത്മവിശ്വാസവും ധൈര്യവും ചിന്താശക്തിയും വര്‍ധിക്കും. മാര്‍ക്കും തനിയെ വന്നുകൊള്ളും.

മനസ്സിലാക്കുക, പ്രോത്സാഹിപ്പിക്കുക

സ്‌കൂള്‍ വിദ്യാഭ്യാസകാലത്താണ് കുട്ടികളുടെ അറിവിന്റെ അടിത്തറ പാകുന്നത്. വ്യക്തിത്വവികസനം നടക്കുന്നതും ഈ സമയത്തുതന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ജ്ഞാനസമ്പാദനത്തിനും പ്രോത്സാഹനം നല്‍കാനും മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് മാതാപിതാക്കള്‍ ഈ കാലത്ത് ഊന്നല്‍ കൊടുക്കേണ്ടത്.

കുറേ കാര്യങ്ങള്‍ ഹൃദിസ്ഥമാക്കുകയല്ല, മറിച്ച് പാഠഭാഗങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ മനസ്സിലാക്കി അറിവ് വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് മനസ്സില്‍വെച്ച് 'ഇന്ന് എന്തൊക്കെയാണ് പഠിച്ചത്?' എന്ന് വൈകുന്നേരങ്ങളില്‍ കുട്ടികളോട് ചോദിക്കുന്നത് ഒരു ശീലമാക്കണം. പഠിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരുമ്പോള്‍ കുട്ടികള്‍ ചിന്തിക്കുകയും അന്നു പഠിച്ച കാര്യങ്ങള്‍ അവരുടെ മനസ്സിലൂടെ ഒഴുകിയെത്തുകയും ചെയ്യും. ഓര്‍മ വര്‍ധിപ്പിക്കാനും പഠിച്ച ആശയങ്ങളും തത്ത്വങ്ങളും മനസ്സില്‍ വീണ്ടുമുറപ്പിക്കാനും ചിന്താശേഷി വര്‍ധിപ്പിക്കാനും ആശയവിനിമയം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കാനും ഈ ഒരു ചോദ്യം കുട്ടികളെ സഹായിക്കും. അവരുടെ പഠനത്തിന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കുന്നുവെന്ന വിശ്വാസവും കുട്ടികളില്‍ വളരും. പഠനം രസകരമാകും.

ഇപ്രകാരം ആശയവിനിമയം നടത്തുന്നതുകൂടാതെ 'എന്താവാനാണ് ആഗ്രഹം / ഏതു ജോലി ലഭിക്കാനാണ് താത്പര്യം' എന്ന മക്കളുടെ ജീവിതാഭിലാഷത്തെക്കുറിച്ചും മാതാപിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. ''മകള്‍ പത്താംക്ലാസ് പരീക്ഷയെഴുതി. ഐ.പി.എസ്. നേടണമെന്ന വാശിയിലാണ്. ഏതു കോഴ്‌സിനാണ് ചേരേണ്ടത് എന്ന കണ്‍ഫ്യൂഷന്‍ കൊണ്ടാണ് വിളിക്കുന്നത്. ചിലര്‍ പറയുന്നു ഹ്യുമാനിറ്റീസ് പഠിക്കുന്നതാണ് നല്ലതെന്ന്...'' - കഴിഞ്ഞയാഴ്ച ഒരു രക്ഷിതാവ് ഫോണിലൂടെ ചോദിച്ചതാണ്. കുട്ടിയുടെ ആഗ്രഹം മനസ്സിലാക്കി ആ വഴിയെക്കുറിച്ചുള്ള പ്രാഥമികമായ അറിവുകള്‍ ശേഖരിക്കാനാണ് അദ്ദേഹം വിളിച്ചത്. സ്‌കൂള്‍ പഠനം തൊട്ടുതന്നെ കുട്ടികളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശം നല്‍കാനും അവരെ പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.

ചില കുട്ടികള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പഠിക്കുന്നവരും സ്വന്തം മാര്‍ഗം കണ്ടെത്താന്‍ സ്വയം ശ്രമിക്കുന്നവരുമായിരിക്കാം. അവരെയും ധാരാളമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കാരണം ഗുരുമുഖത്തുനിന്നും ലഭിക്കുന്ന അറിവില്‍ ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം എന്നതുതന്നെയാണ്. എല്ലാ അറിവിന്റെയും ഉറവാണ് അധ്യാപകര്‍ എന്നതു മാറി അധ്യാപകര്‍ പ്രചോദകര്‍ (Facilitators) ആണ് എന്ന തലത്തിലേക്ക് ഇന്നത്തെ വിദ്യാഭ്യാസരീതി മാറിയിട്ടുണ്ട്. ടി.വി. ചാനലിലെ ഡെമോണ്‍സ്‌ട്രേഷന്‍ കണ്ടിട്ടായിരിക്കും ചില ശാസ്ത്രതത്ത്വങ്ങള്‍ കുട്ടികള്‍ പഠിക്കുക. നല്ല പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെയായിരിക്കും മൂല്യബോധം വളരുക. ഇ-മെയില്‍ അയയ്ക്കാന്‍ പഠിപ്പിക്കുന്നത് ഒരുപക്ഷേ, കൂട്ടുകാരായിരിക്കും. ഇങ്ങനെ പല വഴികളിലൂടെ പഠിക്കാന്‍വേണ്ട സാഹചര്യം മാതാപിതാക്കള്‍ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഗുരുനാഥന്‍ പഠിപ്പിക്കുന്നവ, സ്വന്തമായി വായിച്ചും നിരീക്ഷിച്ചും മനസ്സിലാക്കുന്നവ, സഹപാഠികളുടെ അടുത്തുനിന്നും ലഭിക്കുന്ന വിദ്യാഭ്യാസം - അറിവിന്റെ ഈ മൂന്നു വാതിലുകളും രക്ഷിതാക്കള്‍ കാണണം, മനസ്സിലാക്കണം.

ഇപ്രകാരം കുട്ടികളുടെ ആഗ്രഹമനുസരിച്ച് അവരുടെ പഠനപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണ നല്‍കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നതാണല്ലോ ഏറ്റവും വലിയ കടമ.

അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കാം

പുതിയ അധ്യയനവര്‍ഷം മുതലെങ്കിലും അനാവശ്യ ടെന്‍ഷനുകള്‍ നേരിടാതെ പഠിക്കാനുള്ള സാഹചര്യം കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഓരോ കുട്ടിയും ഓരോ വ്യക്തിത്വത്തിന്റെ ഉടമയാണ്. അവര്‍ മറ്റുള്ളവരെപ്പോലെയാകണം എന്ന് രക്ഷിതാക്കള്‍ വാശിപിടിക്കുമ്പോഴാണ് കുട്ടികളില്‍ അനാവശ്യ ടെന്‍ഷന്‍ വളര്‍ന്ന് അവര്‍ പഠനത്തില്‍ പിറകോട്ടുപോകുന്നത്.

'കൂട്ടുകാര്‍ക്കെല്ലാം 90ലധികം മാര്‍ക്കുണ്ട്. നിനക്കുമാത്രം എന്തേ കുറഞ്ഞത്?' എന്ന് സ്ഥിരമായി ചോദിച്ചാല്‍ താന്‍ കുറവുള്ളവനാണെന്ന തോന്നല്‍ കുട്ടികളില്‍ ഉറയ്ക്കും. പഠിക്കാനുള്ള ഊര്‍ജവും ഉത്സാഹവും കുറയും. ഈ 'താരതമ്യപഠന'ത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ആഗ്രഹം മാത്രമായിരിക്കും പിന്നീട് കുട്ടികളുടെ മനസ്സില്‍ നിറയുക. ആസൂത്രണത്തോടെ, ചിട്ടയോടെ പഠിക്കാനോ സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവും ധൈര്യവും വളര്‍ത്താനോ ഒന്നും അവര്‍ക്ക് താത്പര്യമുണ്ടാവില്ല. ആയതിനാല്‍ താരതമ്യം ചെയ്ത് കുട്ടികളുടെ മനോവീര്യം കളയുന്നതിനുപകരം അവരെ ജീവിതത്തെ നേരിടാന്‍വേണ്ട കരുത്തുലഭിക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്. സ്വന്തം വ്യക്തിത്വത്തിലൂന്നി വളരാനുള്ള സാഹചര്യമാണ് മാതാപിതാക്കള്‍ പ്രദാനം ചെയ്യേണ്ടത്.