MATHRUBHUMI RSS
Loading...
പുതുവര്‍ഷം പുതിയ തീരുമാനങ്ങള്‍
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌

കരിയറിനെപ്പറ്റി ഇതുവെര യാെതാരു ചിന്തയുമില്ലെങ്കില്‍ േപാലും പുതുവര്‍ഷപ്പിറവിയില്‍ നെല്ലാരു തീരുമാനെമടുത്തുനോക്കൂ. 2012 ജനവരി മുതല്‍ ഡിസംബര്‍ വെരയുള്ള 12 മാസം കൊണ്ട് 'േജാലി' എന്ന ലക്ഷ്യേബാധം മനസ്സില്‍ വളര്‍ത്താനും ആന്രഗഹമുള്ള േജാലി െചയ്യാന്‍ േവണ്ട കഴിവ് വര്‍ധിപ്പിക്കാനും സാധിക്കും...


കോളേജില്‍ പഠിക്കുന്ന സമയത്ത് ജോലിയെയും കരിയറിനെയും പറ്റി ചിന്തിക്കാത്തവരാണ് നമ്മളില്‍ പലരും. ഇതുകൊണ്ടുതന്നെ നല്ലൊരു ജോലി വൈകിയേ പലര്‍ക്കും ലഭിക്കാറുള്ളൂ. കരിയര്‍ തിരഞ്ഞെടുക്കാനുള്ള പരിശ്രമം ഈ വര്‍ഷം മുതല്‍ എന്നുറപ്പിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ 2012 ജനവരി മുതല്‍ ഡിസംബര്‍ വരെയുള്ള പന്ത്രണ്ട് മാസക്കാലം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു രൂപരേഖയിതാ.

ഇഷ്ടാനിഷ്ടങ്ങള്‍ എഴുതിവെക്കൂ

പുതുവര്‍ഷവേളയില്‍ 'നല്ലൊരു ജോലി വേണം' എന്ന സ്വപ്‌നം കാണുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് സ്വന്തം മനസ്സിലുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും ആശങ്കകളും ഒരു കടലാസില്‍ എഴുതി വെക്കുക എന്നതാണ്. 'ഞാന്‍ എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നു?' എന്ന് മനസ്സില്‍ ഒരൂഹം ഉണ്ടായാല്‍ പോര, പേപ്പറില്‍ എഴുതുക തന്നെ വേണം.

''ഞാന്‍ പഠിക്കുന്ന ഈ സിവില്‍ എഞ്ചിനിയറിങ് കോഴ്‌സ് നല്ലതുതന്നെ. എന്നാല്‍ ഈ വിഷയം തുടര്‍ന്നുപഠിക്കാന്‍ തോന്നുന്നില്ല. അതുകൊണ്ട് എം.ടെക്കിന് പോകാനോ അധ്യാപനത്തിലേക്ക് തിരിയാനോ ഈ മേഖലയില്‍ നല്ലൊരു കമ്പനിയില്‍ ജോലി ചെയ്യാനോ താത്പര്യം വരുന്നില്ല. എം.ബി.എ. പഠിക്കണമെന്നുണ്ട്. കൂടാതെ, സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിങ്ങിലേക്ക് ചുവടുമാറിയാല്‍ കൊള്ളാം എന്നുമുണ്ട്. എന്തുവേണമെന്ന തീരുമാനമെടുക്കാന്‍ പറ്റുന്നില്ല...'' എന്നിങ്ങനെയോ, ''ഇനി ഒന്നര വര്‍ഷം കൂടി പഠിച്ചാല്‍ ഡിഗ്രി തീരും. അതിനുശേഷം ബിരുദാനന്തരബിരുദം പഠിക്കണമെന്ന് വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും എനിക്ക് പെട്ടെന്ന് ജോലി നേടണമെന്നുണ്ട്. ഡിഗ്രി പഠനം കഴിയുമ്പോഴേക്കും ജോലി വേണം. അത്രമാത്രമേ ആഗ്രഹമുള്ളൂ. എന്ത് ജോലി വേണം എന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ നല്ലതാണെന്നു തോന്നുന്നു. എന്നാല്‍, ഏത് സര്‍ക്കാര്‍ ജോലി എന്നോ അതിനായി എന്ത് പഠിക്കണമെന്നോ അറിയില്ല. ഈ വര്‍ഷം ഒരു തീരുമാനത്തിലെത്തണം...'' എന്ന രീതിയിലോ ഒക്കെ എഴുതാം. സ്വന്തം മനസ്സ് തുറന്ന് എഴുതുക എന്നതുമാത്രമാണ് ഉദ്ദേശ്യം.

ഇപ്രകാരം സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ജനവരി മാസത്തില്‍ത്തന്നെ എഴുതിവെച്ചാല്‍ കരിയറിനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ നാമറിയാതെ നമ്മുടെ അബോധമനസ്സില്‍ സ്ഥാനംപിടിക്കും. ജോലി കണ്ടെത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഉത്തരവാദിത്വത്തോടെ ലക്ഷ്യം നേടാന്‍ പ്രയത്‌നിക്കേണ്ടതിനെക്കുറിച്ചും നമുക്ക് ബോധ്യം വരും. ലേഖനം എഴുതിയശേഷം ഇടയ്ക്കിടെ അതെടുത്ത് വായിക്കുക കൂടി ചെയ്യാം. ഇത് 'കരിയര്‍' എന്ന ലക്ഷ്യം മനസ്സില്‍ ഉറപ്പിക്കാന്‍ സഹായിക്കും.

അന്വേഷിക്കൂ കണ്ടെത്താം

'കരിയര്‍ സ്വപ്‌നങ്ങള്‍' എഴുതിക്കഴിഞ്ഞാല്‍ ചെയ്യേണ്ടത് ഈ ലേഖനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യലാണ്. ഫിബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള സമയം ചര്‍ച്ച ചെയ്യാനും അന്വേഷണം നടത്താനുമായി മാറ്റിവെക്കാം.

കരിയറിനെക്കുറിച്ചുള്ള ലേഖനം എഴുതിക്കഴിയുമ്പോഴേക്കും ഏത് ജോലി ചെയ്യണമെന്നോ ഏത് മേഖലയിലേക്ക് ചേക്കേറണമെന്നോ ഉള്ള വ്യക്തമായ തീരുമാനത്തിലെത്താന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. കൂടാതെ താന്‍ തിരഞ്ഞെടുത്ത മേഖലയെക്കുറിച്ചോ ജോലിയെക്കുറിച്ചോ ആഴത്തിലുള്ള അറിവും പലര്‍ക്കും ഉണ്ടാകില്ല. ഇതിനാലാണ് ഫിബ്രവരി മുതല്‍ ജൂണ്‍ വരെയുള്ള അഞ്ച് മാസം അന്വേഷണത്തിനായി മാറ്റിവെക്കാന്‍ നിര്‍ദേശിക്കുന്നത്.

ആദ്യം രക്ഷകര്‍ത്താക്കളോടും പിന്നീട് അധ്യാപകരോടും ആണ് ചര്‍ച്ച നടത്തേണ്ടത്. ''ബിരുദം കഴിഞ്ഞ ഉടനെ ബി.എഡ്. പഠിക്കാന്‍ പോകണോ? അതോ ബിരുദാനന്തരബിരുദം കഴിഞ്ഞ് നെറ്റ് എഴുതിയാല്‍ മതിയോ?'' എന്നൊക്കെയുള്ള സംശയങ്ങള്‍ തീര്‍ത്തുതരാനും, ''ഏത് കോളേജില്‍ തുടര്‍വിദ്യാഭ്യാസം നടത്തണം?'' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും അധ്യാപകര്‍ക്ക് സാധിക്കും. വിദ്യാര്‍ഥിയുടെ അറിവും കഴിവും ഏറ്റവും കൂടുതല്‍ മനസ്സിലാക്കുന്നത് അധ്യാപകരാണല്ലോ.

അധ്യാപകരോട് ചര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ പിന്നെ ചെയ്യേണ്ടത് സ്വയം നടത്തുന്ന അന്വേഷണമാണ്. ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലൂടെയും മാഗസിനുകളിലെ 'കരിയര്‍' കോളങ്ങള്‍ വായിച്ചും മാധ്യമങ്ങളും മറ്റ് സ്ഥാപനങ്ങളും നടത്തുന്ന എഡ്യുക്കേഷന്‍ ഫെയറുകള്‍ സന്ദര്‍ശിച്ചും മറ്റും താന്‍ തീരുമാനിച്ച 'കരിയര്‍ മേഖല'യെക്കുറിച്ചുള്ള അറിവ് സമ്പാദിക്കണം. കോളേജിലെ പൂര്‍വകാല വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നത് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ വളരെ ഉപകരിക്കും. ഇത്രയും ചെയ്യാനായാല്‍ 2012-ന്റെ ആദ്യ ആറ് മാസം കൊണ്ടുതന്നെ 'കരിയറി'നെക്കുറിച്ചുള്ള ചിന്ത ഉറപ്പിക്കാനും സംശയങ്ങള്‍ ദൂരീകരിച്ച് വ്യക്തമായ ലക്ഷ്യം നിശ്ചയിക്കാനും സാധിക്കും.

പരിശീലന വഴികള്‍

സ്വന്തം ഇഷ്ടാനിഷ്ടങ്ങളും കരിയറിനെക്കുറിച്ചുള്ള സങ്കല്പങ്ങളും എഴുതിവെക്കുകയും നാലഞ്ചുമാസത്തെ അന്വേഷണത്തിലൂടെയും വായനയിലൂടെയും ലക്ഷ്യം സ്വാംശീകരിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ചെയ്യേണ്ട ഈ ജോലി ലഭിക്കാന്‍ പരിശീലനം നേടുക എന്നതാണ്. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള ആറ് മാസക്കാലം ജോലി ലഭിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ വേണ്ട പരിശീലനം നേടാനായി മാറ്റിവെക്കാം.ഉദാഹരണമായി ആദ്യം എഴുതിയ സിവില്‍ എഞ്ചിനിയറിങ് പഠിക്കുന്ന കുട്ടിയുടെ കാര്യമെടുക്കാം. 'കരിയര്‍ സങ്കല്പങ്ങള്‍' എഴുതുന്ന അവസരത്തില്‍ എം.ബി.എ. ചെയ്യാന്‍ പോകണോ അതോ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിങ്ങിന് പോകണോ എന്ന ആശങ്കയുണ്ടായിരുന്നു. ആറ് മാസക്കാലത്തെ അന്വേഷണം വഴി 'ഡിഗ്രി കഴിഞ്ഞയുടനെ ചുവടുമാറ്റി കമ്പ്യൂട്ടര്‍ മേഖലയിലേക്ക് കടക്കാം. രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയശേഷം എം.ബി.എ.ക്ക് പ്രവേശനം നേടാം' എന്നാണ് ഈ കുട്ടി തീരുമാനിക്കുന്നതെങ്കില്‍ ജൂണ്‍ മുതലുള്ള കാലം ജോലി നേടാനുള്ള പരിശീലനം തുടങ്ങേണ്ടതുണ്ട്.

* സിവില്‍ എഞ്ചിനിയറിങ് പഠിക്കുന്നതിനാല്‍ കമ്പ്യൂട്ടര്‍ മേഖലയെപ്പറ്റി കൂടിതല്‍ അറിയാനും പഠിക്കാനുമായി ഒരു കോഴ്‌സിന് ചേരുക (ആഴ്ചയില്‍ രണ്ട് തവണ)

* സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിങ് കമ്പനികള്‍ നടത്തുന്ന പരീക്ഷയില്‍ പാസ്സാകാന്‍ വേണ്ടി Quantitative Ability, Logical Ability, Reasoning, English Comprehension തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടുക.

* സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് പോയി ഇംഗ്ലീഷില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുക.

എന്നിങ്ങനെ ജോലി നേടാന്‍ വേണ്ടി സ്വയം ചെയ്യേണ്ട പരിശീലനങ്ങള്‍ ജൂണ്‍ മുതല്‍ ഡിസംബര്‍വരെയുള്ള ആറ് മാസക്കാലം കൊണ്ട് തുടങ്ങുക.

ലക്ഷ്യം കൃത്യമാവുമ്പോള്‍

കരിയറിനെപ്പറ്റി ഇതുവരെ യാതൊരു ചിന്തയുമില്ലെങ്കില്‍പോലും പുതുവര്‍ഷപ്പിറവിയില്‍ നല്ലൊരു തീരുമാനമെടുത്തുനോക്കൂ. 2012 ജനവരി മുതല്‍ ഡിസംബര്‍ വരെയുള്ള പന്ത്രണ്ട് മാസംകൊണ്ട് 'ജോലി' എന്ന ലക്ഷ്യബോധം മനസ്സില്‍ വളര്‍ത്താനും ആഗ്രഹമുള്ള ജോലി ചെയ്യാന്‍ വേണ്ട കഴിവ് വര്‍ധിപ്പിക്കാനും സാധിക്കും.

കൂടാതെ 2012 അവസാനിക്കുമ്പോഴേക്കും ലക്ഷ്യം ഉറപ്പിക്കാനും ''അആഇ എന്ന കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാകണം'', ''തഥദ എന്ന കോളേജില്‍നിന്നും ബിരുദാനന്തര ബിരുദം നേടണം'', ''ഇഉഎ എന്ന സര്‍ക്കാര്‍ ജോലിയാണ് എനിക്കു വേണ്ടത്'', ''ഋഎഏ എന്ന വിഷ്വല്‍ മീഡിയയിലേക്ക് ചേക്കേറി ഒരു അവതാരികയാവണം'' എന്നിങ്ങനെ ലക്ഷ്യം വ്യക്തമാക്കാനും സ്വാംശീകരിക്കാനും സാധിക്കും. 'നല്ലൊരു കരിയര്‍' എന്ന ആഗ്രഹം മനസ്സില്‍ എപ്പോഴും കൊണ്ടുനടക്കാനും അതിനുവേണ്ടി പരിശ്രമിച്ച് വിജയം കൈവരിക്കാനും ഈ ഒരു 'പുതുവത്സര തീരുമാനം' കൊണ്ട് സാധിക്കും എന്നുറപ്പാണ്.

പ്രതീക്ഷ നല്‍കുന്ന തൊഴിലുകള്‍

2000-ത്തില്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജോലിസാധ്യത കുറവുള്ള ഒരു എഞ്ചിനിയറിങ് ശാഖയായിരുന്നു 'സിവില്‍'. മറ്റ് എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് വളരെ പെട്ടെന്ന് ജോലി ലഭിച്ചപ്പോള്‍ 'സിവില്‍ എഞ്ചിനിയറിങ്' പഠിച്ചവര്‍ നല്ലൊരു തൊഴില്‍ നേടാന്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ 2005 കഴിഞ്ഞപ്പോഴേക്കും പെട്ടെന്ന് വളര്‍ച്ച നേടി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ഒരു മേഖലയായി 'സിവില്‍ എഞ്ചിനിയറിങ്' മാറിക്കഴിഞ്ഞു.

ഇപ്രകാരം, മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചും മറ്റ് മാറ്റങ്ങള്‍കൊണ്ടും ഓരോ തൊഴില്‍ശാഖയുടെ വളര്‍ച്ചയിലും വിശ്വസനീയതയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതീക്ഷ നല്കുന്നതും 2012-ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കരുതുന്ന അഞ്ച് മേഖലകള്‍ പരിചയപ്പെടാം.

ആരോഗ്യം

പൊതുജനാരോഗ്യവുമായി ബ ന്ധപ്പെട്ട മേഖലയിലെ തൊഴിലവസരങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫിസിഷ്യന്മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്, കൗണ്‍സലിങ്ങില്‍ പ്രത്യേക പരിശീലനം നേടിയവര്‍ എന്നിവര്‍ക്കുള്ള അവസരങ്ങള്‍ 2012-ലും തുടര്‍ന്നും കൂടിവരുമെന്നാണ് അനുമാനിക്കുന്നത്. ഉയര്‍ന്ന മെഡിക്കല്‍ ബിരുദവും നഴ്‌സിങ്ങില്‍ ഡിഗ്രിയും ഫിസിയോതെറാപ്പിയിലും കൗണ്‍സലിങ്ങിലും മറ്റും പ്രത്യേക പരിശീലനവും നേടിയവര്‍ക്കായിരിക്കും അവസരങ്ങള്‍.

വിദ്യാഭ്യാസം

ഉയര്‍ന്ന നിലവാരമുള്ള സ്ഥാപനങ്ങള്‍ നല്ല അധ്യാപകര്‍ക്കായി കാത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തിയാവില്ല. ''ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിലവാരമുള്ള അധ്യാപകരുടെ ദൗര്‍ബല്യമാണ്'' എന്നാണ് ഒരു പ്രശസ്ത സ്ഥാപനത്തിലെ ഡയറക്ടര്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഡോക്ടറേറ്റ് ബിരുദവും ഗവേഷണപാടവവും ഉള്ളവര്‍ക്ക് ഇന്ന് ധാരാളം അവസരങ്ങളാണുള്ളത്.

ഉന്നത വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, പ്ലസ് ടു സ്‌കൂള്‍ തലത്തിലും കോച്ചിങ്/പരിശീലനരംഗത്തും കഴിവുള്ള അധ്യാപകരെക്കാത്ത് നല്ല ശമ്പളവും പദവിയുമുള്ള ജോലികളാണ് തുറക്കപ്പെടുന്നത്. ഒരു പ്രശസ്ത എഞ്ചിനിയറിങ് കോളേജില്‍ 'കാമ്പസ് ഇന്റര്‍വ്യൂവി'നായി പോയ ഒരു 'കോച്ചിങ് ആന്‍ഡ് ട്രെയിനിങ്' സ്ഥാപനം പ്രതിമാസം അര ലക്ഷത്തോളം രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്തത്. തീര്‍ച്ചയായും 2012 മുതല്‍ പ്രതീക്ഷ നല്‍കുന്ന ഒരു മേഖലയാണ് അധ്യാപനരംഗം.

ബിസിനസ്

നല്ല ഒരു സ്ഥാപനത്തില്‍ നിന്ന് ബിരുദവും ബിസിനസ് മാനേജ്‌മെന്റിലോ അനുബന്ധമേഖലകളിലോ ഡിപ്ലോമയോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കായുള്ള അവസരങ്ങളില്‍ തുടര്‍ന്നും ഒട്ടും കുറവുവരികയില്ല എന്നാണ് വിദഗ്ധമതം. അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, സാമ്പത്തികവിദഗ്ധന്‍, മാര്‍ക്കറ്റിങ് മാനേജര്‍ തുടങ്ങിയ പ്രത്യേക മേഖലകള്‍ ഉയര്‍ന്ന ശമ്പളവും വെല്ലുവിളികള്‍ നിറഞ്ഞ ജോലിയും വാഗ്ദാനം ചെയ്യുന്നു.

ഐ.ടി

നിത്യഹരിതമാണ് ഐ.ടി. രംഗം. സാങ്കേതികവിദ്യയുടെ മാറ്റങ്ങളനുസരിച്ച് ഐ.ടി. രംഗത്തെ സ്‌പെഷലൈസേഷനുകള്‍ മാറുമെന്നല്ലാതെ ഐ.ടി. മേഖലയിലെ ഉയര്‍ച്ചയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. എഞ്ചിനിയറിങ് ബിരുദധാരികള്‍ക്കും മറ്റ് ബിരുദങ്ങള്‍ നേടി ഐ.ടി. അനുബന്ധമേഖലയില്‍ പരിശീലനം നേടിയവര്‍ക്കുമായി ധാരാളം തൊഴിലവസരങ്ങളാണ് ഐ.ടി. മേഖലയില്‍ ഉള്ളത്. സോഫ്ട്‌വെയര്‍ ഡെവലപ്പര്‍, ഡാറ്റാ കമ്യൂണിക്കേഷന്‍ അനലിസ്റ്റ്, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍, ക്ലൗഡ്/മൊബൈല്‍ കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകള്‍ പ്രതീക്ഷ നല്കുന്നു.

ന്യൂ ഏജ് മീഡിയ

പുതുവര്‍ഷം ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു രംഗം 'മാധ്യമ'മേഖലയാണ്. ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിന്റെ വളര്‍ച്ചയും അനുബന്ധമേഖലകളുടെ സാധ്യതയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബിരുദപഠനത്തിനുശേഷം ഓരോ മേഖലയിലും പ്രത്യേക പരിശീലനം നേടിയവര്‍ക്കാണ് അവസരങ്ങള്‍.

ബ്ലോഗ് എഴുത്തുകാര്‍, വീഡിയോ ഗെയിം ഡിസൈനര്‍മാര്‍, എഡിറ്റര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, വിഷ്വല്‍ മീഡിയ മാനേജര്‍മാര്‍ എന്നിവര്‍ക്കും അതിനേക്കാളുപരിയായി പബ്ലിക് റിലേഷന്‍ മാനേജര്‍മാര്‍ക്കും കണ്‍സള്‍ട്ടന്റുകള്‍ക്കും അവസരങ്ങള്‍ ധാരാളമായി തുറന്നുവരുന്നുണ്ട്. പുതിയ തലമുറയുടെയും യുവത്വത്തിന്റെയും ഊര്‍ജമാണ് ന്യൂ ഏജ് മീഡിയ എന്നതിനാല്‍ കഴിവും താത്പര്യവും ഉള്ളവര്‍ക്കായി തുറക്കപ്പെടുന്ന അവസരഖനിയാണ് മാധ്യമരംഗം.