MATHRUBHUMI RSS
Loading...
തൊഴില്‍മേഖല തിരഞ്ഞെടുക്കുമ്പോള്‍
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌ഒരു ജോലി കിട്ടിയശേഷം അത് തത്കാലം വേണ്ട എന്നു തീരുമാനിച്ച് കൂടുതല്‍ വലിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ ചിലരെങ്കിലും ഉണ്ടാകാം. എന്നാല്‍, ഈ ജോലി സര്‍ക്കാര്‍ മേഖലയിലാണെങ്കിലോ? ഒരു ഗവണ്മെന്റ് ജോലി ലഭിച്ച് അത് വേണ്ട എന്ന ഉറച്ച തീരുമാനമെടുത്ത എന്റെ ഒരു സുഹൃത്തിനെ ഈ മാസത്തെ 'കരിയര്‍ വിന്‍ഡോ'യില്‍ പരിചയപ്പെടുത്തട്ടെ.

ഡിഗ്രിപഠനത്തിനുശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ സുഹൃത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഞങ്ങളെല്ലാവരും ഓരോരോ തൊഴില്‍ തേടി ആശങ്കപ്പെട്ടിരിക്കുമ്പോള്‍ ആദ്യം ജോലി നേടിയ ഈ കൂട്ടുകാരന്റെ നേട്ടം ഞങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കി. ഇദ്ദേഹത്തിന് ലഭിച്ചതോ? ഏറ്റവും സുരക്ഷിതമായ ജോലിയുമാണല്ലോ? പെന്‍ഷന്‍, കുടുംബത്തിന്റെ സുരക്ഷ, സ്ഥിരവരുമാനം, എല്ലാറ്റിനുമുപരിയായി തൊഴില്‍ സുരക്ഷ... ഏറ്റവും ആകര്‍ഷകമായ ജോലി തന്നെയാണല്ലോ ഗവണ്മെന്റ് ജോലി. കൂടാതെ കൂടുതല്‍ 'ടെന്‍ഷന്‍' ഇല്ലാത്ത ജോലിയായതിനാല്‍ അഭികാമ്യവുമാണ്. എന്നാല്‍, ഈ ജോലിയില്‍ പ്രവേശിക്കാതെ കമ്പനികള്‍ നടത്തിയ പരീക്ഷകള്‍ എഴുതി പാസ്സായി ഒരു പ്രശസ്ത സ്വകാര്യ കമ്പനിയില്‍ ചേരുകയാണ് എന്റെ സുഹൃത്ത് ചെയ്തത്!

''സര്‍ക്കാര്‍ജോലി ഉപേക്ഷിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പഠിക്കുമ്പോള്‍ 'ഒരു ഗവണ്മെന്റ് ജോലി' ലഭിച്ച് കേരളത്തില്‍തന്നെ കഴിയണം എന്ന ആഗ്രഹമൊന്നും മനസ്സില്‍ ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം മനസ്സിനെ സമ്മതിപ്പിക്കാന്‍ വലിയ വിഷമമില്ലായിരുന്നു. എന്നാല്‍, വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാനാണ് ബുദ്ധിമുട്ടിയത്'', അദ്ദേഹം പറഞ്ഞു.

ഇന്ന്, സര്‍ക്കാര്‍ മേഖലയിലെ തൊഴിലുപേക്ഷിച്ച് പ്രൈവറ്റ് മേഖലയിലേക്കു ചെക്കേറിയ ഈ കൂട്ടുകാരനുമായി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ താന്‍ വളരെ സംതൃപ്തനാണ് എന്നായിരുന്നു മറുപടി. ജോലിസുരക്ഷ കുറവുള്ള, പരസ്പര മത്സരമുള്ള മേഖലയായതിനാല്‍ 'ടെന്‍ഷനും' സംഘര്‍ഷങ്ങളും കൂടുതലുള്ള പ്രൈവറ്റ് കമ്പനികളിലെ ജോലി മതി എന്ന തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ല എന്നാണ് ഈ സുഹൃത്ത് പറയുന്നത്.

''താങ്കള്‍ പറഞ്ഞതെല്ലാം ശരിതന്നെ. എന്നാല്‍, ഏത് നിമിഷവും കമ്പനിയില്‍നിന്ന് പുറത്താക്കാമല്ലോ. കൂടാതെ ജോലിയുടെ കഠിനമായ ഷെഡ്യൂള്‍ ആരോഗ്യവും നശിപ്പിക്കുമല്ലോ'', ഞാന്‍ ആരാഞ്ഞപ്പോള്‍ കൂട്ടുകാരന്റെ മറുപടി ഇപ്രകാരമായിരുന്നു - ''ജോലിയുടെ ടെന്‍ഷന്‍ എനിക്ക് താങ്ങാവുന്ന തരത്തിലേ ഉള്ളൂ. പിന്നെ ചെറിയ റിസ്‌കും ടെന്‍ഷനുമൊന്നുമില്ലാതെ ഇത്ര നല്ല ശമ്പളവും ഉയര്‍ച്ചയുമൊന്നും ആര്‍ക്കും കിട്ടില്ലല്ലോ. ഇനി തൊഴില്‍ സുരക്ഷയുടെ കാര്യം - കമ്പനി പൂട്ടിപ്പോയാല്‍, മറ്റൊന്നില്‍ ജോലി കിട്ടും. ഇത്രയും വര്‍ഷത്തെ പ്രവൃത്തിപരിചയം ഒരിക്കലും വെറുതെയാവില്ല.''

വളരെക്കാലമായി ബന്ധപ്പെടാതിരുന്ന ഒരു സുഹൃത്ത് ഈയടുത്ത കാലത്ത് ഒരു ഇ-മെയില്‍ അയച്ചു. ഗവണ്മെന്റിന്റെ പോളിസിയുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിച്ചായിരുന്നു ഇ-മെയില്‍. പ്രതിമാസം ഒരു ലക്ഷത്തിനുമേല്‍ ശമ്പളം വാങ്ങുന്ന ജോലിയായിരുന്നു ആ സുഹൃത്തിന്. ഇപ്പോള്‍ സര്‍ക്കാര്‍ നയത്തെപ്പറ്റി എന്തിനന്വേഷിക്കുന്നു എന്ന എന്റെ സംശയത്തിനു വന്ന മറുപടി ''ഞാന്‍ ആ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയിട്ടുണ്ട്. അതിനുവേണ്ടിയാണ്....'' എന്നായിരുന്നു.

വലിയ കമ്പനികളും ഏത് മേഖലയിലും അന്താരാഷ്ട്ര മത്സരവും മറ്റുമുള്ള ഇന്നത്തെക്കാലത്ത് ഒരു ചെറിയ സംരംഭം തുടങ്ങുന്നത് വലിയ റിസ്‌കല്ലേ എന്നും എന്താണ് ഇത്തരമൊരു മേഖലയിലേക്ക് തിരിയാനുള്ള പ്രചോദനവും എന്ന ചോദ്യത്തിനു വന്ന ഇ-മെയില്‍ മറുപടി ഇപ്രകാരമാണ്: ''സംരംഭകത്വം ഒരു വലിയ റിസ്‌ക് തന്നെയാണ്. ആദ്യ മാസങ്ങളില്‍ എനിക്ക് ലഭിച്ചത് പതിനായിരം രൂപയില്‍ത്താഴെമാത്രം. രണ്ടരലക്ഷം പ്രതിമാസം ശമ്പളം ലഭിച്ച എന്റെ ജീവിതശൈലി ആകെ മാറി. ഈ തീരുമാനം വേണ്ടായിരുന്നു എന്നു തോന്നിയ നിമിഷങ്ങള്‍. പിടിച്ചുനില്‍ക്കാന്‍ പറ്റാതെ പൂട്ടേണ്ടിവരും എന്നുറപ്പിച്ചെങ്കിലും ക്ഷമയോടെ പടിപടിയായി പ്രയത്‌നിച്ചപ്പോള്‍ പതുക്കെ വിജയം നേ ടാനായി. ഏത് സംരംഭകനും ചെറിയ രീതിയിലേ തുടങ്ങാന്‍ സാധിക്കൂ എന്നതിനാലും വിജയം പതുക്കെയേ ലഭിക്കൂ എന്നതിനാലും ഇപ്പോഴെനിക്ക് ആശങ്കയില്ല...''

സംരംഭകത്വത്തിലേക്ക് തിരിയാനുള്ള കാരണം നോക്കുക. ''പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ കമ്പനിയുടെ താത്പര്യപ്രകാരമാണ് ജോലി ചെയ്യേണ്ടത്. സംരംഭകത്വത്തില്‍ നമുക്ക് ആരുടെ കെട്ടുമില്ല. നമ്മളെ ഒരു പ്രത്യേക പാതയിലൂടെ ആരും നയിക്കുന്നില്ല. സ്വന്തമായി തീരുമാനിച്ച രീതിയില്‍, സ്വന്തം സമയക്രമത്തിനനുസരിച്ച്, സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ജോലിയാണിത്. ശരിക്കു പറഞ്ഞാല്‍ ജോലി എന്നു പറയാന്‍ പറ്റില്ല. സ്വന്തം താത്പര്യത്തിനനുസരിച്ച്, നമ്മള്‍ ആസ്വദിച്ചുചെയ്യുന്ന തൊഴില്‍ 'ഹോബി'യാണല്ലോ?''

''കൃത്യമായ വരുമാനം തുടക്കത്തില്‍ ലഭിക്കില്ല എന്നതാണ് സംരംഭകത്വത്തിന്റെ ഒരു പ്രധാന വെല്ലുവിളി. വ്യക്തമായ ദിശ കാട്ടാനുള്ള ഒരു 'ഗുരു'വിന്റെ അഭാവമാണ് മറ്റൊരു ചാലഞ്ച്. പുതിയ പ്രവര്‍ത്തന മേഖലയാകുമ്പോള്‍ തുടക്കത്തില്‍ത്തന്നെ വഴിതെറ്റാതെ നോക്കണമല്ലോ? കൂടാതെ സ്വയം ആര്‍ജിച്ച പ്രചോദനം നിലനിര്‍ത്താനും പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നേറാനുമുള്ള പക്വത സംരംഭകത്വത്തില്‍ ആവശ്യമാണ്. എല്ലാറ്റിനുമുപരി സദാ ജാഗ്രതയുള്ളയാളായിരിക്കണം സംരംഭകന്‍. ശ്രദ്ധ തെറ്റിയാല്‍ വീഴ്ച സംഭവിക്കാന്‍ ഏറെ സാധ്യതയുള്ള ഒരു തൊഴില്‍മേഖലയാണല്ലോ ഇത്. ഇത്തരം വെല്ലുവിളികള്‍ ഉണ്ടെങ്കിലും... ഏറ്റവും താത്പര്യമുള്ള മേഖലയില്‍ ആത്മസംതൃപ്തിയോടെ ജോലി ചെയ്യാനുള്ള അമൂല്യമായ അവസരവും, വരും വര്‍ഷങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും ജോലികൊടുക്കാന്‍ കഴിയുമെന്ന സാധ്യതയും സംരംഭകത്വത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്....'', എന്റെ കൂട്ടുകാരന്‍ സാക്ഷ്യപ്പെടുത്തി.

സര്‍ക്കാര്‍, പ്രൈവറ്റ്, സ്വയംതൊഴില്‍... ഏത് മേഖലയ്ക്കും അതിന്റെതായ ഗുണദോഷങ്ങള്‍ ഉണ്ട്. നേട്ടങ്ങളും വെല്ലുവിളികളുമുണ്ട്. റിസ്‌ക് എടുത്ത്, വെല്ലുവിളികള്‍ അവസരങ്ങളായി കണ്ട് കഴിവിനും പഠനത്തിനും അനുസരിച്ച പ്രശസ്തിയും ഉയര്‍ച്ചയും ഉന്നതസ്ഥാനവും പ്രതീക്ഷിക്കുന്നവര്‍ക്ക് 'അവസരങ്ങളുടെ ഖനി'യായ പ്രൈവറ്റ് മേഖലയിലേക്ക് ചേക്കേറാം. താത്പര്യമുള്ള ജോലിചെയ്ത് ആത്മസംതൃപ്തിയോടെ വിജയശ്രീലാളിതനാവാന്‍ സംരംഭകത്വത്തിലേക്ക് തിരിയാം. പക്ഷേ, ഇവിടെ വെല്ലുവിളികള്‍ ഏറെയാണ്.

സ്ഥിരവരുമാനവും ജോലിസ്ഥിരതയും സര്‍ക്കാര്‍ മേഖല വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഇവിടെ 'കരിയര്‍ ഗ്രോത്ത്' പതുക്കെയാണ്. ജോലിക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും കഴിവല്ല, സീനിയോറിറ്റിയാണ് മാനദണ്ഡം. ഏതുവഴി തിരഞ്ഞെടുക്കണമെന്ന് യുവത്വത്തിന്റെ ലക്ഷ്യങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും തീരുമാനിക്കാം.