MATHRUBHUMI RSS
Loading...
ബാങ്കിങ്ങില്‍ അവസരങ്ങളുടെ പെരുമഴ
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ബാങ്കിങ്. സര്‍ക്കാറിന്റെ 'ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍' പദ്ധതിയുടെ ഭാഗമായി (എല്ലാവരെയും ബാങ്കിങ് മേഖലയുടെ കുടക്കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതി) ഓരോ ബാങ്കും ഗ്രാമീണബ്രാഞ്ചുകള്‍ തുറന്നുകൊണ്ടിരിക്കുന്നു. 1990-കളില്‍ പല ബാങ്കുകളും നി യമനം നിര്‍ത്തിയതിനാ ലും 2000-ത്തിന്റെ തുടക്കത്തില്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ ആകര്‍ഷണീയ പാക്കേജ് വഴി ധാ രാളം ഉദ്യോഗസ്ഥര്‍ വിരമിച്ചതിനാലും ഇന്ന് ബാങ്കിങ് മേഖലയില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതു നികത്താന്‍ 2009-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാല്‍ ലക്ഷം പേരെ നിയമിച്ചിരുന്നു.

ഇന്ന് ഓരോ വര്‍ഷവും ആയിരത്തിലധികം ഓഫീസര്‍മാര്‍ക്കും അതിനിരട്ടിയിലേറെ ക്ലര്‍ക്കുമാര്‍ക്കും ബാങ്കിങ് മേഖലയില്‍ നി യമനം ലഭിക്കു ന്നു. പുതിയ ബാങ്കുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് സര്‍ക്കാര്‍ നല്‍കുകയും ചെയ്താല്‍ ഇനിയുമേറെ ഒഴിവുകള്‍ ഈ മേഖലയില്‍ തുറന്നുകിട്ടും.

എന്തുകൊണ്ട് ബാങ്കിങ്

ബാങ്കിങ് മേഖലയുടെ ആകര്‍ഷണീയതയെപ്പറ്റി ബാങ്കുകളില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളോട് ചോദിച്ചു. എന്റെ കൂടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയ്യാറെടുത്ത മൂന്നു പേര്‍ ഇപ്പോള്‍ ഇന്ത്യയിലെ പ്രശസ്ത ബാങ്കുകളില്‍ ഉയര്‍ന്ന പദവി വഹിക്കുന്നുണ്ട്. ഒരാള്‍ റിസര്‍വ് ബാങ്കില്‍, മറ്റൊരാള്‍ നബാര്‍ഡില്‍, മൂന്നാമത്തെ സുഹൃത്ത് എസ്.ബി.ടി.യിലും!

വേഗത്തിലുള്ള പ്രമോഷനാണ് ഈ മേഖലയിലെ ഏറ്റവും ആകര്‍ഷണീയത എന്ന് മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു. എസ്.ബി.ഐ.യില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചാല്‍ രണ്ടു വര്‍ഷംകൊണ്ട് ഓഫീസറാകാം. മറ്റു പൊതുമേഖലാ ബാങ്കുകളിലും ഏകദേശം നാലു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഓഫീസര്‍ തസ്തികയിലേക്ക് മാറ്റം കിട്ടും. ഓരോ നാലു വര്‍ഷം കൂടുമ്പോഴും അടുത്ത പ്രമോഷന്‍ ലഭിക്കുന്നു (അവസരങ്ങളും കഴിവും മാനദണ്ഡങ്ങളാണ്). കൂടാതെ ദേശസാല്‍കൃത ബാങ്കുകളിലെ കഴിവുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രൈവറ്റ് ബാങ്കുകളില്‍ നിന്നും ആകര്‍ഷണീയമായ ജോലി 'ഓഫറു'കള്‍ വരുന്നുണ്ട് എന്നതും ഈ മേഖലയിലെ അവസരങ്ങളുടെ ഉദാഹരണമാണ്. വിദേശത്തും ജോലി ചെയ്യാന്‍ സാധിക്കുമെന്നത് ധാരാളം യുവാക്കളെ ആകര്‍ഷിക്കുന്നു.

ബാങ്കിങ് രംഗത്തെ മറ്റൊരു പ്രത്യേകത ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളവും അലവന്‍സുകളുമാണ്. ശമ്പളം കൂടാതെ പെട്രോള്‍ അലവന്‍സ്, ന്യൂസ് പേപ്പര്‍ അലവന്‍സ്, ഫര്‍ണീച്ചര്‍ അലവന്‍സ്, കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, കുടുംബത്തിനു മുഴുവന്‍ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, ഉയര്‍ന്ന വീട്ടുവാടക എന്നിങ്ങനെയുള്ള നീണ്ട ലിസ്റ്റ് പുറത്തെടുത്താല്‍ അത് പ്രതിമാസ വരുമാനത്തേക്കാള്‍ കൂടുതലായേക്കാം! കൂടാതെ വീടുവെക്കാനും കാറു വാങ്ങാനും മറ്റും സബ്‌സിഡി നിരക്കില്‍ ലോണ്‍ ലഭിക്കുമെന്നതും ഈ തൊഴിലിനെ യുവാക്കളുടെ ഇഷ്ടമേഖലയാക്കി മാറ്റുന്നു. (രണ്ടാഴ്ച മുന്‍പേ ഒരു പ്രശസ്ത ഇംഗ്ലീഷ് വാരിക നടത്തിയ സര്‍വേപ്രകാരം ഇന്ത്യയിലെ യുവതലമുറ ഏറ്റവുമധികം ആഗ്രഹിക്കുന്ന ജോലികളില്‍ മുന്‍പന്തിയിലാണ് ബാങ്കിങ് രംഗം!)

'ബാങ്കറു'ടെ ജോലിയുടെ മറ്റൊരു സവിശേഷത 2-3 വര്‍ഷം കൂടുമ്പോള്‍ ഉള്ള 'ട്രാന്‍സ്ഫര്‍' ആണ്. ഇതുവഴി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ജോലിചെയ്യാനുള്ള അവസരം ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നു. പല ബാങ്കുകളും വിദേശ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റു രാജ്യങ്ങളിലേക്കും ചേക്കേറാം. മുകളിലുള്ള ഉദ്യോഗസ്ഥരുമായി സ്വരച്ചേര്‍ച്ചയില്ല എങ്കില്‍ വിഷമിക്കേണ്ട! ഒന്നര വര്‍ഷം അല്ലെങ്കില്‍ കൂടിയാല്‍ രണ്ടു വര്‍ഷം അതിനുള്ളില്‍ രണ്ടിലൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ കിട്ടും! ഓരോ 2-3 വര്‍ഷത്തിലും പുതിയ ഒരു സ്ഥലം, പുതിയ ഒരു ഓഫീസ്, പുതിയ കൂട്ടുകാര്‍ ഈ വൈവിധ്യതയും ബാങ്കിങ് മേഖല പ്രദാനം ചെയ്യുന്നു.

തുടര്‍വിദ്യാഭ്യാസത്തിനുള്ള അവസരവും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നു. ബാങ്കിങ് മേഖലയിലെ വിവിധ സ്‌പെഷലൈസേഷനുകളായ ട്രഷറി, ഫോറിന്‍ എക്‌സ ്‌ചേഞ്ച്, ഇന്‍വെസ്റ്റുമെന്റ് ബാങ്കിങ്, ക്രഡിറ്റ് അപ്രൈസര്‍ എന്നീ രംഗങ്ങളില്‍ വൈദഗ്ധ്യം നേടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം കിട്ടും. ഐ.ഐ.ബി.എഫ്. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്) നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പാസ്സായാല്‍ കരിയറില്‍ കൂടുതല്‍ ഉയര്‍ച്ചനേടാനുള്ള അവസരങ്ങളും തുറന്നുകിട്ടും.

മത്സരപ്പരീക്ഷ

എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വന്തം മത്സരപ്പരീക്ഷ വഴിയാണ് അര്‍ഹരായവരെ ജോലിക്ക് തിരഞ്ഞെടുക്കുന്നത്. 2014-15 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകളിലെ മൂന്നിലൊന്ന് ഉദ്യോഗസ്ഥരും വിരമിക്കുകയാണ് എന്നുകൂടി കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ മത്സരപരീക്ഷയെഴുതുന്നവരുടെ മുന്നില്‍ അവസരങ്ങള്‍ക്ക് കുറവുണ്ടാവില്ല.

സാധാരണയായി, ബാങ്കില്‍ ക്ലറിക്കല്‍ ജോലി നേടാന്‍ വേണ്ട അടിസ്ഥാന യോഗ്യത 12-ാം ക്ലാസ് പാസ്സാവുക എന്നതാണ്. എന്നാല്‍ അപേക്ഷകരില്‍ തൊണ്ണൂറു ശതമാനവും ബിരുദധാരികളാണ് എന്നതിനാല്‍ ബിരുദം അഭികാമ്യമാണ്.

ഓഫീസറായി ജോലി നേടാനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ്. കൊമേഴ്‌സ്, അക്കൗണ്ടന്‍സി തുടങ്ങിയ പഠനശാഖകളില്‍ ഡിഗ്രി നേടുന്നത് അഭികാമ്യമാണെങ്കിലും മത്സരപരീക്ഷ എഴുതുമ്പോള്‍ ഈ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് പ്രത്യേക മുന്‍തൂക്കമൊന്നും ഇല്ല.

ഉദ്യോഗാര്‍ഥികളുടെ analytical ability, logical ability, reasoning, data interpretation skill, comprehension എന്നിവയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പൊതുവിജ്ഞാനവും അളക്കുന്നതായിരിക്കും ബാങ്കുകളുടെ പ്രവേശനപ്പരീക്ഷകള്‍. മിക്ക ബാങ്കുകളിലും ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും ഉണ്ടാകും. അതിനാല്‍ മികച്ച ആശയവിനിമയവും ഭാഷാനൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു.

ഈ മേഖലയില്‍ വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ മുന്നില്‍ക്കണ്ട് ധാരാളം കോച്ചിങ് സ്ഥാപനങ്ങള്‍ പരീക്ഷാ പരിശീലനപരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. നല്ല കോച്ചിങ് സെന്ററില്‍ നിന്നും പരിശീലനം നേടുന്നതും മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ക്ക് ഉത്തരമെഴുതി നോക്കുന്നതും മത്സരപരീക്ഷയില്‍ വിജയിക്കാന്‍ സഹായകരമാകും.