MATHRUBHUMI RSS
Loading...
ഐ.ടി: ഭാവി ശോഭനം, പക്ഷേ
എസ്.ഹരികിഷോര്‍ ഐ.എ.എസ്‌

ഇനിയുള്ള കാലഘട്ടത്തില്‍ വിദഗ്ധരെയാണ് ഐ.ടി മേഖലയ്ക്ക് ആവശ്യം. ഒരു ഷോര്‍ട്ട് ടേം കോഴ്‌സ് ചെയ്ത് ജോലി നേടി ഉയരത്തിലെത്താം എന്ന് പ്രതീക്ഷിക്കുന്നവരെ ഇനി ഐ.ടി വ്യവസായം കൈയൊഴിഞ്ഞേക്കാം...


'ഫ്രണ്ടിന്റെ കല്യാണമാണ്. സാന്‍സിബാറിലേക്ക് പോകുന്നു.' കഴിഞ്ഞയാഴ്ച എന്റെ സഹപാഠിയുടെ ഫെയ്‌സ്ബുക്കില്‍ കണ്ട 'ഹെഡ്‌ലൈന്‍' ഇപ്രകാരമായിരുന്നു. സാന്‍സിബാര്‍ ആഫ്രിക്കയിലാണ്! താന്‍സാനിയയില്‍. സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആഫ്രിക്കയിലേക്ക് പോകാനും അതിനെക്കാളുപരി ആഫ്രിക്കയില്‍ നിന്നുമുള്ള ഒരു സുഹൃത്തുണ്ടാവാനും എന്റെ ഈ കൂട്ടുകാരിക്ക് സാധിച്ചു. കാരണം, ഐ.ടി. മേഖലയിലെ ജോലി തന്നെ.

ഈ കൂട്ടുകാരി കണ്ണൂരിലെ ഒരു കോളേജില്‍നിന്നും ഫിസിക്‌സ് ബിരുദം നേടിയ ശേഷമാണ് ഐ.ടി. രംഗത്തേക്ക് ചുവടുമാറിയത്. ബി.എസ്‌സി. ഫിസിക്‌സിനുശേഷം എം.സി.എ.യ്ക്ക് ചേര്‍ന്ന ഇവര്‍ക്ക് കാമ്പസ് ഇന്റര്‍വ്യൂ വഴി ഇന്‍ഫോസിസ് എന്ന പ്രശസ്ത കമ്പനിയില്‍ ജോലി ലഭിച്ചു. രണ്ട് വര്‍ഷം ബാംഗ്ലൂരില്‍, പിന്നെ രണ്ട് വര്‍ഷം കാനഡയില്‍; ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ആണ് ജോലി. നാട്ടില്‍ സ്ഥലം വാങ്ങി വീടുപണിയാനും തുടങ്ങി. മറ്റേതൊരു ജോലിയായാലും ഒരു ജീവിതകാലംകൊണ്ട് ചെയ്തുതീര്‍ക്കുന്ന പ്രവൃത്തികള്‍ 30 വയസ്സിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ എന്റെ കൂട്ടുകാരിക്ക് ചിറകുകള്‍ നല്‍കിയത് ഐ.ടി. മേഖലതന്നെയാണ്.

എന്റെ മറ്റൊരു സുഹൃത്ത് പത്താംതരം കഴിഞ്ഞയുടനെ പോളിടെക്‌നിക്കില്‍ ഇലക്‌ട്രോണിക്‌സില്‍ 3 വര്‍ഷ ഡിപ്ലോമയാണ് പാസായത്. അതിനുശേഷം ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ പ്രതിമാസം 8000 രൂപ ശമ്പളം ലഭിക്കുന്ന ജോലി ലഭിച്ചു. തുടക്കത്തിലെ ശമ്പളമല്ല, മറിച്ച് ജോലിയിലൂടെ ആര്‍ജിക്കുന്ന പ്രവര്‍ത്തനപാടവമാണ് ഐ.ടി. രംഗത്ത് വിജയിക്കാന്‍ വേണ്ടത് എന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം 'ഡാറ്റാ സ്റ്റോറേജ്' എന്ന മേഖലയെപ്പറ്റി കൂടുതല്‍ അറിഞ്ഞു; പഠിച്ചു; കഴിവുനേടി. ആദ്യമായി കമ്പനി മാറിയപ്പോള്‍ മൂന്ന് ഇരട്ടിയോളം ശമ്പളം നേടി. ഇപ്പോള്‍, അഞ്ച് വര്‍ഷത്തിനുശേഷം, ആദ്യം ലഭിച്ച ശമ്പളത്തിന്റെ പത്തിരട്ടിയിലധികം ശമ്പളം ലഭിക്കുന്ന ജോലിയില്‍ മെക്‌സിക്കോയില്‍ ജോലി നോക്കുകയാണ് ഈ സുഹൃത്ത്.

വലിയ എഞ്ചിനിയറിങ് കോളേജുകളില്‍ പോകുകയോ, ഐ.ടി. മേഖലയില്‍ തൊഴില്‍ നേടാന്‍ വേണ്ടി നെയ്തുണ്ടാക്കിയ 'സ്‌പെഷലിസ്റ്റ്' കോഴ്‌സുകള്‍ ചെയ്യുകയോ ചെയ്യാതെ വിജയം നേടിയ ഇത്തരം അനേകായിരം വിജയകഥകള്‍ ഈ മേഖലയില്‍ കാണാനാവും. തീര്‍ച്ചയായും, വിജയമെന്ന ഒരു വശമല്ലാതെ വിഷമഘട്ടങ്ങളും ഈ മേഖലയില്‍ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. ഏതു നാണയത്തിനും രണ്ട് വശങ്ങള്‍ ഉണ്ടാവുമല്ലോ!

ഐ.ടി അഡ്വാന്റേജ്

അവസരങ്ങളുടെ ഒരു ഖനിതന്നെയാണ് ഐ.ടി. മേഖല. കഴിവിനനുസരിച്ച് ഉയരങ്ങള്‍ താണ്ടാന്‍ ഐ.ടി. മേഖലയില്‍ സേവനമെടുക്കുന്ന ഓരോ വ്യക്തിക്കും സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഒരു സര്‍ക്കാര്‍ ജോലിയാണെങ്കില്‍ (നല്ല ജോലിതന്നെ വേണം) 35-ാമത്തെ വയസ്സില്‍ ഒരു കാറുവാങ്ങാന്‍ സാധിച്ചേക്കും. 45-ാമത്തെ വയസ്സില്‍ വീടുപണി തുടങ്ങിയേക്കാം. 55-ാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ മൂന്നോ നാലോ ലക്ഷം ബാങ്ക് ബാലന്‍സും ഉണ്ടായേക്കാം. ഐ.ടി. പ്രൊഫഷണലുകളുടെ കാര്യത്തിലാണെങ്കില്‍ 30-ാം വയസ്സിനുള്ളില്‍ ഇതു മൂന്നും സാധിക്കുന്നു.

ഈ സേവനമേഖലയെ ഇപ്രകാരം വ്യത്യസ്തമാക്കുന്നത് ഓരോ വ്യക്തികളുടെയും 'ടാലന്റി'നെ പ്രോത്സാഹിപ്പിക്കുന്ന നയമുള്ളതിനാലാണ്. ഏറ്റവും കഴിവുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സ്ഥാനക്കയറ്റവും (അതുവഴി ശമ്പളപരിഷ്‌കരണവും) ലഭിക്കുന്നത് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. എന്നാല്‍, പ്രതിമാസം പതിനായിരം രൂപ ശമ്പളത്തില്‍ നിന്നും ലക്ഷം രൂപയിലെത്താന്‍ ഐ.ടി. മേഖലയില്‍ മാസങ്ങള്‍ മതി. കഴിവിന് അംഗീകാരം ലഭിക്കുന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രത്യേകത.

ഒരു ആഗോള പൗരനാവാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നു എന്നുള്ളതാണ് മറ്റൊരു നേട്ടം. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരവും വിദേശ പൗരന്മാരുമായി നിത്യേനയുള്ള മീറ്റിങ്ങുകളും മറ്റും ഐ.ടി. പ്രൊഫണല്‍സിന്റെ ലോകം വിശാലമാക്കുന്നു. കൂടാതെ റീറ്റെയില്‍ മാര്‍ക്കറ്റ് മുതല്‍ വിനോദസഞ്ചാര മേഖല വരെ, ബാങ്കിങ് മേഖല മുതല്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി വരെ... തൊഴില്‍ ഓരോ പ്രൊഫഷണലിനും നല്‍കുന്നത് വിശാലമായ അനുഭവങ്ങള്‍ ആയിരിക്കും. ഓരോ വ്യക്തിയുടെയും കഴിവ് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതുവഴി വ്യക്തിത്വവികാസത്തിനും ബൗദ്ധികവികാസത്തിനും ഐ.ടി. ജോലി വഴിയൊരുക്കുന്നു.

തൊഴില്‍ സുരക്ഷയുണ്ടോ

ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന എന്റെ ചില കൂട്ടുകാരോട് ഇ-മെയില്‍വഴി ചോദിച്ചപ്പോള്‍ 'ഐ.ടി. മേഖലയിലെ പ്രശ്‌നങ്ങളെ'പ്പറ്റി അവര്‍ പ്രതിപാദിച്ചത് ഇങ്ങനെയൊക്കെയാണ്.

''ഒരു വശത്ത് മലപോലെ അവസരങ്ങള്‍ ഉണ്ടെങ്കിലും തൊഴില്‍ സുരക്ഷയാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം. നാളെ ജോലി ഉണ്ടാകുമോ, കമ്പനിതന്നെ ഉണ്ടാകുമോ എന്നത് തീര്‍ച്ചയില്ല. എന്നാലും ഒരു ജോലി പോയാലും മറ്റൊന്ന് കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. കുറച്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം നേടിയാല്‍ ഇതൊരു വലിയ പ്രശ്‌നമാവില്ല.''

''ജോലിയുടെ ഭാരമാണ് ഈ മേഖലയിലെ ഒരു പ്രധാന വെല്ലുവിളി. 20 മണിക്കൂറോളം തുടര്‍ച്ചയായി ഓഫീസില്‍ ഇരിക്കുന്നവരെ എനിക്കറിയാം. പ്രൊജക്ടുകളുടെ ഡെഡ്‌ലൈനുകള്‍ പാലിക്കാന്‍ ചിലപ്പോഴൊക്കെ എനിക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്.''

''സാങ്കേതികവിദ്യ ദിവസേന മാറിമാറി വരുന്നതാണ് ഈ മേഖലയിലെ ഒരു പ്രശ്‌നം. നിത്യേന പഠിക്കുകയും പുതിയ ടെക്‌നോളജികളെപ്പറ്റി അപ്‌ഡേറ്റ് ചെയ്യുകയും വേണം. എന്നാലേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ!''

ഐ.ടി.വ്യവസായം പുരോഗതിയുടെ പാതയില്‍ത്തന്നെയാണ്. ഈ മേഖല പതുക്കെ വളര്‍ന്നുകൊണ്ടിരിക്കുന്നു. അവസരങ്ങള്‍ക്ക് ഒരിക്കലും കുറവുണ്ടാകില്ല.

പുതിയ സംരംഭം തുടങ്ങാന്‍ ഏറ്റവും കുറച്ച് മുടക്കുമുതല്‍ ആവശ്യമുള്ള മേഖലയാണിത്. അതുകൊണ്ട് സ്വയംതൊഴില്‍ തേടുന്നവര്‍ക്കും ചെറുകിട സംരംഭകര്‍ക്കും യോജിക്കുന്നതും ധാരാളം അവസരങ്ങള്‍ ഉള്ളതുമായ മേഖലയായി ഐ.ടി. വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഇനിയുള്ള കാലഘട്ടത്തില്‍ വിദഗ്ധരെയാണ് ഐ.ടി. മേഖലയ്ക്ക് ആവശ്യം. ഒരു ഷോര്‍ട്ട് ടേം കോഴ്‌സ് ചെയ്ത് ജോലി നേടി ഉയര്‍ച്ച നേടാം എന്ന് പ്രതീക്ഷിക്കുന്നവരെ ഇനിയുള്ള കാലഘട്ടത്തില്‍ ഐ.ടി. വ്യവസായം കൈയൊഴിഞ്ഞേക്കാം. ഓരോ കമ്പനിയും ഇന്ന് വിദഗ്ധരെ തേടിക്കൊണ്ടിരിക്കുകയാണ്.

ഡാറ്റാബെയ്‌സ് മാനേജ്‌മെന്റ്, നെറ്റ്‌വര്‍ക്കിങ്, ഇന്‍ഫര്‍മേഷന്‍, സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ബിസിനസ് ഇന്റലിജന്‍സ് തുടങ്ങി പല പല നൂതന മേഖലകള്‍ ഐ.ടി. ഫീല്‍ഡില്‍ വളര്‍ന്നുവരുന്നു. ഓരോ വര്‍ഷവും സ്വയം അപ്‌ഡേറ്റ് ചെയ്യുകയും ഏതെങ്കിലും ഒരു മേഖലയില്‍ വൈദഗ്ധ്യം നേടുകയുമാണ് ഉദ്യോഗാര്‍ഥികള്‍ ചെയ്യേണ്ടത്.

സാമ്പത്തികമാന്ദ്യവും ജോലി സമ്മര്‍ദ്ദവുംജോലിയുടെ ഭാഗമാണ് എന്നു മനസ്സിലാക്കി പ്രൊഫഷണല്‍ പാത പ്ലാന്‍ ചെയ്യുകയും തുടക്കത്തില്‍തന്നെ ഈ പാതയിലൂടെ വ്യക്തമായ കരിയര്‍ ട്രാക്കിലൂടെ സഞ്ചരിക്കുകയും ആണ് ഐ.ടി.യില്‍ വിജയത്തിന് അഭികാമ്യം. അമിതമായ മോഹങ്ങള്‍ അപകടം വിളിച്ചുവരുത്തിയേക്കാം.

'ഐ.ടി. മേഖലയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി ഒരു ജോലി' എന്നു ചിന്തിക്കുന്നവര്‍ക്കല്ല മറിച്ച് കൃത്യമായ പദ്ധതിയോടെ, ഏതെങ്കിലും ഒരു മേഖലയില്‍ വൈദഗ്ധ്യം നേടണമെന്ന ആസൂത്രണത്തോടെ മുന്നൊരുക്കം നടത്തുന്നവര്‍ക്കാണ് ഭാവിയിലെ അവസരങ്ങള്‍. വ്യക്തമായ പ്ലാനോടെ, എപ്പോഴും സ്വയം അപ്‌ഡേറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പോടെ ചുവടുവെക്കുന്നവര്‍ക്ക് എന്നും ഉയര്‍ച്ചയും അവസരങ്ങളും മാത്രം സമ്മാനിക്കുന്ന മേഖല തന്നെയാണ് ഐ.ടി.