വ്യക്തമായ പ്ലാനിങും പരന്ന വായനയുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് കരസ്ഥമാക്കാം. 2007-ലെ 14-ാം റാങ്ക് ജേതാവ് ഹരികിഷോര്‍.എസ്(അസി. കളക്ടര്‍, കൊല്ലം) എഴുതുന്നു...
ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള തൊഴില്‍രംഗങ്ങളില്‍വെച്ച് ആകര്‍ഷണീയമായ ഒന്നാണ് സിവില്‍ സര്‍വീസ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, പോലീസ് സര്‍വീസ്, ഫോറിന്‍ സര്‍വീസ്, റവന്യൂ സര്‍വീസ് തുടങ്ങി ഇരുപത്തിനാലോളം വ്യത്യസ്ത സേവനമേഖലകളാണ് സിവില്‍ സര്‍വീസ് എന്ന കുടക്കീഴില്‍ അണിനിരക്കുന്നത്.
പരീക്ഷയെപ്പറ്റി മനസ്സിലാക്കുക

ഐ.എ.എസ്സും ഐ.പി.എസ്സും മറ്റും നേടണം എന്നാഗ്രഹമുള്ളവര്‍ ആദ്യമായി ചെയ്യേണ്ടത് സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റി മനസ്സിലാക്കുകയാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ഡജടഇ) നടത്തുന്ന പരീക്ഷയാണിത്. ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി, ഉപന്യാസമാതൃകയിലുള്ള മെയിന്‍, വാചാപരീക്ഷയായ ഇന്റര്‍വ്യൂ- എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുള്ള ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ. ഈ പരീക്ഷയുടെ ഘടനയും നിബന്ധനകളും ഐച്ഛികവിഷയങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളുമെല്ലാം തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പരീക്ഷാസംബന്ധിയായ എല്ലാ വിവരങ്ങളും ംംം.ൗുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഘടനയോ രീതിയോ മാത്രമല്ല, ഈ പരീക്ഷയുടെ സാധ്യതകളും പരിമിതികളുമെല്ലാം മനസ്സിലാക്കി വേണം പഠനമാരംഭിക്കാന്‍. മലയാളം മീഡിയത്തില്‍ പഠിച്ച, ഇംഗ്ലീഷില്‍ ഉത്തരങ്ങളെഴുതാനും ഇംഗ്ലീഷ് സംസാരിക്കാനും ആത്മവിശ്വാസം കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഒരു കീറാമുട്ടിയല്ല. മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന ഏതു ഭാഷയിലും പരീക്ഷയെഴുതാം. ഇന്റര്‍വ്യൂവിനും മലയാളം മതി. ഇപ്രകാരം, പ്രാദേശികഭാഷയിലുള്ള പ്രാവീണ്യം ഒരു ഉദ്യോഗാര്‍ഥിക്ക് സാധ്യതയാക്കി മാറ്റാം.
ഒരാള്‍ക്ക് നാലു തവണ മാത്രമേ പരീക്ഷയെഴുതാന്‍ സാധിക്കൂ (OBC, SC, ST വിഭാഗക്കാര്‍ക്ക് ഇളവുകള്‍ ഉണ്ട്). ഐ.പി.എസ്. നേടാന്‍ കളര്‍ബ്ലൈന്‍ഡ്‌നസ് പാടില്ല തുടങ്ങിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിമിതികളും തുടക്കത്തില്‍ത്തന്നെ ഉദ്യോഗാര്‍ഥികള്‍ മനസ്സിലാക്കണം. പരീക്ഷയെപ്പറ്റി പൂര്‍ണമായും മനസ്സിലാക്കിയാല്‍ ആസൂത്രണവും പഠനവുമെല്ലാം ശരിയായ ദിശയിലെത്തിക്കാനും ഉന്നതവിജയം എളുപ്പത്തില്‍ കൈവരിക്കാനും സാധിക്കും.
പ്ലാന്‍
സ്വന്തം സാഹചര്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വ്യക്തമായ ഒരു പ്ലാന്‍ തയ്യാറാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഉദാഹരണമായി ഐ.എ.എസ്. നേടിയ മൂന്നു പേര്‍ നടത്തിയ വ്യത്യസ്ത ആസൂത്രണങ്ങളെക്കുറിച്ച് വിവരിക്കാം.
എം.ടെക് പഠിക്കുമ്പോഴാണ് ഐ.എ.എസ് തന്നെയാണ് ലക്ഷ്യം എന്ന ചിന്ത എന്റെ മനസ്സില്‍ ഉറച്ചത്. ഒരു ജോലി ചെയ്തുകൊണ്ട് പഠിക്കാം എന്ന ആദ്യത്തെ പ്ലാന്‍ വിജയിച്ചില്ല. ഡിഗ്രി പഠനകാലത്തുതന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി പഠിക്കാത്തതിനാല്‍ മുഴുവന്‍സമയ പഠനം ആവശ്യമാണെന്നു തോന്നി. അതിനാല്‍ രണ്ടു വര്‍ഷത്തോളം മുഴുവന്‍ സമയവും ഐ.എ.എസ്. പഠനത്തിനായി ചെലവഴിച്ചു. വിജയിക്കാന്‍ സാധിച്ചു. ഇത് ഞാന്‍ സഞ്ചരിച്ച പാത.
ഇത്തവണ 4-ാം റാങ്ക് നേടിയ അനുപമ സഞ്ചരിച്ച വഴി മറ്റൊന്നായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഐ.എ.എസ്. നേടണമെന്നുറപ്പിച്ച അനുപമ ഡിഗ്രിക്കു പഠിക്കുമ്പോള്‍ത്തന്നെ പരീക്ഷയെപറ്റി വിശദമായി മനസ്സിലാക്കി, ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുത്ത്, എവിടെയൊക്കെ പരിശീലനത്തിന് പോകണമെന്ന് ഒരു ഏകദേശ ധാരണ ഉണ്ടാക്കി. പാലാ സിവില്‍ സര്‍വീസ് അക്കാദമിയില്‍വെച്ച് 2007 ജൂണ്‍മാസത്തിലാണ് ഞാന്‍ അനുപമയെ പരിചയപ്പെടുന്നത്. പ്രിലിമിനറി എഴുതിയതിനു ശേഷം മലയാള സാഹിത്യം എന്ന ഐച്ഛികവിഷയത്തില്‍ പരിശീലനം നേടാനാണ് ഞാന്‍ അവിടെയെത്തിയത്. (2007 ഒക്‌ടോബറിലെ മെയിന്‍ പരീക്ഷയെഴുതാന്‍) മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അനുപമയാകട്ടെ വെക്കേഷന്‍ സമയത്ത് മലയാള സാഹിത്യം പഠിക്കാന്‍ വേണ്ടിയാണ് വന്നത്. (2009-ല്‍ പ്രിലിമിനറി പരീക്ഷ എഴുതുന്നതിന് രണ്ടു വര്‍ഷം മുന്‍പേ) ഇത് മറ്റൊരു പ്ലാന്‍.
2007-ല്‍ 20-ാം റാങ്കു നേടി വിജയിച്ച ഷൈനമോളുടെ ആസൂത്രണം വേറൊരു തരത്തിലായിരുന്നു. ആദ്യം ഒരു ജോലി. പിന്നെ ഐ.എ.എസ്- ഇതായിരുന്നു ഷൈനയുടെ പദ്ധതി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി ലഭിച്ചതിനു ശേഷം ഐ.എ.എസ്സും നേടിയെടുത്തു.
ഇപ്രകാരം തങ്ങളുടെ കഴിവിനും പരിമിതികള്‍ക്കും അനുസരിച്ച് പ്ലാന്‍ ചെയ്താലേ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിക്കാന്‍ സാധിക്കൂ. വ്യക്തമായ ദിശാബോധവും കൃത്യതയാര്‍ന്ന ആസൂത്രണവും ഉണ്ടെങ്കില്‍ ഐ.എ.എസ്. നേടിയെടുക്കുക ആര്‍ക്കും അപ്രാപ്യമല്ല.

വായന
ഉദ്യോഗാര്‍ഥികളുടെ ബുദ്ധിവൈഭവവും ഐച്ഛികവിഷയത്തിലുള്ള പരിജ്ഞാനവും മാത്രമല്ല പൊതുവിജ്ഞാനവും വിശകലനപാടവവും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരീക്ഷിക്കപ്പെടുന്നു. പരന്ന വായനയും ആഴത്തിലുള്ള മനനവും അത്യന്താപേക്ഷിതമാണ്. പത്രപാരായണത്തിലൂടെ ലഭിക്കുന്ന അറിവ് ഒരു വ്യക്തിയുടെ വിജയത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. സ്‌കൂള്‍ പഠനസമയത്തുതന്നെ പത്രപാരായണം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പെട്ടെന്ന് വായിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വിശകലനം ചെയ്ത് സ്വന്തം അഭിപ്രായം രൂപവത്കരിക്കാനുമുള്ള കഴിവ് ഒരു വിദ്യാര്‍ഥിക്ക് ലഭ്യമാകും. പത്രത്തില്‍ എന്തു വായിക്കണം എന്ത് എഴുതിയെടുക്കണം എന്നറിയാന്‍ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിശോധിക്കുക മാത്രമാണ് വഴി. ഉദാഹരണമായി 2009-ലെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ചോദിച്ച ചില ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.
1. Does India need a world bank?
2. Comment critically'Foreign investment is far from being critical to Indian Ecnomic growth'.
3. 'As we live in a plural society, we need the greatest freedom to express out opinion even if others find it offensive'. Do you agree? Discuss with respect to some recent incidents in the Indian context.
4. Trace the significant steps in the evolution of television in the Country.
5. In the context of recent incidents, suggest measures on how security of passengers and property can be improved over Indian railways.
പത്രപരായണത്തിലൂടെ ദേശീയ അന്തര്‍ദേശീയ സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ലഭിക്കുക. ഇതുകൂടാതെ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇന്ത്യന്‍ ഭരണഘടന, രാഷ്ട്രതന്ത്രം, സയന്‍സ്, മെന്റല്‍ എബിലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ധാരാളം ചോദ്യങ്ങള്‍ ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ പ്രതീക്ഷിക്കാം. ചഇഋഞഠ പുസ്തകങ്ങളും മറ്റു ചില അടിസ്ഥാന ടെക്സ്റ്റ് ബുക്കുകളും വായിക്കുന്നതു വഴി ഈ വിഷയങ്ങളില്‍ അനായാസം ഉത്തരമെഴുതാനുള്ള വൈജ്ഞാനിക അടിത്തറ രൂപപ്പെടുത്താന്‍ സാധിക്കും. പ്ലസ്ടു/ഡിഗ്രി പഠനകാലഘട്ടത്തില്‍തന്നെ ഈ പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചാല്‍ ഉദ്യോഗാര്‍ഥികളുടെ ആത്മവിശ്വാസവും വര്‍ധിക്കും. ചില അടിസ്ഥാന പുസ്തകങ്ങളുടെ പേരുകള്‍ താഴെ കൊടുക്കുന്നു.
1. Modern IndiaNCERT text book (class XI/XII)
2. Indias struggle for independence-Bipin Chandra
3. Indian polity -Laxmikanth
4. Our constitution-Subhash Kashyap
5. Our Parliament-Subhas Kashyap
6. NCERT text booksClass XI/XII for Ecnomics (Indian Economy, Macro economics, Micro economics)
7. NCERT text books Class XI/XII for Geography (IndiaLand & people, Physical geography Human geography)
8. Any good Atlas (TTK, Oxford, Macmillan)
പത്രപാരായണത്തിലൂടെയും ഈ അടിസ്ഥാന പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിലൂടെയും ജനറല്‍ സ്റ്റഡീസ് പേപ്പറുകള്‍ക്കുവേണ്ട അറിവ് സ്വായത്തമാക്കാം. താത്പര്യമനുസരിച്ച് ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുത്ത് നല്ലൊരു അധ്യാപകന്റെ അടുത്ത് പരിശീലനത്തിനായി പോയാല്‍ പഠനത്തിന് നല്ലൊരു അടിസ്ഥാനം ലഭ്യമാകും. തുടര്‍ന്ന്, കഠിനാധ്വാനത്തിലൂടെയും ചിട്ടയായ റിവിഷനിലൂടെയും ഐ.എ.എസ് നേടിയെടുക്കാം.
മലയാളികള്‍ ഐ.എ.എസ്സില്‍
കഴിഞ്ഞ അഞ്ചുവര്‍ഷം ഐ.എ.എസ്. നേടിയ മലയാളികളുടെ എണ്ണം പതിനാറാണ്. അതില്‍ പത്തു പേര്‍ പെണ്‍കുട്ടികളാണെന്നുള്ളത് ഒരുപക്ഷേ, കേരളം നേടിയ സാമൂഹ്യപുരോഗതിയുടെ പ്രതിഫലനമാകാം. സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു.

NEWS LETTER
RSS











