ടി.ആര്‍.രമ്യ
അന്താരാഷ്ട്ര വനിതാദിനത്തിന്റെ ശതാബ്ദിയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു ദിവസം വൈകിക്കിട്ടിയ സമ്മാനമാണ് വനിതാ സംവരണ ബില്‍. ബില്‍ നിയമമായാല്‍ നിയമസഭകളിലും ലോക്‌സഭയിലുമായി 1551 സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കും...
14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നാടകീയരംഗങ്ങളും എതിര്‍പ്പുകളും വിമര്‍ശനങ്ങളും അതിജീവിച്ച് വനിതാസംവരണ ബില്‍ ആദ്യ കടമ്പ കടന്നു. വനിതാദിനത്തിന്റെ ശതാബ്ദിയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു ദിവസം വൈകിക്കിട്ടിയ സമ്മാനമാണ് വനിതാബില്‍. ഇന്ത്യയിലെ 50 കോടിയില്‍പ്പരം സ്ത്രീകളുടെ പുതിയ ചരിത്രമെഴുതിക്കൊണ്ടാണ് രാജ്യസഭയില്‍ ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക് ബില്‍ പാസ്സായത്. ബില്‍ നിയമമാകാന്‍ ഇനിയും കടമ്പകള്‍ ബാക്കിയെങ്കിലും സമീപഭാവിയില്‍ത്തന്നെ ഇന്ത്യയിലെ 1551 സ്ത്രീകളാണ് ഭരണനേതൃത്വം വഹിക്കാന്‍ പോകുന്നത്. ബില്‍ നിയമമായാല്‍ ലോക്‌സഭയിലെ 543 അംഗങ്ങളില്‍ 181 പേരും 28 നിയമസഭകളിലെ 4109 അംഗങ്ങളില്‍ 1370 പേരും വനിതകളാവും. ഇന്ത്യന്‍ ജനാധിപത്യത്തിലെ പുതിയ വഴിത്തിരിവിന്റെ തുടക്കം ഇതിനകം രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ബില്‍ ചലനങ്ങളുണ്ടാക്കി. ബില്ലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍മൂലം ചില പാര്‍ട്ടികള്‍ പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന് ഭീഷണിയില്ലെങ്കിലും ചില പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചു.പെണ്‍സൂര്യോദയത്തിന് രാത്രി ഇനിയും ബാക്കി...
എന്താണ് വനിതാബില്‍?
ലോക്‌സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍. ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് ഭാഗം അംഗങ്ങള്‍ വനിതകളായിരിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംവരണമില്ലാത്ത സീറ്റുകളിലും സ്ത്രീകള്‍ക്ക് മത്സരിക്കാം.
ബില്‍ പാസ്സായാല്‍ ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം?
നിയമം പ്രാബല്യത്തില്‍ വന്നാല്‍ നിലവില്‍ 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ വനിതാ എം.പി.മാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് 181 ആയി ഉയരും. നിലവില്‍ ലോക്‌സഭയില്‍ 59 വനിതാ എം.പി.മാര്‍ മാത്രമാണുള്ളത്. അതുപോലെ സംസ്ഥാന നിയമസഭകളിലും വനിതാ എം.എല്‍.എ.മാരുടെ എണ്ണം 33 ശതമാനമാകും. ഇപ്പോള്‍ 140 അംഗങ്ങളുള്ള കേരള നിയമസഭയില്‍ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോള്‍ ഏഴ് വനിതാ എം.എല്‍.എ.മാര്‍ മാത്രമാണ് നമുക്കുള്ളത്.
സംവരണത്തിനുള്ളിലെ സംവരണം?
വനിതാ സംവരണപ്രകാരം വനിതകള്‍ക്ക് ലോക്‌സഭയില്‍ ലഭിക്കുന്ന സീറ്റുകളില്‍ ഉപസംവരണം ബാധകമാകില്ല. എന്നാല്‍, നിലവില്‍ ലോക്‌സഭയില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള 22.5 ശതമാനം സംവരണ സീറ്റുകളുടെ 33 ശതമാനം കൂടി ആ വിഭാഗത്തിലെ വനിതകള്‍ക്ക് ലഭിക്കും. അപ്പോള്‍ പാര്‍ലമെന്റിലെ ആകെ സ്ത്രീ സംവരണം 50 ശതമാനത്തോളമാകും.
വനിതാ സംവരണബില്ലിന്റെ ആവശ്യം?
ജനസംഖ്യയുടെ പകുതിയിലധികം സ്ത്രീകളായ ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന സ്ത്രീ-പുരുഷ സമത്വം ഭരണതലത്തില്‍ ഇല്ല. ലോക്‌സഭയില്‍ ഇതുവരെ 11 ശതമാനം സ്ത്രീകളെ എത്തിയിട്ടുള്ളൂ. രാഷ്ട്രീയ പ്രക്രിയയിലെ സ്ത്രീപങ്കാളിത്തം ജനാധിപത്യത്തിന്റെ ക്ഷേമത്തിനുള്ള പ്രധാന അളവുകോലാണ്.
വനിതകള്‍ സാരഥികളായ പഞ്ചായത്തുകളില്‍ സ്ത്രീകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചെന്നും വനിതാ നേതൃപാടവം വര്‍ധിച്ചെന്നുമാണ് കഴിഞ്ഞ വര്‍ഷം പഞ്ചായത്ത്‌രാജ് മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായത്.
സംവരണ വ്യവസ്ഥകള്‍ എന്തെല്ലാം?
നിലവില്‍ 15 വര്‍ഷത്തേക്കാണ് സംവരണം. പാര്‍ലമെന്റ് നിര്‍ദേശിക്കുന്ന സമിതിയാകും സംവരണസീറ്റുകള്‍ തിരഞ്ഞെടുക്കുക. ഓരോ തിരഞ്ഞെടുപ്പിലും സംവരണ സീറ്റുകള്‍ മാറിവരും. ആംഗ്ലോ ഇന്ത്യന്‍ സീറ്റുകളിലും സംവരണമുണ്ടാകും. എന്നാല്‍ ഒരു സീറ്റും സ്ഥിരമായി വനിതകള്‍ക്ക് സംവരണം ചെയ്യില്ല. പട്ടിക വിഭാഗസംവരണത്തില്‍പ്പെടാത്ത സീറ്റുകള്‍ ആദ്യ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളില്‍ സംവരണമുണ്ടാകില്ല. അതായത് മൂന്നു പൊതുതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോഴേക്കും എല്ലാ സീറ്റുകളും ഒരുതവണ വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കും. 15 വര്‍ഷം കഴിഞ്ഞ് വിലയിരുത്തലിന് ശേഷം മാത്രമേ വനിതാസംവരണം തുടരണമോയെന്ന് നിശ്ചയിക്കൂ.
ബില്ലിന്റെ ഇനിയുള്ള യാത്ര?
രാജ്യസഭ പാസ്സാക്കിയ ബില്‍ ഇനി ലോക്‌സഭയിലെത്തും. ബില്ലിനെ എതിര്‍ത്ത പാര്‍ട്ടികളുടെ നേതാക്കള്‍ മിക്കവരും ലോക്‌സഭയിലാണുള്ളത്. അതിനാല്‍ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകും. എന്നാല്‍ ബില്‍ എപ്പോഴാണ് ലോക്‌സഭയുടെ പരിഗണനയ്ക്ക് വരികയെന്ന് പറയാനാകില്ല. ലോക്‌സഭ ബില്‍ പാസ്സാക്കിയ ശേഷം രാജ്യത്തെ 15 സംസ്ഥാന നിയമസഭകളെങ്കിലും ബില്‍ അംഗീകരിച്ച് പാസ്സാക്കേണ്ടതുണ്ട്. ഇതിന് രാഷ്ട്രപതി അംഗീകാരം നല്‍കി ഔദ്യോഗിക വിജ്ഞാപനമിറക്കിയ ശേഷം മാത്രമേ വനിതാസംവരണം പ്രാബല്യത്തില്‍ വരൂ.
എതിര്‍പ്പെന്തിന്?
സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. സമൂഹത്തില്‍ മുന്‍പന്തിയിലുള്ള ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന സ്ത്രീകള്‍ക്ക് മാത്രമേ ബില്‍ ഗുണകരമാകൂ എന്ന് അവര്‍ വാദിക്കുന്നു. ഫലത്തില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് മുന്നോട്ട് വരാന്‍ അവസരങ്ങളില്ലാതാകും. വനിതാ സംവരണബില്ലില്‍ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് വീണ്ടും സംവരണം അനുവദിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമാകും എന്നാണ് അവരുടെ നിര്‍ദേശം. പല പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന് ഇതിനോട് യോജിപ്പില്ല.
എന്തുകൊണ്ട് സംവരണത്തിനുള്ളില്‍ സംവരണം അനുവദിക്കുന്നില്ല?
നിലവില്‍ പാര്‍ലമെന്റിനകത്ത് പിന്നാക്ക സംവരണം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. വിശ്വാസസംബന്ധമായ സംവരണം അനുവദിക്കുന്നതിനും ഭരണഘടനയില്‍ വ്യവസ്ഥയില്ല. ഭരണഘടനാപരമായി പട്ടികജാതി, വര്‍ഗവിഭാഗങ്ങള്‍ക്ക് മാത്രമാണ് ലോക്‌സഭയിലും പാര്‍ലമെന്റിലും സംവരണമുള്ളത്.
ബില്ലിന്റെ വിമര്‍ശകരുടെ വാദം?
പൊതു സീറ്റിലെ മത്സരം അഭിമുഖീകരിക്കാതെ സംവരണം എന്ന സൗജന്യം ലഭിച്ച് സ്ത്രീകള്‍ ദുര്‍ബലരാകും. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമീണ സ്ത്രീകളെ മുന്‍നിര്‍ത്തി ഭര്‍ത്താക്കന്മാരും ബന്ധുക്കളും പിന്‍സീറ്റ് ഡ്രൈവിങ് നടത്തും. സംവരണം ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടും. ഇത് പ്രതിരോധിക്കാന്‍ ബില്ലില്‍ വ്യവസ്ഥകളില്ല. തിരഞ്ഞെടുപ്പ് പരിഷ്‌കരണം, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലെ ആന്തരിക ജനാധിപത്യം, രാഷ്ട്രീയത്തിലെ ധനബലം, പേശീബലം തുടങ്ങിയവയെപ്പറ്റി ബില്ലില്‍ പരാമര്‍ശിച്ചിട്ടേയില്ല.
അടുത്ത വര്‍ഷത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാസംവരണം ബാധകമാകുമോ?
കേന്ദ്ര നിയമമന്ത്രി എം. വീരപ്പമൊയ്‌ലി പറഞ്ഞതനുസരിച്ചാണെങ്കില്‍ വനിതാ സംവരണത്തിനുള്ള 108-ാം ഭരണഘടനാ ഭേദഗതി നിയമമാക്കാന്‍ രണ്ടര വര്‍ഷമെങ്കിലും വേണ്ടിവരും. അങ്ങനെയെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് വനിതാ സംവരണം ബാധകമായേക്കില്ല.
നേപ്പാളില്‍ 33% പാകിസ്താനില്‍ 22.5%
അര്‍ജന്റീന, പാകിസ്താന്‍, ഉഗാണ്ട, ബംഗ്ലാദേശ്, തന്‍സാനിയ, നേപ്പാള്‍ തുടങ്ങി നാല്പതോളം രാജ്യങ്ങളില്‍ വനിതകള്‍ക്ക് പാര്‍ലമെന്റില്‍ സംവരണമുണ്ട്. നേപ്പാളില്‍ 33 ശതമാനം, പാകിസ്താന്‍ 22.5 ശതമാനം, ബംഗ്ലാദേശ് 12 ശതമാനം എന്നിങ്ങനെയാണ് സംവരണം.

NEWS LETTER
RSS











