MATHRUBHUMI RSS
Loading...

ഞങ്ങള്‍ക്കൊരു മുറി വേണം
മൈന ഉമൈബാന്‍

കുറച്ചുനാള്‍ മുമ്പാണ് കൂട്ടുകാരി നമുക്കും ഒരു മുറി വേണ്ടേ എന്നു ചോദിച്ചത്. ഒരു കോടിയിലേറെ മുടക്കി ഓഫീസ് നവീകരണം നടക്കുമ്പോഴായിരുന്നു ആ ചോദ്യം.

തീര്‍ച്ചയായും വേണം. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരു മുറി വേണം. പ്രത്യേകിച്ച് പകുതിയിലേറെ ജീവനക്കാര്‍ സത്രീകളായതുകൊണ്ട് കൂടി...

പക്ഷേ ആര് പറയും? ആരോട് പറയും?

മാനേജ്‌മെന്റിനോടോ, ജനറല്‍ മാനേജറോടോ അതോ യൂണിയനോടോ?

എന്തായാലും അടുപ്പമുള്ള സഹപ്രവര്‍ത്തകരോടു കൂടി പങ്കുവെച്ചു. ആര്‍ക്കും എതിരഭിപ്രായമോ തര്‍ക്കമോ ഇല്ല. ഞങ്ങള്‍ ചെറുപ്പക്കാരായ സ്ത്രീകളായതുകൊണ്ടാണ് തര്‍ക്കത്തിന് പ്രസക്തിയില്ലാത്തത്. അല്ലെങ്കില്‍ കാണാം...

പ്രസവാവധി നാലരമാസത്തില്‍ നിന്ന് ആറുമാസത്തിലേക്കുയര്‍ത്തിയപ്പോള്‍ മുതിര്‍ന്ന ചിലര്‍ക്കത് പിടിച്ചില്ല.

ഓ..ഞാനൊക്കെ അമ്പത്തേഴമത്തെ ദിവസം ജോലിക്കു വന്നു. (അല്പം കുശുമ്പോടെ..)ഇപ്പോഴത്തെ പെമ്പിള്ളേരുടെ ഭാഗ്യം നോക്കണേ....
ഒന്നരമാസം കൂടി ഒരമ്മയ്ക്ക്്്്്്്് തന്റെ കുഞ്ഞിനോടൊപ്പമിരിക്കാമെന്ന കാര്യത്തില്‍ ആണുങ്ങളുടെ കമന്റും ഞങ്ങള്‍ കേട്ടു. വളരെ സങ്കുചിതമായ കാഴ്ചപ്പാടുകള്‍...

ഒരു സ്്ത്രീ സങ്കീര്‍ണ്ണമായ ശാരീരിക മാറ്റങ്ങളിലൂടെയാണ് ഓരോ മാസവും കടന്നു പോകുന്നത്. ഇന്നത്തെ അവസ്ഥയായിരിക്കില്ല നാളെ...ആര്‍ത്തവകാലത്ത് പലവിധ അസ്വസ്ഥതകളോടെയാണ് അവള്‍ ജോലി ചെയ്യുന്നത്. തലചുറ്റല്‍, വയറുവേദന, തലവേദന, ഓക്കാനം, അമിത രക്തസ്രാവം ഇങ്ങനെ പോകുന്നു..ഒപ്പം വൃത്തിയെക്കുറിച്ചുള്ള ചിന്ത..

ആകാശം ഇടിഞ്ഞു വീണലും ശരി....ഞങ്ങള്‍ സീറ്റില്‍ തന്നെയിരിക്കണം. ഗര്‍ഭകാലത്തെ കാര്യങ്ങള്‍ പറയുകയും വേണ്ട. ആര്‍ത്തവ വിരാമക്കാര്‍...ഗര്‍ഭായ രോഗങ്ങളുള്ളവര്‍...

നിവര്‍ത്തികെടുമ്പോള്‍ ഒന്നു വിശ്രമിക്കാന്‍ ഞങ്ങള്‍ക്കൊരിടവുമില്ല. ഓഫീസിലിരിക്കുമ്പോഴാണ് മാസമുറ വരുന്നതെങ്കില്‍, അല്ലെങ്കില്‍ അമിതരക്തസ്രാവം മൂലം പാഡ് മാറ്റേണ്ടി വരുമ്പോള്‍ ഞങ്ങള്‍ കുഴങ്ങും. ബാഗില്‍ കരുതിയ പായ്ക്കറ്റുമെടുത്ത് പുറത്ത് ടോയ്‌ലറ്റിലേക്കു നടക്കുന്നതിന്റെ ഗതികേട്...

ഓഫീസ് അവസ്ഥ ഇതാണെങ്കില്‍ പുറത്തേക്കിറങ്ങിയാലുള്ള കഥ പറയുകയേ വേണ്ട.

അടുത്തിടെ ഒരു ബഹുനില കെട്ടിടത്തിലെ വക്കീലോഫീസില്‍ പോയതാണ്. കുറെയാത്ര ചെയ്‌തെത്തിയതുകൊണ്ട് തന്നെ ടോയ്‌ലെറ്റില്‍ പോകാതെ രക്ഷയില്ല. അന്വേഷിച്ചപ്പോള്‍ ഏറ്റവും താഴത്തെ നിലയില്‍ ഒരു മൂലയ്ക്ക് പൊട്ടിപ്പൊളിഞ്ഞ് പാറ്റകളുടെ സമ്മേളനം നടക്കുന്ന ഇടം.

ഇന്നും സഞ്ചാരിയായ സ്ത്രീക്ക് മൂത്രശങ്ക മാറ്റണമെങ്കില്‍ നല്ല ഹോട്ടലില്‍ കയറേണ്ടി വരും. (ഒളിക്യാമറ പേടിക്കേണ്ടത് വേറെ കാര്യം) അല്ലെങ്കില്‍ റെയില്‍വേ സറ്റേഷനിലോ ബസ് സ്റ്റാന്റിലോ പോകണം. ഈ സൗകര്യങ്ങള്‍ തന്നെ നഗരങ്ങളിലേ ഉള്ളൂ.

മൂത്രശങ്ക കടിച്ചമര്‍ത്തുക. പതുക്കെ പതുക്കെ രോഗിയാവണം. മിക്കവാറും സ്ത്രീകള്‍ യാത്രക്കിടെ വെള്ളം കുടിക്കാറില്ല. കാരണം ഈ ശങ്ക തന്നെ...കേരളത്തില്‍ പകുതിയിലേറെ സ്ത്രീകളായിരിക്കേ, ജോലിക്കോ അല്ലാതെയോ പുറത്തിറങ്ങേണ്ടിവരുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കമ്പോള്‍, അവളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ എന്തു സംവിധാനമാണ് നമുക്കുള്ളത് ?

നമ്മുടെ ആരോഗ്യമന്ത്രി സ്ത്രീയായിരിക്കേ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ കാണാതെ പോകുന്നതെന്ന് അത്ഭുതപ്പെട്ടു പോകുന്നു.

mynaumaiban@gmail.com