MATHRUBHUMI RSS
Loading...
ആകാശ മോഹം സാക്ഷാത്കരിച്ച് ശ്രുതി ജന്മനാട്ടിലെത്തി

ചെറുകുന്ന്: ആകാശ മോഹം സാക്ഷാത്കരിച്ച് പ്രായം കുറഞ്ഞ വൈമാനിക ജന്മനാട്ടിലെത്തി. കണ്ണപുരം മൊട്ടമ്മലിലെ മുതലയില്‍ സതീഷ്ബാബുവിന്റെയും ലീനയുടെയും മകള്‍ ശ്രുതിയാണ് ബുധനാഴ്ച രാവിലെ ജന്മനാട്ടിലെത്തിയത്.ബഹ്‌റൈനില്‍ ഡിസൈന്‍ മാനേജരായ സതീഷ്ബാബുവിന്റെ മകള്‍ ശ്രുതി പ്ലസ്ടു വരെ പഠിച്ചത് ബഹ്‌റൈനിലായിരുന്നു. സ്‌കൂള്‍ പഠനകാലത്തുതന്നെ വൈമാനികയാകാന്‍ ഏറെ കൊതിച്ചു. ജീവിതത്തില്‍ വേറിട്ട വഴി തിരഞ്ഞെടുക്കണമെന്ന ആഗ്രഹമാണ് ആകാശപാത തിരഞ്ഞെടുക്കാന്‍ ഈ മിടുക്കിയെ പ്രേരിപ്പിച്ചത്.

ആകാശ മോഹം സഫലമാക്കാന്‍ ഫിലിപ്പീന്‍സിലെ ഡെല്‍റ്റ എയര്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ അക്കാദമിയില്‍നിന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടി. ഈ ലൈസന്‍സ് നേടിയ കണ്ണൂര്‍ സ്വദേശിനിയെ കാത്തിരിക്കുന്നത് ഇന്ത്യയിലെ പ്രായം കുറഞ്ഞ വനിതാ പൈലറ്റ് പദവിയായിരുന്നു.

50 മണിക്കൂര്‍ വിമാനം പറത്തിയാണ് കൊമേഴ്‌സ്യല്‍ പൈലറ്റിനുള്ള ആദ്യ ഘട്ടമായ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് നേടിയത്. തുടര്‍ന്ന് അടുത്ത ഘട്ടമായ 150 മണിക്കൂര്‍ വിമാനം പറത്തലും പൂര്‍ത്തിയാക്കി. പരിശീലനത്തിന്റെ മികവ് അളക്കുന്ന ഒറ്റയ്ക്ക് വിമാനം പറത്തുന്ന സോളോ ഫൈ്‌ളയിങ്ങിലും വിവിധ രാജ്യങ്ങളിലെ സഹ വിദ്യാര്‍ഥികള്‍ക്ക് മുമ്പേ ശ്രുതി കടന്നെത്തി.

ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ശ്രുതിക്ക് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നല്‍കിയത്. ഇതിനെ ഇന്ത്യയില്‍ വിമാനം പറത്താനുള്ള ലൈസന്‍സ് ആക്കി മാറ്റണമെങ്കില്‍ രാജ്യത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് വേണം. ഈ ലൈസന്‍സ് നേടിയെടുക്കാനാണ് ശ്രുതി ഇന്ത്യയിലെത്തിയത്. അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് പോകുന്ന ശ്രുതി ഏപ്രില്‍ മാസത്തോടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സും കരസ്ഥമാക്കും.ഇപ്പോള്‍ രാജ്യത്തെ പ്രായം കുറഞ്ഞ പൈലറ്റ് 19 പിന്നിട്ട രാജസ്ഥാന്‍ സ്വദേശിനി അകന്‍ഷയാണ്. ഇന്ത്യന്‍ ലൈസന്‍സ് ശ്രുതിക്ക് ലഭിച്ചാല്‍ രാജ്യത്തെ പ്രായം കുറഞ്ഞ വനിതാ പൈലറ്റ് സ്ഥാനം ശ്രുതിക്കായിരിക്കും. ബുധനാഴ്ച രാവിലെ കണ്ണപുരത്തെത്തിയ ശ്രുതിയെ അയല്‍വാസികളും ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചു. കണ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശ്രീധരന്‍ ശ്രുതിക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു.