MATHRUBHUMI RSS
Loading...
കേരളത്തിന്റെ വെള്ളിത്തിളക്കം
ടി.ആര്‍.രമ്യ

If it was not a foul... ഈ സാധ്യതയെപ്പറ്റി ലൂസി വര്‍ഗീസ് അധികമൊന്നും ആലോചിച്ചിട്ടില്ല. അത് ഫൗള്‍ ആയാലും അല്ലെങ്കിലും താനിപ്പോള്‍ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കുമെന്ന് ലൂസിക്കുറപ്പാണ്.

ലൂസി വര്‍ഗീസിനെ കേരളത്തിലെ പുതിയ തലമുറയ്ക്കു മനസ്സിലായെന്ന് വരില്ല. എന്നാല്‍ പഴയ സ്‌പോര്‍ട്‌സ് പ്രേമികള്‍ ലൂസിയുടെ ഓട്ടവും ചാട്ടവും ഇന്നും ആവേശത്തോടെ ഓര്‍ക്കുന്നു. കേരളത്തിലേക്ക് ദേശീയതലത്തില്‍ നിന്നൊരു മെഡല്‍ത്തിളക്കം ആദ്യമായെത്തിച്ച വനിതയാണ് ലൂസി വര്‍ഗീസ്. ലൂസി വര്‍ഗീസിന് ഇനിയുമുണ്ട് അറിയപ്പെടാത്ത മേല്‍വിലാസങ്ങള്‍. മലയാളം സാഹിത്യത്തിലെ തീപ്പൊരിയായിരുന്ന എം.പി.പോളിന്റെ മകള്‍, സി.ജെ.തോമസിന്റെ ഭാര്യ റോസി തോമസിന്റെ അനുജത്തി, കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍, ഹവാക്കര്‍ ഹവായ് ചപ്പല്‍ കമ്പനി ഉടമ വര്‍ഗീസ് ജോസഫിന്റെ ഭാര്യ. എല്ലാ മേല്‍വിലാസങ്ങളും ലൂസി ടീച്ചര്‍ ഒളിമങ്ങാതെ സൂക്ഷിക്കുന്നു.

1953 ലെ വെള്ളിച്ചാട്ടം

ജബല്‍പ്പൂര്‍ ദേശീയ ഗെയിംസ്-1953. ഇന്ത്യന്‍ ഒളിമ്പികെ്‌സന്നാണ് അന്ന് ദേശീയ ഗെയിംസ് അറിയപ്പെട്ടിരുന്നത്. വനിതകളുടെ ലോങ്ജമ്പ് മത്സരം. എല്ലാവരുടെയും കണ്ണുകള്‍ രണ്ടു പെണ്‍കുട്ടികളില്‍. മഹാരാഷ്ട്രയില്‍നിന്നുവന്ന സ്റ്റെഫി ഡിസൂസ, കേരളത്തിന്റെ ലൂസി വര്‍ഗീസ്. മലയാളി കാണികളുടെ ആരവങ്ങള്‍ക്കിടെ താന്‍ കണ്ണടച്ചു കുതിച്ചു ചാടിയത് സ്വര്‍ണത്തിലേക്കാണെന്ന് ലൂസിക്ക് തോന്നി. അധികൃതര്‍ അളവെടുത്തു കഴിഞ്ഞപ്പോള്‍ അത് ഉറപ്പിച്ചു. എന്നാല്‍ പിന്നാലെ വന്നു മഹാരാഷ്ട്രക്കാരന്‍ ചീഫ് ജഡ്ജിന്റെ പ്രഖ്യാപനം. 'ഇറ്റ് ഈസ് ഫൗള്‍'. സ്റ്റെഫി ഡിസൂസ സ്വര്‍ണം നേടി. അരയിഞ്ച് വ്യത്യാസത്തില്‍ ലൂസി വര്‍ഗീസിന് വെള്ളി. പിന്നീട് ലൂസിയെ ആശ്വസിപ്പിക്കാനെത്തിയ ജഡ്ജിമാരിലൊരാള്‍ രഹസ്യമായി പറഞ്ഞു: ''ആക്ച്വലി ഇറ്റ് വാസ് നോട്ട് എ ഫൗള്‍.''

അപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ദേശീയ ഗെയിംസില്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന നിരാശ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലൂസി ടീച്ചര്‍. കാരണം അന്നത്തെ 17കാരി ലൂസി യാതൊരു തയ്യാറെടുപ്പുകളും പ്രതീക്ഷകളുമില്ലാതെയാണ് ദേശീയ ഗെയിംസില്‍ മത്സരിക്കാന്‍ പോയത്.

ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ലൂസിക്ക് ആദ്യമായി സ്‌പോര്‍ട്‌സില്‍ കമ്പം കയറിയത്. ''ഓടാന്‍ പറഞ്ഞാല്‍ ഓടും. ചാടാന്‍ പറഞ്ഞാല്‍ ചാടും. അങ്ങനെ ടീച്ചര്‍മാര്‍ക്ക് എന്നെ ഇഷ്ടമായി. മത്സരിക്കുന്ന ഇനങ്ങളിലൊക്കെ സമ്മാനവും. ഓടിയും ചാടിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുമ്പോഴാണ് ജബല്‍പ്പൂരില്‍ പോയത്. അഞ്ചു വര്‍ഷത്തെ കായിക ജീവിതത്തിനിടെ ഒരു ദേശീയ മെഡല്‍! അടുത്ത വര്‍ഷം ഡല്‍ഹി ദേശീയ ഗെയിംസില്‍ റിലേയില്‍ വെങ്കിലവും കിട്ടി.''

പിന്നെ ലൂസിക്ക് താത്പര്യം ഹോക്കിയിലായി. അവിടെയുമെഴുതി ഒരു സ്ത്രീ ചരിതം, ആദ്യ കേരള വനിതാഹോക്കി ടീമംഗമായി. രാജസ്ഥാനിലെ ബിക്കാനിറില്‍ നടന്ന വനിതാഹോക്കി മത്സരത്തില്‍ കേരളത്തെ നയിച്ചു.

അന്നൊന്നും കാര്യമായ പരിശീലനമൊന്നും കിട്ടിയിരുന്നില്ലെന്ന് ലൂസി ടീച്ചര്‍. വെറുതെയങ്ങ് ഓടുകതന്നെ. ഇന്നത്തെയത്ര മത്സരസ്വഭാവവുമില്ല. ഓടാനിഷ്ടമുള്ളപ്പോള്‍ ഓടി. ചാടണമെന്ന് തോന്നിയപ്പോള്‍ ചാടി. ഹോക്കി കളിക്കാന്‍ ഇഷ്ടമുള്ളപ്പോള്‍ അതും ചെയ്തു. ആസ്വദിച്ച് ചെയ്തതുകൊണ്ടാവണം എല്ലായിടത്തും ലൂസിടീച്ചര്‍ മായാത്ത ഒരു മുദ്രപതിച്ചുവെച്ചു.

ടീച്ചറായ കുട്ടി

മദ്രാസ് വൈ.എം.സി.എ. കോളേജില്‍ നിന്ന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ പി.ജി. ഡിപ്ലോമ നേടി മടങ്ങിവന്നയുടന്‍ ലൂസി, ടീച്ചറായി. കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍. കുട്ടികള്‍ക്ക് ടീച്ചറേക്കാള്‍ പ്രായം. എന്നിട്ടും കുട്ടിത്തം വിടുംവരെ ടീച്ചര്‍ കുട്ടിയായിത്തന്നെ നടന്നു, ഓടി, ചാടി. 1955ല്‍ ഫാത്തിമ കോളേജില്‍ തുടങ്ങിയ അധ്യാപന ജീവിതം അവസാനിച്ചത് 1990 മാര്‍ച്ച് 31ന് കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചപ്പോള്‍. അതിനിടെ തിരുവനന്തപുരം വിമന്‍സ് കോളേജ്, ചിറ്റൂര്‍ കോളേജ്, കോഴിക്കോട് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലൊക്കെ ടീച്ചര്‍ നൂറുകണക്കിന് സ്‌പോര്‍ട്‌സ് പ്രേമികളെയും കളിക്കാരെയും സൃഷ്ടിച്ചു.

വേറിട്ട വഴി

അപ്പന്‍ തന്ന സ്വാതന്ത്ര്യമാണ് തന്നെ കളിക്കാരിയാക്കിയതെന്ന് ലൂസി ടീച്ചര്‍. ഓടുന്നതും ചാടുന്നതുമൊക്കെ അപ്പനിഷ്ടമായിരുന്നു. എന്നെ അപ്പന്‍ എന്റെ വഴിക്കുവിട്ടു. ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് പലപ്പോഴും ഞാന്‍ സ്വയം നിയന്ത്രണം പാലിച്ചു. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് പോകുമ്പോള്‍ കരുതലോടെ കൂടെക്കൂടുന്ന സി.ജെ. (സി.ജെ.തോമസ്) യെയാണ് ലൂസി ടീച്ചറുടെ മറ്റൊരു ഓര്‍മ. സ്റ്റേഡിയത്തില്‍ സി.ജെ.യുടെ ഒരു കണ്ണ് എപ്പോഴുമുണ്ടാകും. നിറയെ സ്നേഹമായിരുന്നു സി.ജെ.യ്ക്ക്.

കടമ്പകളില്ലാതെ

വിവാഹ ശേഷവും സ്വന്തം ഇഷ്ടങ്ങള്‍ക്ക് ലൂസി ടീച്ചര്‍ക്ക് മുന്നില്‍ തടസ്സങ്ങളൊന്നുമുണ്ടായില്ല. എട്ടു വര്‍ഷം സംസ്ഥാന ഹോക്കി അസോസിയേഷന്‍ പ്രസിഡന്റായി. കോഴിക്കോട്ടെ വനിതകളെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെടുത്തിയ കെ.പി.ശാരദയുമായി ഉണ്ടായിരുന്ന ബന്ധം ലൂസി ടീച്ചര്‍ ഇന്നും ഓര്‍ക്കുന്നു. ആ ഓര്‍മ മങ്ങാതെ സൂക്ഷിക്കാന്‍ ടീച്ചര്‍ കെ.പി. ശാരദയുടെ പേരില്‍ ഒരു ട്രോഫി തയ്യാറാക്കി. ഏപ്രിലില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ വിജയിക്ക് ആ ട്രോഫിയാണ് സമ്മാനം കിട്ടുക.

വെസ്റ്റ് ഹില്ലില്‍ മകനോടൊപ്പമാണ് ലൂസി ടീച്ചറിപ്പോള്‍. പ്രായം 76 ആയെങ്കിലും വെറുതെയിരിക്കുന്നില്ല. സ്‌പോര്‍ട്‌സിലുള്ള കമ്പം മാറി ഇപ്പോള്‍ യാത്രകളാണ് ഹരം.

ഇതിനകം ലോകം മുഴുവന്‍ പലവട്ടമായി ചുറ്റിക്കറങ്ങി. റഷ്യയില്‍ പോകാനാണ് അടുത്ത പ്ലാന്‍. ഇതെല്ലാം ചേര്‍ത്ത് യാത്രാവിവരണം എഴുതാനും ആലോചനയുണ്ട് -സ്‌പോര്‍ട്‌സ് പ്രേമിയുടെ ലോകയാത്രകള്‍!