വിധി കാന്‍സറിന്റെ രൂപത്തില്‍ ആക്രമിക്കുമ്പോഴും അക്ഷരങ്ങളെ മുറുകെപ്പിടിക്കുകയാണ് രമ്യയിലെ കവയിത്രി...
'ഒറ്റയ്ക്കിരിക്കുന്നവരെ
ശ്രദ്ധിച്ചിട്ടുണ്ടോ?
അവരുടെ കണ്ണുകള്‍ക്ക്
ഇളംചൂടിന്റെ നനവുണ്ടായിരിക്കും''
രമ്യ ആന്റണിയുടെ ഈ വരികളില്‍ നിറയുന്നത് ഏകാന്തതയുടെ ഉഷ്ണദിനങ്ങളാണ്. എന്നാല്‍ ചിറകുകള്‍ തളര്‍ന്ന ഈ പൂമ്പാറ്റയ്ക്ക് ഇന്ന് പറക്കാനാവും. കനവുകള്‍ കടലെടുത്തിട്ടും സ്വപ്നങ്ങള്‍ സൂക്ഷിക്കാന്‍ ഒരുപാടിടം ബാക്കിയുള്ള അലമാര അവള്‍ക്ക് സ്വന്തമായുണ്ട്. സൗഹൃദം തുന്നിച്ചേര്‍ത്ത ചിറകുമായി, നനവുവറ്റിയ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കവുമായാണ് ഈ ശലഭായനം.
രമ്യ ആന്റണിയെന്ന, പറക്കമുറ്റുംമുമ്പേ ആകാശം നിഷേധിക്കപ്പെട്ട പെണ്‍കുട്ടിയുടെ യാത്ര. തന്റെ ജീവന്റെ നേരടയാളങ്ങളെന്ന് വിശേഷിപ്പിക്കുന്ന ഊന്നുവടികളില്‍ കൈകളുറപ്പിച്ച് മനസ്സുറപ്പോടെ മലനിരകള്‍ താണ്ടാന്‍ രമ്യയ്ക്ക് കൂട്ടുനിന്നതാവട്ടെ, പ്രാണവായുപോലെ തന്നെ പൊതിയുന്ന സൗഹൃദങ്ങള്‍.
ബാല്യം കുസൃതികാട്ടി കാലുകള്‍ തളര്‍ന്നപ്പോഴും ക്രൂരതയോടെ വിധി ഇന്ന് കാന്‍സര്‍ രൂപത്തില്‍ ആക്രമിക്കുമ്പോഴും അക്ഷരങ്ങളെ മുറുകെപ്പിടിച്ച് ദൈവത്തിന്റെ സ്‌നേഹവിളിക്ക് കാതോര്‍ക്കുകയാണ് രമ്യയിലെ കവയിത്രി. അക്ഷരങ്ങള്‍ക്ക് ചിറകുമുളച്ച് കവിതകളായ് പറന്നപ്പോള്‍ 'ശലഭായനം' എന്ന കവിതാസമാഹാരം പിറക്കാന്‍ കാരണമായതും രമ്യയുടെ ഇതേവരെ കാണാത്തതും കണ്ടിട്ടുള്ളതുമായ കൂട്ടുകാര്‍.
ഒന്‍പതാം വയസ്സിലാണ് രമ്യയുടെ കാലുകള്‍ പോളിയോ ബാധിച്ച് തളര്‍ന്നത്. പിന്നീടുള്ള യാത്ര മുഴുവന്‍ ഊന്നുവടികളില്‍. അങ്ങനെയാണ് ആലുവ സ്വദേശി, പാളയം എല്‍.എം.എസ്. കോമ്പൗണ്ടിലെ പോളിയോ ഹോമിലെത്തിയത്. പത്താംതരം ഫസ്റ്റ്ക്ലാസോടെ പാസ്സായി. പിന്നീട് പ്ലസ് ടുവും ലൈബ്രറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടി. മദ്യപാനം തകര്‍ത്ത കുടുംബത്തിലെ ഏക മകള്‍.
ഓര്‍ക്കുട്ടിലും ഫെയ്‌സ്ബുക്കിലും സൗഹൃദക്കൂട്ടായ്മകളില്‍ ജനിച്ച ബ്ലോഗുകളിലും പ്രസിദ്ധീകരിച്ച കവിതകളിലൂടെയാണ് രമ്യ ചര്‍ച്ചകളില്‍ സജീവമാകുന്നത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ മുക്കി വാക്കുകള്‍ ഭംഗിയായി അടുക്കിച്ചേര്‍ത്ത രമ്യയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറിവന്നു. എന്നാല്‍ കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന രമ്യ ആന്റണിയെന്ന പെണ്‍കുട്ടി തങ്ങളുടെ പ്രിയ കവയിത്രിയാണെന്ന് വൈകിമാത്രമാണ് കൂട്ടുകാര്‍ തിരിച്ചറിഞ്ഞത്. കണ്ടതും കാണാത്തതുമായ രമ്യയുടെ കൂട്ടുകാര്‍ ഒപ്പമെത്തുന്നത് ഇവിടംമുതല്‍ക്കാണ്. നാവില്‍ കാന്‍സര്‍ ബാധിച്ച രമ്യയുടെ ചികിത്സ മുഴുവന്‍ കൂട്ടുകാര്‍ ഏറ്റെടുത്തു. സൗഹൃദത്തിന്റെ നെറ്റ്‌വര്‍ക്കുകള്‍ തീര്‍ത്ത മായികവലയത്തിനുള്ളില്‍ രമ്യയ്ക്ക് തണലേകാന്‍ എണ്ണമറ്റ കൈകള്‍.
നമ്മുടെ ബൂലോകം, ശലഭായനം, ബ്ലോഗ്‌സ്‌പോട്ട്, ഓപ്പണ്‍ പേജസ്, മലയാളികളുടെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ കൂട്ടം ഡോട്ട് കോം തുടങ്ങി രമ്യയുടെ കവിതകള്‍ തരംഗങ്ങളായി ഒഴുകിയ ഒരുപിടി നെറ്റ്‌വര്‍ക്കുകളില്‍ നിന്നു സഹായമെത്തി. ആര്‍.സി.സി യില്‍ കൂട്ടിരിപ്പുകാരായും എത്താന്‍ ഇവര്‍ മറന്നില്ല. തന്റെ കവിതയില്‍ ഈ സൗഹൃദങ്ങളെക്കുറിച്ച് ''സൗഹൃദങ്ങളേ നിന്നാഴപ്പരപ്പുകളിലെന്നും ഭയന്നു ഞാന്‍ പിറപ്പൂ...'' എന്നു കുറിച്ചിടുമ്പോള്‍ കറയറ്റ സുഹൃദ്ബന്ധങ്ങളെയോര്‍ത്ത് നമുക്കും അത്ഭുതപ്പെടാതെവയ്യ.
ജനവരി 25നാണ് രമ്യയുടെ കവിതാപുസ്തകം 'ശലഭായനം' പ്രസിദ്ധീകരിച്ചത്. നന്ദിപറയാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്ന രമ്യയ്ക്കുമുന്നില്‍ അമ്മയ്ക്കു തുല്യയായി ജനാധിപത്യ മഹിളാ അസോസിയേഷനിലെ ഡോ. ടി.എന്‍.സീമയുണ്ട്. പിന്നെ ഒരു'കൂട്ടം' സൗഹൃദവും. 'കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ അംഗങ്ങളാണ് 'ശലഭായനം' പുറത്തിറക്കിയത്. 'കൂട്ട'ത്തിലെ അംഗം കെ.ജി.സൂരജിന്റെ നേതൃത്വത്തില്‍ ഏഴുദിവസങ്ങളിലെ ഉറക്കമൊഴിയാത്ത പരിശ്രമത്തിനൊടുവിലാണ് 'ശലഭായനം' അച്ചടിമഷി പുരണ്ടത്. രമ്യയുടെ ശസ്ത്രക്രിയയ്ക്കുള്ള 'പണം' കണ്ടെത്താനുള്ള വഴിയെന്ന നിലയിലാണ് പുസ്തകമിറക്കാന്‍ കൂട്ടുകാര്‍ മുന്‍കൈയെടുത്തത്. 24 കവിതകളടങ്ങുന്ന പുസ്തകത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അവതാരിക തയ്യാറാക്കി.
രമ്യയിപ്പോള്‍ 'ശ്രദ്ധ'യിലാണ്. കാന്‍സര്‍രോഗികളുടെ പുനരധിവാസകേന്ദ്രത്തില്‍ തിളക്കം മറയാത്ത കണ്ണുകളുമായി കഴിയുന്നു. മൂല്യച്യുതികള്‍ ആരോപിച്ച് മുഖംചുളിച്ചു മാത്രം നോക്കിക്കാണുന്ന ഇന്റര്‍നെറ്റ് സൗഹൃദങ്ങള്‍ തീര്‍ത്ത അപൂര്‍വസ്നേഹക്കാഴ്ചയാണിന്ന് രമ്യ. കോവളം ലീല കെംപിന്‍സ്‌കിയില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായി ജോലിചെയ്യവെയാണ് അര്‍ബുദചികിത്സയ്ക്കായി ആര്‍.സി.സി യിലും പിന്നീട് ശ്രദ്ധയിലും രമ്യയെത്തിയത്.
ചങ്ങാതിക്കൂട്ടത്തിന്റെ തണലില്‍ കഴിയുന്ന രമ്യയ്ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കൂട്ടുകാരായ സൂരജ്, ജോഷി, സന്തോഷ്, വില്‍സണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എസ്.ബി.ടി. തിരുവനന്തപുരം, സ്റ്റാച്യു പ്രധാനശാഖയില്‍ 67102342443 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
രമ്യയുടെ കവിതകള്‍ക്ക് ദൃശ്യഭാഷയൊരുക്കാന്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറായി. കൂടാതെ ഛായാഗ്രാഹകന്‍ ജോക്‌സിന്‍ ജോണ്‍ പി. രമ്യയുടെ കവിതകള്‍ അഭ്രപാളികളിലെത്തിച്ചു. കവിത വറ്റാത്ത മനസ്സിന്റെ ഉടമയായ രമ്യയോടുള്ള തങ്ങളുടെ കടമയാണിതെന്ന് സുഹൃത്തുക്കള്‍ പറയുമ്പോള്‍, ഈ ശലഭത്തിന്റെ ചിറകുകളില്‍ നിറയുന്ന, ചങ്ങാതിമാരുടെ അദൃശ്യമായ കൈയൊപ്പുകള്‍ അനുഭവവേദ്യമാവുകയാണ്...

NEWS LETTER
RSS











