MATHRUBHUMI RSS
Loading...
നിലത്ത് നില്‍ക്കാത്ത മോഹങ്ങള്‍
ടി.ആര്‍.രമ്യ

ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്. തീവ്രമായി മനസ്സിലുണ്ടെങ്കില്‍ എന്നെങ്കിലും സഫലമാകും. സതീദേവി അങ്ങനെയാണ് 'നിലത്ത് നടക്കാത്ത' ടീച്ചറായത്. പ്രോവിഡന്‍സ് കോളേജില്‍ പഠിക്കുന്ന കാലത്ത് കൊച്ചു സതി അച്ഛനോട് പറഞ്ഞു. ''എനിക്ക് സൈക്കിള്‍ ചവിട്ടണം, എന്‍.സി.സി.യില്‍ ചേരണം, രാഷ്ട്രീയക്കാരിയാകണം, യാത്രകള്‍ പോണം...'' തറവാട്ടില്‍ പിറന്ന പെണ്‍കുട്ടികള്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്ന് അച്ഛന്‍ ഉപദേശിച്ചു. ആഗ്രഹങ്ങള്‍ സതീദേവി മനസ്സില്‍ സൂക്ഷിച്ചുവെച്ചു. വലുതായി, ജോലി കിട്ടി, സ്വയം തീരുമാനങ്ങളെടുത്തു തുടങ്ങിയപ്പോള്‍ സതി ടീച്ചര്‍ ആഗ്രഹങ്ങളെല്ലാം വീണ്ടും പുറത്തെടുത്തു. സൈക്കിള്‍ ചിവിട്ടി, രാഷ്ട്രീയപ്രവര്‍ത്തകയായി, എന്‍.സി.സി.യില്‍ മേജര്‍ റാങ്ക് വരെയുമെത്തി. സ്വന്തം കാലില്‍ നിന്നപ്പോള്‍ മറ്റൊരാഗ്രഹംകൂടി. ഒരു പൊയ്ക്കാല്‍കൂടി വേണം. വൈകാതെ ടീച്ചര്‍ പൊയ്ക്കാലിലും നടന്നു. ഒരുപറ്റം പെണ്‍കുട്ടികളുമൊത്ത്.

കേരളത്തിലെ സ്‌കൂളുകളിലെ എന്‍.സി.സി. വിഭാഗങ്ങളില്‍ പൊയ്ക്കാലില്‍ നടക്കുന്ന പെണ്‍കുട്ടികളുള്ളത് ചാലിയം ഉമ്പിച്ചിഹാജി ഹയര്‍സെക്കന്‍ഡറിയാണ് സതിടീച്ചറിന്റെ സ്‌കൂള്‍. സതിടീച്ചറിന്റെ പെണ്‍കുട്ടികളാണ് ഇന്ന് കേരളത്തില്‍ പൊയ്ക്കാലില്‍ 'തെക്കുവടക്ക്' നോക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പൊയ്ക്കാല്‍ നടത്തത്തില്‍ പരിശീലനം കൊടുത്ത ഇന്ത്യയിലെതന്നെ ആദ്യത്തെ സ്‌കൂളാണിതെന്ന് ടീച്ചര്‍.

1979-ലാണ് സതീദേവി ഉമ്പിച്ചിഹാജി സ്‌കൂളില്‍ ടീച്ചറായെത്തുന്നത്. സ്‌കൂളില്‍ പെണ്‍കുട്ടികളുടെ എന്‍.സി.സി. വിങ് വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിന്റെ ചുമതലക്കാരിയായി പ്രധാനാധ്യാപികയുടെ മുന്നില്‍ തെളിഞ്ഞത് കൈകള്‍ വീശി നടക്കുന്ന സതിടീച്ചറിന്റെ രൂപം. വൈകിയാണെങ്കിലും ജീവിതാഭിലാഷം സഫലമാകുന്നതിന്റെ സന്തോഷം ടീച്ചര്‍ക്ക്. ഗ്വാളിയോറിലെ മൂന്നുമാസത്തെ പരിശീലനത്തിനുശേഷം സതിടീച്ചര്‍ തേഡ് ഓഫീസറായി ഒരു നക്ഷത്രമുള്ള യൂണിഫോമണിഞ്ഞു. 86-ല്‍ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ എന്‍.സി.സി. ടീം മാര്‍ച്ച് ചെയ്തു. വര്‍ഷങ്ങള്‍കൊണ്ട് ടീച്ചര്‍ മേജര്‍റാങ്ക്‌വരെയെത്തി. കോളേജധ്യാപികയായിരുന്നെങ്കില്‍ മേജര്‍ സതീദേവിയാകുമായിരുന്നു. സ്‌കൂളിലായതുകൊണ്ട് ചീഫ് ഓഫീസര്‍റാങ്കില്‍ തൃപ്തിപ്പെട്ടു.

നാലുവര്‍ഷം മുന്‍പാണ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ പൊയ്ക്കാലില്‍ നടന്നുതുടങ്ങിയത്. എന്‍.സി.സി.യിലെ ആണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന പൊയ്ക്കാലാണ് ടീച്ചര്‍ക്ക് ആവേശമായത്. ഒരു ജോഡി പൊയ്ക്കാല്‍ വാങ്ങി ടീച്ചര്‍ സ്‌കൂള്‍മുറ്റത്ത് പിച്ചവെച്ചു. ക്ലാസ്മുറിയിലെ ജനല്‍ക്കമ്പികളില്‍ പിടിച്ചു നടന്നു. 'ഈ വയസ്സുകാലത്ത് ഇവര്‍ക്ക് നിലത്തുനടക്കാന്‍ വയ്യേ' എന്ന് മുതിര്‍ന്നവര്‍ പരിഹസിച്ചപ്പോള്‍ കുട്ടികള്‍ ടീച്ചര്‍ വീഴാതെ നോക്കി. പിന്നെ ടീച്ചര്‍ക്കു പിന്നാലെ പെണ്‍കുട്ടികളും പൊയ്ക്കാലണിഞ്ഞു. ഉമ്പിച്ചിഹാജി സ്‌കൂളും സതിടീച്ചറും പെണ്‍കുട്ടികളും കേരളത്തില്‍ ഒരു മീറ്റര്‍ അധികം പൊക്കത്തില്‍ നടന്നുതുടങ്ങി.

തടിയില്‍ നിര്‍മിക്കുന്ന പൊയ്ക്കാലിന് 110 സെന്റിമീറ്ററാണ് ഉയരം. ''പൊയ്ക്കാല്‍ നടത്തം പഠിക്കാന്‍ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ ദിവസം മതി. മുതിര്‍ന്നവര്‍ക്ക് കുറച്ചുസമയംകൂടിവേണം. എന്‍.സി.സി. വിഭാഗത്തില്‍ 100 പെണ്‍കുട്ടികളുള്ള സ്‌കൂളില്‍ പക്ഷേ 21 പെണ്‍കുട്ടികള്‍ക്കേ പൊയ്ക്കാലുള്ളൂ. എല്ലാവര്‍ക്കും കാലു നല്‍കാന്‍ ചെലവാണ് തടസ്സം-ടീച്ചര്‍ പറയുന്നു. സംസ്ഥാന ടൂറിസംവാരാഘോഷത്തിനും ആര്‍മി മേളയ്ക്കുമൊക്കെ ടീച്ചറും കുട്ടികളും 'പൊയ്ക്കാലഭ്യാസം' നടത്തിയിരുന്നു. ടീമിലെ സാര്‍ജന്റ് സുജനയ്ക്കും ഫിനുവിനും ഷാഹിനയ്ക്കും അപര്‍ണയ്ക്കും ശ്രുതിക്കുമെല്ലാം ഉയരത്തിലെ നടത്തം ഏറെയിഷ്ടം. പൊയ്ക്കാലും എന്‍.സി.സി.യുമായി ഇനി ഒരുമാസംകൂടിയേ സതിടീച്ചര്‍ക്ക് തുടരാനാവൂ. മാര്‍ച്ചില്‍ ടീച്ചര്‍ പ്രിന്‍സിപ്പലാകുകയാണ്. ചുമതലകള്‍ കൈമാറാന്‍ പുതിയ അധ്യാപികയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഭര്‍ത്താവ് റിട്ട. അധ്യാപകന്‍ അശോകനും രണ്ടു മക്കള്‍ക്കുമൊപ്പം വട്ടപ്പറമ്പില്‍ സ്ഥിരതാമസമാക്കിയ ടീച്ചര്‍ മഹിളാകോണ്‍ഗ്രസ് ജില്ലാസെക്രട്ടറി കൂടിയാണ്. പത്തുവര്‍ഷം ബേപ്പൂര്‍ പഞ്ചായത്ത് മെമ്പറായിരുന്നു. വിരമിച്ചശേഷം സജീവരാഷ്ട്രീയപ്രവര്‍ത്തകയാകാനാണ് ടീച്ചര്‍ക്കിഷ്ടം.