ആര്‍.കെ.ബിജുരാജ്
വീണ്ടും സിനിമയുടെ തിരക്കിലേക്ക് മടങ്ങിയെത്തിയ കാവ്യാ മാധവന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍...
കുലുങ്ങിയുള്ള ചിരി. അകത്തെ നിശ്ശബ്ദതയ്ക്കും പുറത്തു നിന്നെത്തുന്ന, ജനറേറ്ററിന്റെ നേര്‍ത്ത മുരള്‍ച്ചയ്ക്കും മേല്‍ കാവ്യയുടെ ശബ്ദം മുഴങ്ങി. പിന്നെ അവിടെയൊരു ഉണര്‍വിന്റെ കൂട്ടച്ചിരിയായി. നടന്‍ ദീലീപിന്റെ ഷൂട്ടിംഗ് രംഗത്തെ പ്രകടനം കണ്ടാണ് എന്തോ കമന്റ് കാവ്യ തൊടുത്തത്. സംവിധായകന്‍ മമ്മാസും ദിലീപും ചിരിയില്‍ പങ്കാളിയായി. തൊടുപുഴയ്ക്കടുത്ത് അഞ്ചിരിയിലെ ഒരു വീട്ടിലാണ് ചിത്രീകരണം. പഴയ വീട്. തികഞ്ഞ ഗ്രാമ അന്തരീക്ഷം. പക്ഷേ സജീവമാണ് സെറ്റ്. പുള്ളി സാരിയും മടക്കുകുടയുമൊക്കെയായി കാവ്യാമാധവന്‍ അവിടെയുണ്ട്. 'മിഴിരണ്ടിലും'മറ്റും മലയാളി കണ്ട ഭാമയുടെ പകര്‍ച്ച.
സിനിമയുടെ തിരക്കിലേക്ക് കാവ്യ വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു. ഒരേ സമയത്ത് രണ്ട് സിനിമകളുടെ ഷൂട്ടിംഗിലാണ്. ഒരു ദിവസം തൊടുപുഴയില്‍ 'പാപ്പി അപ്പച്ച'യുടേതെങ്കില്‍ തൊട്ടടുത്ത ദിവസം കൊച്ചിയില്‍ 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്'. ഒന്നിടവിട്ട ദിവസങ്ങളില്‍ തൊടുപുഴയ്ക്കും കൊച്ചിക്കുമിടയില്‍ കാവ്യ തിരക്കിട്ട് ചലിക്കുന്നു.
പുതുവര്‍ഷം കാവ്യയുടേതാണ്. രണ്ട് സിനിമകള്‍. നിനച്ചിരിക്കാതെ രണ്ട് അവാര്‍ഡുകള്‍. മികച്ച നടിക്കുള്ള മാതൃഭൂമി-അമൃത അവാര്‍ഡും, ഏഷ്യാനെറ്റ് പുരസ്‌കാരവും. രണ്ടും 'ബനാറസി'ലെ അഭിനയത്തിന്. ''സിനിമാ ജീവിതത്തില്‍ എനിക്ക് പല അവാര്‍ഡും കിട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, ജൂറിയുടെ പ്രത്യേക അവാര്‍ഡ്, താരജോടിക്കുള്ള അവാര്‍ഡ് എന്നിങ്ങനെ. പക്ഷേ, മികച്ച നടിയ്ക്കുള്ള മാതൃഭൂമിയുടെ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായിട്ടാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ് എനിക്ക്. രേവതിചേച്ചിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി എന്നതാണ് അതിനേക്കാള്‍ സന്തോഷം. അവാര്‍ഡ് വാര്‍ത്തയറിഞ്ഞശേഷം എന്നെ വിളിച്ചവരെല്ലാം 'അവാര്‍ഡ് നല്ല തുടക്കമാണ്, നല്ല സൂചനയാണ്' എന്നൊക്കെയാണ് പറഞ്ഞത്. കാവ്യ ഇനി കലക്കും എന്നൊക്കെ ആളുകള്‍ പറയുന്നു. അങ്ങനെ സംഭവിക്കുമെന്ന് ഞാനും കരുതുന്നു''-കാവ്യയ്ക്ക് ശുഭപ്രതീക്ഷ.
എന്തുകൊണ്ടാണ് ഒരേ സമയം രണ്ടു സിനിമ? ''അത് സംഭവിച്ചുപോയതാണ്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ'ാണ് ഞാന്‍ ആദ്യം കമ്മിറ്റ് ചെയ്തിരുന്നത്. ജോഷിയങ്കിളിന്റെ പടമാണ്. വലിയ സംവിധായകന്റെ വലിയ പടം. ജോഷിയങ്കിളിനെപ്പോലെ ഒരു മാസ്റ്ററിന്റെ കീഴില്‍ അഭിനയിക്കുക എന്നത് തന്നെ വലിയ അംഗീകാരമാണ്. അതിനാല്‍ ആ പടം ചെയ്യാന്‍ തീരുമാനിച്ചു. അതില്‍ മീനാക്ഷി എന്ന കഥാപാത്രമാണ് എനിക്ക്. എന്നാല്‍ എന്തൊക്കെയോ കാരണങ്ങളാല്‍ പടം തുടങ്ങാന്‍ വൈകി. അപ്പോഴാണ് മമ്മാസ് എന്ന് പുതു സംവിധായകന്റെ 'പാപ്പി അപ്പച്ച'യുടെ ഓഫര്‍ വന്നത്. ദിലീപേട്ടന്‍ പഅതില്‍ നായകന്‍. ഞാന്‍ ജോഷിയങ്കിളിനെ സമീപിച്ചു. എന്തുചെയ്യണം എന്ന് ചോദിച്ചു. 'നീ പോയി അഭിനയിക്കണം. അവസരം ഒരു കാരണവശാലും വിട്ടു കളയേണ്ട. നിനക്ക് നല്ലതേ വരൂ' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെ 'പാപ്പി അപ്പച്ച'യില്‍ സഹകരിക്കാമെന്നേറ്റു. ഷൂട്ടിംഗ് തുടങ്ങി. ആ സമയത്ത് ജോഷിയങ്കിളിന്റെ പടത്തിനു തടസ്സങ്ങള്‍ നീങ്ങി കിട്ടി. അവരും ചിത്രീകരണം തുടങ്ങി. പ്രശ്‌നമില്ലാത്ത വിധത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാമെന്ന് രണ്ടു സംവിധായകര്‍ക്കും ഉറപ്പ് (എനിക്കും) അങ്ങനെ ഒരേ സമയം രണ്ടു സിനിമ ചെയ്യുന്നു''.
പക്ഷേ ഒരേ സമയം രണ്ടു സിനിമ ചെയ്യുന്നത് കാവ്യയുടെ രീതിയല്ലല്ലോ? . ''മുമ്പൊരിക്കലേ ഞാന്‍ രണ്ടുസിനിമയില്‍ ഒരുമിച്ചഭിനയിച്ചിട്ടുള്ളൂ. 'മീശമാധവനും', 'ഊമപ്പെണ്ണിന് ഉരിയാടാപയ്യനും'. അന്ന് ഞാന്‍ ശരിക്കും കഷ്ടപ്പെട്ടുപോയി. രണ്ടു സിനിമയില്‍ ഒരുമിച്ചഭിനയിക്കുക വലിയ പാടാണ്. നമ്മള്‍ ശരിക്കും ക്ഷീണിക്കും. അന്ന് ഞാന്‍ കാരണം ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങി. ഷൂട്ടിംഗ് മുടങ്ങുന്നത് എനിക്ക് ചിന്തിക്കാന്‍ വയ്യ. അന്ന് തീരുമാനിച്ചതാണ്. ഇനിയൊരിക്കലും ഒന്നിലധികം സിനിമകള്‍ ഒരുമിച്ച് ചെയ്യില്ലെന്ന്. രണ്ട് സിനിമയില്‍ അഭിനയിക്കുന്നത് ആദ്യത്തെയും അവസാനത്തേയുമാണെന്നാണ് അന്ന് കരുതിയത്. പക്ഷേ ഇത്തവണ അത് തെറ്റി. ചിലപ്പോള്‍ ഇത് ദൈവ നിശ്ചയമാകും''
ആദ്യ സിനിമയില്‍ ദിലീപിന്റെ ജോടിയായിട്ടാണ് കാവ്യ അഭിനയിച്ചത്. തിരിച്ചുവരവിലും ദിലീപ് തന്നെ നായകന്‍. കാവ്യ എന്തു പറയും? '' സിനിമയിലേക്കുള്ള റീ എന്‍ട്രി എന്നാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നതിനെ പലരും വിശേഷിപ്പിക്കുന്നത് '(കാവ്യയുടെ ചിരി വിടരുന്നു). എനിക്ക് അങ്ങനെ തോന്നുന്നില്ല. എന്തായാലും സന്തോഷമുണ്ട്. ആദ്യം സിനിമയില്‍ ദിലീപേട്ടന്റെ ജോടിയായിട്ടാണ് ഞാന്‍ സിനിമയില്‍ സജീവമായത്. ഇപ്പോഴും അങ്ങനെ തന്നെ സംഭവിക്കുന്നതിനെ എന്താണ് പറയുക. ജോഷിയങ്കിളിന്റെ പടം തുടങ്ങാന്‍ വൈകിയില്ലെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. അപ്പോള്‍ ദൈവത്തിന്റെ ഓരോ താല്‍പര്യങ്ങളാണ് അത്. എല്ലാവരും പറയുന്നത് ദിലീപേട്ടനും ഞാനും സിനിമയിലെ ഭാഗ്യജോടികളാണെന്നാണ്. അത് വീണ്ടും സംഭവിക്കുമെങ്കില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?''.
''ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്പ് ഞാന്‍ സത്യനങ്കിളിനെയും ലോഹി അങ്കിളിനെയും കമലങ്കിളിനെയും വിളിച്ചു പറഞ്ഞിരുന്നു. ഇത്തവണയും ഗുരുക്കന്‍മാരായി കാണുന്ന സത്യനങ്കിളിനെയും ലാലേട്ടനെയും വിളിച്ചു. കമലങ്കളിനെ വിളിച്ചിട്ടു കിട്ടിയില്ല. മജ്ഞുചേച്ചിയെയും ഗീതുചേച്ചിയെയും നവ്യയെയും ഭാവനയേയും ഒക്കെ വിളിച്ചു. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നു പറഞ്ഞു. ''നിനക്ക് പറ്റും. നീ പോകൂ എന്നാണവര്‍ പറഞ്ഞത്. 'രണ്ടു ദിവസം കൊണ്ട് നീ ഓക്കെയാകും എന്ന് എല്ലാവരും ധൈര്യം പകര്‍ന്നു. സ്‌നേഹിക്കുന്നവര്‍ നല്‍കുന്ന പിന്തുണ വലുതാണ്'.
'പാപ്പി അപ്പച്ച' എന്ന സിനിമയില്‍ അധ്യാപികയുടെ വേഷമാണ് കാവ്യയ്ക്ക്. നിരപ്പേല്‍ പാപ്പിയും മത്തായിയും നടത്തുന്ന സ്‌കൂളിലെ ടീച്ചറാണ് ആനി. സാമൂഹ്യസേവകനും ആദര്‍ശവാനുമായ അച്ഛന്റെ മകള്‍. തെറ്റുകണ്ടാല്‍ തുറന്ന് പറയുന്ന ആനിയ്ക്ക് പക്ഷേ പാപ്പിയുടെയും മത്തായിയുടെയും സ്‌കൂളില്‍ കൗതുകരമായ അനുഭവങ്ങള്‍. ദീലീപും ഇന്നസെന്റുമാണ് സ്‌കൂളിന്റെ നടത്തിപ്പുകാര്‍. കഥാപാത്രത്തെപ്പറ്റി പറയുമ്പോള്‍ കാവ്യ അറിയാതെ ചിരിക്കുന്നു.
ക്യാമറയ്ക്ക് മുന്നില്‍ എന്തായിരുന്നു കാവ്യയുടെ ആദ്യഷോട്ട്? അതൊരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അല്‍പനേരം മാത്രമുള്ള രംഗം. ചെറുക്കന്റെ പ്രകടനങ്ങള്‍ എല്ലാവരെയും ചിരിയിലാഴ്ത്തുന്നു.
സംവിധായകന്‍ മമ്മാസിനോട് കാവ്യ പറഞ്ഞത് ആദ്യം ലളിതമായ ഏതെങ്കിലും രംഗം ചിത്രീകരിക്കണെമെന്നാണ്. കുറച്ചുകാലം വിട്ടു നിന്ന് മടങ്ങിയെത്തുമ്പോഴുള്ള പകപ്പ് മാറ്റാനായിരുന്നു. വിചാരിച്ചതുപോലെ രസകരവും എളുപ്പവുമുള്ള രംഗം തന്നെ കിട്ടി. മൊത്തം സിനിമയില്‍ ഈ പെണ്ണുകാണല്‍ ചടങ്ങിന് വലിയ പ്രാധാന്യമുണ്ട്. ഡിസംബര്‍ 23 നായിരുന്നു ചിത്രീകരണം തുടങ്ങിയത്. അടുത്ത ദിവസം മുതല്‍ കാവ്യ ഷൂട്ടിംഗില്‍ പങ്കാളിയായി. അതിരാവിലെയും രാത്രി വൈകിയും ചിത്രീകരണം നീളുന്നു. കൊച്ചിയിലെ വീട്ടില്‍ നിന്ന് തന്നെയാണ് ഷൂട്ടിംഗ് സ്ഥലത്തേക്കുള്ള യാത്ര. അപൂര്‍വമായി മാത്രം തൊടുപുഴയില്‍ തങ്ങുന്നു.
''ഇല്ല. റീ എന്‍ട്രി എന്നുള്ള തോന്നല്‍ എനിക്കില്ല. കുറച്ചു മാസങ്ങള്‍ ഷൂട്ടിംഗില്‍ നിന്ന് വിട്ടു നിന്നു എന്നുള്ള തോന്നലേയുള്ളൂ. ഒരു ഇടവേള. ഏതു സിനിമയുടെ ചിത്രീകരണത്തിനെത്തുമ്പോഴും ഒന്നു രണ്ടു ദിവസം വേണം എനിക്കതില്‍ പൂര്‍ണ്ണമായി മുഴുകാന്‍. അതു തന്നെ ഇത്തവണയും സംഭവിച്ചു''-കാവ്യ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പഴയ കാവ്യതന്നെയായി. അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച നടിയായി.
''ഏപ്രിലില്‍ സിനിമ പുറത്തിറങ്ങും. പുതിയ ചില സിനിമകളുടെ ഓഫറുകള്‍ കൂടി ഉണ്ട്. പക്ഷേ, ഈ രണ്ടു സിനിമകള്‍ പുര്‍ത്തിയായശേഷം മതി എന്നാണ് ഇപ്പോഴത്തെ തീരുമാനം'', കാവ്യ പറയുന്നു.

NEWS LETTER
RSS











