MATHRUBHUMI RSS
Loading...
ഹൃദയത്തിലേക്കൊരു ഫോര്‍വേഡ്‌
ജേക്കബ് ഏബ്രഹാം

ഇ-മെയില്‍ ഫോര്‍വേഡുകള്‍ കൈമാറുന്നത് ഹരമാക്കിയെടുത്ത പുതിയ തലമുറയുടെ ചില ഭ്രമങ്ങള്‍...



ഇ-മെയില്‍ ഫോര്‍വേഡുകളെക്കുറിച്ചുള്ള ഈ കുറിപ്പ് നിങ്ങള്‍, നിങ്ങളുടെ അഞ്ച് സുഹൃത്തുക്കള്‍ക്ക് പി.ഡി.എഫ്. ഫോര്‍മാറ്റാക്കി മെയില്‍ ചെയ്തു കൊടുക്കുകയാണെങ്കില്‍ തിരുപ്പതി വെങ്കിടാപതിയുടെയോ വേളാങ്കണ്ണി മാതാവിന്റെയോ മധുരമീനാക്ഷിയുടെയോ അനുഗ്രഹം നിങ്ങളെ തേടിവന്നേക്കില്ല. പകരം ''എന്തടാ അപ്പനെ... മനുഷ്യന്റെ സമയം വെറുതെ മിനക്കെടുത്തല്ലേ...'' എന്നൊരു ഇ-മെയില്‍ ഇന്‍ബോക്‌സില്‍ എത്തിയേക്കാം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയ്ക്കായി അമ്പലനടകളിലും കുരിശടികളിലും പള്ളികളിലും കയറിയിറങ്ങിയ മല്ലു യുവാക്കളും യുവതികളും ഇന്ന് കൂട്ടത്തോടെ ഇ-മെയില്‍ ഫോര്‍വേര്‍ഡ് നേര്‍ച്ചയിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുകയാണ്.

അമ്പലനടകളിലെ, പ്രദക്ഷിണവഴികളിലെ ദീപനാളങ്ങള്‍ക്കും കുരിശടികളിലെ മെഴുകുതിരികള്‍ക്കും മുമ്പില്‍നിന്ന് മാറി സൈബര്‍ സ്‌പെയ്‌സിലൂടെ സഞ്ചരിച്ച് ഗേറ്റ്‌വേയിലൂടെ കടന്ന് ഫോര്‍വേഡ് നേര്‍ച്ചകള്‍ ജി- മെയിലിന്റെയും യാഹുവിന്റെയുമൊക്കെ സെര്‍വറുകളില്‍ യന്ത്ര- മന്ത്രാക്ഷരങ്ങളിലായി നിറഞ്ഞുകിടക്കുന്നു.

ഒരുകാലത്ത് അജ്ഞാതനായ ഏതോ ഒരു അദൃശ്യഹസ്തത്താല്‍ വിരചിതമായി നമ്മുടെ തപാല്‍വിലാസത്തില്‍ എത്തിക്കൊണ്ടിരുന്ന മഞ്ഞനിറമുള്ള പോസ്റ്റ്കാര്‍ഡിനെ മലയാളനാട്ടില്‍ മല്ലുവായി പിറന്നവരൊന്നും മറന്നിട്ടുണ്ടാകില്ല. തപാല്‍വകുപ്പ് 15 പൈസയില്‍നിന്ന് 25 പൈസയും പിന്നീട് 50-ഉം ആക്കിയപ്പോള്‍ പോസ്റ്റ്കാര്‍ഡ് നേര്‍ച്ചകള്‍ മലയാളികള്‍ ഉപേക്ഷിച്ചു. പകരം 'അനന്തം അജ്ഞാതം' എന്നു പറയുംപോലെയുള്ള സൈബര്‍ സ്‌പെയിസില്‍ ഫോര്‍വേഡ് നേര്‍ച്ചകള്‍ അയച്ചുതുടങ്ങി. ത്രികാലജ്ഞാനിയായ ഈശ്വരന്‍ ടെക്കിസാവിയാവില്ലെന്ന് ഒരു അന്ധവിശ്വാസവും നമ്മള്‍ക്കില്ലല്ലോ!

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ദൈവത്തിന്റെ മെയില്‍ ഇന്‍ബോക്‌സിലേക്ക് ഫോര്‍വേഡുകള്‍ നിറഞ്ഞുതുടങ്ങി. മതം കഴിഞ്ഞാല്‍ മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍വേഡ് മദ്യംതന്നെയാണ്. അല്ലെങ്കിലും 'മദ്യമാത്സര്യമോഹങ്ങള്‍' എന്നാണല്ലോ കവികളും പാടിയിരിക്കുന്നത്. 'ഓണക്കാലത്ത് മദ്യപിക്കാത്തവനൊന്നും ആണല്ല' എന്ന രീതിയില്‍ മുന്നേറുന്ന നമ്മുടെ ഏഉഡഅ (ഏൃീംവേ ുലൃ റീാലേെശര ൗലെ ീള മഹരവീവീഹ) റേറ്റും മദ്യത്തെ മതം കഴിഞ്ഞാല്‍ ഒരു ഫേവറിറ്റ് ഫോര്‍വേഡാക്കി മാറ്റിയിട്ടുണ്ട്. അറബിനാട്ടിലെ പോലീസുദ്യോഗസ്ഥര്‍ മദ്യക്കുപ്പികള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഫോര്‍വേഡുകള്‍ വളരെ രോഷം നിറഞ്ഞ അടിക്കുറിപ്പുകള്‍ ചേര്‍ത്താണ് മലയാളി അയച്ചു രസിച്ചത്.

'കുടിയന്‍ ബൈജുവിന്റെ 10 പ്രമാണങ്ങള്‍' വിവിധ മനുഷ്യ പാമ്പുകളുടെ പടംപൊഴിക്കല്‍ എന്നിവയൊക്കെ ഇ- മെയില്‍ പടം അയയ്ക്കലില്‍ ഒന്നാംസ്ഥാനം നേടിയവയാണ്. മൂന്ന് 'മ'കളും മൂന്ന് 'ക'കളും ആണ് ഫോര്‍വേഡുകളില്‍ ഹോട്ട്.

മൂന്ന് 'മ'കളില്‍ മതവും മദ്യവും പെട്ടുകഴിഞ്ഞാല്‍ പിന്നെ ഉള്ളത് 'മലയാളിത്ത'ത്തിന്റെ 'മ' ആണ്. കുഗ്രാമത്തില്‍ എല്‍.പി. സ്‌കൂള്‍ വരാന്തയില്‍ ഒറ്റക്കിരിക്കുന്ന ഒരു സ്‌കൂള്‍ ബാഗ്. പച്ചവരമ്പില്‍ സ്ലോമോഷനില്‍ നടക്കുന്ന മലയാളി തുളസിക്കതിര്‍ പെണ്‍കുട്ടി, മഴയുടെ വിവിധ ഭാവങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയൊക്കെ മണലാരണ്യത്തിലെ മനസ്സുകള്‍ക്ക് കുളിര്‍മ നല്‍കി മലയാളിത്തം പകരുന്നു. മദ്യത്തിന്റെ കാര്യത്തില്‍ നാടനും വിദേശിയും തമ്മിലുള്ള വ്യത്യാസം ഇ-മെയില്‍ ഫോര്‍വേഡുകളിലും പ്രകടമാണ്. മൂന്ന് 'ക'കളുടെ കൂട്ടത്തില്‍ ഈ നാടന്‍ ഭക്ഷ്യമേളയെ ഒരു ഫോര്‍വേഡ് ഇഷ്ടവിഭവമാക്കി മാറ്റിയിരിക്കുന്നു. 'കള്ള്', കപ്പ, കരിമീന്‍' എന്നീ മൂന്ന് 'ക'കള്‍ ആഗോള മലയാളികളുടെ ഫേവറിറ്റ് ഫോര്‍വേഡുകളാണ്. 'പൊടിയാടി', 'കരിമ്പുംകാല' തുടങ്ങിയ ഷാപ്പുകള്‍ കണ്ട് കണ്ണഞ്ചിയ എത്രയോ പേര്‍ ഈ ഷാപ്പുകളിലേക്ക് പറന്നിട്ടുണ്ട്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നു പറയുന്നതുപോലെയാണ് ഇന്റര്‍നാഷണല്‍ ഫോര്‍വേഡുകള്‍ മലയാളികളെ ഇന്റര്‍നാഷണലായി പൊട്ടനാക്കിയത്.

കോംഗോയിലും യുഗാണ്ടയിലും ബുര്‍ക്കിനോഫാസോയിലുമൊക്കെയുള്ള രാജവംശങ്ങളുടെ കുടിപ്പകയുടെ കഥ പറഞ്ഞ് എത്തിയ ഫോര്‍വേഡുകള്‍ ലക്ഷക്കണക്കിനു രൂപ 'തര്വാക്കാം' എന്ന് വികെഎന്‍ ഭാഷയില്‍ പറഞ്ഞ് മലയാളികളുടെ പതിനായിരങ്ങളുമായി കടന്നു. അത്യാവശ്യം വിദ്യാഭ്യാസമുള്ള മല്ലൂസ് പലരും ഈ ഇ-മെയില്‍ ഫോര്‍വേഡ് ചതിയുടെ കഥ പുറംലോകത്തെ അറിയിക്കാതെ നൈസായി പത്രത്താളുകളില്‍നിന്ന് സ്‌കൂട്ടായി. എത്ര 'ഹിമാലയ'ങ്ങള്‍ ഇടിഞ്ഞാലും ചിട്ടി അടച്ച് പൊട്ടുന്ന മലയാളികളുടെ ഇന്‍ബോക്‌സിലൂടെ ഇത്തരം ഫോര്‍വേഡുകള്‍ ഇന്നും അനര്‍ഗളം നിര്‍ഗളം പ്രവഹിക്കുന്നു.

പുതുതലമുറയ്ക്ക് രാഷ്ട്രീയത്തിലൊന്നും വല്യ താത്പര്യമില്ല എന്നു പറയുന്നവര്‍ ഇ-മെയില്‍ ഫോര്‍വേഡുകള്‍ ശ്രദ്ധിക്കേണ്ടതാണ്. രാഷ്ട്രീയനേതാക്കളെക്കാളും അപ്ടു ഡേറ്റാണ് ഈ കാര്യത്തില്‍ ഇ-തലമുറ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരിച്ച 'സിങ് ഈസ് കിങ്ങും' 'മിഷന്‍ ഇംപോസിബിളു'മൊക്കെ ഹിറ്റായിരുന്നു.

'പണ്ടു പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്...' എന്നു പറയുന്നതുപോലെയാണ് ഇ-മെയിലുകള്‍ക്കും ഫോര്‍വേഡുകള്‍ക്കും മുന്‍പ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മനുഷ്യമനസ്സില്‍ ഇടം പിടിച്ചത്. കാലം മാറി കഥ മാറി കാര്‍ട്ടൂണുകളുടെ രൂപവും മാറിയപ്പോള്‍ എസ്എംഎസും ഫോര്‍വേഡുകളും സജീവമായി. 'ടിന്റുമോന്റെ' ലീലാവിലാസങ്ങള്‍ ഫോര്‍വേഡുകളിലൂടെ അലറിച്ചിരിച്ചു പറയുന്നതാണ് പുതിയ ഫണ്‍ കാഴ്ച.

'ടിന്റുമോന്‍ തകര്‍ക്കുന്നു' എന്ന അടിക്കുറിപ്പോടെ എത്തിയ ഒരു ഫോര്‍വേഡില്‍നിന്ന് ഒന്ന് ഉദാഹരിക്കാം.

അപ്പന്‍: പരീക്ഷയ്ക്ക് നീ തോറ്റാല്‍ എന്നെ അപ്പാ... എന്നു വിളിക്കണ്ട. കുറച്ചു ദിവസം കഴിഞ്ഞ് അപ്പന്‍: എന്തായെടാ റിസള്‍ട്ട്!

ടിന്റുമോന്‍: അളിയാ... സോറീഡാ... അഞ്ചുവിഷയങ്ങളില്‍ തോറ്റുപോയി മച്ചൂ...

ടിന്റുമോന്‍ എസ്.എം.എസ്സുകള്‍ മൊബൈല്‍ സര്‍വീസ് കോര്‍പ്പറേറ്റുകള്‍ക്ക് നല്ല വരുമാനമാണ് നേടിക്കൊടുക്കുന്നത്. 2010-നെ രസകരമായി വരവേല്‍ക്കാനുള്ള ഫോര്‍വേഡുകളും ഇതു വായിക്കുന്നതിനകം നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടാവും. 'മനുഷ്യച്ചങ്ങല'പോലെ നിങ്ങളുടെ പേരും ചേര്‍ത്ത് കണ്ണിപൊട്ടിക്കാതെ അയയ്ക്കാവുന്ന ഒരു ഫോര്‍വേഡ്. അല്‍പം എരിവും പുളിവുമുള്ള മസാല ഫോര്‍വേഡുകളും മലയാളി ഇ-ലോകത്ത് വളരെ സജീവമാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടതിനാല്‍ ഹോട്ടായ പല ഫോര്‍വേഡുകളെപ്പറ്റിയും ഇവിടെ പരാമര്‍ശിക്കുന്നില്ല.

എല്ലാ ഫോര്‍വേഡുകളും കിട്ടുന്ന മുറയ്ക്ക് ഫോര്‍വേഡ് ചെയ്താല്‍ പല കുഴപ്പത്തിലും ചെന്നു ചാടാനും ചാന്‍സ് ഏറെയാണ്. അമേരിക്കന്‍ ഭരണത്തലവന്മാരായിരുന്ന സാക്ഷാല്‍ ബുഷും ഡിക്‌ചെനിയും ഭാര്യമാരോടൊത്തു നില്‍ക്കുന്ന വ്യാജ ഫോട്ടോ തീര്‍ത്ത് ഫോര്‍വേഡ് ചെയ്തതിന് ഒരു ഇന്ത്യന്‍ വംശജന്‍ ഈയിടെയാണ് അകത്തായത്. പിണറായി വിജയന്റെ വീട് എന്ന പേരില്‍ നെറ്റിലൂടെ പ്രചരിച്ച വ്യാജ ഫോര്‍വേഡിലൂടെയും കേരളത്തിലും ഫോര്‍വേഡ് വീരന്മാര്‍ സൈബര്‍സെല്ലിന്റെ പിടിയിലായി. ഒരു കാര്യം ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഓര്‍ത്താല്‍, ഫോട്ടോയും കാണാം ഫോര്‍വേഡും ചെയ്യാം. കാര്യമിതാണ് നിങ്ങള്‍ അയയ്ക്കുന്ന ഫോര്‍വേഡ് മറ്റുള്ളവരുടെ സമൂഹത്തിലെ പാസ്‌വേഡ് തുലയ്ക്കരുത്.