സി.എം.ബിജു
ഒരു ഡോക്ടറെ ദൈവത്തെപ്പോലെ കരുതിയ നാട്ടുകാര്‍. അവരെ കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹിച്ച ഡോക്ടര്‍. വടക്കെ മലബാറിന്റെ ഹൃദയത്തില്‍ പതിഞ്ഞ ഡോ. തങ്കം പാനൂസിന്റെ ജീവിതകഥ...
തലശ്ശേരിയില്‍ വണ്ടിയിറങ്ങി തങ്കം ഡോക്ടറുടെ വീട്ടിലേക്ക് ആരോടും വഴി ചോദിക്കാം. 60 കിലോമീറ്റര്‍ അകലെ അങ്ങ് തുണ്ടിയിലാണ് തങ്കം പാനൂസിന്റെ വീട്. കൗതുകമുണ്ട്, ഒരു ഡോക്ടറുടെ വീട് ഇത്ര പരിചിതമോ എന്ന്. ''അവര്‍ വെറുമൊരു ഡോക്ടറല്ല, ദൈവമാണ്. ഇവിടെ ഒരുപാടുപേരുടെ ജീവിതങ്ങള്‍ തിരിച്ചുതന്നത്അവരാണ്. അര നൂറ്റാണ്ടായി ഞങ്ങള്‍ക്ക് അഭയമാണ് ആ വീട്, പിന്നെ ആ വഴി എങ്ങനെ മറക്കും'', ടാക്‌സി ഡ്രൈവര്‍ ഭാസ്‌കരേട്ടന്‍ തലശ്ശേരി ഭാഷയില്‍ പറഞ്ഞു. 'കണ്ണൂരിന്റെ മലയോരത്തേക്ക് ആദ്യമായെത്തിയ ഡോക്ടര്‍', അതില്‍ മാത്രമൊതുങ്ങുന്നില്ല തങ്കത്തിന്റെ ജീവിതകഥയിലെ കൗതുകങ്ങള്‍. ഒരു രോഗിക്ക് അടിയന്തരമായി രക്തംവേണം. ഈ ഡോക്ടര്‍ സ്വന്തം സിരകളില്‍ നിന്ന് അത് പകര്‍ന്നുനല്‍കും. കൊഴിഞ്ഞുവീഴാവുന്ന ഒരുപാട് ജീവനുകള്‍ക്ക് അവരിങ്ങനെ കാവല്‍ നിന്നിട്ടുണ്ട്. ബന്ധുക്കളില്ലാത്ത രോഗികള്‍ക്ക് ഡോക്ടറുടെ വീട് എന്നും അഭയകേന്ദ്രമാണ്. കഞ്ഞിവെച്ചും കൃത്യസമയത്ത് മരുന്ന് നല്‍കിയും ഡോക്ടര്‍ മാസങ്ങളോളം രോഗികള്‍ക്ക് കൂട്ടിരുന്നു. തങ്കം ജീവിതത്തിലെ ഏടുകള്‍ മറിക്കുമ്പോള്‍ ഒരു ഡോക്ടറെക്കുറിച്ചുള്ള നമ്മുടെ പതിവുധാരണകളാണ് തെറ്റുന്നത്.
കേരളപ്പിറവിക്കും മൂന്നു വര്‍ഷം മുന്‍പ്. അന്നാണ് തങ്കം ഡോക്ടര്‍ കണ്ണൂരിലെത്തുന്നത്. മുറിവൈദ്യവും മന്ത്രവാദവുമൊക്കെയായിരുന്നു അക്കാലത്ത് ഗ്രാമങ്ങളുടെ ചികിത്സാവിധികള്‍. വീടിന്റെ അകത്തളങ്ങളിലാണ് പ്രസവങ്ങളൊക്കെ. മലമ്പനി പടര്‍ന്ന് പേടിച്ചുവിറയ്ക്കുന്ന ഗ്രാമീണര്‍. പാമ്പും പട്ടിയുമൊക്കെ കടിച്ച് ചികിത്സകിട്ടാതെ ആളുകള്‍ മരിക്കുന്ന കാലം. പത്ത് നൂറ് കിലോമീറ്ററൊക്കെ പോവണം ഒരു ഡോക്ടറെ കണ്ടുകിട്ടാന്‍. ഈ ദുരിതകാലത്തിലേക്കാണ് ഗോള്‍ഡ് മെഡലോടെ മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഒരു പെണ്‍കുട്ടിയെത്തുന്നത്. ഒന്നു മനസ്സുവെച്ചിരുന്നെങ്കില്‍ വിദേശത്ത് കനത്ത ശമ്പളം ലഭിക്കുന്ന ജോലി. അതെല്ലാം വേണ്ടെന്നുവെച്ച് തങ്കം മലയോരത്ത് സേവനത്തിനെത്തുന്നത് ഒട്ടും നിനച്ചിരിക്കാതെയാണ്. ഡോക്ടറുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു ദൈവനിയോഗംപോലെ.'
കോട്ടയം പാലായിലെ 'സമര'കുടുംബത്തിലാണ് തങ്കം ജനിച്ചത്. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭണത്തിലും നിവര്‍ത്തനസമരത്തിലും സജീവ പോരാളിയായ അച്ഛന്‍ കുര്യാക്കോസ്. സര്‍ സി.പി.യ്‌ക്കെതിരായ സമരത്തിലൂടെ ജയിലില്‍ കിടക്കേണ്ടിവന്ന അച്ഛന്റെ സഹോദരങ്ങള്‍. പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച കുടുംബമായിരുന്നു. അത്. അവരെ സഹായിക്കാന്‍ സ്വത്തുപോലും വിറ്റപ്പോഴാണ് അഭിഭാഷകജോലിക്കായി കുര്യാക്കോസും കുടുംബവും കണ്ണൂരിലേക്ക് കുടിയേറിയത്. അപ്പോഴും സാധാരണക്കാരുടെ ദുരിതമായിരുന്നു മനസ്സുനിറയെ. മക്കളുടെ മനസ്സിലേക്കും കുര്യാക്കോസ് തന്റെ ചിന്തകള്‍ പകര്‍ന്നുനല്കി. ''എന്റെ കാര്യത്തില്‍ അപ്പന് വലിയൊരു മോഹമുണ്ടായിരുന്നു. ഒരിക്കലത് തുറന്നുപറഞ്ഞു. നീയൊരു കന്യാസ്ത്രീയാവണം, അല്ലെങ്കില്‍ ഒരു ഡോക്ടര്‍. രണ്ടായാലും പാവങ്ങളെ പരിചരിച്ച് ജീവിക്കണം.'' ജീവിതത്തിനൊരു ലക്ഷ്യം നിശ്ചയിച്ചത് ഈ വാക്കുകളാണെന്ന് തങ്കം ഓര്‍ക്കുന്നു.
പഠിക്കാന്‍ മിടുക്കിയായിരുന്നു തങ്കം. പ്രീയൂണിവേഴ്‌സിറ്റിക്ക് മദ്രാസ് സംസ്ഥാനത്ത്
ഒന്നാം റാങ്ക്. കേരളത്തിന് ഒറ്റ മെഡിക്കല്‍ കോളേജുകളുമില്ലാത്ത അന്ന് റാങ്ക് നേടിയാല്‍പോലും മെഡിസിന് പ്രവേശനം എളുപ്പമല്ല. മദ്രാസില്‍ മലബാറുകാര്‍ക്ക് സംവരണം ചെയ്തത് 11 സീറ്റാണ്. അതില്‍ 10ഉം ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ളതും. പക്ഷേ, ആ വര്‍ഷം ഒറ്റ പെണ്‍കുട്ടിയാവാനുള്ള ഭാഗ്യം തങ്കത്തിനുതന്നെ കിട്ടി. വിജയകരമായി മെഡിസിന്‍ പഠനം. കോഴ്‌സ് പൂര്‍ത്തിയായ സമയത്താണ് തങ്കത്തിന്റെ അച്ഛന്‍ കുര്യാക്കോസിനെ ഉറ്റ സുഹൃത്ത് ഫാ.റോഡ്‌റിഗ്‌സ് കാണാനെത്തുന്നത്. ''ആ കൂടിക്കാഴ്ചയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. നാട്ടിന്‍പുറങ്ങളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണെന്ന് ഫാദര്‍ അച്ഛനോട് പറഞ്ഞു. ഒടുവിലൊരു പരിഹാരവും അദ്ദേഹം നിര്‍ദ്ദേശിച്ചു. തങ്കത്തിന്റെ പഠനം കഴിഞ്ഞില്ലേ, അവളെ നമുക്കിങ്ങ് കൊണ്ടുവന്നാലോ? 'കേട്ടപാതി അച്ഛന്‍ സമ്മതം മൂളി'', തങ്കം പറയുന്നു.
കാട്ടുപാതകളാണ് തുണ്ടിയിലേക്കുള്ള അന്നത്തെ വഴികള്‍. വൈദ്യുതിയും വണ്ടിയുമൊന്നും സ്വപ്‌നം കാണാന്‍ പറ്റാത്ത കാലം. ആദ്യമായൊരു ഡോക്ടര്‍ വരുന്നെന്ന് കേട്ടപ്പോള്‍ ഗ്രാമം ഉത്സാഹത്തിമിര്‍പ്പിലായി. ഫാദറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒത്തുകൂടി. ഓലയും മുളയുമൊക്കെ സംഘടിപ്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മല ആസ്പത്രി ഉയര്‍ന്നു. ഒരൊറ്റ മുറി ഓലപ്പുരയില്‍. പരിശോധനാമുറിയും പ്രസവവാര്‍ഡുമെല്ലാം ആ ഒറ്റമുറി തന്നെ.
''ആസ്പത്രി തുറന്ന് രണ്ടാഴ്ചയായപ്പോഴേക്കും എനിക്ക് നിന്നുതിരിയാന്‍പോലും സമയമില്ലാതായി. അതിരാവിലെ ആറു മണിക്ക് ഒ.പി. തുടങ്ങും. ദിവസം 300 പേരൊക്കെയാണ് ചികിത്സ തേടിവരിക. ഒറ്റയിരുപ്പില്‍ അര്‍ധരാത്രിവരെയൊക്കെ പരിശോധന നടത്തേണ്ടിവന്നിട്ടുണ്ട്. ഫീസൊക്കെ തരിക പത്തോ ഇരുപതോ പേര്‍. പക്ഷേ, എനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു. ഫീസില്ലാത്തതിന്റെ പേരില്‍ ഒറ്റ രോഗിയും എന്റെ പടിക്കല്‍നിന്ന് തിരിച്ചുപോകരുതെന്ന്.'' ഈ ഒരു ശീലമാണ് തങ്കത്തെ ഗ്രാമത്തിന്റെ പ്രിയങ്കരിയാക്കിയത്.
ഫീസൊന്നും വാങ്ങാതെ ചികിത്സിക്കുന്ന ഡോക്ടര്‍ ആദ്യകാലത്ത് സഞ്ചരിക്കുന്ന ആസ്പത്രി തന്നെയായിരുന്നു. കൈയില്‍ മരുന്നുകളുമാ
യി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് നടന്നുപോകേണ്ടിവന്നിട്ടുണ്ട് തങ്കത്തിന്. ''രോഗം കലശലാണെന്നും പറഞ്ഞ് രോഗിയുടെ ബന്ധുക്കള്‍ വിളിക്കാന്‍ വരും. തിരിച്ചുവരുമ്പോള്‍ അവരൊപ്പമുണ്ടാവില്ല. കാടിനു നടുവിലൂടെ 15 കിലോമീറ്ററൊക്കെ ഒറ്റക്ക് നടക്കേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും പേടിയാവും. പിന്നെ ദൈവത്തെ വിളിച്ച് കണ്ണും പൂട്ടിയൊരു നടത്തമാണ്.അന്ന് ഗര്‍ഭിണികളെ കട്ടിലില്‍ കിടത്തിയൊക്കെയാണ് ആസ്പത്രിയില്‍ കൊണ്ടുവരിക. വയറ്റാട്ടിമാരൊക്കെ ശ്രമിച്ച് പരാജയപ്പെട്ടശേഷമാണ് എന്റെയടുക്കല്‍ എത്തുക. അപ്പോഴേക്കും അവസ്ഥ ഗുരുതരമായിട്ടുണ്ടാവും. പിന്നെ എങ്ങനെയെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാനാവും ശ്രമം.അതുകൊണ്ട് സിസേറിയനൊക്കെ അപൂര്‍വമായ കാലത്ത് പലപ്പോഴും എനിക്കത് ചെയ്യേണ്ടിവന്നിട്ടുണ്ട്. പെട്രോമാക്‌സൊക്കെ കത്തിച്ചുവച്ചാണ് അന്നത്തെ സര്‍ജറികള്‍.''
പലപ്പോഴും തങ്കത്തിന്റെ വീട് രോഗികള്‍ക്ക് അഭയകേന്ദ്രമായിരുന്നു. ''ചിലരെ ബന്ധുക്കള്‍ പരിശോധനക്ക് കൊണ്ടുവരും. നോക്കികഴിയുമ്പോഴേക്കും ബന്ധുക്കള്‍ സ്ഥലംവിടും.പിന്നെ രോഗിയെ ഞാന്‍ തന്നെ പരിചരിക്കും. ആറു മാസമൊക്കെ എന്റെ വീട്ടില്‍ കഴിഞ്ഞ രോഗികളുണ്ട്. പാമ്പുകടിച്ചൊക്കെ വരുന്നവര്‍ക്ക് പലപ്പോഴും രക്തം വേണ്ടിവരും. ബന്ധുക്കള്‍ക്കാണെങ്കില്‍ അത് നല്‍കാന്‍ പേടിയും. പിന്നെ ഞാനൊന്നും ആലോചിക്കില്ല. എന്റെ രക്തമെടുത്ത് രോഗിക്ക് നല്‍കും. ഈ നന്മകളിലൂടെയാണ് തങ്കം ഗ്രാമീണരുടെ ഇഷ്ടം പിടിച്ചുവാങ്ങിയത്.
കുടുംബത്തിന്റെ തണല്‍
1958ലായിരുന്നു തങ്കത്തിന്റെ വിവാഹം. അഭിഭാഷകനായ പാനൂസിന്റെ കൂട്ട്, പിന്നെ കുടുംബജീവിതത്തിന്റെ ആഹ്ലാദങ്ങള്‍, ആറു മക്കളുടെ വളര്‍ച്ച... ജീവിതം നിറഞ്ഞൊഴുകുമ്പോഴും ഡോക്ടറുടെ മനസ്സില്‍ രോഗികളും ചികിത്സയുമൊക്കെത്തന്നെയായിരുന്നു. പക്ഷേ, ഇതിനിടയിലുണ്ടായ ഒരു ദുരന്തം അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു.
''എന്റെ അതേ മനസ്സായിരുന്നു മൂത്ത മോന്‍ തോമസ്സിന്. എപ്പോഴും രോഗികളെന്നും പറഞ്ഞ് നടക്കും. സര്‍ജറിയിലായിരുന്നു അവന് കമ്പം.പെട്ടെന്നാണ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത്. പിന്നെ നാലു വര്‍ഷം കൂടിയേ അവനുണ്ടായിരുന്നുള്ളൂ.'' തങ്കത്തിന്റെ വാക്കുകള്‍ ഇടറി. തൊട്ടുപിന്നാലെ ഭര്‍ത്താവിന്റെ മരണം. അതോടെ ഡോക്ടറുടെ മനസ്സില്‍ നിന്ന് രോഗികള്‍ ഒഴിഞ്ഞുതുടങ്ങി. ആളും അനക്കവുമൊഴിഞ്ഞ വീട്ടില്‍ ഈ 80-ാം വയസ്സില്‍ അവര്‍ തനിച്ചാണ്. മക്കള്‍ നാലുപേര്‍ ഡോക്ടര്‍മാര്‍. എപ്പോഴെങ്കിലുമെത്തുന്ന അവരെ കാത്തിരിക്കുമ്പോള്‍ പഴയ കാലത്തിന്റെ സുഖം നിറഞ്ഞ ഓര്‍മകളാണ് തങ്കത്തിന് കൂട്ട്.

NEWS LETTER
RSS











