ഓര്‍മകളില്‍ അമ്മ നിറയുമ്പോള്‍ പാല്‍പായസത്തേക്കാള്‍ മധുരമാണ്. കഥാകൃത്ത് അശോകന്‍ ചരുവിലിന്റെ അനുഭവം...
സാധാരണ മട്ടിലുള്ള ഒരണുകുടുംബം. പ്രഭാതം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ ഊണ്‍മേശപ്പുറത്ത് പുസ്തകങ്ങള്‍ നിരത്തിവെച്ചു പഠിക്കുകയാണ്. ഇടയ്‌ക്കൊരു സമയത്ത് അവന്‍ അമ്മയെ വിളിച്ചു. ആദ്യവട്ടം പതുക്കെ. പിന്നെ തെല്ലുറക്കെ. അങ്ങനെ മൂന്നോ നാലോ വട്ടം. അമ്മ വിളി കേട്ടില്ല. ആളില്ലാത്ത വീട്ടിലെ ടെലിഫോണ്‍ മണിനാദംപോലെ അത് നിലച്ചു.അമ്മ തൊട്ടപ്പുറത്ത് അടുക്കളയിലുണ്ട്. വിളി കേള്‍ക്കാത്തതിന് (പ്രതികരിക്കാത്തതിന്) അവരെ കുറ്റംപറയാന്‍ കഴിയുമോ? പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് തുടങ്ങിയ പണിയാണ്. തിരക്കോടു തിരക്ക്. വീട്ടില്‍ നാലാളുണ്ടെങ്കില്‍ അവര്‍ക്ക് അഞ്ചുതരം വിഭവം വേണം. ഒരാള്‍ക്ക് ഇഷ്ടമുള്ളത് മറ്റെയാള്‍ക്കു പറ്റില്ല. ഒരു കൈ സിങ്കിലെ പാത്രങ്ങളില്‍, ഒരു കൈ കുക്കിങ് സ്റ്റൗവില്‍, ഒരു കൈ ചിരവയില്‍, ഒരു കൈ മിക്‌സിയില്‍, അങ്ങനെയുള്ള ചടുലനര്‍ത്തനമാണ്. ഇതൊക്കെ കഴിഞ്ഞിട്ടുവേണം ഒരുവിധം കുളിച്ചൊരുങ്ങി ഇറങ്ങി ഓടാന്‍. ബസ്സു പിടിച്ച് ആപ്പീസിലെത്തേണ്ടേ? ആരും നിര്‍ബന്ധിച്ചിട്ടല്ല, സമയത്തിന് ജോലിക്കെത്തണമെന്ന സ്ത്രീസഹജമായ ഒരു താത്പര്യം. ഉള്ളിലെ രോഷവും സങ്കടവും മകന്റെ വിളിയെ അവഗണിക്കാന്‍ അവരെ പ്രേരിപ്പിച്ചു.
ഇപ്പുറത്ത് അച്ഛന്‍ എന്ന കഥാപാത്രം ഉണ്ട്. ഓര്‍ക്കുട്ടിലെ പ്രൊഫൈലില്‍ പറയുംപടി ഒരു ലെഫ്റ്റ് ലിബറല്‍ ആണ് അദ്ദേഹം. പഴയകാലത്തെ ഭര്‍ത്താക്കന്മാരെപ്പോലെയല്ല ഭാര്യയെ അടുക്കളയില്‍ സഹായിക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, എവിടെ സമയം? കാലത്തെഴുന്നേറ്റ് നാലു കിലോമീറ്റര്‍ നടന്ന് തിരിച്ചുവന്നു. അതു കഴിഞ്ഞ് അരമണിക്കൂര്‍ നേരം കഠിനമായ യോഗാസനം. ലോകത്തിന്റെ നടത്തിപ്പില്‍ സജീവ തത്പരനായ അദ്ദേഹത്തിന് രണ്ടു ദിനപ്പത്രങ്ങളെങ്കിലും വായിച്ചു തീര്‍ക്കേണ്ടതുണ്ട്. അതിനിടയ്ക്ക് അസംഖ്യം ഫോണ്‍കോളുകള്‍. പത്രത്തില്‍ വന്നതും വിട്ടുപോയതുമായ വര്‍ത്തമാനങ്ങളെക്കുറിച്ച് സുഹൃത്തുക്കളുമായുള്ള തത്സമയ സംവാദങ്ങള്‍. പിന്നെ എപ്പോഴെങ്കിലും ഒന്ന് ജോലിസ്ഥലത്തെത്തണം. വൈകീട്ടാണെങ്കില്‍ പട്ടണത്തിലെ വിവിധ ഹാളുകളില്‍ ചര്‍ച്ചകള്‍, പുസ്തകപ്രകാശനം, സിനിമാപ്രദര്‍ശനം. രാത്രി വൈകി ക്ഷീണിച്ച് അവശനായിട്ടാണ് വീട്ടിലെത്തുന്നത്.
പ്രായമായവര്‍ മക്കളെപ്പറ്റി പല പരാതികളും പറയാറുണ്ട്. മക്കള്‍ക്ക് അവരുടെ കാര്യം മാത്രം. തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നുപോലും അവര്‍ പലപ്പോഴും ഓര്‍ക്കാറില്ല. അകലെയാണ് ജോലി എങ്കില്‍ ഇടയ്‌ക്കെങ്കിലും ഒന്നു വന്നുകാണാറില്ല. ഫോണില്‍ വിളിക്കാറില്ല. വാര്‍ധക്യത്തിലെത്തുമ്പോള്‍ ആളുകള്‍ക്ക് മക്കള്‍ അടുത്തുണ്ടാവണമെന്ന ആഗ്രഹം വര്‍ധിക്കും. വര്‍ത്തമാനകാല സാഹചര്യത്തില്‍ അത് സാധ്യമാവുമോ? ജീവിതത്തിനു തിരക്കേറുന്നു. നൂറുജന്മം അനുഭവിച്ചാലും തീരാത്തത്ര അവസരങ്ങള്‍ പുതുതലമുറയുടെ മുമ്പാകെ വിരല്‍സ്പര്‍ശം കാത്തുകിടക്കുകയാണ്. അപ്പോള്‍ ഏകാന്തതയും ഏതാണ്ടൊരനാഥത്വവും വാര്‍ധക്യത്തിന്റെ ഒഴിയാബാധയാകുന്നു. പക്ഷേ, ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞ പരാതി എന്നെ വല്ലാതെ നോവിച്ചു. അവര്‍ പറഞ്ഞു: അവന്‍ എന്നെ അമ്മേ എന്നു വിളിക്കുന്നില്ല!
വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ കാണാം. നമ്മുടെ സമൂഹത്തിലെ പലരും ഒരു പ്രായം പിന്നിടുമ്പോള്‍ അമ്മയെ അമ്മ എന്നും അച്ഛനെ അച്ഛന്‍ എന്നും (അല്ലെങ്കില്‍ അപ്പന്‍, പപ്പ, ഉപ്പ) വിളിക്കാതാവുന്നുണ്ട്. അത്തരം വിളികള്‍ ബാലിശത്വമായി അവര്‍ കരുതുന്നു. മറ്റുള്ളവരോട് സ്വന്തം പിതാവിനെപ്പറ്റി പറയുമ്പോള്‍ 'സീനിയര്‍', 'പ്രൊഡ്യൂസര്‍' എന്നൊക്കെ പരാമര്‍ശിക്കുന്നവരുണ്ട്. നേരിട്ടിടപെടേണ്ട അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പണ്ടത്തെ ഭാര്യമാര്‍ ഭര്‍ക്കാത്തക്കന്മാരെ വിളിക്കുന്നതിനുപയോഗിച്ചപോലുള്ള (ദേ, നോക്കൂ, പിന്ന്യേ, അതേയ്) ചില സൂത്രവാക്കുകള്‍ മക്കള്‍ കണ്ടെത്തുന്നു.
വാര്‍ധക്യത്തിലൊന്നുമെത്താത്ത ഒരു പിതാവ് ഒരിക്കല്‍ എന്നോട് തന്റെ സങ്കടം പങ്കുവെച്ചു. കുട്ടിക്കാലത്ത് മകന്‍ അയാളോട് എന്തൊക്കെ
കാര്യങ്ങളാണ് സംസാരിച്ചിരുന്നത്? കാണുന്നതും കേള്‍ക്കുന്നതും മനസ്സില്‍ തോന്നുന്നതും ഒന്നും വിടാതെ സംസാരിക്കും. പക്ഷേ, മുതിര്‍ന്നപ്പോള്‍ (അത്രയൊന്നും മുതിര്‍ന്നിട്ടില്ല. കോളേജില്‍ പഠിക്കുന്ന പ്രായം) അവന്‍ തന്നോടു സംസാരിക്കാറില്ല. വിസ്മയംകൊണ്ടു വിടര്‍ന്ന കണ്ണുകളോടെ അവന്‍ എന്തെങ്കിലുമൊന്ന് പറയുവാന്‍ അയാള്‍ കൊതിക്കുകയാണ്.കുട്ടിക്കാലം അതിരറ്റ ഒരു വിസ്മയപ്രപഞ്ചമാണ് ഒരാളുടെ മുമ്പാകെ ഒരുക്കുന്നത്. സര്‍ഗാത്മകതയുടെ പരകോടിയിലാണ് കുഞ്ഞ് നില്‍ക്കുന്നത്. ഒപ്പം അങ്ങേയറ്റം നിഷ്‌കളങ്കനുമാണ് അവന്‍. അറിയാനുള്ള ആകാംക്ഷ, അനന്തമായ സ്‌നേഹം (അമ്മയോടും അച്ഛനോടും മാത്രമല്ല, പൂക്കളോടും പറവകളോടും കഥയിലെ രാക്ഷസനോടും) നിറഞ്ഞൊഴുകുന്ന കാരുണ്യം, നൈസര്‍ഗികമായ ജനാധിപത്യബോധം, സഹിഷ്ണുത, മതേതരത്വം. മുതിരുന്നതോടെ ഇതു പലതും ഇല്ലാതാവുന്നു. മുതിര്‍ന്നവര്‍ നിര്‍മിക്കുന്ന ലോകമാണ്, അതിലെ സാമൂഹിക, സാമ്പത്തിക ദാര്‍ശനിക വ്യവസ്ഥകളാണ് കുട്ടിയെ തകര്‍ക്കുന്നത്. വ്യവസ്ഥയുടെ ഭാഗമായി നിന്നുകൊണ്ട് സ്വയമറിയാതെ അച്ഛനും അമ്മയും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 'വകതിരിവു കെട്ട' ചോദ്യങ്ങളുമായി അവന്‍ അടുത്തുവന്നപ്പോള്‍ എപ്പോഴെങ്കിലും 'ഒന്നു മിണ്ടാതിരിക്കെടാ' എന്നു പറഞ്ഞിട്ടുണ്ടോ എന്ന് സ്വയം ചോദിക്കുക. ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതുമാണ് മാന്യത എന്ന തെറ്റായ സന്ദേശം കുട്ടികള്‍ സ്വീകരിക്കുന്നത് അനുഭവങ്ങളില്‍നിന്നാണ്.
ആയിരക്കണക്കിനു വാക്കുകളുള്ള നമ്മുടെ 'ശബ്ദതാരാവലി'യിലെ ഏറ്റവും കാവ്യാത്മകമായ വാക്ക് 'അമ്മ' എന്നതാണെന്ന് നമുക്ക് ഉറപ്പിച്ചുപറയാന്‍പറ്റും. ഒറ്റ വാക്കില്‍ ഒരു അനുഭവപ്രപഞ്ചം മുഴുവന്‍ ഉള്‍ക്കൊള്ളുമ്പോള്‍ അതിനെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കുക? മൃതസഞ്ജീവനിപോലെയാണത്. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു ചെന്നും മുഴങ്ങുന്ന സംഗീതസാന്ദ്രമായ വാക്ക്.
രണ്ടുവര്‍ഷം മുന്‍പ് എന്റെ അമ്മ ഒരു ആക്‌സിഡന്റില്‍ പെട്ടു. എന്റെ സഹോദരിയുമൊത്ത് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ അതിവേഗത്തില്‍ വന്ന ഒരു ജീപ്പ് ലക്ഷ്യംതെറ്റി ശരീരത്തില്‍ ഇടിച്ചു. തലപൊട്ടി ബോധരഹിതയായി വീണ അമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. വിവരമറിഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍ അമ്മ ഐ.സി.യു.വില്‍ കിടക്കുകയാണ്. പ്രാഥമിക പരിശോധനകള്‍ കഴിഞ്ഞു. അടിയന്തര ശസ്ത്രക്രിയ വല്ലതും വേണോ എന്നറിയാന്‍ ന്യൂറോ സര്‍ജന്‍ വരണം. അദ്ദേഹം വന്നുകൊണ്ടിരിക്കുകയാണ്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സര്‍ജന്‍ രാജീവ് മേനോനെ എനിക്കു പരിചയമുണ്ട്. അദ്ദേഹം പറഞ്ഞു. ''ഒന്നും പറയാന്‍ കഴിയില്ല. സംഗതി വളരെ ഗുരുതരമാണ്. ഇപ്പോള്‍ ആള്‍ കോമയിലാണ്. യാതൊരു ബോധവുമില്ല.''
ഐ.സി.യു.വില്‍ അകത്തു കയറി കാണാന്‍ ഡോ. മേനോന്‍ എന്നെ അനുവദിച്ചു. ഞാന്‍ അടുത്തു ചെന്നു. ശീതീകരിച്ച ആ മുറിയില്‍ യാതൊരു അനക്കവുമില്ലാതെ അമ്മ കിടക്കുകയാണ്. ഇരു കൈകള്‍കൊണ്ടും ഞാന്‍ അമ്മയെ തൊട്ടു. അറിയുന്നില്ല. തെല്ല് ഉറക്കെ വിളിച്ചു. ''അമ്മേ.''
പെട്ടെന്ന് ശരീരം ഒന്നനങ്ങി. ഒരുനിമിഷത്തേക്ക് മുഖത്ത് ഒരു ഭാവവ്യത്യാസം ഉണ്ടായി. കണ്ണുകള്‍ തുറക്കാന്‍ ഒരു തീവ്രശ്രമം. സാധിച്ചില്ല. വീണ്ടും മയക്കത്തിലേക്കു വീണു. വൈകാതെ വെന്റിലേറ്ററിലേക്കു മാറ്റിയ അമ്മയ്ക്ക് പിന്നീടൊരിക്കലും ബോധം വന്നില്ല. തലയില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. ഇരുപതുദിവസങ്ങള്‍ക്കുശേഷം അമ്മ അന്തരിച്ചു.
നമ്മള്‍ വിളിച്ചാല്‍ അമ്മമാര്‍ ഏതു ലോകത്തുനിന്നും വിളി കേള്‍ക്കുന്നുണ്ടാവും.

NEWS LETTER
RSS











