ടി.ആര്‍.രമ്യ
'കോളേജ് പ്രിന്‍സിപ്പലായ കന്യാസ്ത്രീ മഠാംഗത്വം ഉപേക്ഷിച്ചു'. 2008 സപ്തംബര്‍ ഒന്നിന് വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞ വാക്യം. ഇന്ന് ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴും ഈ കന്യാസ്ത്രീ വാര്‍ത്തകളില്‍ത്തന്നെയുണ്ട്. 'സ്ത്രീകള്‍ ചോദ്യം ചോദിക്കാന്‍ പഠിക്കണം-സിസ്റ്റര്‍ ഡോ. ജെസ്മി', 'സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍' 2009-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മലയാള പുസ്തകങ്ങളുടെ പട്ടികയില്‍' എന്നൊക്കെ മാറി തലക്കെട്ടുകള്‍.തലക്കെട്ടുകളില്‍ നിന്നിറങ്ങി ഒറ്റയ്ക്കിരുന്ന് പുതിയ പുസ്തകമെഴുതുകയാണ് സിസ്റ്ററിപ്പോള്‍. 33 വര്‍ഷത്തെ മഠവാസമായിരുന്നു 'ആമേനെ'ങ്കില്‍ ഇപ്പോള്‍ തയ്യാറാകുന്നത് അതിന്റെ രണ്ടാം ഭാഗം. വിഷയം-തിരുവസ്ത്രം ഉപേക്ഷിച്ച ശേഷമുള്ള സംന്യാസ ജീവിതം.
സ്വന്തം തട്ടകത്തിന്റെ പൂര്‍ണത തേടിയാണ് സിസ്റ്റര്‍ ജെസ്മി തിരുവസ്ത്രം ഉപേക്ഷിച്ചത്. സീറോ മലബാര്‍ സഭയുമായി ആശയപരമായ വ്യത്യാസങ്ങളുണ്ടായെങ്കിലും പക്വതയിലേക്ക് വിഭിന്ന അനുഭവങ്ങള്‍ തന്ന് ഉയര്‍ത്തിയത് സഭയാണെന്ന് സിസ്റ്റര്‍ തുറന്നുപറയുന്നു. അധ്യാപനം, എഴുത്ത്, പ്രസംഗം-സിസ്റ്റര്‍ ജെസ്മിയുടെ തട്ടകം ഇപ്പോള്‍ പൂര്‍ണമാണ്. കത്തോലിക്കന്‍ സ്ത്രീകള്‍ക്കു മൂന്നാംപാതയിലേക്ക് വെളിച്ചം തുറക്കുക എന്ന ദൗത്യം സിസ്റ്റര്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു.
''കത്തോലിക്കന്‍ സ്ത്രീകള്‍ക്ക് രണ്ടു വഴികള്‍ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഒന്നുകില്‍ സംന്യാസജീവിതം അല്ലെങ്കില്‍ സാധാരണ ജീവിതം. ഇതു രണ്ടുമല്ലാത്ത വഴിയാണ് മൂന്നാംപാത.''
''അല്‍മായ സംന്യസ്തരെ സംരക്ഷിക്കാനുള്ളവളാണ് നീ'' എന്ന ദൈവവിളിയില്‍നിന്നാണ് താന്‍ മറ്റുള്ളവര്‍ക്ക് മൂന്നാംപാതയിലേക്കുള്ള വെളിച്ചം കാണിച്ചുകൊടുക്കുന്നതെന്ന് സിസ്റ്റര്‍.
''ജെസ്മി എന്നാല്‍ ജീസസും ഞാനും എന്നര്‍ഥം. പേരുപോലെ എഴുത്തിലും ഈശോ നിറഞ്ഞുനില്‍ക്കുന്നു. മഠത്തിനകത്തായാലും പുറത്തായാലും വിശ്വാസിയുടെ മനസ്സില്‍നിന്ന് ദൈവത്തിന് ഇറങ്ങിപ്പോകാനാവില്ല.''
പരസ്യമായി അഭിപ്രായപ്രകടനം നടത്താന്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ മുതല്‍ സിസ്റ്റര്‍ ജെസ്മി ശബ്ദിച്ചത് സ്ത്രീകള്‍ക്കുവേണ്ടിയാണ്. സ്ത്രീകള്‍ ചോദ്യംചോദിക്കാന്‍ പഠിക്കണമെന്നും മനസ്സിലുയരുന്ന ചോദ്യങ്ങള്‍ ലജ്ജമൂലം അടക്കിവെക്കരുതെന്നും സിസ്റ്റര്‍ പൊതുവേദികളില്‍ പ്രസംഗിച്ചു. സിസ്റ്ററുടെ ചിന്തകള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെയും വിദേശങ്ങളിലെയും സാഹിത്യകലാകാരന്മാര്‍ മുന്നോട്ടുവന്നു. ജയ്പുര്‍ സാഹത്യസമ്മേളനത്തിലും ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെസ്റ്റിവലിലും സിസ്റ്റര്‍ പ്രത്യേക ക്ഷണിതാവായി. പ്രിയപ്പെട്ട വിഷയമായ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വിവിധ കോളേജുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നും ക്ഷണം. തിരക്കുകള്‍ക്കിടയിലും മൂന്നുമിനിറ്റിലധികം സിസ്റ്റര്‍ ജെസ്മി ഈശോയെ മറന്നിരുന്നിട്ടില്ല.
കോഴിക്കോട് തട്ടകമാക്കിയ തൃശ്ശൂരുകാരി സിസ്റ്റര്‍ കാളൂര്‍ റോഡിലെ 'ലില്ലി'യിലുണ്ട്. കൂട്ടിന് ഈശോ മാത്രം. ജീവിതത്തില്‍ കൂട്ടായി ഒരു കുട്ടിയെ ദത്തെടുക്കാന്‍ സിസ്റ്റര്‍ തീരുമാനിച്ചുകഴിഞ്ഞു. ആത്മീയ സാന്നിധ്യമായി യേശു എപ്പോഴും ഒപ്പമുണ്ടെങ്കിലും ഇടയ്ക്ക് ഒറ്റയ്ക്കായിപ്പോകുന്നത് താങ്ങാനാവാതെ വന്നപ്പോഴാണ് ജീവിതത്തിലേക്ക് പുതിയ അതിഥിയെ ക്ഷണിക്കാന്‍ ഉറപ്പിച്ചത്.
ഇതിനിടെ, ചില സ്വാശ്രയ കോളേജുകള്‍ ജോലി വാഗ്ദാനം ചെയെ്തങ്കിലും സിസ്റ്റര്‍ നിരസിച്ചു. സഭയ്ക്കു കീഴിലുള്ള പല കോളേജുകളിലും ദീര്‍ഘകാലം ഇംഗ്ലീഷ് അധ്യാപികയായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് അവര്‍ക്ക് സിസ്റ്ററില്‍നിന്ന് വേണ്ടിയിരുന്നത്. എന്നാല്‍, സഭയ്ക്കുള്ളിലായിരിക്കെ സ്വാശ്രയ കോളേജുകളിലെ തലവരിപ്പണത്തെയും അനധികൃത ഫീസിനെയും ചോദ്യംചെയ്ത സിസ്റ്റര്‍ വീണ്ടും അത്തരം കോളേജുകളിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറല്ല. വെല്ലുവിളികളും ഭീഷണികളും അതിജീവിച്ചിറങ്ങിയതിനാല്‍ സിസ്റ്ററുടെ ഓരോ ചുവടും കരുതലോടെ.
സ്ത്രീകളോട് സിസ്റ്റര്‍ ജസ്മിക്ക് പറയാനുള്ളത് ഒന്നുമാത്രം: ''നിങ്ങള്‍ നിങ്ങളുടെ മേഖല കണ്ടെത്തണം. ചിലപ്പോള്‍ അതിനു വര്‍ഷങ്ങളെടുത്തേക്കാം. എന്നാല്‍, സ്വന്തം തട്ടകം കണ്ടെത്തിക്കഴിഞ്ഞാല്‍, അതില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ നിങ്ങളാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും ജീവിതവും സ്നേഹവും ലഭിക്കും.''
101 ശതമാനം സ്വാതന്ത്ര്യവും 101 ശതമാനം സ്നേഹവുമാണ് സിസ്റ്റര്‍ ജെസ്മി ആഗ്രഹിച്ചത്. 53-ാം വയസ്സിലാണെങ്കിലും അതു ലഭിച്ചപ്പോള്‍ ഇവര്‍ ജീവിതത്തില്‍ സന്തുഷ്ടയാണ്.

NEWS LETTER
RSS











