MATHRUBHUMI RSS
Loading...
മോഷ്ടാവിനറിയുമോ അമൃതയുടെ വിയര്‍പ്പിന്റെ വില

അധ്വാനിച്ച് സ്വന്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിലയെന്തെന്ന് തീവണ്ടിയിലെ മോഷ്ടാവിന് അറിയുമോ! അങ്ങനെയായിരുന്നെങ്കില്‍ വി. അമൃതരാജ് എന്ന ഇന്റര്‍നാഷണല്‍ വനിതാ പവര്‍ലിഫ്റ്റിങ് താരത്തിന് ഇത്രയധികം വേദനിക്കേണ്ടിവരുമായിരുന്നില്ല. ജനവരി 17ന് പുലര്‍ച്ചെ തീവണ്ടിയില്‍ മോഷ്ടാവ് അപഹരിച്ചത് അമൃതയുടെ വിലമതിക്കാനാവാത്ത സര്‍ട്ടിഫിക്കറ്റുകളാണ്. ഇന്റര്‍യൂണിവേഴ്‌സിറ്റി പവര്‍ലിഫ്റ്റിങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍നിന്ന് അമൃത്‌സറിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.

ഡല്‍ഹിയില്‍ നിന്ന് 'ഷെല്‍ഡ' എക്‌സ്​പ്രസ്സിലാണ് അമൃത്‌സറിലേക്ക് തിരിച്ചത്. പുലര്‍ച്ചെ രണ്ടുമണിവരെ ബാഗ് നഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് എപ്പോഴോ ഉറങ്ങിപ്പോയി. മൂന്നരയ്ക്ക് ഉണര്‍ന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലാവുന്നത്.

അന്തര്‍ദേശീയ, ദേശീയ മത്സരങ്ങളില്‍ സ്വന്തമാക്കിയതടക്കം ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയതായിരുന്നു ബാഗ്. എസ്.എസ്.എല്‍.സി., ബിരുദ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടു. കൂട്ടുകാരിയില്‍നിന്ന് കടം വാങ്ങിയ 30,000 രൂപ വിലവരുന്ന പവര്‍ ലിഫ്റ്റിങ് സ്യൂട്ടും 4,000 രൂപയും ബാഗിലുണ്ടായിരുന്നു.

ബാഗ് നഷ്ടപ്പെട്ട വേവലാതിയില്‍ അമൃതയും കൂട്ടുകാരിയും ചേര്‍ന്ന് ഒട്ടേറെ അന്വേഷണം നടത്തി. പണം എടുത്തശേഷം ബാഗ് തീവണ്ടിയില്‍ ഉപേക്ഷിക്കാനുള്ള കരുണ മോഷ്ടാവിന് ഉണ്ടാകുമോ എന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണം. പക്ഷേ, അതും വിഫലമായി. പിന്നീട് അമൃത്‌സര്‍ പോലീസില്‍ പരാതി നല്‍കി മത്സരത്തിനായി പോയി.

സ്യൂട്ടില്ലാതെ പവര്‍ലിഫ്റ്റിങ് മത്സരത്തിനിറങ്ങിയ അമൃതയ്ക്ക് ഇന്റര്‍യൂണിവേഴ്‌സിറ്റി മത്സരത്തില്‍ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കോഴിക്കോട് ദേവഗിരി കോളേജില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര വിദ്യാര്‍ഥിനിയായ അമൃത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മത്സരശേഷം നാട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാംസ്ഥാനക്കാരിയും ഏഷ്യയിലെ രണ്ടാം സ്ഥാനക്കാരിയുമാണ് അമൃത. രണ്ടുവര്‍ഷം മുമ്പുവരെ വെയ്റ്റ് ലിഫ്റ്റിങ്ങിലും മത്സരിച്ചിരുന്നു. പാലക്കാട്ട് നടക്കുന്ന സംസ്ഥാന വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഈ അന്തര്‍ദേശീയ താരം. കൂട്ടുകാരിക്ക് 30,000 രൂപ വിലയുള്ള പവര്‍ലിഫ്റ്റിങ് സ്യൂട്ടും വാങ്ങി നല്കണമെന്ന് അമൃത പറഞ്ഞു. കോഴിക്കോട് കക്കോടി അനശ്വരയില്‍ രാജന്‍-ചന്ദ്രമതി ദമ്പതിമാരുടെ മകളാണ്.

Other stories in this section