MATHRUBHUMI RSS
Loading...
വെള്ളിത്തിരയിലെ 'പെണ്‍പെരുമ'യുമായി പ്രദര്‍ശനം തുടങ്ങി


കോഴിക്കോട്: 'ജീവിതനൗക'യിലെ ലക്ഷ്മിയും 'ചെമ്മീനി'ലെ കറുത്തമ്മയും 'കന്മദ'ത്തിലെ ഭാനുവും 'മണിച്ചിത്രത്താഴിലെ ഗംഗ'യും... അങ്ങനെ പോരാടിയും കരഞ്ഞും മോഹിപ്പിച്ചും പ്രണയത്തില്‍ സ്വയം നഷ്ടപ്പെട്ടും സെല്ലുലോയ്ഡില്‍ നിറഞ്ഞ നായികമാരെ ചരിത്രത്തോടു ചേര്‍ത്തുവെക്കുകയാണ് വിമന്‍ ഇന്‍ മലയാളം സിനിമ എന്ന പ്രദര്‍ശനം. വ്യത്യസ്ത കഥാപാത്രങ്ങളായി പകര്‍ന്നാടിയ നടിമാരെയും വെള്ളിത്തിരയ്ക്കു പിന്നില്‍ പല മേഖലകളില്‍ തനതായ മുദ്രപതിപ്പിച്ചവരെയും കുറിച്ചുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രദര്‍ശനം വനിതാ മാധ്യമപ്രവര്‍ത്തകരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം നവജ്യോതിസ്സില്‍ തുടങ്ങി.

വിഗതകുമാരന്‍ എന്ന നിശ്ശബ്ദ ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യനായികയായ പി.കെ.റോസിയില്‍ നിന്നാണ് പ്രദര്‍ശനം തുടങ്ങുന്നത്. സമൂഹത്തിന്റെ എതിര്‍പ്പുമൂലം സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനുശേഷം തമിഴ്‌നാട്ടിലേക്കു നാടുവിട്ടെന്നു കരുതുന്ന റോസി എന്ന നഷ്ടനായികയില്‍ നിന്ന് കാവ്യാമാധവനിലും നയന്‍താരയിലും അര്‍ച്ചനാ കവിയിലുമെത്തി നില്‍ക്കുന്ന പ്രദര്‍ശനം സമ്പന്നമായ സ്ത്രീസാന്നിധ്യത്തിനൊപ്പം കാലഘട്ടങ്ങളുടെ കഥയും അനാവരണം ചെയ്യുന്നു. ഡി.കെ.പട്ടമ്മാള്‍, ദേവകിറായ്, എം.കെ.കമലം. മിസ്‌കുമാരി, ആറന്മുള പൊന്നമ്മ, തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി തുടങ്ങിയവരിലൂടെ മലയാള സിനിമയുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ പ്രദര്‍ശനം അനാവരണം ചെയ്യുന്നു.

പത്മരാജന്‍, ഭരതന്‍, കെ.ജി.ജോര്‍ജ്, ടി.വി.ചന്ദ്രന്‍, അടൂര്‍ എന്നിവരുടെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ പ്രദര്‍ശനത്തില്‍ പ്രത്യേകം അണിനിരത്തുന്നു. മധു-ശാരദ, പ്രേംനസീര്‍-ഷീല, മോഹന്‍ലാല്‍-ശോഭന തുടങ്ങിയ താരജോഡികളെ ക്കുറിച്ചും പ്രദര്‍ശനം വിവരിക്കുന്നു.

യക്ഷി വേഷങ്ങളില്‍ വെള്ള സാരിയണിഞ്ഞെത്തിയ ശാരദ (യക്ഷി), വിജയനിര്‍മല (ഭാര്‍ഗവീനിലയം), മോഹിപ്പിച്ച ഉടലുകളുമായി സില്‍ക്ക്‌സ്മിതയും ജ്യോതിലക്ഷ്മിയും സ്ത്രീസാന്നിധ്യത്തിന്റെ വേറിട്ടതലങ്ങള്‍ കാണിക്കുന്നു. ശ്രീലത, അടൂര്‍ഭവാനി എന്നു തുടങ്ങി കല്പനയിലെത്തി നില്‍ക്കുന്ന ഹാസ്യ താരങ്ങള്‍, വെണ്‍മ പ്രതിഫലിക്കുന്ന സിനിമാപോസ്റ്ററുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

വെള്ളിത്തിരയിലെ സാന്നിധ്യത്തിനു പുറമെ അതിനു പിന്നില്‍ നിന്ന് പേരെടുത്തവരെയും പ്രദര്‍ശനം ഓര്‍ക്കുന്നു. എം.എല്‍.വസന്തകുമാരിയില്‍ തുടങ്ങി ശ്വേതവരെയുള്ള ഗായികമാര്‍, ആദ്യവനിതാ എഡിറ്റര്‍ മറിയമ്മ (മേരി), ആദ്യതിരക്കഥാകൃത്ത് കോന്നിയൂര്‍ മീനാക്ഷി, തിരക്കഥാകൃത്ത് ദീദിദാമോദര്‍, സംവിധായിക അഞ്ജലി മേനോന്‍, ബീനാപോള്‍, കലാമാസ്റ്റര്‍, രേവതി, ഗീതുമോഹന്‍ദാസ്, ഭാഗ്യലക്ഷ്മി ആനന്ദവല്ലി....അങ്ങനെ നീളുന്ന മലയാള സിനിമയുടെ പെണ്‍പെരുമയാണ് 'വിമന്‍ ഇന്‍ മലയാളം സിനിമ' നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

Other stories in this section