MATHRUBHUMI RSS
Loading...
പുറത്ത് പൂമഴ പെയ്യുമ്പോള്‍ മനസ്സില്‍ തീയായിരുന്നു
ശര്‍മിള

സിനിമയില്‍ വഴക്കാൡും കുശുമ്പിയുമാണ് കുളപ്പുള്ളി ലീല. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ വ്യത്യസ്തയാണ്. കലര്‍പ്പില്ലാത്ത അനുഭവങ്ങള്‍...


'കുളപ്പുള്ളി ലീല' എന്ന പേരില്‍ തന്നെയുണ്ട് ഒരു വില്ലത്തരം. ലീലയുടെ ആട്ടും തുപ്പും പ്രസിദ്ധമാണ്. തെറി വിളിക്കുമ്പോള്‍ ആരും ഒന്ന് ഞെട്ടും; പിന്നെ ഓര്‍ത്തോര്‍ത്ത് ചിരിക്കും. സിനിമ കഴിഞ്ഞിറങ്ങിയാലും ജീവന്‍ തുടിക്കുന്ന അഭിനയം കൊണ്ട് നമ്മുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമവര്‍.

തിരുവനന്തപുരത്ത് തിരുമലയിലെ വാടകവീട്ടിലെത്തുമ്പോള്‍ പ്രസാദവതിയായി കാത്തിരിപ്പുണ്ട് ലീല. സിനിമയില്‍നിന്നും നമുക്ക് ലഭിച്ച ചിത്രത്തില്‍നിന്ന് വളരെ വ്യത്യസ്തയായ ഒരു 'കുളപ്പുള്ളി ലീല.' കണ്ണെഴുതി, പൊട്ട് തൊട്ട്, കമ്മലും മാലയുമണിഞ്ഞ ഒരു കൊച്ചുസുന്ദരി... എന്ത് പറഞ്ഞാലും ലീലയത് കോമഡിയാക്കും. കേള്‍ക്കുന്നവര്‍ക്കൊപ്പം പൊട്ടിച്ചിരിക്കാനും കൂടും. എന്ത് വിഷയം സംസാരിക്കുമ്പോഴും തേങ്ങാപൂളുകള്‍ പോലുള്ള പല്ലുകള്‍ മുഴുവന്‍ പുറത്ത് കാട്ടി ഒറ്റച്ചിരിയാണ്. 'ലീലയുടെ ജീവിതം മുഴുവനും ദുഃഖമാണ് മോളേ' എന്നു പറയുമ്പോഴും മുഖത്ത് അതേ ചിരി.

സിനിമയില്‍ 'കുശുമ്പിയും വഴക്കാളിയുമായ പരട്ടുതള്ള'യായി അഭിനയിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടോ? പ്രേക്ഷകരുടെ സ്‌നേഹമല്ലേ സ്വാഭാവികമായും പ്രതീക്ഷിക്കുക? മറുപടി ഒരു വലിയ ചിരിയാണ്. പിന്നെ ലീല പറഞ്ഞു: ''അതൊക്കെ സത്യം. പക്ഷേ, വേറൊന്നുണ്ട്. നമ്മുടെ കഥാപാത്രം വിജയിച്ചതിന്റെ സൂചനകൂടിയാണല്ലോ അത്. എന്നെ കുളപ്പുള്ളി ലീലയായിട്ടല്ല, ജാനമ്മത്തള്ളയായിട്ടാണല്ലോ അവര്‍ കാണുന്നത്. 'കസ്തൂരിമാന്‍' കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്, 'സത്യത്തില്‍ ആ മകനെ കൊല്ലിക്കുന്നത് തള്ളയാണ്' എന്നാണ്. അതോര്‍ക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കുകയാണ്''.

അഭിനയിച്ച സിനിമകളും 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' പോലുളള ഹിറ്റു സീരിയലുകളും കണ്ടവര്‍ അവരുടെ കഥാപാത്രങ്ങള്‍ തന്നെയാണവര്‍ എന്നുറപ്പിക്കുകയായിരുന്നു. കുളപ്പുള്ളി ലീലയെപ്പറ്റി പലരും കരുതിയത് അവര്‍ നല്ല ഒരു മദ്യപാനിയാണെന്നാണ്. ലീല പറഞ്ഞു. ''മമ്മൂട്ടിചിത്രം 'ബസ്‌കണ്ടക്ടറിലും' കസ്തൂരിമാനിലും ഞാന്‍ വെള്ളമടിക്കുന്ന സീനുകളുണ്ട്. അത് കണ്ടിട്ട് അവര്‍ ഊഹിച്ച് പറയുന്നതാ അതൊക്കെ. എന്റെ ദൈവമേ! ശരിക്കും ചാരായവും ബ്രാണ്ടിയുമൊക്കെ അടിക്ക്യേ? നന്നായി..... കള്ളിന് പകരം കഞ്ഞിവെള്ളമായിരിക്കും. 'ഹോട്ടിന്' പകരം വല്ല സ്‌ക്വാഷും. അതിലാണെങ്കില്‍ വെള്ളമൊഴിച്ച് കഴിക്കുമ്പോള്‍ ഒരു ടേസ്റ്റുമുണ്ടാവില്ല. ഷൂട്ടില്‍ വീണ്ടും ടേക്ക് വരുമ്പോള്‍ ഇത് കുടിച്ച് കുടിച്ച് എന്റെ വയര്‍ വീര്‍ക്കും.''

ചിലര്‍ പറയുന്നത് ലീല നന്നായി സിഗരറ്റ് വലിക്കും, ചെയിന്‍ സ്‌മോക്കറാണ് എന്നൊക്കെ.... ''കസ്തൂരിമാനില്‍' ജാനമ്മത്തള്ളയെ അഭിനയിക്കുമ്പോള്‍ എന്നോട് ലോഹിതദാസ് സാര്‍ ചോദിച്ചു, 'സിഗരറ്റ് കൂടി പുകയ്ക്കാമോ' എന്ന്. ക്യാമറയ്ക്കു മുന്നില്‍ കഥാപാത്രത്തെ ഫലിപ്പിക്കാന്‍ എന്തിനും റെഡിയാണ് ഞാന്‍. വലിച്ചു. ആദ്യം ചുമച്ച് വല്ലാതായി. ഒരാള്‍ പറഞ്ഞുതന്നു, 'നീ പുക ഉള്ളിലേക്ക് എടുക്കരുത്' എന്ന്.''

എം.ടി കുലുങ്ങിച്ചിരിച്ചപ്പോള്‍

'സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തില്‍' ഡയറക്ടര്‍ ശശിയോട് ഒരാള്‍ ചോദിച്ചത്രെ, 'നമ്മുടെ 'സി.ചിഞ്ചുമോള്‍' നല്ലോണം വീശുമല്ലേ' എന്ന്. 'അയ്യോ, അവരൊരു സോഡാ പോലും കഴിക്കില്ലെ'ന്ന് ശശി. അപ്പോള്‍ അയാളുടെ ചോദ്യമിങ്ങനെ, 'എന്തിനാ സാറെ, ആ തൊട്ടുനക്കല്‍ കണ്ടാല്‍ അറിയില്ലേ' എന്ന്... എന്നോടും പലരും ചോദിച്ചിട്ടുണ്ട് ഇതേ സംശയം. അപ്പോഴൊക്കെ ഞാന്‍ പറയും; 'അതൊക്കെ കണ്ടുപഠിച്ചതാ. അതിന് വേറെ എവിടെയെങ്കിലും പോവണ്ടല്ലോ, എന്റെ വീട്ടില്‍ എന്റെ ഭര്‍ത്താവിനെ കണ്ടാല്‍ പോരേ' എന്ന്.''

'വഴക്കാളിത്തള്ള' ഇമേജിനെ മറികടന്ന് നല്ല കോമഡി റോളുകള്‍ ചെയ്തു തുടങ്ങിയതാണ് ലീലയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ്. ''വഴക്കാളിയാവുമ്പോഴും കോമഡിയായിരുന്നു എന്റെ കഥാപാത്രങ്ങളുടെ സ്വഭാവം. 'ചതിക്കാത്ത ചന്തു'വില്‍ ജയസൂര്യയുടെ അമ്മ, 'സൂത്രധാരനി'ലെ സലിംകുമാറിന്റെ അമ്മ.. അതെല്ലാം നല്ല തമാശയായിരുന്നു. പിന്നെ സീരിയലുകള്‍... സീരിയല്‍ പ്രേക്ഷകര്‍ എന്റെ കോമഡിവേഷങ്ങള്‍ക്ക് നല്ല അംഗീകാരം തന്നിട്ടുണ്ട്. 'സ്‌നേഹാഞ്ജലി'യിലെ ചായക്കട കാര്‍ത്ത്യായനി, 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലെ സി.ചിഞ്ചുമോള്‍.... ഇപ്പോഴും ചിലര്‍ ചിഞ്ചുമോളേന്ന് വിളിക്കും. തീരെ ചെറിയ കുട്ടികള്‍ക്കും എന്നോടടുപ്പമാണ്. സെറ്റില്‍ കുട്ടികള്‍ എന്നെ കണ്ടാല്‍ മിണ്ടാന്‍ ഓടിവരും. ഭാഷ ഉറയ്ക്കാത്ത കുഞ്ഞുങ്ങള്‍ വരെ 'ചിഞ്ചുമോളേ....' എന്ന് സ്‌നേഹത്തില്‍ വിളിക്കും. നല്ല രസാ''.

ഒരിക്കല്‍ ചിരിക്കാന്‍ പിശുക്കുള്ള എം.ടി.വാസുദേവന്‍നായരെ വരെ ചിരിപ്പിച്ചിട്ടുണ്ട് ഈ ലീല. ''എം.ടി.യുടെ 'നാലുകെട്ട്' സീരിയലിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു അത്. ഞാന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ ചാരുകസേരയില്‍ ഷര്‍ട്ടില്ലാതെ ഒരു രുദ്രാക്ഷമാലയുമിട്ട് ഇരിക്കയാണ് എം.ടി. എന്നെ കണ്ടപ്പോള്‍, 'ആ... ശരി, മെയ്ക്കപ്പ് ചെയ്‌തോളൂ' എന്ന് പറഞ്ഞു. തമിഴന്‍ മേക്കപ്പ്മാന്‍ ബെഞ്ചില്‍ കയറ്റി നിര്‍ത്തി എന്റെ മേലാകെ കറുപ്പിച്ച് കരിക്കലം പോലെയാക്കി. എന്നിട്ട് വീണ്ടും എം.ടി.യെ കാണിച്ചു. ഒന്നുകൂടി ഡള്‍ ആക്കാന്‍ നിര്‍ദ്ദേശം. അങ്ങനെ ഷൂട്ടിങ് തുടങ്ങി.

തറവാട്ടമ്മയും കാരണവരുമായി നെടുമുടിയും ബിന്ദുപണിക്കരും കടന്നുവരുന്നതാണ് രംഗം. വഴിയില്‍ വിറക് പെറുക്കുന്ന വേലക്കാരി ചീരുവായി ഞാനും. ''പാറുട്ട്യേമ്പ്രാള് ആരോടാ തൗദാരിക്ക്‌ന്നേ'' എന്നാണ് എന്റെ ഡയലോഗ്. (ഇപ്പോഴും ഞാനാ ഡയലോഗ് മറന്നിട്ടില്ലെന്ന് സ്വയം അത്ഭുതപ്പെടുന്നു ലീല). ഉച്ചത്തില്‍ സംസാരിക്കുന്ന ശീലമുണ്ടെനിക്ക്. അത്യാവശ്യം നന്നായി തൊള്ളയിട്ടാണ് ഡയലോഗ് പറഞ്ഞത്. ലൊക്കേഷനില്‍ എല്ലാവരും ചിരിച്ചു. എം.ടി. വയര്‍ കുലുക്കികുലുക്കി ചിരിച്ചു. ആരോ എന്നോട് ഇറങ്ങിപ്പോരാന്‍ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. എന്നെ ഒഴിവാക്കിയതായിരിക്കുമെന്നാ എനിക്കപ്പോള്‍ തോന്നിയത്. സങ്കടമായി; ദേഹം മുഴുവന്‍ ഇത്രേം കരി പിടിപ്പിച്ചിട്ട്, എനിക്ക് ഒരു ടേക്ക് കൂടി തരായിരുന്നില്ലേ, ഞാന്‍ നന്നാക്കുമായിരുന്നല്ലോ... അപ്പോള്‍ എം.ടി. അടുത്തേക്ക് വിളിച്ചുപറയുകയാ, 'നന്നായിട്ടുണ്ടെന്ന്!' എന്റെ സങ്കടം നിമിഷം കൊണ്ട് ആനന്ദമായി മാറി...''

സിനിമാസെറ്റുകളില്‍ നല്ല സൗഹൃദങ്ങളുണ്ടെന്നാണ് ലീലയുടെ പക്ഷം. 'ദാ, അമ്പിളിച്ചേട്ടന്റെ (ജഗതി ശ്രീകുമാര്‍) മകന്റെ വിവാഹത്തിന് പോവാന്‍ കഴിഞ്ഞില്ല' എന്നു സങ്കടപ്പെടുന്നു. സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍- മമ്മൂട്ടി-സുരേഷ്‌ഗോപി-ജയറാം എന്നിവര്‍ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ അവര്‍ സന്തോഷത്തോടെയാണ് പങ്കുവെക്കുന്നത്. 'അയാള്‍ കഥയെഴുതുകയാണ്' പടത്തില്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലുന്ന വേലക്കാരിയുടെ റോളിലാണ് ലീല. ''റിഹേഴ്‌സലില്‍ ഞാന്‍ ലാലിനെ ചൂലുകൊണ്ട് തൊട്ടതേയില്ല. ഇത്രയും തങ്കപ്പെട്ട മനുഷ്യനെ എങ്ങന്യാ ചൂലോണ്ട് തൊട്ാ എന്നാണ് സങ്കടം. അപ്പോ ലാല്‍ പറഞ്ഞു, ''ചേച്ചീ ധൈര്യായിട്ട് തല്ലിക്കോ. ലോകത്തില്‍ മറ്റൊരു സ്ത്രീക്കും ഇതിന്നവസരം കിട്ടിയിട്ടില്ല. ചേച്ചിക്ക് പുറത്തിറങ്ങീട്ട് നാലാളോട് പറയാലോ, 'ഞാന്‍ മോഹന്‍ലാലിനെ ചൂലോണ്ട് തല്ലീ' എന്ന്. മമ്മൂക്കയ്ക്കും ഇതേ സഹകരണമാണ.് ബസ് കണ്ടക്ടറിലും ബ്ലാക്കിലും ഞാന്‍ മമ്മൂക്കയെ തെറി പറയുന്നുണ്ടല്ലോ.''

കോമഡി സിനിമകളുടെ ലൊക്കേഷനുകളില്‍ കോമഡി ചെയ്യുന്ന താരങ്ങള്‍ക്കിടയിലുണ്ടൊരു കൂട്ടായ്മ. ''എന്റെ ഏറ്റവും നല്ല കോമഡി കൂട്ടാ ഹരിശ്രീ അശോകന്‍. സെറ്റില്‍ എന്നെ കളിയാക്കലാ അവന്റെ പണി. കൂട്ടിന് സിദ്ധിക്ക്‌ലാലിലെ ലാലും വിനോദ് ഗുരുവായൂരും ഉണ്ടാകും. ഹരിശ്രീയെ കണ്ടാല്‍തന്നെ ഒരു കോമഡിയില്ലേ? അവന്റെ കണ്ണോണ്ടുള്ള ചെല കളികള്‍? പിന്നെ സലിംകുമാര്‍. അവന്റെ അട്ടഹാസവും രണ്ടു ഡയലോഗും മാത്രം മതിയല്ലോ! ജയസൂര്യയും ഷമ്മിതിലകനും മക്കളെപ്പോലെയാ എനിക്ക്. ജയസൂര്യ അവന്റെ കല്യാണത്തിന് വിളിച്ചപ്പോ പറഞ്ഞ ഡയലോഗ് കേള്‍ക്കണോ? 'തള്ളേ, എന്റെ കല്യാണത്തിന് വന്നില്ലെങ്കില്‍ മണ്ണ് വാരി ഞാന്‍ കണ്ണിലിടും' എന്ന്.

സ്ത്രീയെ ലജ്ജാവതി എന്നു വര്‍ണിക്കുന്നവരുടെ മുന്നില്‍ ഉരുക്കുപോലെ ഉറച്ച പെണ്ണിനെ അവതരിപ്പിക്കുന്ന ലീലയ്ക്ക് കുറച്ച് പറയാനുണ്ട്. ''പെണ്ണിന്റെ സ്വഭാവമൊന്നുമല്ല ലജ്ജ. അതാരാ അങ്ങനെ പറഞ്ഞത്! ലജ്ജിച്ച് തലതാഴ്ത്തുന്നതൊക്കെ വെറും അഭിനയമാണെന്നേ... പെണ്ണിന് പെണ്ണിന്റേതായിട്ടുള്ള ഒരു തന്റേടമൊക്കെയുണ്ട്. അതു കാണിച്ചാല്‍ ആര്‍ക്കാ കുഴപ്പം? പ്രകൃത്യാ കിട്ടിയ ഗുണമല്ലേ.''

സിനിമയിലെ സ്ത്രീകളെല്ലാം സദാചാരമില്ലാത്തവരാണെന്ന് പറയുന്നവരോടുമുണ്ട് ലീലയ്ക്ക് മറുപടി, ''നടികളെക്കുറിച്ചുള്ള ആ ഉത്കണ്ഠ നല്ലതല്ല. എന്നോടാരും മുഖത്തു നോക്കി അങ്ങനെയൊന്നും ചോദിച്ചിട്ടില്ല. ഞാന്‍ കേള്‍ക്കാതെയൊക്കെ പലരും പറയുമെന്നല്ലാതെ. ഒരിക്കല്‍ എറണാകുളത്ത് നിന്നു ഒരു ഫോണ്‍കോള്‍. ആരാ എന്താന്നൊക്കെ ചോദിച്ചു. പിന്നത്തെ ഡയലോഗ്, 'പാലാരിവട്ടത്ത് റൂമെടുത്തിട്ടുണ്ട്' എന്നാ. ഫോണ്‍ ഭര്‍ത്താവിന് കൈമാറി. പൊതിരെ വഴക്ക് കൊടുത്തു.''

മറക്കാനാവാത്ത ബന്ധങ്ങള്‍

നമ്മള്‍ സിനിമയില്‍ കാണുന്ന തള്ളയുടെ പരുക്കന്‍ മട്ടൊന്നും ശരിക്കുള്ള ലീലയിലില്ല. അവര്‍ തന്നെ പറയുന്നു, ''മറ്റൊരാള്‍ സങ്കടപ്പെടുന്നത് കണ്ടാല്‍ കൂടെയിരുന്ന് ഞാനും കരയും. മരണവീടുകളില്‍ പോവാന്‍ മടിയാണെനിക്ക്. മനസിന് കട്ടി കുറവാ. ഞാന്‍ ലൊക്കേഷനിലൊക്കെ എല്ലാവരോടും ചിരിക്കും. സംസാരിക്കും. അതാഎന്റെ മട്ട്.''

സിനിമാലോകത്ത് മനുഷ്യപ്പറ്റുള്ള കുറച്ചു പേരുടെ സഹായംകൊണ്ടാണ് തനിക്കവസരങ്ങള്‍ കിട്ടിയതെന്ന് ലീല പറഞ്ഞു. ആ പട്ടികയിലെ ആദ്യത്തെ പേര് സംവിധായകന്‍ കമലിന്റേതാണ്. 'അങ്കമാലി അഞ്ജലി' യുടെ നാടകം 'മണവാട്ടി' കാണുന്നതിനിടയിലാണ് കമലും ലോഹിതദാസും ലീലയുടെ അഭിനയത്തിന്റെ ഒറിജിനാലിറ്റി തിരിച്ചറിയുന്നത്. ''ഒരു ദിവസം കമല്‍സാര്‍ 'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമയിലേക്ക് എന്നെ വിളിച്ചു. പടം റിലീസായപ്പോള്‍ അഭിനന്ദനങ്ങളുടെ പൂമഴ എന്നൊക്കെ പറയാറില്ലേ അതായിരുന്നു എന്റെ സ്ഥിതി. പക്ഷേ, പിന്നെ പുതിയ പടങ്ങള്‍ കിട്ടിയില്ല.കമല്‍സാര്‍ ദിലീപിന്റേതടക്കം കുറേ ഫോണ്‍നമ്പറുകള്‍ തന്നു. പക്ഷേ, അതെല്ലാം എന്റെ കൈയില്‍ നിന്നും പോയി. അഭിനന്ദനങ്ങള്‍കൊണ്ട് എന്റെ ചെവിക്കല്ല് പൊട്ടുമ്പോഴും എന്റെ അകത്ത് തീയായിരുന്നു. വീട്ടില്‍ അരിവാങ്ങാന്‍ കാശില്ലാത്ത സ്ഥിതി. വീട്ടിനകത്ത് വെറുതെ ഇരിക്കയായിരുന്നു ഞാന്‍.''

ലീലയെ പട്ടിണിയില്‍ നിന്നു കരകയറ്റിയത് സീരിയലുകളാണ്. ''സീരിയലില്‍ അന്നന്നാ കാശ്. 'ശ്രീ അയ്യപ്പനി'ല്‍ ദിവസം 1000 രൂപ വെച്ചായിരുന്നു പ്രതിഫലം. ധാരാളം സീരിയലുകള്‍ ചെയ്തു.'' 'ശ്രീകൃഷ്ണലീല', 'ഓര്‍മകളുടെ വിരുന്ന്', 'മിന്നുകെട്ട്', 'അഭയം', 'സസ്‌നേഹം', 'എട്ടു സുന്ദരികളും ഞാനും', 'അളിയന്മാരും പെങ്ങന്മാരും', 'വാവ', 'സാന്ത്വനം'.
വീണ്ടും സിനിമയില്‍ സജീവമാവുന്നത് ലോഹിതദാസിന്റെ 'കസ്തൂരിമാനി'ലൂടെയാണ്. ''അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു താനവതരിപ്പിച്ച ജാനമ്മത്തള്ള. ഈ കഥാപാത്രം കാരണമാണ്, എനിക്ക് തുടര്‍ന്നും സിനിമകള്‍ കിട്ടിയത്.'' നമ്മള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍, സൂത്രധാരന്‍, ഗ്രാന്റ് മദര്‍, മായാമോഹിതചന്ദ്രന്‍, ഖരാക്ഷരങ്ങള്‍, മധുരനൊമ്പരക്കാറ്റ്, മുത്തു... 75ലേറെ സിനിമകളുണ്ട് ലീലയുടെ ക്രെഡിറ്റില്‍.
ലോഹിതദാസിനെക്കുറിച്ച് പറയുമ്പോള്‍ ലീലയുടെ സ്വരത്തില്‍ സ്‌നേഹബഹുമാനങ്ങള്‍ നിറഞ്ഞു. ''കസ്തൂരിമാനിന്റെ സെറ്റില്‍ ക്യാമറാമാന്‍ വേണുവിന് എന്നെ പരിചയപ്പെടുത്തുന്നത്, വേണു, ദാ നമ്മുടെ കൊലപ്പുള്ളി' എന്നാണ്. പിന്നെ എന്നോട് മുടിയഴിച്ചിടാന്‍ പറഞ്ഞു. 'മുടിയാണഴക്, എത്രയുണ്ടെന്നറിയാനാ' എന്ന്. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ സാറിന് ഭയങ്കര ഗൗരവമാണ്. പിഴവ് വന്നാല്‍ മുഖം നോക്കാതെ ശകാരിക്കും. എന്റെ ആദ്യ സീന്‍ ഒറ്റ ടേക്കില്‍ ഓക്കെയായപ്പോള്‍ സാര്‍ അടുത്ത് വന്ന് എന്നെ അഭിനന്ദിച്ചു. ഒരവാര്‍ഡ് കിട്ടിയപോലെയാ എനിക്ക് ആ അനുഭവം. പിന്നെ ഡബ്ബിങ്ങിന് പോയപ്പോള്‍ 'ലീലയ്ക്ക് പാട്ട് കേള്‍ക്കണ്ടേ' എന്നും പറഞ്ഞ് സ്റ്റുഡിയോവില്‍ പാട്ട് കേള്‍പ്പിച്ചുതന്നു. കഴിവുള്ളവരെ അംഗീകരിക്കുന്ന വലിയൊരു മനസ്സുണ്ട് ലോഹിസാറിന്. ഞാനത് മറക്കൂല. ഇപ്പഴടുത്ത് 'നാന്‍ കടവുള്‍' എന്ന തമിഴ് പടത്തിലേക്ക് സംവിധായകന്‍ ബാല വിളിച്ചപ്പോഴും ഞാനാവിവരം ആദ്യം സാറിനെയാ വിളിച്ചു പറഞ്ഞത്.

കുളപ്പുള്ളി ലീല- ആ പേര് പുറംലോകം ആദ്യമായി കേട്ടത് ആകാശവാണിയിലൂടെയാണ്. ''തൃശൂര്‍ നിലയത്തിലെ നാടകത്തിന്റെ ചുമതലയുള്ള തങ്കമണിചേച്ചിയാണ് എന്റെ പേര് അങ്ങനെ മതിയെന്ന് പറഞ്ഞത്. പിന്നെ ആ പേരായി ഞാന്‍.'' സുഖമുള്ള പഴയൊരോര്‍മ.

സ്വപ്‌നത്തില്‍ ഒരു വീടുണ്ട്

അവാര്‍ഡൊന്നും കുളപ്പുള്ളി ലീലയെത്തേടി വന്നിട്ടില്ല. ''എനിക്ക് മെയിന്‍ ധാരാളം വര്‍ക്ക് കിട്ടുകയാണ്. പൈസയും വേണം. എനിക്ക് ജീവി ക്കണം'', എന്നാ ലീല പറയുക. പക്ഷേ, അവാര്‍ഡിന് തുല്യമായി താന്‍ കരുതുന്ന ഒരനുഭവം അവര്‍ പങ്കിട്ടു. ''ബാലചന്ദ്രമേനോന്റെ 'ദേ ഇങ്ങോട്ട് നോക്കിയേ'യില്‍ അഭിനയിക്കാന്‍ പോയതായിരുന്നു ഞാന്‍. കൂടെ ഭര്‍ത്താവുമുണ്ട്. സെറ്റില്‍ ഭരത് ഗോപിസാര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് വലിയ ആഗ്രഹമായി. പോയി കണ്ടു. പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ''ലീലയല്ലേ, ഞാന്‍ കാണാനാഗ്രഹിച്ച ഒരു നടിയാണ് ലീല' എന്ന്. എനിക്ക് ആദ്യമായി സ്വയം ചെറിയ മതിപ്പൊക്കെ തോന്നി.''

നാടകത്തിലൂടെ സിനിമയിലെത്തിയ ലീലയുടെ ജീവിതകഥയ്ക്ക് ഏതു കലാരൂപത്തെക്കാളും നാടകീയതയുണ്ട്. കോഴിക്കോട് മുക്കത്ത് പന്നിക്കോട് എന്ന ഗ്രാമത്തിലാണ് ലീല ജനിച്ചത്. കിഴക്കേത്തൊടി രാമന്‍നായരുടെയും രുക്മിണിയമ്മയുടെയും മൂത്ത മകള്‍. സിനിമയുടെ ഗ്ലാമറോ വര്‍ണപ്പകിട്ടോ സ്വപ്നത്തില്‍പോലും എത്തിനോക്കിയിട്ടില്ലാത്ത അക്കാലം ലീല ഓര്‍ക്കുന്നു. ''സാമ്പത്തികപ്രയാസങ്ങള്‍ നിറഞ്ഞ ഒരു വീടായിരുന്നു എന്റേത്. അച്ഛന്‍ മരിച്ചശേഷം അമ്മ കഷ്ടപ്പെട്ടാണ് എന്നേയും അനിയന്മാരേയും വളര്‍ത്തിയത്. കലാവാസനയുള്ള എന്റെ അമ്മാവന്‍ കൃഷ്ണന്‍നായരാണ് ആദ്യമായി എന്നെ നാടകാഭിനയത്തിന് കൊണ്ടുപോയത്. അന്ന് ഞാന്‍ 5ാം ക്ലാസിലാണ്. ഏഴാം ക്ലാസില്‍ പഠിപ്പ് നിന്നത് ഫീസ് കൊടുക്കാനില്ലാത്തതുകൊണ്ടായിരുന്നു. ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയാണെന്ന് ടീച്ചര്‍ പറയുമായിരുന്നു. വലുതായപ്പോള്‍ അമേച്വര്‍ നാടകങ്ങളിലഭിനയിച്ചു. വീടിന്റെ ഉത്തരവാദിത്വം മുഴുവന്‍ എനിക്കായിരുന്നു.''

നാടകങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് ഒരുവിധം ജീവിതം മുന്നോട്ട് നീങ്ങുമ്പോഴാണ് മൂത്തമകന്‍ ആക്‌സിഡന്റില്‍ പെട്ടും ഇളയ കുട്ടി അസുഖം ബാധിച്ചും മരണമടയുന്നത്. പിന്നീട് ഭര്‍ത്താവും അന്തരിച്ചു. അതൊന്നും കൂടുതല്‍ വിവരിക്കാന്‍ ലീലയ്ക്ക് കഴിയില്ല. ''എന്റെ ജീവിതത്തില്‍ ദുഃഖങ്ങളാണ് കൂടുതല്‍'' എന്നു മാത്രം പറഞ്ഞുനിര്‍ത്തി. ഇന്ന് ലീലയുടെ ജീവിതത്തിന് തുണയായി ഭുവനചന്ദ്രന്‍ എന്ന കലാസ്‌നേഹികൂടിയായ മനുഷ്യനുണ്ട്. ''ചന്ദ്രേട്ടന്‍ എനിക്ക് വലിയ പിന്തുണയാണ്. എന്റെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കും. സെറ്റില്‍ കൂട്ടിന് വരും. സാധാരണ അസുഖം വന്നാലൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യില്ല. ഇപ്പോ ചന്ദ്രേട്ടനുണ്ട് ഡോക്ടറെ കാണിക്കാനൊക്കെ.''

ഇതുവരെ സ്വന്തമായി വീടായിട്ടില്ല ലീലയ്ക്ക്. ''കാശൊക്കെ ആസ്​പത്രിച്ചെലവിനേ തികയൂ. എറണാകുളത്ത് മൂന്നര സെന്റ് സ്ഥലം വാങ്ങിയിട്ടു. വീടെടുക്കണം. ഒരു പുതിയ വീട്... ദൈവം എന്നെ കൈവിടില്ല.'' സ്വീകരണമുറിയിലെ എണ്ണമറ്റ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് നേരെ നോക്കുന്നു ലീല. സര്‍ക്കാര്‍ മംഗല്യം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്റെ മാനസപുത്രി എന്നീ സീരിയലുകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നു. ദേവരാജിന്റെ 'പരിഭവം', സന്തോഷിന്റെ 'നിഴല്‍', സജിസുരേന്ദ്രന്റെ 'ഇവര്‍ വിവാഹിതരായാല്‍', 'ഡോക്ടര്‍ ആന്റ് പേഷ്യന്റ്', 'റിങ്‌ടോണ്‍' തുടങ്ങിയ അഞ്ച് സിനിമകള്‍ റിലീസാവാനിരിക്കുന്നു. തമിഴില്‍ 'പാര്‍വതിപുരം ഓട്ടോസ്റ്റാന്‍ഡ'് എന്ന പടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായതാണ്. ദേവരാജിന്റെ തമിഴ്ചിത്രം 'അന്‍പേ ഉനക്കാഹ' ആണ് പുതിയ പടം.