MATHRUBHUMI RSS
Loading...
ഒത്തിരി മോഹങ്ങളില്‍ ഞാന്‍...
റീഷ്മ ദാമോദര്‍

ജിമി എന്ന പേരുമാറ്റം യുവ നടി മിയയ്ക്ക് ഭാഗ്യം കൊണ്ടുവന്ന കഥ...


പത്തില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ടി.വി സീരിയലിലെത്തുന്നത്. അല്‍ഫോണ്‍സാമ്മയില്‍ മാതാവായിട്ടായിരുന്നു. ഒരു വര്‍ഷത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. എങ്ങനെയാണ് അഭിനയം എന്ന് പഠിക്കുന്നത് അപ്പോഴാണ്. മുമ്പ് സ്‌കൂള്‍ യുവജനോത്സവത്തില്‍ മോഹിനിയാട്ടം, മാര്‍ഗംകളി ഒക്കെ ചെയ്തിരുന്നു. സംസ്ഥാനതലംവരെ മത്സരിച്ചിട്ടുമുണ്ട്. അങ്ങനെ കുറേത്തവണ സ്‌റ്റേജില്‍ കയറിയതുകൊണ്ട് കാമറയെ അഭിമുഖീകരിക്കാന്‍ പേടിയൊന്നുമില്ലായിരുന്നു. അല്‍ഫോണ്‍സാമ്മയ്ക്കുശേഷം 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന സീരിയലിലും വേഷമിട്ടു.

'കുഞ്ഞാലി മരയ്ക്കാര്‍' കണ്ടിട്ടാണ് രാജസേനന്‍ എന്നെ 'സ്‌മോള്‍ ഫാമിലി'യിലേക്ക് വിളിക്കുന്നത്. അതില്‍ നായകന്റെ സഹോദരിയായിട്ടുള്ള റോള്‍. അതിനുശേഷം 'ഡോക്ടര്‍ ലവ്', 'ഈ അടുത്ത കാലത്ത്' എന്നിവയിലൊക്കെ ചെറിയ റോളുകള്‍. ഇപ്പോള്‍ നായികാ വേഷവും, ചേട്ടായീസ് എന്ന സിനിമയില്‍.

ആദ്യം ജിമി പിന്നെ മിയ

ജിമി എന്നാണെന്റെ ശരിക്കുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരും ചോദിക്കും, ആണിന്റെ പേരാണല്ലോ എന്ന്. ജിമ്മി ജോര്‍ജ് എന്ന വോളിബോള്‍ പ്ലെയറെ ഓര്‍മവരുമത്രെ. അതുകൊണ്ടാവും എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍. ഒടുവില്‍ ചേട്ടായീസിന്റെ സെറ്റില്‍വെച്ച് പേരങ്ങ് മാറ്റി. ബിജു മേനോന്റെ ഭാര്യയുടെ റോളായിരുന്നു അതില്‍. ക്യാരക്ടറിന്റെ പേര് മെര്‍ലിന്‍ എന്നാണെങ്കിലും, മിയ എന്നാണ് വിളിപ്പേര്. ആ സെറ്റില്‍ മുഴുവന്‍ മിയ എന്നാണ് എല്ലാവരും വിളിച്ചത്. പിന്നെ, ആ പേര് മതിയെന്ന് ഞാനുമങ്ങ് തീരുമാനിച്ചു.

കാത്തിരുന്നാല്‍ സിനിമ വരും

ടാലന്റ് ഉണ്ടെങ്കില്‍ സിനിമയില്‍ നിന്നുപോവാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നെപ്പോലെ എത്രയോ പുതുമുഖങ്ങള്‍ വരുന്നു. അവര്‍ക്കൊക്കെ കുറേ നല്ല ചാന്‍സുകള്‍ കിട്ടുന്നുമുണ്ട്. ഞാന്‍ ഇതുവരെ ചെയ്തതെല്ലാം എന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങളാണ്. ഭാര്യയായും അമ്മയായുമൊക്കെ. കോളേജ് പ്രായത്തിലുള്ള റോളുകളേ ഞാന്‍ ചെയ്യൂ എന്നൊന്നും ചിന്തിച്ചിട്ടില്ല. അങ്ങനെ കരുതിയാല്‍ നല്ല റോള്‍ കിട്ടണമെന്നില്ല. പിന്നെ, വെറുതെ ചിരിച്ചു കളിയ്ക്കാന്‍ മാത്രമായിട്ട് ഒരു കോളേജ് പെണ്‍കുട്ടിയുടെ റോള്‍ കിട്ടിയിട്ട് എന്ത് കാര്യം.

കഥ കേള്‍ക്കുമ്പോള്‍ത്തന്നെ ക്യാരക്ടറിനെക്കുറിച്ച് ആലോചിച്ച് വെക്കും. അപ്പോള്‍ തുള്ളിത്തെറിച്ച് നടക്കുന്ന സ്വഭാവമൊക്കെ മാറ്റിവെക്കും. കഷ്ടപ്പെട്ട് പക്വത വരുത്താനൊക്കെ ശ്രമിക്കും.

അഭിനയം പ്രൊഫഷന്‍ ആക്കണോ എന്നൊന്നും ഞാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ആദ്യം പഠനം. എം.എ.ലിറ്ററേച്ചര്‍ ചെയ്യണം. അതുകഴിഞ്ഞിട്ടേ അടുത്ത പടിയുള്ളൂ. ഇടയ്ക്ക് നല്ല പടങ്ങള്‍ വരികയാണെങ്കില്‍ ചെയ്യണം.

ജീവിതം നടിയായ ശേഷം

സിനിമയില്‍ വരുന്നതിനു മുമ്പ്, എന്നെ വഴിയില്‍വെച്ചൊക്കെ കാണുമ്പോള്‍ വീട്ടിലെ വിശേഷങ്ങളായിരുന്നു എല്ലാവരും ചോദിച്ചത്. പക്ഷേ, ഇപ്പോള്‍ കാണുമ്പോള്‍ ആദ്യം ചോദിക്കുന്നത് സിനിമാക്കാര്യങ്ങളാണ്. പിന്നെ പുറത്തൊക്കെ പോവുമ്പോള്‍, കുറച്ചു പേരൊക്കെ തിരിച്ചറിയും, എവിടെയോ കണ്ടുപരിചയമുണ്ടെന്ന മട്ടില്‍ നോക്കാറുണ്ട്. ഇതൊക്കെ സിനിമ കൊണ്ടുവന്ന ഭാഗ്യം.

ഞാന്‍ ഒരിക്കല്‍പ്പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല, ഒരു സിനിമാ നടിയാവുമെന്ന്. ഒരു അവസരം കിട്ടിയപ്പോള്‍, 'എന്നാല്‍ വെറുതെ ചെയ്തുനോക്കാം. ചാന്‍സ് കിട്ടിയതല്ലേ' എന്നു കരുതി. പിന്നെ ആദ്യം അഭിനയിച്ചത്, മാതാവായിട്ട് ആണല്ലോ. അപ്പോള്‍ വീട്ടുകാരും ബന്ധുക്കളുമെല്ലാം പറഞ്ഞു, 'മാതാവല്ലേ, അതു കുഴപ്പമില്ലെന്ന്'. അതുകൊണ്ടാവും സിനിമയില്‍ അഭിനയിച്ചപ്പോഴും ആരും എതിര്‍ക്കാതിരുന്നത്.

പുതിയ സിനിമകള്‍

കെ.എന്‍.ശശിധരന്‍ സംവിധാനം ചെയ്ത നയന, കനകരാഘവന്റെ എട്ടേകാല്‍ സെക്കന്റ് എന്നിവ പുറത്തിറങ്ങാനിരിക്കുന്നു. നയനയില്‍ ഒരു കുഞ്ഞിന്റെ അമ്മയായിട്ടാണ് ഞാന്‍.

കുടുംബം, പഠനം

പാല അല്‍ഫോണ്‍സ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുകയാണ് ഞാന്‍. ഇംഗ്ലീഷ് ലിറ്ററേച്ചര്‍. പപ്പ ജോര്‍ജ് ഒരു മൊബൈല്‍ ഷോപ്പ് നടത്തുന്നു. അമ്മ മിനിക്ക് ഒരു ടൈലറിങ് ഷോപ്പുണ്ട്. ചേച്ചി ജിനി കല്യാണം കഴിഞ്ഞ് അബുദാബിയിലാണ്.