MATHRUBHUMI RSS
Loading...
ദുഃഖിതരായ കരടിക്കുട്ടന്‍മാര്‍

മരുഭൂമിയിലെ ജീവിതക്കാഴ്ചകളില്‍ നിന്ന് ആലിപ്പഴങ്ങള്‍ പോലെ ചറുപറ ഓര്‍മകള്‍ പെയ്തുവീഴുകയാണ്. മലയാളത്തിന്റെ പ്രിയ കഥാകാരി എസ്.സിതാര സൗദിയില്‍ നിന്ന് എഴുതുന്ന ഡയറിക്കുറിപ്പുകള്‍...


ഞാന്‍ ജീവിക്കുന്ന സൗദി അറേബ്യയില്‍ ഇത് ശൈത്യ കാലമാണ്. ദൈര്‍ഘ്യം കുറഞ്ഞ പകലുകള്‍, മൂടിക്കെട്ടിയ ആകാശം, ഇടയ്ക്കും തലയ്ക്കും ചില സങ്കട മഴകള്‍. തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ബഹിരാകാശ യാത്രികരെ പോലെ കയ്യുറകളും ജാക്കറ്റുകളും മങ്കി ക്യാപ്പുകളും ധരിച്ച്, തങ്ങളിലേക്കെത്രയും ചുരുങ്ങിക്കൂടാമോ അത്രയും ഒതുങ്ങിവിറച്ചു കൊണ്ട് നടന്നു പോകുന്നത് കാണാം. ചിലയിടങ്ങളില്‍ ആലിപ്പഴങ്ങള്‍ പെയ്യുന്നുണ്ട്. കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടാവുന്ന സുഖം അവയ്ക്ക് കാഴ്ചയിലും സ്പര്‍ശത്തിലും ഇല്ല. 'പഴം' എന്ന പദത്തിന് ചേരാത്ത വിധം കൂര്‍ത്തും പരന്നും അവ ചറുപറാ ആകാശത്തില്‍ നിന്ന് പൊട്ടി വീഴും. നിര്‍ത്തിയിട്ട കാറുകളുടെ മേല്‍ക്കൂരയില്‍ കുറ്റബോധമില്ലാതെ വന്‍കുഴികള്‍ തീര്‍ക്കും. ചിലത് മണ്ണില്‍ തൊടുമ്പോഴേക്കും നാണിച്ചവശരായി ഇല്ലാതെയാകും. ചിലത് ക്ഷീണത്തോടെ കണ്ണീര്‍ ഒലിപ്പിച്ചു കൊണ്ട് വന്നയിടത്തെ സൂര്യനിലേക്കു നെടുവീര്‍പ്പിട്ടു നോക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ താമസിച്ചിരുന്ന ഖമിസ് മുശയ്ത് എന്ന മലയോര നഗരത്തില്‍ പൊരി വെയിലത്തും മഞ്ഞു മഴ പെയ്യാറുണ്ടായിരുന്നു. അതിന്റെ ഏറ്റവും ആദ്യത്തെ കാഴ്ചയില്‍ മുഗ്ദ്ധയും സ്തബ് ധയും ആയി വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ദിവസം ഞാന്‍ അത് നോക്കി നിന്നതോര്‍ക്കുന്നു. അന്നെനിക്ക് ഇരുപത്തി മൂന്നു വയസ്സായിരുന്നു. നേര്‍ത്ത വെയില്‍ പാളികള്‍ക്കിടയിലൂടെ നനുത്തു മിനുത്ത മത്സ്യ കന്യകമാരെ പോലെ മഞ്ഞുകട്ടകള്‍ തെന്നിത്തെന്നി ഒഴുകി വീഴുന്ന ആ അത്ഭുത കാഴ്ച ഇരുപത്തിമൂന്നാം വയസ്സിന്റെ കാല്‍പ്പനിക മനസ്സിന് ഒരു പക്ഷെ താങ്ങാവുന്നതിലും അധികമായിരുന്നു. ഗൃഹാതുരതയാല്‍ മുന്നേ തന്നെ അടിപ്പെട്ടു കിടക്കുകയായിരുന്ന എന്റെ മനസ്സിലും വെയിലും മഞ്ഞും ഒരുമിച്ചു പെയ്തു. നിറഞ്ഞ കണ്ണുകള്‍ തുടക്കാന്‍ ശ്രമിക്കാതെ ഞാന്‍ ആകാശങ്ങളിലേക്ക് നന്ദിയോടെ നോക്കി.
ഖമിസ് മുശയ്ത് എന്ന സ്ഥലം വിട്ടു പോന്നതിനു ശേഷം ഞാന്‍ മഞ്ഞുമഴകള്‍ കണ്ടിട്ടേയില്ല. അവ മനസ്സില്‍ മാത്രം പെയ്യുന്നു. ഞാന്‍ ഇന്ന് താമസിക്കുന്ന ജിദ്ദയില്‍ ശൈത്യവും ശിശിരവും അവയുടെ മൂര്‍ധന്യാവസ്ഥയില്‍ ഉണ്ടാകാറില്ല. പക്ഷേ ഇളം തണുപ്പും മേഘങ്ങള്‍ ഇരുളിച്ച ആകാശവും ഒക്കെ ആയി അവയെനിക്ക് വര്‍ഷത്തിലേറ്റവും മനോഹരമായ ചില ദിനങ്ങള്‍ തരാറുണ്ട്. മനസ്സിനെ മൂകമാക്കാനും, പൊടുന്നനെ ഒരു മങ്ങിയ സ്വര്‍ണ്ണ വെളിച്ചത്തിലേയ്ക്കു എടുത്തെറിയാനും അവയ്ക്ക് ഒരു പോലെ കഴിയും. മിശ്ര വികാരങ്ങള്‍ നിറഞ്ഞ ഒരു ഡിസംബര്‍ പ്രഭാതത്തിലേക്ക് കണ്ണുകള്‍ തുറന്നപ്പോള്‍ എന്തുകൊണ്ടോ ഞാന്‍ ഖമിസ് മുശയ്ത് എന്ന പഴയ തണുപ്പ് നഗരത്തെ ഓര്‍ത്തു. ജീവിതത്തിലും അപൂര്‍വമായി ഭംഗിയുള്ള ശിശിര നിദ്രകള്‍ ഉണ്ടാവാം എന്നെന്നെ പഠിപ്പിച്ച സ്ഥലം. ഉറങ്ങിക്കിടക്കുമ്പോഴും സൗന്ദര്യമുള്ളവയായിരുന്നു അവിടത്തെ എന്റെ രോമക്കുപ്പായ ദിനങ്ങള്‍. അവിടെ ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കൊച്ചു ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ ഹിമക്കരടികളെ പോലെ എന്റെ മനസ്സിന്റെ ധ്രുവങ്ങളിലൂടെ വെളിച്ചത്തിന്റെ മഞ്ഞു കണങ്ങള്‍ ചിതറിച്ചു കൊണ്ട് ഇന്നും ഓര്‍മ്മകളായി അലയുന്നുണ്ട്.

എന്റെ നൂറു കണക്കിന് ഹിമക്കരടിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്നും അന്നത്തെ ആ പ്രഭാതത്തില്‍ വലീദ് എന്ന പലസ്തീന്‍ പയ്യന്‍ മാത്രം തലച്ചോറിലേക്ക് ചിതറി തെറിച്ചതെന്തേ എന്നെനിക്കറിയില്ല. ചെറിയൊരിടവേളയ്ക്ക് ശേഷം ഞാന്‍ അവനെ ഓര്‍ക്കുകയായിരുന്നു. വെളുത്തുരുണ്ട് ചുരുളന്‍ ചെമ്പന്‍ മുടിയുമായി, ദേഹമാസകലം മൂടുന്ന കമ്പിളി ജാക്കറ്റും കാലുറകളും അറ്റം കൂര്‍ത്ത് ഒടുവില്‍ ഭംഗിയുള്ളൊരു കമ്പിളി നൂലുണ്ടയില്‍ അവസാനിക്കുന്ന കമ്പിളിത്തൊപ്പിയും അവന്റെ കാഴ്ചയെ അതീവ ഓമനത്തമുള്ളതാക്കി. പലസ്തീനിലെ രക്തച്ചൊരിച്ചിലില്‍ നിന്നും ജീവന്‍ രക്ഷിച്ച് കാനഡയില്‍ അഭയം തേടിയവരായിരുന്നു അവന്റെ മാതാപിതാക്കള്‍. എന്റെ ഇംഗ്ലീഷ് ക്ലാസ്സുകളിലൊന്നില്‍ 'നിങ്ങള്‍ സ്വന്തം രാജ്യത്തിന്റെ ഭരണാധികാരി ആയാല്‍ എന്തൊക്കെ ചെയ്യും' എന്ന ഉപന്യാസ വിഷയം ബോര്‍ഡിലെഴുതി കൊടുത്ത ദിവസം ഇന്നും ഓര്‍ക്കുന്നു. ഒരിക്കലും അടങ്ങിയിരിക്കാത്ത ക്ലാസ്സിലെ മഹാ വികൃതി മങ്ങിയ മുഖത്തോടെ മൂകനായി ഇരിക്കുന്നത് കണ്ട ഞാന്‍ അവന്റെ തോളില്‍ തട്ടി; 'എന്ത് പറ്റി വലീദ്?' എനിക്കിന്നും മറക്കാനാവാത്ത ഒരു വിതുമ്പല്‍ കണ്ണില്‍ നിറച്ച് അവന്‍ എന്നെ തല പൊക്കി നോക്കി, 'മാം, ഞാന്‍ എന്തെഴുതും? എനിക്ക് സ്വന്തമായി ഒരു രാജ്യം പോലുമില്ലല്ലോ...'

എന്റെ മനസ്സ് സ്തബ്ധമായി. അവന്റെ കവിളില്‍ തൊടുക മാത്രം ചെയ്തു ഞാന്‍ കുറ്റബോധത്തോടെ തിരിഞ്ഞുനടന്നു. തന്റെ ഉപന്യാസത്തില്‍ വലീദ് എഴുതിയത് താന്‍ പലസ്തീന്റെ ഭരണാധികാരിയായാല്‍ ആയുധങ്ങള്‍ വാങ്ങിച്ചു കൂട്ടുമെന്നും അമേരിക്കയോടും ഇസ്രായേലിനോടും പിടിച്ചുനില്‍ക്കാന്‍ അതുമാത്രമാണ് വഴിയെന്നുമാണ്. അതുവായിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ല; എന്റെ ഉള്ളിലെ അധ്യാപിക വലീദിനു പകരം വേറെ ഏതു വിദ്യാര്‍ഥി ആയിരുന്നാലും ഹിംസയെ എതിര്‍ത്ത് കൊണ്ട് വലിയൊരു ഉപദേശം നല്‍കുമായിരുന്നു.

വലീദ് പിന്നീട് കാനഡയിലേക്ക് തിരിച്ചുപോയി. സൗദിയേക്കാള്‍ പത്തിരട്ടി തണുപ്പുള്ള അവിടെ വലിയൊരു കമ്പിളിയുമായാവും അവന്‍ നടക്കുന്നുണ്ടാവുക എന്ന് സങ്കടം നിറഞ്ഞൊരു ചിരിയോടെ ഞാന്‍ ഇടക്കൊക്കെ ഓര്‍ത്തു. അവന്‍ ഇല്ലാത്ത ക്ലാസ് മുറി തികച്ചും വരണ്ടിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും തിരിച്ചെത്തി. ഇപ്പോള്‍ അവന്‍ ഒരു പുരുഷനായിരിക്കുന്നു. പൊടിമീശ മുളച്ച, പെണ്‍കുട്ടികളെ കമന്റടിക്കുന്ന, സ്‌കൂളില്‍ ഒളിഞ്ഞിരുന്ന് സിഗരറ്റ് വലിക്കുന്ന, പോണ്‍സിനിമകളെ പറ്റിയും വിവിധ തരം മയക്കുമരുന്നുകളെ പറ്റിയും കൂടെയുള്ള ആണ്‍കുട്ടികളോട് ആധികാരികമായി സംസാരിക്കാന്‍ അറിയുന്ന ഒരു പുരുഷന്‍. രണ്ടു വര്‍ഷത്തെ കാനഡവാസം അവനെ ആകെ മാറ്റി എന്ന് അവന്റെ അച്ഛന്‍ കണ്ടപ്പോള്‍ സങ്കടം പറഞ്ഞു. പഴയ വലീദിനെ ഓര്‍ത്ത് ഞാനും നെടുവീര്‍പ്പിട്ടു കൊണ്ടിരുന്നു. നെടുവീര്‍പ്പുകള്‍ മാറും മുമ്പേ അവന്‍ സ്‌കൂളില്‍ നിന്ന് വീണ്ടും പോയി. പിന്നെ ഞാന്‍ വലീദിനെ കണ്ടിട്ടില്ല.

വലീദ് എന്നാ രാജ്യമില്ലാ രാജകുമാരനെ പറ്റി ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. അവന്‍ എന്റെ ഹൃദയത്തോടത്രയും അടുത്തവനായിരുന്നു. ഇന്നവന്‍ ഒരു യുവാവായിക്കാണും. പക്ഷേ, എന്റെ മനസ്സില്‍ വലീദ് എന്ന ആ ഹിമക്കരടിക്കുട്ടിക്ക് എന്നും വയസ്സ് പന്ത്രണ്ട് തന്നെ.

പലസ്തീനില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തെയും കുഞ്ഞുങ്ങളുടെ കണ്ണീരിനെയും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളിലും ടെലിവിഷനിലും ഒരുപാട് കണ്ടു. അതൊക്കെക്കൊണ്ട് കൂടിയാവണം തണുപ്പുകാലം വലീദിനെ വര്‍ഷങ്ങള്‍ക്കുശേഷം മനസ്സിലേക്ക് തിരിച്ചു കൊണ്ടുവന്നത്. എന്റെ പാവം പാവം ഹിമക്കരടിക്കുട്ടി...അവന്‍ തന്റെ സങ്കല്‍പ്പത്തില്‍ വാങ്ങിക്കൂട്ടിയ ആയുധങ്ങള്‍ ഇന്ന് അവന്റെ കൂടെ രക്ഷക്കായി ഉണ്ടോ എന്ന് പോലും എനിക്കറിയില്ല.

വലീദിന്റെ കുടുംബത്തെ പോലെ, ജീവഭയത്താല്‍ മാതൃരാജ്യം വിട്ടോടിപ്പോന്ന നിരവധി പലസ്തീനികള്‍ സൗദി അറേബ്യയില്‍ പ്രത്യേകിച്ച് ജിദ്ദയില്‍ ഉണ്ട്. ചിലരൊക്കെ തലമുറകള്‍ക്ക് മുന്നേ ഇവിടേക്ക് അഭയാര്‍ഥികളായി കുടിയേറിയവരാണ്. പലസ്തീനിലെ തകര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടല്ലോ. സൗദിയിലെ ജനങ്ങള്‍ക്ക് പലസ്തീനികളോട് പൊതുവെ ഒരു 'സോഫ്റ്റ് കോര്‍ണര്‍' ഉണ്ടെന്ന് കേള്‍ക്കാറുണ്ട്. സര്‍ക്കാര്‍ പോലും അവര്‍ക്ക് മറ്റു വിദേശികള്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കുന്നു. എന്റെ ഭര്‍ത്താവ് ഫഹീം ഈയിടെ പറയുകയുണ്ടായി, സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയ ശേഷം, എല്ലാ കമ്പനികളിലും രണ്ടു പലസ്തീനികള്‍ ഒരു സൗദിപൗരനു സമമായി കണക്കാക്കപ്പെടുമത്രേ. ഇവിടത്തെ പലസ്തീനികള്‍ പൊതുവെ കര്‍ക്കശ സ്വഭാവക്കാരാണെന്നു പറയുന്നു. തികച്ചും സ്വാഭാവികം. വീടില്ലായ്മ, ഗൃഹാതുരത, വര്‍ഷങ്ങളായി അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍, രക്തപ്പുഴകള്‍...ഏതൊരാളുടെയും മനസ്സിലെ നനുപ്പുകള്‍ വരണ്ടുണങ്ങാന്‍ ഇത്രയൊക്കെ മതി. അവര്‍ പക്ഷേ കാഴ്ചയില്‍ അതി സുന്ദരന്മാരാണ്. വിഷാദം കിനിയുന്ന കണ്ണുകളും നീളമുള്ള കണ്‍പീലികളും വിളര്‍ത്തു മെലിഞ്ഞ ശരീരപ്രകൃതവുമായി, പഴയൊരു പെയിന്റിങ്ങില്‍നിന്നും ഇറങ്ങി വന്ന രൂപമാണ് അവരില്‍ പലര്‍ക്കും. മിക്കവര്‍ക്കും നാട്ടിലെ പ്രശ്‌നങ്ങള്‍ കാരണം പാസ്‌പോര്‍ട്ട് ഇല്ല. വെക്കേഷന്‍ സമയത്ത് പോകാന്‍ ഒരു നാടില്ലാതെ പലരും അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങാറാണത്രേ.

എനിക്ക് പരിചയമുള്ളതും അല്ലാത്തതുമായ എല്ലാ പ്രവാസി പലസ്തീനികള്‍ക്കും ജീവിതത്തിന്റെ ഒരേയൊരു ഋതു ശൈത്യം മാത്രമാണെന്ന് ഇന്നലെ വലീദിനെപ്പറ്റി ഓര്‍ത്തപ്പോള്‍ തോന്നി. ആത്മാവില്‍ സ്ഥായിയായ വിഷാദഭാവം ഉള്ള, ഒരു തോറ്റ ജനത. അവരുടെ അവസാനിക്കാത്ത തണുപ്പുറക്കങ്ങള്‍. ഒരുപക്ഷേ, ഞാന്‍ കരുതുന്നു, ഞാനും നിങ്ങളും തികച്ചും ഭാഗ്യവാന്മാരാണ്. നമ്മുടെയൊക്കെ ജാതകങ്ങളില്‍ സൂര്യനും വെയിലും വെളിച്ചത്തിന്റെ സ്വര്‍ണപ്പൊട്ടുകളും ഇത്തിരിയോളം ഇളംചൂടായാണെങ്കിലും ഉണ്ട്.

ഈ കുറിപ്പെഴുതുമ്പോഴും എനിക്ക് ചുറ്റും തണുപ്പാണ്. നെഞ്ചിലും ഉണ്ട് ഭാരമേറിയൊരു ഹിമക്കട്ടയുടെ പൊള്ളല്‍. എന്റെ യഥാര്‍ഥ ശൈത്യം ഒരു പക്ഷേ തുടങ്ങിയതേ ഉള്ളൂ എന്നു തോന്നുന്നു. മുപ്പതുകളുടെ പകുതിയില്‍ എത്തിയ, വേരുകള്‍ പറിച്ചു മാറ്റപ്പെട്ട ഒരു സ്ത്രീക്ക് ഇതുതന്നെയാണ് ജീവിതത്തിലെ ഏറ്റവും തണുത്ത കാലം. യൗവനത്തിന്റെയും ഒരു മഹാസമുദ്രത്തിന്റെയും അകലത്തില്‍ മരുപ്പച്ചകള്‍ മാത്രമാണിപ്പോള്‍. ഗൃഹാതുരത എന്ന ഓമനപ്പേരിട്ട് ഞാന്‍ എന്റെ ഓര്‍മ്മക്കപ്പലിനെ വലിയൊരു ഹിമശിലയിലെക്ക് ഇടിച്ചിറക്കിക്കഴിഞ്ഞു. കപ്പല്‍ച്ചേതത്തിനൊടുവില്‍, പകുതി പ്രണയവും പകുതി യൗവനവും പകുതി വാര്‍ധക്യവും പകുതി ജീവിതവും ആയി, ഞാന്‍ എന്റെ ഏറ്റവും കഠിനമായ ശിശിരനിദ്രയിലേക്ക് കണ്ണുകള്‍ അടക്കുകയാണ്, വലിയൊരു വെയില്‍പ്പാളിയുടെ ചൂടിലേക്ക് വീണ്ടും കണ്ണുകള്‍ തുറക്കാനായി.