MATHRUBHUMI RSS
Loading...
തട്ടിപ്പുകാര്‍ ഇത് വായിക്കില്ലല്ലോ
റീഷ്മ ദാമോദര്‍

നവവരനായും മൊബൈല്‍ കാമുകനായും അവന്‍ വരും, സ്ത്രീകളെ ഇരകളായി കോര്‍ത്തെടുക്കും. കേരളത്തില്‍ വ്യാപകമായ രണ്ട് തട്ടിപ്പുരീതികളുടെ ചുരുളഴിയുന്നു...
എന്താ പേര്? അയാളുടെ ചോദ്യം. അവള്‍ പേരുപറഞ്ഞ് മുഖം കുനിച്ചു.

പെണ്ണുകാണാന്‍ വന്നയാള്‍ ചടുലമായി സംസാരിച്ചു. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. അയാളെ വീട്ടുകാര്‍ക്കും ബോധിച്ചു. അവര്‍ മകളുടെ കല്യാണം ഉറപ്പിച്ചു. ദിവസങ്ങള്‍ക്കകം വരന്‍ ആവശ്യങ്ങളുടെ പട്ടികനീട്ടിത്തുടങ്ങി. സ്വര്‍ണം, പണം, വസ്ത്രങ്ങള്‍... ഓരോ സമ്മാനങ്ങളും അയാള്‍ പുഞ്ചിരിയോടെ സ്വീകരിച്ചു. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ നവവരന്റെ ഫോണ്‍ സ്വിച്ച് ഓഫ്.

കേരളത്തിന്റെ മുക്കിലും മൂലയിലും വരെ കാണുന്ന പുതിയ തട്ടിപ്പുകഥയിലെ നായകന്റെ രംഗപ്രവേശവും കഥയുടെ ക്ലൈമാക്‌സുമാണ് ഈ കണ്ടത്. നമ്മുടെ നാട്ടില്‍ തഴച്ചുവളരുന്ന വിവാഹത്തട്ടിപ്പുകഥയുടെ പിന്നാമ്പുറങ്ങളിലേക്ക് പോവുമ്പോള്‍ അമ്പരന്നിരിക്കാനെ നേരം കാണൂ.

പണവും പോയി, കല്യാണവും മുടങ്ങി

സ്ഥലം കോഴിക്കോട്. പുനലൂരില്‍നിന്നും അന്ന് രാവിലെ എത്തിയതേയുള്ളൂ വരനും സംഘവും. ക്ഷേത്രത്തില്‍ വെച്ചാണ് താലികെട്ട്. സമയത്തിനുതന്നെ ക്ഷേത്രത്തിലെത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ വധുവിന്റെ സഹോദരനും മറ്റു രണ്ട് ബന്ധുക്കളും വന്ന്, താലിമാലയും മോതിരവുമൊക്കെ പൂജിക്കാനായി വാങ്ങി. വധുവിന്റെ ഒരു ബന്ധു മാത്രം വരന്റെ കൂടെ നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍, വരന്റെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ സഹോദരന്‍ വിളിച്ചു. ബന്ധുവിന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. അയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കുറച്ചുമാറി നിന്നു. അല്‍പംകഴിഞ്ഞ് നോക്കുമ്പോള്‍ ആളുമില്ല, ഫോണുമില്ല. താലി പൂജിക്കാന്‍ പോയവരേയും കാണുന്നില്ല. കുറേ നേരം തിരഞ്ഞു. ഒടുവില്‍ നിരാശയോടെ പൊലീസില്‍ വിവരം അറിയിച്ചു. അപ്പോള്‍ മാത്രമാണ്, 'വിവാഹ'ത്തിന്റെ പിന്നിലെ കഥ അവരറിയുന്നത്. പെണ്‍വീട്ടുകാരായി നടിച്ച്, പുരുഷന്‍മാരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘം അവരെ കബളിപ്പിക്കുകയായിരുന്നു.

'രണ്ടാം വിവാഹത്തിനു താല്‍പര്യമുണ്ടെന്ന് ഇവര്‍ തെക്കന്‍ ജില്ലകളില്‍ പത്രപരസ്യം നല്‍കും. പരസ്യം കണ്ട് ആരെങ്കിലും വിളിച്ചാല്‍, വധുവിനെ കാണാന്‍ കോഴിക്കോട്ടെത്താന്‍ ആവശ്യപ്പെടും. വരനെത്തുമ്പോള്‍ വധുവിന്റെ അടുത്ത ബന്ധുക്കളിലൊരാള്‍ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയിലാണെന്ന് വിശ്വസിപ്പിക്കും. ആസ്പത്രിക്ക് സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ പെണ്‍വീട്ടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും', തട്ടിപ്പിന്റെ ചുരുളഴിക്കുന്നു കോഴിക്കോട്ടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍.

'സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യയെ കല്യാണപ്പെണ്ണെന്ന് പരിചയപ്പെടുത്തി ദൂരെ നിന്ന് കാണിച്ചുകൊടുക്കും. പെണ്‍കുട്ടിയെ ഇഷ്ടപ്പെടുകയാണെങ്കില്‍ വധൂഗൃഹത്തില്‍ വിവാഹം നടത്താമെന്ന് തീരുമാനിക്കും. ഇതിനിടയില്‍, സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യ പ്രതിശ്രുത വധുവാണെന്ന വ്യാജേന വരനുമായി ഫോണില്‍ സംസാരിച്ചു തുടങ്ങുന്നു. ഇതാണ് തട്ടിപ്പിന്റെ രീതി', അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇനി തിരുവനന്തപുരത്തേക്ക്. നെയ്യാറ്റിന്‍കര സ്വദേശിനിയുടെ വിവാഹപ്പരസ്യം പത്രത്തില്‍ കണ്ടിട്ടാണ് അയാള്‍ വിളിച്ചത്. നല്ലയാളെന്നു തോന്നിയതുകൊണ്ട് വീട്ടിലേക്ക് ക്ഷണിച്ചു. വരാമെന്നുപറഞ്ഞ ദിവസം രാവിലെ 'പയ്യന്‍' പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും അവിടെവെച്ച് പണവും എ.ടി.എം കാര്‍ഡും പോക്കറ്റടിച്ചെന്നുമായി അയാള്‍. ഇതറിഞ്ഞ് വധുവും ബന്ധുക്കളും സ്റ്റേഷനിലെത്തി. പാന്റ്‌സിന്റെ പോക്കറ്റ് ബ്ലേഡ് കൊണ്ട് കീറിയിരുന്നു ചെറുക്കന്‍. വീട്ടിലേക്ക് പോകാന്‍ കാശില്ലാത്തതിനാല്‍ 500 രൂപയും വാങ്ങിയാണ് മടങ്ങിയത്. പിന്നെ ഫോണില്‍ യുവതിയും വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചു. ബന്ധുക്കള്‍ക്ക് വിദേശത്ത് ജോലി ശരിയാക്കിക്കൊടുക്കാമെന്നും പറഞ്ഞു. ഒടുവില്‍ ബന്ധുവിന് ഇംഗ്ലണ്ടില്‍ ജോലി തരപ്പെട്ടിട്ടുണ്ടെന്നും 1500 രൂപയുമായി റെയില്‍വേ സ്റ്റേഷനില്‍ വരണമെന്നും പറഞ്ഞപ്പോഴാണ് യുവതിയുടെ ബന്ധുക്കള്‍ക്ക് സംശയമായത്. അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പറഞ്ഞതനുസരിച്ച് ഇയാളെ വിളിച്ചു വരുത്തി. അപ്പോഴാണ് അയാള്‍ മുമ്പും പലരെയും കബളിപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നത്.

കാലം മാറി, തട്ടിപ്പുകളും

കിടപ്പാടം വരെ പണയപ്പെടുത്തി മക്കളുടെ കല്യാണത്തിനൊരുങ്ങുമ്പോള്‍ ആ പണവുമായി വ്യാജ വരന്‍ മുങ്ങുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. തട്ടിപ്പുകള്‍ ഒരുപാട് നടന്നിട്ടും വീണ്ടും അതില്‍ച്ചെന്ന് വീഴുന്നവരുടെ എണ്ണവും കുറയുന്നില്ല.

'വീട്ടുകാര്‍ മുന്‍കൈയെടുത്തുള്ള വിവാഹമായിരുന്നു പണ്ടൊക്കെ. വിശദമായ അന്വേഷണങ്ങള്‍ നടത്തിയേ വിവാഹം ഉറപ്പിക്കാറുള്ളൂ. ഇന്ന് ടെക്‌നോളജി വളര്‍ന്നു. പലപ്പോഴും കല്യാണം തീരുമാനിക്കുമ്പോള്‍ ഇന്റര്‍നെറ്റായി കാരണവര്‍', ടി.എന്‍.സീമ എം.പി.പറയുന്നു. ഇന്ന് കല്യാണം രണ്ട് പേര്‍ തമ്മിലുള്ള ഒരു ബന്ധത്തിലേക്ക് മാറി. അവര്‍ ആളെ തിരഞ്ഞെടുക്കുന്നു. വീട്ടുകാര്‍ക്ക് റോള്‍ കുറഞ്ഞു തുടങ്ങി.

വിവാഹ തട്ടിപ്പ് അനുദിനം വര്‍ധിക്കുകയാണെന്ന് തെളിയിക്കുന്നു വനിതാ കമ്മീഷന്റെ കണക്കുകള്‍. ഈ വര്‍ഷം സപ്തംബര്‍ വരെ സംസ്ഥാന വനിതാ കമ്മീഷനു മുമ്പിലെത്തിയ പ്രധാനപ്പെട്ട നാനൂറ് കേസുകളില്‍ 50 ശതമാനവും വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. വിവാഹത്തട്ടിപ്പ് എല്ലായിടങ്ങളിലേക്കും പടര്‍ന്നുപന്തലിക്കുകയാണെന്ന് ചുരുക്കം.

'ആര്‍ഭാടമുള്ള ജീവിതം വേണമെന്നു തോന്നുമ്പോള്‍, ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് പലരും വിവാഹത്തെ കാണുന്നത്. ഒരു സാമൂഹ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് വിവാഹത്തട്ടിപ്പ്. ഇതിന്റെ പ്രധാന കാരണം സ്ത്രീധനം തന്നെയാണ്. എത്ര പാവപ്പെട്ട കുടുംബം ആണെങ്കിലും, അല്‍പം സ്വര്‍ണവും പണവുമൊക്കെ കൊടുത്തിട്ടേ വിവാഹം കഴിപ്പിക്കൂ. ഇതാണ്, തട്ടിപ്പുകാരെ ആകര്‍ഷിക്കുന്നതും', സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ പ്രതികരിക്കുന്നു.

കള്ളന്‍മാരും ഹൈടെക്കായി

വിവാഹത്തട്ടിപ്പുകാര്‍ ഏത് രൂപത്തിലും വരാം. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ അനുഭവം കേള്‍ക്കൂ. 'ഒരു ദിവസം ഫേസ്ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ്. ഉത്തര്‍പ്രദേശില്‍ നവോദയ സ്‌കൂള്‍ അധ്യാപകന്റേത്. ഞങ്ങള്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി. ഏഴ് മാസം നീണ്ടു നിന്ന സൗഹൃദം. ഒടുവില്‍ പ്രണയമായി. പിന്നെ വിവാഹവും. അതിനുശേഷം ഞാനും യു. പി. യിലേക്ക് പോയി. ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്തു. നോക്കുമ്പോള്‍ കുറേ പടങ്ങളും മറ്റും. അപ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് ആറന്‍മുളയിലുള്ള ഒരു യുവതിയെ വിവാഹം കഴിച്ചെന്ന് അറിയുന്നത്. ഇതിനിടെ എന്റെ 75 പവനും കൈക്കലാക്കി വിറ്റിരുന്നു.' ഒരാഴ്ച നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് വരുമ്പോള്‍ ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്നുവെന്നാണ് ആ യുവതി പ്രതികരിച്ചത്.

മാട്രിമോണിയല്‍ സൈറ്റിലൂടെ തട്ടിപ്പ് നടത്തി, എട്ടുയുവതികളെ വിവാഹം ചെയ്തതിനാണ് കുറച്ച് നാള്‍ മുമ്പ് തമിഴ്‌നാട് സ്വദേശി അറസ്റ്റിലായത്. ഡോക്ടര്‍, എഞ്ചിനീയര്‍ എന്നീ പേരുകളില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ യുവതികളെ വലയില്‍ വീഴ്ത്തിയത്. പിന്നീട് പെണ്‍വീട്ടുകാരില്‍ നിന്നും പണം തട്ടി മുങ്ങുകയായിരുന്നു.


വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി സ്വന്തമാക്കുന്ന മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരുണ്ട്. ഈ നമ്പറാവും മാട്രിമോണിയല്‍ പരസ്യത്തില്‍ നല്‍കുന്നത്. പൊലീസ് എത്തുമ്പോഴാണ്, വ്യാജ മേല്‍വിലാസത്തില്‍ നേടിയതാണെന്ന് വ്യക്തമാവുക. പ്രതികള്‍ പിടിയിലാവുകയുമില്ല. അവര്‍ പുതിയ രൂപത്തിലും ഭാവത്തിലും മറ്റൊരു സ്ഥലത്ത് അവതരിച്ചിട്ടുണ്ടാകും.

കാളികാവിലെ യുവതിയെ വിവാഹം കഴിച്ച് സ്വര്‍ണവുമായി മുങ്ങിയയാള്‍ അറസ്റ്റിലായത്, മറ്റൊരു വിവാഹത്തിനുള്ള ഒരുക്കത്തിനിടയില്‍. വിവാഹശേഷം ഭാര്യവീട്ടില്‍ താമസമാക്കിയ ഇയാള്‍, ആഭരണം പുതുക്കിവാങ്ങിക്കാനെന്ന ഭാവത്തില്‍ പോയതാണ്. പിന്നെ അയാളുടെ ഒരു വിവരവുമില്ല. ആകെയൊരു മൊബൈല്‍ നമ്പര്‍ മാത്രമാണ് ഭാര്യയുടെ കൈയിലുള്ളത്. ഒരു ഫോട്ടോ പോലുമില്ല.

'സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് ആരെങ്കിലും വന്നാല്‍ പിന്നെയൊന്നും നോക്കില്ല, ഒന്നും അന്വേഷിക്കാതെ വിവാഹമങ്ങ് നടത്തിക്കൊടുക്കും. അതവരുടെ ഗതികേട് കൊണ്ടാണെങ്കിലും', വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി അഭിപ്രായപ്പെടുന്നു.

'ഇതിന് ഇരകളായവര്‍ക്ക് വേണ്ടി, ഇപ്പോള്‍ നിര്‍ഭയ പോലുള്ള പദ്ധതികള്‍ ഉണ്ട്. വനിതാ കമ്മീഷനു കീഴിലുള്ള ജാഗ്രതാ സമിതികള്‍ക്കാണ്, ഇതിന്റെ ചുമതല. ഇവയുടെയൊക്കെ സഹായം ഉപയോഗപ്പെടുത്താം,' മന്ത്രി എം.കെ.മുനീര്‍ ആശ്വസിപ്പിക്കുന്നു.

അടുത്തിടെ ചാനലില്‍ പ്രത്യക്ഷപ്പെട്ട് സ്വന്തം കഥ വിവരിച്ചു പുനലൂര്‍ സ്വദേശിനി. ഭര്‍ത്താവിനെ വര്‍ഷങ്ങളായി കാണാനില്ല. അവരുടെ കൈയിലാണെങ്കില്‍ ബന്ധം തെളിയിക്കുന്ന ഒരു രേഖയുമില്ല.. ഭര്‍ത്താവിന്റെ കീറിപ്പോയ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുള്ള ഒരു ഫോട്ടോയല്ലാതെ. പരിപാടി കഴിഞ്ഞ് അവര്‍ ഇറങ്ങിയതിന്റെ പിന്നാലെത്തന്നെ ചാനലിന്റെ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍. മലപ്പുറത്തു നിന്നായിരുന്നു. ടി.വി.യില്‍ കാണിച്ച ഫോട്ടോയിലെ ആള്‍ ഇപ്പോള്‍ മലപ്പുറത്തുണ്ടെന്നും, തന്റെ ചേച്ചിയുടെ ഭര്‍ത്താവ് ആണെന്നും അവര്‍ പറഞ്ഞു. പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന ഒരു കഥയാണ് പിന്നാലെ പുറത്തുവന്നത്. അമ്മയും നാല് ആണ്‍മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. എല്ലാവര്‍ക്കും രണ്ടോ അതില്‍ കൂടുതലോ ഭാര്യമാര്‍. ഈ ഭാര്യമാര്‍ക്കൊന്നും പരസ്പരം ഇക്കാര്യം അറിയുകയുമില്ല. ഒടുവില്‍ നാല് സഹോദരന്‍മാരും, ചാനലിന്റെ പരിപാടിക്കെത്തി. അത് ടി.വി.യില്‍ നടക്കുമ്പോള്‍ മറ്റൊരു ഫോണ്‍ ആലപ്പുഴയില്‍ നിന്ന്. മരിച്ചുപോയെന്ന് കരുതിയ ഭര്‍ത്താവിനെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു ആ സ്ത്രീ. അല്‍പം കഴിഞ്ഞതോടെ പല സ്ഥലത്തു നിന്നും ഫോണ്‍വിളികളായി. പല ഭാര്യമാരെയും ബന്ധുക്കളെയുംകൊണ്ട് ചാനല്‍ സ്റ്റുഡിയോ നിറഞ്ഞു.

നടിയും അവതാരകയുമായ വിധുബാല ഒരു അനുഭവം പങ്കുവെക്കുന്നു. 'കഥയല്ലിത് ജീവിതം എന്ന പരിപാടിയില്‍ ഇതുപോലുള്ള കുറേ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസം വന്നത്, റോഡ്പണിയ്ക്ക് പോവുന്നൊരു സ്ത്രീ. അവരും അച്ഛനും മാത്രമാണ് വീട്ടില്‍. ബലൂണ്‍ വിറ്റ് നടക്കുന്നൊരാള്‍ ഇവരെ വിവാഹം കഴിക്കാമെന്നും പറഞ്ഞുവരുന്നു. പെണ്‍കുട്ടി കുറേ പറഞ്ഞു, താല്‍പര്യമില്ലെന്ന്. സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നായി ഇയാള്‍. ഒടുവില്‍, അച്ഛന്റെ നിര്‍ബന്ധത്താല്‍ കല്യാണം. പിന്നാലെ ഇരട്ടക്കുട്ടികളും പിറന്നു. ആയിടയ്ക്കാണ്, ഭര്‍ത്താവിന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് ഇവര്‍ അറിയുന്നത്. ഞങ്ങളുടന്‍ മറ്റേ ഭാര്യയേയും മക്കളേയും പരിപാടിയിലേക്ക് ക്ഷണിച്ചു. ആ സ്ത്രീ 50,000 രൂപയും കൊണ്ടാണ് വന്നത്, അവരുടെ കിടപ്പാടം വരെ പണയപ്പെടുത്തി കിട്ടിയ പണം. അവരൊരു കാര്യമേ എന്നോട് ആവശ്യപ്പെട്ടുള്ളൂ, 'ഈ പണംമുഴുവന്‍ ഞാന്‍ കൊടുക്കാം. പക്ഷേ, ഭര്‍ത്താവിനെ എനിക്ക് വേണം.'

ഭര്‍ത്താവ് എത്ര മോശപ്പെട്ടവനാണെങ്കിലും, അയാളെ വേണ്ടെന്ന് ഒരു സ്ത്രീയും പറയില്ല. എത്ര കൊള്ളരുതാത്തവനാണെങ്കിലും, അയാള്‍ എനിക്ക് താലികെട്ടിയവനല്ലേ. എന്റെ കൊച്ചുങ്ങള്‍ക്ക് അച്ഛനില്ലാതാവരുതല്ലോ എന്നൊക്കെയാണ് അവര്‍ പറയുക. വേറൊരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അവളെ വില്‍ക്കാന്‍ ശ്രമിച്ചു. അതിനുവേണ്ടിയാണ് അയാള്‍ രണ്ടാമത് വിവാഹം കഴിച്ചതുതന്നെ. എന്നിട്ടും, ഭര്‍ത്താവിനെ പിരിഞ്ഞൊരു ജീവിതം അവള്‍ ആഗ്രഹിക്കുന്നില്ല', വിധുബാല പറയുന്നു.

സ്ത്രീയുടെ ഈ കാഴ്ചപ്പാടുകളാണ് അവളെ ചതിയില്‍ വീഴ്ത്തുന്നത്. സ്വന്തം ജീവിതത്തോട് അവള്‍ ഇത്തിരിയെങ്കിലും ജാഗ്രത കാട്ടിയെങ്കില്‍!

ചതിയിലേക്ക് ഒരു മിസ്ഡ് കോള്‍

എം.ടെക് ബിരുദധാരിയായ അവള്‍ മൊബൈല്‍ വഴി പ്രണയത്തിലായ കാമുകനെത്തേടിയാണ് കണ്ണൂരിലെ കൂത്തുപറമ്പിലെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റാന്‍ഡില്‍ ബസിറങ്ങുമ്പോള്‍ ഒരു വര്‍ഷമായി ശബ്ദം കൊണ്ട് മാത്രം തിരിച്ചറിയുകയും പ്രണയിക്കുകയും ചെയ്ത പ്രിയനെ ആദ്യമായി കാണുന്നതിന്റെ ആകാംക്ഷയും ആഹ്ലാദവുമായിരുന്നു ആ 23 കാരിയുടെ മനസ്സില്‍. കാമുകന്‍ പറഞ്ഞതനുസരിച്ചാണ് തിരുവനന്തപുരം പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് അവള്‍ രണ്ടുനാള്‍ മുമ്പ് പുറപ്പെട്ടത്. പെണ്‍കുട്ടിയെക്കുറിച്ച് സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. അവള്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ട്് പൊലീസ് കാമുകനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. യുവ കാമുകനെ കാത്തുനിന്ന ആ 23 കാരിക്ക് മുന്നിലേക്കെത്തിയത് എഴുപതുകാരന്‍. ഹൃദയത്തോട് ചേര്‍ത്തുവെച്ച കാമുകന്റെ രൂപം കണ്ട് സ്റ്റേഷനില്‍ അവള്‍ തളര്‍ന്നു വീണു.

ഇത് കല്പിത കഥയല്ല. ഇക്കഴിഞ്ഞ മാസം പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ്. മൊബൈല്‍ പ്രണയക്കുരുക്കില്‍ വഞ്ചിതരായ ഒട്ടേറെ പെണ്‍കുട്ടികളില്‍ ഒരാള്‍. കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ 'കുറ്റിപ്പുറം സിന്‍ഡ്രോം' പലരും മറന്നിട്ടുണ്ടാവില്ല. മൊബൈല്‍ വഴി പ്രണയത്തിലായ കാമുകിമാര്‍ ഒന്നിനുപുറകേ ഒന്നായി കാമുകനെത്തേടി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങാന്‍ തുടങ്ങിയതാണ് അന്ന് വാര്‍ത്തയായത്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമൊക്കെ വീടുവിട്ടിറങ്ങി കുറ്റിപ്പുറത്ത് തീവണ്ടിയിറങ്ങിയ കാമുകിമാരില്‍ വി ദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും പ്രൊഫഷണലുകളുമൊക്കെ ഉണ്ടായിരുന്നു. കാമുകന്‍ പോയിട്ട് കാമുകന്റെ നമ്പര്‍ പോലും റേഞ്ചിലില്ലെന്ന് തീവണ്ടിയിറങ്ങിയപ്പോഴാണ് അവരില്‍ പലരും തിരിച്ചറിഞ്ഞത്.

മൊബൈല്‍ വാര്‍ത്തകള്‍

മൊബൈല്‍ ഫോണ്‍ ഒരുക്കുന്ന അനന്തമായ കൗതുകങ്ങളിലൊന്നായി 'മൊബൈല്‍ വാര്‍ത്തകളെ'യും മലയാളി സ്വീകരിച്ചുകഴിഞ്ഞു. മിസ്ഡ് കോളായും മെസേജായും തുടങ്ങി പ്രണയക്കുരുക്കിലും ദാമ്പത്യത്തകര്‍ച്ചയിലും പീഡനങ്ങളിലും മോഷണത്തിലും കൊലപാതകത്തിലുമൊക്കെ അവസാനിക്കുന്നു അവ. മൊബൈലെന്ന കൊച്ചുപകരണം കേരളത്തില്‍ ക്രൈം സെന്ററായി മാറുന്ന വാര്‍ത്തകളാണ് നിറയെ.

സന്തതസഹചാരി എന്ന നിലയിലേക്ക് മൊബൈല്‍ വികസിച്ചതോടെയാണ് ദുരുപയോഗം കൂടിയത്. മൊബൈല്‍ ക്യാമറയില്‍ കുടുങ്ങി ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരുടെ എണ്ണവും ഒട്ടും കുറവല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയതിനെത്തുടര്‍ന്ന് മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ ആലപ്പുഴയില്‍ ആത്മഹത്യ ചെയ്തത്. യുവതികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ പിന്നീടും പലജില്ലകളില്‍ നിന്നുമുണ്ടായി.

കാലടിയില്‍ പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രതി വലയിലാക്കിയതും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളിലൂടെയാണ്. മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കിയശേഷമാണ് പ്രതി പീഡിപ്പിച്ചതും മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതും. ചാവക്കാട്ട് മൂന്നു കുട്ടികളുടെ മാതാവായ യുവതിയെ ഒന്നര വര്‍ഷത്തോളം പീഡനത്തിനിരയാക്കുകയും അശ്ലീലരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തത് ഈയിടെയാണ്. പത്രങ്ങളിലെ വിവാഹപരസ്യത്തിലെയും വാഹനവില്‍പ്പന പരസ്യത്തിലെയും മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ച് മോഷണവും ലൈംഗികചൂഷണവുമൊക്കെ നടത്തിയ കേസുകളും ധാരാളമുണ്ട്.

കാട്ടാക്കടയില്‍ വീട്ടമ്മയുമായി യുവാക്കള്‍ മൊബൈല്‍ വഴി സൗഹൃദം സ്ഥാപിച്ചത് മോഷണത്തിനായിരുന്നു. പതിവായി ഫോണ്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്ത് വീട്ടമ്മയുമായി അവര്‍ അടുപ്പമുണ്ടാക്കിയെടുത്തു. ഒടുവില്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി മോഷണം നടത്തി മടങ്ങി.

സ്ത്രീകളും കുട്ടികളും ഇരകള്‍

കൗമാരക്കാരായ പെണ്‍കുട്ടികളും സ്ത്രീകളുമാണ് മൊബൈല്‍ വേട്ടക്കാരുടെ പ്രധാന ഇരകള്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യവും മൊബൈല്‍ ദുരുപയോഗവുമായി ചേര്‍ത്ത് വായിക്കണം. സൈബര്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും കുട്ടികളെയും സ്ത്രീകളെയും മൊബൈല്‍ ദുരുപയോഗത്തിന് ഇരയാക്കുന്നതെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടി ചൂണ്ടിക്കാട്ടുന്നു. 'അപരിചിതരുടെ കോളുകളോ സന്ദേശങ്ങളോ വന്നാല്‍ എന്താണ് ചെയ്യേണ്ടത്, എവിടെയാണ് പരാതിപ്പെടേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും ബഹുഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും അറിയില്ല', അവര്‍ പറയുന്നു.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ ദുരുപയോഗം ചെയ്യുന്നതിലും അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിലും കൈമാറുന്നതിലുമൊക്കെ മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളുമുണ്ട്. സഹപാഠികള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതുമൊക്കെ വിദഗ്ധമായി ചിത്രീകരിച്ച് ക്ലിപ്പിങ്ങുകള്‍ വിതരണം ചെയ്യുന്ന കുട്ടികളെ പല സ്‌കൂളുകളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടും കുട്ടികളില്‍ വലിയൊരു വിഭാഗം ഇപ്പോഴും മൊബൈലുകള്‍ ഉപയോഗിക്കുന്നുണ്ട്.

മലയാളികളിലെ അശ്ലീലാസക്തിയാണ് ആധുനിക സൗകര്യങ്ങളുടെ തണലില്‍ കുറ്റകൃത്യമായി മാറുന്നത്. 2009 ല്‍ കേരളത്തില്‍ ആകെ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍ 36976 ആയിരുന്നെങ്കില്‍ 2010 ല്‍ ഇത് 69970 ആയും 2011 ല്‍ 73605 ആയും കുതിച്ചുയര്‍ന്നുവെന്നാണ് ഹൈടെക് സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൊബൈലും കമ്പ്യൂട്ടറും ഉപയോഗിച്ച് സ്ത്രീകള്‍ക്ക് നേരെ നടത്തിയ കുറ്റകൃത്യങ്ങളാണ് ഇവയിലധികവും. കേരള വനിത കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ ബഹുഭൂരിഭാഗവും മദ്യപാനവും മൊബൈല്‍ ദുരുപയോഗവുമായി ബന്ധപ്പെട്ടാണെന്ന് മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ദുരുപയോഗം പീഡനവും ആത്മഹത്യയും മോഷണവുമൊക്കെയാവുമ്പോള്‍ മാത്രമാണ് വാര്‍ത്തയാകുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. 'മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം തടയാനായി സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഇപ്പോള്‍ ബോധവത്കരണ ക്ലാസുകളും സെമിനാറുകളുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്', ഹൈടെക് ക്രൈംസെല്‍ അസി. കമ്മീഷണര്‍ എന്‍. വിനയകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

വേണ്ടത് ലൈംഗിക വിദ്യാഭ്യാസം

'മലയാളിയുടെ ലൈംഗിക പ്രകൃതവും മൊബൈല്‍ ഒരുക്കുന്ന രഹസ്യജീവിത സാധ്യതകളുമൊക്കെ മൊബൈല്‍ ചൂഷണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്', തൃശ്ശൂര്‍ ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ജെയിന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായത്തില്‍ പലയിടത്തു നിന്നും ലഭിക്കുന്ന അശാസ്ത്രീയമായ ലൈംഗിക വിവരങ്ങളാണ് കുട്ടികളെ ലൈംഗിക സാഹസങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കുറ്റകൃത്യവാസനയുള്ളവര്‍ ഒരുക്കിവെച്ചിരിക്കുന്ന കെണികളിലേക്ക് അവര്‍ ചെന്നുചാടുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കിയും ചൂഷണങ്ങളെക്കുറിച്ച് ബോധവത്കരിച്ചും മാത്രമേ ഇത്തരം അപകടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാവൂ.

മൊബൈല്‍ ദുരുപയോഗത്തിനോ മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കോ ഇരയായാല്‍ പരാതി കൊടുക്കാന്‍ മടിക്കരുത്. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ മതിയാകും. അവരത് സൈബര്‍സെല്ലിന് കൈമാറും. എല്ലാ ജില്ലകളിലും ഇപ്പോള്‍ സൈബര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. hitechcell@keralapolice.gov.in എന്ന വിലാസത്തില്‍ ഇ മെയില്‍ ആയും പരാതി അയക്കാം. 0471 2721547 എന്ന നമ്പറില്‍ വിളിച്ചും പരാതിപ്പെടാം.

(ചിത്രത്തിലുള്ളത് മോഡലുകളാണ്)