MATHRUBHUMI RSS
Loading...
ഈ വീട്ടമ്മമാര്‍ ബിസിനസ്സില്‍ നേട്ടങ്ങളുടെ തിരക്കഥ രചിക്കുന്നത്...
സി.എം.ബിജു

സ്വപ്‌നങ്ങള്‍ മുതല്‍മുടക്കി നേടിയ വിജയങ്ങള്‍ സ്വന്തം വീടുകളില്‍ ഇരുന്നുതന്നെയാണ്...


റെനിത ഷാബു
ബിസിനസ് - ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്
വരുമാനം - മാസം ഒരുലക്ഷം രൂപ


ഒരു പാല്‍ സൊസൈറ്റിയില്‍ സെക്രട്ടറിയായിരുന്ന റെനിത ഷാബുവിന് നാലായിരം രൂപയായിരുന്നു മാസശമ്പളം. തട്ടിമുട്ടി കുടുംബം മുന്നോട്ടുകൊണ്ടുപോവാന്‍ പാടുപെട്ടു ഈ വീട്ടമ്മ. പുതിയ വീടെടുത്തപ്പോള്‍ രണ്ടുലക്ഷം രൂപ കടവും ആയതോടെ ജീവിതം ഒന്നുകൂടി ഞെരുക്കത്തിലായി. എന്തെങ്കിലും ഒരു വരുമാന മാര്‍ഗം കൂടി വേണമെന്നുചിന്തിച്ച അവര്‍ നേരെ അടുക്കളയിലേക്കാണ് കയറിയത്. അവിടെനിന്ന് ഒരു വിജയ കഥ പിറന്നു.


അങ്കമാലിക്കപ്പുറം മൂക്കന്നൂരിലുള്ള റെനിതയുടെ വീടിനുചുറ്റും ഇപ്പോള്‍ നിരവധി ഷെഡുകളുണ്ട്്. എല്ലാം പലഹാരപ്പുരകള്‍. അരിയുണക്കാനും പൊടിക്കാനുമുള്ള യന്ത്രങ്ങള്‍, പലഹാരത്തിന്റെ കൂട്ടുകളൊരുക്കുകയും അവ മൊരിച്ചെടുക്കുകയും ചെയ്യുന്ന 25 ജോലിക്കാരികള്‍. 'ഇന്ന് ഒരു സ്‌കൂളിലേക്ക് 5000 ഇടിയപ്പം കൊടുക്കാന്‍ ഓര്‍ഡറുണ്ട്. രാവിലെ അടുത്തുള്ള ഹോട്ടലുകളിലേക്ക് 2000 ഇഡ്ഡലിയും 1500 നെയ്യപ്പവും കൊടുത്തുകഴിഞ്ഞു. ഒരുപാര്‍ട്ടിയുടെ ഓര്‍ഡറുണ്ട് വൈകീട്ട്. 2000 പൊറോട്ട കൊടുക്കണം' അപ്പക്കൂട്ടുകളൊരുക്കുന്ന തിരക്കില്‍നിന്ന് റെനിത ചിരിക്കുന്നു.

ആറുവര്‍ഷം മുമ്പാണ് റെനിത വീട്ടില്‍ത്തന്നെ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ് തുടങ്ങിയത്. ആദ്യം നൂറ് ഇഡ്ഡലിയുണ്ടാക്കി അടുത്തുള്ള ഹോട്ടലുകളിലൊക്കെ കൊടുത്തു.

'ഞങ്ങള്‍ വീടു വെച്ചപ്പോള്‍ ഇത്തിരി കടം വന്നു. അപ്പോള്‍ സൈഡ് ബിസിനസ്സായി ചെയ്തു തുടങ്ങിയതാണ് പലഹാര നിര്‍മാണം. ആദ്യമൊക്കെ നന്നായി പലഹാരമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ സാധനം കൊണ്ടുപോവുമ്പോള്‍ വേണ്ട എന്നുപറഞ്ഞവരുണ്ട്. ആളുകള്‍ പലഹാരം മടക്കി അയയ്ക്കുമ്പോള്‍ വലിയ നിരാശ തോന്നി. പലഹാരങ്ങള്‍ കൂടുതലായി ഉണ്ടാക്കുമ്പോള്‍ കല്ലിച്ചുപോവും. ചിലപ്പോള്‍ മാവ് മുഴുവനായി കളയേണ്ടി വരും. പിന്നെ അരി മാറ്റിനോക്കി, ഉഴുന്ന് കൂട്ടിനോക്കി. അങ്ങനെ പലവിധ പരീക്ഷണങ്ങള്‍. അന്നൊക്കെ വലുതായി ഓര്‍ഡര്‍ വന്നാല്‍ ചിലപ്പോള്‍ ഇവിടെ കറന്റുണ്ടാവില്ല. സമയത്തിന് എത്തിക്കാത്തതിന് ആളുകളുടെ പരാതിയും.' പക്ഷേ തിരിച്ചടികള്‍ക്ക് മുന്നില്‍ റെനിത പതറിയില്ല. വിജയിച്ചേ അടങ്ങൂ എന്നവര്‍ തീരുമാനിച്ചു. ഇഡ്ഡലിയില്‍ പുതുരുചി പകര്‍ന്നപ്പോള്‍ ആവശ്യക്കാര്‍ കൂടിവന്നു. ആയിരത്തിലേക്കും അയ്യായിരത്തിലേക്കും ഇഡ്ഡലി വിപണി വളര്‍ന്നുവന്നു. ഇഡ്ഡലിക്കൊപ്പം വട്ടയപ്പം, വെള്ളയപ്പം, പാലപ്പം, ഇടിയപ്പം, ചപ്പാത്തി, നെയ്യപ്പം, കൊഴുക്കട്ട, വെജിറ്റബിള്‍ സ്റ്റ്യൂ, പൊറോട്ട അങ്ങനെ വിഭവങ്ങളുടെ നിര നീണ്ടുവന്നപ്പോള്‍ റെനിതയുടെ സംരംഭം വിജയത്തിന്റെ ട്രാക്കിലേക്ക് കയറിത്തുടങ്ങി.

'ആദ്യം ജോലിക്കൊപ്പം കൊണ്ടുപോവുകയായിരുന്നു ഈ ബിസിനസ്സും. പിന്നെ മുഴുവന്‍ സമയവും ഇതിന് പിന്നാലെയായി. രണ്ടുവര്‍ഷം കൊണ്ട് വീടിന്റെ കടങ്ങള്‍ വീട്ടി. ആ സമയത്താണ് ചെറുകിട വ്യവസായ സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ വായ്പ കൊടുക്കുന്നുണ്ടെന്ന് അറിയുന്നത്. അങ്ങനെ വായ്പയെടുത്ത് അരി പൊടിക്കുന്ന മെഷിനറികളും ഗ്രൈന്‍ഡറുമൊക്കെ വാങ്ങി. ഇപ്പോള്‍ പത്തുലക്ഷം രൂപയുടെ മെഷിനറികള്‍ സ്വന്തമായുണ്ട്. സ്വന്തമായി ജനറേറ്ററുണ്ട്. പണ്ട് പലഹാരം ഗുണമില്ലെന്ന് പറഞ്ഞ് മടക്കിയവരൊക്കെ ഇപ്പോള്‍ ഞങ്ങളുടെ സാധനങ്ങള്‍ ഇഷ്ടം പോലെ വാങ്ങിക്കുന്നു. ദിവസം ശരാശരി മുപ്പതിനായിരം രൂപയുടെ കച്ചവടമുണ്ട്.' റെനിത വിജയത്തിന്റെ തിരക്കഥ എഴുതുന്നു.

ആന്ധ്രയില്‍നിന്നാണ് ഇവിടേയ്ക്ക് അരി ഇറക്കുന്നത്. ഇരുന്നൂറ് ചാക്കൊക്കെ ഒരുമിച്ച് ഇറക്കുന്നതിനാല്‍ വില കുറച്ച് കിട്ടും. ചെറുകിട സംരംഭകരായി വരാന്‍ ആഗ്രഹിക്കുന്നവരെ എല്ലാ വര്‍ഷവും വ്യവസായ വകുപ്പ് റെനിതയുടെ വീട്ടില്‍ കൊണ്ടുവന്ന് പരിശീലിപ്പിക്കാറുണ്ട്. 'ഇപ്പോള്‍ വീടിന് തന്നെ ഒരുപാട് മാറ്റമായി. പുതിയ കാര്‍ വാങ്ങി. പിന്നെ ആളുകളുടെ ഇടയില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഒരു വിലയുണ്ട്.' റെനിതയുടെ സന്തോഷങ്ങളില്‍ പങ്കുചേരുകയാണ് ഭര്‍ത്താവ് ഷാബുവും മകന്‍ ഗോകുലും.

പിറന്നാള്‍ പാര്‍ട്ടികളില്‍ പിറന്ന വിജയം


അനു എലിസബത്ത്
ബിസിനസ് - കിഡ്‌സ് പാര്‍ട്ടി ഓര്‍ഗനൈസര്‍
വരുമാനം - മാസം എണ്‍പതിനായിരം രൂപ


അല്‍പം ഭാവന, ഇത്തിരി ക്ഷമ...ഇതുമാത്രമാണ്് അനു എലിസബത്ത് ബിസിനസ്സില്‍ മുതല്‍മുടക്കിയത്. അതില്‍നിന്ന് അവര്‍ സമ്പാദിച്ചതോ. കൊച്ചിയിലെ നമ്പര്‍വണ്‍ കിഡ്‌സ്പാര്‍ട്ടി നടത്തിപ്പുകാരി എന്ന പേരും. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ കിഡ്‌സ് പാര്‍ട്ടി ഒരുക്കുന്നതിന്റെ സന്തോഷത്തിലാണ് അനു ഇപ്പോള്‍. അവിടെ വരുന്ന അതിഥികളെ സ്വീകരിക്കുന്നു, പിറന്നാള്‍ കേക്ക് അലങ്കരിക്കുന്നു, അതിനിടെ സഹായികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നു. എല്ലാം ബിസിനസ് കൊണ്ടുവന്ന ആഹ്ലാദങ്ങള്‍.

'കല്യാണം കഴിഞ്ഞ സമയത്ത് എന്തെങ്കിലും ജോലിക്ക് പോവാമെന്നുള്ള ചിന്താഗതിയായിരുന്നു. ഭര്‍ത്താവ് നിവിന്‍ നിരവത്ത് കുട്ടികളുടെ മജീഷ്യനാണ്. പുള്ളിയുടെ കൂടെ ബെര്‍ത്ത് ഡേ പാര്‍ട്ടികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു. ആ പാര്‍ട്ടികളിലൊക്കെ ഞാന്‍ ശ്രദ്ധിച്ച കാര്യം കുട്ടികളുടെ പിറന്നാളാണെങ്കിലും അവര്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളൊന്നും കിട്ടുന്നില്ലെന്നാണ്. മുതിര്‍ന്ന പുരുഷന്‍മാര്‍ കുറച്ച് മദ്യവുമായി അവരുടെ ലോകത്ത് കൂടും. സ്ത്രീകള്‍ ഗോസിപ്പുകള്‍ സംസാരിച്ചിരിക്കും. അപ്പോള്‍ ഒരു ഐഡിയ തോന്നി, കുട്ടികളെ എന്‍ജോയ് ചെയ്യിക്കാനുള്ള എന്തെങ്കിലും ഒരു സംരംഭം തുടങ്ങാമെന്ന്.' പുതിയ ആശയം പിറന്ന കഥയിലേക്ക് തിരിഞ്ഞു അനു. മുമ്പ് ശീമാട്ടിയില്‍ പി.ആര്‍.ഒ.ആയിരുന്ന അവര്‍ ഈ രംഗത്തേക്ക് ധൈര്യസമേതം ചുവടുവെച്ചു.

'ഞങ്ങള്‍ ഈ ഫീല്‍ഡിനെക്കുറിച്ച് അന്വേഷണം നടത്തി. കിഡ്‌സ് പാര്‍ട്ടി എന്റര്‍ടെയിനര്‍ എന്ന രീതിയിലേക്ക് വന്ന അധികം ഗ്രൂപ്പുകള്‍ ഇല്ല. ഒരുപാട് സാധ്യതകളുള്ള മേഖലയാണ് ഇത്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പെട്ടെന്ന് ബിസിനസ് കെട്ടിപ്പടുക്കാനാവും. കുട്ടികളുടെ അമ്മമാരാണ് പലപ്പോഴും പിറന്നാള്‍ പാര്‍ട്ടികളുടെ കാര്യത്തിലൊക്കെ മുന്‍കൈയെടുക്കുക. എന്തൊക്കെ വേണമെന്ന് തീരുമാനിക്കുന്നതൊക്കെ അവര്‍തന്നെ. അമ്മമാരെ എളുപ്പം കൈയിലെടുക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കുതന്നെയല്ലേ.' ഈയൊരു സാധ്യതയുടെ തുമ്പ് പിടിച്ച് പോയപ്പോള്‍ അനുവിന് പുതിയ സംരംഭം വളര്‍ത്താന്‍ എളുപ്പമായി. രണ്ടുലക്ഷം രൂപയായിരുന്നു പ്രാഥമിക മുടക്കുമുതല്‍.

'കുറച്ച് തീമുകളുടെ കട്ടൗട്ടും കാര്യങ്ങളുമൊക്കെ വാങ്ങി. ഡെക്കറേഷന്‍ ചെയ്യാനുള്ള സാധനങ്ങളും വാങ്ങി. ആദ്യം ഓര്‍ഡറുകള്‍ കുറവായിരുന്നു. പക്ഷേ ഒരു വര്‍ഷത്തിനകം കുഴപ്പമില്ലാതെ പാര്‍ട്ടികള്‍ വരാന്‍ തുടങ്ങി. കഴിഞ്ഞ മാസം 16 പാര്‍ട്ടികള്‍ നടത്തി. ഈ മാസം 13 എണ്ണം ബുക്കിങ്ങായി.' അനുവിന്റെ സന്തോഷങ്ങള്‍ക്ക് അതിരുകളില്ല. അഞ്ഞൂറിനടുത്ത് പാര്‍ട്ടികള്‍ അവര്‍ ഒരുക്കിക്കഴിഞ്ഞു.

'ഒരു പാര്‍ട്ടി വന്നാല്‍ ആദ്യം പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടിയുടെ താത്പര്യങ്ങളെല്ലാം ചോദിച്ചറിയും. കുട്ടി പറയുന്ന കാര്യങ്ങളാവും പാര്‍ട്ടിയില്‍ ഒരുക്കുന്നത്. ബുക്ക് ചെയ്യുന്ന സ്ഥലം ആദ്യം അലങ്കരിക്കും. ആണ്‍കുട്ടിയുടെ പിറന്നാളാണെങ്കില്‍ നീലയും വെള്ളയും കളര്‍ ഉള്ള ബലൂണുകളൊക്കെ കെട്ടും. പെണ്‍കുട്ടികളാണെങ്കില്‍ പിങ്കും വൈറ്റും ബലൂണുകളാവും. അവര്‍ക്ക് ബാര്‍ബി, സിന്‍ഡ്രല്ല അങ്ങനെയുള്ള തീമുകള്‍ വെച്ച് സെറ്റ് ഒരുക്കും. ആണ്‍കുട്ടികള്‍ക്ക് മിക്കി മൗസ്, ജംഗിള്‍ തീം, ഡിസ്‌നി വേള്‍ഡ് അങ്ങനെയുള്ളവയാണ് സെറ്റ് ചെയ്യാറ്. കുട്ടികളുടെ നൃത്തം, പാട്ട്, ഗെയിമുകള്‍, അങ്ങനെ കൊച്ചുകുട്ടികള്‍ക്ക് എന്തൊക്കെ താത്പര്യങ്ങളുണ്ടോ അതൊക്കെ ഞങ്ങള്‍ ഒരുക്കിക്കൊടുക്കും. ഡാന്‍സിനും മ്യൂസിക്കിനുമൊക്കെ ഞങ്ങള്‍ക്ക് ആളുണ്ട്.'

പതിനായിരം രൂപമുടക്കിയാലും ഒരു ബെര്‍ത്ത്‌ഡേ പാര്‍ട്ടി നടത്താം. അഞ്ചുലക്ഷം രൂപയുടെ പാര്‍ട്ടികള്‍ വരെ അനു ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ സീസണില്‍ മാസം എണ്‍പതിനായിരം രൂപയോളം വരുമാനം ലഭിക്കുന്നു. 'ഈ ഒരു ബിസിനസ്സിലേക്ക് വന്നപ്പോള്‍ അത് ലൈഫ് സ്റ്റൈലില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ കുറച്ച് സഭാകമ്പം ഉള്ള കൂട്ടത്തിലായിരുന്നു. ഇപ്പോള്‍ ആള്‍ക്കാരിലേക്ക് ഇറങ്ങിച്ചെല്ലാം എന്ന ധൈര്യം ഉണ്ട്.' ആത്മവിശ്വാസമുള്ള ചുവടുകളുമായി അനു പാര്‍ട്ടിയുടെ ഒരുക്കങ്ങളിലേക്ക് പോയി.

ആദ്യമൊരു നേരമ്പോക്ക്, പിന്നെ...


അനിത മോഹന്‍
ബിസിനസ് - ആര്‍ട്ട് വര്‍ക്ക്
വരുമാനം - ഇരുപത്തയ്യായിരം രൂപ


ഒരുപാട് പണം, ഏക്കറുകണക്കിന് സ്ഥലം, കുറെ മെഷിനറികള്‍...സ്വന്തമായി സംരംഭം തുടങ്ങാന്‍ ഇതൊക്കെ വേണമെന്ന് കരുതി പിന്‍മാറുന്നവരെ കൊല്ലംകാരി അനിത മോഹന്‍ ഇങ്ങനെ തിരുത്തും. 'വീട്ടില്‍ വെറുതെയിരുന്നാലും ബിസിനസ്സുകാരി ആവാം'.
ഭര്‍ത്താവ് മോഹന്‍ ഗള്‍ഫില്‍, മക്കള്‍ വിഷ്ണുവും വിനീതും പഠനത്തിന്റെ തിരക്കില്‍. ഒറ്റയ്ക്കിരുന്ന് മടുത്തപ്പോഴാണ് അനിത ഒരു നേരമ്പോക്കിന് ക്രാഫ്റ്റ് വര്‍ക്ക് പഠിക്കാന്‍ ഇറങ്ങുന്നത്. 'പണ്ടൊക്കെ വീടിന്റെ ചുമരുകള്‍ അലങ്കരിക്കാനായി ധാരാളം ക്രാഫ്റ്റ് വര്‍ക്കുകളൊക്കെ വാങ്ങാറുണ്ടായിരുന്നു. ചിത്രങ്ങളും ദൈവത്തിന്റെ രൂപങ്ങളുമൊക്കെ. അന്നൊന്നും ഇതെങ്ങനെയുണ്ടാക്കുന്നു എന്ന് ചിന്തിച്ചിരുന്നില്ല. ഒരു സുഹൃത്താണ് തിരുവനന്തപുരത്തുപോയാല്‍ ഗ്ലാസ് പെയിന്റിങ്ങ് പഠിക്കാമെന്ന് പറഞ്ഞത്. അങ്ങനെ സര്‍ക്കാര്‍ വുമണ്‍സ് കോളേജിലെ ലക്ചററായ അനിതയുടെ അടുത്ത് പഠനത്തിന് ചേര്‍ന്നു. ക്രാഫ്റ്റ് വര്‍ക്കുകള്‍, മ്യൂറല്‍ റിലീഫുകള്‍, സീനറി പെയിന്റിങ്ങ്‌സ് എന്നിവയൊക്കെ കുറച്ചുദിവസം കൊണ്ട് പഠിച്ചെടുത്തു.'


അപ്പോഴും ഇതൊരു വരുമാനമാര്‍ഗമായി മാറ്റാനൊന്നും അനിത ആലോചിച്ചിരുന്നില്ല. ഓരോ വര്‍ക്കുകള്‍ ചെയ്യും. അത് വീട്ടില്‍ കൂട്ടിയിടും. 'മൂത്തമകന്‍ വിഷ്ണു കുട്ടിക്കാനം മരിയന്‍ കോളേജിലാണ് പഠിക്കുന്നത്. അവന്റെ സുഹൃത്തുക്കള്‍ ഒരിക്കല്‍ വീട്ടില്‍ വന്നു. അവരാണ് ചോദിച്ചത്, ഇതില്‍ കുറച്ചൊക്കെ വിറ്റുകൂടെ എന്ന്. അവര്‍ കുറെ ചിത്രങ്ങള്‍ കോളേജില്‍ കൊണ്ടുപോയി, ആര്‍ട്ട് വര്‍ക്കുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു, ഒപ്പം എന്റെ ക്ലാസുമുണ്ടായി.' വിജയത്തിന്റെ ചിത്രം വരച്ച കഥയിലൂടെ അനിത കടന്നുപോയി. പ്രദര്‍ശനം കണ്ട കുറെപ്പേര്‍ വര്‍ക്കുകള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അനിതയ്ക്ക് വിപണന സാധ്യത മനസ്സിലായത്. അവര്‍ കൂടുതല്‍ ക്രാഫ്റ്റ് വര്‍ക്കുകള്‍ പഠിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 85 ക്രാഫ്റ്റ് വര്‍ക്കുകള്‍ അനിതയ്ക്ക് അറിയാം.

കാപ്പിപ്പൊടികൊണ്ട് കട്ടി കൂട്ടിയും കുറച്ചും ചായക്കൂട്ട് ഉണ്ടാക്കിയാണ് കോഫി പെയിന്റിങ്ങുകള്‍ ഉണ്ടാക്കുന്നത്. ബ്രെഡ് ഉണക്കിപ്പൊടിച്ച് ഗണപതിയെയും ശിവനെയുമുണ്ടാക്കും. ചിത്രങ്ങള്‍ വരച്ച് അവയ്ക്ക് നൂലുകൊണ്ട് ബോര്‍ഡര്‍ ഇട്ട് നിറംനല്‍കുന്ന ത്രെഡ് ആര്‍ട്ട് വര്‍ക്ക്, ടിന്‍ഫോയില്‍ വര്‍ക്ക്, ഫ്ഌവര്‍ ജ്വല്ലറി വര്‍ക്ക്, സ്റ്റോണ്‍ പെയിന്റിങ്ങ് അങ്ങനെ കുറെ വര്‍ക്കുകളുണ്ട്.

'ഈ ഫീല്‍ഡില്‍ വരുന്നവര്‍ക്ക് വരയ്ക്കാനുള്ള കഴിവ് വേണമെന്നില്ല. ക്രാഫ്റ്റ് വര്‍ക്ക് പഠിക്കാനുള്ള താത്പര്യവും ക്ഷമയും ഉണ്ടായാല്‍ മതി. മാസത്തില്‍ രണ്ടോ മൂന്നോ വര്‍ക്കുകള്‍ വിറ്റുപോയാല്‍ത്തന്നെ നല്ലൊരു വരുമാനം കിട്ടും. ഒരു മ്യൂറല്‍ റിലീഫ് വര്‍ക്ക് പഠിക്കാന്‍ 3000 രൂപ ഫീസ് വേണ്ടിവരും. മെറ്റീരിയല്‍സിന് 750 രൂപ വേണം. ഇത് 10000-13000 രൂപയ്ക്ക് വില്‍ക്കാം.' വരുമാനം വരുന്നതിന്റെ വഴി പറയുന്നു അനിത. വീടിനോട് ചേര്‍ന്ന് ശ്രീവത്സം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് എന്ന പരിശീലന സ്ഥാപനവും നടത്തുന്നുണ്ട് അവര്‍. 35 പേര്‍ ഇവിടെ പഠിക്കാന്‍ വരുന്നുണ്ട്.